ചെറുകഥ
നാലാമിടത്തെ പ്രശ്‌നങ്ങള്‍
( 1999 ഡിസംബര്‍ 12-18 ലക്കം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)
ഓഫീസിന്റെ ഗ്ലാസ് ഡോര്‍ തുറന്ന് അയാള്‍ ഉള്ളിലേക്ക് വന്നു. നമസ്‌തെ പറഞ്ഞ് തികച്ചും പതിഞ്ഞ സ്വരത്തില്‍ അയാള്‍ ചോദിച്ചു,' ജസ്റ്റീസ് കൃഷ്ണയ്യര്‍ ദില്ലിയിലുണ്ടോ എന്നറിയാമൊ? എനിക്കദ്ദേഹത്തെ ഒന്നു കാണണമായിരുന്നു.'
അഞ്ചരയടിക്ക് താഴെ മാത്രം ഉയരമുള്ള, കൃശഗാത്രനായ സര്‍ദാര്‍ജിയുടെ തലപ്പാവ് അയാള്‍ക്കൊരു ഭാരമാണെന്നു തോന്നി. ഗോലിപോലെ ചലിക്കുന്ന കണ്ണുകളില്‍ വ്യഥ നിറഞ്ഞുനില്‍ക്കുന്നു. പ്രായം മുറിവേല്‍പ്പിച്ച മനസാണ്. ബാല്യ-കൗമാര-യൗവ്വനങ്ങള്‍ പിന്നിട്ട് നാലാമിടത്തെത്തിയതോടെ ദൃഢത കൈവിട്ടുപോയിരിക്കുന്നു.
' ഇരിക്കൂ ', ഞാന്‍ പറഞ്ഞു.
അയാള്‍ മുന്നിലെ കസേരയില്‍ ഇരുന്നു.
സഞ്ജയനോട് ഒരു ഗ്ലാസ് തണുത്ത വെള്ളം കൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അയാള്‍ നന്ദി പറഞ്ഞ് അത് കുടിച്ചു.
'ജസ്റ്റീസ് ദില്ലിയില്‍ വന്നാല്‍ കേരളഹൗസിലാണ് തങ്ങാറ്. പക്ഷെ ഇപ്പോള്‍ നാട്ടിലാണുള്ളത്.'
അയാളുടെ മുഖം മങ്ങി.ജസ്റ്റിസിനെ ഉടന്‍ കാണാന്‍ കഴിയാത്തതിലുള്ള നിരാശ മുഖത്ത് പ്രകടമായി.
എഴുപതിനടുത്ത് പ്രായം വരുന്ന ഈ മനുഷ്യനെ അലട്ടുന്ന പ്രശ്‌നം എന്താകാം ? പെട്ടെന്നോര്‍ത്തത് എണ്‍പത്തിനാലിലെ ലഹളയാണ്.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് ദില്ലിയില്‍ ധാരാളം സിക്കുകാര്‍ കൊല ചെയ്യപ്പെട്ടിരുന്നു. ഒരു പക്ഷെ ഇയാളുടെ കുടുംബം - ?
ഇനിയും നീതി കിട്ടാതെ അലയുന്നൊരു മനുഷ്യനാകാം തന്റെ മുന്നില്‍.
' ഫോണ്‍ നമ്പര്‍ തന്നേക്കൂ, അദ്ദേഹം വരുന്ന സമയം നോക്കി അറിയിക്കാം.'
നിരാശ പടര്‍ന്ന മുഖം അല്‍പ്പം പ്രസന്നമായി.
' വളരെ സന്തോഷം, എന്റെ നമ്പര്‍ ഒന്നെഴുതിക്കോളൂ. '
അയാള്‍ പറഞ്ഞ നമ്പര്‍ ഡയറിയില്‍ കുറിച്ചിട്ടു.
' എന്റെ വീട്ടുടമ മിസിസ് കൗളിന്റെ നമ്പരാണിത്. അവര്‍ക്ക് മെസേജ് നല്‍കിയാല്‍ മതി', അയാള്‍ പറഞ്ഞു.
' താങ്കളുടെ പേര് പറഞ്ഞില്ല'
' ഓ- സോറി, അത് ഞാന്‍ മറന്നു. എന്റെ പേര് ഹര്‍ബജന്‍ സിംഗ് എന്നാണ്', അയാള്‍ പോകാനുള്ള തയ്യാറെടുപ്പോടെ തന്റെ ഊന്നുവടി കൈയ്യിലെടുത്തു. അയാളുടെ പ്രശ്‌നം എന്തെന്നറിയാനുള്ള ആകാംഷ മനസില്‍ നിറഞ്ഞ് തികട്ടിയെങ്കിലും മര്യാദ പാലിച്ചു.
ശ്രീധരന്‍ ചായയുമായി എത്തിയത് അപ്പോഴാണ്.
' സര്‍ദാര്‍ജിക്കും ഒരു ചായ കൊടുക്കൂ ശ്രീധരാ', അയാള്‍ നിഷേധവാക്കുകള്‍ പറയാതെ ചായ സ്വീകരിച്ചു. അയാള്‍ക്ക് തന്നെകുറിച്ച് സംസാരിക്കണമെന്നുണ്ട് എന്ന് ആ മുഖം വ്യക്തമാക്കി. ഞാന്‍ ചെവിയോര്‍ത്തു.
' ഞാനൊരു കേബിള്‍ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരു മകനും ഉള്‍പ്പെട്ട സന്തുഷ്ട കുടുംബം. ഫാക്ടറിയും വീടുമല്ലാതെ മറ്റൊരു ലോകമില്ലായിരുന്നു എനിക്ക്. വളരെ കൃത്യമായും സത്യസന്ധമായും ജോലി നിര്‍വ്വഹിക്കുകയും വീട്ടിലെത്തി കുടുംബത്തോടൊപ്പം ശേഷസമയം ഉല്ലാസത്തോടെ ചിലവാക്കുകയും ചെയ്തിരുന്ന ഒരാളാണ് ഞാന്‍. കുട്ടികള്‍ക്ക് എന്നെ ജീവനായിരുന്നു. അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കുകയും പാട്ടു പാടുകയും പഠിത്തത്തില്‍ സംശയങ്ങള്‍ തീര്‍ത്തുനല്‍കുകയും ചെയ്യുമായിരുന്നു ഞാന്‍.'
അയാളുടെ ശബ്ദം പതറുന്നത് ഞാനറിഞ്ഞു.
' ഭാര്യയും വരുമാനത്തില്‍ ഒതുങ്ങി നിന്ന് ജീവിക്കാന്‍ സമര്‍ത്ഥയായിരുന്നു.അവളും എന്നെ സ്‌നേഹിച്ചിരുന്നതായി എനിക്കു തോന്നി. ഒരു ശരാശരി മനുഷ്യന്റെ സംതൃപ്തിക്ക് ഇതിലധികം എന്തേ വേണ്ടത് ! ', അയാള്‍ ഒരു ചോദ്യമിട്ട് എന്നെ നോക്കി. ഞാന്‍ തലകുലുക്കി സമ്മതിച്ചു.
' കുട്ടികള്‍ പഠിക്കാന്‍ മോശമായിരുന്നില്ല.അവര്‍ കോളേജില്‍ പരീക്ഷ നല്ലനിലയില്‍ പാസായി. പെണ്‍കുട്ടികള്‍ക്ക് സ്വകാര്യകമ്പനികളില്‍ ജോലികിട്ടി. ഉള്ള സമ്പാദ്യങ്ങള്‍ ഉപയോഗിച്ച് അവരുടെ വിവാഹവും നടത്തിക്കൊടുത്തു. അവര്‍ മക്കളും ഭര്‍ത്താക്കന്മാരുമായി സുഖമായി കഴിയുന്നു. മോന് ബാങ്കില്‍ ജോലി കിട്ടി. ഒരച്ഛന് സന്തോഷിക്കാന്‍ പിെന്നന്താ വേണ്ടത്!', അയാള്‍ വീണ്ടും ചോദ്യമിട്ട് എന്നെ നോക്കി. എന്റെ തല അറിയാതെ ആടി.
ഇതുപോലൊരു വാര്‍ധക്യം തനിക്കും കാണില്ലെ? അന്നൊരു ഊന്നുവടിയുമായി താനും--! , മനസ് വഴിതെറ്റിയോടിയപ്പോള്‍ അതിനെ പിടിച്ച് വീണ്ടും സിംഗിന് കാഴ്ച വച്ചു.
' സര്‍വ്വീസില്‍ നിന്നും വിരമിച്ചതോടെ എനിക്ക് വല്ലാത്ത മടുപ്പുതോന്നി. സമയം പോകുന്നില്ല. വീട്ടില്‍ തന്നെ ഇരിക്കുക, ടിവി കണ്ട് മുഷിപ്പു മാറ്റുക, ഇതൊന്നും എനിക്ക് ശീലമില്ലാത്തതാണ്. കിട്ടിയ പിഎഫ്, ഗ്രാറ്റുവിറ്റി ഒക്കെ ഉപയോഗിച്ച് ഒരു കച്ചവടം തുടങ്ങണം എന്നായിരുന്നു മനസില്‍. ഭാര്യയും മകനും അതിന് സമ്മതിച്ചില്ല. വയസുകാലത്ത് വിശ്രമിച്ചാല്‍ മതി എന്നായിരുന്നു അവരുടെ അഭിപ്രായം. ഉള്ള പണം ബാങ്കിലിട്ടാല്‍ അതിന്റെ പലിശയെടുത്ത് ചെലവുനടത്താം. ആ ഉപദേശത്തിന് വഴങ്ങേണ്ടിവന്നു. മോന്‍ ബാങ്കിലല്ലെ, അവന്റെ ബാങ്കില്‍തന്നെ തുക നിക്ഷേപിക്കാനായി നല്‍കി. ഫോറവും പൂരിപ്പിച്ചുകൊടുത്തു. ആദ്യമൊക്കെ മാസംതോറും കുറച്ചു പൈസ അവന്‍ നല്‍കിയിരുന്നു. എന്നാല്‍ അവന്റെ വിവാഹം കഴിഞ്ഞതോടെ അത് മുടങ്ങി. പുറത്തൊന്നു ചുറ്റിയടിക്കാനും സിഗററ്റ് വാങ്ങാന്‍ പോലും പണമില്ലാതായി. കോളേജില്‍ പഠിക്കുമ്പോള്‍, കൂട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോകാനും റസ്‌റ്റോരന്റുകളില്‍ കയറാനും മോന് പണം നല്‍കാതിരുന്നതിന്റെ പകവീട്ടലാകുമൊ ഇതെന്ന് ഞാന്‍ സംശയിച്ചു. ഭാര്യയോട് പറയുകയും ചെയ്തു. അവള്‍ അതൊന്നും അത്ര കാര്യമാക്കിയില്ല. കുറെ യാത്ര ചെയ്തതല്ലെ, ഇനി അടങ്ങിയൊതുങ്ങി ഇരിക്ക് എന്നായിരുന്നു മറുപടി. മാത്രമല്ല, എന്റെ കാര്യങ്ങള്‍ അവള്‍ തീരെ ശ്രദ്ധിക്കാതെയുമായി. ഞാന്‍ വരുമാനമില്ലാത്തൊരു വ്യക്തിയായി മാറിയെങ്കിലും ഒന്നിച്ച് എത്രയോ വര്‍ഷം സുഖദുഃഖങ്ങള്‍ പങ്കിട്ടതാണ്. അവള്‍ക്കത്ര വേഗം എന്നെ മറക്കാന്‍ കഴിയുമൊ? ', അയാള്‍ വീണ്ടുമൊരു ചോദ്യമിട്ടു. മറക്കാന്‍ പാടില്ലെന്ന മട്ടില്‍ ഞാന്‍ തലയാട്ടി.
' നിക്ഷേപത്തുകയുടെ പലിശ കിട്ടാതായപ്പോള്‍ ഞാന്‍ ബാങ്കില്‍ പോയി. മാനേജരെ കണ്ട് വിവരം പറഞ്ഞു. അയാള്‍ അന്വേഷിച്ചപ്പോഴാണ് ഞാന്‍ വഞ്ചിക്കപ്പെട്ടൂന്ന് ബോധ്യമായത്'.
മകന്‍ അച്ഛനെ വഞ്ചിക്കുകയൊ? മനസ് ഒന്നുകൂടി സഞ്ചാരം നടത്തി. താന്‍ എപ്പോഴെങ്കിലും അച്ഛനെ വഞ്ചിട്ടുണ്ടോ ? ഉണ്ട്. ഉണ്ടാകാം; സന്ദര്‍ഭങ്ങള്‍ ഓര്‍മ്മ വരുന്നില്ല.
' തുക നിക്ഷേപിച്ചിരിക്കുന്നത് മകന്റെയും അമ്മയുടെയും പേരിലാണ്. ഞാന്‍ ശരിക്കും ചെറുതായൊരു നിമിഷമായിരുന്നു അത്. അതിനെചൊല്ലി ഞാനെന്റെ ഭാര്യയും മകനുമായി കലഹിച്ചു. നിങ്ങള്‍ അനവശ്യച്ചിലവുകാരനാണ്. അതുകൊണ്ട് എന്റെ കാര്യം ഞാന്‍ നോക്കണ്ടെ. മോനും ഞാനും വളരെ ആലോചിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് അവള്‍ എന്നോടുപറഞ്ഞു. പണം ചെറുതോ വലുതോ ആകട്ടെ, മനുഷ്യനും ഉപരിയാണതെന്ന് വയസുകാലത്ത് അവരെന്നെ പഠിപ്പിച്ചു. ഭാര്യയിലും മകനിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട ഞാന്‍ അന്ന് വീടുവിട്ടു. എന്നെ തിരികെ വിളിക്കാന്‍ അവള്‍ വരുമെന്ന് ഞാന്‍ കരുതി. എന്റെ കണക്കുകള്‍ തെറ്റി. അതവള്‍ക്കൊരാശ്വാസമായപോലെ. പെണ്‍മക്കളുടെ വീട്ടില്‍ പോയെങ്കിലും അവിടെയും എനിക്ക് തങ്ങാന്‍ കഴിഞ്ഞില്ല. അവരെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. നെഞ്ചിലും തോളത്തും വച്ചുവളര്‍ത്തിയ കുട്ടികളാ. പക്ഷെ വളര്‍ന്നു കഴിഞ്ഞാല്‍ അവരുടെ നെഞ്ചേറാന്‍ അവരുടെ കുട്ടികളായി. പിന്നെ,വൃദ്ധനായ എന്നെ നോക്കാന്‍ എവിടെ നേരം. ഈ മഹാനഗരത്തിലെ ജോലിത്തിരക്കും ചെറിയ വീടുകളിലെ താമസവുമൊക്കെയായി അവരുടെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഒരാളാകാന്‍ എനിക്ക് വിഷമം തോന്നി. നാല്‍പ്പതു വര്‍ഷത്തിലേറെ ഞാന്‍ സേവിച്ച എന്റെ കുടുംബം വിഷമം മാത്രം നല്‍കിയപ്പോള്‍, വയസുകാലത്ത് എനിക്ക് തുണയായത് തൊഴില്‍ ചെയ്ത കമ്പനിയാണ്. അവിടെ കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത ഈ കിഴവന് അവര്‍ ഒരു ജോലിതന്നു. കുറഞ്ഞൊരു ശമ്പളവും. അങ്ങിനെ ഞാന്‍ മിസിസ് കൗറിന്റെ വീട്ടില്‍ ഒരു മുറി വാടകയ്‌ക്കെടുത്ത് താമസമാക്കി. ഇപ്പോള്‍ എനിക്ക് പ്രിയപ്പെട്ടവര്‍ മിസിസ് കൗറാണ്. ഞാന്‍ ലോകത്തെ കാണുന്നത് അവരിലൂടെയാണ്. അവരുടെ മക്കളിലൂടെയും അവര്‍ നല്‍കുന്ന സ്‌നേഹത്തിലൂടെയുമാണ്. രക്തബന്ധത്തില്‍ പെട്ട ഭാര്യയും മകനും എനിക്കിപ്പോള്‍ മിത്രങ്ങളല്ല. അവരില്‍ നിന്നും നീതി കിട്ടാന്‍ എനിക്ക് മനുഷ്യാവകാശ കമ്മീഷനില്‍ ബന്ധപ്പെടണം. എന്റെ അധ്വാനത്തിന്റെ ഫലമായ തുക എനിക്ക് തിരികെ കിട്ടണം. ഞാന്‍ ഈ കാര്യങ്ങള്‍ കാണിച്ച് ജസ്റ്റീസിന് എഴുതിയിരുന്നു. അദ്ദേഹം ദില്ലിയില്‍ വരുമ്പോള്‍ വന്നു കാണൂ, സംസാരിക്കൂ എന്നാണ് എഴുതിയിരുന്നത്. വയസുചെന്നു ദുര്‍ബ്ബലനായ എനിക്ക് നീതി ലഭിക്കുമൊ എന്ന് അദ്ദേഹത്തോട് ചോദിക്കണം.'
അയാളുടെ ശബ്ദം വിറച്ചു.കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ സഹതാപത്തോടെ ആ മനുഷ്യനെ നോക്കി. അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് ആശ്വസിപ്പിച്ചു.
' ഇപ്പോള്‍ എന്റെ മകനേക്കാള്‍ സ്‌നേഹം എനിക്ക് നിങ്ങളോട് തോന്നുന്നു. ക്ഷമയോടുകൂടി ഇത്രയും സമയം എനിക്കൊപ്പമിരിക്കാന്‍ പോലും അവന് കഴിയില്ല. എന്തിനവനെ കുറ്റം പറയുന്നു, അവന്റമ്മയ്ക്കു കഴിയില്ലല്ലൊ. ഞാനിറങ്ങുന്നു കുട്ടീ, തനിക്കൊരു ബുദ്ധിമുട്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം വരുന്ന വിവരമറിഞ്ഞാല്‍ ഉടന്‍ വിളിക്കണം, മറക്കരുത്'.
ഞാന്‍ സമ്മതിച്ചു.
അയാള്‍ വളരെ ശ്രദ്ധിച്ച് വാതില്‍ തുറന്ന് പടിയിറങ്ങിപോകുന്നത് നോക്കിനിന്നപ്പോള്‍ കണ്ണുകള്‍ നനഞ്ഞു.
അന്ന് ജോലിയില്‍ തീരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. വൃദ്ധന്റെ പളുങ്കുമണികള്‍ പോലുള്ള കണ്ണുകളിലെ ദൈന്യം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. തിരികെ വീട്ടിലെത്തിയപ്പൊഴും ആ കണ്ണുകള്‍ പിന്നാലെ വന്നു.
' അനിയനിപ്പോള്‍ ചെറുപ്പമാണ്. ഏറെ നടക്കുമ്പോള്‍ എന്നെപോലെ വടിയൂന്നി, അശരണനായി --', അയാള്‍ പിറകെ നടന്ന് ഉപദേശിക്കുന്നതായി തോന്നി.
എന്നെ കണ്ടപ്പോള്‍ മോന്‍ ഓടിവന്ന് സന്തോഷത്തോടെ കെട്ടിപ്പുണര്‍ന്നു. അവന്‍ വികൃതികള്‍ കാട്ടാന്‍ തുടങ്ങി. ഞാന്‍ ആ നിഷ്‌ക്കളങ്കമായ കണ്ണുകളിലേക്ക് നോക്കി. ഇവനില്‍ കാപട്യം നിറയുന്നത് എന്നാണ് ?
രാത്രിയില്‍ ചോറും ഇഷ്ടവിഭവങ്ങളും വിളമ്പി അന്നത്തെ വിശേഷങ്ങള്‍ പറയുന്ന ഭാര്യയുടെ സ്‌നേഹസ്പര്‍ശം - ഇതവസാനിക്കുന്നത് എന്നാകും ?
Great presentation, ajith
ReplyDelete👌👌👌👍👍
ReplyDelete