Monday, 25 July 2022

Unethical Oocyte selling mafia

 


 അണ്ഡം വില്‍ക്കുന്ന അധോലോകം

( സ്വകാര്യത സംരക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര് ഉപയോഗിച്ചിട്ടില്ല )

 'സര്‍, ഞാനൊരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം', നന്ദഗോപന്‍ കൃഷ്ണ എന്ന പെണ്‍കുട്ടിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി സബ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. ചെറുപ്പക്കാരനായ എസ്‌ഐ അവരെ രണ്ടുപേരെയും സൂക്ഷിച്ചുനോക്കിയശേഷം ഇരിക്കാന്‍ പറഞ്ഞു. ആ കുട്ടിയുടെ മുഖം ഭയന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും കണ്ണുകള്‍ കരഞ്ഞു കലങ്ങിയതുമാണെന്ന് അയാള്‍ ശ്രദ്ധിച്ചു.

 'സര്‍, ഇത് കൃഷ്ണ. ഈ കുട്ടിയെ എന്റടുത്ത് എത്തിച്ചത് ഇവളുടെ കുഞ്ഞമ്മയാണ്. ഇവള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. ഇവളുടെ അണ്ഡം പലതവണ വില്‍ക്കപ്പെട്ടിരിക്കുന്നു. സര്‍, ഇതൊരു വലിയ ക്രൈം ആണ്. ആര്‍ക്കും അത്രവേഗം മനസിലാകാത്ത ക്രൈം', നന്ദഗോപന്‍ ഇന്‍സ്‌പെക്ടറോട് പറഞ്ഞു.

 ' ഇതിപ്പൊ--- ഞാന്‍ -- എനിക്കൊന്നും മനസിലാകുന്നില്ല', ഓഫീസര്‍ പറഞ്ഞു.

' സാര്‍ ഈ പരാതി സ്വീകരിച്ച്, ഒരു വനിത പോലീസിനെക്കൊണ്ട് ഇവളുടെ മൊഴി രേഖപ്പെടുത്തി ഒപ്പിടീച്ചാല്‍ ഈ കേസിന് തുടക്കമാകും. ബാക്കി വരും ദിവസങ്ങളിലായി വളര്‍ന്നു വലുതായിക്കൊള്ളും', നന്ദഗോപന്‍ ശുഭപ്രതീക്ഷയിലായിരുന്നു.

 ഓഫീസര്‍ പാതി മനസ്സോടെ പരാതി സ്വീകരിച്ചു. വനിത ഓഫീസര്‍ മൊഴി രേഖപ്പെടുത്തി. നന്ദഗോപനും കൃഷ്ണയും വായിച്ചുകേട്ട് ഒപ്പിട്ടുകൊടുത്തു.

 അവിടെ നിന്നും പുറത്തിറങ്ങിയ നന്ദഗോപന്‍ അവള്‍ക്ക്  തട്ടുകടയില്‍ നിന്നും ചായയും വടയും വാങ്ങി നല്‍കി. കൂടുതല്‍ സമയം അവിടെ നില്‍ക്കുന്നത് അപകടമാണ്. ഒരു ഓട്ടോറിക്ഷയില്‍ കയറി അവര്‍ അവിടെനിന്നും പോയി. ഓട്ടോയില്‍ ഇരുന്നുതന്നെ നന്ദന്‍ അര്‍ച്ചനയെ വിളിച്ചു. അവള്‍ പ്രധാനപ്പെട്ട ഒരിംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടറാണ്. അവള്‍ വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം നേരെ അങ്ങോട്ടുപോയി. കൃഷ്ണ ആകെ പകച്ചിരിക്കയാണ്. എന്താണ് സംഭവിക്കുന്നത്? താന്‍ കുറേക്കൂടി വലിയ അപകടത്തിലേക്കാണോ പോകുന്നത്? ഒന്നും അറിയില്ല.

 കൃഷ്ണയുടെ ഓര്‍മ്മകള്‍ ഒരിക്കലും സുഖകരമായിരുന്നില്ല. ബാല്യകാലത്ത് കിട്ടിയ ചെറിയ മധുരങ്ങള്‍ക്കപ്പുറം ഒരു മധുരവുമില്ലാത്ത ജീവിതം. അമ്മയും അച്ഛനും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. അവള്‍ ജനിച്ച് അധികം കഴിയും മുന്നെ തന്നെ അച്ഛന്‍ അവരെ ഉപേക്ഷിച്ചു പോയി. അമ്മ ഇന്ദിര പലതരം ജോലികള്‍ ചെയ്തും പലരോടൊപ്പം ഉറങ്ങിയുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. പിന്നീട് എപ്പോഴൊ കൂടെ ഒരുവന്‍ സ്ഥിരമായി കണ്ടുതുടങ്ങി. ഇതാണ് നിന്റെ ബാപ്പ എന്ന് ഇന്ദിര പറഞ്ഞപ്പോള്‍ അവള്‍ക്കയാളെ ഇഷ്ടമായില്ല. കൊച്ചുകുട്ടിയായ കൃഷ്ണയെ കോഴിക്കുഞ്ഞിനെ നോക്കുന്ന പരുന്തിന്റെ മട്ടിലാണ് അയാള്‍ നോക്കിയത്. ഇടയ്‌ക്കൊക്കെ അവളെ വൃത്തികെട്ട മനസ്സോടെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമായിരുന്നു അയാള്‍. അവളുടെ അമ്മ അയാളെ സെയ്ദാലിക്ക എന്നും അവളെ അയാള്‍ സുമിയ എന്നുമാണ് വിളിച്ചിരുന്നത്. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത ദിനങ്ങളായിരുന്നു അവളുടേത്.

 അമ്മ ആശുപത്രികളില്‍ പോയി ഏതോ ചികിത്സയില്‍ പങ്കെടുകയും പണം കൊണ്ടുവരുകയും ചെയ്യുമായിരുന്നു. ആ ദിവസമാണ് അവള്‍ക്ക് ബിരിയാണി ലഭിച്ചിരുന്നത്. അയാളും അമ്മയും ഇടയ്ക്ക് കഴിച്ചിരുന്നത് മയക്കുമരുന്നാണ് എന്നൊന്നും തിരിച്ചറിയാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അത് കഴിക്കുന്നതോടെ അവര്‍ ഉന്മാദാവസ്ഥയിലാകും. അവളുടെ സാന്നിധ്യം പോലും കണക്കിലെടുക്കാതെ അവര്‍ വൃത്തികെട്ട കേളികളില്‍ ഇടപെടുകയും ചെയ്യുമായിരുന്നു. സെയ്ദാലിയുടെ ഉപദ്രവം പലപ്പോഴും അവള്‍ക്ക് അനുഭവിക്കേണ്ടതായും വന്നു.

 അവള്‍ക്ക് പത്ത് വയസ് കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ പ്രായപൂര്‍ത്തിയായി. പിന്നെ സെയ്ദാലിക്ക് ഇരുപ്പുറപ്പുണ്ടായില്ല. അയാള്‍ അവളുടെ അമ്മയുടെ താത്പ്പര്യത്തോടുകൂടിത്തന്നെ അവളെ കീഴ്‌പ്പെടുത്തി. ആ ഭീകരമായ അനുഭവം അവളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നു. ഉറക്കം ഞെട്ടിയുണര്‍ന്ന് രാത്രിയില്‍ അവള്‍ തനിച്ചിരുന്നു കരഞ്ഞു. അത്തരം ദിനങ്ങള്‍ പിന്നെ എത്രയോ ആവര്‍ത്തിക്കപ്പെട്ടു.

അതിനിടയ്ക്കാണ് അമ്മയെ പോലെ അവളെയും അണ്ഡം വില്‍പ്പനയിലേക്ക് കൊണ്ടുവന്നത്. എന്താണ് അണ്ഡം എന്നുപോലും തിരിച്ചറിയാത്ത കുട്ടിയെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയായി ചിത്രീകരിച്ചായിരുന്നു അവളുടെ അണ്ഡങ്ങള്‍ മോഷ്ടിച്ചത്.

 ' അര്‍ച്ചന, നീ കാര്യങ്ങള്‍ ശരിക്കും പഠിച്ച് മനസിലാക്കിത്തന്നെ റിപ്പോര്‍ട്ടു ചെയ്യണം. ഇതിന് പിന്നിലുള്ള ഒരു കണ്ണിയും രക്ഷപെടാന്‍ അനുവദിക്കരുത്. ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. അധികാരികള്‍ക്ക് ഈ കുട്ടി ആരുമല്ല. എന്നാല്‍ പ്രതിഭാഗത്തു നില്‍ക്കുന്നവര്‍ പ്രബലരാണ്. സാമ്പത്തികമായും അധികാരപരമായും. അടച്ചുകെട്ടുക എന്നു പറയില്ലെ, അത്തരത്തിലാകണം റിപ്പോര്‍ട്ട്. ചക്രവ്യൂഹത്തില്‍ നിന്നും ഇവള്‍ മാത്രമെ രക്ഷപെടാവൂ. ', നന്ദഗോപന്‍ പറഞ്ഞു.

 ' പാവം കുട്ടി, ഇവള്‍ക്കുവേണ്ടി ഞാന്‍ ഒപ്പമുണ്ടാകും. നീ എല്ലാം വ്യക്തമായി പറയൂ', അവള്‍ പറഞ്ഞു.

 ' കുട്ടികളില്ലാത്തവര്‍ക്ക് കുഞ്ഞുങ്ങളെ നിര്‍മ്മിച്ചു നല്‍കുന്ന സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുകയാണല്ലൊ. ഇവിടെ മിക്കയിടത്തും അണ്ഡദാനം നടക്കുന്നുണ്ട്. രക്തദാനം പോലെ അത്ര എളുപ്പമുള്ള കാര്യമല്ല അണ്ഡദാനം. പലരും കച്ചവട താത്പ്പര്യത്തോടെയാണ് അണ്ഡം വില്‍ക്കുന്നതും വാങ്ങുന്നതും. ഇതിന് ഇടനിലക്കാരുമുണ്ട്. ലക്ഷങ്ങളുടെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷന്‍)ആക്ട് എന്നൊരു നിയമം ഇന്ത്യയിലുണ്ട്. അതുപ്രകാരം ഇരുപത്തി ഒന്നിനും മുപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ള ,കുറഞ്ഞത് ഒരു കുട്ടിയെങ്കിലുമുള്ള ഒരു സ്ത്രീക്ക് ജീവിതകാലത്ത് ഒരു വട്ടം മാത്രം അണ്ഡം ദാനം ചെയ്യാം. എന്നാല്‍ അണ്ഡം ആവശ്യമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചിലവാക്കാനുള്ള പണം പ്രശ്‌നമല്ലാതാകുകയും ചെയ്തതോടെ, ശാരീരികമായി പൊരുത്തപ്പെടുന്ന അണ്ഡങ്ങള്‍ക്കായുള്ള ആര്‍ത്തിപിടിച്ച നോട്ടം വര്‍ദ്ധിച്ചിരിക്കയാണ്. അതിന്റെ ജീവിച്ചിരിക്കുന്ന പ്രതിനിധിയാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ സാധു', നന്ദഗോപന്‍ ദയനീയമായ ഒരു നോട്ടം അവളിലേക്കിട്ടു.

' ഇതിന്റെ പ്രോസസ് കൂടി നീ അറിഞ്ഞിരിക്കണം. അണ്ഡദാതാവിനെ അവളുടെ ശാരീരിക-മാനസികാരോഗ്യം പരിശോധിച്ച്, പൂര്‍ണ്ണമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിവേണം അണ്ഡം ശേഖരിക്കാന്‍ എന്നാണ് നിയമം അനുശാസിക്കുന്നത്. അതിനായി അവളുടെ സാധാരണ മെന്‍സ്ട്രുവല്‍ സൈക്കിള്‍ നിര്‍ത്താനുളള മരുന്ന് നല്‍കും. ഇത് ശരീരം പുകച്ചില്‍ ,തലവേദന,ക്ഷീണം,ശരീരവേദന എന്നിവയ്ക്ക് കാരണമാകും. തുടര്‍ന്ന് കൂടുതല്‍ അണ്ഡം ഉത്പ്പാദിപ്പിക്കാനുള്ള ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ നല്‍കും. ഇതിനെ ഹൈപ്പര്‍ സ്റ്റിമുലേഷന്‍ എന്നു പറയും. ആ മരുന്നുകള്‍ തൊലിയിലോ പേശിയിലോ ആണ് കുത്തിവയ്ക്കുക. ഇതോടെ ചിലര്‍ക്ക് തൊലിയില്‍ അലര്‍ജി ഉണ്ടാകും. മൂഡ് സ്വിംഗും ഒവേറിയന്‍ ഹൈപ്പര്‍സ്റ്റിമുലേഷന്‍ സിന്‍ഡ്രോമും ഉണ്ടാകാറുണ്ട്. ഈ കാലയളവില്‍ തുടര്‍ച്ചയായി രക്തപരിശേധനയും അള്‍ട്രാസൗണ്ട് പരിശോധനയും നടത്തും. അണ്ഡം എടുക്കുംമുന്നെ ഒരു ഇന്‍ജക്ഷന്‍ കൂടി നല്‍കും. എന്നിട്ടാണ് ഓവറികളില്‍ നിന്നും അണ്ഡം ശേഖരിക്കുക. യോനിയിലേക്ക് ഒരു അള്‍ട്രാസൗണ്ട് പ്രോബ് കയറ്റി സൂചി ഉപയോഗിച്ചാണ് ഫോളിക്കിളുകളില്‍ നിന്നും അണ്ഡം ശേഖരിക്കുക. മുപ്പത് മിനിട്ട് നീളുന്ന ഈ പ്രോസസില്‍ വേദന സംഹാരിയോ മയക്കുമരുന്നോ അനസ്‌തേഷ്യയോ നല്‍കുകയാണ് ചെയ്യുക. പലര്‍ക്കും ഇതിന് ശേഷം കുറേ ദിവസത്തേക്ക് വിശ്രമം വേണ്ടിവരും. ചിലര്‍ക്ക് സൈക്കോതെറാപ്പിസ്റ്റിന്റെ സഹായവും വേണ്ടിവരും. ചിലര്‍ക്ക് രക്തസ്രാവം ഉണ്ടാകും. ഇന്‍ഫെക്ഷന്‍ വരാതിരിക്കാന്‍ ആന്റി ബയോട്ടിക്കും നല്‍കും. ഒവേറിയന്‍ ഹൈപ്പര്‍ സ്റ്റിമുലേഷന്‍ സിന്‍ട്രോം വരുന്നവര്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഭാരം കൂടുക, വയറുവേദന,ഛര്‍ദ്ദി എന്നിവയും വരും. '

 നന്ദഗോപന്‍ കുറച്ചു വെള്ളം കുടിച്ചു. എന്നിട്ട് തുടര്‍ന്നു' എച്ച്‌ഐവി, ഹെപ്പാറ്റിറ്റിസ്, സിസ്റ്റ് ഫൈബ്രോസിസ് ഒന്നും അണ്ഡം വില്‍ക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ പാടില്ല. അമേരിക്കയിലൊക്കെ കടുത്ത നിയമമാണ് നിലവിലുള്ളത്. അണ്ഡം ദാനം ചെയ്യുന്നവര്‍ക്ക് അപേക്ഷ ഫോണിലൂടെയോ നേരിട്ടോ നല്‍കാം. തുടര്‍ന്ന് ഇന്റര്‍വ്യൂ ഉണ്ടാകും. പിന്നെ ദേഹപരിശോധന,രക്തപരിശോധന, മരുന്ന് ടെസ്റ്റ്, അള്‍ട്രാ സൗണ്ട്, ദാതാവിന്റെ കുടുംബത്തിലെ ശാരീരിക-മാനസിക ചരിത്ര പരിശോധന, പകര്‍ച്ചവ്യാധികള്‍ വന്നിട്ടുണ്ടോ, പാരമ്പര്യ രോഗങ്ങളുണ്ടോ എന്നൊക്കെ അറിയാന്‍ വിപുലമായ പരിശോധനകള്‍ എന്നിവയും നടത്തും. ദാതാവിന്റെ മാനസിക നില ആ അണ്ഡത്തില്‍ നിന്നുണ്ടാകുന്ന കുട്ടിയെ ബാധിക്കും എന്നതും വളരെ പ്രധാനമാണ്. മുപ്പത്തയ്യായിരം മുതല്‍ അന്‍പതിനായിരം ഡോളര്‍ വരെയാണ് അവിടെ ദാതാവിന് ലഭിക്കുക . എന്നാല്‍ ഇന്ത്യയില്‍ ഇത്തരം നിയമങ്ങളൊന്നും കണക്കിലെടുക്കാറില്ല. ഈ കുഞ്ഞിനെ നോക്കൂ. പതിനാറ് വയസാണ് പ്രായം. അയ്യായിരം രൂപ മുടക്കി തയ്യാറാക്കിയ വ്യാജ ആധാര്‍ കാര്‍ഡില്‍ പ്രായം കൂട്ടിവച്ച് ഇവളുടെ അണ്ഡം എടുത്തിരിക്കയാണ്. ഒരു വട്ടമല്ല ആറുവട്ടം. ഞാന്‍ നേരത്തെ സൂചിപ്പിച്ച എല്ലാ അസ്വസ്ഥതകളിലൂടെയും വേദനകളിലൂടെയും ഇവള്‍ ആറുവട്ടം സഞ്ചരിച്ചിരിക്കുന്നു. നിയമപരമായി ഇരുപത്തിയൊന്നു വയസു കഴിഞ്ഞ ഒരാള്‍ ജീവിതത്തിലൊരിക്കല്‍ മാത്രം കടന്നുപോകാവുന്ന കടുപ്പമേറിയ പരീക്ഷണത്തിന് ഇവള്‍ വിധേയയാരിക്കുന്നത് ആറുവട്ടമാണ് അര്‍ച്ചന. പാപികളുടെ ഒരു വലിയ ശ്രംഖല ഞാന്‍ കാണുന്നു. ഇതില്‍ എത്രപേര്‍ പിടിയിലാവും, ആരൊക്കെ രക്ഷപെടും എന്നൊന്നും നമുക്കറിയില്ല, നീ എഴുതിത്തുടങ്ങിക്കോ. എന്ത് സംശയമുണ്ടെങ്കിലും എന്നെ വിളിച്ചാല്‍ മതി. ', നന്ദഗോപന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യുകയും കുത്തിക്കുറിക്കുകയും ചെയ്യുന്ന അര്‍ച്ചനയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പൊതുവെ തിളക്കമാര്‍ന്ന അവളുടെ മുഖം ദേഷ്യം തിളച്ച് ചുവന്നുവരുന്നത് നന്ദഗോപന്‍ അറിഞ്ഞു.

 ' മോളെ നീ ഈ വീട്ടില്‍ സുരക്ഷിതയാണ്. ചേച്ചി നിന്നെ നോക്കിക്കൊള്ളും. ഞാന്‍ ഒന്നു പുറത്തുപോയി വരാം', നന്ദഗോപന്‍ കൃഷ്ണയോട് യാത്ര പറഞ്ഞ് ഇറങ്ങി. അവന് പോലീസ് സ്‌റ്റേഷനില്‍ ആളുണ്ടായിരുന്നു. സ്‌റ്റേഷനില്‍ നിന്നും ഇന്‍ഫര്‍ട്ടിലിറ്റി ആശുപത്രികളിലേക്ക് വിളി പോയിട്ടുണ്ടെന്ന് അവനറിഞ്ഞു. മാത്രമല്ല, കൃഷ്ണയെ തട്ടിക്കൊണ്ടുപോയി എന്നു പറഞ്ഞ് ഇന്ദിരയും സെയ്ദാലിയും പോലീസില്‍ പരാതിയും നല്‍കിക്കഴിഞ്ഞിരുന്നു. ആ ദിവസം കൃഷ്ണയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം അര്‍ച്ചനയും നന്ദഗോപനും ഏറ്റെടുത്തു.

 അടുത്ത ദിവസം ഒരു വലിയ സ്‌ഫോടനം പോലെ ഒന്നാം പേജില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ചാനലുകള്‍ വാര്‍ത്ത ഏറ്റെടുത്തു. ആരോഗ്യമന്ത്രിക്കും ഇടപെടേണ്ടി വന്നു. കുറ്റവാളികളെ മുഖം നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇത് ഒറ്റപ്പെട്ട കേസല്ലെന്നും സേലം,ഈറോഡ്,നാമക്കല്‍ പ്രദേശങ്ങളിലെ സാമ്പത്തിക ദുരിതമനുഭവിക്കുന്ന അനേകം സ്ത്രീകള്‍ ഈ റാക്കറ്റിന്റെ വലയില്‍പെട്ടിട്ടുണ്ടെന്നും തുടര്‍ വാര്‍ത്തകള്‍ വന്നു.

 കൃഷ്ണയെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിച്ചു. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

 അധികാരത്തിന്റെ അണിയറയും സമ്പത്തിന്റെ പെട്ടികളുമായി ആശുപത്രിക്കാര്‍ പലവട്ടം ഓടിയെങ്കിലും സര്‍ക്കാര്‍ പിന്നോട്ടുപോയില്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നതായിരുന്നു നിലപാട്.

 ഈറോഡും സേലത്തുമുള്ള സുധ ഹോസ്പിറ്റല്‍, പെരുണ്‍ദുരൈയിലെ രാമപ്രസാദ് ഹോസ്പിറ്റല്‍, ഹൊസൂരിലെ വിജയ് ഹോസ്പിറ്റല്‍, മാതൃത്വ ടെസ്റ്റ്ട്യൂബ് ബേബി സെന്റര്‍, തിരുപ്പതി, ആന്ധ്ര പ്രദേശ്,ശ്രീകൃഷ്ണ ഹോസ്പിറ്റല്‍,തിരുവനന്തപുരം എന്നിവയാണ് ഗുരുതരമായ വീഴ്ച വരുത്തിയ ആശുപത്രികള്‍. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി(റഗുലേഷന്‍) ആക്ട്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഗൈഡ് ലൈന്‍സ്, പ്രീ കണ്‍സപ്ഷന്‍ ആന്റ് പ്രീ-നാറ്റല്‍ ഡയഗണോസ്റ്റിക് ടെക്‌നിക്‌സ് ആക്ട്,തമിഴ്‌നാട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് എന്നിവയാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.

 യോഗ്യതയുള്ള കൗണ്‍സിലര്‍മാര്‍ ഇല്ല, ആധാര്‍ വ്യാജമാണ് എന്നറിഞ്ഞിട്ടും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അണ്ഡം സ്വീകരിച്ചു, അണ്ഡദാനത്തിന്റെ ഗുണദേഷങ്ങള്‍ പറഞ്ഞുകൊടുത്തില്ല, അള്‍ട്രാസൗണ്ട് ഇമേജുകള്‍ സൂക്ഷിച്ചിട്ടില്ല എന്നിവയാണ് ആശുപത്രികളുടെ പിഴവായി കണ്ടെത്തിയത്. ഭര്‍ത്താവിന്റെ സമ്മതപത്രം വേണ്ടിടത്ത് കൃഷ്ണയുടെ കാര്യത്തില്‍ വെറുതെ ആരോ ഒപ്പിട്ടുകൊടുക്കുകയായിരുന്നു എന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

 ഈ ആശുപത്രികളിലെ സ്‌കാന്‍ സെന്ററുകള്‍ ഉടന്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഈറോഡ് സുധ ആശുപത്രി, ഹോസുര്‍ വിജയ് ആശുപത്രി എന്നിവയെ മുഖ്യമന്ത്രിയുടെ കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും നീക്കം ചെയ്തു. ഡോക്ടര്‍മാരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളെ പതിനഞ്ച് ദിവസത്തിനകം ഡിസ്ചാര്‍ജ്ജ് ചെയ്ത് ആശുപത്രികള്‍ പൂട്ടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. 50 ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം കഠിനതടവും പ്രതികള്‍ക്ക് ലഭിക്കാവുന്ന വലിയ കുറ്റമാണ് അവര്‍ ചെയ്തിരിക്കുന്നതെങ്കിലും ശിക്ഷ സംബ്ബന്ധിച്ച് നന്ദഗോപനും അര്‍ച്ചനയ്ക്കും ആശങ്കകളുണ്ട്. കേസ് കോടതിയില്‍ എത്തുമ്പോള്‍ എന്തെല്ലാം തിരിമറികള്‍ സംഭവിക്കാം. ആരെല്ലാം കൂറുമാറാം. കൃഷ്ണ എന്ന പിഞ്ചുബാല്യം ഇനി എന്തെല്ലാം അനുഭവിക്കേണ്ടി വന്നേക്കാം.

 ഇന്ദിരയും സെയ്ദാലിയും വധശിക്ഷ ലഭിക്കേണ്ടവിധമുള്ള ക്രൂരതയാണ് ചെയ്തത്. നീതിപീഠം ഇവര്‍ക്കായി കാത്തുവച്ചിരിക്കുന്നത് എന്താണ്? നന്ദന്റെയും അര്‍ച്ചനയുടെയും ഭാവി എന്താകും. ഇരുചക്ര വാഹനങ്ങളിലും ആട്ടോയിലും ബസിലും നടന്നുമൊക്കെ യാത്ര ചെയ്യുന്ന ഇവരുടെ ജീവന്‍ സുരക്ഷിതമാണോ? വലിയ വലിയ ചോദ്യങ്ങള്‍ അലട്ടുന്നതിനിടയില്‍ , കോഫി കുടിച്ചിരിക്കെ നന്ദഗോപന്‍ അര്‍ച്ചനയോട് ചോദിച്ചു,' അര്‍ച്ചനെ, ലോകത്ത് കൂടുതല്‍ കാര്യങ്ങളും നിയമവിരുദ്ധമായാണ് നടക്കുന്നത്. അവിടെ ചെറിയ ഇടപെടലുകളാണ് നമ്മള്‍ നടത്തുന്നത്. കുറ്റവാളികള്‍ രക്ഷപെടാനുള്ള സാധ്യതകളാണ് എപ്പോഴും മുന്നില്‍ കാണേണ്ടത്. അങ്ങിനെ സംഭവിച്ചാല്‍ നമുക്കൊരു തോക്ക് സംഘടിപ്പിക്കണം. നിയമപരമായി കിട്ടില്ല, നിയമവിരുദ്ധമായി ഒരെണ്ണം - അതിന്റെ വഴികള്‍ ഇപ്പോഴേ ആലോചിക്കണം. '

 അര്‍ച്ചന ചിരിച്ചു. തത്ക്കാലം നീ ആ ഫില്‍റ്റര്‍ കോഫി രുചിയോടെ കഴിക്കാന്‍ നോക്ക്. നാളെ എന്നതുപോയിട്ട് അടുത്ത നിമിഷം പോലും നമ്മുടെ കൈയ്യിലല്ല; അതുകൊണ്ട് വലിയ സ്വപ്നങ്ങളൊന്നും നെയ്യണ്ട. എനിക്ക് ഇത്ര വലിയൊരു സ്റ്റോറി ചെയ്തതിന്റെ വലിയ പ്രഷറുണ്ട്. ഇതിലും വലുത് കണ്ടുപിടിക്ക് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അവള്‍ ഏതോ ആലോചനയിലേക്ക് ആണ്ടിറങ്ങി മിണ്ടാതെയിരുന്നു.

 അകലെ ഉയര്‍ന്നും താണും പറക്കുന്ന പരുന്തുകളെ നോക്കി നന്ദന്‍ കോഫി മൊത്തിക്കുടിച്ചു. അവരുടെ ഇരകള്‍ ആരാകാം എന്നതായിരുന്നു അപ്പോള്‍ അവന്റെ മനസിനെ അസ്വസ്ഥമാക്കിയത്.

--- വി.ആര്‍. അജിത് കുമാര്‍  

 

No comments:

Post a Comment