കുറുക്കനും ആടുകളും
(ജീവനെടുക്കുന്ന പകയുടെ നേര്‍സാക്ഷ്യം )
ജോസഫും വിനോദും തമ്മിലുള്ള വഴക്കിന് പിറകോട്ട് അനേകം തലമുറകളുടെ ചരിത്രവുമായി ബന്ധമുണ്ട്. ജോസഫിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു വിനോദിന്റെ അപ്പനും അപ്പുപ്പനും. ഒരുപക്ഷെ അതിനുമുന്നെയും അങ്ങിനെതന്നെ ആയിരുന്നിരിക്കാം. ഒരു ജന്മി-കുടിയാന്‍ ബന്ധം. വയലിലും പറമ്പിലും ജോലി ചെയ്യുന്നതിന് പകരമായി താമസസ്ഥലവും ഭക്ഷണവും നല്‍കിവന്ന ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ ബാക്കിപത്രം.
നല്ല രീതിയില്‍ കൃഷി നടക്കുന്ന താമ്രപര്‍ണ്ണിയുടെ തീരത്താണ് ഇവര്‍ താമസിക്കുന്ന ഇടം. വാഴയും നെല്ലും പച്ചക്കറിയുമൊക്കെ സമൃദ്ധിയായി വളരുന്ന ഇടം. വിനോദിന്റെ അച്ഛന്‍ പരശുരാമന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ജോസഫിന്റെ അപ്പന്‍ ക്ലീറ്റസും മണ്ണടിഞ്ഞു. അവര്‍ ജീവിച്ചിരുന്നെങ്കില്‍ ഈ വഴക്ക് ഇത്ര രൂക്ഷമാകില്ലായിരുന്നു.
വിനോദ് ഗള്‍ഫില്‍ പോയതോടെയാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്. അവന് അവന്റെ മുതലാളിയായ അറബിയുമായി നല്ല ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞു. അയാളുടെ വിശ്വസ്തനായതോടെ അവന്‍ വന്‍തോതില്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. സമ്പത്ത് നല്ലനിലയില്‍ വളര്‍ന്നപ്പോഴാണ് ജോസഫിന്റെ സഹോദരന്‍ ജോണിന്റെ പത്തേക്കര്‍ ഭൂമി വിനോദ് വാങ്ങിച്ചത്. വിനോദിനാണ് വില്‍ക്കുന്നതെന്നറിഞ്ഞാല്‍ ജോസഫ് എതിര്‍ക്കും എന്നതിനാല്‍ ജോണ്‍ ആ വിവരം മറച്ചുവച്ചു. നല്ലവില നല്‍കി ആ ഭൂമി വാങ്ങാന്‍ വിനോദല്ലാതെ മറ്റാരും വരില്ലെന്ന് ജോണിന് നന്നായറിയാമായിരുന്നു. മകനെ കാനഡയില്‍ പഠിക്കാന്‍ അയയ്ക്കാനായിരുന്നു ജോണിന് പണത്തിന് ആവശ്യം വന്നത്. മകള്‍ ഇംഗ്ലണ്ടിലാണ്. മോന്‍ കൂടി പോകുന്നതോടെ ഭൂമി നോക്കിനടത്താന്‍ ആരുമുണ്ടാകില്ല എന്നതായിരുന്നു ജോണിനെ കുഴക്കിയിരുന്ന വിഷയം.
ഇതിപ്പൊ പണവും കിട്ടി, ഭൂമിയുമായി ബന്ധപ്പെട്ട ബാധ്യതയും തീര്‍ന്നു. ' എന്നാലും ചേട്ടാ, നിങ്ങളൊരു വാക്കു പറഞ്ഞില്ലല്ലോ ?', ജോസഫ് ജോണിനോട് പരിഭവപ്പെട്ടു. ' ഓ-നിന്നോട് പറഞ്ഞാ - ആ കച്ചവടം നടക്കില്ലെന്ന് എനിക്ക് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടുതന്നെയാ പറയാഞ്ഞേന്നു വച്ചോ ' ഒരു പ്രതിരോധം വച്ച് ജോണ്‍ അങ്ങൊഴിഞ്ഞു.
പക്ഷെ കെണി ഇതൊന്നുമായിരുന്നില്ല. ജോണിയുടെ കൈയ്യില്‍ നിന്നും വിനോദ് വാങ്ങിയ വസ്തുവും ജോസഫിന്റെ വസ്തുവും പത്തേക്കറുകള്‍ വീതമാണ്. ഈ ഭൂമിക്കിടയില്‍ ഒരേക്കര്‍ പുറമ്പോക്കുണ്ട്. ഇതിന്റെ അധികാരി ആര് എന്നതായി തര്‍ക്കം. പരമ്പരാഗതമായി കൈവശം വച്ചു വരുന്ന പുറമ്പോക്കിന്റെ അവകാശി ജോസഫാണ് എന്ന് അയാളും രണ്ടുകൂട്ടര്‍ക്കും തുല്യാവകാശമാണെന്ന് വിനോദും ക്രമപ്രശ്‌നമുന്നയിച്ചു. തര്‍ക്കം മൂത്തു.
ബാങ്കില്‍ പണിയെടുക്കുന്ന ജോസഫും ഇടയ്ക്കിടെ നാട്ടില്‍ വരുന്ന വിനോദും പുറമ്പോക്കിനായുള്ള അടിപിടി തുടര്‍ന്നുവന്നു. തമ്മില്‍ കണ്ടാല്‍ തെറിവിളിയും കൈയ്യാങ്കളിയുമായി. വീട്ടില്‍ പശുവിനെയും ആടിനെയുമൊക്കെ വളര്‍ത്തി അഴിച്ചുവിട്ട് പറമ്പിലെ കൃഷി നശിപ്പിക്കുക തുടങ്ങി വിനോദങ്ങള്‍ പലവിധത്തില്‍ അരങ്ങേറി.
ഒടുവില്‍ വിനോദ് ഒരു തീരുമാനത്തിലെത്തി. ജോസഫിനെ തീര്‍ത്തുകളയുക. പറ്റിയ ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്തി. ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന മുന്തിയ മദ്യവുമായി ഫാം ഹൗസിലിരുന്നുള്ള ചര്‍ച്ചയിലാണ് കാര്യങ്ങള്‍ നിശ്ചയിച്ചത്. രാജക്കണ്ണും മുരുകനും ചെല്ലദുരൈയും ദയാളനും സുബ്ബുരാജും സ്ഥിരം ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ്. ജോസഫ് ബാങ്കില്‍ നിന്നും ബൈക്കില്‍ വരുമ്പോള്‍ ഒഴിഞ്ഞ ഏതെങ്കിലും ഇടത്തുവച്ച് ഒരപകടം. ഒരു ട്രാക്ടര്‍ തട്ടിയുള്ള മരണം, അല്ലെങ്കില്‍ ടിപ്പര്‍. വണ്ടി നിര്‍ത്താതെ പോയി, തട്ടിയ വണ്ടിയുടെ നമ്പര്‍ പോലും അറിയില്ല എന്നിടത്ത് കാര്യങ്ങള്‍ അവസാനിക്കും.
രണ്ട് ബോട്ടില്‍ ബ്ലാക്ക് ലേബലും തീര്‍ന്നതോടെ അഞ്ചുലക്ഷത്തിന് ഡീല്‍ ഉറപ്പിച്ചു. ലഹരിയുടെ നുരസമൃദ്ധിയില്‍ വിനോദ് ഒരു വാഗ്ദാനം കൂടി മുന്നോട്ടുവച്ചു. കൊലയ്ക്ക് മുന്നെ ഒരു ഗോവന്‍ യാത്ര.വിനോദിന്റെ പുതിയ ഇന്നോവയിലായിരുന്നു യാത്ര. വഴിനീളെ ആഘോഷങ്ങളുടെ തിരയിളക്കമായിരുന്നു. ഗോവയിലും നല്ലൊരു റിസോര്‍ട്ടിലായിരുന്നു താമസം. കാന്‍ഡോലിം ബീച്ചില്‍ കുടിയും തീറ്റയുമായി ആഘോഷം തിമിര്‍ത്തു. തിരികെ പോരുന്നതിന്റെ തലേദിവസം രാത്രിയിലെ കുളിയും കഴിഞ്ഞ് കരയ്ക്കു കയറി എല്ലാവരും നടന്ന് റിസോര്‍ട്ടിലെത്തി നോക്കുമ്പോഴാണ് വിനോദിനെ കാണാനില്ല എന്നറിയുന്നത്. അവരുടെ ലഹരി ഇറങ്ങി. അവര്‍ തിരികെ ബീച്ചിലേക്കോടി. തീരം വിജനം. അമാവാസിയുടെ ഇരുട്ടുമൂടിയ ബീച്ചില്‍ തിരകളുടെ മൃദുപതനം മാത്രം ബാക്കി. അവര്‍ തീരത്ത് ലക്ഷ്യമില്ലാതെ ഓടി വിനോദിനെ ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റിസോര്‍ട്ടില്‍ വിവരം അറിയിച്ചു. അവര്‍ പോലീസിനെ വിളിച്ചു. കുളിക്കിടയില്‍ വിനോദിനെ കാണാതായത് ആരും ശ്രദ്ധിച്ചിരുന്നില്ല എന്നവര്‍ റിപ്പോര്‍ട്ടു ചെയ്തു. ' ഇനി രാത്രിയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, നേരം വെളുക്കട്ടെ ', പോലീസുകാര്‍ പറഞ്ഞു.
ആ ദിവസം ആരും ഉറങ്ങിയില്ല. സങ്കടവും ദേഷ്യവും ഒക്കെ ചേര്‍ന്ന് അവര്‍ ആകെ വിറങ്ങലിച്ചു. എങ്ങിനെയും നേരം വെളുത്താല്‍ മതി എന്നതായിരുന്നു അവസ്ഥ. രാവിലെ തന്നെ പോലീസിനൊപ്പം അന്വേഷണം തുടങ്ങി. ഇരുപത്തിയഞ്ചു കിലോമീറ്റര്‍ അകലെ കടല്‍ക്കരയിലാണ് മൃദതേഹം കണ്ടെത്തിയത്. പിന്നെ പോസ്റ്റുമോര്‍ട്ടമായി. വിനോദിന്റെ വീട്ടില്‍ വിവരമറിയിച്ചു. അവന്റെ അമ്മയും ഭാര്യയും ആകെ തകര്‍ന്ന മട്ടിലായിരുന്നു. വിനോദിന്റെ ജ്യേഷ്ടന്‍ സത്യമൂര്‍ത്തി വിമാനത്തിലാണ് എത്തിയത്. മുങ്ങിച്ചത്തതാണ്. ശ്വാസം കിട്ടാതെയുള്ള മരണം. അമിതമദ്യം ഉള്ളില്‍ ചെന്നതുകൊണ്ടാകാം നീന്തി രക്ഷപെടാന്‍ കഴിയാതിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് അങ്ങിനെയാണ്. വിനോദിന്റെ ശരീരം വിമാനമാര്‍ഗ്ഗം നാട്ടിലേക്കു കൊണ്ടുപോയി.
അപ്പന്‍കോവില്‍ പ്രദേശത്ത് മൃതദേഹം ഏറ്റുവാങ്ങാനും കാണാനും കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനും വലിയ ജനസഞ്ചയം തന്നെയുണ്ടായിരുന്നു. വിനോദ് ബന്ധുക്കളെയെല്ലാം നന്നായി സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ സങ്കടം ഉള്ളില്‍ നിന്നും ഉറവയാര്‍ന്നതായിരുന്നു.
ജോസഫ് മരണവീട്ടിലേക്ക് വന്നതേയില്ല. ഉള്ളറിയാത്ത അനുശോചനത്തിന് പ്രസക്തി ഇല്ലെന്നും തന്നെ കാണുമ്പോള്‍ ചിലപ്പോള്‍ ബന്ധുക്കള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചാലോ എന്ന ഭയവും ജോസഫിനുണ്ടായിരുന്നു. അയാള്‍ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ശവദാഹത്തിന്റെ കെട്ടമണം അവിടമാകെ പരന്നപ്പോള്‍ അയാള്‍ വീട്ടില്‍ ചന്ദനത്തിരി കത്തിച്ചു വച്ചു. ' അവിടൊന്നു പോകണ്ടേ' എന്നു ചോദിച്ച ഭാര്യയെ അയാള്‍ തല്ലാന്‍ ചെന്നു. ഒടുവില്‍ മുറിയില്‍ കയറി കതകടച്ച് ,അയാള്‍ ഫെയ്‌സ്ബുക്ക് തുറന്ന് ഇങ്ങിനെ എഴുതി,' തര്‍ക്കങ്ങളൊന്നുമില്ലാത്ത ലോകത്തേക്ക് യാത്രയായ വിനോദിന് ആദരാഞ്ജലികള്‍. ഭൂമിയുടെ യഥാര്‍ത്ഥ അവകാശി ജോസഫ്.'
ചിതയിലെ കനലെരിഞ്ഞു തീരും മുന്നെ ആരോ മൊബൈലില്‍ ഈ സന്ദേശം വിനോദിന്റെ ബന്ധുക്കളെ കാണിച്ചു. നേരത്തെ നിശ്ചയിച്ച ക്വട്ടേഷന്റെ കാര്യം അറിയാവുന്ന ഒരാള്‍ അപ്പോള്‍ തന്നെ രാജക്കണ്ണിനെ വിളിച്ചു പറഞ്ഞു,' വിനോദിന്റെ പതിനാറടിയന്തിരത്തിന് മുന്നെ കാര്യം നടക്കണം. നിങ്ങള്‍ക്കായി എടുത്തവച്ച പണം അതുപോലെ ഇവിടിരിപ്പുണ്ട്. നമ്മുടെ വിനോദ് അനാഥാത്മാവായി അലയാന്‍ പാടില്ല. അവന്‍ സംതൃപ്തിയോടെ തിരികെ പൊയ്‌ക്കോട്ടെ. സ്വര്‍ഗ്ഗമോ നരകമോ ഗള്‍ഫോ - എവിടെ ആണേലും പൊയ്‌ക്കോട്ടെ, ഇനി ജോസഫിന്റെ ആ വാര്‍ത്ത കേള്‍ക്കാണ്ട് ഉറക്കം വരില്ല '
രാജക്കണ്ണ് അതേറ്റെടുത്തു. പത്തുനാള്‍ കഴിഞ്ഞോട്ടെ എന്നവന്‍ മറുപടിയും കൊടുത്തു.
വിനോദിന്റെ മരണം ജോസഫിന് അടക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കിയത്. അവന്‍ മിനിട്രാക്ടര്‍ കൊണ്ട് ഒരേക്കര്‍ പുറമ്പോക്ക് ഉഴുത് മറിച്ചു. അതില്‍ വാഴ നട്ടു. ഇടവിളയായി ചേന നട്ടു. തന്റെ സ്വന്തമായ പത്തേക്കറിനേക്കാള്‍ പവന്‍മാറ്റ് സൗന്ദര്യമാണ് ഒരേക്കറില്‍ അയാള്‍ കണ്ടത്. അയാളുടെ ആ രീതി വീട്ടിലുള്ളവര്‍ക്കുപോലും ഇഷ്ടപ്പെട്ടില്ല. ആരുടെയും ഇഷ്ടം നോക്കാന്‍ ജോസഫ് തയ്യാറുമായിരുന്നില്ല.
ബാങ്കിലും അയാള്‍ പതിവിലും സന്തോഷവാനായിരുന്നു. അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തലാണതെന്ന് അയാള്‍ അറിഞ്ഞില്ല. വിനോദ് മരിച്ചതിന്റെ പതിമൂന്നാം പക്കത്തിലാണത് സംഭവിച്ചത്. വൈകിട്ട് ബാങ്കടച്ച് ഇറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു. ആകാശം കറുത്ത് കിടക്കുകയാണ്. മഴയ്ക്ക് അനുകൂലമായ കാലാവസ്ഥ.. ഇളംകാറ്റ് പടിഞ്ഞാറുനിന്നും കിഴക്കോട്ട് വീശിയടിക്കുന്നുണ്ടായിരുന്നു. കരുംകുളം ടൗണ്‍ കഴിഞ്ഞാല്‍ പിന്നെ ഹൈവേയിലെത്തും വരെ നീണ്ടുകിടക്കുന്ന പാടങ്ങളാണ്. അവിടവിടെ വിന്‍ഡ് മില്ലുകളുമുണ്ട്. വയലില്‍ കൃഷി കഴിഞ്ഞ് എല്ലാവരും വീടണഞ്ഞു കഴിഞ്ഞു. കൂടണയാന്‍ പോകുന്ന കിളികളുടെയും ഒറ്റപ്പെട്ട ചില നായ്ക്കളുടെയും ശബ്ദം മാത്രമെ കേള്‍ക്കാനുള്ളു. അപൂര്‍വ്വമായി ചില ഇരുചക്ര വാഹനങ്ങളും ടിപ്പര്‍ ലോറികളും പോകുന്നുണ്ട്.
ദൂരെനിന്നും ലൈറ്റിടാതെ വരുന്ന ടിപ്പര്‍ തന്റെ അന്തകനാണെന്ന് ഊഹിക്കാന്‍ പോലും ജോസഫിന് കഴിഞ്ഞില്ല. ജോസഫ് അത്രവേഗത്തിലായിരുന്നില്ല വണ്ടി ഓടിച്ചിരുന്നത്. എന്നാല്‍ ടിപ്പര്‍ ആ റോഡില്‍ എടുക്കേണ്ടതിലും അധികം വേഗത്തിലാണ് വന്നത്. മണല്‍ ലോറികളെ പോലീസ് പിടിക്കാന്‍ ഓടിക്കുമ്പോള്‍ അവര്‍ നടത്തുന്ന ഒരു മരണ ഓട്ടമുണ്ടല്ലോ അതുപോലെ. കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് ജോസഫിനെ ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചു. അയാള്‍ ഒരു ബാള്‍ പോലെ ഉയര്‍ന്ന് തലയടിച്ചു താഴെ വീണു. ഹെല്‍മെറ്റ് ഉപയോഗിക്കുന്ന സ്വഭാവം ജോസഫിനില്ല. അതുകൊണ്ടുതന്നെ തല പൊട്ടിച്ചിതറി. അയാളുടെ ജീവന്‍ പോയി എന്നുറപ്പാകും വരെ ടിപ്പര്‍ അവിടെ നിര്‍ത്തിയിരുന്നു. രാജക്കണ്ണും മുരുകനും ചെല്ലദുരൈയും ദയാളനും സുബ്ബുരാജും ആ കാഴ്ച കണ്ട് നിന്നു. അവസാന ശ്വാസവും പുറത്തേക്കുപോയി ജീവന്‍ വെടിഞ്ഞു എന്നുറപ്പാക്കിയശേഷം അവര്‍ വണ്ടി വിട്ടു.
അല്‍പ്പം ചില പരുക്കുകളുള്ള വണ്ടി രഹസ്യകേന്ദ്രത്തിലാക്കി. ഓരോരുത്തര്‍ക്കുമുള്ള പൊതികള്‍ കൈമാറി രാജക്കണ്ണ് അവരെ യാത്രയാക്കി. ഒരു ലക്ഷം രൂപവീതമാണ് അവര്‍ പങ്കിട്ടെടുത്തത്. രണ്ടാത്മാക്കള്‍ക്കും നിത്യശാന്തി നേര്‍ന്നുകൊണ്ട് അവര്‍ പ്രാര്‍ത്ഥിച്ചു. പിന്നീട് അവരവരുടെ വണ്ടികളില്‍ കയറി വീടുകളിലേക്ക് പോയി. പിടിക്കപ്പെടാം, പെടാതിരിക്കാം, അതൊന്നും അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. ഇങ്ങിനെ എത്ര കേസുകള്‍! എത്ര വട്ടം ജയിലും കണ്ടു. അകത്തും പുറത്തും ജീവിതം ഒരുപോലെ തന്നെ.
വീട്ടിലെത്തി രാജക്കണ്ണ് പെട്ടി തുറന്നു. വിനോദിന്റെ ജീവന്റെ വില പങ്കിട്ട് കൊടുക്കേണ്ടി വന്നില്ലല്ലോ എന്നവന്‍ സമാധാനിച്ചു. ജോസഫ് നല്‍കിയ അഞ്ചുലക്ഷം രൂപയുടെ പൊതിക്ക് അടുത്തായി ഒരു ലക്ഷത്തിന്റെ പൊതി കൂടി വച്ചു. അവരോ പരസ്പ്പരം വഴക്കിട്ടു ജീവിച്ചു, അവരുടെ പണമെങ്കിലും ഒരുമയോടെ ഇരിക്കട്ടെ എന്നവന്‍ സമാധാനിച്ചു. നേരത്തെ ഒരു പറമ്പുവാങ്ങിയതിന്റെ ബാധ്യത തീര്‍ക്കാനുണ്ട്. പോലീസ് എത്തും മുന്നെ അത് തീര്‍ക്കണം എന്നു മനസില്‍ വിചാരിച്ച് അവന്‍ കഞ്ഞികുടിക്കാനിരുന്നു. ഭാര്യയുടെ മുഖത്ത് അനുരാഗത്തിന്റെ അഗ്നി തെളിഞ്ഞിട്ടുണ്ടായിരുന്നു. അവളുടെ മുടിയില്‍ നിന്നും പിച്ചിപ്പൂവിന്റെ സുഗന്ധം അവിടെ പരന്നൊഴുകി. അവന്റെ ഉള്ളിലേക്ക് അതൊരു വികാരമായി പെയ്തുകൊണ്ടിരുന്നു.
- വി.ആര്‍.അജിത് കുമാര്‍
No comments:
Post a Comment