വൈറസ് നമ്മെ അത്ഭുതപ്പെടുത്തും
ആഷിക് അബു സംവിധാനം ചെയ്ത വൈറസ് പ്രതീക്ഷിച്ചതിലും അപ്പുറം മികവുറ്റ ചിത്രമായി. ഒരു ഡോക്യുമെന്ററിയുടെ തലത്തിലേക്ക് ഏത് നിമിഷവും വീണുപോകാവുന്ന ഒരു അന്വേഷണാത്മക ത്രില്ലര്‍ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. പക്ഷെ ഇവിടെ അന്വേഷിക്കുന്നത് കൊലപാതകിയായ ഒരു വ്യക്തിയെ അല്ല. ഒരു ഏകകോശജീവിപോലുമല്ലാത്ത വൈറസാണ് ഇവിടെ ക്രിമിനല്‍. മുഖവും രൂപവുമില്ലാതെ ക്രൈം ചെയ്യുന്ന ചില കഥാപാത്രങ്ങളെ ഹോളിവുഡില്‍ നമ്മള്‍ കാണാറുണ്ട്, എന്നാല്‍ അവരെ നശിപ്പിക്കാനുള്ള എന്തെങ്കിലുമൊന്ന് ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടാവും എന്നു മാത്രമല്ല അതൊരു ഫിക്ഷനുമാണ്.
എന്നാല്‍ ഇവിടെ നമ്മള്‍ കണ്ടറിയുകയൊ കേട്ടറിയുകയൊ ചെയ്തിട്ടില്ലാത്ത ഒരു സാംക്രമിക രോഗത്തിന്റെ അടിമകളായി മാറിയ ,നിസാരരായി തീര്‍ന്ന മനുഷ്യരുടെയും അതിനു മുന്നില്‍ പകച്ചു നില്‍ക്കാതെ , കരുതലോടെ മുന്നേറി വിജയിക്കുന്ന മനുഷ്യരുടെയും ഗാഥയാണ് പറയുന്നത്. പണ്ട് വസൂരിക്കാലത്ത് രോഗിയെ ഉപേക്ഷിച്ച് ഓടിയ മനുഷ്യരെ കുറിച്ച്, ഉറ്റവരെ കുറിച്ചൊക്കെ കഥകള്‍ ഏറെ കേട്ടവരാണ് പഴയ തലമുറ. കൊതുക് പകര്‍ത്തുന്ന ഡെങ്കി ഉള്‍പ്പെടെ അനേകം രോഗങ്ങളെ മഴക്കാലം സംഭാവന ചെയ്യാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരുന്നു നിപ്പ. ഒരുവന് രോഗം പിടിപെട്ടാല്‍ അവന്റെ മുന്നില്‍ മുന്‍ കരുതലില്ലാതെയും അറിയാതെയും വന്നുപെടുന്ന ആര്‍ക്കും രോഗം പിടിപെടാം എന്നതും കൃത്യമായ ചികിത്സയോ മരുന്നോ കണ്ടെത്തിയിട്ടില്ല എന്നതും രോഗഭീതി വല്ലാതെ ഉയര്‍ത്തി.
നമ്മള്‍ പലവിധ വാര്‍ത്തകളില്‍ ഒന്ന് എന്നനിലയില്‍ ഒരു വര്‍ഷം മുന്‍പ് പാതികേട്ടും പാതി വായിച്ചും തള്ളിവിട്ട രോഗം കുറേപേരെ മരണത്തിലേക്ക് കൊണ്ടുപോയി എന്നതും രോഗിയെ ചികിത്സിച്ച നഴ്‌സിന്റ മരണവും ആ കുട്ടിയെ ഐക്യരാഷ്ട്ര സംഘടന ആദരിച്ചതും ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതുമൊക്കെയായ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഭരണകൂടവും ആരോഗ്യ മന്ത്രിയും തൊഴില്‍ മന്ത്രിയും കലക്ടറും ആരോഗ്യ പ്രവര്‍ത്തകരം മറ്റ് ഉദ്യോഗസ്ഥരും വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു എന്നതിലും സംശയം ആര്‍ക്കുമില്ലായിരുന്നു. എന്നാല്‍ ഈ ചിത്രം കാണുമ്പോഴാണ് ആ ദിവസങ്ങളില്‍ ഒരു സര്‍ക്കാര്‍ സംവിധാനം എങ്ങിനെ പ്രവര്‍ത്തിച്ചു, നിപ്പയെ തുരത്താന്‍ ഇടപെട്ട ചെറുതും വലുതുമായ മനുഷ്യരുടെ ഇതിലുള്ള പങ്ക് എന്തായിരുന്നു, വേണ്ടപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളുടെ വേദന, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കരാര്‍ തൊഴിലാളികല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറന്മാര്‍ തുടങ്ങിയ കണ്ണികള്‍, ആത്മാര്‍ത്ഥത മാത്രം കൈമുതലാക്കി പണിയെടുത്തവര്‍ എന്നിങ്ങനെ നീണ്ട ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും കെട്ടുകള്‍ അഴിയുന്നത്.
ഒരു ചിത്രം ചെയ്യുമ്പോള്‍ അതിന്റെ പിന്നില്‍ അതിതീവ്രമായ ഗവേഷണവും അന്വേഷണവും ആവശ്യമായി വരുക അപൂര്‍വ്വമാണ്. ടേക്ക് ഓഫ് അത്തരമൊരു ചിത്രമായിരുന്നു. പഴയ കാല ചിത്രങ്ങളെടുത്താന്‍ സിബിഐ ഡയറിക്കുറിപ്പ് അത്തരമൊരു ചിത്രമായിരുന്നു. അതിനേക്കാളൊക്കെ ഉയര്‍ന്ന നിലയിലുള്ള പരിശ്രമം വൈറസിന്റെ സ്‌ക്രിപ്റ്റിലുണ്ട്. ഇത് പൂര്‍ത്തിയാക്കിയ തിരക്കഥാകാരന്മാരെയും അവരെ സഹായിച്ചവരെയും സ്മരിച്ചുകൊണ്ടു മാത്രമെ ഇങ്ങനെയൊരു ചിത്രത്തെകുറിച്ച് സംസാരിക്കാന്‍ കഴിയൂ.മുഹ്‌സിന്‍ പരാരിയും ഷര്‍ഫും സുഹാസും തയ്യാറാക്കിയ തിരക്കഥ ഗംഭീരമെന്നെ പറയേണ്ടു.
ആഷിക്കിനെ നന്നായി തുണച്ച സിനിമാറ്റോഗ്രാഫര്‍ രാജീവ് രവി, കിറുകൃത്യമായ എഡിറ്റിംഗ് നിര്‍വ്വഹിച്ച സാജു ശ്രീധരന്‍, വളരെ അപൂര്‍വ്വമായി മാത്രം ഉയര്‍ന്നുപോയി എന്ന് വേണമെങ്കില്‍ ആക്ഷേപമുന്നയിക്കാവുന്ന, എന്നാല്‍ മികച്ച സംഗീതം നിര്‍വ്വഹിച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യം, എന്നിവരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
നിപ്പ ബാധിച്ചു മരിച്ച നഴ്‌സിനെ ചുറ്റിപ്പറ്റി ഒരു ചിത്രം എന്ന ധാരണയിലായിരുന്നു ചിത്രം കാണാന്‍ പോയത്. പക്ഷെ തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ ബോധ്യമായി ചിത്രത്തിലെ പ്രധാന കഥാപാത്രം വൈറസാണെന്ന്. ബാക്കിയെല്ലാവരും തുല്യനിലയില്‍ ശക്തരായ കഥാപാത്രങ്ങള്‍ മാത്രം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശക്തമായ കൂട്ടായ്മയുടെ വിജയ ചിത്രമാണ് വൈറസ്. അഭിനയത്തികവുളള അഭിനേതാക്കളെ കഥാപാത്രങ്ങളുടെ കുപ്പായമിടുവിച്ച് അനശ്വരമാക്കുക എന്നതായിരുന്നു ആഷിക്കിന്റെ ടെക്‌നിക്. അതിലയാള്‍ പൂര്‍ണ്ണമായും വിജയിച്ചു. ചെറുതും വലുതുമായ കഥാപാത്രങ്ങളില്ല, എല്ലാം വലിയ കഥാപാത്രങ്ങള്‍ മാത്രം.
ഇന്ദ്രജിത്ത്, കുഞ്ചാക്കൊ ബോബന്‍, പാര്‍വ്വതി, റിമ കല്ലിംഗല്‍, സൗബിന്‍, അസിഫ് അലി,ടൊവിനൊ, രേവതി,റഹ്മാന്‍, ഇന്ദ്രന്‍സ്,പൂര്‍ണ്ണിമ,ശ്രീനാഥ് ഭാസി,മഡോണ,ജോജു, രമ്യ നമ്പീശന്‍, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ,ഷറഫുദീന്‍, സഖറിയ മുഹമ്മദ്, ഷെബിന്‍ ബന്‍സണ്‍,സുധീഷ്,സാവിത്രി ശ്രീധരന്‍, ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ്, ലുക്ക്മാന്‍ ലുക്ക്, ആന്‍ സലിം, ഹാരിസ് സലിം, സജിദ മഠത്തില്‍, ലിയോണ്‍, നിഖില്‍ രവീന്ദ്രന്‍, സനൂപ്, ശ്രീകാന്ത് മുരളി , വെട്ടുകിളി പ്രകാശ്, ശ്രീദേവി ഉണ്ണി, സീനത്ത് തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഒരു പിടി താരങ്ങളാണ് ചിത്രത്തിന്റെ ദൃശ്യപൊലിമ.
22 ഫീമെയില്‍ കോട്ടയത്തിന് ശേഷം ആഷിക്കിന്റെ മറക്കാന്‍ കഴിയാത്തൊരു സംഭാവനയായി വൈറസ് രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല.
Nice review
ReplyDelete