Saturday, 29 July 2023

parayi petta panthirukulam -- rereading - Part -6 - Pakkanar

 

പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന

 

വി.ആര്‍.അജിത് കുമാര്‍

 

ഭാഗം ആറ് – പാക്കനാര്‍



 
മറ്റൊരു പ്രസിദ്ധനായ സഹോദരന്‍ പാക്കനാരാണ്. പാക്കനാരെ എടുത്തു വളര്‍ത്തിയത് ഒരു പറയനായിരുന്നു. വലിയ കഴിവുകള്‍ ഉള്ള ആളായിരുന്നെങ്കിലും മുറം വിറ്റായിരുന്നു ഉപജീവനം എന്ന് കഥാകാരന്‍ പറയുന്നു. എത്ര മിടുക്കനായാലും പിറന്ന അഥവാ വളര്‍ന്ന ജാതിയില്‍ എന്താണോ കുലത്തൊഴിലായി പറഞ്ഞിട്ടുള്ളത്,അത് ചെയ്താല്‍ മതി എന്ന ധ്വനി അതിലുണ്ട്. എങ്കിലും നമ്പൂതിരിമാരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു എന്നും വഴിയേ പറയുന്നു. ഇത് ബ്രാഹ്‌മണമതം കാടത്തമായി മാറിയതിനും മുന്നെയുള്ള കാലമാകണം. ശ്രാദ്ധമൂട്ടാനായി സഹോദരങ്ങള്‍ ഒത്തുകൂടുമ്പോള്‍ പാക്കനാര്‍ കൊണ്ടുവരുക മാംസമായിരിക്കും. ചത്ത ജീവികളുടെ അവകാശികളാണ് പറയര്‍ എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അന്തര്‍ജ്ജനത്തിനും ശ്രാദ്ധത്തില്‍ പങ്കെടുക്കുന്ന ബ്രാഹ്‌മണനും ഇത് കറിവെക്കുന്നതും കഴിക്കുന്നതും സങ്കടകരമാണെങ്കിലും നിവര്‍ത്തിയില്ലാത്തതിനാല്‍ അനുസരിച്ചു പോരുന്നു. എന്നാല്‍ ഒരു തവണ പാക്കനാര്‍ കൊണ്ടുവന്നത് ഒരു പശുവിന്റെ അകിടായിരുന്നു. ബലിക്കായി സഹോദരന്മാര്‍ കൊണ്ടുവന്ന സാധനങ്ങള്‍ പൊതിയഴിച്ച് കണ്ട അന്തര്‍ജ്ജനത്തിന് ഇത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. അവര്‍ അത് കറിവയ്ക്കാതെ പൊതിയോടുകൂടി നടുമുറ്റത്ത് കുഴിച്ചിട്ടു. ബലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ചാത്തക്കാരന് ഓരോ സാധനങ്ങളായി വിളമ്പിത്തുടങ്ങിയപ്പോള്‍ പാക്കനാര്‍ ചോദിച്ചു, ഞാന്‍ കൊണ്ടുവന്നതെവിടെ? അന്തര്‍ജ്ജനം ഒന്നും പറഞ്ഞില്ല. ഒടുവില്‍ അഗ്നിഹോത്രിയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അവര്‍ സത്യം പറഞ്ഞു. അപ്പോള്‍ പാക്കനാര്‍ പറഞ്ഞു, എന്നാല്‍ അത് കിളിര്‍ത്തോ എന്നു നോക്കൂ. തന്നെ കളിയാക്കുകയാകും എന്നു കരുതി അവിടെനിന്ന അന്തര്‍ജ്ജനത്തെ അവര്‍ നിര്‍ബ്ബന്ധിച്ച് നടുമുറ്റത്തേക്ക് അയച്ചു. അവിടത്തെ കാഴ്ച അവരെ അത്ഭുതപ്പെടുത്തി. അവിടെ പശുവിന്റെ മുലഞെട്ടുകള്‍ പോലെയുള്ള കായകളുമായി ഒരു ചെടി പടര്‍ന്നു നില്‍ക്കുന്നതാണ് കണ്ടത്. അവര്‍ ആ വിവരം വന്ന് സഹോദരന്മാരോട് പറഞ്ഞപ്പോള്‍ കായകള്‍ പറിച്ച് ഒരുപ്പേരിയെങ്കിലും ഉണ്ടാക്കൂ എന്നായി പാക്കനാര്‍. അവര്‍ ചാത്തക്കാരന്റെ ഊണ് കഴിയുംമുന്നെ ഉപ്പേരിയുണ്ടാക്കി കൊണ്ടുവന്നു. സ്വാദോടെ അതെല്ലാവരും കഴിച്ചു. കോവലിനെകുറിച്ചുളള ഐതീഹ്യവും ഇപ്പോള്‍ ഇതാണ്. ഈ കഥയുടെ തുടര്‍ച്ചയായിട്ടാകാം ബലിക്ക് കോവല്‍ നിര്‍ബ്ബന്ധമായത്. കോവലുള്ള ദിക്കില്‍ ബലിയിട്ടില്ലെങ്കിലും പിതൃക്കള്‍ പ്രസാദിച്ചുകൊള്ളും എന്നാണ് പറയപ്പെടുന്നത്. ഇവിടെ പറയനായ പാക്കനാരുടെ ശക്തി വെളിവാക്കപ്പെടുന്നു. എന്നുമാത്രമല്ല , മാംസമായാലും സസ്യമായാലും എല്ലാ ഭക്ഷണവും ഒരുപോലെയാണ് എന്നൊരു സന്ദേശവുമുണ്ട്. പ്രത്യേകിച്ചും പശുവിനെ മാതാവായി കാണുന്ന ഒരു സമൂഹത്തിലാണ് പശുവിന്റെ അകിട് പാചകം ചെയ്യാനായി പാക്കനാര്‍ ഒരു ബ്രഹ്‌മണസ്ത്രീയുടെ കൈയ്യില്‍ കൊടുക്കുന്നത്.  ബ്രാഹ്‌മണ വിശ്വാസങ്ങള്‍ക്കെതിരായ ഒരു വെല്ലുവിളി പറയിപെറ്റ മക്കളുടെ ഓരോ കഥയിലും നമുക്ക് കാണാന്‍ കഴിയും. കോവലിന്റെ ആകൃതി കണ്ട എഴുത്തുകാരന്റെ ഉജ്ജ്വല ഭാവനയായും ഇതിനെ കാണാവുന്നതാണ്.

 
ഒരു ദിവസം പാക്കനാരും ഭാര്യ ലക്ഷ്മിയും  കാട്ടില്‍ വിറകൊടിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അടുത്തുള്ള വഴിയിലൂടെ ഒരു നമ്പൂതിരി വന്നു. അയാള്‍ അവരോട് വഴി മാറാന്‍ പറഞ്ഞു. അപ്പോള്‍ ലക്ഷ്മി അടക്കത്തില്‍ പറഞ്ഞു, മകളെ ഭാര്യയാക്കി വച്ചുകൊണ്ടിരിക്കുന്ന ഇയാള്‍ക്കെന്തിനാണ് വഴിമാറിക്കൊടുക്കുന്നത്. അപ്പോള്‍ പാക്കനാര്‍ വഴിമാറിക്കൊണ്ടു പറഞ്ഞു, ശേഷിച്ചൊരട്ടയെ നിനക്കും കിട്ടി. നമ്പൂതിരി കടന്നുപോയി കഴിഞ്ഞപ്പോള്‍ ലക്ഷ്മി ചോദിച്ചു, എന്താ നിങ്ങളങ്ങിനെ പറഞ്ഞത് . അപ്പോള്‍ ദിവ്യജ്ഞാനിയായ പാക്കനാര്‍ കഥ പറയാന്‍ തുടങ്ങി. ഈ നമ്പൂതിരിയുടെ അന്തര്‍ജ്ജനം ഒരുദിവസം അത്താഴത്തിന് അരിവെച്ചതില്‍ ഒരട്ട വീണു. അവര്‍ ആ വിവരം പറഞ്ഞപ്പോള്‍ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുത്തേക്കൂ എന്നായിരുന്നു നമ്പൂതിരിയുടെ മറുപടി. അവര്‍ അപ്രകാരം ചെയ്തു. ഈ ദുഷ്ടകര്‍മ്മത്തിന് പകരമായി ഇയാളെ തീറ്റിക്കാനായി പരലോകത്ത് ഒരു കുന്ന് അട്ടയെ യമധര്‍മ്മന്‍ സജ്ജമാക്കിയിരുന്നു. ചിത്രഗുപ്തന് ഈ വിവരം അറിയാമായിരുന്നു. നമ്പൂതിരി ചിത്രഗുപ്തനെ ധ്യാനിക്കുന്ന ആളായിരുന്നു. നിത്യവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിത്രഗുപ്തായ നമ: എന്നു പറഞ്ഞാണ് കിടക്കുക. നമ്പൂതിരിയെ സഹായിക്കണം എന്ന അതിയായ ആശ ചിത്രഗുപ്തനുണ്ടായി. അങ്ങിനെ ഈ വിവരം ധരിപ്പിക്കാനായി ചിത്രഗുപ്തന്‍ നമ്പൂതിരിയുടെ അടുക്കല്‍ വന്നു. ഒരു സാധാരണ മനുഷ്യനല്ല തന്നെ കാണാന്‍ വന്നതെന്നു മനസിലാക്കിയ നമ്പൂതിരി അദ്ദേഹത്തെ ആദരപൂര്‍വ്വം സ്വീകരിച്ചു. ചിത്രഗുപ്തന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണ്, എന്താണ് പ്രതിവിധി എന്ന് നമ്പൂതിരി ചോദിച്ചു. അതിന് ചിത്രഗുപ്തന്‍ ഇങ്ങിനെ മറുപടി കൊടുത്തു. അങ്ങയുടെ മകളുടെ വിവാഹം കുറച്ചു വൈകിപ്പിക്കുക. നാളെമുതല്‍ അങ്ങയുടെ ശുശ്രൂഷകളെല്ലാം അവളെ ഏല്‍പ്പിക്കുക. എന്നാല്‍ ഞാന്‍ വന്നു പറഞ്ഞ കാര്യങ്ങള്‍ ആരോടും പറയുകയുമരുത്. നമ്പൂതിരി അതനുസരിച്ച് ജീവിതരീതികള്‍ മാറ്റി. അടുത്ത ദിവസം മുതല്‍ അയാള്‍ക്ക് പല്ലു തേക്കാനുള്ള വിഭവം, മുറുക്കാന്‍, ഭക്ഷണം, കിടക്ക എല്ലാം ഒരുക്കിക്കൊടുക്കുന്ന ഉത്തരവാദിത്തം മകള്‍ക്കായി. ഇതൊന്നും മറ്റാരും ചെയ്യാന്‍ പാടില്ലെന്നു നിര്‍ദ്ദേശിച്ചു. പുത്രിയോട് പതിവില്‍ കവിഞ്ഞ സ്‌നേഹവും ഭാവിച്ചു. ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് കുറേശ്ശെ ദു:ശങ്ക തുടങ്ങി. ആളുകള്‍ അങ്ങുമിങ്ങും ഇരുന്നു കുശുകശുത്തു തുടങ്ങി. നമ്പൂതിരിയെകുറിച്ചുള്ള അപവാദപ്രചരണം ശക്തമായി. അപവാദം പറയുന്നവര്‍ക്കായി പരലോകത്ത് കൂട്ടിയിട്ടിരുന്ന അട്ടകളെ വീതിച്ചു നല്‍കി. ഒരെണ്ണം ബാക്കിയുണ്ടായിരുന്നത് നിനക്കും കിട്ടി എന്നു പറഞ്ഞു. ഇവിടെ അനേകം കാര്യങ്ങള്‍ കഥയില്‍  വരുന്നുണ്ട്. നമുക്ക് കഴിക്കാന്‍ കൊള്ളില്ല എന്നു തോന്നുന്ന ഭക്ഷണം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് പാപമാണെന്നും പരലോകത്ത് ശിക്ഷ ഉറപ്പാണ് എന്നുമുള്ള ചിന്ത പോസിറ്റീവായ സന്ദേശം നല്‍കുന്നു. ചിത്രഗുപ്തനെ ധ്യാനിക്കുക വഴി ഭക്തന് ചിത്രഗുപ്തന്‍ സഹായം നല്‍കി എന്ന ആശ്രിതവാത്സല്യം വെളിവാക്കുന്നുണ്ട് ഈ കഥ. അന്യരെക്കുറിച്ച് അപവാദം പറഞ്ഞാല്‍ ആരെക്കുറിച്ചാണോ പറയുന്നത് അയാളുടെ പാപം കുറയും എന്നും അപവാദം പറയുന്നവര്‍ക്ക്  അത് ലഭിക്കുമെന്നും സൂചന നല്‍കുന്നു. നമ്പൂതിരിമാര്‍ സ്ത്രീലമ്പടന്മാരാണെങ്കിലും മകളോട് മര്യാദ കാണിക്കും എന്നതും കഥയിലൂടെ വ്യക്തമാക്കുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ എല്ലാ മഹാന്മാരെയുംപോലെ പാക്കനാരും ദിവ്യശക്തിയുളള ആളാണ് എന്ന് ഒരിക്കല്‍ കൂടി കഥയിലൂടെ പ്രസ്താവിക്കുകയാണ് എഴുത്തുകാരന്‍.

 
പാക്കനാരും ബ്രാഹ്‌മണരുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഇങ്ങിനെ. ഒരു ദിവസം പാക്കനാര്‍ തന്റെ മാടത്തിലിരിക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ചില ബ്രാഹ്‌മണര്‍ പോകുന്നത് കണ്ടു. പാക്കനാര്‍ അങ്ങോട്ടുചെന്ന് അവരെ വന്ദിച്ചു. എങ്ങോട്ടാണ് യാത്രയെന്നു ചോദിച്ചു. കാശിയില്‍ ഗംഗാസ്‌നാനത്തിന് പോവുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ അടിയന്‍ ഒരു വടികൂടി തന്നയയ്ക്കാം. അതുകൂടി നദിയില്‍ മുക്കിക്കൊണ്ടുവന്നാല്‍ ഉപകാരമായി എന്നു പാക്കനാര്‍ പറഞ്ഞു. ഓഹോ, അതിനെന്തു വിരോധം? എന്നാലും ഇതെന്തിനാണ് എന്നുകൂടി അറിഞ്ഞെങ്കില്‍ നന്നായിരുന്നു എന്ന് ബ്രാഹ്‌മണര്‍ പറഞ്ഞു. അതൊക്കെ മടങ്ങി വരുമ്പോള്‍ പറയാം എന്ന് പാക്കനാരും സമ്മതിച്ചു. അവര്‍ തലകുലുക്കി സമ്മതിച്ച് വടിയും വാങ്ങിപോയി. കാശിയിലെത്തി ഗംഗയില്‍ സ്‌നാനം ചെയ്തപ്പോള്‍ അവര്‍ വടിയും ഗംഗയില്‍ മുക്കി. അപ്പോള്‍ വെള്ളത്തിനടിയില്‍ നിന്നും ആരോ പിടിച്ചുവലിച്ചപോലെ വടി താണുപോയി. അപ്പോള്‍ അവര്‍ക്ക് വലിയ വിഷമം തോന്നി. കഷ്ടം, പാക്കനാരുടെ വടി പോയല്ലോ, തിരികെ ചെല്ലുമ്പോള്‍ അവനോടെന്തു പറയും എന്നവര്‍ വിഷാദിച്ചു. ഉണ്ടായ സംഗതി പറയുകയല്ലാതെ നിവര്‍ത്തിയില്ലല്ലോ എന്നു സമാധാനിക്കുകയും ചെയ്തു. അവര്‍ വിവിധ ദേശങ്ങളിലെ പുണ്യക്ഷേത്രങ്ങളൊക്കെ സന്ദര്‍ശിച്ച് മടങ്ങി നാട്ടിലെത്തി പാക്കനാരുടെ മാളത്തിന് മുന്നിലെത്തി. പാക്കനാര്‍ എണീറ്റു വണങ്ങി അടിയന്റെ വടിയെവിടെ എന്നു ചോദിച്ചു. അവര്‍ വിഷമത്തോടെ ഉണ്ടായ സംഗതിയൊക്കെ വിവരിച്ചു. ഉടനെ പാക്കനാര്‍ അവരെ സമാധാനിപ്പിച്ചു. ഗംഗയിലാണ് പോയതെങ്കില്‍ നിവൃത്തിയുണ്ട് എന്നു പറഞ്ഞ് പാക്കനാര്‍ വീട്ടുപടിക്കലുള്ള കുളത്തിന്റെ വക്കത്തുപോയി നിന്ന് എന്റെ വടിയിങ്ങു തരൂ എന്നു പറഞ്ഞു. ഉടന്‍ കുളത്തിലെ വെള്ളത്തില്‍ നിന്നും വടി പൊങ്ങിവന്നു. പാക്കനാര്‍ അതെടുത്ത് സന്തോഷത്തോടെ അവരെ യാത്രയാക്കി. ഇവിടെയും വലിയ സന്ദേശമാണ് കഥയിലൂടെ നല്‍കുന്നത്. പാക്കനാര്‍ സിദ്ധിയുള്ള ആളായതിനാലും തൊട്ടുകൂടായ്മ വഷളാകാത്ത കാലമായതിനാലും ആകാം പാക്കനാര്‍ക്ക് ബ്രാഹ്‌മണരുടെ അടുക്കല്‍ ചെല്ലാനും വടി നല്‍കാനും കഴിഞ്ഞത്. ഗംഗയില്‍ വടി നഷ്ടമായതും അത് പാക്കനാരുടെ കുളത്തില്‍ നിന്നും കിട്ടിയതും ഫിക്ഷനാകാം അല്ലെങ്കില്‍ പാക്കനാരുടെ കൈയ്യടക്കമാകാം. എന്നാലും അതിലൂടെ പറഞ്ഞുവയ്ക്കുന്നത് ഇതാണ്. എല്ലാ ജലവും ഗംഗപോലെ പരിശുദ്ധമാണ്. ഗംഗയില്‍ മുങ്ങിയാല്‍ പാപങ്ങള്‍ തീരില്ല, പാപങ്ങള്‍ ചെയ്യാതെ പരിശുദ്ധരായി ജീവിക്കുകയാണ് വേണ്ടത്.

 
പ്രസിദ്ധരായ അഗ്നിഹോത്രി, നാരായണന്‍,അകവൂര്‍ ചാത്തന്‍,പെരുന്തച്ചന്‍,പാക്കനാര്‍ എന്നിവരെപോലെ പ്രസിദ്ധരല്ല വടുതല നായരും കാരയ്ക്കലമ്മയും ഉപ്പുകൂറ്റനും തിരുവരങ്കയത്തു പാണനാരും വള്ളോന്‍ രജകനും. അവരെകുറിച്ചും ഇത്തരത്തിലുള്ള കഥകളുണ്ടാകാം, അതല്ലെങ്കില്‍ ഈ കഥകള്‍ രചിച്ച മഹാന് അതുകൂടി എഴുതാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല. ഏതായാലും ഒരു കാലഘട്ടത്തിന്റെ കഥയായും ചരിത്രമായും വായിച്ചെടുക്കാവുന്നതാണ് പറയിപെറ്റ പന്തിരുകുലം എന്നതില്‍ സംശയമില്ല.(അവസാനിച്ചു)


 
   

 

No comments:

Post a Comment