കാമ്പസുകളും മാനസിക സമ്മര്‍ദ്ദവും
ഇന്നത്തെ ലോകത്ത് മനുഷ്യര്‍,പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ഏറ്റവുമധികം അഭിമുഖീകരിക്കുന്നത് മാനസിക സമ്മര്‍ദ്ദങ്ങളാണ്. മത്സരത്തിന്‍റെ ലോകത്ത് വലിയ സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത് വിജയിക്കുന്നവരാണ് എല്ലാവരുടെയും മനസില്‍. ഈ മത്സരങ്ങളില്‍ പരാജയപ്പെടുന്ന ഒരു ചെറുസമൂഹത്തെ ഒപ്പം കൂട്ടാനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ടാകേണ്ടതുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐഐടി,എന്‍ഐടി,ഐഐഎം തുടങ്ങിയ ഇടങ്ങളിലെ ആത്മഹത്യകള്‍ ഇത്തരമൊരനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് . ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടുക എന്നത് ഒരു വിദ്യാര്‍ത്ഥിയെ സംബ്ബന്ധിച്ചിടത്തോളം എവറസ്റ്റ് കീഴടക്കിയ സന്തോഷമാണ് പ്രധാനം ചെയ്യുക. രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വലിയ അഭിമാനവും. കഠിനാദ്ധ്വാനത്തിലൂടെയാണ് അവിടെ എത്തിപ്പെടുന്നത്. ശരിക്കും അഞ്ചാം ക്ലാസുമുതലെ ഒരു കുട്ടി ഇതിനായി ശ്രമിച്ചു തുടങ്ങുന്നു എന്നു പറയാം. പ്രത്യേകമായ കോച്ചിംഗ് കേന്ദ്രങ്ങള്‍ തന്നെ ഇവര്‍ക്കായി നടത്തുന്നുണ്ട് രാജ്യത്ത് പലയിടത്തും. എന്നാല്‍ മത്സരപരീക്ഷ വിജയിച്ച് കാമ്പസില്‍ എത്തിക്കഴിയുമ്പോഴുണ്ടാകുന്ന പലവിധ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാതെ തളര്‍ന്നു പോകുന്നവരുമുണ്ട്. കാമ്പസ് ദൂരെ നിന്നു കാണുന്നപോലെ അത്ര മോഹിപ്പിക്കുന്നതാകില്ല അടുത്ത് കാണുമ്പോള്‍.
വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തുന്ന പെണ്‍കുട്ടി തന്‍റെ സ്വപ്നങ്ങള്‍ തകരുന്നു എന്ന് കാണുമ്പോള്‍ മാതാപിതാക്കളോട് വിവരം പറയുകയോ പരമാവധി സഹിക്കുകയോ ചെയ്യും. മാതാപിതാക്കള്‍ സമൂഹത്തോടും ബന്ധുക്കളോടും എന്ത് പറയും എന്ന ദുരഭിമാനത്തില്‍ തൂങ്ങി എങ്ങിനെയും പിടിച്ചു നില്‍ക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബ്ബന്ധിക്കും. അതിന് കഴിയാതെവരുമ്പോള്‍ അവള്‍ ആത്മഹത്യ ചെയ്യും. അതുപോലുള്ള അനുഭവമാണ് കാമ്പസുകളിലും നടക്കുന്നത്. തനിക്ക് സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയുന്നില്ല എന്നറിയിക്കുന്ന കുട്ടിയെ അവിടെ തുടരാന്‍ രക്ഷിതാക്കള്‍ നിര്‍ബ്ബന്ധിക്കും. അതല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് മാനക്കേടാകും എന്നുകരുതി കുട്ടി അവിടെ തുടരുകയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയും ചെയ്യും. രക്ഷിതാക്കളുടെ പിന്‍തുണ ലഭിക്കുന്ന വധു വിവാഹമോചനം നേടുന്ന പോലെ രക്ഷിതാക്കള്‍ താങ്ങാവുന്ന വിദ്യാര്‍ത്ഥി കാമ്പസില്‍ നിന്നും ഡ്രോപ്പ് ഔട്ട് ആകുന്നു. ഈ സാഹചര്യം മാറേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉന്നതമായ കാമ്പസുകളില്‍ നടന്ന ആത്മഹത്യകള്‍ 61 ആണ്. ഐഐടികളില്‍ 33, എന്‍ഐടികളില്‍ 24, ഐഐഎമ്മില്‍ നാല്. അതിസാങ്കേതികതാപഠനം നടക്കുന്ന ഐഐടി-എന്‍ഐടികളിലാണ് കൂടുതല്‍ മരണമുണ്ടായിട്ടുള്ളത്. അവിടെ സാമൂഹിക ജീവിതം ചര്‍ച്ച ചെയ്യുന്നില്ല എന്നത് ഒരു കാരണമാകാം. ഐഐഎം കുറച്ചുകൂടി സമൂഹികമായ പഠനം നടക്കുന്ന ഇടമാണല്ലൊ. ഇവിടെ ശ്രദ്ധേയമാകുന്നത് ആത്മഹത്യ ചെയ്തവര്‍ കൂടുതലും പട്ടികജാതി,പട്ടികവര്‍ഗ്ഗ ,ഓബിസി വിഭാഗത്തിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലും ഉള്‍പ്പെട്ടവരാണ് എന്നതാണ്.
വലിയ കാമ്പസുകളില്‍ കുട്ടികള്‍ തമ്മിലോ മുതിര്‍ന്ന കുട്ടികളുമായോ അധ്യാപകരുമായോ അധികാരികളുമായോ സ്വതന്ത്രവും നീതിയുക്തവുമായ ആശയവിനിമയം നടക്കുന്നില്ല എന്നതാണ് പ്രധാന കാരണമെന്ന് ട്രിച്ചി എന്‍ഐടിയിലെ പ്രൊഫസര്‍ ഭക്തവത്സലവും ജാമിയ മിലിയയിലെ പ്രൊഫസര്‍ ഫുര്‍ഖാന്‍ ക്വാമറും ചേര്‍ന്നെഴുതിയ ലേഖനത്തില്‍ പറയുന്നു. തികച്ചും അക്കാദമികമായ വിഷയങ്ങള്‍ക്കപ്പുറം മനസുകളുടെ ഒരു വ്യാപാരം അവിടെ ഉണ്ടാകുന്നില്ല. എല്ലാവരും അവരവരുടെ പഠനത്തിലും പഠിപ്പിക്കലിലും തിരക്കായി ജീവിക്കുന്ന ഇടങ്ങളാണ് വലിയ കാമ്പസുകള്‍. അവിടെ വൈകാരികമായ വിഷയങ്ങളുടെ പ്രസക്തി നഷ്ടമാകുന്നു. അധ്യാപര്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയുടേയും മാനസിക നില അപഗ്രഥനം ചെയ്യാനുള്ള സമയമോ പാടവമോ ഇല്ല എന്നതാണ് സത്യം. ഓരോ ദുരന്തങ്ങള്‍ നടക്കുമ്പോഴും ഒരന്വേഷണവും ചില നിര്‍ദ്ദേശങ്ങളും ഉണ്ടാകുന്നു എന്നതിനപ്പുറത്തേക്ക് ഗൌരവമായ ചര്‍ച്ചകള്‍ ഇത് സംബ്ബന്ധിച്ച് ഉണ്ടാകുന്നില്ല.
ആത്മഹത്യക്ക് കാരണം അക്കാദമിക സമ്മര്‍ദ്ദം, കുടുംബപശ്ഛാത്തലം,വ്യക്തിപരമായ കാരണങ്ങള്‍,സാമ്പത്തിക പ്രശ്നങ്ങള്‍,ജാതിപരമായ വിവേചനം തുടങ്ങി പലതാകാം. ഇതില്‍ പലതും കാമ്പസില്‍ നിന്നുണ്ടാകുന്നതല്ല, വ്യക്തിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണ് കാരണമാകുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരും സമൂഹവും സ്ഥാപനങ്ങളും കുടുംബവും ചേര്‍ന്നുള്ള ഒരു സമീപനം അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരവും സാസംസ്ക്കാരികവും മാനസികവുമായ കൌണ്‍സിലിംഗ് നല്‍കുന്നതിന് ഔപചാരികമായ ചില സംവിധാനങ്ങള്‍ നിലവിലുണ്ട്. ഓണ്‍ലൈനായും ഓഫ് ലൈനായും രഹസ്യസ്വാഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കൌണ്‍സിലിംഗ് നല്‍കുന്നു. ഇതിനായി ദോസ്ത്, സാഥി, മിത്ര് തുടങ്ങിയ ആപ്പുകളുമുണ്ട്. ബോധവത്ക്കരണ ക്ലാസുകളും സെന്‍സിറ്റൈസേഷന്‍ ക്ലാസുകളും നടത്താറുണ്ട്. ഇവിടെ വിദ്യാര്‍ത്ഥി താത്പ്പര്യപ്പെട്ട് കൌണ്‍സിലിംഗിന് എത്തണം എന്നൊരപകാതയുണ്ട്. പലരും ഇതിന് തയ്യാറാകാറില്ല. അതുകൊണ്ടുതന്നെ ഒരു സര്‍ക്കാര്‍ സംവിധാനം എന്നതിനപ്പുറം ഈ രീതിക്ക് ഒരു ഹൃദയമില്ലാതെ പോകുന്നു.
വികസിത രാജ്യങ്ങളില്‍ വളരെ ഗൌരവമേറിയ സൈക്കോളജിക്കല്‍ സര്‍വ്വീസാണ് നല്‍കുന്നത്. അവിടെ കൂട്ടായും വ്യക്തിപരമായും മാനസിക നിലയുടെ മൂല്യനിര്‍ണ്ണയവും കൌണ്‍സിലിംഗും കൂടിയാലോചനയും ചികിത്സയും കൃത്യമായി നടക്കുന്നു. ഇന്‍റര്‍നാഷണല്‍ അക്രഡിറ്റേഷനുള്ള സൈക്കോളജിസ്റ്റുകളും സൈക്കിയാട്രിസ്റ്റുകളും ക്ലിനിക്കല്‍ തെറാപ്പിസ്റ്റുകളും മെന്‍റല്‍ ഹെല്‍ത്ത് വര്‍ക്കേഴ്സും സോഷ്യല്‍ വര്‍ക്കേഴ്സും ഇതിന്‍റെ ഭാഗമാകുന്നു. ഇത്തരം വിപുലമായ സംവിധാനം വലിയ കാമ്പസുകളില്‍ വരേണ്ടതുണ്ട്. സംവരണത്തിന്‍റെ ആനുകൂല്യം ചിലര്‍ക്ക് നല്‍കേണ്ടിവരുന്നത് എന്തുകൊണ്ട് എന്ന് തിരിച്ചറിയാന്‍ കഴിയും വിധം മറ്റുള്ളവരെ ബോധവത്ക്കരിക്കുകയും സംവരണത്തിന്‍റെ ആനുകൂല്യത്തില്‍ എത്തിപ്പെട്ടവരേയും ഒപ്പം ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകത മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ബുദ്ധിപരമായ ഏറ്റക്കുറച്ചിലുകള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നും ഓരോ ആളുകള്‍ക്കും ജന്മസിദ്ധമായി അവരവരുടേതായ മെരിറ്റും ഡീമെരിറ്റ്സും ഉണ്ടെന്നുംബോധ്യമാക്കുകയും പരമാവധി ടീം വര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ പുതുതായി എത്തുന്നവരുടെ മെന്‍റര്‍ ആക്കുന്ന ഒരു രീതി ഗുണകരമാകും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും രണ്ടാം വര്‍ഷക്കാരന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എന്ന മട്ടിലുള്ള ഈ മെന്‍റര്‍ഷിപ്പ് ഗുണകരമാകും.
എക്സ്ട്രാ കരിക്കുലാര്‍ ആക്ടിവിറ്റികളും ഇടയ്ക്കൊക്കെ കുടുംബത്തോടൊപ്പമുള്ള കൌണ്‍സിലിംഗുകളും സാഹചര്യം മെച്ചമാക്കാന്‍ സാഹായിച്ചേക്കും. ഈയിടെ ചേര്‍ന്ന ഐഐടി കൌണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി –എക്സിറ്റ് ഓപ്ഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നല്ലൊരു നിലപാടാണ്. പഠന സമ്മര്‍ദ്ദം കുറയ്ക്കാനും പരാജയഭീതിയും പിന്‍തള്ളപ്പെടുമെന്ന ഭീതിയും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവേചനപരമായ സമീപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് മാത്രമല്ല ലോകത്തിനാകെത്തന്നെ വലിയ സംഭാവന ചെയ്യാന്‍ കഴിയുന്ന മിടുക്കരായ കുട്ടികളില്‍ ഒരാള്‍പോലും ഇനി ആത്മഹത്യ ചെയ്യാന്‍ ഇടവരാത്തവിധം കാമ്പസുകള്‍ ജൈവീകമാകും എന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment