Monday, 17 April 2023

Criminals and politics

ക്രിമിനലുകളും രാഷ്ട്രീയവും 

നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ള ഏറ്റവും വലിയ അധോലോകം ദാവൂദ് ഇബ്രാഹിമിന്‍റേതാണ്. വലിയ ക്രൂരതകള്‍ അരങ്ങേറിയ മുംബയില്‍ നിന്നും ദുബായിലും പാകിസ്ഥാനിലും ചേക്കേറി ദാവൂദ് രക്ഷപെട്ടു. ഇപ്പോഴും ജീവിക്കുന്നു. രാഷ്ട്രീയ-സിനിമ-പോലീസ് –ഭരണസംവിധാന ബന്ധങ്ങള്‍ ശക്തമായിരുന്നു ദാവൂദിന്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള അധോലോകനായകന്മാരുടെ പിടിയിലാണ്. അവര്‍ രാഷ്ട്രീയത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളാകുന്നു.ജനങ്ങളെ ഭയപ്പെടുത്തിയോ അവരുടെ ആരാധനാ പാത്രമായോ സ്വാധീനിച്ചോ അവര്‍ എംഎല്‍എ ആകുന്നു അല്ലെങ്കില്‍ എംപി ആകുന്നു. തന്‍റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയാക്കുകയാണ് ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തെ. ഇത്തരത്തിലുള്ള നൂറുകണക്കിന് ക്രിമിനലുകളുടെ പ്രതിനിധിയാണ് ഉത്തര്‍പ്രദേശില്‍ മരണപ്പെട്ട ആതിഖ് അഹമ്മദ്. 1979 ല്‍ പതിനെട്ടാം വയസില്‍ ഒരു കൊലപാതകം നടത്തി രംഗത്തെത്തിയ ആതിഖ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ അതിരുകളിലൂടെ ഇക്കാലമത്രയും ചുമ്മ നടക്കുകയായിരുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കുന്നതിലും നല്ലത് സ്വയം ജനപ്രതിനിധിയാവുകയാണ് എന്നു മനസിലാക്കി 1989 ല്‍ അലഹബാദ് വെസ്റ്റില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയി. 1991 ലും 1993 ലും സീറ്റ് നിലനിര്‍ത്തി. 1996 ല്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിച്ചു ജയിച്ചു. പിന്നീട് അപ്നാദളില്‍ ചേരുകയും 2002 ല്‍ വീണ്ടും ജയിക്കുകയും ചെയ്തു. 2004 ല്‍ ഫുല്‍പ്പൂരില്‍ നിന്നും അന്‍പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലെത്തി. ആ വര്‍ഷം തന്നെയാണ് സഹോദരന്‍ അഷ്റഫിനെ അലഹബാദ് വെസ്റ്റില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. അയാള്‍ ബിഎസ്പിയുടെ രാജു പാലിനോട് തോറ്റു. 2005 ജാനുവരിയില്‍ രാജുപാലിനെ കൊലചെയ്തു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ രാജു പാലിന്‍റെ ഭാര്യ പൂജയെ അഷ്റഫ് തോല്‍പ്പിച്ചു. രാജുപാലിന്‍റെ കൊലയിലെ മുഖ്യസാക്ഷി അഡ്വക്കേറ്റ് ഉമേഷ് പാലിനെ 2006 ല്‍ തട്ടിക്കൊണ്ടുപോവുകയും കേസാവുകയും ചെയ്തു. 2008 ല്‍ ആതിഖ് പോലീസിന് കീഴടങ്ങി. ഇയാളെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പിന്നീട് ജാമ്യത്തിലിറങ്ങി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2023 ഫെബ്രുവരി 24 നാണ് ഉമേഷ്പാലിനെ കൊലപ്പെടുത്തിയത്. ജയിലില്‍ ഇരുന്നുകൊണ്ട് ആസൂത്രണം ചെയ്തതായിരുന്നു ആ കൊല. ഇത് കോളിളക്കം സൃഷ്ടിച്ചതോടെയാണ് ഇപ്പോഴുണ്ടായ സംഭവങ്ങള്‍. ആതിഖിന്‍റെ 19കാരനായ മകന്‍ പോലീസ് ഏറ്റുമുട്ടലില്‍ മരിച്ചു.അടുത്ത ദിവസം ആതിഖും സഹോദരന്‍ അഷ്റഫും പോലീസുകാരുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ച് അരുണ്‍ മൌര്യ, സണ്ണി, ലവ്ലേഷ് തിവാരി എന്നീ മൂന്ന് ചെറുപ്പക്കാരുടെ വെടിയേറ്റ് മരിച്ചിരിക്കയാണ്. ചില സിനിമകളില്‍ കാണുന്നപോലെ ,പുതിയ അധോലോകം ഉടലെടുക്കുകയാണ്. നിലവിലെ വലിയൊരു സാമ്രാജ്യം തകര്‍ന്നടിഞ്ഞു. ഇവിടെ പ്രസക്തമാകുന്ന പല വിഷയങ്ങളുണ്ട്. ഒന്ന് ഏത് ക്രിമിനലിനും നാട്ടില്‍ ജനപ്രതിനിധിയായി ആ സൌകര്യങ്ങളുപോയോഗിച്ച് മാഫിയ നേതാവായി വാഴാന്‍ കഴിയുന്നു എന്നതാണ്. ഇത് നമ്മുടെ ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കിയവരുടെ ഭാഗത്തുണ്ടായ പിഴവായി കാണേണ്ടതുണ്ട്. ഇലക്ഷന്‍ കമ്മീഷനിലെ നിയമങ്ങളും മാറേണ്ടിയിരിക്കുന്നു. മറ്റൊന്ന് ക്രിമിനലുകളെ പോറ്റുന്ന രാഷ്ട്രീയക്കാരാണ്. ഇവര്‍ പൊതുസമൂഹത്തിന് ഗുണമല്ല ദോഷമാണ് ഉണ്ടാക്കുന്നത്. മറ്റൊന്ന് നൂറിലേറെ കേസുകള്‍ ഉണ്ടായിട്ടും ഒരാള്‍ക്ക് കൂസലില്ലാതെ വീണ്ടും വീണ്ടും കൊലകളും കുറ്റങ്ങളും ചെയ്യാന്‍ സൌകര്യമൊരുക്കുന്ന നമ്മുടെ ജുഡീഷ്യറി ഉള്‍പ്പെടെയുള്ള സംവിധാനമാണ്. സാക്ഷികളെ ഭയപ്പെടുത്തിയും തെളിവുകള്‍ നശിപ്പിച്ചും മികച്ച വക്കീലന്മാരെ വച്ചും ജഡ്ജിമാരെപോലും ഭയപ്പെടുത്തിയും അവനവന് ആവശ്യമായ വിധി സമ്പാദിക്കുന്ന സംവിധാനത്തിന് എന്ന് മാറ്റം വരും. വെറും സാങ്കേതികതയില്‍ നിന്നും നമ്മള്‍ മാറേണ്ടതില്ലെ. അതിന് പരിഹാരം ഏറ്റുമുട്ടല്‍ കൊലയോ അല്ലെങ്കില്‍ ഒരു ക്രിമിനലിനെ ഇല്ലാതാക്കാന്‍ മറ്റൊരു ക്രിമിനലിനെ വളര്‍ത്തുകയാണോ എന്നൊക്കെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഏതായാലും വലിയതോതിലുള്ള അഴിച്ചുപണികളിലൂടെ മാത്രമെ അന്തസും ആഭിജാത്യവുമുള്ള ജനതയായി ഇന്ത്യന്‍ സമൂഹത്തെ മാറ്റാന്‍ കഴിയൂ എന്നത് ഉറപ്പ്. ദുഷ്ടനെ പനപോലെ വളര്‍ത്തുന്നത് ദൈവമല്ല, രാഷ്ട്രീയ സംവിധാനവും അധികാര ശ്രേണികളുമാണ് എന്നത് സാധാരണ ജനങ്ങള്‍ മാത്രം തിരിച്ചറിഞ്ഞാല്‍ പോര, സംവിധാനങ്ങള്‍ മൊത്തമായി രാകിമിനുക്കേണ്ടതുണ്ട്.

No comments:

Post a Comment