Monday, 24 July 2023

Parayi Petta Panthirukulam - a re-reading

 

പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന

 

വി.ആര്‍.അജിത് കുമാര്‍

 

ഭാഗം ഒന്ന് -വരരുചി

വിക്രമാദിത്യ രാജാവിന്റെ സദസിലുണ്ടായിരുന്ന ശാസ്ത്രപാരംഗതനായ വ്യക്തിത്വമായിരുന്നു വരരുചി. കാളിദാസനെപോലെ തന്നെ പില്‍ക്കാലത്ത് പലരും എഴുതിചേര്‍ത്ത കഥകള്‍ മാത്രമാണ് വരരുചിയെകുറിച്ചുമുള്ളത്. സത്യം എവിടെയോ ഉറങ്ങിക്കിടക്കുന്നു. രാജാക്കന്മാര്‍ പൊതുവെ നിസ്സാരകാരണങ്ങള്‍ക്ക് തന്നോടൊപ്പമുള്ള പ്രതിഭകളെയും ഉപദേശകരേയും  കൊട്ടാരത്തില്‍ നിന്നും പറഞ്ഞുവിടും, പിന്നീട് തിരികെ കൊണ്ടുവരും എന്ന നിലയില്‍ പ്രചരിക്കുന്ന കഥകള്‍ അനേകമാണ്. ഭോജരാജാവും കാളിദാസനും തമ്മിലുള്ള അത്തരം ഇണക്ക-പിണക്കങ്ങള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. വിക്രമാദിത്യനും വരരുചിയുമായി ബന്ധപ്പെട്ട കഥ ഇങ്ങിനെ.

 
ഒരു ദിവസം വിക്രമാദിത്യന്‍ വരരുചിയോട് ചോദിച്ചു, രാമായണത്തിലെ പ്രധാന വാക്യമേതാണ് ?  വരരുചിക്ക് ഉടനൊരു ഉത്തരമുണ്ടായില്ല. എവിടെയെങ്കിലും ആരോടെങ്കിലും പോയി ചോദിച്ചു മനസിലാക്കിയിട്ടു വന്നാല്‍ മതി. നാല്‍പ്പത്തി ഒന്നു ദിവസം തരാം. അതിനുള്ളില്‍ ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ പിന്നീടിങ്ങോട്ടു വരണ്ട എന്നും പറഞ്ഞു. ഇവിടെ നാല്‍പ്പത്തി ഒന്നു ദിവസം പ്രസക്തമാണ്. നാല് എന്നത് വിഷ്ണുവിന്റേയും ഒന്ന് ശിവന്റേയും അംശരൂപമായി കണക്കാക്കുന്നുണ്ട്. 365 ദിവസമുള്ള സൗരവര്‍ഷത്തില്‍ നിന്നും 27 ദിവസം കൂടുന്ന ചാന്ദ്ര വര്‍ഷം കുറച്ചാല്‍ ലഭിക്കുന്നതും 41 ആണ്. വരരുചിയുടെ കഥയുണ്ടാക്കിയവര്‍ മലയാളികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അതില്‍ പറയുന്നതെല്ലാം കേരളത്തിലെ ജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട കാര്യങ്ങളും ബ്രാഹ്‌മണനാണ് എല്ലാ പ്രഗത്ഭരുടെയുടെയും സൃഷ്ടിയുടെ പിറകില്‍ എന്നും സൂചന നല്‍കുന്നു. ഒപ്പം ഇവരെല്ലാം വലിയ ചിന്തകരും പ്രഗത്ഭരും ബ്രാഹ്‌മണരെപോലെതന്നെ ബുദ്ധിമാന്മാരുമാണ് എന്നും വ്യക്തമാക്കുന്നു .

 
ഏതായാലും ഖിന്നനായിതീര്‍ന്ന വരരുചി ഉടനെ അവിടെനിന്നും പുറപ്പെട്ടു. പല സ്ഥലങ്ങളും സന്ദര്‍ശിച്ച് പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തു. പക്ഷെ യുക്തിഭദ്രമായ മറുപടി അദ്ദേഹത്തിന് ലഭിച്ചില്ല. അങ്ങിനെ നാല്‍പ്പത് ദിവസം കഴിഞ്ഞു. രാജാവിന്റെ അടുത്തുള്ള സേവ അവസാനിക്കുന്നു എന്നതും സര്‍വ്വജ്ഞനാണ് എന്നു ലോകര്‍ കരുതുന്ന താന്‍ അപമാനിക്കപ്പെടുന്നു എന്ന വിചാരവും വരരുചിയെ അസ്വസ്ഥനാക്കി. അപമാനം സഹിച്ചു ജീവിക്കുന്നതിലും ഭേദം മരണമെന്നും നിശ്ചയിച്ചു. വിശപ്പും ദാഹവുമുണ്ടായിട്ടും പകല്‍ മുഴുവന്‍ അലഞ്ഞു നടന്നു. രാത്രിയില്‍ ഒരു വനാന്തരത്തിലെ ആല്‍ത്തറയുടെ അടുക്കലെത്തി. വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ എന്നു പറഞ്ഞ് അവിടെ കിടന്നു. വിശപ്പും ദാഹവും ക്ഷീണവുമുള്ളതിനാല്‍ പെട്ടെന്ന് ഉറങ്ങി. പാതിര ആയപ്പോള്‍ ചില ആകാശസഞ്ചാരികളായ ദേവതമാര്‍ ആ ആലിന്മേല്‍ വന്നു കൂടി. ആലിന്മേല്‍ സ്ഥിരവാസിനികളായ ദേവതമാരോട് അവര്‍ ചോദിച്ചു, നിങ്ങള്‍ വരുന്നില്ലേ, ഇപ്പോള്‍ ഒരു സ്ഥലത്ത് ഒരു പ്രസവമുണ്ട്. ഞങ്ങള്‍ അവിടെ പോകുകയാണ്. ചോരയും നീരും കുടിക്കണമെങ്കില്‍ ഒപ്പം വന്നോളൂ. ഇതുകേട്ട് വനദേവതമാര്‍ പറഞ്ഞു, ഇവിടെ ഒരാള്‍ ഞങ്ങളെ പ്രാര്‍ത്ഥിച്ച ശേഷം കിടന്നുറങ്ങുകയാണ്. അതിനാല്‍ വരാന്‍ കഴിയുന്നില്ല. നിങ്ങള്‍ പോയിവരൂ എന്നു പറഞ്ഞു.

 
ഇത് സാങ്കല്‍പ്പികമാണെന്നും വരരുചിയുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും മനസിലാക്കാവുന്നതേയുള്ളു. ആകാശ സഞ്ചാരികളായ ദേവതമാരും വനദേവതമാരുമെല്ലാം മനുഷ്യഭാവനകളാണല്ലോ? മറ്റൊന്ന് ദേവതമാര്‍ പോകുന്നത് പ്രസവം നടക്കുന്നിടത്ത് ഉണ്ടാകുന്ന ചോരയും നീരും കുടിക്കാനാണ് എന്നതാണ്. അതും വിചിത്രമായൊരു സങ്കല്‍പ്പമാണ് എന്നോര്‍ക്കുക . ഏതായാലും കഥ തുടരാം.

 
രാത്രിയുടെ അന്ത്യയാമത്തില്‍ വരരുചി ഉണര്‍ന്നെങ്കിലും വ്യസനവും ക്ഷീണവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണം അവിടത്തന്നെ കിടന്നു. ഈ സമയം പ്രസവസ്ഥലത്തുപോയ ദേവതമാര്‍ തിരികെ വന്നു. അപ്പോള്‍ ആലിന്മേലുണ്ടായിരുന്ന ദേവതമാര്‍ പ്രസവം എവിടെയായിരുന്നു എന്ന് ചോദിച്ചു. ഒരു പറയന്റെ വീട്ടിലായിരുന്നു, പെണ്‍കുട്ടിയാണ് എന്നു പറഞ്ഞു. അവളെ വിവാഹം ചെയ്യുന്നത് ആരാണ് എന്നായി അടുത്ത ചോദ്യം. മാം വിദ്ധി എന്നറിയാതെ താഴെകിടന്നുറങ്ങുന്ന വരരുചിയാണ് അവളെ വിവാഹം കഴിക്കുക . നേരം വെളുക്കാറായി,ഇനി ഞങ്ങള്‍ പോകട്ടെ എന്നു പറഞ്ഞ് ദേവതമാര്‍ പോയി. വരരുചിക്ക് സന്തോഷവും വിഷാദവും ഇഴചേര്‍ന്ന നിമിഷമായിരുന്നു അത്. രാജാവ് ആവശ്യപ്പെട്ട ഉത്തരം ലഭിച്ചിരിക്കുന്നു, എന്നാല്‍ താണജാതിയില്‍ പെട്ട ഒരുവളെ വിവാഹം ചെയ്യണമല്ലോ എന്ന സങ്കടവും ഉണ്ടായി.

 
ഇവിടെ ശ്രദ്ധേയമായ കാര്യം ദേവതമാര്‍ പരസ്പ്പരം സംസാരിക്കുന്ന ഭാഷ വരരുചികൂടി അറിയുന്ന ഭാഷയാണ് എന്നതാണ്. അതായത് സംസ്‌കൃതം. അതിനെ ദേവഭാഷ എന്നു പ്രത്യക്ഷത്തില്‍ പറയുന്നതിനെ പരോക്ഷമായി ഉറപ്പിക്കുകയാണ് കഥ മെനഞ്ഞവ്യക്തി. പ്രസവസമയത്തെ ചോരയും നീരും കുടിക്കുന്ന ദേവതമാര്‍ക്കാണെങ്കിലോ  അറിയാത്തതായി ഒന്നുമില്ല. അവിടെ കിടക്കുന്നത് വരരുചി ആണെന്നും രാമായണത്തിലെ പ്രധാന വാക്യം അറിയാതെ വന്നു കിടക്കുകയാണ് എന്നും ഇയാള്‍തന്നെ ഇപ്പോള്‍ ജനിച്ച കുട്ടിയെ വിവാഹം കഴിക്കുമെന്നും അവര്‍ പ്രഖ്യാപിക്കുകയാണ്. ജ്ഞാനദൃഷ്ടി, ജ്യോതിഷം തുടങ്ങിയ സംഗതികളെ ഉറപ്പിക്കല്‍ കൂടിയാണ് ഇതുവഴി ചെയ്യുന്നത്.

 
നാല്‍പ്പത്തിയൊന്നു ദിവസമായിട്ടും വരരുചിയെ കാണാതെ രാജാവ് ദു:ഖിതനായി. ഉത്തരം കിട്ടാത്തതിനാല്‍ അയാള്‍ ജീവനൊടുക്കുകയോ നാട് വിട്ടുപോവുകയോ ചെയ്‌തോ എന്നൊക്കെ രാജാവ് ചിന്തിച്ചു. സദസിലെ മറ്റുള്ളവര്‍ സന്തോഷത്തിലായിരുന്നു. വരരുചിയുടെ സാന്നിധ്യത്തില്‍ പ്രഭ മങ്ങിയവരായിരുന്നു അവരെല്ലാം. ഇതൊരു നല്ല അവസരമായി അവര്‍ കരുതി. അത് എല്ലാക്കാലത്തും പ്രസക്തമായ കാര്യമാണ്. അധികാരിയുടെ പ്രിയപ്പെട്ട ആളിനോട് അസൂയയും പകയും കൊണ്ടുനടക്കുക സ്വാഭാവികം. അയാള്‍ മരണപ്പെടാനോ അധികാരിയുടെ അനിഷ്ടത്തിന് പാത്രമാകാനോ വേണ്ടി മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കുകയും സാധിക്കാവുന്നതൊക്കെ ചെയ്യുകയും ചെയ്യും എന്നുറപ്പ്.

രാജാവിന് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. വരരുചി എങ്ങിനെയും ഉത്തരവുമായി എത്തുമെന്നുതന്നെ അദ്ദേഹം കരുതി. അങ്ങിനെ സംഭവിക്കുകയും ചെയ്തു. സഭയിലേക്ക് ഒരു പുഞ്ചിരിയുമായി വരരുചി എത്തി. രാജാവ് വരരുചിയെ സ്വാഗതം ചെയ്ത് ഉത്തരം കിട്ടിയോ എന്നു ചോദിച്ചു. ദൈവകാരുണ്യവും ഗുരുകടാക്ഷവും നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും ഉള്ളതിനാല്‍ ഉത്തരം കിട്ടി എന്ന് വരരുചി മറുപടി പറഞ്ഞു. എന്നാല്‍ ശ്ലോകവും വാക്യവും കേള്‍ക്കട്ടെ എന്ന് രാജാവ് പറഞ്ഞു.

 
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
 
അയോദ്ധ്യാമടവിം വിദ്ധി ഗച്ഛ താത യഥാസുഖം എന്ന ശ്ലോകം വരരുചി ചൊല്ലി. ഇതില്‍ പ്രധാനം മാം വിദ്ധി ജനകാത്മജാം ആണെന്നും തുടര്‍ന്നു പറഞ്ഞു. എന്നിട്ട് ശ്ലോകാര്‍ത്ഥം വിശദീകരിച്ചു. ശ്രീരാമനും സീതയും ലക്ഷ്മണനും കൂടി വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ മാതൃപാദങ്ങളെ വന്ദിച്ച് യാത്ര പറഞ്ഞ ലക്ഷ്മണനോട് സുമിത്ര പറയുന്നതാണ് ശ്ലോകഭാഗം. രാമനെ ദശരഥനെന്നും സീതയെ അമ്മയെന്നും വിചാരിച്ചുകൊള്ളണം. വനത്തെ അയോധ്യയായി ധരിച്ച് സുഖമാംവണ്ണം പോയ് വരുക. എല്ലാവരും അഭിനന്ദിച്ചു കഴിഞ്ഞപ്പോള്‍ വരരുചി മറ്റൊരര്‍ത്ഥം കൂടി പറഞ്ഞു. രാമന്‍ വിഷ്ണു എന്നും സീത ലക്ഷ്മി എന്നും അറിയുക. രാമനില്ലാത്ത അയോധ്യ കാടിന് തുല്യമാണെന്നും അറിയുക. അതിനാല്‍ നീ സുഖമാംവണ്ണം പോയി വന്നാലും. ഇത്തരത്തില്‍ പത്തുവിധം ശ്ലോകത്തെ വ്യാഖ്യാനിച്ചു എന്നാണ് പറയപ്പെടുന്നത്.  ഇതുകേട്ട് സഭ ഒന്നടങ്കം കൈയ്യടിച്ചു. രാജാവ് സന്തോഷത്തോടെ  വരരുചിയെ കൈക്കുപിടിച്ച് ആനയിച്ച് ഇരിപ്പിടത്തില്‍ ഇരുത്തി. പിന്നെ വിലതീരാതെ കണ്ടുളള ആഭരണങ്ങളും സുവര്‍ണ്ണ രത്‌നങ്ങളും സമ്മാനമായി നല്‍കുകയും തന്നോടൊപ്പം താമസിച്ചുകൊള്ളാന്‍ അനുവദിക്കുകയും ചെയ്തു.

 
എല്ലാം തനിക്കനുകൂലമായി വന്നെങ്കിലും പറയിയെ വിവാഹം കഴിക്കേണ്ടിവരും എന്ന ദേവതകളുടെ വര്‍ത്തമാനം വരരുചിയെ വല്ലാതെ അലട്ടി എന്നാണ് കഥ. അതിനാല്‍ ആ കുട്ടിയെ നശിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഇത് സത്യമാണെങ്കില്‍ പ്രഗത്ഭനും പ്രശസ്തനുമായ ഇയാളുടെ മനസ് എത്ര ഇടുങ്ങിയതാണ് എന്നു നമ്മള്‍ ഭയപ്പെടും. രാജാവിനോടും സഭാവാസികളോടും വരരുചി പറഞ്ഞുപോലും, നാട്ടില്‍ ഒരു പറയക്കുട്ടി ജനിച്ചിട്ടുണ്ട്, അതിന് മൂന്ന് വയസാകുമ്പോള്‍ ഈ രാജ്യം നശിക്കും, നാശകാരണങ്ങള്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കും,അതിനാല്‍ ആ കുട്ടിയെ നശിപ്പിച്ചു കളയണം. രാജാവിനും സഭാവാസികള്‍ക്കും ബാലനിഗ്രഹം,പ്രത്യേകിച്ചും പെണ്‍കുട്ടിയുടേത് ,വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിനാല്‍ അവര്‍ കൂടിയാലോചിച്ച് ഒരപാധി കണ്ടെത്തി. വാഴപ്പിണ്ടികൊണ്ട് ഒരു ചങ്ങാടമുണ്ടാക്കി കുട്ടിയുടെ തലയില്‍ ഒരു ചെറിയ പന്തവും കൊളുത്തിക്കുത്തി അതില്‍ കിടത്തി നദിയില്‍ ഒഴുക്കുക. രാജഭടന്മാര്‍ കുട്ടിയുടെ വീട്ടിലെത്തി ഇപ്രകാരം ചെയ്തുപോലും. ആ കുട്ടിയുടെ അച്ഛനമ്മമാരുടെ ദു:ഖത്തെക്കുറിച്ചൊന്നും കഥയില്‍ പറയുന്നില്ല. രാജഭരണകാലത്ത് അടിയാക്കള്‍ക്ക് നാവും ശബ്ദവും ഇല്ലല്ലോ. വരരുചിക്ക് ആശ്വാസമായി. കുട്ടി മരണപ്പെടും എന്നയാള്‍ ഉറപ്പാക്കി. അനേകവര്‍ഷം രാജാവിനൊപ്പം താമസിച്ചശേഷം വരരുചി സ്വഗൃഹത്തിലേക്ക് താമസം മാറ്റി.

 
ഒരു ദിവസം വഴിയാത്രക്കിടയില്‍ ഒരു ബ്രാഹ്‌മണന്റെ വീട്ടില്‍ വരരുചി ഭക്ഷണത്തിനായി കയറി എന്നേ കഥയില്‍ പറയുന്നുള്ളു. ഇയാള്‍ക്ക് വിഷ്ണുനാഥന്‍ എന്നൊരു പേര് നമുക്കു കൊടുക്കാം. കുളി കഴിഞ്ഞുവന്നോളൂ, ഭക്ഷണം എടുത്തു വയ്ക്കാം എന്ന് വിഷ്ണനാഥന്‍ പറഞ്ഞു. അപ്പോള്‍ അയാളുടെ ബുദ്ധിശക്തി പരീക്ഷിക്കാനായി വരരുചി പറഞ്ഞു, എനിക്കു ചില ചിട്ടകളൊക്കെയുണ്ട്, അതിവിടെ നടക്കുമോ എന്നറിഞ്ഞിട്ടുവേണം കുളിക്കാന്‍. ചിട്ടകള്‍ എന്തൊക്കെയാണാവോ, സാധിക്കുമെങ്കില്‍ ചെയ്യാം എന്നായി വീട്ടുടമ. മറ്റൊന്നുമില്ല,കുളികഴിഞ്ഞാല്‍ ഉടുക്കാന്‍  വീരവാളിപ്പട്ടു വേണം. നൂറുപേര്‍ക്കു ഭക്ഷണം കൊടുത്തിട്ടുവേണം എനിക്ക് ഊണ് കഴിക്കുവാന്‍. അതുമാത്രമല്ല നൂറ്റെട്ടുകൂട്ടം കൂട്ടാനും വേണം. ഊണ് കഴിഞ്ഞാല്‍ മൂന്നുപേരെ തിന്നണം, നാലുപേരെന്നെ ചുമക്കുകയും വേണം. ഇതുകേട്ട് ബ്രാഹ്‌മണന്‍ ആകെ പരിഭ്രമിച്ചു. അപ്പോള്‍ അകത്തുനിന്നും അയാളുടെ മകള്‍ പറഞ്ഞു, അച്ഛന്‍ പരിഭ്രമിക്കേണ്ട, എല്ലാം ഒരുക്കിയിട്ടുണ്ട് എന്നു പറഞ്ഞേക്കൂ. വിഷ്ണുനാഥന്‍ അപ്രകാരം പറയുകയും വരരുചി കുളിക്കാനായി പോവുകയും ചെയ്തു. ഇവിടെ മകള്‍ക്കും പേരില്ല. അവളെ നമുക്ക് സാവിത്രി എന്നു വിളിക്കാം. അയാള്‍ പോയതിന് പിറകെ വിഷ്ണനാഥന്‍ മകളെ വിളിച്ചു ചോദിച്ചു, ഇതൊക്കെ എങ്ങിനെ സാധിക്കും മകളെ. സാവിത്രി ചിരിച്ചുകൊണ്ടു പറഞ്ഞു, എല്ലാം സാധിക്കും അച്ഛാ. അദ്ദേഹം പറഞ്ഞതിന്റെ സാരം ഇത്രയേയുള്ളു, വീരവാളിപ്പട്ടെന്നാല്‍ ഒരു ചീന്തല്‍കോണകം എന്നേയുള്ളു. നൂറു പേര്‍ക്കു ഭക്ഷണം കൊടുക്കണം എന്നു പറഞ്ഞാല്‍ വൈശ്വദേവം കഴിക്കണമെന്നാണ്. അതുവഴി നൂറ് ദേവതമാരുടെ പ്രീതിയുണ്ടാകും. നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടാക്കുന്ന ഇഞ്ചിക്കറി ഊണിന് വേണം എന്നാണ് നൂറ്റെട്ടുകൂട്ടം കറികള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത്. മൂന്നുപേരെ തിന്നുക എന്നാല്‍ വെറ്റില,അടയ്ക്ക,ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത് താംബൂലം എന്നേ അര്‍ത്ഥമുള്ളു. നാലുപേര്‍ ചുമക്കുക എന്നാല്‍ കട്ടിലില്‍ കിടന്നു വിശ്രമിക്കണം എന്നു സാരം. ഇതിനിവിടെ എന്താ വിഷമം എന്നു ചോദിച്ചപ്പോള്‍ മകളുടെ ബുദ്ധിയില്‍ സന്തോഷം തോന്നിയ വിഷ്ണുനാഥന്‍ ആശ്വാസത്തോടെ അവളെ അഭിനന്ദിച്ചു.

 
വരരുചി തിരികെ വന്നപ്പോള്‍ ചീന്തല്‍കോണകവും വൈശ്യത്തിനുള്ള ചന്ദനവും പൂവും തയ്യാര്‍. വൈശ്യം കഴിഞ്ഞെത്തിയപ്പോള്‍ ഇഞ്ചിക്കറി കൂട്ടി ഊണായി. പുറത്ത് മുറുക്കാനും അകത്തെ മുറിയില്‍ മയങ്ങാനുള്ള കട്ടിലും തയ്യാറായിരുന്നു. ബ്രാഹ്‌മണന്റെ ബുദ്ധിമതിയായ  മകളാണ് ഇതിന് പിന്നിലെന്നറിഞ്ഞ വരരുചി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അടുത്ത സുമുഹൂര്‍ത്തത്തില്‍ വിവാഹം നടക്കുകയും ചെയ്തു. അവര്‍ വളരെ സന്തോഷത്തോടെ കുറേക്കാലം വരരുചിയുടെ വീട്ടില്‍ താമസിച്ചു. ഒരുനാള്‍ ഭക്ഷണമൊക്കെ കഴിഞ്ഞ് സ്വൈരസല്ലാപത്തിലിരിക്കെ വരരുചി സാവിത്രിയുടെ മുടി ചീകിക്കെട്ടുകയായിരുന്നു. അപ്പോള്‍ അവളുടെ ഉച്ചിയില്‍ ഒരു അടയാളം കാണുകയും അതെന്താണെന്ന് ചോദിക്കുകയും ചെയ്തു.അതൊരു പന്തം തറച്ച പാടാണെന്ന് അമ്മ പറഞ്ഞറിയാം എന്നവള്‍ പറഞ്ഞു. അമ്മ ആറ്റില്‍ കുളിച്ചുകൊണ്ടുനിന്നപ്പോള്‍ ഒരു പിണ്ടിച്ചങ്ങാടത്തില്‍ ഞാന്‍ ഒഴുകി വരുകയായിരുന്നു. അമ്മ എന്നെ എടുത്തുകയറ്റി വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയതാണ്. അന്ന് എന്റെ തലയില്‍ ഒരു പന്തവും തറച്ചിരുന്നു എന്നു പറഞ്ഞു. വരരുചിക്ക് അപ്പോഴാണ് വിധിയെ തടുക്കാന്‍ കഴിയില്ല എന്നു ബോധ്യമായത്. അയാള്‍ സംഭവിച്ച കാര്യങ്ങളെല്ലാം അവളെ ധരിപ്പിച്ചു.

 
ഇവിടെ ശ്രദ്ധേയമാകുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം ബ്രാഹ്‌മണനായ വ്യക്തി എടുത്തുവളര്‍ത്തിയ മകളുടെ ജാതി അറിയാതിരുന്നതിനാലാകണം അയാളും ഭാര്യയും അവളെ എടുത്തുവളര്‍ത്തിയത്. മറ്റൊന്ന് അവള്‍ക്ക് ജന്മനാ ലഭിച്ച പ്രായോഗിക ബുദ്ധി എത്ര മികച്ചതാണ് എന്നതാണ്. അതോടൊപ്പം ബ്രാഹ്‌മണ കുടുംബത്തില്‍ എത്തിയതോടെ പൊതുവിദ്യാഭ്യാസവും ലഭിച്ചു. അക്കാലത്ത് പറയര്‍ ഉള്‍പ്പെടെയുള്ള താണജാതിക്കാര്‍ എന്ന് ബ്രാഹ്‌മണമതം പേരിട്ടുവിളിച്ചവര്‍ യഥാര്‍ത്ഥത്തില്‍ മികവുറ്റവരായിരുന്നു എന്നും പഠനം നല്‍കാതെ അവരെ മാറ്റിനിര്‍ത്തുകയായിരുന്നു എന്നും വ്യക്തമാകുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ നമ്മള്‍ അകറ്റിനിര്‍ത്തുകയോ വെറുക്കുകയോ ചെയ്യുന്നവര്‍ ഒരു കുഞ്ഞായിരിക്കുമ്പോള്‍ എവിടെ എത്തിപ്പെടുന്നുവോ ആ വീട്ടിലെ ജാതിയും മതവുമാകും അവന് സ്വന്തമാകുന്നത് എന്നും ഈ കഥ നമുക്കേകുന്ന വെളിച്ചമാണ്. പൊതുവായുള്ള ഒരു വിശ്വാസമുണ്ടല്ലോ ,വിധിയെ തടുക്കാന്‍ കഴിയില്ലെന്ന്. അതിനെ ഒരിക്കല്‍ കൂടി ഊട്ടിഉറപ്പിക്കുകയാണ് ഈ കഥയിലൂടെ. വരരുചിയുടെ യഥാര്‍ത്ഥജീവിതവുമായി ബന്ധമുള്ളതാണോ ഈ സംഭവങ്ങള്‍ എന്നതിന് നിശ്ചയമില്ല. തുടര്‍ന്നുള്ള ഭാഗത്ത് പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതാണ് കേരളം എന്നു പറയുംപോലെ വരരുചിയെ കേരളത്തിലേക്ക് എത്തിക്കുകയാണ് എഴുത്തുകാരന്‍.

 
വരരുചി ഭാര്യയെ ഉപേക്ഷിക്കുന്നില്ല,എന്നാല്‍ നാടിനെ ഉപേക്ഷിക്കുകയാണ്. അയാള്‍ സ്വയം സമൂഹത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിച്ച് ഇറങ്ങുകയാണോ എന്നറിയില്ല. ഏതായാലും ഇനി ഇവിടെ താമസിക്കണ്ട, നമുക്ക് ദേശാടനത്തിന് പോകാം എന്നു പറഞ്ഞ് ആവശ്യമുള്ള വസ്തുക്കളുമെടുത്ത് അവര്‍ നാട് വിടുന്നു. പലയിടത്തും അലഞ്ഞുതിരിഞ്ഞ് കേരളത്തിലെത്തുന്നു. അപ്പോഴേക്കും ഭാര്യ ആദ്യ ഗര്‍ഭം ധരിച്ചിരുന്നു. പ്രസവവേദന കലശലായപ്പോള്‍ കാട്ടിലേക്കു കയറി പ്രസവിച്ചുകൊള്ളൂ എന്നു പറഞ്ഞ് അയാള്‍ വഴിയില്‍ ഇരുന്നു. അവര്‍ കാട്ടില്‍ കയറി പ്രസവിച്ചു. പിള്ള വാങ്ങാനോ പൊക്കിള്‍ക്കൊടി മുറിക്കാനോ ആരുമില്ലാത്ത അവസ്ഥ. പ്രസവം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് വായുണ്ടോ എന്ന് വരരുചി ചോദിച്ചു. ഉണ്ട് എന്ന് സാവിത്രി മറുപടിയും പറഞ്ഞു. വായുള്ള പിള്ളയ്ക്ക് ദൈവം ഇരയും കല്‍പ്പിച്ചിട്ടുണ്ട്.അതിനാല്‍ കുട്ടിയെ എടുക്കണമെന്നില്ല എന്നു പറഞ്ഞു. മാതൃത്വം അവിടെ വിങ്ങിപ്പൊട്ടിയിട്ടുണ്ടാകും , എന്നാല്‍ കഠിനഹൃദയനായ ഭര്‍ത്താവിനൊപ്പം കുട്ടിയെ ഉപേക്ഷിച്ച് സാവിത്രി മുന്നോട്ടു നടന്നു. ഇത് വരരുചിയെ സംബ്ബന്ധിച്ച യഥാര്‍ത്ഥ കഥയാണെങ്കില്‍ അയാളോട് പരമപുഛം തോന്നുന്ന സംഭവമാണിത്. അവള്‍ ഗര്‍ഭിണിയായത് അയാളുമായുളള വേഴ്ചയില്‍ നിന്നാണ്. പ്രസവസംബ്ബന്ധിയായ ഒരു സഹായവും വരരുചി ചെയ്യുന്നില്ല. എന്നു മാത്രമല്ല ബ്രാഹ്‌മണനായ തനിക്ക് പറയസ്ത്രീയില്‍ ജനിച്ച കുട്ടി ജീവിക്കണം എന്നും അയാള്‍ ആഗ്രഹിക്കുന്നില്ല. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി കരയുന്ന ശബ്ദം കേട്ടു വരുന്ന ജീവി ചിലപ്പോള്‍ അതിനെ സംരക്ഷിച്ചേക്കാം. കാരണം മൃഗത്തിന് മനുഷ്യനേക്കാള്‍ അനുകമ്പയും സ്‌നേഹവും ഉണ്ടല്ലോ. എന്നാല്‍ കാട്ടുനായ്ക്കളോ നരിയോ ചെന്നായോ ആകാശചാരിയായ കഴുകനോ ആണെങ്കില്‍ ആ ദയാവായ്പ് പ്രതീക്ഷിക്കുകയും വേണ്ട. തനിക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്ന, തന്നെപ്പോലെ മികച്ച ബുദ്ധിയുടെയും അറിവിന്റെയും ഉടമയായ, തന്റെ കാമാസക്തി തീര്‍ത്തു നല്‍കുകയും കുഞ്ഞിനെ ഗര്‍ഭാശയത്തില്‍ പേറി നടന്ന് തനിയെ പ്രസവിക്കുകയും ചെയ്ത ആ സാധു സ്ത്രീയോട് അയാള്‍ യാതൊരു അനുകമ്പയും കാട്ടുന്നില്ല. പ്രസവ രക്ഷയ്ക്കായി കുറച്ചുനാള്‍ അവിടെ തങ്ങാമെന്നോ കാട്ടുമരുന്നുകളെങ്കിലും നല്‍കാമെന്നോ അയാള്‍ പറയുന്നില്ല. അപ്പോള്‍ത്തന്നെ യാത്ര പുറപ്പെടുകയാണ്. കാട്ടിലെ കായ്കനികളും കാട്ടാറിലെ വെള്ളവും കുടിച്ചാണ് യാത്ര. അവള്‍ മരിച്ചുപോയാലും തകരാറില്ല എന്നും അയാള്‍ കരുതിയിട്ടുണ്ടാകും.

 
എന്നാല്‍ തുടര്‍ന്നു പറയുന്നത് അയാളില്‍ നിന്നും ഗര്‍ഭം ധരിച്ച് സാവിത്രി പതിനൊന്നു വട്ടം പ്രസവിച്ചുവെന്നും ആ കുട്ടികളെയെല്ലാം കാട്ടില്‍ ഉപേക്ഷിച്ചുവെന്നുമാണ്. പന്ത്രണ്ടാമത്തെ പ്രസവത്തിന് സമയമായപ്പോള്‍ അവര്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. തല്‍ക്കാലത്തേക്ക് കള്ളം പറഞ്ഞാലും തരക്കേടില്ല, ഈ കുഞ്ഞിനെ തനിക്കുവേണം എന്നു നിശ്ചയിച്ചു. പിന്നീട് അദ്ദേഹത്തെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി കളളം പറഞ്ഞത് മാപ്പാക്കാന്‍ അപേക്ഷിക്കാം എന്നും കരുതി. പതിവുപോലെ പ്രസവം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് വായുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു. ഇല്ല എന്ന് സാവിത്രി പറയുകയും ചെയ്തു. എങ്കില്‍ എടുത്തോളൂ എന്നായി വരരുചി. കുട്ടിയേയും എടുത്ത് രണ്ടുപേരും യാത്ര തുടര്‍ന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് വാസ്തവമായും വായില്ലാതെയായി. ഇവിടെ ഫിക്ഷന്‍ അതിന്റെ പാരമ്യത്തിലെത്തുകയാണ്. വരരുചി അത്രമാത്രം ശക്തനാണ് എന്നോ ഭര്‍ത്താവിനോട് കള്ളം പറഞ്ഞാല്‍ തിക്താനുഭവം ഉണ്ടാകുമെന്നോ ഒക്കെ വ്യാഖ്യാനിക്കാവുന്ന അവസ്ഥ. ഏതായാലും ജന്മം കൊടുക്കുന്നതിനപ്പുറം യാതൊരു താത്പ്പര്യവും ആ കുട്ടിയില്‍ ഇല്ലാതിരുന്ന വരരുചി ഏറ്റവും ഇടുങ്ങിയ മനസിന്റെ ഉടമയായിരുന്നു എന്നത് വ്യക്തം. എത്ര മഹത്തായ അറിവും വായനയും സിദ്ധിയും ഉണ്ടെങ്കിലും സ്‌നേഹവും ആര്‍ദ്രതയുമില്ലാത്തവന്‍ മനുഷ്യനാണ് എന്നു പറയാന്‍ കഴിയില്ലല്ലോ. അയാള്‍ ആ കുട്ടിയെ ഒരു കുന്നിന്റെ മുകളില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. അതാണ് വായില്ലാകുന്നിലപ്പന്‍ എന്ന ദേവനെന്നും എഴുത്തുകാരന്‍ പറയുന്നു.

 
വായില്ലാകുന്നിലപ്പന്റെ ജ്യേഷ്ഠന്മാരെല്ലാം ഹിംസമൃഗങ്ങളുടെ ഇരകളാകാതെ പലരുടേയും കൈകളില്‍ എത്തിയെന്നും അത് മൂപ്പുമുറയ്ക്ക് ബ്രാഹ്‌മണന്‍ ഉള്‍പ്പെടെ പതിനൊന്നു ജാതിക്കരുടെ വീടുകളില്‍ വളര്‍ന്നുവെന്നും കഥയില്‍ തുടര്‍ന്നു പറയുന്നു. അതു സംബ്ബന്ധിച്ച ശ്ലോകം ഇങ്ങിനെ --

 
മേഷത്തോളഗ്നിഹോത്രി ,രജകനുളിയനൂര്‍ -
 
തച്ചനും, പിന്നെ വള്ളോന്‍,
വായില്ലാകുന്നിലപ്പന്‍ വടുതല മരുവും
നായര്‍ , കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ ,പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനു,മുടനകവൂര്‍ -
ചാത്തനും പാക്കനാരും

 
ഇവര്‍ പലദിക്കുകളിലാണ് താമസിച്ചതെങ്കിലും ബാല്യം കഴിഞ്ഞതോടെ അവര്‍ സഹോദരങ്ങളാണ് എന്നു പരസ്പ്പരം ബോധ്യപ്പെടുകയും സ്‌നേഹത്തോടെ ജീവിച്ചുവരുകയും ചെയ്തു എന്ന് കഥയില്‍ പറയുന്നു. വരരുചിയും ഭാര്യയും അലഞ്ഞുതിരിഞ്ഞുതന്നെ ജീവിതം അവസാനിപ്പിച്ചു എന്നും പറയുന്നുണ്ട്. മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിന് ഈ പതിനൊന്നുപേരും ഒത്തുകൂടുകയും ഒരു പുല്ലിന് മുകളില്‍ത്തന്നെ ബലിയിടുകയും പതിവായിരുന്നു എന്നും പറയുന്നുണ്ട്. ഒരുനാളില്‍ത്തന്നെ ശ്രാദ്ധം എന്നു പറയുമ്പോള്‍ രണ്ടിലൊരാള്‍ മരണപ്പെട്ട ദിവസം മറ്റേയാള്‍ ജീവിതം അവസാനിപ്പിച്ചു എന്നു കരുതേണ്ടി വരും. പ്രാകൃത ഹിന്ദുരീതി അനുസരിച്ച് നോക്കിയാല്‍ വരരുചിയുടെ മരണമുണ്ടായപ്പോള്‍ അയാളെ ദഹിപ്പിക്കാന്‍ കൂട്ടിയ ചിതയില്‍ സാവിത്രിയും ജീവിതം അവസാനിപ്പിച്ചിട്ടുണ്ടാകും. ഇവിടെ മറ്റൊരു സന്ദേശം കൂടി നല്‍കുന്നുണ്ട്. കേരളത്തില്‍ നിലനിന്ന പതിനൊന്നു ജാതിക്കാരിലെയും പ്രമുഖരായ വ്യക്തിത്വങ്ങള്‍ ബാഹ്‌മണനായ വരരുചിക്കും പറയിയായ സാവിത്രിക്കും ഉണ്ടായതാണ് എന്നതാണ് അത്. ഇത് എഴുതുമ്പോള്‍ മൂത്തത് അഥവാ ഏറ്റവും ഉയര്‍ന്നത് ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച അഗ്നിഹോത്രി ആണെന്നും ബാക്കിയുള്ളവര്‍ അതിന് പിന്നാലെയാണ് എന്നും വ്യക്തമാക്കുന്നു. എങ്കിലും ആശ്വാസകരമാകുന്ന ഒരു സന്ദേശം ജാതിപരമായ വേര്‍തിരിവില്ലാതെ ഇവര്‍ സഹോദരന്മാരായി ജീവിച്ചു എന്നതാണ്. കേരളത്തില്‍ ബ്രാഹ്‌മണമതം അതിന്റെ നീചസ്വഭാവവും അയിത്തമെന്ന ക്രൂരതയും വെളിവാക്കും മുന്നേ ഉണ്ടായൊരു കഥയാകണം ഇത്. അതല്ലെങ്കില്‍ ആ നീചത്വം കണ്ട് മനംനൊന്ത ആരെങ്കിലും ഗുണകരമായൊരു  സന്ദേശം എന്ന നിലയില്‍ പറയിപെറ്റ പന്തിരുകുലം എന്ന കഥ ചമച്ചതുമാകാം. ഏതായാലും ഇതിന്റെ തുടര്‍ച്ചയും രസകരമായ അനുഭവം തന്നെയാണ്. (തുടരും)


No comments:

Post a Comment