അമേരിക്ക - ചൈന സാങ്കേതിക യുദ്ധം
യുദ്ധം ആയുധം ഉപയോഗിച്ചാവണമെന്നില്ല എല്ലതാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട് നമ്മെ പഠിപ്പിക്കുന്നത്. കച്ചവട രംഗത്തും സാങ്കേതിക മേഖലയിലും എന്നല്ല മാനസികമായിപോലും രാജ്യങ്ങളെ തളര്‍ത്താനും തളയ്ക്കാനും വരുംകാലത്ത് ശ്രമങ്ങളുണ്ടാകും. അനുസരിക്കുക അല്ലെങ്കില്‍ അനുഭവിക്കുക എന്നതാകും രീതി. സത്യവും അസത്യവും തിരിച്ചറിയാന്‍ കഴിയാതെ വരുന്നതാണ് അപകടകരമായ മറ്റൊരവസ്ഥ. അത്തരത്തിലൊരവസ്ഥ അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെ അനുഭവിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ട്രമ്പും ഹുവായ് കമ്പനിയുമായി ഇപ്പോള്‍ നടക്കുന്ന സാങ്കേതിക രംഗത്തെ യുദ്ധം. ഇതിനെ ഒരു 5-ജി വാര്‍ എന്നു വിശേഷിപ്പിക്കാം.
ട്രമ്പിന് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു വാക്കാണ് ഹുവായ്. പക്ഷെ, അമേരിക്കയുടെ വളരെ റിമോട്ടായ പ്രദേശങ്ങളിലെ പ്രാദേശിക വയര്‍ലസ് പ്രൊവൈഡേഴ്‌സിന് ഈ നാമം പ്രിയങ്കരമാണുതാനും. പ്രാദേശിക വയര്‍ലസ് നെറ്റുവര്‍ക്കുകാര്‍ കര്‍ഷകര്‍ക്കുള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നത് ഹുവയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ഈ ഹ്യുവയുമായാണ് ട്രമ്പ് കൊമ്പുകോര്‍ത്തിരിക്കുന്നത്. അതിന് പ്രധാനകാരണം ഇതിന്റെ ഉടമയായ റെന്‍ ഷെംഗ്ഫി (Ren Zhengfie) ചൈനക്കാരനാണ് എന്നതാണ്. ആള്‍ ചില്ലറക്കാരനല്ല.ചൈനയിലെ മിലിറ്ററി എന്‍ജിനീയറായിരുന്ന റെന്‍ 1987 ലാണ് വെറും 5600 ഡോളര്‍ മുതല്‍മുടക്കി ഹുവയ് തുടങ്ങിയത്. ഹോങ്കോങ് നിര്‍മ്മിത ടെലഫോണ്‍ സ്വിച്ചുകളുടെ റീസെല്ലിംഗുമായി തുടങ്ങിയ സ്ഥാപനത്തിലിപ്പോള്‍ 1,88,000 ജീവനക്കാരുണ്ട്. ഹുവയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഫാക്ടറിയില്‍ ഓരോ 28.5 സെക്കന്റിലും ഒരു സ്മാര്‍ട്ട് ഫോണ്‍ വീതം പുറത്തിറങ്ങുന്നു. കഠിനമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും വന്നൊരാള്‍ക്കെ ഇങ്ങിനെ വളരാന്‍ കഴിയൂ.
അതിന്റെ കഥ ഇങ്ങനെ. ചൈനയിലെ ഏറ്റവും ദരിദ്രമായ സെന്‍ട്രല്‍ പ്രോവിന്‍സായ ഗൈഷോവിലെ (Guizhou) കടുത്ത പട്ടിണി പേറുന്ന കുടുംബത്തിലെ ഏഴുമക്കളില്‍ ഒരുവനായിരുന്നു റെന്‍. രണ്ടു വിവാഹങ്ങളിലായി മുന്നു കുട്ടികളുള്ള റെന്നിന് കമ്പനിയെ വളര്‍ത്താനുള്ള തത്രപ്പാടില്‍ മക്കളെ ലാളിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല. പട്ടാള പരിശീലനത്തില്‍ നിന്നും കിട്ടിയ ചിട്ടയും ഉപഭോക്തൃകേന്ദ്രീകൃത വ്യവസായവുമാണ് ഹുവായിയെ വളര്‍ത്തിയതെന്ന് റെന്‍ പറയും. കമ്പനി ജീവനക്കാരെ കഠിന ശിക്ഷകള്‍ക്കുവരെ വിധേയനാക്കിയാണ് കമ്പനി വളര്‍ത്തിയതെന്ന് ആരോപണമുണ്ടെങ്കിലും എന്തും ചെയ്യാന്‍ കഴിയുന്ന മനുഷ്യവിഭവമാണ് ഹുവായുടെ വിജയ രഹസ്യം എന്നതില്‍ സംശയമില്ല. അസാധാരണമായതും നടപ്പിലാക്കാന്‍ റെന്നിന്റെ ടീമിന് കഴിയുന്നു. സമുദ്രനിരപ്പില്‍ നിന്നും 17000 അടി ഉയരത്തില്‍ എവറസ്റ്റ് കൊടുമുടിയിലും 4 ജി സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് ഇതിന് തെളിവാണ്. അത് 5 ജി ആക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ഹുവായുടെ 2018ലെ റവന്യൂ വരുമാനം 107 ബില്യണ്‍ ഡോളറാണ്. 170 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുകയാണ് ഹുവായ് സാമ്രാജ്യം. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തില്‍ സാംസംഗിനും ആപ്പിളിനുമിടയില്‍ രണ്ടാം സ്ഥാനക്കാരാണ് ഹുവായ്. കമ്പനിയുടെ വളര്‍ച്ചയില്‍ അണ്‍എത്തിക്കലായി പലതുമുണ്ട് എന്നാണ് അമേരിക്ക ആരോപിക്കുന്നത്. ശരിയാകാം, ആകാതിരിക്കാം.ബൗദ്ധിക സ്വത്ത് ചോരണം, അമേരിക്കയുടെ സാങ്കേതിക വിദ്യ ശത്രുരാജ്യങ്ങളായ ഇറാന്‍, വടക്കന്‍ കൊറിയ എന്നിവയ്ക്ക് വിറ്റു തുടങ്ങി ആരോപണങ്ങള്‍ നിരവധിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ട്രോജന്‍ കുതിര എന്ന വിശേഷണം പോലും ചാര്‍ത്തി നല്‍കിയിട്ടുണ്ട് കമ്പനിക്ക്.
2019 മെയ് 15ന് ഹുവയിയെ അമേരിക്കയുടെ എന്റിറ്റി ലിസ്റ്റില്‍ (Entity list) ഉള്‍പ്പെടുത്തി . അതായത് അമേരിക്കന്‍ കമ്പനികള്‍ക്ക് ഹുവായിയുമായി ഇടപാടുകള്‍ നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. അതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഹുവായിയെ ബ്ലോക്ക് ചെയ്തു കഴിഞ്ഞു. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളും കരാറുകള്‍ ഒഴിവാക്കി . മുന്‍വര്‍ഷം 10 ബില്ല്യണ്‍ ഡോളറിന്റെ കച്ചവടം അമേരിക്കന്‍ ചിപ്പ് കമ്പനികള്‍ക്ക് ഹുവായില്‍ നിന്നും ലഭിച്ചിരുന്നു. ഇതോടെ അവര്‍ക്ക് ആ കച്ചവടം നഷ്ടമായി.
കാര്യങ്ങള്‍ പതിയെ കൈവിട്ടുപോവുകയാണ്. അമേരിക്കയുടെ നിലപാട് ആഗോള സാങ്കേതിക വിതരണ ശ്രുംഖലയെ മൊത്തത്തില്‍ തന്നെ ദോഷകരമായി ബാധിക്കാനും സാധ്യത കാണുന്നുണ്ട്. 2019 മെയ് 20 ന് കടുത്ത തുടര്‍ നടപടികള്‍ക്ക് 90 ദിവസത്തെ ഇടവേള അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹുവയ് അതിന് വലിയ പ്രാധാന്യം നല്‍കാതെ സ്വന്തമായി സെമി കണ്ടക്ടര്‍ ചിപ്‌സും ആന്‍ഡ്രോയിഡിന് പകരമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റവും വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
ഈ ശീതയുദ്ധം പ്രധാനമായും ബാധിച്ചത് ലോകത്തിന്റെ 5 ജി സ്വപ്‌നങ്ങളെയാണ്. ഹുവായ് 5 ജിയുമായി ശക്തമായ രംഗപ്രവേശം നടത്താനിരിക്കെയാണ് അമേരിക്ക യുദ്ധം പ്രഖ്യാപിച്ചത്. 5 ജിയില്‍ മേല്‍ക്കൈ നേടുന്നതോടെ ഹുവായിയെ തളയ്ക്കാന്‍ കഴിയില്ല എന്ന് അമേരിക്ക മനസിലാക്കുന്നു. അവര്‍ 5 ജി വരവ് പരമാവധി വൈകിക്കാനാണ് ലക്ഷ്യമിടുന്നത്. ചിക്കാഗോയിലും മിനാപൊളിസിലും 2019 ഏപ്രില്‍ മൂന്നിനാണ് 5 ജി അരങ്ങേറിയത്. എന്നാല്‍ 15 മാസം മുന്‍പെ ഹാംഗ്ഷൂവിലും ഷാംഗ്ഹായിലും വുഹാനിലും ജനം ഇതാസ്വദിച്ചു തുടങ്ങി. ഫാംഗ്ഷാനില്‍ ആട്ടോണോമസ് വാഹനങ്ങള്‍ അപകടം ഒഴിവാക്കാനായി 5 ജി ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്.
ആട്ടോമേറ്റഡ് വാഹനങ്ങളിലും വ്യവസായങ്ങളിലും വലിയമാറ്റം 5 ജി കൊണ്ടുവരും. ഫാക്ടറികള്‍, പവര്‍ ഹൗസുകള്‍,എയര്‍പോര്‍ട്ടുകള്‍,ആശുപത്രികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ 5 ജി കൂട്ടിയിണക്കും.ഈ കെട്ടുപിണയല്‍ നല്‍കുന്ന സൗകര്യങ്ങള്‍ പോലെതന്നെ അപകടവുമുണ്ട്. ഒറ്റ ആക്രമണത്തിലൂടെ ആകെ സമൂഹത്തെ തകര്‍ക്കാന്‍ ഈ അപ്രമാദിത്തം കാരണമായേക്കാം എന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു.
അമേരിക്കയുടെ അസ്വസ്ഥത അവിടെയാണ്. നാളിതുവരെ എല്ലാ സാങ്കേതികതയും ആദ്യം എത്തിയിരുന്നത് അമേരിക്കയിലാണ്. അതിന്റെ സാമ്പത്തിക കൊയ്ത്തും അവരാണ് നടത്താറുള്ളത്. പക്ഷെ 5 ജി കൈവിട്ടുപോയി എന്നതാണ് അവരെ ഭയപ്പെടുത്തുന്നത്. ഭാവിയിലെ ഇന്‍രര്‍നെറ്റ് ഭീമന്മാര്‍ ചൈനയില്‍ നിന്നാണ് ജന്മമെടുക്കുക എങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? 3 ജിയില്‍ നിന്നും 4 ജിയിലേക്കുള്ള മാറ്റം പോലെ ചെറുതല്ല 5 ജി. 80 കളിലെ അനലോഗ് സിഗ്നലില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ ഫോണ്‍വിളിതന്നെ അന്ന് അത്ഭുതമായിരുന്നു. പിന്നീട് 90കളില്‍ 2 ജിയില്‍ അത്യാവശ്യം ടെക്‌സറ്റ് മെസ്സേജും ഇ മെയിലുമൊക്കെ ഉപയോഗിച്ചതോടെ മനുഷ്യരുടെ പ്രിയ ഉപകരണമായി മൊബൈല്‍ മാറി. 2000 ആയപ്പോള്‍ വെബ് സര്‍ഫിംഗിനും വീഡിയോ സ്ട്രീമിംഗിനും ഡേറ്റാ പ്ലാനിംഗുമായി 3 ജി വന്നു.മണിക്കൂറുകളോളം മിനക്കെട്ടിരുന്ന് സിനിമകളൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ഷമയുണ്ടായി. 2010ല്‍ വേഗതയുടെ 4 ജി വന്നു. വീഡിയൊ ചാറ്റിംഗും മീഡിയ ഷെയറിംഗും സാധ്യമായി. ഒരു മണിക്കൂര്‍ കാത്തിരുന്നു ചെയ്ത ഡൗണ്‍ലോഡിംഗിന് രണ്ടു മിനിട്ട് മതിയെന്നായി. എന്നിട്ടും ക്ഷമ ഇല്ലാതാകുന്ന അവസ്ഥയിലാണ് അനന്ത സാധ്യതകളുമായി 5 ജി വരുന്നത്. രണ്ട് മിനിട്ട് കാത്തിരുന്നു നേടിയ ഡൊണ്‍ലോഡിന് ഇനി നാല് സെക്കന്റുകള്‍ മതിയാകും. ആ സാധ്യതയാണ് രാഷ്ട്രീയ കുരുക്കില്‍ പെട്ടിരിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഹുവയ് 2 ബില്ല്യണ്‍ ഡോളറാണ് 5 ജി സാങ്കേതികത്തികവിനായി ചിലവാക്കിയിരിക്കുന്നത്. 40 അന്താരാഷ്ട്ര കാരിയറുകളുമായി കരാറുണ്ടാക്കി കഴിഞ്ഞു. 70,000 , 5 ജി ബേസ് സ്‌റ്റേഷനുകള്‍ വിവിധ രാജ്യങ്ങളിലേക്ക് അയച്ചു കഴിഞ്ഞു. എന്നാല്‍ ഇവ സ്ഥാപിക്കും മുന്‍പെ പടയൊരുക്കം നടത്തുകയാണ് അമേരിക്ക. അമേരിക്കയില്‍ മാത്രമല്ല സൗഹൃദ രാജ്യങ്ങളിലും അവര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതിനായി രാജ്യസുരക്ഷ എന്ന ട്രംപ് കാര്‍ഡാണ് ഉപയോഗിക്കുന്നത്. ആസ്‌ട്രേലിയയും ന്യൂസിലാന്റും ജപ്പാനും അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്നു കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ തുറന്നു പറയുന്നില്ലെങ്കിലും അമേരിക്കയെ പിണക്കാന്‍ കഴിയില്ലെന്ന സ്ഥിതിയിലാണ്. അമേരിക്കയുടെ ഈ നീക്കം നിയമവിരുദ്ധമാണ് എന്ന നിലപാടിലാണ് ഹുവായ്. എന്നാല്‍ അമേരിക്കയുെട നിലപാടില്‍ ന്യായം കാണുന്നവരുമുണ്ട്.
2017ലെ ചൈനീസ് നാഷണല്‍ ഇന്റലിജന്‍സ് നിയമത്തിലെ ആര്‍ട്ടിക്കില്‍ 7 പ്രകാരം ചൈനയിലെ ഏത് സ്ഥാപനവും വ്യക്തിയും സര്‍ക്കാരിന്റെ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തെ സഹായിക്കുകയും സഹകരിക്കുകയും വേണം. അപ്പോള്‍ ഹുവയ്ക്കു മുകളില്‍ ഒരു സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകും എന്നുറപ്പ്. മാത്രമല്ല എല്ലാ ഓഫീസുകളിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണം ശക്തമായിരിക്കും. അത് കമ്പനി അനുസരിക്കേണ്ടതായും വരും.
ഇതൊന്നും യാഥാര്‍ത്ഥ്യവുമായി അടുത്തു നില്‍ക്കുന്നതല്ല എന്നു പറയാന്‍ ഹുവായ് പരമാവധി ശ്രമിക്കുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശ മോഷണം എന്ന ആരോപണത്തെ ഹുവായ് ചെറുക്കുന്നതിങ്ങനെ. കമ്പനിക്ക് ശക്തമായ റിസര്‍ച്ച് വിംഗുണ്ട്. 14 ശതമാനം റവന്യൂവും ഇതില്‍ നിന്നും ലഭിക്കുന്നു. 45 % ജീവനക്കാര്‍, അത് ഏകദേശം 80,000 വരും, ഇവര്‍ 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലായി ഗവേഷണം നടത്തുന്നു. അതിന്റെ ഫലമായി 2018 ല്‍ മാത്രം 5405 പേറ്റന്റ് ഫയലുകളാണ് കമ്പനി സമര്‍പ്പിച്ചിരിക്കുന്നത്. ലോകത്ത് ടെലികോം ഉപയോഗിക്കുന്ന 40% ജനത ഹുവായ് ഉപകരണങ്ങളുടെ ഗുണം അനുഭവിക്കുന്നവരാണ് എന്നും കമ്പനി അവകാശപ്പെടുന്നു.
അമേരിക്ക ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ബൗദ്ധിക സ്വത്തവകാശം തട്ടിയെടുക്കല്‍, മറ്റു സ്ഥാപനങ്ങളുടെ സാങ്കേതിക വിദ്യ ചോര്‍ത്തല്‍, ചോര്‍ത്താന്‍ മിടുക്കരായ കമ്പനി ജീവനക്കാര്‍ക്ക് ബോണസ് എന്നിവ ആരോപണങ്ങളില്‍പെടുന്നു. സിസ്‌കോ, മോട്ടറോള, ടി മൊബൈല്‍ എന്നിവര്‍ക്ക് IP മോഷണത്തിന് ഹുവയ് നഷ്ടപരിഹാരം നല്‍കി എന്ന് യുഎസ് ആരോപിക്കുന്നു. 2018ല്‍ അമേരിക്കന്‍ കമ്പനിയായ അഖാന്‍ സെമികണ്ടക്ടര്‍ ഡയമണ്ട് ഗ്ലാസ് സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ ഹുവയില്‍ ടെസ്റ്റിംഗിനയച്ചു. അത് പരിശോധനയ്ക്ക് ശേഷം പൊട്ടിച്ചാണ് മടക്കി അയച്ചത്. എഫ്ബിഐ അന്വേഷണത്തില്‍ റിവേഴ്‌സ് എന്‍ജിനീയറിംഗിനായി ഹൈപവര്‍ ലേസര്‍ ഉപയോഗിച്ച് കമ്പനി നടത്തിയ ആക്രമണത്തിലാണ് ഗ്ലാസ് പൊട്ടിയത് എന്നു കണ്ടെത്ത്ി എന്നതാണ് മറ്റൊരാരോപണം.6 മില്ല്യണ്‍ ഡോളര്‍ മുടക്കിയാണ് അഖാന്‍ പരീക്ഷണം നടത്തിയിരുന്നതെന്ന് അമേരിക്ക പറയുന്നു.
സോഫ്റ്റ് വെയറിലും ഹാര്‍ഡ്വെയറിലും സ്വകാര്യ ഡേറ്റ ചോര്‍ത്താനായി ബാക്ക് ഡോര്‍സ് , അതായത് സിക്രട്ട് വള്‍നറബിലിറ്റീസ് ഉപയോഗിക്കുന്നു എന്നതാണ് തെളിയപ്പെട്ടിട്ടില്ലാത്ത മറ്റൊരാരോപണം. അതീവസുരക്ഷ സങ്കേതങ്ങളില്‍ വരെ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ നടത്തുന്ന സെക്യൂരിറ്റി കോഡ് അപ്‌ഡേറ്റ്‌സ് വരെ ചൈനയുടെ കൈയ്യിലെത്തും എന്ന് അമേരിക്ക ഭയപ്പെടുന്നു. ഈ ഭയം അമേരിക്കയുമായി മിലിറ്ററി & ഇന്റലിജന്‍സ് സഹകരണമുള്ള രാജ്യങ്ങളുമായി അവര്‍ പങ്കുവയ്ക്കുന്നു. മാത്രമല്ല അമേരിക്കയെ അനുസരിക്കുവാനും തയ്യാറാകുന്നു.
യുദ്ധം വ്യാപിക്കുന്നതിന്റെ പുതിയ കഥകള്‍ വന്നു തുടങ്ങി. അമേരിക്കയുടെ ആവശ്യപ്രകാരം കാനഡ റെന്നിന്റെ മകളും കമ്പനി എംഡിയുമായ മെംഗ് വാങ്ങ്ഷൂവിനെ അറസ്റ്റു ചെയ്തു. അമേരിക്കന്‍ നിയമം ലംഘിച്ചു എന്നായിരുന്നു ആരോപണം. ചൈന ഉടനെ തിരിച്ചടിച്ചു. പല കുറ്റങ്ങള്‍ ആരോപിച്ച് 13 കാനഡക്കാരെ അവരും അറസ്റ്റു ചെയ്തു. അമ്പിനമ്പ് എന്നതാണ് നയം എന്നുറപ്പ്.
ഒടുവില്‍ കാര്യങ്ങള്‍ ഇങ്ങനെ ആയേക്കാം. ലോകത്ത് രണ്ടുതരം രാജ്യങ്ങള്‍. ചൈനയുടെ 5 ജി ഉപയോഗിക്കുന്നവരും അല്ലാത്തവരും. അപ്പോള്‍ അമേരിക്ക ഉള്‍പ്പെടെ ഇപ്പോള്‍ ഹുവയ് ഉപകരണങ്ങളും സാങ്കേതികതയും ഉപയോഗിക്കുന്ന 170 രാജ്യങ്ങളിലെ ചെറുതും വലുതുമായ കമ്പനികള്‍ക്ക് ഓപ്ഷനില്ലാതെ വരും. ചെറിയ തുകയ്ക്ക് നടത്താന്‍ കഴിയുമായിരുന്ന അപ്ഗ്രഡേഷന് വന്‍തുക ചിലവാക്കേണ്ടി വരും.
ഹുവയുടെ അഡ്വാന്റേജുകള്‍ ഇവയാണ്. മറ്റ് കമ്പനികളേക്കാളും 18 മാസം മുന്നിലാണ് അവരുടെ തയ്യാറെടുപ്പ്. ഇവരുടെ ബേസ് സ്റ്റേഷനും വയര്‍ലെസ് നെറ്റുവര്‍ക്കിംഗ് എക്യുപ്‌മെന്റ്‌സും ചെറുതാണ്. എതിരാളികളുടെ ഉത്പ്പന്നങ്ങളേക്കാള്‍ 30 % വിലകുറവുമുണ്ട്. തീര്‍ച്ചയായും ആരെയും ആകര്‍ഷിക്കാന്‍ മതിയായ കാരണങ്ങളാണിത്. അമേരിക്കയ്ക്ക് ഈ തടയിടലിലൂടെ നേരിട്ട് വലിയ നേട്ടമൊന്നുമുണ്ടാവില്ല. കാരണം അമേരിക്കന്‍ കമ്പനികളൊന്നും 5 ജി രംഗത്തില്ല. സ്വീഡന്റെ എറിക്‌സണും ഫിന്‍ലാന്റിന്റെ നോക്കിയയുമാണ് പകരക്കാര്‍.
ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് ട്രമ്പ് നടത്താന്‍ സാധ്യതയുള്ള നെഗോഷിയേഷനാണ്. മുന്‍വര്‍ഷം ചൈനീസ് കമ്പനിയായ ZTE യുമായി വ്യാപാരതര്‍ക്കമുണ്ടായതാണ്. ഒടുവില്‍ ട്രംമ്പ് നെഗോഷിയേഷന്‍ നടത്തി ഒരു ബില്യണ്‍ ഡോളര്‍ ഫൈന്‍ അടപ്പിച്ച് കാര്യങ്ങള്‍ അവസാനിപ്പിച്ചു. ചിലപ്പോള്‍ അത്തരമൊരു കോംപ്രമൈസിന് ട്രമ്പ് ഭരണകൂടം മുതിര്‍ന്നേക്കാം. അല്ലെങ്കില്‍ ട്രമ്പിന്റെ അനുകൂലികളായ പല കമ്പനികളും ട്രമ്പ് ക്യാമ്പ് വിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഏതായാലും രാഷ്ട്രീയവും അധികാരവും സാങ്കേതികതയും സാമ്പത്തികവും ചേര്‍ന്നു വരുന്ന ഈ യുദ്ധത്തില്‍ അമേരിക്കയും ചൈനയും ഒരുമിച്ചു മുന്നോട്ടുപോകുമൊ മറ്റൊരു ശീതസമരത്തിന് വഴി തുറക്കുമൊ എന്ന് 2019 വിധിയെഴുതും.
Let us wait and see who is going to have the last laugh
ReplyDeleteLet us wait and see who is going to have the last laugh
ReplyDelete