ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡേഴ്സ് എന്ന തട്ടിപ്പ്
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറ റോഡുകളില്‍ സ്ഥാപിക്കേണ്ടതുണ്ടോ, ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് പുറമെ കുട്ടിയെ കൂടി കയറ്റാമോ എന്നൊക്കെയുള്ള വിഷയങ്ങളുടെ മെരിറ്റും ഡീമെരിറ്റുകളും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. കെല്‍ട്രോണ്‍ എന്ന സ്ഥാപനത്തെപറ്റി സംസാരിക്കാം.
മറ്റെല്ലാ പൊതുമേഖല
സ്ഥാപനങ്ങളും പോലെ കെല്‍ട്രോണും മികച്ച തുടക്കമാണ് നടത്തിയത്.ഇലക്ട്രോണിക്സ്
രംഗത്തായിരുന്നു മികവ് പുലര്‍ത്തിയത്. 1973 ല്‍ കെ.പി.പി
നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു തുടക്കം. ആദ്യം 5000 ബ്ലാക്ക്&വൈറ്റ് ടെലിവിഷനുള്ള ഓര്‍ഡര്‍ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്
നല്‍കിയത്. 1974 ല്‍ കെല്‍ട്രോണിന്‍റെ കീഴില്‍ ഇലക്ട്രോണിക് റിസര്‍ച്ച്& ഡവലപ്പ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചു. ബല്‍ജിയം കമ്പനിയായ സ്പ്രേഗ്
ഇലക്ട്രോമാഗുമായി ചേര്‍ന്ന് അലൂമിനിയം ഇലക്ട്രോമിറ്റിക്സ് കപ്പാസിറ്റേഴ്സും ഫ്രാന്‍സിലെ
കണ്‍ട്രോള്‍ ബയ് ലിയുമായി ചേര്‍ന്ന് കണ്‍ട്രോള്‍ ഇന്‍സ്ട്രമെന്‍റേഷന്‍ & പാനല്‍സും ആരംഭിച്ചു. അന്ന് ശക്തമായ റിസര്‍ച്ച്& ഡവലപ്പ്മെന്‍റ് വിഭാഗം
നമ്പ്യാര്ക്കൊപ്പമുണ്ടായിരുന്
സ്ത്രീകളുടെ സഹകരണ സംഘം വഴി റേഡിയോ അസംബ്ലിംഗും പിന്നീട് കാല്‍ക്കുലേറ്ററും വാച്ചും മറ്റും കെല്‍ട്രോണ്‍ മാര്‍ക്കറ്റിലിറക്കി. ദൂരദര്‍ശന്‍ തുടങ്ങും മുന്നെ റഷ്യന്‍ സാറ്റലൈറ്റ് ഉപയോഗിച്ച് തിരുവനന്തപുരത്തുകാര്‍ക്കായി വിഎച്ച്എസ് ടേപ്പ് ഉപയോഗിച്ച് സിനിമ ടെലികാസ്റ്റ് ചെയ്തു. 1986 ല്‍ നമ്പ്യാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറിയായി പോയതോടെ കെല്‍ട്രോണും മാര്‍ക്കറ്റില്‍ നിന്നും പടിയിറങ്ങാന്‍ തുടങ്ങി. ഗവേഷണ സ്ഥാപനമായ ഇആര്‍&ഡിസിയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു.അതാണ് ഇപ്പോഴത്തെ സി-ഡാക്. ആഗോളവത്ക്കരണവും സ്വകാര്യവത്ക്കരണവും വന്നതോടെ ബഹുരാഷ്ട്ര കമ്പനികളും വമ്പന്‍ ടെക്നോളജികളും ഇന്ത്യയിലെത്തി. കെല്‍ട്രോണും അപ്ട്രോണുമൊക്കെ നിലംപരിശായി. പ്രൊജക്ടേഴ്സും റെക്ടിഫയേഴ്സും ഡയോഡ്സും നിര്‍മ്മിക്കുന്ന സബ്സിഡിയറി കമ്പനികള്‍ അടച്ചു. ട്രാഫിക് സിഗ്നല്‍ സംവിധാനത്തില്‍ കെല്‍ട്രോണിന് ഒരു മേല്‍ക്കൈ ഉണ്ടായിരുന്നു. ഡല്‍ഹി ട്രാഫിക് സിഗ്നലൊക്കെ കെല്‍ട്രോണാണ് കൈകാര്യം ചെയ്തിരുന്നത്.
2000 ലാണ് ആലസ്യത്തിലായിരുന്ന കെല്‍ട്രോണിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങുന്നത്. നേവല്‍ ഡിഫന്‍സ് സെക്ടറിലും സ്പേയ്സ് ടെക്നോളജിയിലുമൊക്കെ കുറച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ കെല്‍ട്രോണ്‍ നിലനില്‍ക്കുന്നതും ലാഭം കൊയ്യുന്നതും സര്‍ക്കാര്‍ പദ്ധതികളുടെ ഇടനിലക്കാരായ ടോട്ടല്‍ സെല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയിലാണ്.
നമുക്ക് ഒരു മേഖലയിലും മികവ് കാട്ടാന്‍ കഴിയില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നത് മികവുള്ളവരെ കൂട്ടിയിണക്കുന്ന ലിങ്ക് ആകുക എന്നതാണ്. അതിന്‍റെ പേരാണ് ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ അഥവാ മൊത്ത പരിഹാര ദാതാവ്.ഞാന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍(ഇപ്പോള്‍ സര്‍വ്വീസിലില്ല) ഏത് പദ്ധതി വന്നാലും ചെയ്യുക കെല്‍ട്രോണ്‍,സിഡിറ്റ്, സിഡ്കോ,കെഎസ്ഐഇ തുടങ്ങിയ മൊത്ത പരിഹാര ദാതാക്കളില്‍ ആരെയെങ്കിലും ഇതങ്ങ് പിടിച്ചേല്‍പ്പിക്കുക എന്നതാണ്. അതല്ലെങ്കില്‍ ഇത്തരം ജോലികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള ഊരാളുങ്കല്‍,കോസ്റ്റ്ഫോര്‍ഡ്, റബ്കോ തുടങ്ങിയ സ്ഥാപനങ്ങളെ ആശ്രയിക്കും.നേരിട്ട് ക്വട്ടേഷന്‍ വിളിച്ച് നല്ല സ്ഥാപനങ്ങളെ കണ്ടെത്തി കൊടുക്കുന്നതാണ് നല്ലത്. പക്ഷെ അതിന്‍റെ തുടര്‍ച്ചയായി ലോക്കല്‍ഫണ്ട് ഓഡിറ്റ്, ഏജി ഓഡിറ്റ് ,അതിനെ തുടര്‍ന്നുള്ള ക്വറികള്‍ തുടങ്ങിയ വയ്യാവേലികള്‍ പെന്‍ഷനായി കഴിഞ്ഞാലും തുടര്‍ന്നുകൊണ്ടിരിക്കും . ഇതാകുമ്പോള്‍ ഓഡിറ്റുകളും സാമ്പത്തിക ഇടപാടുകളുടെ തൊന്തരവുമൊക്കെ പരിഹാര ദാതാവിന്‍റെ ഉത്തരവാദിത്തമാകുമല്ലൊ. തുടക്കത്തില്‍ പത്ത്-ഇരുപത് ശതമാനമൊക്കെയായിരുന്നു മൊത്ത പരിഹാര ദാതാവിന്‍റെ കമ്മീഷന്‍. ഇപ്പോഴത് വലിയ നിലയില്‍ വര്ദ്ധിച്ചു എന്നുവേണം മനസിലാക്കാന്‍. അതല്ലെങ്കില്‍ ചെറിയ ഇടപാടുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതിരുന്നതിനാലാകാം കമ്മീഷന്‍ കുറച്ചു വാങ്ങിയിരുന്നത്. ഇപ്പോഴത് യഥാര്‍ത്ഥ മൂല്യത്തിന്‍റെ മൂന്നിരട്ടി വരെയൊക്കെയായിരിക്കുന്നു എന്നത് അതിശയപ്പെടുത്തുന്നു.
ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ വച്ചുണ്ടായ ഒരനുഭവം കൂടി സൂചിപ്പിക്കട്ടെ. വകുപ്പിലെ വിഷ്വല്‍ മറ്റീരിയലുകള്‍ ആര്‍ക്കൈവ് ചെയ്യാന്‍ കെല്‍ട്രോണ്‍ എന്ന മൊത്ത പരിഹാര ദാതാവിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഒരാള്‍ ഓഫീസിലെത്തി. കെല്‍ട്രോണില്‍ നിന്നാണ് എന്നു പറഞ്ഞു. അവിടെയുള്ള ചില പരിചയക്കാരെകുറിച്ചൊക്കെ ചോദിച്ചപ്പോള്‍ ഈ ചങ്ങാതിക്ക് ആരെയും അറിയില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു, ഞങ്ങള്‍ അവിടെ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ്, ഈ വര്‍ക്ക് ഞങ്ങളാണ് ചെയ്യുന്നത്. സമാനമായ വര്‍ക്ക് എവിടെയെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായി മറുപടി. പിന്നെ നിങ്ങള്‍ ഇതെങ്ങിനെ ചെയ്യും എന്ന് ചേദിച്ചപ്പോള്‍ അതിനൊക്കെ ആളിനെകിട്ടും എന്നായി. അപ്പോള്‍ മൂന്നാമന്‍ അരങ്ങേറുന്നു എന്നര്‍ത്ഥം. ആര്‍ക്കൈവ് വിഷയത്തില്‍ വകുപ്പില്‍ വിദഗ്ധരാരും ഇല്ലാത്തതിനാല്‍ ഏജന്‍സിയുടെ കഴിവ് മനസിലാക്കാനായി ഒരു സമിതിയുണ്ടാക്കി. ഏഷ്യാനെറ്റിലെ ബിജു,ഐടി മിഷനിലെ ഒരു വിദഗ്ധന്‍, ധനവകുപ്പിലെ ഒരു ദ്യോഗസ്ഥന്‍, പിആര്‍ഡിയില്‍ നിന്നും രണ്ട് പേര്‍ ഒക്കെ ഉള്‍പ്പെട്ടിരുന്നു. കെല്‍ട്രോണിനെ പ്രതിനിധീകരിക്കുന്നത് പുറത്തുനിന്നുള്ള സ്ഥാപന പ്രതിനിധിയാണ്. അയാളുടെ അറിവ് വളരെ പരിമിതമാണ് എന്ന് കണ്ടെത്തിയ സമിതി ഏഷ്യനെറ്റ് ആര്‍ക്കൈവ് കാണാനും ആ മാതൃക പിന്‍തുടരാനുമൊക്കെ തീരുമാനിച്ചു. കെല്‍ട്രോണിന്‍റെ ഇടപാടുകാരനെ പിന്നെ ഞാന്‍ കണ്ടില്ല. ഞാന്‍ ആ സീറ്റില്‍ നിന്നും മാറി കുറേ നാളുകള്‍ക്കുശേഷം പിആര്‍ഡി ഇടനാഴിയില്‍ ഈ കഥാപാത്രത്തെ കണ്ടു. അയാള്‍ പറഞ്ഞു, സാര്‍,ഞങ്ങള്‍ ആ വര്‍ക്ക് തുടങ്ങി. ഏതോ സമ്മര്‍ദ്ദത്തില്‍ വകുപ്പ് ആ ജോലി അവരെ ഏല്‍പ്പിച്ചുകാണും. ചിലപ്പോള്‍ ഭംഗിയായി ആ കൃത്യം നിര്‍വ്വഹിച്ചിട്ടും ഉണ്ടാകും.
ഇത്തരത്തിലുള്ള അനേകം ഉടായിപ്പുകള്‍ കെല്‍ട്രോണ്‍ വശവും മറ്റ് മൊത്ത പരിഹാര സ്ഥാപനങ്ങളുടെ വശവും ഉണ്ടാകും. അത്തരത്തിലൊന്നാകണം നമ്മെ “ സേഫ് “ ആക്കാന്‍ ഏര്‍പ്പാടാക്കിയ എസ്ആര്‍ഐടിയും മറ്റ് ഉപ സ്ഥാപനങ്ങളും. ഇതൊന്നും പുതിയ കാര്യമല്ല. രണ്ടായിരത്തിന് ശേഷം നടന്ന പരിണാമത്തിന്‍റെ രീതിയാണിത്. ഇതില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവുമെല്ലാം ഉള്‍പ്പെടുന്നുണ്ടാകും. ഇതൊക്കെ ഒരു തരം “നിര്‍മ്മിത ബുദ്ധിയാണ്”. എങ്കിലും പഴംചൊല്ല് മാറ്റമില്ലാതെ തുടരും. “ കാട്ടിലെ തടി,തേവരുടെ ആന,വലിയെടാ വലി “