പൊന്നിയിന്‍ സെല്‍വനും വാടിവാസലും
തമിഴ്‌നാട് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് തമിഴ്‌നാട് ടെക്സ്റ്റ് ബുക്ക് ആന്റ് എഡ്യൂക്കേഷണല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍. സ്ഥാപനത്തിന്റെ 2021-22 ലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ചില തമിഴ് സാഹിത്യകൃതികള്‍ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. ഇതിനായി പല സ്വകാര്യ പ്രസിദ്ധീകരണ ശാലകളുമായും കരാറുകളും വച്ചിട്ടുണ്ട്. ഇത്തരത്തില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ രണ്ട് ഗ്രന്ഥങ്ങള്‍ വായിക്കാന്‍ ഈയിടെ അവസരമുണ്ടായി. ഒന്ന് കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന 1200 പേജ് വരുന്ന രണ്ട് വാല്യത്തിലുളള ബൃഹത് ഗ്രന്ഥമാണ്. ചോളഭരണകാലത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ് പുസ്തകം. ഇതിഹാസ സമാനമായ രചനയാണിത്. ഏകദേശം 3 വര്‍ഷം കല്‍ക്കി എന്ന മാസികയില്‍ തുടര്‍ക്കഥയായി വന്ന നോവല്‍ വായനക്കാരെ പിടിച്ചിരുത്തുന്ന മനോഹരമായ രചനയാണ്. ചെന്നൈയിലെത്തി രണ്ട് ദിവസം മകളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. അവിടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഉണ്ടായിരുന്നു.ആദ്യത്തെ നൂറ് പേജോളം അവിടെവച്ച് വായിച്ചു. താമസം മാറിയതോടെ ബാക്കി വായിക്കാന്‍ കഴിഞ്ഞില്ല. 5 വാല്യമായാണ് ഇംഗ്ലീഷ് പതിപ്പ്. കുറച്ചു ദിവസം കഴിഞ്ഞാണ് വിഷ്ണു മലയാളം പതിപ്പ് കൊണ്ടുവന്നത്. ഇംഗ്ലീഷില്‍ നിന്നാകാം ജി.സുബ്രഹ്‌മണ്യന്‍ വിവര്‍ത്തനം നടത്തിയതെന്നു തോന്നുന്നു. നേരത്തെ വായിച്ചതിന്റെ തുടര്‍ച്ചയായി വായിക്കാന്‍ ഒരു വിഷമവും തോന്നിയില്ല. നല്ല വിവര്‍ത്തനമാണ് .ഡിസി ബുക്‌സാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 1399 രൂപയാണ് വില. വലിയ വായനാസമൂഹം കഥയ്ക്ക് പിന്നാലെ ആവേശത്തോടെയുണ്ടായിരുന്നതിനാല്‍ കൃഷ്ണമൂര്‍ത്തിക്ക് നോവല്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അവസാനത്തെ 200 പേജ് കുറച്ചു വിരസമായതിനും കാരണം അതാകാം. മണിരത്‌നം ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി സിനിമ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്
വാടിവാസല്‍ ഒരു നീണ്ടകഥയാണ്. വലിയ അഭിപ്രായമാണ് തമിഴില്‍ ഈ കഥയ്ക്കുള്ളത്. മധുര, രാമനാഥപുരം,ശിവഗംഗ തുടങ്ങിയ ജില്ലകളില്‍ നൂറ്റാണ്ടുകളായി ജമീന്ദാര്‍മാര്‍ അവരുടെ പ്രതാപം കാണിക്കാനും ചെറുപ്പക്കാര്‍ വീരത്വം ഉറപ്പിക്കാനും കൊണ്ടാടിവരുന്ന കാളപ്പോരാട്ടമാണ് ജല്ലിക്കെട്ട്. കാളയും മനുഷ്യനും തമ്മിലുളള പോരും മരണവും അടുത്ത തലമുറയുടെ പകവീട്ടലും ജന്മിയുടെ ദുരഭിമാനവുമൊക്കെ ഇഴചേര്‍ത്ത കഥയാണ് വാടിവാസല്‍. വാടിവാസല്‍ എന്നത് കാളയെ പോരിന് ഇറക്കിവിടുന്ന ഇടുങ്ങിയ വഴിയാണ്. ചി.സു.ചെല്ലപ്പ എഴുതിയ ഈ കഥ വിവര്‍ത്തനം ചെയ്തത് ഡോക്ടര്‍ മിനിപ്രിയ ആര്‍ ആണ്. തമിഴില്‍ നിന്നുള്ള മൊഴിമാറ്റം വായനയുടെ രസം കെടുത്തുന്ന തരത്തിലാണ്. മധുര ഭാഗത്തെ നാടന്‍ തമിഴ് വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ വിവര്‍ത്തകയ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. നല്ലൊരു കഥയാകാം എങ്കിലും വായിച്ചു തീര്‍ക്കുക എന്ന വിരസതയിലേക്കാണ് പുസ്തകം എന്നെ നയിച്ചത്. കൊച്ചിയിലെ വീസീതോമസ് എഡിഷന്‍സാണ് പ്രസാധകര്‍ 160 രൂപയാണ് വില . ഈ കഥയും സിനിമയാകുന്നുണ്ട്. വെട്രിമാരനാണ് സംവിധായകന്‍ ✌
No comments:
Post a Comment