പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന
വി.ആര്‍.അജിത് കുമാര്‍
ഭാഗം രണ്ട് –
മേളത്തോളഗ്നിഹോത്രി
മേളത്തോളഗ്നിഹോത്രിയുടെ വീട്ടിലായിരുന്നു ശ്രാദ്ധമൂട്ട് നടന്നിരുന്നത്. അയാള്‍ ബ്രാഹ്‌മണ ഭവനത്തിലായിരുന്നതിനാല്‍ ശ്രാദ്ധമൂട്ടിന് ബ്രാഹ്‌മണരെയായിരുന്നു ക്ഷണിച്ചിരുന്നത്. പറയന്‍ വരെയുള്ള നാനാജാതികളും കൂടി ശ്രാദ്ധമൂട്ടുന്നതിനാല്‍ ബ്രാഹ്‌മണര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ മടിയായിരുന്നു. അഗ്നിഹോത്രിയുടെ ഭാര്യക്കും ഈ സഹോദരന്മാരുടെ മേളനം അത്ര ഇഷ്ടമായിരുന്നില്ല. അവരെ നമുക്ക് ലീലാവതി എന്നു വിളിക്കാം.ലീലാവതി അത് അയാളോട് പറയുകയും ചെയ്തു. വരട്ടെ, സമാധാനമുണ്ടാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടുത്ത ശ്രാദ്ധത്തിന് സമയമായി. തലേദിവസം വൈകുന്നേരമായപ്പോള്‍ സഹോദരന്മാരും ചാത്തക്കാരനായ ബ്രാഹ്‌മണനും ഇല്ലത്തെത്തി. സഹോദരന്മാര്‍ക്ക് താമസിക്കാനായി താത്ക്കാലിക പുരമുറികള്‍ ഒരുക്കിയിരുന്നു അഗ്നിഹോത്രി. എല്ലാവരും അവരവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റും കഴിച്ച് ശയനഗൃഹങ്ങളില്‍പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോള്‍ ലീലാവതിയേയും ചാത്തത്തിന് വന്ന ബ്രാഹ്‌മണനേയും വിളിച്ച് ഒരു വിളക്കുമായി അഗ്നിഹോത്രി പത്തുപേരുടെ മുറികളിലും പോയി. എന്നെ തൊട്ടുകൊണ്ടു നോക്കുവിന്‍ എന്ന് അഗ്നിഹോത്രി പറഞ്ഞു. അവര്‍ അങ്ങിനെ ചെയ്തു. അപ്പോള്‍ പത്തുപേരും ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോട്കൂടി ചതുര്‍ബാഹുക്കളായി അനന്തന്റെ മേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും അത്ഭുതകരമായ ആ കാഴ്ചകണ്ട് ഭക്തിപുരസ്സരം അവരെ നമസ്‌ക്കരിച്ചു. അവരുടെ സംശയവും അതോടെ തീര്‍ന്നു. ഈ വിവരം ആ ബ്രാഹ്‌മണന്‍ മറ്റുള്ള ബ്രാഹ്‌മണരേയും അറിയിച്ചു. ഇവിടെ കഥാകാരന്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഒന്ന് അഗ്നിഹോത്രി ഇന്ദ്രജാലം പഠിച്ചിട്ടുള്ള വ്യക്തിയാണ് എന്നതാണ്. അദ്ദേഹത്തെ തൊട്ടുകൊണ്ട് നോക്കുമ്പോള്‍ ഇത്തരമൊരു കാഴ്ച കാണണമെങ്കില്‍ അതാകണം കാരണം. അതല്ലെങ്കില്‍ കഥയിലൂടെ മികച്ചൊരു സന്ദേശമാണ് നല്‍കുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യസൃഷ്ടികളും ജാതി മതങ്ങള്‍ക്കതീതമായി ആ സൃഷ്ടികര്‍ത്താവിന്റെ പ്രതിരൂപങ്ങളാണ് എന്നതാണ് ആ സന്ദേശം. ദൈവരൂപം സാങ്കല്‍പ്പികമാണെങ്കിലും എഴുത്തുകാരന്റെ കാല്‍പ്പനിക ചിന്ത അഭിനന്ദനാര്‍ഹമാണ്.
ലീലാവതിയും ദിവ്യശക്തിയുള്ളവളായിരുന്നു എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. തൃത്താലപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആ വിശ്വാസം . അവര്‍ പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ ഒരു താലം കൂടി കൊണ്ടുപോയിരുന്നു. ആ താലം തേച്ചുമിനുക്കി വെള്ളത്തിലിട്ട് ഒഴുകിപോകാതിരിക്കാന്‍ അതില്‍ കുറേ മണലും വാരിയിട്ട് കുളിച്ചുകയറി. പോകാന്‍ നേരത്ത് താലമെടുത്തപ്പോള്‍ അതിളകിവരുന്നില്ല. മണല്‍കൂട്ടിയതുപോലെ ഇരിക്കുന്ന, ശിലപോലെ ഉറപ്പുള്ള തൃത്താലപ്പന്റെ വിഗ്രഹത്തേയും സൗകര്യപൂര്‍വ്വം ഈ കഥയിലേക്ക് ആനയിക്കുകയാണ് കഥാകാരന്‍ ഇവിടെ ചെയ്യുന്നത്.പൊതുവെ സ്ത്രീശക്തി അംഗീകരിക്കാത്ത ആ കാലത്ത് ഇത്രയും ദിവ്യത്വം ലീലാവതിക്ക് നല്‍കിയത് അഭിനന്ദനം അര്‍ഹിക്കുന്നു.(തുടരും)
No comments:
Post a Comment