കഥ
1996 ഏപ്രില്‍ മാസത്തിലെ കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ചത്
പുതുവര്‍ഷം തുടങ്ങുന്നത്
തണുപ്പ് അരിച്ചു കയറുന്ന പുതുവര്‍ഷത്തലേന്ന്. പോയവര്‍ഷത്തെ പ്രധാന സംഭവങ്ങള്‍ വിവരിക്കുന്ന ദൂരദര്‍ശന്‍ പരിപാടി കഴിഞ്ഞു. ശോഭനമായൊരു പുതുവര്‍ഷം ആശംസിച്ച് സുന്ദരിയായ അവതാരക സ്‌ക്രീനില്‍ നിന്നു മറഞ്ഞപ്പോഴാണ് കോളിംഗ് ബല്‍ മുഴങ്ങിയത്. ക്ലോക്കില്‍ പതിനൊന്നടിച്ചു.
തണുപ്പിന്റെ കാഠിന്യമേറിയ ഈ രാത്രിയില്‍ ആരാകും വിരുന്നുകാരന്‍, രാജഗോപാല്‍ ചിന്തിച്ചു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ എല്ലാവര്‍ഷവും ഒത്തുകൂടാറുള്ളത് പാര്‍ക്ക് ഹോട്ടലിലാണ്. ഇത്തവണ കമ്പനികളൊന്നുമില്ലാതെ സ്വസ്ഥമായിരുന്ന് മൂന്ന് പെഗ്, അതും റം.
വിസ്‌കി തണുപ്പിന് കൊള്ളില്ലെന്നാണ് ശ്രീദേവന്‍ പറഞ്ഞത്.
പോയവര്‍ഷത്തെ പ്രധാന സംഭവങ്ങള്‍ മനസില്‍ ഓടിയെത്തി. രാജന്‍ പിള്ളയുടെ ദാരുണാന്ത്യം, കല്‍ക്കരി ഖനിയിലെ ദുരന്തം, ഹരിയാനയിലെ തീ പിടുത്തം, അനേകം രാഷ്ട്രീയ നാടകങ്ങള്‍, സഞ്ജയ്ദത്തിന്റെ മോചനം.
മദ്യം തലച്ചോറിനു നല്‍കിയ മന്ദത മൂലമാകാം ആദ്യത്തെ വിളി കാര്യമാക്കാഞ്ഞത്. വീണ്ടും കോളിംഗ് ബെല്ലിന്റെ മുഴക്കം. രാജഗോപാല്‍ എഴുന്നേറ്റു.കാലുകള്‍ നിലത്ത് ഉറയ്ക്കുന്നില്ല. വാതില്‍പടിയില്‍ പിടിച്ച് അടുത്ത മുറിയിലേക്ക് നടന്നു.ഭാര്യയും മകളും ഉറങ്ങിക്കഴിഞ്ഞു. ഈ തണുത്ത നാളുകളില്‍ സിരകളില്‍ അല്‍പ്പം ലഹരിയില്ലെങ്കില്‍, എടിഎന്നൊ സ്റ്റാര്‍ ടിവിയൊ കണ്ടില്ലെങ്കില്‍, ആരായാലും ഉറങ്ങിപോകും.
വാതിലിന്റെ കൊളുത്തെടുത്ത് പകുതി തുറന്നപ്പോഴെ സന്ദര്‍ശകയെ മനസിലായി; രജിത. തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന ദേവദത്തന്റെ മകള്‍.
' എന്താ മോളെ ', രാജഗോപാല്‍ ചോദിച്ചു.
' അങ്കിള്‍, പപ്പാ - ' ,അവളുടെ വാക്കുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
തലയുടെ മന്ദത പെട്ടെന്ന് കുറഞ്ഞു. ' എന്തേ, പപ്പയ്‌ക്കെന്തു പറ്റി ? ' , അയാള്‍ ചോദിച്ചു.
' കുറെ ദിവസമായി പനിയായിരുന്നു. ഒപ്പം പതിവുള്ള ഗ്യാസ്ട്രബിളും. ഇപ്പോള്‍ വയറ്റിനു നല്ല വേദനയുണ്ട് ', അവള്‍ പറഞ്ഞു.
വാതിലിന്റെ കുറ്റി പുറത്തുനിന്നിട്ട് അയാള്‍ രജിതയ്‌ക്കൊപ്പം നടന്നു. ദേവദത്തന്റെ ഭാര്യ അയാളുടെ വയറ് തടവുന്നുണ്ടായിരുന്നു. ദേവദത്തന്‍ അധികമാരോടും സംസാരിക്കാറില്ല. ഒരു കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലാണെങ്കിലും ബന്ധങ്ങള്‍ വളരെ കുറവാണ്. പലപ്പോഴും ഒരു ചിരിയിലൊതുങ്ങുന്ന സൗഹൃദങ്ങള്‍. ഇയാളെക്കൊണ്ട് എന്തെങ്കിലുമൊക്കെ പറയിക്കാന്‍ രാജഗോപാലിനെ കഴിയൂ എന്ന് എം.കെ.ചൗധരിയും കെ.എന്‍.സിംഗും പറയാറുണ്ട്. ഈ പറയുന്നവരും സാമൂഹ്യബന്ധങ്ങളില്‍ വട്ടപ്പൂജ്യമാണെന്ന് രാജഗോപാല്‍ മനസില്‍ വിചാരിക്കും.
എല്ലാവര്‍ക്കും എപ്പോഴും തിരക്കാണ്. പണമുണ്ടാക്കാന്‍, അത് വേണ്ടവിധം നിക്ഷേപിക്കാന്‍, പിന്നെ കൂട്ടലുകള്‍,കിഴിക്കലുകള്‍. ഒരല്‍പ്പസമയം കിട്ടിയാല്‍ അത് ടിവി കാണാനും വാഹനത്തിന്റെ മെയിന്റനന്‍സിനുമായി മാറ്റിവയ്ക്കും. വല്ലപ്പോഴും കുടുംബമായി ഇന്ത്യാഗേറ്റിലൊ ലോദി ഗാര്‍ഡനിലൊ ഒരു കറക്കം. കുറച്ച് പെപ്‌സി, ഐസ്‌ക്രീ, അങ്കിള്‍ ചിപ്‌സ്.
ഈ ലോകം വളരെ ഇടുങ്ങുകയാണ്.അതിനിടയില്‍ തന്നെപോലെ ചില ബോറന്മാര്‍ മാത്രം വലിഞ്ഞുകയറി സംസാരിക്കാന്‍. രാജഗോപാലന്‍ പലപ്പോഴും ചിന്തിച്ച് ചിരിക്കാറുണ്ട്.
' ദേവദത്തന്‍, രാത്രിയില്‍തന്നെ ഹോസ്പിറ്റലില്‍ പോകണൊ?', രാജഗോപാല്‍ ചോദിച്ചു.
' വേണ്ട, മിസ്റ്റര്‍ രാജഗോപാല്‍, കുറച്ച് സുഖമുണ്ട്. ഇത് ഗ്യാസ്ട്രബിളാ. വയറ് വല്ലാണ്ട് കത്തുന്നു. ഗുളികകള്‍ തീര്‍ന്നു.തന്റടുത്ത് ഉറക്കഗുളികയുണ്ടൊ, എങ്കില്‍ ഒന്ന് തന്നോളൂ. രാത്രി കഴിച്ചുകൂട്ടിയാല്‍ സമാധാനമായി. രാവിലെ ഡോകടര്‍ മഹാജനെ കാണാം', ദേവദത്തന്‍ പറഞ്ഞു.
എപ്പോഴും ഉറക്കഗുളികകള്‍ സൂക്ഷിക്കാറുള്ള രാജഗോപാലിന്റെ കൈയ്യില്‍ അന്നേ ദിവസം ഒരെണ്ണം പോലും എടുക്കാനുണ്ടായിരുന്നില്ല. ഭയം നിറഞ്ഞ നാളെകള്‍ മാത്രമുള്ള ഈ നാട്ടില്‍ ഉറക്കഗുളികകളില്ലാതെ എങ്ങിനെ കഴിയാന്‍ ?
' സോറി,മിസ്റ്റര്‍ ദേവദത്തന്‍, സ്‌റ്റോക്കെല്ലാം കഴിഞ്ഞു. ഇന്ന് പുതുവര്‍ഷത്തെ കാത്തിരാക്കാന്‍ നേരത്തെ തയ്യാറെടുത്തതിനാല്‍ ഗുളിക വാങ്ങാന്‍ പോയതുമില്ല, സോറി'
' ഓ, സാരമില്ല, എങ്ങിനെയെങ്കിലും ഈ രാത്രി കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു', ദേവദത്തന്‍ അസ്വസ്ഥനായി.
പുതുവര്‍ഷം ജന്മമെടുക്കുന്നതിന്റെ പേറ്റുനോവാണൊ അതെന്ന് തലയില്‍ നുരകുത്തിയ ലഹരി തന്നോടുതന്നെ ചോദിച്ചു. ദേവദത്തന്റെ സ്ഥിതി കണ്ടിട്ട് രാജഗോപാലിന് ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാതെയായി. ഉറക്കം കണ്ണുകളിലേക്ക് ചാല് തുറന്നതായും അയാളറിഞ്ഞു.
' മിസിസ് ദേവദത്തന്‍, ഇഞ്ചിയുണ്ടോ, ഇഞ്ചി ', രാജഗോപാല്‍ ചോദിച്ചു.
' ഉണ്ടല്ലൊ ', അവര്‍ പറഞ്ഞു.
' കുറച്ച് ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് പഞ്ചസാരയും ചേര്‍ത്ത് കൊടുക്കൂ. ഗ്യാസിന് ശമനമുണ്ടാകും. നേരം വെളുക്കുമ്പോള്‍ ആശുപത്രിയില്‍ പോകാം.ഉറങ്ങാന്‍ ശ്രമിക്കൂ മിസ്റ്റര്‍ ദേവദത്തന്‍, ഏതായാലും നേരം പുലരട്ടെ.', ആടുന്ന കാലുകള്‍ ഉറപ്പിച്ച് രാജഗോപാല്‍ തിരികെ നടന്നു.
രജിതയും രഞ്ജനയും അടുക്കളയിലേക്ക് പോയി. ഇഞ്ചി നീരുണ്ടാക്കിയത് കുടിച്ച് ദേവദത്തന്‍ സുഖമായുറങ്ങട്ടെ എന്ന് പ്രാര്‍ത്ഥിച്ച് രാജഗോപാല്‍ മുറിയില്‍ കടന്ന് രസായിയുടെ ചൂടിലേക്ക് കടന്നുകയറി.
മുറിയില്‍ കൂര്‍ക്കം വലിയുടെ ഉച്ചസ്ഥായിയിലും കീഴ്സ്ഥായിയിലുമുള്ള താളങ്ങള്‍. രാജലക്ഷ്മിയും മോളും നല്ല ഉറക്കത്തിലാണ്. അക്ഷയ്കുമാറിന്റെ പടം കാണാന്‍ അനുവദിച്ചില്ലെന്ന പരാതിയോടെയാണ് ഈ വര്‍ഷത്തിന് വിട പറഞ്ഞ് അവര്‍ ഉറങ്ങാന്‍ പോയത്. ഒരാളിന് ഒരു ടിവി എന്നതിന്റെ പ്രസക്തി മനസിലായതും അപ്പോഴാണ്.
പലതും ഓര്‍ത്തു കിടക്കെ രാജഗോപാലന്‍ ഉറക്കത്തിലേക്ക് കൂപ്പുകുത്തി. എപ്പോഴോ കാളിംഗ്‌ബെല്‍ പലതവണ ശബ്ദിച്ചു. രാത്രിയുടെ രണ്ടാം യാമത്തിലെ ഉറക്കമാണ്. രാജലക്ഷ്മി കുലുക്കിയുണര്‍ത്തിയപ്പോഴാണ് ബോധം വീണത്. ബഡ്‌സ്വിച്ചമര്‍ത്തി രസായിയില്‍ നിന്നും പുറത്തുകടന്ന് കണ്ണട തപ്പിയെടുത്ത് മൂക്കിലുറപ്പിച്ച് വാതിലിനടുത്തെത്തി പാളി തുറന്നു. രജിതയാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
' എന്താ മോളെ '
' അങ്കിള്‍, പപ്പായ്ക്ക് തീരെവയ്യ. ഇപ്പോള്‍ത്തന്നെ-- ', അവളുടെ വാക്കുകള്‍ക്കൊപ്പം അയാള്‍ നടന്നു. മുറിയില്‍ ഇളയമകള്‍ രഞ്ജനയും മിസിസ് ദേവദത്തനും കരഞ്ഞുകൊണ്ടിരിക്കുന്നു. ദേവദത്തന്റെ കണ്ണുകള്‍ വല്ലാതെ ഓടുന്നുണ്ടായിരുന്നു. ബോധം അത്രയ്ക്കില്ലാത്തവിധം നാക്ക് കുഴയുന്നു. വയര്‍ പതിവിലധികം വീര്‍ത്തിട്ടുണ്ടോ എന്ന് സംശയം തോന്നി. നാളെ മിനിസ്റ്ററെ കാണണം, ന്യൂ ഇയര്‍ ആശംസ നേരണം എന്നൊക്കെ അബോധമായി പറയുന്നുണ്ട്.
രാജഗോപാലന്‍ ഉടന്‍ തന്നെ പുറത്തിറങ്ങി മിസ്റ്റര്‍ ചൗധരിയുടെ വാതിലിലെ ബെല്ലമര്‍ത്തി. ഏറെ നേരം കഴിഞ്ഞ് അയാള്‍ പുറത്തുവന്നു. തീരെ ഇഷ്ടപ്പെടാത്ത മുഖഭാവം. ക്ഷമ ചോദിച്ച് രാജഗോപാല്‍ കാര്യങ്ങള്‍ പറഞ്ഞു, ' ഇപ്പോള്‍തന്നെ ദേവദത്തനെ ആശുപത്രിയില്‍ കൊണ്ടുപോകണം, ഒന്നു സഹായിക്കണം '
' രാജഗോപാല്‍, മറ്റൊന്നും വിചാരിക്കരുത്. എനിക്ക് പുലര്‍ച്ചെ നാലുമണിക്ക് ഒരിടം പോകാനുള്ളതാണ്. സിംഗിനോട് പറയൂ, അല്‍പ്പം കൂടി ഉറങ്ങിയില്ലെങ്കില്‍-- ഹോ- നശിച്ചൊരു തലവേദനയുണ്ടെനിക്ക്, അത് വരും. വന്നാല്‍ പിന്നെ -- ', ചൗധരിയുടെ പാഴാങ്കം കേട്ടുനില്‍ക്കാന്‍ സമയമില്ലെന്ന മട്ടില്‍ രാജഗോപാല്‍ പടികളിറങ്ങി.
താഴെ സിംഗിന്റെ വീടാണ്. ഒരു പ്രത്യേക സ്വഭാവക്കാരനാണയാള്‍. ഭാര്യയ്ക്ക് രോഗമാണെന്നു പറഞ്ഞാല്‍ പോലും ശ്രദ്ധിക്കില്ല.ഇക്കണോമിക് ടൈംസില്‍ വരുന്ന ഷെയര്‍ നിലവാരമാണ് അങ്ങേരുടെ ജീവിതത്തെ തുലനം ചെയ്യുന്നത്. ഏതായാലും നോക്കുക തന്നെ എന്ന് രാജഗോപാല്‍ തീരുമാനിച്ചു.
അഞ്ചുമിനിട്ടോളം വേണ്ടിവന്നു സിംഗ് വാതില്‍ തുറക്കാന്‍. കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളും തന്ത്രത്തില്‍ ഒഴിഞ്ഞു. വണ്ടിക്ക് സ്റ്റാര്‍ട്ടിംഗ് ട്രബിളാണ്. ബാറ്ററി വളരെ വീക്ക്. ചൗധരിയുടെ വണ്ടിയുണ്ട്, അതെടുക്കാം എന്ന് രാജഗോപാല്‍ പറഞ്ഞുനോക്കി. എനിക്ക് മറ്റ് വണ്ടികള്‍ ഓടിച്ചു ശീലമില്ല എന്നു പറഞ്ഞ് സിംഗ് വാതിലടച്ചു.
വണ്ടി ഓടിക്കാന്‍ പഠിക്കാതിരുന്നതില്‍ സ്വയം ശപിച്ചുകൊണ്ട് രാജഗോപാല്‍ താഴേക്കിറങ്ങി.
മനുഷ്യത്വത്തിന്റെ മതിലുകള്‍ ഇടിച്ച് സാമ്പത്തികവല്‍ക്കരിക്കപ്പെട്ട മഹത്തായ ഇന്ത്യയില്‍ ഇനി ടാക്‌സിതന്നെ മാര്‍ഗ്ഗം എന്ന് രാജഗോപാല്‍ മനസിലാക്കി. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാക്‌സി സ്റ്റാന്റുകള്‍ ഈ മഹാനഗരത്തിലെ രോഗികള്‍ക്ക് ഭാഗ്യദേവതയാകുന്നു എന്ന ബോധം രാജഗോപാലിന് അപ്പോഴാണുണ്ടായത്. തണുപ്പില്‍ കൂട്ടിയിടിക്കുന്ന പല്ലുകള്‍ക്കിടയില്‍ സിഗരറ്റ് തിരുകി കൊളുത്തി ടാക്‌സി സ്റ്റാന്‍ഡിലെത്തി പഹ്വായുടെ അസിസ്റ്റന്റുമാരില്‍ ഒരാളെ വിളിച്ചുണര്‍ത്തി.
മനുഷ്യപ്പറ്റുള്ളവരാ പാവങ്ങള്‍ എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. ഇത്തരം വിളംബരങ്ങള്‍ക്ക് പറ്റിയ ഇടമല്ലാത്തതിനാല്‍ വന്ന വാക്കുകള്‍ പുറത്തുകളയാതെ ടാക്‌സിയില്‍ കയറിയിരുന്നു. അതിവേഗം ഓടിച്ചെത്തിയ വണ്ടിയില്‍ ദേവദത്തനെ കയറ്റി. ഫ്‌ളാറ്റില്‍ ഉറങ്ങുന്ന സുഖജീവികളോട് അസൂയപ്പെട്ടും ദുഷ്ടന്മാരോട് തോന്നിയ കോപം അടക്കിയും വണ്ടിയില്‍ കയറവെ മിസിസ് ദേവദത്തന്റെ തേങ്ങല്‍ രാത്രിയുടെ നിശബ്ദതയെ ഞെട്ടിച്ചു.
സമയബോധമില്ലാത്തൊരു തെമ്മാടിയാണ് മരണം എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ നിമിത്തങ്ങള്‍ അപശകുനമായാലൊ ? നന്നായി ഓടിയെത്തിയ വണ്ടിയാണ്, പെട്ടെന്നാണ് തകരാരിലായത്. പയ്യന്‍ പണികളെല്ലാം പയറ്റി പരാജിതനായി, വണ്ടി നീങ്ങുന്നില്ല.
ദേവദത്തന്റെ കൈകളില്‍ തണുപ്പുബാധിച്ചുവൊ എന്നൊരു സംശയം. ' എടേ, നീ പോയി വേഗം മറ്റൊരെണ്ണം പിടിച്ചോണ്ടു വാ ', തലേക്കെട്ടുകാരന്‍ പയ്യന്‍ ഇറങ്ങിയോടി. അരണ്ട വെളിച്ചത്തില്‍ ദേവദത്തന്റെ കണ്ണുകളിലേക്ക് നോക്കാന്‍ ഭയം തോന്നി. അവ ചലിക്കുന്നില്ല. എവിടെയോ തറച്ചുനില്‍ക്കുന്ന നോട്ടം. കൈയ്യിലെ ധമനിയില്‍ രക്തം ഓടുന്നുണ്ടോ എന്നു സംശയം.
' അങ്കിള്‍, പപ്പാ- പപ്പേടെ കണ്ണുകള്‍ അനങ്ങുന്നില്ല അങ്കിള്‍' രജിതയും അത് കണ്ടെത്തിയിരിക്കുന്നു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ രാജഗോപാല്‍ കുഴങ്ങി.
അടുത്ത വണ്ടിയെത്തി. പയ്യന്‍മാരുടെ സഹായത്തോടെ ദേവദത്തനെ , ശവം എന്നു പറയാമൊ എന്നറിയില്ല; ശവമായി കഴിഞ്ഞാല്‍ പിന്നെ ദേവദത്തനും രാജഗോപലനും തമ്മിലെന്തു ഭേദം. ശരീരം എടുത്ത് വണ്ടിയില്‍ കയറ്റി. കൈകാലുകള്‍ മടങ്ങാന്‍ മടിച്ചുനില്‍ക്കുന്നു. വണ്ടി വെല്ലിംഗ്ടണ്‍ ആസ്പത്രിയിലെ എമര്‍ജന്‍സിക്കു മുന്നില്‍ ബ്രേക്കിട്ടു നിന്നു. സ്ട്രച്ചറില്‍ കയറ്റി ഡോക്ടര്‍ക്കു മുന്നില്‍ എത്തിച്ചപ്പോഴെ രാത്രി ഡ്യൂട്ടിക്കാരുടെ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ തെളിഞ്ഞു. എങ്കിലും ഒരു ശ്രമമെന്ന നിലിയില്‍ അകത്തെ മുറിയില്‍ കൊണ്ടുപോയി നെഞ്ചില്‍ മര്‍ദ്ദിക്കുകയും കൃത്രിമ ശ്വാസോഛ്വാസം നല്‍കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു. പാഴ്വേലകള്‍.
രോഗിയെ--അല്ല, ശവത്തെ ചുമന്നെത്തിയവരെ ആശ്വസിപ്പിക്കാന്‍ -.
മരണം നടന്നിട്ട് അരമണിക്കൂറായെന്ന് കൃത്യമായിത്തന്നെ അവര്‍ പറഞ്ഞു.ആദ്യ വണ്ടി ചലനമറ്റ അതേ നിമിഷം.
അമ്മയുടെയും മകളുടെയും ഉയര്‍ന്നുപൊങ്ങിയ കരച്ചില്‍ കേട്ട് കരിമ്പടത്തിനുള്ളില്‍ നിന്നും പലരും തലപൊക്കിനോക്കി. ഒരു പതിവ് സംഭവത്തിന് സാക്ഷിയായെന്ന് ബോദ്ധ്യപ്പെടുത്തി അവര്‍ വീണ്ടും കരിമ്പടത്തിലേക്ക് കയറി. ഡോക്ടര്‍മാര്‍ മറ്റ് രോഗികളെ ശ്രദ്ധിക്കാനും തുടങ്ങി.
പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കേണ്ടി വന്നു.ശവവും കയറ്റി മടങ്ങിയെത്തിയപ്പോള്‍ അഞ്ചുമണിയായി. സിംഗും ചൗധരിയും മറ്റനേകം പേരും ഇപ്പോഴും ഉറക്കത്തിലാണ്. ഇവര്‍ക്കൊക്കെ ഉണര്‍ന്നേ പറ്റൂ, ദേവദത്തനൊഴികെ.അയാള്‍ക്ക് പുതുവഷാശംസകള്‍ ചൊരിയേണ്ട. കാപട്യം നിറഞ്ഞ ചിരി നല്‍കേണ്ട. കൈപിടിച്ചു കുലുക്കേണ്ട. സിംഗും ചൗധരിയും രാജഗോപാലനും ഇനിയും എന്തെല്ലാം അനുഭവിക്കാനിരിക്കുന്നു.
ശവം മുകളിലെ മുറിയിലെത്തിച്ച് പണം വാങ്ങാതെ പയ്യന്മാര്‍ സ്ഥലം വിട്ടു. രഞ്ജന കൂടി കരച്ചിലില്‍ ചേര്‍ന്നതോടെ ഫ്‌ളാറ്റില്‍ പലയിടത്തും വെളിച്ചം പരന്നു. രാജലക്ഷ്മിയും മോളും വന്ന് കൂട്ടുചേര്‍ന്നു. പലരും വന്നു നോക്കി ഒറ്റവാക്കില്‍ സങ്കടം പറഞ്ഞ് മുറികളിലേക്ക് മടങ്ങി.
തികച്ചും സാധാരണമായ മറ്റൊരു പകലിന്റെ തുടക്കം. ചൗധരി പതിവുസമയത്തെ വീടുവിട്ടു പോയുള്ളു. സിംഗിന്റെ വണ്ടി യാതൊരു കുഴപ്പവുമില്ലാതെ ഓടിത്തുടങ്ങുന്നതും രാജഗോപാല്‍ കണ്ടു. തലേദിവസം കഴിച്ച് ബാക്കിയായ മദ്യം സോഡചേര്‍ത്ത് അകത്താക്കി രാജഗോപാല്‍ അസ്വസ്ഥനായി മുറിയില്‍ നടന്നു.
പുതുവര്‍ഷത്തിലെ ആദ്യനാളാണ്. ഓഫീസിലെത്തി നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്താ വേണ്ടത് ? ഒന്നു പോയിട്ട് മടങ്ങി വരണോ അതോ അവധിക്കപേക്ഷിക്കണോ ?
രാജഗോപാലിനാണിത് സംഭവിച്ചതെങ്കില്‍ ദേവദത്തന്‍ എന്തു ചെയ്യുമായിരുന്നു. ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല. മോള്‍ സ്‌കൂളില്‍ പൊയ്ക്കഴിഞ്ഞു. രാജലക്ഷ്മിയും അടുക്കളജോലിയില്‍ വ്യാപൃതയായി. മിസിസ് ദേവദത്തന്റെയും കുട്ടികളുടെയും മനോനില ഇപ്പോള്‍ എന്താവും. അതുകൂടി കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഈ കഥ പൂര്‍ത്തിയാക്കാമായിരുന്നു.
ഒരു കഥ ഇങ്ങിനെ അവസാനിപ്പിക്കുന്നതിലും വലിയ തെറ്റില്ലെന്നു കരുതാം.
രാജഗോപാല്‍ ഒരു സിഗററ്റിനു കൂടി തീ കൊളുത്തി, പുറത്തേക്ക് നോക്കി. പഹ്വയുടെ അസിസറ്റന്റുമാര്‍ ചത്തുകിടക്കുന്ന വണ്ടി പണിയുന്നതും നോക്കി അയാള്‍ നിന്നു.
No comments:
Post a Comment