ഒരു ദേശത്തിന്റെ ജാതി- അധികാരത്തിന്റെ ചരിത്രം
1996 സെപ്തംബര്‍ 2. മഞ്ഞവെളിച്ചം പകരുന്ന ബള്‍ബിന് കീഴിലിരുന്ന് അവര്‍ കൂടിയാലോചിച്ചു. ' ആ തള്ളയുടെ മരണത്തോടെയാണ് വെറിപിടിച്ച ആ ചെറുക്കന്‍ അധികാരത്തില്‍ വന്നത്. രാജ്യം എന്താണ് , എങ്ങിനെയാണ് എന്നൊന്നും ബോധമില്ലാത്തൊരു വിമാന പൈലറ്റ് ഒരു സുപ്രഭാതത്തില്‍ പ്രധാനമന്ത്രി ആയാല്‍ ഇങ്ങിനെയിരിക്കും. കല്ലാറും പറയരും തമ്മിലുള്ള വ്യത്യാസം അറിയാത്തവന്‍. നാട്ടിലെ പ്രമാണിമാരെയും അടിമകളെയും ഒന്നായി കാണുന്നവന്‍. ഭരണഘടന ഉണ്ടാക്കിയവര്‍ പോഴന്മാരൊന്നുമല്ലല്ലോ, വളരെ ആലോചിച്ചാണ് അതുണ്ടാക്കിയത്. അതിന് നേതൃത്വം കൊടുത്തതും അവന്റെയൊക്കെ ആളുകളാണല്ലൊ, എന്നിട്ടും ഈ വിചിത്ര ന്യായമൊന്നും അവര്‍ എഴുതി വച്ചില്ലല്ലോ. എഴുപത്തിമൂന്നാം ഭേദഗതി 1993 ല്‍ വന്നതാണ്. അപ്പോഴേക്കും രാജീവിന്റെ ജീവന്റെ നമ്മുടെ മണ്ണില്‍ പൊലിഞ്ഞു. എന്നിട്ടും കോണ്‍ഗ്രസുകാര്‍ അതുവിട്ടില്ല. നരസിംഹ റാവുവിന്റെ കാലത്താണ് പാസാക്കിയത്. ഈ ചരിത്രമൊക്കെ നിങ്ങള്‍ക്കറിയാമല്ലൊ. നമ്മുടെ നേതാക്കള്‍ ഇടപെട്ട് നിയമം നടപ്പിലാക്കുന്നത് പരമാവധി നീട്ടിക്കൊണ്ടുപോയി. ഇപ്പൊ ഡിഎംകെ വന്നു, അവരത് നടപ്പിലാക്കാന്‍ പോവുകയാണ്. അതിന്റെ ഭാഗമായി തമിഴ്‌നാട് പഞ്ചായത്ത് ആക്ട് 1994 വന്നു കഴിഞ്ഞു', കല്ലാര്‍ പ്രമാണിയുടെ മുഖത്തെ കോപവും കണ്ണുകളിലെ തീയും ശബ്ദത്തിലും നോട്ടത്തിലും വല്ലാതെ പ്രസരിച്ചു നിന്നു.
ചുറ്റും കട്ടപിടിച്ച ഇരുട്ടാണ്. രാത്രിശലഭങ്ങളും തുമ്പികളും മഞ്ഞവെളിച്ചത്തിന് ചുറ്റുമായി പറക്കുന്നുണ്ടായിരുന്നു. അടുത്തുള്ള മരത്തില്‍ മൂങ്ങയുടെ മൂളല്‍ കല്ലാര്‍ നേതാവിന്റെ വാക്കുകള്‍ക്കൊപ്പം മുഴങ്ങുന്നുണ്ടായിരുന്നു. അവര്‍ ഇരിക്കുന്ന കല്‍മണ്ഡപത്തിന് അടുത്തുള്ള ആല്‍മരത്തില്‍ വാവലുകള്‍ ഉച്ചത്തില്‍ ചിറകടിക്കുന്നുണ്ടായിരുന്നു. പാമ്പിന്റെ വായില്‍ അകപ്പെട്ടപോലെ ഒരു തവളയുടെ ദൈന്യശബ്ദവും കേള്‍ക്കാമായിരുന്നു. കുറ്റിക്കാട്ടിലെ ഇലയനക്കം കേട്ട് ആരോ ടോര്‍ച്ചടിച്ചു, ' ആരാടാ അത് ?'. ചോദ്യത്തിന് മറുപടിയുണ്ടായില്ല. രണ്ടുപേര്‍ ടോര്‍ച്ചുമായി എഴുന്നേറ്റു. കാട്ടിനുള്ളിലൂടെ ആരോ ഓടിപ്പോകുന്ന ശബ്ദം അകന്നകന്നുപോയി.
' അതവന്മാരാ, പറയന്മാര്‍. വയസുചെന്നവര്‍ക്ക് കാര്യങ്ങളറിയാം. ഇപ്പോഴത്തെ പുതിയ കൂട്ടമാ പ്രശ്‌നക്കാര്‍. ഗള്‍ഫിലേക്ക് ചിലവന്മാര്‍ പോയി കുറച്ചു പണമൊക്കെ അയച്ചുതുടങ്ങിയതോടെ എല്ലാറ്റിനും വാല് വച്ചു തുടങ്ങിയിട്ടുണ്ട്. ഇനിയിപ്പൊ പഞ്ചായത്തില്‍ അധികാരം കൂടി കിട്ടിയാല്‍, പിന്നെ കിണറ്റിലോ കുളത്തിലോ ചാടിച്ചാകുന്നതാകും ഉചിതം', ഒരുവന്‍ പറഞ്ഞു.
' ജീവന്‍ വെടിഞ്ഞാലും അവന്മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിക്കരുത്. അങ്ങിനെ സംഭവിച്ചാല്‍ എല്ലാം കഴിഞ്ഞു. പിന്നെ തലയില്ലാണ്ട് നടക്കുകയാ ഭേദം', മുത്തുരാമന്‍ ഒച്ചവെച്ചു.
' സാമം,ദാനം,ഭേദം,ദണ്ഡം എന്നാണല്ലൊ പ്രമാണം. മുതിര്‍ന്നവരോട് സംസാരിച്ച് അവന്മാരെ പിന്മാറ്റാന്‍ നോക്കാം. അവര്‍ക്ക് നമ്മളനുവദിച്ചു നല്‍കുന്ന എല്ലാ സൗകര്യങ്ങളും തുടരുമെന്ന് ഉറപ്പുകൊടുക്കാം. അതിനൊന്നും വഴിപ്പെടാതെ വന്നാല്‍ പിന്നെ അവനെയൊക്കെ വേണ്ടെന്നു വയ്ക്കുക തന്നെ. അങ്ങിനെ സംഭവിച്ചാല്‍ അവന്റെയൊക്കെ വിധി എന്നു കരുതിയാല്‍ മതി', രാജ പറഞ്ഞു.
രാത്രിയുടെ കറുപ്പില്‍ വാക്കുകള്‍ക്കും തലച്ചോറിനും രക്തത്തിനുമെല്ലാം ദുഷിപ്പായിരുന്നു. ഇരുട്ടിലും വിയര്‍പ്പുകണങ്ങള്‍ തിളങ്ങുന്ന മുഖവുമായി അവര്‍ പടിയിറങ്ങി. നിരന്നുനിന്ന് മൂത്രമൊഴിച്ച് , പകയുടെ മണം പരത്തി, ടോര്‍ച്ചു തെളിച്ച് അവര്‍ വീടുകളിലേക്ക് നടന്നു.
നൂറ്റാണ്ടുകളായി കുടിക്കല്ലാര്‍ മുറൈയില്‍ ജീവിച്ചു വരുന്നവരാണ് പറയര്‍. അതൊരുതരം കൊടുക്കല്‍ വാങ്ങലായിരുന്നു. തേവരുടെ ഉപജാതിയായ കല്ലാറുകളുടെ ഭൂമിയില്‍ കൃഷി ചെയ്യുന്നതും വീടുകളില്‍ ജോലി ചെയ്യുന്നതും പറയരാണ്. പകരം അവര്‍ക്ക് കുടിലുവയ്ക്കാനുള്ള ഇടം, പണിക്ക് കൂലി,ഭക്ഷണം എന്നിവ തേവന്മാര്‍ നല്‍കിവന്നു. ഒരു തരത്തില്‍ അടിമപ്പണി ആണെങ്കിലും പട്ടിണിയില്ലാത്ത ജീവിതം ഉറപ്പാക്കിയിരുന്നു. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുക, മറ്റ് ജോലികള്‍ക്ക് അയയ്ക്കുക എന്നതൊക്കെ പറയര്‍ക്ക് നിഷിദ്ധമായിരുന്നു. അതിനെ അംഗീകരിച്ച് മുന്നോട്ടു പോവുകയായിരുന്നു സമൂഹം.
മേലാവളവ് പഞ്ചായത്തില്‍ ഒരീച്ച അനങ്ങുന്നതുപോലും തേവര്‍ നേതാക്കളുടെ സമ്മതത്തോടുകൂടിയായിരുന്നു. പറയര്‍ കൃത്യമായ അകലം സൂക്ഷിച്ചായിരുന്നു ജീവിച്ചിരുന്നത്. തേവര്‍ പ്രമാണി വിളിച്ചാല്‍ മാത്രം മുന്നിലെത്തും. അല്ലെങ്കില്‍ ജോലിയില്‍ മുഴുകി സമയം കഴിക്കും. തേവര്‍ ഭവനങ്ങളില്‍ പറയസ്ത്രീകള്‍ പ്രവേശിച്ചിരുന്നത് വീടിന്റെ പിന്നിലൂടെ ആയിരുന്നു. മുന്നിലൂടെ പ്രവേശനം അനുവദിച്ചിരുന്നില്ല. അനാവശ്യമായ ഒരു നോട്ടമോ ഒരു വാക്കോ പോലും കടുത്തശിക്ഷയ്ക്ക് കാരണമായിരുന്നു. പറയര്‍ക്കായി പ്രത്യേകം പാത്രങ്ങള്‍ വച്ചിരുന്നു. അതില്‍ ഭക്ഷണം കഴിച്ച് പാത്രങ്ങള്‍ കഴുകി സൂക്ഷിക്കണം. വാഴയിലയില്‍ കഴിച്ചാല്‍ പോലും ആ ഇലകള്‍ പറമ്പിന് പുറത്തുകൊണ്ടു കളയണം. ഒരിക്കല്‍ ഒരു കല്ലാര്‍ സ്ത്രീ കുളിമുറിയില്‍ കുളിക്കുന്നതറിയാതെ അതുവഴി പോയി എന്ന കുറ്റത്തിന് പറയനെ കെട്ടിയിട്ട് അടിച്ച അനുഭവം പോലുമുണ്ടായി.
എന്നാല്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നത് ചിലരൊക്കെ വെളിനാട്ടില്‍ തൊഴിലിന് പോയതോടെയാണ്. അവരുടെ സ്ത്രീകള്‍ ജോലിക്കുപോകുന്നത് നിര്‍ത്തി. കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നു. വലിയ പ്രക്ഷോഭമൊക്കെ നടത്തിയാണെങ്കിലും അവര്‍ പഠനം തുടര്‍ന്നു. അങ്ങിനെ പഠിച്ചവരാണ് ഇപ്പോഴത്തെ യുവാക്കള്‍. അവര്‍ അടിമത്തം അവസാനിപ്പിക്കുവാനും തങ്ങളുടെ അവകാശമായ അധികാരം കൈയ്യാളാനും കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്.
തേവന്മാര്‍ പഴയ തലമുറയിലെ പറയരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ' എടാ ചേന്നന്‍ പറയാ, ഇന്ത്യയുടെ വൈസ് പ്രസിഡന്റായി ഒരു പട്ടികജാതിക്കാരന്‍ വന്നു. ഇനി ഇപ്പോള്‍ അയാള്‍ പ്രസിഡന്റും ആയേക്കാം. അതൊക്കെ നീയും അറിഞ്ഞുകാണും, പക്ഷേങ്കി മേലാവളവ് പഞ്ചായത്തില്‍ ഒരു പറയന്‍ പ്രസിഡന്റ് പോയിറ്റ് ഒരു മെമ്പറാവാന്‍ പോലും ഞങ്ങള് സമ്മതിക്കില്ല. വല്ലവനും തുനിഞ്ഞാല്‍ തലയില്ലാതെ ആ കസേരയില്‍ വന്നിരിക്കേണ്ടിവരും', തന്റെ മകന്‍ മുരുകേശനെ ഉദ്ദേശിച്ചാണ് ആ പറയുന്നതെന്ന് ചേന്നന് മനസിലായി. ചേന്നന്റെ ശരീരം വിറച്ചു. മുരുകേശനാണെങ്കില്‍ ഒന്നിനും അടുക്കാത്തമട്ടാണ്. ഈയിടെ ഗ്രാമം വിട്ട് പുറത്തൊക്കെ സ്ഥിരമായി പോകുന്നു. പലരോടും പലതും ചര്‍ച്ച ചെയ്യുന്നു. അവന്റെ കൂട്ടുകാരും എപ്പോഴും കത്തികള്‍ ശരിയാക്കി വയ്ക്കുന്ന തിരക്കിലാണ്. ഭയംകൊണ്ട് കിഴവന്റെ നെഞ്ച് കലങ്ങി. ഉറക്കത്തിലൊക്കെ ദു:സ്വപ്‌നങ്ങളാണ് കാണുന്നത്. ചോര, തലയില്ലാതെ നടക്കുന്ന മനുഷ്യര്‍,അലര്‍ച്ച,കൊലവിളി. കടുത്ത ഇരുട്ടില്‍ മൂന്നുമണിക്കൊക്കെ ഉണര്‍ന്നിരുന്ന് കിഴവന്‍ ശ്വാസം വലിച്ചു.
മുരുഗേശന്റെ ഭാര്യ മണിമേഖലയും പറഞ്ഞു, നമുക്ക് രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്. നിങ്ങള്‍ ഇല്ലാതായാല്‍ ഞാന്‍ എങ്ങിനെ ഈ കുട്ടികളെ വളര്‍ത്തും. 'അവര്‍ ജീവിച്ചുകൊള്ളും എന്നു കരുതിത്തന്നെയാണ് അവരെ ദൈവം ഭൂമിയിലേക്ക് വിട്ടത്. മുരുഗേശനില്ലെങ്കിലും അവര്‍ ജീവിക്കും, അതായിരുന്നു മുരുഗന്റെ മറുപടി. മുരുഗേശനെയും സുഹൃത്ത് മൂക്കനേയും കൂട്ടുകാരെയും കല്ലാര്‍മാര്‍ വഴിയില്‍ ഭീഷണിപ്പെടുത്തി. കൊല്ലാനായി ഓടിച്ചു. ഒടുവില്‍ മുരുഗേശന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നല്‍കി. ഗ്രാമത്തില്‍ മുരുഗേശനും കൂട്ടുകാര്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കമ്മ്്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ ചില പാര്‍ട്ടികള്‍ പരോഷപിന്തുണ നല്‍കി. അതോടെ അവര്‍ നോമിനേഷന്‍ നല്‍കി.
അന്ന് മേലെവളവ് ഗ്രാമം ഇടിവെട്ടി ഇല്ലാതാകുമെന്ന് തേവന്മാര്‍ കരുതി. വലിയ മഴയില്‍ പ്രളയ ജലം നാടിനെ ഒഴുക്കിക്കൊണ്ടുപോകും എന്നും അവര്‍ കരുതി. പക്ഷെ ഒന്നും സംഭവിച്ചില്ല. പിന്നീടവരുടെ നീക്കം തെരഞ്ഞെടുപ്പ് പരാജയപ്പെടുത്താനായിരുന്നു. കല്ലാര്‍ ജാതിക്കാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. വോട്ടറന്മാരെ ഭയപ്പെടുത്തി. അക്രമം അഴിച്ചുവിട്ടു. അങ്ങിനെ 1996 ഒക്ടോബര്‍ പത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. അത് പിന്നീട് 1996 ഡിസംബര്‍ 29ന് നടത്താന്‍ നടപടി തുടങ്ങി. അന്നും ബൂത്തില്‍ കയറി കലാപമുണ്ടാക്കി അവര്‍ അതില്ലാതാക്കി. എന്നാല്‍ വന്‍ പോലീസ് സന്നാഹത്തോടെ 1996 ഡിസംബര്‍ 31 ന് തെരഞ്ഞെടുപ്പ് നടന്നു.
മുരുഗേശനും മൂക്കനും മറ്റ് അഞ്ച് സുഹൃത്തുക്കളും ജയിച്ച് ഭരണം പിടിച്ചു. മുരുഗേശന്‍ പ്രസിഡന്റായി,മൂക്കന്‍ വൈസ്പ്രസിഡന്റും. തേവന്മാര്‍ക്ക് ഉറക്കമുണ്ടായില്ല. എന്നും കത്തിയുടെ മൂര്‍ച്ച കൂട്ടി അവര്‍ കാത്തിരുന്നു. മുരുഗേശനും കൂട്ടുകാരും എപ്പോഴും ഒന്നിച്ചായി യാത്ര. അവരും ആയുധം കൊണ്ടുനടന്നു. അവര്‍ ഇടയ്ക്കിടെ മധുരയില്‍ കളക്ടറെ കാണാന്‍ പോകുമായിരുന്നു. അത്തരമൊരു നാളില്‍ പറയരുടെ ചിലവീടുകള്‍ക്ക് തേവന്മാര്‍ തീയിട്ടു. അതിന്റെ കേസും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മധുരൈയില്‍ പോയിവരുകയായിരുന്നു അവര്‍.
1997 ജൂണ്‍ 25. അന്ന് അവര്‍ മടങ്ങാന്‍ കുറച്ചുവൈകി. ആ ദിവസത്തെ അവസാന ബസിലായിരുന്നു അവരുടെ മടക്കം. ആ ബസില്‍ വഴിയില്‍ നിന്നും ചിലരൊക്കെ കയറി മുകളില്‍ ഇരുപ്പായത് അവര്‍ അറിഞ്ഞില്ല. അതിനുപുറമെ ബസിനുള്ളിലും അന്യനാട്ടുകാരായ ചിലര്‍ കയറിയിരുന്നു. ബസിലെ തിരക്കു കുറഞ്ഞതും തേവന്മാര്‍ ആക്രമണം ആരംഭിച്ചു. ആദ്യം ജനപ്രതിനിധികളായ ഏഴ് പേരെയും ചെറുതായി മുറിവേല്‍പ്പിച്ചു. എന്നിട്ട് വണ്ടി നിര്‍ത്തിച്ച് തള്ളി പുറത്താക്കി. തേവന്മാരുടെ എണ്ണം കൂടുതലാണ് എന്നു മനസിലാക്കി അവര്‍ ഓടി. പലയിടത്തായി ഒളിച്ചിരുന്ന തേവന്മാര്‍ അവരെ ഓടിച്ചിട്ടുവെട്ടി. ഓരോരുത്തരായി തറയില്‍ വീണു. അവര്‍ മുരുഗേശന്റെ തല കൊയ്‌തെടുത്തു. എന്നിട്ട് വിജയാഹ്ലാദം മുഴക്കി. മുരുഗേശന്റെ തലയില്ലാത്ത ശരീരം രണ്ടുവട്ടം കറങ്ങി തറയില്‍ വീണു. തേവന്മാര്‍ അവന്റെ തലകൊണ്ടുപോയി ഗ്രാമാതിര്‍ത്തിയില്‍ പ്രദര്‍ശിപ്പിച്ചു. ആറുപേരും വഴിയില്‍ കിടന്നു പിടച്ചു പിടച്ചു മരിച്ചു. മരണം ഉറപ്പാകുംവരെ തേവന്മാര്‍ കാവല്‍ നിന്നു. ഒരാള്‍ മാത്രം രണ്ടുനാള്‍ ആശുപത്രിയില്‍ കിടന്നു. അയാളെയും രക്ഷപെടുത്താന്‍ കഴിഞ്ഞില്ല. ഏഴ് ജനപ്രതിനിധികളെയും ഇല്ലായ്മ ചെയ്ത അത്യപൂര്‍വ്വമായ കേസ്സായിരുന്നു അത്.
പറയരുടെ കണ്ണീരൊഴുകി അവിടെ ജലപ്രളയമുണ്ടായി. അവരുടെ ശബ്ദത്തില്‍ ഇടിമിന്നല്‍ രൂപം കൊണ്ടു. മേലവളവ് രാവുംപകലും മൂടിക്കെട്ടിനിന്നു. പോലീസും അധികാരികളും വന്നുപോയി. കുറേപ്പേരെ അറസ്റ്റുചെയ്തു. പറയരുടെ ഊര്‍ജ്ജമെല്ലാം നഷ്ടപ്പെട്ടു. അവര്‍ ചരിത്രപരമായി പഴയതിനേക്കാള്‍ ക്ഷീണിച്ചു. ചെറുപ്പക്കാരെല്ലാം നാടുവിട്ടുപോയി. പ്രായമായവര്‍ മറ്റുനിവര്‍ത്തിയില്ലാതെ അടിമകളായി തുടര്‍ന്നു. പിന്നെയും അവിടെ തെരഞ്ഞെടുപ്പുകള്‍ നടന്നു. കല്ലാറുകാരുടെ അടിമകളായ പലരും പ്രതിനിധികളുമായി. ഇപ്പോള്‍ കാലമുരുണ്ട് 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് തേവന്മാര്‍ മടങ്ങിവരുകയാണ്. അവരുടെ സമുദായം ആവേശത്തിലാണ്. 25 വര്‍ഷമായി മുടങ്ങികിടന്ന ക്ഷേത്രോത്സവും കാളന്മാര്‍ പങ്കെടുക്കുന്ന മഞ്ചുവിരട്ടും വലിയ ആവേശത്തോടെ നടത്താന്‍ അവര്‍ കൈമെയ് മറന്ന് ശ്രമിക്കുകയാണ്. ക്ഷേത്രോത്സവത്തിലും മഞ്ചുവിരട്ടലിലും തങ്ങള്‍ക്കും പങ്കാളിത്തം വേണം എന്ന പറയരുടെ വാദത്തെ അവര്‍ എതിര്‍ക്കുന്നു. പറയരുടെ ശബ്ദം തീരെ ദുര്‍ബ്ബലമായിരിക്കുന്നു. മനുഷ്യസമൂഹം ശക്തമായി മുന്നോട്ടുപോകുമ്പോഴും മേലവളവുപോലുള്ള ഇടങ്ങളിലെ ജനാധിപത്യം ഇപ്പോഴും പറയരുടെ ശ്മശാനത്തിലേക്ക് പോകുന്ന വഴിയിലെ മലിനജലം പോലെ അഴുക്കും കീടങ്ങളും നുരച്ചു കിടക്കുന്നു. ഇതിനി എന്നു മാറും ? ആകാശത്ത് ഒറ്റപ്പെട്ടൊരു നക്ഷത്രം പോലെ ആ ചോദ്യം അവിടെ മങ്ങിമങ്ങികത്തി.
- വി.ആര്‍.അജിത് കുമാര്‍
Sunday, 17 July 2022
A real village story on caste and power
Subscribe to:
Post Comments (Atom)
No comments:
Post a Comment