പാരസെറ്റമോള്‍ അപകടകാരിയാകുമ്പോള്‍!!
കുട്ടികള്‍ക്ക് പനി വരുമ്പോള്‍ മാതാപിതാക്കള്‍ ഡോക്ടറെ കണ്ടും അല്ലാതെയും കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നാണ് പാരസെറ്റമോള്‍. മുതിര്‍ന്നവര്‍ക്ക് ഭക്ഷണം പോലെ പ്രിയപ്പെട്ടതും. എന്തിനും ഏതിനും സംഹാരി പാരസെറ്റമോളാണ്. ശിശുരോഗ വിദഗ്ധരെ ഇപ്പോള്‍ ആശങ്കയിലാക്കിയിരിക്കുന്നത് കുട്ടികളിലെ പാരസെറ്റമോള്‍ അമിതോപയോഗമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവിനപ്പുറം ഒരു കാരണവശാലും പാരസെറ്റമോള്‍ നല്‍കരുത് എന്നതാണ് പുതിയ നിര്‍ദ്ദേശം.
ഇപ്പോഴത്തെ പുതിയ വൈറല്‍ പനികള്‍ മിക്കപ്പോഴും ശ്വാസസംബ്ബന്ധിയായവയാണ്. ഇവ കുറച്ചു കടുപ്പവുമാണ്. ആദ്യ മൂന്ന് നാല് ദിവസം കടുത്ത പനിയുണ്ടാകും. പിന്നീടത് കുറഞ്ഞ് ആറ് ഏഴ് ദിവസം കൊണ്ട് നോര്‍മലാകും. വൈറല്‍ രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ മരുന്നില്ല എന്നതിനാല്‍ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ. വൈറല്‍പനി ചികിത്സിച്ചാല്‍ ഏഴ് ദിവസംകൊണ്ടും ചികിത്സിച്ചില്ലെങ്കില്‍ ഒരാഴ്ചകൊണ്ടും മാറും എന്ന് തമാശയായി ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. കാഞ്ചി കാമകോടി ചൈല്‍ഡ്സ് ട്രസ്റ്റ് ഹോസ്പ്പിറ്റലിലെ ഡപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ജനനി ശങ്കര്‍ പറയുന്നത് ആദ്യ മൂന്ന് നാളുകളില്‍ ചൂട് വിടാതെ നില്‍ക്കുമ്പോഴാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഈ ഓവര്‍ഡോസ് നല്‍കുന്നതെന്നാണ്. പനി 105-106 ല്‍ എത്തുമ്പോഴെല്ലാം മരുന്ന് നല്‍കുന്നത് അപകടമാണ്. പനി കൂടി അപസ്മാരമുണ്ടാകും എന്ന ഭയത്തില്‍ നിന്നാണ് ഇതുണ്ടാകുന്നത്. നനഞ്ഞ തുണികൊണ്ട് തുടച്ച് പരമാവധി ചൂട് നിയന്ത്രിക്കാവുന്നതാണ്.
പാരസെറ്റമോള്‍ അധികമായി ഉള്ളില്‍ ചെല്ലുന്നതോടെ ഛര്‍ദ്ദിയും മയക്കവും കരള്‍ വീക്കവും ഉണ്ടാകും. ആശുപത്രിയിലെ റെക്കോര്‍ഡ് പ്രകാരം നാല് മാസം പ്രായമായ കുട്ടികള്‍ മുതല്‍ 17 വയസ്സെത്തിയവര്‍ വരെ പാരസെറ്റമോള്‍ ഓവര്‍ഡോസിന് ചികിത്സ തേടി എത്തിയിട്ടുണ്ട്. രണ്ടും നാലും മണിക്കൂറിന്‍റെ ഇടവേളകളില്‍ കഴിക്കുന്ന മരുന്നാണ് ഓവര്‍ഡോസായി പരിണമിക്കുന്നത്. ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ഡയറക്ടര്‍ രമ ചന്ദ്രമോഹന്‍ പറയുന്നത് പനിയെ വല്ലാതെ ഭയക്കരുത് എന്നാണ്. ശരീരത്തിലുള്ള രോഗാണുവിനോട് ശരീരം പ്രതികരിക്കുന്നതിന്‍റെ ലക്ഷണമാണ് പനി. അതുകൊണ്ടുതന്നെ പനിയെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. തെര്‍മോമീറ്റര്‍ വച്ച് സ്ഥിരമായി ചൂട് അളക്കുകയും ഡോക്ടറെ അറിയിക്കുകയുമാണ് വേണ്ടത്. ഡോക്ടര്‍ നിശ്ചയിക്കുന്ന ഡോസിനപ്പുറം മരുന്ന് നല്‍കാന്‍ പാടില്ല. പാരസെറ്റമോള്‍ തുള്ളികളും സിറപ്പും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത മാതാപിതാക്കളുണ്ട്. അവര്‍ സംശയങ്ങള്‍ തീര്‍ത്ത് വേണം ഡോക്ടറുടെ അടുത്തുനിന്നും പോകാന്‍. ഒരു മില്ലി പാരസെറ്റമോള്‍ തുള്ളി 5 മില്ലി സിറപ്പിന് തുല്യമാണ്. സിറപ്പിന് പകരം ഡ്രോപ്പ്സ് വാങ്ങി അളവ് തെറ്റി നല്‍കുന്നതും അപകടമാണ്. ദിവസം നാല് നേരത്തിലധികം പാരസെറ്റമോള്‍ ഒരു കാരണവശാലും കുട്ടികള്‍ക്ക് നല്‍കരുത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എന്താണ് പാരസെറ്റമോള്‍? വേദന കുറയ്ക്കാനും പനി കുറയാനും സഹായിക്കുന്ന അസെറ്റാമിനോഫെന്‍ എന്ന കെമിക്കലാണ് പാരസെറ്റമോള്‍. ഇവ അനാള്‍ജെസിക്കും ആന്‍റിപൈററ്റിക്സും ആണ്. തലവേദന, പേശിവേദന, പല്ലുവേദന,ആര്‍ത്തവ സംബ്ബന്ധിയായ വയറുവേദന, വാതസംബ്ബന്ധിയായ വേദനകള്‍ എന്നിവയ്ക്കും പനി കുറയ്ക്കാനും ഇവ ഉപയോഗിക്കുന്നു.വേദനയും പനിയുമുണ്ടാക്കുന്ന ചില കെമിക്കലുകള്‍ ശരീരത്തില്‍ ഉത്പ്പാദപ്പിക്കുന്നതിനെ തടയുക എന്നാതാണ് പാരസെറ്റമോള്‍ ചെയ്യുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിച്ചാല്‍ കുഴപ്പമില്ല ,എന്നാല്‍ പാരസെറ്റമോള്‍ അധികമായാല്‍ പണി കിട്ടും എന്നുറപ്പ്👀
No comments:
Post a Comment