നാഗപ്പൂര്‍ ചരടും കളിപ്പാവകളും ???
Devanoora Mahadeva എഴുതിയ RSS- Depth&Breadth എന്ന ലേഖനം വായിച്ചു. ഈ ലേഖനത്തിന് ഇത്രയേറെ പ്രാധാന്യം വന്നത് എങ്ങിനെ എന്നു മനസിലായില്ല. ഏതോ കോണില്‍ നിന്നും നന്നായി പ്രൊമോട്ടു ചെയ്ത ലേഖനമാണിത്. ഹരീഷിന്റെ മീശ നോവല്‍ വൈറലായതുപോലെ, കനയ്യ കുമാറിനെയും ഹാര്‍ദ്ദിക് പട്ടേലിനേയും ആഘോഷിച്ചിരുന്നപോലെ, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിക്കാതെ അതിനെതിരെ സമരം നയിച്ചപോലെ, കാര്‍ഷിക ബില്ലിനെ മനസിലാക്കാതെ അതിനെ എതിര്‍ത്തപോലെ, ദേശീയ വിദ്യാഭ്യാസ നയം വായിക്കാതെ അഭിപ്രായം രൂപീകരിക്കുന്നപോലെ ഒന്നാകണം ഇതിന്റെ പ്രചാരണവും. ഇപ്പോള്‍ മനസിരുത്തിയുള്ള വായന കുറവാണ്. അതിനാരെയും കുറ്റപ്പെടുത്താനും കഴിയില്ല. ഇത് 45 പേജുള്ള ഒരു ലേഖനമാണ് എന്നതിനാല്‍ സമയമുള്ളവര്‍ വായിക്കുക.
ഈ ലേഖനത്തില്‍ മഹാദേവന്‍ പുതുതായി ഒന്നും പറയുന്നില്ല, എന്നാല്‍ ഇടതുപക്ഷ എഴുത്തുകാര്‍ നിരന്തരമായി എഴുതിവന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ആര്‍എസ്എസിനെ കുറിച്ചുള്ള ആശങ്കകളും ഭയങ്ങളും നന്നായി ഉറപ്പിക്കാനും ലേഖകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഒടുവില്‍ ഇത്തരമൊരെഴുത്തിന് പ്രേരണയായത് Karnataka Religious Freedom Protection Bill 2021 ആണെന്ന് വ്യക്തമാക്കുന്നുമുണ്ട്.
ഗോള്‍വാര്‍ക്കര്‍, ഹെഡ്‌ഗെവാര്‍,സവര്‍ക്കര്‍ എന്നിവരുടെ ലേഖനങ്ങളില്‍ നിന്നും അടര്‍ത്തിയ അവരുടെ അഭിപ്രായങ്ങളില്‍ നിന്നാണ് എഴുത്താരംഭിക്കുന്നത്. ഗോള്‍വാര്‍ക്കറുടെ ദൈവബിംബം ഇങ്ങിനെയാണ് എന്നു സൂചിപ്പിക്കുന്നുണ്ട്. സൂര്യനും ചന്ദ്രനും കണ്ണുകളും ആകാശവും നക്ഷത്രങ്ങളും പൊക്കിളില്‍ നിന്നും ഉറവയാര്‍ന്നതും തല ബ്രാഹ്‌മണനായതും കൈകള്‍ ക്ഷത്രിയനായതും തുടകള്‍ വൈഷ്ണവനായതും പാദങ്ങള്‍ ശൂദ്രന്മാരായതുമായ രൂപമാണ് ഹിന്ദു ദൈവം. ഇദ്ദേഹത്തിന്റെ ഭരണഘടന മനുസ്മൃതിയാണ് എന്നും പറയുന്നു. സവര്‍ക്കറും ഇതേ അഭിപ്രായക്കാരനായിരുന്നു.
മനുസ്മൃതി ഞാന്‍ വായിച്ചിട്ടില്ല. അതിനെ കുറിച്ചുള്ള വിവാദങ്ങള്‍ ചിലതൊക്കെ കേട്ടിട്ടുണ്ട്. അതിലൊന്ന് സ്ത്രീ സ്വാതന്ത്ര്യം സംബ്ബന്ധിച്ചാണ്. ' പിതാ രക്ഷതി കൗമാരേ, പതി രക്ഷതി യൗവ്വനേ,പുത്രോ രക്ഷതി വാര്‍ദ്ധക്യേ, ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' ബിസിയിലോ എഡി ആരംഭത്തിലോ അന്നത്തെ സാഹചര്യത്തിലെഴുതിയ വാചകങ്ങളാണ്. ഇത് സംരക്ഷണമാണോ അടിമത്തമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. മനുസ്മൃതി ഉള്‍പ്പെടെ നാം കാണുന്ന എല്ലാ പുരാരേഖകളും അച്ചടിക്കു മുന്നെ എത്രയോ തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടാകാം. മനു എഴുതിയ എത്ര കാര്യങ്ങള്‍ സായിപ്പ് വിവര്‍ത്തനം ചെയ്ത ഒടുവിലത്തെ മനുസ്മൃതിയിലുണ്ടാകും, എത്ര സംഗതികള്‍ ഓരോ കാലത്തെയും ഭരണാധികാരകളോ അധികാരി വര്‍ഗ്ഗമോ ബ്രാഹ്‌മണരോ എഴുതി ചേര്‍ത്തിട്ടുണ്ടാകും. ഏതായാലും മനുസ്മൃതി ആധുനിക കാലത്ത് പ്രസക്തമായത് ബ്രിട്ടീഷുകാരുടെ വരവോടെയാണ്. മുഗള്‍ ഭരണത്തിന്റെ 600 വര്‍ഷം ഉറങ്ങിക്കിടന്ന മനുസ്മൃതി അന്നാണ് വീണ്ടും പ്രസക്തമായത്. മുസ്ലീങ്ങള്‍ക്ക് ശരിയത്തും ഇതര മതസ്ഥര്‍ക്ക് മനുസ്മൃതിയും അടിസ്ഥാനമാക്കി നിയമമുണ്ടാക്കി ബ്രിട്ടീഷുകാര്‍.ഭിന്നിപ്പിച്ചു ഭരിക്കലിന്റെ തുടക്കം എന്നു പറയാം.
ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടനയെ വിലയിരുത്തുന്നത് ഇങ്ങിനെയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഭരണഘടനകള്‍, യുഎന്‍ ചാര്‍ട്ടര്‍, ലീഗ് ഓഫ് നേഷന്‍സ്, അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണഘടന എന്നിവയുടെ സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ ഖണ്ഡികകള്‍ മാത്രമാണ് ഭരണഘടന എന്നായിരുന്നു വിലയിരുത്തല്‍. ഭരണഘടനയുടെ സങ്കീര്‍ണ്ണതയും ചില വിഷയങ്ങളിലുള്ള അവ്യക്തതകളും മൂലമാണല്ലൊ ഇതുവരെ 105 ഭേദഗതികള്‍ വരുത്തേണ്ടി വന്നതും സജി ചെറിയാന്‍ ഉള്‍പ്പെടെ പലരും ഭരണഘടനയില്‍ മാറ്റം വേണം എന്നു പറയാനും കാരണം. പരസ്പ്പരവിരുദ്ധമായ കാര്യങ്ങളും സങ്കീര്‍ണ്ണതകളും നീക്കി സാധാരണ പൗരന് വായിച്ചാല്‍ മനസിലാകുന്നവിധമാക്കണം ഭരണഘടന എന്ന അഭിപ്രായം സൂക്ഷിക്കുന്ന ആളാണ് ഞാനും. 1949 നവംബറിലെ ഓര്‍ഗനൈസര്‍ മാസികയുടെ മുഖപ്രസംഗവും ഭരണഘടന ശില്‍പ്പികളെ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പുരാതന ഭരണഘടനയോ നാമകരണങ്ങളോ പദപ്രയോഗങ്ങളോ ഉപയോഗിക്കാന്‍ ഭരണഘടന നിര്‍മ്മാണ സമിതി ശ്രമിച്ചില്ല എന്നാണ് കുറ്റപ്പെടുത്തല്‍. ചാണക്യന്റെ അര്‍ത്ഥശാസ്ത്രവുമൊക്കെ പരിശോധിക്കുന്നതില്‍ തെറ്റില്ലായിരുന്നു എന്നെനിക്കും അഭിപ്രായമുണ്ട്.
ഗോള്‍വാള്‍ക്കര്‍ ഫെഡറല്‍ സംവിധാനത്തെ എതിര്‍ത്തിരുന്നു. ഭാരതം ഒറ്റ രാജ്യമാണ്, അതില്‍ സ്വതന്ത്രമോ ഭാഗികമായ സ്വാതന്ത്ര്യമുള്ളതോ ആയ സംസ്ഥാനങ്ങള്‍ പാടില്ല എന്നായിരുന്നു അഭിപ്രായം. 1930 ല്‍ ഇദ്ദേഹം ഒരു പതാക, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. ഇദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ചിന്താഗതി ഒരുപക്ഷെ മാറിയേനെ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സായുധ വിപ്ലവത്തിലൂടെ അധികാരത്തിലെത്താന്‍ തുടക്കത്തില്‍ ചിന്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ മറ്റെല്ലാ ജനാധിപത്യ പാര്‍ട്ടികളേയും പോലെ ആയിതീര്‍ന്നില്ലെ. മാറ്റം വരാവുന്ന ഒന്ന് അഭിപ്രായവും വിശ്വാസവും മാത്രമാണല്ലൊ. കോണ്‍ഗ്രസിനെപോലെ ആള്‍ക്കൂട്ട പാര്‍ട്ടികള്‍ക്ക് മാത്രമെ കൃത്യമായ അഭിപ്രായങ്ങള്‍ ഇല്ലാതെ വരുകയുള്ളു.
1939 ല്‍ ഹിറ്റ്‌ലറിന്റെ ഫാസിസത്തെയും ആര്യവംശത്തിന്റെ പരിശുദ്ധി സംരക്ഷിക്കാന്‍ കാട്ടിക്കൂട്ടിയ ഹീനനരഹത്യയെും ആരാധിച്ചിരുന്ന ഗോള്‍വാള്‍ക്കര്‍ പിന്നീട് ഹിറ്റ്‌ലറിന് സംഭവിച്ചതെന്ത് എന്നു മനസിലാക്കി ലജ്ജിച്ചിട്ടുണ്ടാകും.രണ്ടാം ലോകമഹായുദ്ധ കാലത്ത് അവര്‍ ബ്രിട്ടനൊപ്പം നിലനിന്നു എന്നതും ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയനില്‍ തേനും പാലും ഒഴുകുന്നു എന്നു കരുതിയ കമ്മ്യൂണിസ്റ്റുകള്‍ക്കും സംഭവിച്ചത് ഇതുതന്നെയല്ലെ. സ്റ്റാലിന്‍ കമ്മ്യൂണിസ്റ്റ് ദൈവമാണ് എന്നു വിചാരിച്ചിരുന്ന കാലത്തുനിന്നും നമ്മള്‍ പോസ്‌റ്‌ററില്‍ പോലും ആ ചിത്രം വരാതെ ശ്രദ്ധിക്കുന്ന കാലത്തിലേക്കെത്തി. ഇതെല്ലാം പ്രത്യയശാസ്ത്രങ്ങള്‍ക്കുണ്ടാകുന്ന മൂല്യച്യുതിയാണ്. കാലത്തിനൊത്ത് മനുഷ്യരും പ്രസ്ഥാനങ്ങളും മാറും, പ്രത്യയശാസ്ത്രം ചവറ്റുകുട്ടയിലുമാകും. ഇത് ആര്‍എസ്എസിനും ബാധകമാണ്. 1939-40 കാലഘട്ടത്തിലെ ഈ ചിന്തകളെ ഉണര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും എന്നാരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ശരിയാണെന്നു തോന്നുന്നില്ല.
മഹാദേവന്‍ തുടര്‍ന്ന് ആശങ്കപ്പെടുന്നത് ചാതുര്‍വര്‍ണ്യം തിരിച്ചുവരും എന്നാണ്. ചാതുര്‍വര്‍ണ്ണ്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന വിശ്വാസമാണ് എനിക്കുള്ളത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍,വിവിധ അധികാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഉപദേശകരാണ് ബ്രാഹ്‌മണര്‍. അവര്‍ ബുദ്ധി ഉപയോഗിക്കുന്നു, ഭരണാധികാരികളായ ക്ഷത്രിയര്‍ അധികാരം ഉപയോഗിക്കുന്നു. വൈശ്യര്‍ കച്ചവടം നടത്തുന്നു, ശൂദ്രര്‍ ഗുമസ്തന്മാരും കൈപ്പണിക്കാരും ഐടി തുടങ്ങി പല മേഖലകളിലും തൊഴിലിടങ്ങളിലും കാര്‍ഷിക മേഖലയിലും പണിയെടുക്കുന്നു. പുരുഷ സൂക്തയില്‍ പറയാത്ത ഒരു സമൂഹമുണ്ട്. ആദിവാസികളും നാടോടികളും. അവരില്‍ നിന്നു കൂടി അധികാരികളും ഉപദേശകരും രൂപപ്പെട്ടു എന്നതാണ് ജനാധിപത്യം നല്‍കിയ വലിയ സംഭാവന.
മഹാദേവന്‍ പറയുന്നത് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ ഭരണപരമായിരുന്നു ,എന്നാല്‍ മോദിക്കാലം ജുഡീഷ്യറിയേയും എക്‌സിക്യൂട്ടിവിനേയും മാധ്യമങ്ങളേയും സ്വതന്ത്ര സ്ഥാപനങ്ങളേയും അതിജീവിക്കാന്‍ പാടുപെടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്നാണ്. ഇത് ശരിയാണോ? അങ്ങിനെ എല്ലാവരേയും വിറപ്പിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിന് കഴിയുമോ? ചൈനയ്ക്ക് കഴിഞ്ഞേക്കാം,വടക്കന്‍ കൊറിയ, അറബ് രാഷ്ട്രങ്ങള്‍ എന്നിവയ്ക്കും സാധിക്കുമായിരിക്കും. അത് ശരിയാണെങ്കില്‍ നമ്മുടെ ജനാധിപത്യത്തിന് എന്തോ കുറവുണ്ട് എന്നു സമ്മതിക്കേണ്ടിവരും.
ആര്‍എസ്എസില്‍ അംഗമാകുന്നവരെ കുറിച്ച് പറയുന്നത് ഇങ്ങിനെ , കബഡി കളിക്കാന്‍ പറഞ്ഞാല്‍ കളിക്കണം, യോഗം വിളിക്കാന്‍ പറഞ്ഞാല്‍ വിളിക്കണം, രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പറഞ്ഞാല്‍ അങ്ങിനെ ചെയ്യണം. ഇത് മിക്ക പ്രസ്ഥാനങ്ങള്‍ക്കും ബാധകമല്ലെ? സിപിഎം ഉള്‍പ്പെടെ.
1975 ല്‍ ജയപ്രകാശ് നാരായണന്‍ ഇന്ദിരാഗാന്ധിക്കെതിരെ തുടങ്ങിയ പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി, ആര്‍എസ്എസ് ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന് പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാക്കി ആര്‍എസ്എസ് നേതാക്കള്‍ ജെപിയെ വഞ്ചിച്ചു എന്നു പറയുന്നു. വാജ്‌പേയിയും അദ്വാനിയും ആര്‍എസ്എസ് ചീഫ് ബാലാ സാഹബ്ബ് ദേവരശും ആര്‍എസ്എസ് ബന്ധം വിട്ട് സ്വതന്ത്രരായി ജനതാപാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാകും എന്നു ജെപി വിചാരിച്ചു എന്നു പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നപോലെയാണ്. അതും ജെപിയുടെ വാക്കുകളല്ല.ചാണ്ഡിഗഡില്‍ 1975 ല്‍ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നപ്പോള്‍ സൗഹൃദം സ്ഥാപിച്ച അന്നത്തെ കളക്ടര്‍ ദേവസഹായം 2019 ല്‍ ന്യൂസ് ക്ലിക്ക് ഓണ്‍ലൈനിലെ അജാസ് അഷ്‌റഫിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഈ വെളിപ്പെടുത്തല്‍!!
ഇന്ത്യയില്‍ നിന്നും സമ്പന്നരും രാഷ്ട്രീയക്കാരും അഴിമതിക്കാരും വിദേശത്തേക്കുപോയ കള്ളപ്പണം തിരികെ കൊണ്ടുവരും എന്നും എല്ലാ വോട്ടറന്മാര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കും എന്നു പറഞ്ഞതുകൊണ്ടും കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കും എന്നു പറഞ്ഞതുകൊണ്ടും കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കും എന്നു പറഞ്ഞതുകൊണ്ടുമാണ് അധികാരത്തില്‍ വന്നതെന്ന് ലേഖകന്‍ പറയുന്നു. സത്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ തോന്ന്യാസവും അഴിമതിയും മടുത്താണ് ജനം എന്‍ഡിഎയെ അധികാരത്തിലെത്തിച്ചത് എന്ന കാര്യം മഹാദേവന്‍ മനപൂര്‍വ്വം മറക്കുന്നു. അതിന് മോമ്പൊടിയായി മതവും മറ്റും ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവാം. വീണ്ടും ജനം എന്തുകൊണ്ട് ഇവരെ ജയിപ്പിച്ചു എന്നതിനും ശരിയുത്തരമില്ല. ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ,ഒന്നിച്ചു നില്‍ക്കുന്ന ഒരു പ്രതിപക്ഷമില്ലാതെ അവര്‍ക്ക് വോട്ടു ചെയ്യാന്‍ ജനം തയ്യാറാകാതിരുന്നതിന് ആരെയാണ് പഴിക്കേണ്ടത്.
വ്യക്തികേന്ദ്രീകൃത പാര്‍ട്ടിയേക്കാളും കുടുംബ കേന്ദ്രീകൃത പാര്‍ട്ടിയേക്കാളും നോണ്‍ കോണ്‍സ്റ്റിട്യൂഷണല്‍ അസോസിയേഷന്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയാണ് അപകടകരം എന്നാണ് മഹാദേവന്‍ പറയുന്നത്. അതായത് രാജഭരണത്തെയും ഏകാധിപത്യത്തേയും ആരാധിക്കുന്ന ഒരു സമീപനമാണ് ഇതെന്നു കാണാം. പരോഷമായി ഓരോ പാര്‍ട്ടിയേയും ആരാണ് നയിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. വിദേശ രാജ്യങ്ങള്‍ പോലും പല പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കുന്നുണ്ടാകാം. പ്രത്യക്ഷത്തിലുളളതിനെ വിശ്വസിക്കാനല്ലെ സാധാരണ ജനത്തിന് കഴിയൂ. അവര്‍ ഓരോ പ്രദേശത്തും ഓരോ സമീപനം എടുക്കുന്നു. ആന്ധ്രയിലും തെലങ്കാനയിലും ബംഗാളിലും ഒറീസയിലും മറ്റും ഭരണം വ്യക്തികേന്ദ്രീകൃതമാകുമ്പോള്‍ കോണ്‍ഗ്രസ് ഭരണം കുടുംബകേന്ദ്രീകൃതമാകുന്നു. ഇതെല്ലാം അംഗീകരിക്കുന്നവരാണ് നമ്മുടെ ജനത. ശരിയും തെറ്റും നിശ്ചയിക്കാനുള്ള തിരിച്ചറിവ് ഒരുപക്ഷെ ഇതാകാം.
ലേഖകന്‍ പറയുന്നത് കേന്ദ്രം ഭരിക്കുന്നവരും ബിജെപി നേതൃത്വത്തിലുളള സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരുമെല്ലാം വെറും കളിപ്പാവകളാണ് എന്നാണ്.ചരട് നാഗപ്പൂരിലെ കാര്യാലയത്തിലാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു. ഇത്രയേറെ വൈപുല്യമുള്ള ഒരു രാജ്യത്തെ ഇത്ര മനോഹരമായി ചരടിലൂടെ നിയന്ത്രിക്കുന്ന ആള്‍ ഈ മോഹന്‍ ഭഗവത് എന്നയാള്‍ ആണോ? അതോ ഹെഡ്‌ഗെവാറും ഗോള്‍വാര്‍ക്കറും സവര്‍ക്കറും ഗോഡ്‌സെയുമെല്ലാം ഇപ്പോഴും 24 മണിക്കൂറും ഉറക്കമൊഴിച്ച് അവിടെ പണിയെടുക്കുകയാണോ എന്നറിയില്ല.
പിന്നീടദ്ദേഹം പതിവുപോലെ അംബാനി-അദാനിമാരുടെ സ്വത്തിനെക്കുറിച്ചാണ് പറയുന്നത്. ക്യാപ്പിറ്റലിസം പ്രൊമോട്ടുചെയ്യുന്ന ബിജെപി എപ്പോഴും മുന്‍ഗണന നല്‍കുക വൈശ്യര്‍ക്കാവും എന്നതില്‍ സംശയമില്ലല്ലോ. സമ്പന്നര്‍ അതിസമ്പന്നരാകുന്നു. എല്ലാ ഭരണാധികാരികളും അങ്ങിനെതന്നെയാണ്. കേരളത്തിലും ഭരണാധികാരികള്‍ മുന്‍ഗണന നല്‍കുന്നത് യൂസഫ് അലിക്കും രവി പിള്ളക്കും ഒക്കെത്തന്നെയാണ്. പുത്തന്‍ കച്ചവടക്കാര്‍ക്കായി പരവതാനി വിരിച്ച് കാത്തിരിക്കുക മാത്രമെ ഭരണാധികാരിക്കു ചെയ്യാന്‍ കഴിയൂ എന്നതാണല്ലൊ സത്യം. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് ജിഎസ്ടി കൊണ്ടുവന്നതെന്ന് ലേഖകന്‍ പറയുന്നു. 1986 ല്‍ ന്യൂസിലന്റിലും 91 ല്‍ കാനഡയിലും 94 ല്‍ സിംഗപ്പൂരിലും 2000 ല്‍ ആസ്‌ട്രേലിയയിലും 2015 ല്‍ മലേഷ്യയിലും നടപ്പിലാക്കിയ ജിഎസ്ടി ഇന്ത്യയില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത് 2000 ലാണ്. 2011 വരെ ജിഎസ്ടി സമിതി അധ്യക്ഷന്‍ ബംഗാളിലെ ധനമന്ത്രിയായിരുന്ന അസിം ദാസ്ഗുപ്തയായിരുന്നു. അദ്ദേഹത്തിന് നാഗ്പൂര്‍ ബന്ധം കാണില്ലല്ലോ. 2005 ല്‍ ചിദംബരം യൂണിഫോം ജിഎസ്ടി 2010 ഏപ്രില്‍ 1 ന് നടപ്പാക്കും എന്നു പ്രഖ്യാപിച്ചു. 2009 ല്‍ പ്രണാബ് മുഖര്‍ജി ജിഎസ്ടി ബേസിക് സ്‌കെലിറ്റണ്‍ പ്രഖ്യാപിച്ചു.2011 ല്‍ ജിഎസ്ടി നടപ്പിലാക്കാനുള്ള ഭരണഘടന ഭേദഗതി ചര്‍ച്ച ചെയ്തു. 2013 ല്‍ ഗുജറാത്ത് ജിഎസ്ടിയെ എതിര്‍ത്തു. 2016 ല്‍ കോണ്‍ഗ്രസിന്റെ സഹകരണത്തോടെ രാജ്യമൊട്ടാകെ ജിഎസ്ടി നടപ്പിലാക്കി. ഇവിടെ നാഗപ്പൂര്‍ ചരടില്‍ ആടിയത് ആരൊക്കെയാകും? ഗുജറാത്ത് ജിഎസ്ടിയെ എതിര്‍ത്തതെന്തിന് ?
പാഠപുസ്തകങ്ങളിലും സിലബസിലും വരുത്തിയ മാറ്റങ്ങളും ലേഖകന്‍ ചര്‍ച്ച ചെയ്യുന്നു. ചരിത്രം ഒരിക്കലും യഥാര്‍ത്ഥമായി നമ്മളറിയുന്നില്ല എന്നത് ഇവിടെയും ബാധകമാകുന്നു. ഇടതുപക്ഷ ചരിത്രകാരന്മാര്‍, വലതുപക്ഷ ചരിത്രകാരന്മാര്‍ എന്നല്ലാതെ ശരിയായ ചരിത്രകാരന്മാര്‍ നമുക്കുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. അവര്‍ ചരിത്രം പഠിപ്പിക്കുന്നിടത്തും ഇടപെടുന്നു. ടിപ്പു സല്‍ത്താനെ പഠിക്കാതിരിക്കാനും ബുദ്ധമതത്തേയും ജൈനമതത്തേയും ഹിന്ദുമതത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നതിനുമൊക്കെ ശ്രമം നടക്കുന്നുണ്ട്. ഇന്നിപ്പോള്‍ ഒരു സത്യവും മൂടിവയ്ക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇത്തരം അജണ്ടകള്‍ വിജയിക്കുക പ്രയാസമാണ്. പൊതുവെ ന്യൂജനറേഷന്‍ ചരിത്രത്തിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എന്നതും ശ്രദ്ധേയം. ലേഖകന്‍ ഭയപ്പെടുന്നത് വരുംകാലത്ത് ഹെഡ്‌ഗേവാറും സവര്‍ക്കറും ചേര്‍ന്ന് നമുക്കു സ്വാതന്ത്ര്യം നേടിത്തന്നു എന്നും ഗോഡ്‌സെ ഹിന്ദു ധര്‍മ്മ സംസ്ഥാപകനാണെന്നും കുട്ടികള്‍ പഠിക്കേണ്ടിവരുമോ എന്നാണ്. ആദിവാസികളെ വനവാസി എന്നു വിളിക്കുന്നതും ഇന്‍ഡസ് വാലി സിവിലൈസേഷനെ സരസ്വതി സിവിലൈസേഷന്‍ എന്നു വിളിക്കുന്നതും ആര്‍എസ്എസ് ഗൂഢാലോചനയാണ് എന്നാരോപിക്കുന്നുണ്ട്. ഇങ്ങിനെ ഒരു നീക്കം നടന്നെങ്കില്‍ അത് മോശം തന്നെയാണ്.
2017-2022 കാലത്ത് 2 കോടി സ്ത്രീകള്‍ ഇന്ത്യയില്‍ തൊഴില്‍രഹിതരായി വീടുകളിലിരിപ്പായി എന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സ്വകാര്യ സ്ഥാപനം) ഡേറ്റ പറയുന്നുണ്ടെന്നും ഇത് മനുസൃതി നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും ലേഖകന്‍ പറയുന്നു. ഇതെത്രത്തോളം ശരിയാണ് എന്നു പരിശോധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്വകാര്യവത്ക്കരണത്തിലൂടെ പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവസരവും നിഷേധിക്കുന്നു എന്നും ലേഖകന്‍ പറയുന്നു.
ഇനിയാണ് യഥാര്‍ത്ഥ പ്രശ്‌നത്തിലേക്ക് വരുന്നത്. Karnataka Religious Freedom Protection Bill 2021 സര്‍ക്കാര്‍ പാസാക്കി. ഇത് ശരിക്കും മതം മാറ്റ നിരോധന ബില്ലാണ് എന്നു ലേഖകന്‍ പറയുന്നു. ഇതിനെ എതിര്‍ക്കുന്നവര്‍ Prohibition of Conversion Act എന്നാണ് ബില്ലിനെ വിളിക്കുന്നത്. ഇത് ചാതുര്‍വര്‍ണ്ണ്യത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് ദേവനൂര്‍ പറയുന്നു. മതം മാറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ദളിതര്‍ക്കും അതിന് കഴിയാത്ത സാഹചര്യമാണ് കര്‍ണ്ണാടകത്തില്‍ ഇപ്പോഴെന്ന് ലേഖകന്‍ പറയുന്നു. ദളിതരും സ്ത്രീകളും വന്‍തോതില്‍ വോട്ടുചെയ്താണ് ബിജെപിയെ അധികാരത്തില്‍ കൊണ്ടുവന്നതെന്നും അവര്‍തന്നെ ഈ സര്‍ക്കാരിനെ താഴെ ഇറക്കുമെന്നും ലേഖകന്‍ പറയുന്നു. എത്ര ലളിതം. ഇതുതന്നെയല്ലെ നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം റിസര്‍വ്വേഷനും മനുധര്‍മ്മ നടപ്പിലാക്കാനാണെന്ന് ലേഖകന്‍ പറയുന്നു. അതിന് ഒരു വ്യക്തതയില്ല. എല്ലാം മനുധര്‍മ്മത്തിലും ചാതുര്‍വര്‍ണ്ണ്യത്തിലും നാഗപ്പൂരിലും കൊണ്ടുകെട്ടിയാല്‍ ആഹ്ലാദിക്കുന്ന ഒരുവായനാ സമൂഹത്തിനുവേണ്ടിയാണ് ദേവനൂര്‍ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. അത് അവര്‍ക്ക് ഇഷ്ടമാകുമായിരിക്കും.
ഒടുവില്‍ അദ്ദേഹം നല്‍കുന്ന സന്ദേശം ഇതാണ്. 'Disruption is the devil, Unity is the God' പ്രതിപക്ഷത്തിനുള്ള സന്ദേശമാണ്. ഒന്നിനൊന്നിനെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത, നേരത്തെ ദേവനൂര്‍ തന്നെ സൂചിപ്പിച്ച തമ്മില്‍ ഭേദം എന്നു പറഞ്ഞ ഒറ്റ നേതാവുള്ള പാര്‍ട്ടികളും കുടുംബ പാര്‍ട്ടികളുമാണ് ഒന്നിച്ച് നില്‍ക്കാന്‍ പറയുന്നത്. ദൈവത്തിന് പോലും അവരെ കൂട്ടിയിണക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അവസാനം പറയുന്ന കഥയും ഏതാണ്ട് ഇത്തരത്തിലാണ്. ഒരു രാജാവ് തന്റെ ഭരണത്തെ കുറ്റം പറയാതിരിക്കാന്‍ അനുയായികള്‍ക്ക് നന്നായി കള്ള് കൊടുക്കുന്നു. അവര്‍ ഉന്മത്തരായി രാജാവിനെ പുകഴ്ത്തുന്നു, പിന്നെ തെരുവില്‍ രാജാവിന്റെ എതിരാളികളെ ഉപദ്രവിക്കുന്നു, ലഹരി മൂത്ത് തെരുവുകള്‍ കത്തിക്കുന്നു. അവരെ ശാന്തരാക്കാനെത്തുന്ന രാജാവിനെ അവര്‍ പുറത്താക്കുന്നു. ഇത് ഇന്നോ നാളെയോ നടക്കുമെന്ന് ദേവനൂര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ഇത് ഏത് സംസ്ഥാനത്തും സംഭവിക്കാവുന്ന ഒന്നല്ലെ എന്നതാണ് എന്റെ സംശയം.
ലേഖകന്‍ ആര്‍എസ്എസ് പരിവാറിനെക്കുറിച്ച് ഇത്രയേറെ പറഞ്ഞെങ്കിലും രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മസ്ലിം തീവ്രവാദത്തെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. കാരണം പ്രതിപക്ഷം എപ്പോഴും ലക്ഷ്യമിടുന്നത് ന്യൂനപക്ഷവര്‍ഗ്ഗീയത ആണല്ലൊ.
ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നാണ് എന്റെ അഭിപ്രായം. രണ്ടും അപകടമാണ്. മതവും ജാതിയും ഭരിക്കാത്ത ഒരു ജനത ഉണ്ടാവണം എന്നതാണ് എന്റെ ആഗ്രഹം. പുതുതലമുറ അതിന് വഴിമരുന്നിടും എന്നു കരുതാം. കോണ്‍ഗ്രസ് ദീര്‍ഘകാലം ഭരിച്ച് സ്വയം നശിച്ചു.അത്തരത്തില്‍ തെറ്റായ ഭരണം നടത്തി സ്വയം നശിക്കും വരെ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഇന്നത്തെ അലങ്കോലപ്പെട്ട പ്രതിപക്ഷത്തിന് കഴിയുമെന്നു തോന്നുന്നില്ല.
-- വി.ആര്‍.അജിത് കുമാര്‍