അമേരിക്ക- ചൈന വ്യാപാര സംഘര്‍ഷം
അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം മുറയ്ക്ക് വാര്‍ത്തയാകുന്നുണ്ടെങ്കിലും ഇത് അമേരിക്കന്‍ ജനതയെ ഏത് വിധമാകും ബാധിക്കുക എന്നതിനെ കുറിച്ച് എനിക്ക് വ്യക്തത കുറവായിരുന്നു. ടൈം മാസികയില്‍ Alana Semuels എഴുതിയ ലേഖനം ലളിതമായി കാര്യങ്ങള്‍ പറഞ്ഞു തരുന്നു. വ്യാപാരരംഗത്തെ സംഘര്‍ഷം രൂക്ഷമായത് ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റായ ശേഷമാണ്. മുന്‍പ് ആയുധവില്‍പ്പനയില്‍ ആര് മുന്‍പന്‍ എന്ന നിലയില്‍ അമേരിക്കയും റഷ്യയും തമ്മിലൊരു സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ ചൈന- അമേരിക്ക താരിഫ് വാര്‍ എല്ലാ മേഖലകളിലേക്കും പ്രതിസന്ധി വ്യാപിപ്പിച്ചിരിക്കയാണ്.
ലോകം ഒറ്റ ഗ്രാമംപോലെയായി തീര്‍ന്നതോടെ ദേശ-ഭാഷ വ്യത്യാസമില്ലാതെ വ്യാപാര സൗഹൃദങ്ങള്‍ വികസിക്കുകയായിരുന്നു. അമേരിക്കയിലെ ഒരു സ്റ്റീല്‍ ഉത്പ്പന്ന നിര്‍മ്മാണ യൂണിറ്റിന് അവന്റെ കച്ചവടം ലാഭകരമാകണമെങ്കില്‍ ചൈനയില്‍ നിന്നുള്ള വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ സ്‌പെയര്‍ പാര്‍ട്ടസുകള്‍ വേണം. അങ്ങിനെ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുമ്പോഴാണ് ട്രംപ് സ്വദേശി കാര്‍ഡ് വീശിയത്.ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ - അലൂമിനിയം ഉതപ്പന്നങ്ങളുടെ താരിഫ് വര്‍ദ്ധിപ്പിച്ചുകൊണ്ടു തുടങ്ങിയ യുദ്ധം ഇപ്പോള്‍ 200 ബില്യണ്‍ ഡോളറിന് മുകളിലുള്ള ചൈനീസ് ഉതപ്പന്നങ്ങളെ ബാധിച്ചു കഴിഞ്ഞു.
നാട്ടിലുണ്ടാക്കുക, ഉപയോഗിക്കുക എന്നതാണ് ട്രമ്പിന്റെ ആഹ്വാനം. ലോകമാകെ വാങ്ങിയും വിറ്റും ആഘോഷിക്കുമ്പോള്‍ അമേരിക്കന്‍ കമ്പനികളും ജനതയും സ്വദേശിവത്ക്കരണത്തിന്റെ തുടര്‍ച്ച എന്താകും എന്ന് അമ്പരന്നു നില്‍ക്കുകയാണ്.
വളരെ പഴക്കമുള്ള ആശയമാണ് സ്വദേശിവത്ക്കരണം. ഇന്ത്യ ,വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കുകയും സ്വദേശിപ്രസ്ഥാനം തുടങ്ങുകയുമൊക്കെ ചെയ്തത് സ്വാതന്ത്യ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. അമേരിക്കയില്‍ ജോര്‍ജ്ജ് വാഷിംഗ്ടണും രാജ്യത്തിന്റെ വ്യാവസായിക വത്ക്കരണത്തിന്റെ തുടക്കകാലത്ത് സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിച്ചിരുന്നു. 1920-30 കാലത്ത് മൈഗ്രേഷന്‍ വ്യാപകമായപ്പോഴും അമേരിക്ക സ്വദേശികളുടെ അവകാശത്തിനുള്ള പ്രക്ഷോഭം നടത്തി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ, ശക്തമായ രാജ്യം എന്ന നിലയില്‍ അമേരിക്ക, ലോകമാകെ ആവശ്യമായ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വിറ്റും റീട്ടെയില്‍ ശ്രംഖലകള്‍ ആരംഭിച്ച് വിപണികള്‍ കൈയ്യടക്കിയും മുന്നോട്ടുപോവുകയും പ്രാദേശിക വാദത്തെ അടച്ചുപൂട്ടിവച്ച് വന്‍ കൊയ്ത്തു നടത്തുനടത്തുകയും ചെയ്തു. കൊയ്ത്ത് കുറയുമ്പോളാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത്. 1990 കളില്‍ അമേരിക്കന്‍ റോഡുകള്‍ ജപ്പാന്റ വാഹനങ്ങള്‍ കൈയ്യടക്കിയപ്പോള്‍ വീണ്ടും പ്രാദേശികവാദം ഉയര്‍ന്നെങ്കിലും വേഗം കെട്ടുപോയി.
എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. അമേരിക്കയില്‍ നിര്‍മ്മിക്കുന്ന മിക്ക ഉത്പ്പന്നങ്ങളുടെയും പാര്‍ട്ടുകള്‍ വരുന്നത് ചൈനയില്‍ നിന്നാണ്. വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നാണ്. 2013ല്‍ ട്രമ്പിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് വാള്‍മാര്‍ട്ട് 50 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്നും വാങ്ങിയപ്പോള്‍ അത് അവരുടെ ആകെ പര്‍ച്ചേയ്‌സിന്റെ 1.5 ശതമാനം മാത്രമായിരുന്നു എന്നതാണ് തമാശ.
ഇ-കൊമേഴ്‌സിന്റെ ഇന്നത്തെ കാലത്ത് ഉത്പ്പാദകരുടെ വെല്ലുവിളി നിരവധിയാണ്. റീട്ടെയിലേഴ്‌സ് സാധനങ്ങള്‍ വാങ്ങി സ്‌റ്റോക്കു ചെയ്യുന്ന രീതി കുറഞ്ഞു. അമേരിക്കയിലെ ലേബര്‍ കോസ്റ്റ് മറ്റെവിടത്തേതിലും കൂടുതലാണ്. ഇതിനോട് ചേര്‍ന്ന് സ്‌പെയര്‍ പാര്‍ട്ട്‌സിന്റെ ഉയര്‍ന്ന താരിഫ് കൂടി വന്നതോടെ അവര്‍ വിഷമവൃത്തത്തിലായിരിക്കയാണ്.
യൂറോപ്പിലും മറ്റുമുള്ള കോംപറ്റീറ്റേഴ്‌സ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങല്‍ വിപണിയിലിറക്കുമ്പോള്‍ ചൈനയില്‍ നിന്നും വിലകുറവുള്ള നിര്‍മ്മാണ വസ്തുക്കള്‍ വാങ്ങാന്‍ കഴിയാത്ത അമേരിക്കന്‍ കമ്പനികള്‍ ലോകവിപണിയില്‍ പിന്‍തള്ളപ്പെടുക സ്വാഭാവികം. എങ്ങിനെയും സ്വദേശിവത്ക്കരണം നടപ്പിലാക്കാം എന്നു കരുതിയാല്‍ ചില പാര്‍ട്ട്‌സുകള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ തന്നെ അമേരിക്കയിലില്ല എന്നതാണ് പരമാര്‍ത്ഥം. ഇനി ഉണ്ടായിവരാന്‍ കാലമെടുക്കും. പിന്നൊരു മാര്‍ഗ്ഗം മറ്റേതെങ്കിലും രാജ്യത്ത് നിര്‍മ്മിച്ച് അമേരിക്കയില്‍ അസംബിള്‍ ചെയ്യുക എന്നതാണ്. അങ്ങിനെ വരുമ്പോള്‍ നിലവിലുള്ള ഒരു നല്ല പങ്ക് അമേരിക്കന്‍ തെഴിലാളികളെ പിരിച്ചു വിടേണ്ടി വരും.
ഉപഭോക്താക്കളായ അമേരിക്കക്കാര്‍ക്ക് ട്രമ്പിന്റെ ഈ പ്രാദേശിക വികാരത്തോട് കമ്പമില്ലെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. 2017ലെ സര്‍വ്വെ പറയുന്നത് 69% ആളുകള്‍ക്കും വിലയാണ് പ്രധാനം എന്നാണ്. 77 % പേര്‍ ഗുണമേന്മ ശ്രദ്ധിക്കുമ്പോള്‍ 32 % ആളുകളെ മെയ്ഡ് ഇന്‍ യുഎസ്എ ക്ക് പ്രാധാന്യം നല്‍കുന്നുള്ളു. ട്രമ്പിന്റെ രാഷ്ട്രീയ ഭാവിയുമായിപോലും ബന്ധപ്പെട്ടിരിക്കുന്ന ഈ 'ചൈന യുദ്ധം' നമുക്കും കൗതുകത്തോടെ കണ്ടിരിക്കാം.
No comments:
Post a Comment