വീണ്ടും ദുരഭിമാന കൊല
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഉതന്‍ഗരെയിലെ
ഒരു തയ്യല്‍ക്കാരനാണ് ദണ്ഡപാണി. അന്‍പത് വയസുകാരനായ ഇയാളുടെ ഇരുപത്തിയേഴ് വയസുള്ള
മകന്‍ സുഭാഷ് തിരുപ്പൂരിലെ ഒരു ഗാര്‍മെന്‍റ് ഫാക്ടറിയിലെ ജീവനക്കാരനാണ്. അവന്‍
അവിടെ ജോലി ചെയ്യുന്ന അരിയനല്ലൂര്‍കാരി ഇരുപത്തിയഞ്ച് വയസുള്ള അനുസൂയയുമായി പ്രണയത്തിലാകുന്നു.
ആ കൂട്ടി പട്ടികജാതിയില്‍പെട്ടവളാണ്.ദണ്ഡപാണി വിവാഹത്തെ എതിര്‍ക്കുന്നു. അത്
വകവയ്ക്കാതെ അവര്‍ മാര്‍ച്ച് 27ന് തിരുപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി.
തിരുപ്പട്ടൂരില്‍ ഒരു വാടക വീടെടുത്ത് താമസവുമായി. ദണ്ഡപാണി ദേഷ്യം
പുറത്തുകാട്ടാതെ അയാളുടെ അമ്മ എഴുപത് വയസുകാരി കണ്ണമ്മയെ കൊണ്ട് അവരെ
അരുണപതിയിലുള്ള വീട്ടിലേക്ക് ക്ഷണിച്ചു. അച്ഛന്‍റെ മനസ് മാറിയതാകും എന്ന് മകനും
മകന്‍ എല്ലാം ക്ഷമിച്ചതാകുമെന്ന് ദണ്ഡപാണിയുടെ അമ്മയും കരുതി.
അങ്ങിനെ തമിഴ് പുതുവര്‍ഷം തുടങ്ങുന്ന ഏപ്രില്‍
14ന് അവര്‍ അരുണപതിയിലെ വീട്ടിലെത്തി അവിടെ തങ്ങി. ഏപ്രില്‍ 14 അംബദ്ക്കറുടെ
ജന്മദിനമാണ് എന്നത് യാദൃശ്ചികം. സമുദായനേതാക്കള്‍ക്കും ആചാരങ്ങള്‍ക്കും വലിയ
പ്രാധാന്യമുള്ള തമിഴ്നാട്ടില്‍ ദണ്ഡപാണി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നിരിക്കണം.
അയാള്‍ ആ രാത്രിയില്‍ ഉറങ്ങിയില്ല. ഒരുപക്ഷെ സ്വജാതിയില്‍പെട്ട പലരോടും ചര്‍ച്ചകളും
നടത്തിയിട്ടുണ്ടാകും. ഏതായാലും ശനിയാഴ്ച വെളുപ്പിന് അയാള്‍ മകനും മരുമകളും കിടക്കുന്ന
മുറിയില്‍ കയറി അവനെ കത്തികൊണ്ട് വെട്ടാന്‍ തുടങ്ങി. അവന്‍റെ അലര്‍ച്ച കേട്ട്
ഓടിവന്ന കണ്ണമ്മാളും അനുസൂയയും അച്ഛനെ തടയാന്‍ ശ്രമിച്ചു. അയാള്‍ അവരെയും
ആക്രമിച്ചു. അമ്മുമ്മയും മകനും അവിടെത്തന്നെ മരിച്ചുവീണു. അനുസൂയ അതീവഗുരുതരമായ
അവസ്ഥയില്‍ ആശുപത്രിയിലുമായി.വൈകിട്ടോടെ ദണ്ഡപാണിയെയും അറസ്റ്റു ചെയ്തു. അയാള്‍
ആത്മഹത്യക്ക് ശ്രമം നടത്തിയതായും തെളിഞ്ഞു.
ഇവിടെ പ്രസക്തമാകുന്ന ചില കാര്യങ്ങളുണ്ട്.
സ്വന്തം അമ്മയേക്കാളും മകനേക്കാളും അയാള്‍ പ്രാധാന്യം നല്‍കിയത് അയാളുടെ
ജാതിക്കാണ്. തനിക്ക് ജന്മം നല്‍കിയ അമ്മയേയും താന്‍ ജന്മം കൊടുത്ത മകനേയും വെട്ടി
അരിയാന്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. മതതീവ്രവാദികളും മറ്റും നടത്തുന്ന
കൊലയേക്കാള്‍ ഭീകരമാണിത്. ഇന്ത്യ സ്വതന്ത്രയായി എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിട്ടും
ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭീകരമായ ജാതിവാദമാണ് ഇവിടത്തെ ഹിന്ദുസമൂഹം
ഗൌരവമായി കാണേണ്ടത്. ആര്‍എസ്എസ് സത്യസന്ധമായി ഹിന്ദുസമൂഹത്തെ സേവിക്കാന്‍
ആഗ്രഹിക്കുന്നു എങ്കില്‍ മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത്തരം അരുംകൊലകള്‍
നടക്കാത്തവിധം സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ശ്രമം ആവശ്യമാണ്. കുറഞ്ഞപക്ഷം മാതാപിതാക്കള്‍ക്ക്
ഇത്തരം വിവാഹങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ കുട്ടികളെ
സ്വതന്ത്രമായി ജീവിക്കാനെങ്കിലും അനുവദിക്കണം. ഇവിടെ ഒരു കുടുംബം പൂര്‍ണ്ണമായും
ഇല്ലാതാകുകയും വിവാഹജീവിതം സ്വപ്നം കണ്ട ഒരു പെണ്‍കുട്ടി ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരക്കേണ്ടതായും വന്നിരിക്കയാണ്. എങ്ങിനെയാണ് ഒരു
സാധാരണക്കാരനായ മനുഷ്യന്‍ പെട്ടെന്ന് ഇത്ര വലിയ ക്രൂരനായി മാറുന്നത് എന്ന്
മനസിലാക്കാന്‍ കഴിയുന്നില്ല. മൃഗങ്ങളില്‍ നിന്നും നീചമായ അകലം പാലിക്കുകയാണ്
ഇത്തരം കൃത്യങ്ങളിലൂടെ മനുഷ്യര്‍ ചെയ്യുന്ന്. മൃഗത്തിന് ഇത്തരം വൃത്തികെട്ട
അക്രമവാസന ഇല്ലല്ലോ
No comments:
Post a Comment