Thursday, 28 March 2019

A day at Kanyakumari

ഗാന്ധി സ്മാരകം
 കന്യാകുമാരി യാത്ര
ആദ്യമായി കന്യാകുമാരിയില്‍ പോയത് പ്രീഡിഗ്രിക്ക് പഠിക്കമ്പോഴാണെന്നാണ് ഓര്‍മ്മ. അന്ന് മനസിനെ ആകര്‍ഷിച്ച പ്രധാന വസ്തു വിവിധ നിറങ്ങളിലുള്ള കക്കകളായിരുന്നു. വെള്ളയും കറുപ്പും കക്കകള്‍ മാത്രം കണ്ടിട്ടുള്ള എനിക്ക് ഇത് മറ്റൊരു ലോകത്തുനിന്നു വന്ന വസ്തുക്കളായെ തോന്നിയുള്ളു. കല്ലുമാല, കക്കമാല ഒക്കെ വലിയ അത്ഭുതമായിരുന്നു. പിന്നെ കന്യാകുമാരി പെന്‍സിലും. അത് കടല്‍ചേനയുടെ മുള്ളുകളാണ് എന്ന് പിന്നീട് മനസിലായി. പിന്നെ എത്രവട്ടം കന്യാകുമാരിയില്‍ വന്നിട്ടുണ്ടെങ്കിലും അന്നത്തെ ആ കാഴ്ചകളുടെ അന്തംവിട്ട ഓര്‍മ്മകള്‍ കുറഞ്ഞില്ല. മനുഷ്യന്റെ ഇടപെടലുകള്‍ പ്രകൃതിയെ ഒരുപാട് ക്ഷീണിപ്പിച്ചു. സുനാമിയുടെ വരവുകൂടിയായപ്പോള്‍ അത് കുറച്ചധികമായി.

2019 മാര്‍ച്ച് 15ന് നാഗര്‍കോവിലില്‍ മോളുടെ വീട്ടിലെത്തുമ്പോള്‍ ഒരു കന്യാകുമാരി യാത്ര മനസിലില്ലായിരുന്നു. യാത്രകള്‍ യാദൃശ്ചികമാകുമ്പോള്‍ അതിനൊരു സുഖമുണ്ട്. 16ന് വൈകിട്ട് കാറിലാണ് പുറപ്പെട്ടത്.വിഷ്ണുവും മോളും കന്യാകുമാരി അസിസ്റ്റന്റ് കളക്ടര്‍ പ്രതീക്കും ഉണ്ടായിരുന്നു. നാഗര്‍കോവിലിലെ റോഡുകള്‍ കേരളത്തിലെപോലെ വളരെ ഇടുങ്ങിയതാണ്. എന്നാല്‍ കന്യാകുമാരിയിലേക്ക് വലിയ റോഡിന്റെ നിര്‍മ്മാണം നടക്കുകയാണ്. ഇപ്പോള്‍ 30 മിനിട്ട് യാത്ര. അത് 15-20 മിനിട്ടായി കുറയും റോഡ് പണി തീരുമ്പോള്‍. ഇരുട്ടുവീണ റോഡിലൂടെ തമിഴ്‌നാട് ഗസ്റ്റ് ഹൗസിലെത്തി. അവിടെ പഴയ ഗസ്റ്റ്ഹൗസുണ്ട്. അത് തിരുവിതാംകൂര്‍ രാജാവ് നിര്‍മ്മിച്ചതാണ്. തടികൊണ്ടു നിര്‍മ്മിച്ച പഴയ കെട്ടിടം. അത് കയറി നോക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കാര്‍പെറ്റൊക്കെ മാറ്റി വൃത്തിയാക്കി ഇട്ടിരിക്കയാണ്. എങ്കിലും മുറിയില്‍ പൊടിയുടെ സാന്നിധ്യമുണ്ട്. സ്യൂട്ടിന് മുന്നിലായി ഒരു സിറ്റൗട്ടുണ്ട്. അവിടെ ഇരുന്നാല്‍ നല്ലരീതിയില്‍ ഉദയവും അസ്തമയവും കാണാം. അതാണ് അക്കാലത്തെ ആര്‍ക്കിടെക്റ്റുകളുടെ കഴിവ്. കുറ്റാലത്തും രാജാവിന്റെ സ്യൂട്ടിനു മുന്നിലിരുന്നാല്‍ ഏറ്റവും നല്ല വെളളച്ചാട്ടം നേരിട്ട് കാണാന്‍ കഴിയുമായിരുന്നു. പാലരുവിയിലും കാഴ്ച മണ്ഡപം തീര്‍ത്തിരിക്കുന്നത് കണ്ടിട്ടുണ്ടാകുമല്ലൊ. ഇതൊന്നും ഇന്നത്തെ കാലത്ത് സ്വപ്നം കാണാന്‍ കഴിയില്ല.

പ്രധാന കെട്ടിടത്തില്‍ തന്നെ മുറിയെടുത്തു. സുപ്രീംകോടതിയിലെ ഒരു ജഡ്ജിയും കുടുംബവും അവിടെ താമസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ധാരാളം പോലീസുകാരെയും കാണാന്‍ കഴിഞ്ഞു. കേരളത്തിലെപോലെ ജിഎഡിയില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം മുറികള്‍ അനുവദിക്കുന്ന സംവിധാനവും കാന്റീനുമൊന്നും അവിടെയില്ല. അത് തമിഴ്‌നാട്ടിലെ ഒരു ഗസ്റ്റ്ഹൗസിലുമില്ല. നേതാക്കളും ഉദ്യോഗസ്ഥരും വന്നു താമസിച്ചുപോകുന്ന ഇടം എന്ന നിലയിലാണ് ഗസ്റ്റ്ഹൗസുകള്‍ നിലനില്‍ക്കുന്നത. പിഡബ്ലൂഡിയുടെ നിര്‍മ്മാണവും മെയിന്റനന്‍സും കേരളത്തേക്കാള്‍ കഷ്ടവും. മുറികള്‍ കുഴപ്പമില്ല, എയര്‍കണ്ടീഷനുമൊക്കെയുണ്ട്. ഞങ്ങള്‍ കുറച്ചു സമയം തീരത്ത് പോയിരിക്കാം എന്നു തീരുമാനിച്ചു. അവിടെ ധാരാളം ബഞ്ചുകളുമൊക്കെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈസ്തറ്റിക് സെന്‍സ് തൊട്ടുതീണ്ടിയിട്ടില്ല. കടല്‍ ഒരുപാട് താഴ്ചയിലാണുള്ളത്. സുനാമി ഫണ്ടില്‍ വലിയ ഭിത്തി കെട്ടിക്കൊണ്ടിരിക്കയാണ്. പാര്‍ക്കില്‍ ഒറ്റ മരമൊ ചെടിയൊ ഇല്ല. കാനായിയെപോലെ ഒരു കലാകാരന്റെ കരസ്പര്‍ശമേല്‍ക്കാതെ വെറും കരാറുകാരന്റെ പണികള്‍. ശരിക്കും സങ്കടം തോന്നും അവിടം കാണുമ്പോള്‍. നമ്മുടെ ശംഖുമുഖം ബീച്ചിന്റെ ഇപ്പോഴത്തെ നശിച്ച മുഖം പോലെ ഒന്ന് . പണം പെടുത്തുംപാട് എന്നുപറയാം. ഭക്ഷണം വരുത്തി കഴിച്ചു.

രാവിലെ 6.20ന് സൂര്യോദയം എന്നു പറഞ്ഞ പ്രകാരം ഉറങ്ങാന്‍ കിടന്നു. രാവിലെ ഉണര്‍ന്ന് ഉദയം കാണാനായി ഭാരതി സര്‍ക്യൂട്ട് ഹൗസിന്റെ മുകളില്‍ പോയി നിന്നു. നല്ല കാര്‍മേഘമുണ്ട്. ഏകദേശം 7 മണിയായി സൂര്യന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍. ആ കാഴ്ച കണ്ടശേഷം മുറിയില്‍ പോയി ഫ്രഷ് ആയി ഇഡ്ഡലി വരുത്തി കഴിച്ചു. ശേഷം കന്യാകുമാരി ദേവി ദര്‍ശനത്തിനായി പോയി. അത്യാവശ്യം നല്ല തിരക്കുണ്ട്,  ക്യൂ നില്‍ക്കാതെതന്നെ ദേവീ ദര്‍ശനം നടത്തി. തിളങ്ങുന്ന കല്ലുള്ള മൂക്കുത്തിയിട്ട ദേവി. കന്യകയായി നിലനില്‍ക്കുന്ന ദേവി എന്നാണ് സങ്കല്‍പ്പം. തമിഴ്‌നാട്ടില്‍ ശൈവമതം കൂടുതല്‍ എസ്റ്റാബ്ലിഷ് ചെയ്തിരുന്നതിനാലാകാം, എല്ലാ ദേവിമാരെയും ശിവനുമായി ബന്ധപ്പെടുത്തുന്നത്. മധുര മീനാക്ഷിക്കും ശിവനുമായിട്ടാണല്ലൊ സംബ്ബന്ധം. കന്യാദേവിയും ശിവനെ വിവാഹം കഴിക്കാനായി കൊടുംതപസ് അനുഷ്ഠിച്ചു എന്നും വിവാഹം നിശ്ചയിച്ച നാള്‍ നാട്ടുകാര്‍ക്ക് സദ്യ ഒരുക്കാന്‍ അരിയും പലവകയും തയ്യാറാക്കി കാത്തിരുന്നിട്ടും ശിവന്‍ എത്തിയില്ല എന്നുമാണ് സങ്കല്‍പ്പം. ഉപയോഗശൂന്യമായ അരിയും മറ്റു ധാന്യങ്ങളും കടലിലേക്കെറിഞ്ഞുവെന്നും അവ വിവിധ നിറത്തിലും തരത്തിലുമുള്ള കല്ലുകളായി മാറിയെന്നും വിശ്വസിക്കുന്നു. കന്യാകുമാരിയിലെ വിവിധ നിറത്തിലുള്ള കല്ലുകള്‍കണ്ട് ഒരെഴുത്തുകാരന്റെ ഭാവനയില്‍ പിറന്ന കഥയാകാം ഇത്. ദേവി തപസുചെയ്ത കല്ലില്‍ തന്നെയാണ് നരേന്ദ്രന്‍ തപസുചെയ്തതും ബോധോദയമുണ്ടായി വിവേകാനന്ദനായി മാറിയതും. കന്യാകുമാരി ദേവി ക്ഷേത്രം ലോകത്തിലെ ശക്തിപീഠങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അറേബ്യന്‍ കടലും ലക്ഷദ്വീപ് കടലും ബംഗാള്‍ ഉള്‍ക്കടലും ചേര്‍ന്ന ത്രിവേണി സംഗമഭൂമിയാണ് കന്യാകുമാരി. കടലില്‍ വിവേകാനന്ദപാറയുടെ അടുത്തുള്ള മറ്റൊരു പാറയിലാണ് തിരുവള്ളുവരുടെ പ്രതിമയുള്ളത്.

ക്ഷേത്രദര്‍ശനത്തിനു ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോയി. ആ ദിവസത്തെ രണ്ടാമത്തെ ട്രിപ്പാണ്. ആളുകള്‍ എത്തുന്നതേയുള്ളു. തിരക്ക് അധികമായിട്ടില്ല. കൂടുതലും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരാണ്.വാവാതുറൈയില്‍ നിന്നും 500 മീറ്റര്‍ കിഴക്കുമാറിയാണ് പാറ. 1970ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  ബോട്ടിന്റെ പിന്‍ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള സോഫയിലിരുന്നായിരുന്നു യാത്ര. പാറയില്‍ ദേവിയുടെ കാല്‍പ്പാദം പതിഞ്ഞയിടം എന്നു വിശ്വസിക്കുന്നിടത്ത് ഒരു ക്ഷേത്രമുണ്ട്. അതിനു മുന്നിലായാണ് വിവേകാനന്ദ സ്മാരകം. സ്വാമികളുടെ കൂറ്റന്‍ പ്രതിമയും മെഡിറ്റേഷനായുള്ള ഹാളും ഒക്കെ ചേര്‍ന്ന പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. കടലില്‍ വെള്ളം കുറവായതിനാല്‍ ഇപ്പോള്‍ തിരുവള്ളുവരുടെ പ്രതിമ കാണാന്‍ തൊട്ടടുത്തുള്ള പാറയിലേക്ക് ബോട്ട് പോകാറില്ല. എങ്കിലും തിരുവള്ളുവര്‍ പ്രതിമയുടെ ദൂരക്കാഴ്ച തന്നെ മനോഹരമാണ്. 95 അടി വലുപ്പമുണ്ട് പ്രതിമയ്ക്ക്. അടിസ്ഥാനം 38 അടി വരും. ആകെ 133 അടി. തിരുക്കുറളിന്റെ 133 അധ്യായങ്ങളെയാണ് ഈ ഉയരം ഓര്‍മ്മപ്പെടുത്തുന്നത്. 7000 ടണ്ണാണ് പ്രതിമയുടെ ഭാരം. ഡോക്ടര്‍ ഗണപതി സ്തപതിയാണ് ശില്‍പ്പം നിര്‍മ്മിച്ചത്. 2000 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത പ്രതിമ റിച്ചര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തുന്ന ഭൂകമ്പത്തെയും അതിജീവിക്കുമെന്നാണ് നിര്‍മ്മാതാക്കാള്‍ അവകാശപ്പെടുന്നത്. 2004 ഡിസംബര്‍ 26ന് നാടിനെ നടുക്കിയ സുനാമിത്തിരകള്‍ പ്രതിമയെ ബാധിച്ചില്ല എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇനിയും കാണുമ്പോള്‍ മറ്റൊരനുഭവമാകും കന്യാകുമാരിക്ക് നല്‍കാനുണ്ടാവുക എന്നു മനസില്‍ കരുതി   പന്ത്രണ്ടു മണിയോടെ മടങ്ങി.


സൂര്യോദയം

ഉദയകാഴ്ച

ശ്രീപാദക്ഷേത്രം

കന്യാകുമാരി ദേവി ക്ഷേത്രം

വിവേകാനന്ദ പാറയില്‍ ആശയും വിഷ്ണുവും

തിരുവള്ളുവര്‍ പ്രതിമ

Wednesday, 20 March 2019

A moringa story

 മുരിങ്ങ യോഗം

ഓരോ അരിമണിയിലും അത് ഉപയോഗിക്കേണ്ടയാളിനെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നു പറയാറുണ്ട്. അരിമണിയില്‍ മാത്രമല്ല മുരിങ്ങക്കയിലും അത്തരമൊരു രേഖപ്പെടുത്തലുണ്ട് എന്ന അനുഭവമാണ് ഞാനിന്ന് പങ്കുവയ്ക്കുന്നത്. വിഷ്ണു, നാഗര്‍കോവില്‍ സബ് കളക്ടറായി ജോയിന്‍ ചെയതിട്ട് ഒരാഴ്ചയിലേറെയായെങ്കിലും ഞാന്‍ അവിടേക്ക് പോയത് ഈ മാസം 15നായിരുന്നു. വിഷ്ണുവിന്റെ ക്വാര്‍ട്ടേഴ്‌സ് പുന്നൈ നഗറിലാണ്. അവിടെ കാമ്പസില്‍ രണ്ട് മുരിങ്ങയുണ്ട്. അതില്‍ നിറയെ നല്ല നീളമുള്ളതും സ്വാദുള്ളതുമായ മുരിങ്ങക്കകളും. അവിടെനിന്നും തിരികെ പോരുമ്പോള്‍ കുറച്ച്  മുരിങ്ങക്കായകള്‍കൊണ്ടുപോകണെ എന്ന് മോള്‍ പറഞ്ഞിരുന്നു. 19 ന് ഉച്ചയ്ക്കുമുന്‍പ് തിരുവനന്തപുരത്ത് എത്തേണ്ട ആവശ്യമുള്ളതിനാല്‍ 18ന് വൈകിട്ട് മടങ്ങാന്‍ തീരുമാനിച്ചു. അപ്പോഴാണ് പരവൂര്‍ നിന്നും അനിയന്‍ സജീവ് സര്‍പ്രൈസ് വിസിറ്റിന് വന്നത്. അങ്ങിനെ യാത്ര 19ന് രാവിലെയാക്കാം എന്നു തീരുമാനിച്ചു. 9.10നുള്ള ട്രെയിനില്‍ പോരാം, അപ്പോള്‍ രാവിലെ മുരിങ്ങയ്ക്കയും പറിച്ചു വയ്ക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ജയശ്രീയുടെ നിര്‍ദ്ദേശപ്രകാരം വെയിലിനുമുന്‍പ് എത്താനുള്ള സൗകര്യം പ്രമാണിച്ച് യാത്ര 7 ന്റെ ജയന്തി ജനതയിലേക്ക് മാറ്റി. അങ്ങിനെ രാത്രിയില്‍ തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ മുരിങ്ങയ്ക്കകള്‍ പറിച്ചു. രണ്ട് പൊതിയാക്കി കെട്ടിവച്ചു. അപ്പോഴാണ് അനിയന്‍ പറയുന്നത് പരവൂരിലേക്ക് കൊണ്ടുകെണ്ടന്ന്. ഞാന്‍ പറഞ്ഞു, കുഴപ്പമില്ല, ഞാന്‍ കൊണ്ടുപൊയ്‌ക്കൊള്ളാം, കോളനിയില്‍ ഇത്തരത്തിലുള്ള എന്തും പങ്കിട്ടെടുക്കുന്ന സംവിധാനമുള്ളതിനാല്‍ എത്ര വേണമെങ്കിലും കൊണ്ടുപോകാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞു. രാവിലെ 6 മണിക്ക് വരത്തക്കവിധം ഒരു ആട്ടോ ഡ്രൈവറെ ഓഫീസ് അസിസ്റ്റന്റ് കണ്ടെത്തി, അയാളുടെ ഫോണ്‍ നമ്പരും തന്നു. രാവിലെ 5.30 ന് ഒന്നു വിളിച്ചേക്കണമെന്നും പറഞ്ഞു. രാവിലെ എണീറ്റയുടന്‍ അയാളെ വിളിച്ചു. അരുള്‍ എന്നാണ് ഡ്രൈവറുടെ പേര്. ഫോണ്‍ എടുത്തയാള്‍ പറഞ്ഞു, ഞാന്‍ അരുളല്ല, എനിക്ക് ആട്ടോയുമില്ല. അയാള്‍ ഫോണ്‍ കട്ടുചെയ്തു. കുഴഞ്ഞല്ലൊ. നമ്പര്‍ എഴുതിയത് തെറ്റായിരിക്കാം. കുറച്ചു കഴിഞ്ഞ് സജീവിന്റെ നമ്പറില്‍ നിന്നു വിളിച്ചു. അപ്പോഴും അയാള്‍ കട്ടു ചെയ്തു. ഇനി നിന്നാല്‍ അപകടമാണ്, ട്രെയിന്‍ കിട്ടാതാകും. ഞങ്ങള്‍ ഇറങ്ങി. അര ഫര്‍ലോംഗ് കഴിഞ്ഞില്ല അതിനുമുന്‍പെ ആട്ടോ കിട്ടി. മുരിങ്ങക്കാ പായ്ക്കറ്റുകള്‍ വണ്ടിയുടെ പിന്‍ഭാഗത്ത തട്ടിലിട്ട് ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. സ്റ്റേഷനിലെത്തി ഇറങ്ങി .120 രൂപയായി എന്നു പറഞ്ഞു.സജീവ് പൈസയും നല്‍കി. നേരെ സ്റ്റേഷനിലേക്ക് കയറി ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലെ കാന്റീനില്‍ ചായ കുടിക്കാനിരുന്നു. അപ്പോഴാണോര്‍ക്കുന്നത് മുരിങ്ങക്കാ എടുത്തില്ലെന്ന്. ങ്ഹാ- പോട്ടെ, അത് കഴിക്കാനുളള യോഗം ആ ഡ്രൈവര്‍ക്കാവും എന്നു സമാധാനിച്ചു. സജീവ് പറഞ്ഞു, എന്നാലും ചേട്ടാ, നമ്മള് രാത്രിയില്‍ കഷ്ടപ്പെട്ട് പറിച്ചതല്ലെ. ഞാന്‍ പറഞ്ഞു, അതയാള്‍ കണ്ടെത്തി ഉപയോഗിച്ചാല്‍ മതിയായിരുന്നു, കണ്ടില്ലെങ്കിലാ കഷ്ടം. വണ്ടി വരും വരെ കാന്റീനില്‍ ഇരിക്കാം എന്നു കരുതി. 6.50 ആയപ്പോള്‍ ഒരെന്‍ജിന്‍ വരുന്നത് കണ്ട് ട്രെയിനാകാം എന്നു കരുതി പുറത്തേക്കിറങ്ങി. അത് എന്‍ജിനാണല്ലൊ എന്നു പറഞ്ഞ് പ്ലാറ്റ്‌ഫോമിലെ കസേരയിലിരിക്കുമ്പോള്‍ ആട്ടോഡ്രൈവര്‍ മുന്നില്‍. സാര്‍, ആ പായ്ക്കറ്റ് വേണ്ടെ എന്നൊരു ചോദ്യം. ആ ചോദ്യമുണര്‍ത്തിയ സന്തോഷം ചില്ലറയല്ല. സജീവ് അവനൊപ്പം പോയി മുരിങ്ങയ്ക്ക എടുത്തുവന്നു. അവന് 30 രൂപയും നല്‍കി. പേര് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, അരുള്‍. ഈ അരുള്‍ തന്നെയാണോ രാവിലെ വിളിക്കാന്‍ വരാം എന്നു പറഞ്ഞയാള്‍.അത് തീര്‍ച്ചപ്പെടുത്താനായി കൂടുതല്‍ എന്തെങ്കിലും ചോദിക്കും മുന്നെ ട്രെയിനെത്തി. ഞങ്ങള്‍ അതില്‍ കയറി. അരുള്‍ മറഞ്ഞു. മുരിങ്ങയ്ക്ക നാട്ടിലെത്തി പല വീടുകളില്‍ പോയി രുചിയായി മാറി. ചെറിയൊരു സംഭവമാണെങ്കിലും റിവേഴ്‌സില്‍ ചിന്തിക്കുമ്പോള്‍ ആദ്യം പറഞ്ഞ വാക്കുകള്‍  തന്നെ മനസില്‍ നിറയുന്നു. ഓരോ ഭക്ഷണവസ്തുവും ആര്‍ക്ക് ഗുണപ്പെടണം എന്നവിധം അതിലൊരു രേഖപ്പെടുത്തലുണ്ടാകാം, ഇല്ലെങ്കില്‍ അരുളിന്റെ ആട്ടോയില്‍ നിന്നും ഈ മുരിങ്ങക്കകള്‍ തിരുവനന്തപുരത്ത് എത്തുമായിരുന്നൊ??


Tuesday, 19 March 2019

Remembering Jitha

ജിതയും ശ്രീക്കുട്ടിയും നടന്‍ മുരളിക്കൊപ്പം
ജിത-- അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം

1994 ല്‍ ഡല്‍ഹി കേരള ഹൗസിലെത്തി ആദ്യ കാലത്തുതന്നെ പരിചയപ്പെട്ട സുഹൃത്താണ് കെ.എന്‍.ജയരാജ്. ജയരാജും ലതയും മോളും മോനും വീട്ടിലെ ഒരംഗത്തെപോലെ പ്രിയപ്പെട്ടവരായത് സ്വാഭാവികം. ഡല്‍ഹി കാന്റിലായിരുന്നു അന്ന് അവര്‍ താമസിച്ചിരുന്നത്. അവിടത്തെ മലയാളി സംഘടനയുടെ സാംസ്‌ക്കാരിക പരിപാടികളില്‍ ഒരു നിറ സാന്നിധ്യമായിരുന്നു ജിത എന്ന കൊച്ചുമിടുക്കി. പിന്നീട് കേരള ഹൗസിലും നൃത്തം, സംഗീതം തുടങ്ങി പല ഇനങ്ങളിലും ജിതയുടെ പങ്കാളിത്തമുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ അതേ പ്രായം. അതുകൊണ്ടുതന്നെ അവര്‍ നല്ല സുഹൃത്തുക്കളുമായി. അസാധാരണ ബുദ്ധിശക്തിയായിരുന്നു ജിതയ്ക്ക്. അവള്‍ ഉന്നതങ്ങളില്‍ എത്തുന്നത് ഞങ്ങള്‍ ഭാവന ചെയ്തിരുന്നു. 2005 ല്‍ നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ജിതയുടെ ബിഡിഎസ് അഡ്മിഷനും ബാംഗ്ലൂരിലേക്കുള്ള മാറ്റവും. കോളേജിലെ ആള്‍ റൗണ്ടറായ മോളെ കുറിച്ച് ജയരാജ് എപ്പോഴും പറയുമായിരുന്നു. കോളേജ് പരിപാടികളുടെ സംഘാടക, മികച്ച കോംപിയറര്‍ തുടങ്ങി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി നില്‍ക്കവെയാണ് ആ നക്ഷത്രം പൊലിയുന്നത്. ഇന്ന് ഓര്‍മ്മദിനം. മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു കുടന്ന മുല്ലപ്പൂ അര്‍പ്പിക്കട്ടെ.

Monday, 18 March 2019

Remembering Firoz


അനുസ്മരണം

ഒരിക്കലും മായാത്ത ചിരി 

ഫിറോസ് സാര്‍  ഓര്‍മ്മയായിട്ട്  രണ്ടു വര്‍ഷം തികയുന്നു. ഭരണാധികാരി എന്ന നിലയിലും മികച്ച പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ എന്ന നിലയിലും നല്ല പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മാത്രമല്ല ഫിറോസ് ജനമനസ്സില്‍ ഓര്‍മ്മയാകുന്നത്, മറിച്ച് ഒരു നല്ല മനുഷ്യസ്നേഹിയും സുഹൃത്തും എന്ന നിലയിലാണ്.സ്നേഹവും സൌഹൃദവുമൊക്കെ കുറഞ്ഞുവരുന്ന ഈ കാലത്ത് ശത്രുക്കളോട്പോലും മമത പുലര്‍ത്തുകയും സ്നേഹപൂര്‍വ്വം പെരുമാറുകയും ചെയ്യാനുള്ള മനസ്സ് ഉണ്ടാവുക അപൂര്‍വ്വം.അത്തരമൊരപൂര്‍വ്വതയായിരുന്നു ഫിറോസ്. പരിചയപ്പെടുന്ന ഒരാള്‍ക്കും മറക്കാന്‍ കഴിയാത്ത ഓരാകര്‍ഷണീയത അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലികിട്ടി തിരുവനന്തപുരം,പത്തനംതിട്ട,ഇടുക്കി,പാലക്കാട് തുടങ്ങിയ ഇടങ്ങളില്‍ സേവനമനുഷ്ടിച്ച് എത്തിയിടത്തെല്ലാം സൌഹൃദസദസ്സുകളുണ്ടാക്കി തന്‍റെ സുഹൃദ് വലയം വിപുലമാക്കിയ ഫിറോസ് കേരള സംസ്ഥാന ഹൌസിംഗ് ബോര്‍ഡിലും സാക്ഷരതാ മിഷനിലും പിആര്‍ഓ ആയി ജോലി നോക്കി. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം കൊണ്ടുമാത്രം 1993ല്‍ ദല്‍ഹിലേക്ക് ചേക്കേറുമ്പോള്‍ അതിന് പിന്നാലെ അവിടെ എത്തിച്ചേര്‍ന്ന എനിക്ക് ഒരുപാട് പുതിയ അനുഭവങ്ങളുടെ ലോകം കാണാന്‍ ഫിറോസുമൊത്തുള്ള ഔദ്യോഗിക ജീവിതം അവസരമൊരുക്കി. ദല്‍ഹിയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്ഥാപിക്കാന്‍ കാരണക്കാരനായ ത്യാഗരാജന്‍റെ തുടര്‍ച്ചയായി എത്തിയ രാജശേഖരന്‍ നായര്‍,രാധാകൃഷ്ണന്‍ നായര്‍  തുടങ്ങിയവര്‍ തുടക്കമിട്ട കേരള ഹൌസിന്‍റെ ജനകീയമുഖം വിപുലപ്പെട്ടത് ഫിറോസിന്‍റെ കാലത്തായിരുന്നു. ഒരുപക്ഷെ ലക്ഷക്കണക്കിന് മലയാളികളുള്ള ദല്‍ഹിയില്‍ കേരള ഹൌസ് റസിഡന്‍റ് കമ്മീഷണറെയോ മറ്റ് ഓഫീസര്‍മാരെയോ അറിയുകയോ അന്വേഷിക്കുകയോ ചെയ്യാത്തവര്‍ക്ക്പോലും ഫിറോസ് ഒരു പരിചിത മുഖവും സര്‍ക്കാര്‍ പ്രതിനിധിയുമായിരുന്നു.
കേരളത്തിന്‍റെ എംബസ്സി എന്നവിധം ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഫിറോസിന് കഴിഞ്ഞു. ഈ പോപ്പുലാരിറ്റി ധാരാളം ശത്രുക്കളെയും സമ്മാനിച്ചു എന്നത് മറച്ചുവയ്ക്കാന്‍ കഴിയില്ല. അനേകം സംഘടനകളുള്ള ദല്‍ഹിയില്‍ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസ്സിയേഷന്‍ രൂപീകരിച്ചത് മികച്ച നേട്ടമായിരുന്നു. ഇത് നടക്കുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ക്ഷമയോടെയുള്ള കരുനീക്കങ്ങളിലൂടെ അത് യാഥാര്‍ത്ഥ്യമാവുകയും ദല്‍ഹിയില്‍ ഘോഷയാത്രയോടെ ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്തു. മദ്രാസി എന്നറിയപ്പെട്ടിരുന്ന മലയാളിക്ക് ഒരു ലേബലുണ്ടാക്കിക്കൊടുക്കാന്‍ ഈ അവസരം ഉപകരിച്ചു.ആള്‍ ഇന്ത്യ മറുനാടന്‍ മലയാളി സംഗമം ദല്‍ഹി പ്രഗതി മൈതാനിയില്‍ നടത്തുമ്പോള്‍ അതിന്‍റെ സംഘാടകനേതൃത്വത്തിലും ഫിറോസുണ്ടായിരുന്നു. കേരളത്തില്‍ നിന്നെത്തുന്ന നേതാക്കള്‍,പ്രമുഖര്‍,ദല്‍ഹി മലയാളികള്‍ ഇങ്ങനെ എപ്പോഴും ഉത്സവമയമായിരുന്നു ഇന്‍ഫര്‍മേഷന്‍ ഓഫീസ്. ഇതിനിടയില്‍ സര്‍ക്കാര്‍ പരിപാടികളും മുറതെറ്റാതെ നടന്നു. 1995ല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്‍റെ പങ്കാളിത്തവും ആദ്യ സ്വര്‍ണ്ണമെഡല്‍ നേട്ടവും എടുത്തുപറയേണ്ട ഒന്നാണ്. അന്താരാഷ്ട്ര വ്യാപാരമേളകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടി കേരളത്തിന്‍റെ യശ്ശസ്സ് ഉയര്‍ത്തിയതും മറക്കാന്‍ കഴിയില്ല. ഓര്‍മ്മയില്‍ തെളിയുന്ന മറ്റ് ചില മികച്ച പരിപാടികള്‍ ഗുണ്ടര്‍ട്ട് സെമിനാറും ഓണാഘോഷങ്ങളും ഫിലിം ഫെസ്റ്റിവലുകളുമാണ്.
കൂടെയുള്ള ജീവനക്കാര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യവും സമഭാവനയോടെയുള്ള സഹകരണവും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേകത. ദേഷ്യം വന്നാല്‍പോലും അത് പുറത്തുകാട്ടാത്ത സമീപനം, ഓരോരുത്തരുടെയും മികവുകളും കുറവുകളും മനസ്സിലാക്കിയുള്ള പ്രവര്‍ത്തനം, സഹജീവനക്കാരെ കുടുംബാംഗങ്ങളെപോലെ കാണുകയും എവിടെയും ഒപ്പം കൂട്ടുകയും ചെയ്യുന്ന സമീപനം , ഇതൊക്കെ ആ വ്യക്തിത്വത്തിന് ചാരുത പകര്‍ന്നു.ഞങ്ങളുടെ എല്ലാ ആഘോഷങ്ങളും കൂട്ടായിട്ടായിരുന്നു.എല്ലാ ആഘോഷങ്ങളുടെയും നേതൃത്വവും അദ്ദേഹം ഏറ്റെടുക്കും, ഒപ്പം നിസയുമുണ്ടാവും. കുട്ടികളുടെ ജന്മദിനവും ഓണവും വിഷുവും റംസാനുമൊല്ലാം ഒരേ രീതിയില്‍ ആഘോഷിച്ചു.ഓഫീസ് രാത്രി വൈകിയും സജീവമായിരുന്നു. എന്നാല്‍ ജോലി ഒരിക്കലും ഒരു ഭാരമായി തോന്നാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയുമുണ്ടായിരുന്നു. അതാണ് കൂടെ ജോലി ചെയ്തിരുന്നവരെ  ആഹ്ലാദിപ്പിച്ചിരുന്നതും.
 വലിയ വ്യവസായികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും തീരെ സാധാരണക്കാരായ ഗസ്റ്റ് ഹൌസ് ജീവനക്കാര്‍ക്കും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മുറിയില്‍ ഒരേ പരിഗണനയായിരുന്നു. അറുബോറന്മാരെയും കുഴപ്പക്കാരെയും പോലും അദ്ദേഹം അകറ്റി നിര്‍ത്തിയില്ല.അവരും മനുഷ്യരല്ലെ എന്ന നിലയില്‍ പെരുമാറി.ജീവിത ശൈലിയുടെ ഭാഗമായി സമയനിഷ്ഠപാലിക്കാന്‍ കഴിയാതെവരുക എന്ന ദൂഷ്യം ആദ്യകാലം മുതല്‍ അവസാനംവരെയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്‍റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ അസംതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ദല്‍ഹിയില്‍ പോപ്പുലാരിറ്റി വര്‍ദ്ധിച്ചപ്പോള്‍ അസൂയകൊണ്ട് മാത്രം രൂപപ്പെട്ട എതിര്‍പക്ഷവും ശക്തമായി. റസിഡന്‍റ് കമ്മീഷണര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും ഒരു പരിധിവരെ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ദല്‍ഹിയിലെ എല്ലാ സംഘടനകളുടെയും ഇഷ്ടപാത്രമായിരുന്ന ഫിറോസ് ഒരു കൂട്ടരുടെ ശത്രുവായി മാറിയത് കേരള എഡ്യൂക്കേഷണല്‍ സൊസൈറ്റിയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാണ്. അവിടെ വിജയിച്ച ഫിറോസ് കാനിംഗ് റോഡ് സ്കൂളിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച വാര്‍ഷികാഘോഷം തല്‍ക്കത്തോറ ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു. കലാകാരനും കലാസ്വാദകനുമായ ഫിറോസ് മാവേലി കണ്ട ഡല്‍ഹി എന്ന ടെലി ഫിലിമും മുംബയ് ചുവന്ന തെരുവിലെ ജീവിതത്തെ ആസ്പ്പദമാക്കി മികച്ചൊരു ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തതും ശ്രദ്ധേയമയ സംഭാവനകളാണ്.
തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ച ചില അടിയൊഴുക്കുകളും മൂലം ദല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മാറ്റമായ ഫിറോസ് പിന്നീട് വകുപ്പിന്‍റെ ഡയറക്ടറായി എത്തുമ്പോഴും എതിര്‍പ്പുകളെ ഏറെ അതിജീവിക്കേണ്ടിവന്നു. എന്നാല്‍ ചെറിയ സമയംകൊണ്ടുതന്നെ മികച്ച സംഘാടകന്‍ എന്ന പെരുമ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് ഏറ്റവും സജീവമായ ഒരു കാലഘട്ടമായിരുന്നു അത്. എമര്‍ജിംഗ് കേരള, കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ്, ദേശീയ കാര്‍ട്ടൂണ്‍ സെമിനാര്‍,സര്‍ക്കാരിന്‍റെ നൂറുദിന പരിപാടി, ശ്രീ.ഉമ്മന്‍ ചാണ്ടിയുടെ അതിവേഗം ബഹുദൂരം പരിപാടികളുടെ പ്രചാരണം തുടങ്ങി ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രര്‍ത്തനങ്ങളുടെ ഒരു ശ്രംഖലതന്നെ ഈ കാലത്തുണ്ടായി. ഓഫീസിലെ തിരക്കുകള്‍ വര്‍ദ്ധിച്ചു. മന്ത്രിമാരുടെ ഓഫീസുകളിലെ പോലുള്ള തിരക്കായിരുന്നു ഡയറക്ടറുടെ മുറിയില്‍. ഇത്രയേറെ പിആര്‍ വേണ്ട എന്ന് ഞങ്ങളൊക്കെ ഉപദേശിച്ച കാലം. വരുന്നവരെല്ലാം ആനുകൂല്യങ്ങള്‍ക്കായാണ് എത്തുന്നത്. ഒരാളെയും നിരാശപ്പെടുത്താതിരിക്കാന്‍ ഫിറോസ് ശ്രമിച്ചു.അത് പില്‍ക്കാലത്ത് പലവിധത്തില്‍ വിനയായി മാറി എന്നതും മറക്കാതിരിക്കാം. സഹായം കിട്ടിയവരില്‍ ഭൂരിപക്ഷവും പ്രതിസന്ധി ഘട്ടത്തില്‍ കൈയ്യൊഴിഞ്ഞു. സോളാര്‍ അഴിമതി പുറത്ത് വന്ന കാലത്ത് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഫിറോസിനെ അതില്‍ കണ്ണിചേര്‍ത്ത ഗൂഢാലോചന ഇന്നും വെളിച്ചത്ത് വന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചില തട്ടിപ്പുകളുമായി നടന്ന സരിത-ബിജു കൂട്ടുകെട്ടിനെ അബദ്ധത്തില്‍ വിശ്വസിച്ചതുവഴിയുണ്ടായ ഒരു കേസ്സ് ഈ സമയത്ത് ഉയര്‍ത്തിക്കാട്ടിയതിന്‍റെ സൂത്രധാരന്‍ ആരെന്നറിയില്ല. എന്നാല്‍ ഒറ്റ രാത്രികൊണ്ട് മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്ന കാഴ്ചയാണ് തുടര്‍ന്ന് നമ്മള്‍ കണ്ടത്. പിന്നെ ചാരക്കേസ്സിലെ പോലെ നിറം പിടിപ്പിച്ച കഥകളുടെ ഒരു പരമ്പര തന്നെയുണ്ടായി. മാധ്യമ വിചാരണയില്‍ യാഥാര്‍ത്ഥ്യത്തിന് പ്രസക്തിയില്ലാതായി. ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി അവര്‍ ആ സുഹൃത്തിനെ ആഘോഷിച്ചു. ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെടുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ പോകുന്നു. ഒളിവ് ജീവിതമില്ലായിരുന്നെങ്കില്‍ സരിത കേസ്സിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഫിറോസില്‍ കെട്ടിവച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ കൈകഴുകിയേനെ. ഫിറോസ് ഒളിവിലായിരുന്നകാലത്തും സോളാര്‍ വിഷയം ലൈവായി നിലനിര്‍ത്തേണ്ട ആവശ്യകത വന്നതുകൊണ്ടുമാത്രമാണ് മാധ്യമശ്രദ്ധ മറ്റ്  പലരിലേക്കും വ്യാപിക്കുകയും ഫിറോസ് രക്ഷപെടുകയും ചെയ്തത്.
ഹൃദയസംബ്ബന്ധമായ അസുഖത്തിന്‍റെ ചികിത്സയും കടുത്ത മാനസ്സിക സമ്മര്‍ദ്ദവും അതിജീവിച്ച ഫിറോസ് ജയില്‍വാസക്കാലത്ത് കാണുമ്പോഴും പഴയ പ്രസരിപ്പ് നിലനിര്‍ത്തിയിരുന്നു. എവിടെയും ദൈവം ഒരു കൈത്താങ്ങാവും എന്ന് വിശ്വാസികള്‍ പറയുംപോലെ, ദുരിതത്തിന്‍റെ ഈ നാളുകളിലും കൈത്താങ്ങുകളുണ്ടായി. അതിന് കാരണം ചെയ്ത നന്മകളുടെ ബാക്കി പത്രം തന്നെയാണ് എന്നതില്‍ സംശയമില്ല. ഏറ്റവും പ്രധാനം കുടുംബത്തിന്‍റെ പിന്‍തുണയാണ്. എല്ലാക്കാലത്തും ഒരു ശക്തിയായി കൂടെനിന്ന ഭാര്യ നിസ്സയും മക്കളായ അഖിലും ഭാവനയും പാറപോലെ ഉറച്ചുനിന്ന ഉമ്മയും ബന്ധുക്കളും അതിപ്രധാന ഘടകങ്ങളായിരുന്നു.ജീവിതത്തില്‍ ഒരിക്കലും വിശ്രമിക്കാതിരുന്ന ഫിറോസ് ഇപ്പോള്‍ കബറില്‍ ദീര്‍ഘമായ വിശ്രമത്തിലാണ്.ജീവിതയാത്ര ഓടിത്തീര്‍ക്കാന്‍ കഴിയാതെ, അതിവേഗ എന്‍ജിന്‍ പെട്ടെന്ന് നിലച്ചു. ഇപ്പോള്‍ പരിചയക്കാര്‍ക്ക് ഉള്ളിലേക്ക് നോക്കി ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്, എനിക്ക് ഫിറോസ് ആരായിരുന്നു?
സുഹൃത്തെ, എല്ലാ പ്രതിസന്ധികളും തരണം ചെയ്ത നീ സമാധാനത്തിന്‍റെ നാളുകള്‍ ഞങ്ങള്‍ക്കൊപ്പം ആഘോഷിക്കാതെ എവിടേയ്ക്കാണ് പോയ് മറഞ്ഞത്? ഇതെഴുതുമ്പോഴും പിന്നിലൂടെ ഒളിഞ്ഞുനോക്കി ഒരു കള്ളച്ചിരി ചിരിക്കുന്ന ഫിറോസിനെ എനിക്ക് കാണാം. വായിക്കുന്ന നിങ്ങള്‍ക്ക് പിന്നിലുമുണ്ട് ആ ചിരി, ഒരിക്കലും മായാത്ത ചിരി.  


A critical view on Body inspired by the exhibtion on Body curated by Johny.M.L

ബോഡി അഥവാ ശരീരം

പ്രസിദ്ധ ചിത്രകലാ നിരൂപകനും ക്യുറേറ്ററുമായ ജോണി.എം.എല്‍ ക്യുറേറ്റ് ചെയ്ത BODY (ശരീരം) എന്ന ആര്‍ട്ട് എക്‌സിബിഷന്‍ 2019 മാര്‍ച്ച് 31 വരെ ശംഖുമുഖത്തുള്ള കോര്‍പ്പറേഷന്‍ മ്യൂസിയത്തില്‍ നടക്കുകയാണ്. പ്രദര്‍ശനം കണ്ടപ്പോള്‍ മനസില്‍ തോന്നിയ ചില ചിന്തകള്‍ ഇവിടെ കുറിക്കട്ടെ.

നമ്മള്‍ ഏറ്റവുമധികം ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന ബോഡി അഥവാ ശരീരം എന്നത് എന്താണ്? നമ്മള്‍ പുറമെ കാണുന്ന ഏതൊന്നിനെയും ശരീരം എന്നു വിളിക്കാം. മനുഷ്യനും സകലമാന ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും അജീവ വസ്തുക്കള്‍ക്കും ശരീരം അഥവാ ബോഡിയുണ്ട്. ഒരു വാഹനത്തിന്റെ എന്‍ജിനും അനുബന്ധ വസ്തുക്കളും കുടികൊള്ളുന്ന പുറം ഭാഗത്തിനെ നമ്മള്‍ ബോഡി എന്നു വിളിക്കും. അതായത് വാഹനത്തിന്റെ ഹൃദയവും തലച്ചോറുമൊന്നും ബോഡിയുടെ ഭാഗമല്ല. എന്നാല്‍ ജീവനുള്ളവയില്‍ ഇത് വ്യത്യസ്തമാണ്. അവിടെ ശരീരത്തില്‍ അവയവങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ കൈകാലുകള്‍, പഞ്ചേന്ദ്രിയങ്ങള്‍, ആന്തരാവയവങ്ങള്‍ എന്നിങ്ങനെ ശരീരത്തിന് ഒരുപാട് പിരിവുകളുണ്ട്. പുതുതായി കോശങ്ങളുണ്ടാവുകയും പഴയത് നശിക്കുകയും ചെയ്യും. ശരീരം ഊര്‍ജ്ജസ്വലമായിരിക്കുന്ന കാലവും വീര്യം നഷ്ടപ്പെടുന്ന കാലവുമുണ്ട്. ശരിയായി വിലയിരുത്തിയാല്‍ അരൂപികളായ പലതിനും ഒരു ഇരിപ്പിടമാണ് ശരീരം.ശരീരത്തില്‍ തൊടുമ്പോഴാണ് നമ്മള്‍ സ്പര്‍ശനമറിയുന്നത്. ഒരേ ലിംഗത്തില്‍ പെട്ടതൊ എതിര്‍ലിംഗത്തില്‍പെട്ടതൊ ആയ ഒരാള്‍ സ്പര്‍ശിക്കുമ്പോള്‍ ശരീരം പ്രതികരിക്കുന്നത് വ്യത്യസ്തമായ നിലയിലാണ്. ഇഷ്ടമില്ലാത്ത ഒരാളുടെയൊ ഒരപരിചിതന്റെയൊ സ്പര്‍ശം ശരീരത്തില്‍ വെറുപ്പ് ജനിപ്പിക്കുന്നു. എന്നാല്‍ അമ്മയുടെ, അച്ഛന്റെ, കാമുകന്റെ, കാമുകിയുടെ തുടങ്ങി അങ്ങേയറ്റം സന്തോഷം തരുന്ന, വേറിട്ട വികാരങ്ങള്‍ ജനിപ്പിക്കുന്ന സ്പര്‍ശനങ്ങള്‍ ഏറെയാണ്. ഇതേ ത്വക്കില്‍ തന്നെയാണ് വേദന, ചൂട്, തണുപ്പ് തുടങ്ങി പലവിധ വികാരങ്ങള്‍ ജനിക്കുന്നതും. ശാസ്ത്രീയമായി പറയുമ്പോള്‍, ശരീരത്തിലെ ത്വക്ക് എന്ന അവയവവുമായി ബന്ധപ്പെട്ടിരിക്കുന്ന നാഡികളിലൂടെ ഇംപള്‍സുകള്‍  പ്രവഹിച്ച് തലച്ചോറിലെത്തി അതിന്റെ റസ്‌പോണ്‍സാണ് ശരീരത്തിലുണ്ടാകുന്നത്. അതിനനുസരിച്ച് നമ്മള്‍ പ്രതികരിക്കുന്നു.

 വേദന, തണുപ്പ്, ചൂട്, അനുഭൂതി ഇതൊക്കെ നമുക്ക് കാണാന്‍ കഴിയാത്തും നാം അനുഭവിക്കുന്നതുമായ ഒന്നാണ്. ഈ അരൂപികള്‍ക്ക് വന്നുപോകാനുള്ള ഒരിടം മാത്രമാണ് ശരീരം. നമ്മള്‍ നല്ലതും ചീത്തയുമായ പലതും കേള്‍ക്കുന്നു. സംഗീതം ആസ്വദിക്കുന്നു. പ്രപഞ്ചത്തിലെ ശബ്ദതരംഗങ്ങള്‍ ചെവിയിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന കമ്പനങ്ങളെ തലച്ചോറ് വേര്‍തിരിച്ചറിഞ്ഞ് ആസ്വദിക്കാന്‍ അവസരം നല്‍കുന്നു എന്നതാണ് ശാസ്ത്രം. ചെവിയും തലച്ചോറും ശരീരത്തിന്റെ ഭാഗമാണ്. ഇവ മാത്രം വിചാരിച്ചാല്‍ ഒരാള്‍ക്ക് സംഗീതം ആസ്വദിക്കാന്‍ കഴിയുമോ? എന്താണ് സംഗീതം? ശബ്ദതരംഗങ്ങളാണ് സംഗീതം എന്നു സാമാന്യമായി പറയാം. ഒരാള്‍ മറ്റൊരാളുമായി വഴക്കിടുമ്പോഴും ഉണ്ടാകുന്നത് ശബ്ദതരംഗമല്ലെ? അപ്പോള്‍ വ്യത്യസ്തമായ ശബ്ദതരംഗങ്ങളെ ആസ്വദിക്കാനോ വെറുക്കാനൊ നമ്മെ സഹായിക്കുന്ന അരൂപികളായ ശബ്ദതരംഗങ്ങള്‍ ശരീരത്തിലൂടെ വ്യത്യസ്തമായ തരംഗദൈര്‍ഘ്യത്തോടെ കടന്നുപോവുകയാണ് ചെയ്യുന്നത് .

മറ്റൊരു ഇന്ദ്രിയാനുഭവമായ രുചിഭേദങ്ങളാണ് ജീവന്റെ നിലനില്‍പ്പിന് ആധാരം എന്നു പറയാം. രുചിയില്ലായിരുന്നെങ്കില്‍ നമ്മള്‍ ഭക്ഷണം കഴിക്കുമായിരുന്നൊ എന്നത് സംശയമാണ്.ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരം നിലനില്‍ക്കില്ല. ശരീരമില്ലെങ്കില്‍ നമുക്ക് തങ്ങാന്‍ ഇടമില്ലാതാകും. നാവ് ഒരു സമരായുധമാണ്. അത് ഒരു ജിഹ്വയായി നിന്നുകൊണ്ട് സ്വനഗ്രാഹികള്‍വഴി പുറപ്പെടുവിക്കുന്ന ശബ്ദങ്ങളാണ് ഒരുവനെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും. അവനെ കരുത്തനാക്കുന്നതും ദുര്‍ബ്ബലനാക്കുന്നതും. മനോഹരമായ സംഗീതവും അരോചകമായ പരുഷവാക്കുകളും ഈ ജിഹ്വയിലൂടെ പ്രവഹിക്കുന്നു.എന്നാല്‍ നാവ് തനിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അത് തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. നാവെന്ന അതേ സമരായുധത്തിലാണ് ഏറ്റവും പ്രിയപ്പെട്ട സ്വാദ്മുകുളങ്ങളും കുടികൊള്ളുന്നത്. ചെറിയ ദ്വീപുകളായി നിലകൊള്ളുന്ന ആ സൂക്ഷ്മകോശങ്ങളും അവയെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡികളും നാസാരന്ധ്രങ്ങളിലെ മണം പിടിക്കുന്ന കോശങ്ങളും ചേര്‍ന്നാണ് നമ്മെ രുചികളുടെ ലോകത്തേക്ക് ആനയിക്കുന്നത്. മധുരവും ഉപ്പും കയ്പ്പും പുളിയുമെല്ലാമറിഞ്ഞ് നമ്മള്‍ ഭക്ഷണം ആസ്വദിക്കുമ്പോള്‍ ശരീരത്തിന്റെ വിവിധങ്ങളായ അവയവങ്ങള്‍ അതിനായി സഹകരിക്കുന്നു. എന്നാല്‍ ഈ രുചികളെല്ലാം അരൂപികളാണ്, അവ അവയവങ്ങളിലൂടെ വന്നുപോകുന്ന അനുഭൂതികളാണ് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

 ഭക്ഷണം ഇഷ്ടപ്പെടുന്നതില്‍ കാഴ്ചയുടെ സ്വാധീനവും തള്ളിക്കളയാന്‍ കഴിയില്ല. കണ്ണിനാനന്ദമുണ്ടാക്കുന്ന ഭക്ഷണവസ്തുക്കളുണ്ട്. ഒരുപക്ഷെ വിശപ്പില്ലെങ്കില്‍ പോലും നാം അവ കഴിക്കുന്നത് കാഴ്ചയുടെ പ്രേരണയാലാണ്. നമ്മുടെ ഇന്ദ്രിയങ്ങളില്‍ ഏറ്റവും ശക്തിയേറിയ ഇന്ദ്രിയം കണ്ണുകള്‍ തന്നെയാണ്. എല്ലാത്തരം ആര്‍ത്തികളും മനുഷ്യന് സമ്മാനിക്കുന്നത് കാഴ്ചയാണ്. ശരീരത്തിന് ആവശ്യമില്ലാത്തപ്പോഴും ഭക്ഷണത്തോട് പ്രിയം ജനിപ്പിച്ച ഇതേ കണ്ണുകള്‍ തന്നെയാണ് അവനവനിലേക്ക് മനുഷ്യനെ ഒതുക്കുന്നതും. സ്വന്തം ശരീരത്തിന്റെ ബാഹ്യപ്രകൃതി അവന് കാണാന്‍ കഴിയുന്നതോടെ അവന്‍ അവന്റെ ശരീരത്തെ പ്രണയിക്കുകയൊ വെറുക്കുകയൊ ചെയ്യും. സുന്ദരനായ അല്ലെങ്കില്‍ സുന്ദരിയായ ( ഇത് കാഴ്ച നല്‍കുന്ന ഒരു തെറ്റായ ബിംബമാണ് എന്നോര്‍ക്കുക) ഒരു വ്യക്തി ശരീരത്തെ ആരാധിക്കാന്‍ തുടങ്ങുന്നിടത്താണ് അപകടത്തിന്റെ തുടക്കം. സൗന്ദര്യം തീരെയില്ല എന്നു കരുതുന്നയാള്‍ ശരീരത്തെ വെറുക്കുകയൊ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയൊ ചെയ്യുന്നിടത്താണ് അയാളുടെ അപകടാവസ്ഥ തുടങ്ങുന്നത്. ഇവിടെ ശരീരമെന്നത് തൊലിയുടെ നിറം, രോമങ്ങളുടെ ഏറ്റക്കുറച്ചില്‍, അവയവങ്ങളുടെ വലുപ്പച്ചെറുപ്പം തുടങ്ങി അനേകം ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. വിവിധയിനം കാറുകള്‍ ഉള്‍പ്പെടെയുള്ള ആഡംബരവസ്തുക്കളുടെ ബോഡി നിര്‍മ്മാണം മനുഷ്യനാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍, മനുഷ്യശരീരനിര്‍മ്മാണം ജീനുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പതം വരുത്തിയതാണ് എന്നതാണ് സത്യം. കാഴ്ചയുടെ ഇഷ്ടാനിഷ്ടങ്ങളാണ് പ്രപഞ്ചത്തിലെ ഏതാണ്ടെല്ലാ നന്മ തിന്മകളുടെയും അടിസ്ഥാനം. നമ്മള്‍ കാണുന്നതിനെയാണ് വിശ്വസിക്കുന്നത്. കാഴ്ചയ്ക്കപ്പുറം ഒന്നുമില്ല എന്ന ചിന്ത. ശരീരക്കാഴ്ച സുന്ദരമാക്കാനായി ലോകത്ത് ഉണ്ടായിട്ടുള്ളതാണ് സൗന്ദര്യസംവര്‍ദ്ധക വസ്തുക്കളുടെ വ്യവസായം . കോടിക്കണക്കിന് രൂപയുടെ (രൂപ എന്നാല്‍ നാണയം എന്നെ അര്‍ത്ഥമുള്ളു) വലിയ വ്യവസായമാണ് ഇത്. കണ്ണും തലച്ചോറും ചേര്‍ന്നൊരുക്കിയ വലിയ കുരുക്ക്. പ്രകൃതിയെ കണ്ടതും സ്ത്രീ പുരുഷ വ്യത്യാസമറിഞ്ഞതും നല്ലതും ചീത്തയും തൊട്ടറിയുന്നതിന് പകരം കണ്ടറിഞ്ഞതും ലോകത്തെ മാറ്റി മറിച്ചു. കാഴ്ച ഒരു മായികലോകമാണ്.മിന്നിമറിയുന്ന ഒരു മായ. ഇപ്പോള്‍ കാണുന്നതല്ല നാം അടുത്ത നിമിഷം കാണുന്നത്. ഇതെവിടെയാണ് നാം കാണുന്നത്? ഒരു സ്‌ക്രീനില്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു ഗോളത്തിന്റെ പിന്നിലെ സ്‌ക്രീനില്‍ തലകീഴായി വീഴുന്ന ഇമേജിനെ നേരെയാക്കി തോന്നിപ്പിക്കുന്ന ഒരു കള്ളത്തരം. കാഴ്ച ഒരു വലിയ കള്ളത്തരമാണ്. ആ കാഴ്ച നമ്മെ വഴിതെറ്റിക്കുന്നു. പുരുഷന്‍ സ്്ത്രീയെ ഉപദ്രവിക്കുന്നതിന് ഈ കാഴ്ച കാരണമാകുന്നു, അവളെ ഇഷ്ടപ്പെടുന്നതിനും. ഇഷ്ടപ്പെടുന്നവളെ അവളുടെ ഇഷ്ടം നോക്കാതെ കീഴ്‌പ്പെടുത്താന്‍ ശക്തനെ പ്രേരിപ്പിക്കുന്നതും കാഴ്ചയുടെ വികൃതിയാണ്. പ്രതിഷേധിക്കുന്നവളെ കടിച്ചു കീറുന്നു, ഇഷ്ടമില്ല എന്നു പറയുന്നവളെ ആയുധം ഉപയോഗിച്ച് കൊല്ലുന്നു, അല്ലെങ്കില്‍ സുന്ദരമായ മുഖത്ത് ആസിഡൊഴിച്ച് അതിനെ വികൃതമാക്കുന്നു.

ഒരാള്‍ക്ക് ഉണ്ടെന്നു തോന്നിപ്പിക്കുന്ന ആഡംബരങ്ങള്‍ തനിക്കും ലഭിക്കാനായി ഒരുവന്‍ സ്‌നേഹശൂന്യനൊ ക്രൂരനൊ ആയിമാറുന്നു. കാഴ്ച നല്‍കുന്ന നന്മകള്‍ ഏറെയുണ്ട്. പ്രപഞ്ച സൗന്ദര്യത്തിന്റെ ആസ്വാദനം. കണ്ണിലൂടെ തലച്ചോറിലെത്തി നമ്മെ സന്തോഷിപ്പിക്കുന്ന കാഴ്ചകളുടെ നീണ്ട നിര. നാശങ്ങള്‍ വിതയ്ക്കുന്നവരും കാഴ്ചക്കാരാണ്. ഒരാളിന്റെ കാഴ്ചയിലെ നല്ലതുകളെ ഇല്ലാതാക്കുന്നതും കാഴ്ചയുള്ള മറ്റൊരാളാണ്. വായനയിലൂടെ നന്മയും തിന്മയും പകര്‍ന്നു നല്‍കുന്നതിന്റെ മാധ്യമവും കണ്ണുകളാണ്. യുദ്ധങ്ങളിലൂടെ, വെട്ടിപ്പിടിക്കലിലൂടെ, ആര്‍ത്തിയിലൂടെ ഭംഗിയുള്ളവയെ അഭംഗം വരുത്തുന്നതിന് കാഴ്ച നല്‍കുന്ന സംഭാവന വലുതാണ്. ഈ കാഴ്ചയുടെ വരത്തുപോക്ക് നടക്കുന്നതും  ശരീരത്തിലാണ്. സ്വതന്ത്രമായി തുറന്നിട്ടിരുന്ന മനുഷ്യശരീരത്തിത്തെ പൊതിയുവാന്‍ കാരണമായതും ഈ കാഴ്ച തന്നെയാണ്. പിന്നീട് കാഴ്ചയുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച് കൂടുതലായി പൊതിയുകയും പൊതിഞ്ഞവ തുറന്നുകാട്ടുകയും ചെയ്യുന്നതിലൂടെ അരൂപികള്‍ക്ക്  ലഹരി പകര്‍ന്നു നല്‍കാന്‍ ശരീരം പ്രത്യേകമായി ശ്രദ്ധിച്ചു. ശരീരത്തിന്റെ നിമ്‌നോന്നതങ്ങള്‍ ലഹരിയായി മാറുമ്പോള്‍ കാഴ്ച മറ്റു ചില വാതായനങ്ങളാണ് തുറന്നിടുന്നത്.

 കലാകാരന്മാരുടെ എന്നത്തെയും ആഹ്‌ളാദവും മദിരയും ശരീരമാണ്, പ്രത്യേകിച്ചും സ്ത്രീശരീരം. ശരീരത്തിന്റെ വടിവുകള്‍ക്ക് ചായവും ലോഹക്കൂട്ടുകളും ഉളിയും മിശ്രിതവും ഉപയോഗിക്കാന്‍ തുടങ്ങിയത് അവന്‍ പ്രകൃതിയില്‍ കണ്ട ഏറ്റവും സൗന്ദര്യമുള്ള വസ്തു സ്ത്രീ ശരീരമാണ് എന്ന നിലയിലാകാം. അതല്ലെങ്കില്‍ അവനിലെ വികാരങ്ങളെ കാഴ്ചയെന്ന മായികതയിലൂടെ ഉണര്‍ത്തിവിട്ട പ്രേരകമെന്ന നിലയിലാണോ എന്നതും പരിശേധിക്കേണ്ടതുണ്ട്. പുരുഷമേധാവിത്വം നിലനിന്ന പത്തൊന്‍പതാം നൂറ്റാണ്ട് വരെ സ്ത്രീരൂപങ്ങള്‍ എല്ലാ വിധ രചനങ്ങളിലും പുരുഷന് ആസ്വദിക്കാനുള്ള ഒരു വസ്തുവായിരുന്നു(മറ്റീരിയല്‍). അവള്‍ പുരുഷനെ വശീകരിക്കുകയും സ്‌നേഹിക്കുകയും ചതിക്കുകയുമൊക്കെ ചെയ്തു. അതിന് അവള്‍ ശരീരത്തെ ആയുധമാക്കി. ശരീരത്തെ ആയുധമാക്കി എന്നു പറയുമ്പോള്‍ ശരീരത്തിന് പുറത്തുളള ആ ആള്‍ എവിടെ എന്ന ചോദ്യമുദിക്കുന്നുണ്ട്. അതിലേക്കുളള ദൂരമാണ് നമ്മള്‍ അളക്കുന്നത്. സ്ത്രീ സ്വതന്ത്രായതോടെ അവളുടെ ചിന്താശക്തി ഉണര്‍ന്നു. അവളും എഴുത്തുകരിയായി, ചിത്രകാരിയായി, ശില്‍പ്പിയായി. അവള്‍ തനതു ചിന്തകളെ തകര്‍ത്തെറിഞ്ഞു. ശരീരത്തിനുള്ളില്‍ നിന്നും സ്ത്രീ പുറത്തുചാടി. അവള്‍ പുരുഷനെ ചോദ്യം ചെയ്യാനും അവനിലെ നന്മതിന്മകളെ ഇഴകീറാനും പ്രണയിക്കാനും വെറുക്കാനും തുടങ്ങി. പ്രണയവും വെറുപ്പും ചിത്രങ്ങളിലൂടെ പുറത്തുവന്നു. പ്രപഞ്ചത്തിലെ എല്ലാ സുന്ദരവസ്തുക്കളെയും സ്തീയോട് ഉപമിച്ച പുരുഷനുമുന്നില്‍ അവള്‍ നഗ്നയായി നിന്ന് ആര്‍ത്തവത്തെക്കുറിച്ചും ഗര്‍ഭശയത്തെകുറിച്ചും രോഗങ്ങളെക്കുറിച്ചും സംസാരിച്ചു. ശരീരം വെറും ആപേക്ഷികമായ ഒരശ്ലീലതയാണെന്ന് ഓര്‍മ്മപ്പെടുത്തി. പാടിപ്പുകഴ്ത്തിയിരുന്നവര്‍ക്ക് അത്തരം എഴുത്തിന് അവധി കൊടുക്കേണ്ടിവന്നു. ചിത്രങ്ങളിലൂടെ അവള്‍ ശരീരാന്തര്‍ഭാഗങ്ങളും ചിന്തകളുടെ ശീലങ്ങളും ദുശീലങ്ങളും മറനീക്കി പുറത്തുകൊണ്ടുവന്നു. പുരുഷനെപോലെ അവള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു. അവനെക്കാള്‍ ക്രൂരമായി, പ്രതികാരഭാവത്തോടെ അധികാരകേന്ദ്രങ്ങളില്‍ ഇടം നേടി. പുരുഷനെ ഭയപ്പെടുത്തി. ഇത്തരം ഭയപ്പാടുകളുടെ കാലത്താണ് ശരീരം ചര്‍ച്ച ചെയ്യപ്പെടുന്നത്.

ശരീരം എന്നാല്‍ എന്താണ്? ഒന്നര-രണ്ട് ചതുരശ്രമീറ്റര്‍ വരുന്ന ത്വക്ക് എന്ന ആവരണമാണോ? അതൊ ഈ ആവരണം പൊതിഞ്ഞു സൂക്ഷിക്കുന്ന, പരമാവധി 100 കിലോഗ്രാമോളം വരുന്ന മാംസമാണോ? തലച്ചോറും ഹൃദയവും ശ്വാസകോശവും കരളും വൃക്കയുമൊക്കെയടങ്ങിയ ആന്തരാവയവങ്ങളാണോ? അതോ ഇതെല്ലാം ചേര്‍ന്നതാണോ? ഇതെല്ലാം മാത്രം ചേര്‍ന്നതിനെ ബോഡി അഥവ ശരീരം എന്നു പറയാം. അതിന് ചലനമുണ്ടെങ്കില്‍ ജീവസുറ്റ ശരീരവും ചലനമില്ലെങ്കില്‍ മൃതശരീരവുമായി. ചലനം എങ്ങിനെയുണ്ടാകുന്നു. ഒരു ഫാക്ടറി പ്രവര്‍ത്തിക്കുംപോലെ അനേകകോടി കോശങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ചലനമുണ്ടാകുന്നു. എന്നാല്‍ ആ ചലനം മനുഷ്യന് പൂര്‍ണ്ണത നല്‍കുന്നില്ല. ഈ ചലിക്കുന്ന ശരീരത്തില്‍ എവിടെയോ അതിന്റെ ഉടമ കുടികൊള്ളുന്നുണ്ട്. അയാള്‍ ചിത്രകാരനോ, ഗായകനൊ കൊലപാതകിയൊ ആകാം. അതിനെ കണ്ടെത്തലാണ് പ്രയാസമേറിയ കാര്യം. മൃതമാകുന്നതോടെ ശരീരം വെറുക്കപ്പെട്ട വസ്തുവായി മാറുന്നു. ലക്ഷങ്ങളുടെ ആരാധനാ പാത്രമായിരുന്ന താരം പോലും ദുര്‍ഗന്ധം വമിക്കുന്ന വസ്തുവായി മാറുന്നു. അതിന്റെ നാളതുവരെയുണ്ടായിരുന്ന എല്ലാ അംശങ്ങളും നിലനില്‍ക്കെ അതില്‍ നിന്നും വിട്ടുപോയത് എന്താണ്? ശരീരത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഈര്‍ജ്ജപ്രവാഹം എവിടെ? അത് തൊട്ടടുത്ത് വായുവില്‍ ഒളിഞ്ഞു നില്‍ക്കുകയാണൊ?  അതിനെ ആത്മാവ് എന്നൊക്കെ പേരിട്ട് വിളിക്കാമൊ? ജീവന്‍ നിലച്ചു എന്നാണ് സാങ്കേതികമായി പറയുന്നതെങ്കിലും ജീവന്‍ പുറത്തേക്ക് പോയി എന്നതാണ് ശരി. അങ്ങിനെ ജീവന്‍ പോയതും നിലനില്‍ക്കുന്നതുമായ ശരീരങ്ങളുടെ ദ്രുതചലനമാണ് പ്രാപഞ്ചിക സത്യം . ഈ സത്യത്തെ അന്വേഷിക്കുമ്പോഴും അറിയുമ്പോഴും പോലും കണ്ണുകളും മറ്റ് ഇന്ദ്രിയങ്ങളും നമ്മെ ഇല്ലാത്ത കാഴ്ചകളും മണങ്ങളും ശബ്ദങ്ങളും രുചികളും സ്പര്‍ശനങ്ങളും നല്‍കി ഭ്രമിപ്പിക്കുകയാണ്. ഈ ഭ്രമമാണ് ഭൂമിയുടെ നിലനില്‍പ്പും നശ്വരതയും. അനശ്വരമായത് മാറി നില്‍ക്കുന്ന നീയും ഞാനും മാത്രം.













Saturday, 16 March 2019

Story-- be- bebbae- bebbabbae


കഥ

ബെ-ബെബ്ബെ--ബെബ്ബബ്ബെ

ദീര്‍ഘകാലത്തെ പരിശീലനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ശേഷമാണ് ദയകുമാറിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി കിട്ടിയത്. കുട്ടികള്‍ക്ക് ട്യൂഷനെടുത്തു കിട്ടുന്ന കാശ് മുഴുവനും മത്സരപരീക്ഷകള്‍ വിജയിക്കാന്‍ സഹായിക്കുന്ന ഗൈഡുകള്‍ വാങ്ങാനാണ് ദയകുമാര്‍ ചിലവാക്കിയത്. ബിരുദം നേടിയതിനുശേഷം കുറച്ചുകാലം ഗള്‍ഫില്‍ ഒരു ചെറിയ പണിയുമായി കഴിഞ്ഞെങ്കിലും ഗുണപ്പെട്ടില്ല. വിസയ്ക്ക് പണം നല്‍കാന്‍ അഞ്ചുസെന്റ് ഭൂമി വിറ്റതുമാത്രം ഓര്‍മ്മയില്‍ ബാക്കിയുണ്ട്. പെങ്ങളെ കെട്ടിച്ചുവിട്ടതിനാല്‍ മറ്റ് ബാധ്യതകളൊന്നുമില്ല. കര്‍ഷകരായ അച്ഛനും അമ്മയും ചേര്‍ന്ന് അധ്വാനിക്കുന്നതുകൊണ്ട് മേലനങ്ങാതെ മൂന്നുനേരവും ഭക്ഷണം കഴിച്ച് കഴിയുകയായിരുന്നു ദയകുമാര്‍. അവര്‍ അവനെ ഒന്നിനും നിര്‍ബ്ബന്ധിക്കാറുമില്ലായിരുന്നു.

'ഒരു സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മതി - ന്റെ മോന്, പിന്നെ സമാധാനമായി മരിക്കാം', ഇതാണ് ഗോപിയാശാന്റെ സ്ഥിരം പല്ലവി.

' എല്ലാം ഭഗവാന്‍ ശരിയാക്കിത്തരും', മാധവിയമ്മയുടെ അനുപല്ലവിയും ഒപ്പം വരും.

ദയകുമാര്‍ തികഞ്ഞ സമ്മര്‍ദ്ദത്തിലായിരുന്നു. എഴുതിയ പരീക്ഷകളിലെല്ലാം ലിസ്റ്റില്‍ ഇടം നേടിയെങ്കിലും നിയമനം കിട്ടിയില്ല. ' ഭാഗ്യദോഷം എന്നെ പറയേണ്ടു, അവന്റെ പേര് വരുമ്പോഴേക്കും വേക്കന്‍സി തീര്‍ന്നിട്ടുണ്ടാകും. സമയം ശരിയല്ല. മുപ്പത് കഴിയണം- ന്നാ ജ്യോത്സ്യന്‍ പറയണെ', ഗോപിയാശാന്‍ കവലയിലെ ചായക്കടയില്‍, ദേവരാജന്‍ നീട്ടിയടിച്ച ചായ നുണഞ്ഞ് , നാട്ടുകാരോട് പറഞ്ഞു സമാധാനിച്ചു.

മുപ്പത് പിന്നിട്ട നാള്‍ മുതല്‍ മാധവിയമ്മ ശിവക്ഷേത്രത്തില്‍ മുടക്കംകൂടാതെ പോവുകയും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള പലകയില്‍ കാണുന്ന ഒട്ടുമിക്ക പൂജകളും അവനുവേണ്ടി നടത്തുകയും ചെയ്തു. പൂജാമന്ത്രങ്ങളുടെ ശക്തിയാലോ സ്വാഭാവികമായ സമയക്രമത്തിന്റെ നീര്‍ചാലിലൂടെയൊ, ദയകുമാറിന് പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും അഡൈ്വസ് മെമ്മൊ കിട്ടി. അത് വീട്ടിലും ചുറ്റുവട്ടത്തും ഒരാഘോഷമായിരുന്നു. അധികം വൈകാതെ നിയമന ഉത്തരവും വന്നു. നാട്ടിലുളള എല്ലാ ക്ഷേത്രങ്ങളിലും വഴിപാട് നടത്തിയ ശേഷമെ മാധവിയമ്മ ദയകുമാറിനെ ജോലിയില്‍ പ്രവേശിക്കാനായി നഗരത്തിലേക്ക് വിട്ടുള്ളു. ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ ദയകുമാറിന്റെ ഉള്ളില്‍ പെരുമ്പറ കൊട്ടുയര്‍ന്നു. ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ പല ആവശ്യങ്ങള്‍ക്കായി പോയി നിന്ന ഓര്‍മ്മകള്‍ ഒരു കൊളാഷുപോലെ കണ്ണില്‍ ഓടിനടന്നു. പലരുടെയും സമീപനം തീരെ മോശമായിരുന്നു എന്നും ഓര്‍ത്തു. താന്‍ അങ്ങിനെയാവില്ല, ലഭിക്കുന്ന ശമ്പളത്തിനോട് അങ്ങേയറ്റം കൂറുപുലര്‍ത്തുന്ന ഒരു നല്ല ജീവനക്കാരനായിരിക്കും എന്ന പ്രതിജ്ഞയോടെ ചുവപ്പുനാടകളുടെ മഹാലോകത്തേക്ക് കാലെടുത്തു വച്ചു.

ഓഫീസില്‍ നല്ല സ്വീകരണമാണ് കിട്ടിയത്. ആദ്യ ദിവസം തന്നെ പ്രധാന സംഘടനയില്‍ അംഗത്വമെടുത്തു. ജോലികള്‍ പഠിപ്പിക്കാന്‍ സീനിയറായ ഗോകുല്‍ ദാസിനെ അവര്‍ ചുമതലപ്പെടുത്തി. സമീപം കിടന്ന ഒരു സ്റ്റൂളിലിരുന്ന് അയാള്‍ ജോലികള്‍ ചെയ്യുന്നത് ദയകുമാര്‍ സാകൂതം നോക്കിയിരുന്നു. മെല്ലെ മെല്ലെ ഗോകുല്‍ദാസിന്റെ ദിനചര്യതന്നെയായി ദയകുമാറിന്റെയും. അവന്‍ പത്തുമണിക്കുതന്നെ ഓഫീസില്‍ എത്തുമെങ്കിലും പത്തരയ്‌ക്കെത്തുന്ന ഗോകുല്‍ദാസിനായി കാത്തിരിക്കണം. അയാള്‍ വന്നു കഴിഞ്ഞാല്‍ അന്നത്തെ പത്രവാര്‍ത്തകള്‍, രാഷ്ട്രീയ സ്ഥിതിഗതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. അത് കഴിയുമ്പോള്‍ പതിനൊന്നാകും. മൂന്നുനാല് ഫോണ്‍കാളുകള്‍ കൂടി കഴിയുമ്പോള്‍ ചായകുടിക്കാനിറങ്ങും. ഒപ്പം ദയകുമാറും ഉണ്ടാകും. മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ചായകുടിയും പുകവലിയും കുറച്ച് ഗോസിപ്പുമെല്ലാം കഴിയുമ്പോള്‍ പന്ത്രണ്ടാവും. തിരികെ ഓഫീസിലെത്തി ഒരു ഫയലിന്റെ കെട്ടഴിക്കുകയോ തപാല്‍ പരിശോധിക്കുകയൊ ഒക്കെ ചെയ്യുമ്പോഴേക്കും പന്ത്രണ്ടരയാകും. ഇതിനിടെ മേലധികാരികള്‍ ആരെങ്കിലും വിളിച്ചാല്‍ ഗോകുല്‍ദാസ് ഒന്നുരണ്ട് തെറിവാക്കുകള്‍ ഉരുവിട്ട് അവിടേക്ക് പോകും. ദയകുമാര്‍ എല്ലാം കണ്ടും കേട്ടും വേണ്ടിടത്തുമാത്രം അഭിപ്രായം പറഞ്ഞും കൂടെ നടന്നു. പന്ത്രണ്ടര കഴിയുന്നതോടെ കാന്റീനിലേക്ക് നീങ്ങും. ഊണും വര്‍ത്തമാനവും കുറച്ചു സംഘടന പ്രവര്‍ത്തനവും കഴിഞ്ഞ് രണ്ടരയോടെ മടങ്ങിയെത്തും. മൂന്നു മണിക്കകം ഒരു ഫയലെങ്കിലും ഗോകുല്‍ദാസ് മുകളിലേക്കയയ്ക്കും. വന്നു ചേര്‍ന്ന തപാലുകള്‍ പേഴ്‌സണല്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്ന രീതി ഗോകുല്‍ ദയകുമാറിന് പറഞ്ഞുകൊടുത്തിരുന്നു. അത് അയാള്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.

മൂന്നരയ്ക്ക് ചായ കുടിക്കാന്‍ പോയാല്‍ നാലുമണിക്ക് തിരിച്ചെത്തും. ഈ സമയം പലരും കാത്തുനില്‍പ്പുണ്ടാവും, അവരുടെ ഫയലുകളിലെ തീര്‍പ്പറിയാന്‍. സ്വാന്തനവാക്കുകള്‍ പറഞ്ഞ് അവരെ പറഞ്ഞുവിടാന്‍ ഒരു പ്രത്യേക കഴിവുതന്നെയുണ്ട് ഗോകുല്‍ദാസിന്. പാവങ്ങള്‍ എന്ന് മനസില്‍ പറയാനെ ദയകുമാറിന് കഴിഞ്ഞുള്ളു. അത്ര ദൃഢമായി കഴിഞ്ഞിരുന്നു അവരുടെ ഗുരു ശിഷ്യ ബന്ധം. പിന്നെ പായ്ക്ക് അപ്പായി. ഒരു ദിവസത്തെ അഭിനയം കഴിഞ്ഞ് വേഷമഴിച്ചുവച്ചുള്ള പടിയിറക്കം. ദയകുമാര്‍ ലൈബ്രറിയിലേക്കോ ലോഡ്ജ് മുറിയിലേക്കോ പോകുമ്പോള്‍ ഗോകുല്‍ദാസ് കൂട്ടുകാര്‍ക്കൊപ്പം ബാറിലേക്ക് പോകും. ഒരു ദിവസം മാത്രമെ ഗുരു ശിഷ്യനെ ബാറിലേക്ക് വരാന്‍ നിര്‍ബ്ബന്ധിച്ചുള്ളു. അവന്‍ ഒഴിഞ്ഞുമാറി. ഈ നന്മ നിറഞ്ഞ കര്‍മ്മത്തിന് ഒരാളിനെയും ഞാന്‍ നിര്‍ബ്ബന്ധിക്കില്ല എന്നു പറഞ്ഞ് ഗൊകുല്‍ദാസ് പോയി.
പരിശീലന കര്‍മ്മ പരിപാടി രണ്ടാഴ്ച നീണ്ടു. ദയകുമാറിന് ഒരു മേശയും കസേരയും പണിയെടുക്കാനുള്ള ഫയലുകളും തീര്‍പ്പായി. ജോലി തുടങ്ങും മുന്‍പെ ഗോകുല്‍ദാസ് തന്നെ ഒരു വാചാ പരീക്ഷ നടത്തി.

' ദയകുമാരാ, നീ സര്‍ക്കാര്‍ ജീവനക്കാരനായിക്കഴിഞ്ഞു. എന്റെ കീഴില്‍ പരിശീലനവും കിട്ടി. ഇനി ഞാനൊന്നു ചോദിച്ചോട്ടെ, നമ്മുടെ രാമന്‍ നായരുസാറ് വന്ന് നിന്നോട് ദയകുമാറെ ആ മറ്റേ ഫയലെന്തായി എന്നു ചോദിച്ചാല്‍ നീ എന്തര് പറയും ? '

ദയകുമാര്‍ ഒന്നു സംശയിച്ചു. എന്നിട്ട് ശങ്കയോടെ പറഞ്ഞു, ' ഏത് ഫയലാ സാറേന്നു ചോദിക്കും '

' ശരി, അങ്ങേര് ഫയലിന്റെ ഡീറ്റയില്‍സ് പറഞ്ഞാല്‍ നീ എന്തര് ചെയ്യും ? '

' ഞാന്‍ പേഴ്‌സണല്‍ രജിസ്റ്ററെടുത്ത് ആ ഫയല്‍ നമ്പര് കണ്ടുപിടിക്കും.'

' നിര്‍ത്ത്, നിര്‍ത്ത്, എടാ രണ്ടാഴ്ച നീ എന്തരിനെടാ എന്റൊപ്പം നടന്നത്. നീ എന്തര് പഠിച്ച്? ചുമ്മാ, നീ ഒരു ചുക്കും പഠിച്ചില്ല.'

ദയകുമാറിന് സങ്കടം വന്നു. തനിക്ക് തെറ്റു പറ്റിയോ ? ഇതല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത് ? ഓരോ ഫയല്‍ നമ്പരും മനഃപാഠമാക്കേണ്ടിയിരുന്നൊ? ഓരോ ഫയലിലെ കണ്ടന്റും ഓര്‍ത്തിരിക്കേണ്ടതുണ്ടൊ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ മനസിലൂടെ ഓടിപ്പോയി.

' ദയകുമാരാ, നീ വിഷമിക്കുകയൊന്നും വേണ്ട. നീ ഇപ്പൊ പറഞ്ഞത് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഒരു രീതി. സര്‍വ്വീസില്‍ ശരിക്കും ഇതിന്റെയൊന്നും ആവശ്യമില്ല മോനെ. നീ ചെയ്യേണ്ടത് ഇത്രമാത്രം. രാമന്‍ നായര് സാറിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുക. എന്നിട്ട് - ദാ - ഇങ്ങനെ വായ നന്നായി തുറന്ന് കൈ മലച്ചുപിടിച്ച് 'ബെ -' എന്നങ്ങു പറഞ്ഞേക്കുക. അങ്ങേര് ചോദിക്കും എന്താ പറഞ്ഞതെന്ന്. നീ പറയുക, ' ബെബ്ബെ --'

രാമന്‍ നായര് സാറ് വിഷമത്തോടെയും നിരാശയോടെയും അരിശത്തോടെയും നീ പൊട്ടനാണോ എന്നു ചോദിക്കും . നീ ഒരിക്കല്‍ കൂടി കൈമലര്‍ത്തി ' ബെബ്ബബ്ബെ' എന്നുകൂടി പറയുക. പിന്നെ നിന്റെ സര്‍വ്വീസ് ജീവിതത്തില്‍ ഒരിക്കലും നിനക്കൊരു ബുദ്ധിമുട്ടും വരില്ല. ഒരാളും നിന്നോടൊന്നും ചോദിക്കുകയുമില്ല. മനസിലായോ നിനക്ക് ?', ദയകുമാര്‍ ഒരു കള്ളച്ചിരയോടെ തലയാട്ടി എല്ലാം ഉള്‍ക്കൊണ്ടു.

കാലം എത്ര കടന്നുപോയിരിക്കുന്നു. ഗോകുല്‍ദാസ് ഉന്നതപടവുകള്‍ കയറി പെന്‍ഷനായിപോയി. ദയകുമാറിന് ഇനിയും ഒരഞ്ചു വര്‍ഷം കൂടി ഈ സംവിധാനത്തില്‍ തുടരണം. ഇതിനിടെ താന്‍ എത്രപേര്‍ക്ക് പരിശീലനം നല്‍കി. ഗോകുല്‍ദാസിലൂടെ കൈമാറി വന്ന ആ പാഠങ്ങള്‍ എത്രപേര്‍ക്ക് പകര്‍ന്നു നല്‍കി. ഒരുതരത്തിലുളള സമ്മര്‍ദ്ദവുമില്ലാതെ സര്‍വ്വീസ് കാലം കടന്നുപോകാന്‍ ഇതിനപ്പുറം ഒരു പരിശീലനലും ലഭിക്കാനില്ലെന്നുതന്നെ ദയകുമാര്‍ ഇപ്പോഴും വിശ്വസിക്കുന്നു. ശിഷ്യപരമ്പരയ്ക്കും എതിരഭിപ്രായമില്ലെന്ന് അവരുടെ മുഖങ്ങളിലെ തെളിച്ചം വെളിവാക്കുന്നു.

Friday, 15 March 2019

light music .. Ariya mozhikal

ലളിത ഗാനം

അറിയാമൊഴികള്‍ ചിരിയായ് പടരും
അലയായൊഴുകും നിന്‍ ചുണ്ടില്‍
ഒരു നറുമുത്തം പകരാനണയും
ശലഭം ഞാന്‍ ചിത്രശലഭം ഞാന്‍ ( അറിയാ ---)

അലറി വിളിക്കും ചുഴലിക്കാറ്റില്‍
അടി തെറ്റുന്നൊരു ശലഭം ഞാന്‍
നിന്‍ ചാരത്തൊന്നണയാനായി
പൂവിന്‍ മറപറ്റി പായുന്നു ഞാന്‍ ( അറിയാ -----)

ആതിര വന്നതും ആവണി പോയതും
അറിഞ്ഞില്ല ഞാന്‍ ഒന്നുമറിഞ്ഞില്ല ഞാന്‍
നിന്റെ ചിലമ്പിന്റെ നാദവും താളവും
കാതോര്‍ത്ത് കാതോര്‍ത്ത് പാറുന്നു ഞാന്‍, മെല്ലെ പറക്കുന്നു ഞാന്‍ ( അറിയാ ---- )


Friday, 1 March 2019

Trip to Tanjavur

temple side view


  ബൃഹദീശ്വര ക്ഷേത്രം- കാഴ്ചയുടെ ഔന്നത്യം 

ക്ഷേത്രസന്ദര്‍ശനം ജീവിതവ്രതമാക്കിയിട്ടുള്ള സുഹൃത്ത് ഹരീന്ദ്രനാണ് 2018 ഡിസംബറില്‍ ഒരു സായാഹ്നചായകുടി സദസില്‍ വച്ച് ഈയിടെ ഒരിക്കല്‍ കൂടി തഞ്ചാവൂരില്‍ പോയ കഥ പറഞ്ഞത്. ബ്രഹദീശ്വര ക്ഷേത്രം മാത്രമല്ല പരിസര പ്രദേശത്തെ അനേകം ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. തമിഴ്‌നാടിന്റെ ഭൂമിശാസ്ത്രം അത്രയ്ക്കറിയാത്ത ഞാന്‍ ഹരീന്ദ്രനോട് തഞ്ചാവൂരിലേക്കുള്ള വഴി തിരക്കി. ട്രിച്ചിയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്ര, അത്രതന്നെ. ധാരാളം ബസുകളും ട്രെയിനും ഒക്കെയുണ്ട്. ട്രിച്ചി എന്നുകേട്ടതോടെ ഞാന്‍ ഉറപ്പിച്ചു, അടുത്ത ദേവക്കോട്ടൈ യാത്രയില്‍ തഞ്ചാവൂര്‍ പോകണം. കോയമ്പത്തൂര്‍ നിന്നും ട്രിച്ചിവരെ ട്രെയിനിലും അവിടെനിന്ന് ദേവക്കോട്ടയിലേക്ക് കാറിലും പോയ പഴയൊരോര്‍മ്മ എന്നിലേക്ക് വന്നു.ദേവക്കോട്ടൈയില്‍ നിന്നും ട്രിച്ചി വഴിയായാലും തഞ്ചാവൂരിലേക്ക് മൂന്നുമണിക്കൂര്‍ മതിയാകും. ഡിസംബര്‍ അവസാനമാണ് ജയശ്രീയും മോനും ഉണ്ണിക്കുട്ടനുമായി ദേവക്കോട്ടയ്ക്ക് പോയത്. ആ സമയം വിഷ്ണുവിന്റെയും മോളുടെയും സുഹൃത്തുക്കളായ ചാരുവും സാഹിത്യയും സഞ്ജിത്തും വന്നിട്ടുണ്ടായിരുന്നു. അങ്ങിനെയാണ് തഞ്ചാവൂര്‍ യാത്ര ഉറപ്പിച്ചത്. ഗൂഗിളില്‍ നോക്കുമ്പോള്‍് പ്രതീക്ഷിച്ചതിലും അടുത്താണ് തഞ്ചാവൂര്‍. ട്രിച്ചി തൊടാതെ പോകാം. പുതിയ ദേശീയപാത വന്നിട്ടുണ്ട്. രാമനാഥപുരം- തിരുമയം പോകുന്ന എന്‍എച്ച് 536, തിരുപ്പട്ടൂര്‍-പുതുക്കോട്ടൈ-തഞ്ചാവൂര്‍ വഴി പോകുന്ന എന്‍എച്ച്-36 എന്നീ ദേശീയ പാതകളിലൂടെ 124 കിലോമീറ്റര്‍ , 2.15 മണിക്കൂര്‍ ഓട്ടം. രണ്ട് കാറിലായി പുറപ്പെട്ടു. ജയശ്രീ വന്നില്ല. ഒരു കാറില്‍ ഞാനും ശ്രീക്കുട്ടനും ഉണ്ണിക്കുട്ടനും. മറ്റേ കാറില്‍ ചാരുവും സാഹിത്യയും സഞ്ജിത്തും. ദേശീയ പാതയുടെ തുടക്കത്തില്‍ പണിപുരോഗമിക്കുന്നതിനാല്‍ യാത്ര കുറച്ചു പതുക്കെയായിരുന്നു. പിന്നീട് നൂറു കിലോമീറ്റര്‍ കഴിഞ്ഞ് 120 ഒക്കെയാകുമ്പോള്‍ മനഃപൂര്‍വ്വം വേഗത കുറച്ച് , ഇരുവശവുമുള്ള പച്ചപ്പുകളും പതുക്കെ പതുക്കെ മാറി വരുന്ന നാടിന്റെ വികസനസ്വഭാവവുമൊക്കെ കണ്ട് യാത്ര തുടര്‍ന്നു. ഇടയ്‌ക്കൊരു ടോള്‍. നാട്ടില്‍ ടോളിനെതിരെ യുദ്ധമൊക്കെയുണ്ടെങ്കിലും 75 രൂപ ടോള്‍ നല്‍കാന്‍ മടി തോന്നിയില്ല. ടോള്‍ഗേറ്റിനോട് ചേര്‍ന്ന് നല്ല ടോയ്‌ലറ്റുകള്‍. തൊട്ടടുത്തായി ചായക്കട. ചായയും വടയുമൊക്കെ കഴിച്ച് യാത്ര തുടര്‍ന്നു. ഉച്ചയോടടുത്ത് തഞ്ചാവൂര്‍ നഗരപ്രവേശം നടന്നു. 
വിശ്രമശേഷം മോള് പറഞ്ഞേര്‍പ്പാടാക്കിയിരുന്ന ഗൈഡ് ശെല്‍വനെ വിളിച്ചു. നാലുമണിക്ക് ക്ഷേത്രനടയില്‍ എത്തിയാല്‍ മതി എന്നു പറഞ്ഞു. അതോടെ കൊട്ടാരം കാണാനായി പുറപ്പെട്ടു. തഞ്ചാവൂര്‍ മറാത്ത പാലസ് 1674- 1885 കാലത്ത് ഭരിച്ച ഭോസ്ലെ കുടുംബത്തിന്റേതാണ്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്ന രാജാവ് 1700 ല്‍ ആരംഭിച്ച സരസ്വതി മഹാള്‍ ലൈബ്രറി ഇപ്പോഴും അനേകം ഗവേഷണ വിദ്യര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഇടമാണ്. മുപ്പതിനായിരത്തിലേറെ ഇന്ത്യന്‍- യൂറോപ്യന്‍ കൈയ്യെഴുത്തു പ്രതികള്‍ അവിടത്തെ ശേഖരത്തിലുണ്ട്. ഇതിലധികവും സംസ്‌കൃതമാണ്, എന്നു മാത്രമല്ല താളിയോലയിലുള്ളതുമാണ്. 190 അടി ഉയരമുള്ള ഗൂഢഗോപുരമാണ് മറ്റൊരാകര്‍ഷണം. അവിടെ ഉയരത്തില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. ഇതിന് പുറമെ ഒരു വീഡിയോ പ്രദര്‍ശനവും ശില്‍പ്പ ശേഖരവും അവിടെയുണ്ട്. ബ്രിട്ടീഷുകാര്‍ തഞ്ചാവൂര്‍ സ്വന്തമാക്കിയപ്പോഴും ഭോസ്ലെ രാജാവ് അവരോട് അപേക്ഷിച്ചത് എത്ര നിധിവേണമെങ്കിലും കൊണ്ടുപൊയ്‌ക്കൊള്ളൂ, ലൈബ്രറിയെ തൊടരുത് എന്നാണ്. അവരത് അനുസരിക്കുകയും ചെയ്തു. 
 ഒറ്റ നോട്ടത്തില്‍ വൃത്തിയുള്ള നഗരം. വിദേശികളും സ്വദേശികളുമായ ധാരാളം വിനോദസഞ്ചാരികള്‍ വരുന്ന ഇടമാണ് എന്ന ബോധം നഗരസഭയ്ക്കും ജില്ലാ അധികാരകള്‍ക്കുമുണ്ട് എന്നു തോന്നി. ആദ്യം കണ്ടത് രാജരാജന്‍ മണിമണ്ഡപമാണ്. 1991ല്‍ തഞ്ചാവൂരില്‍ നടന്ന തമിഴ് കോണ്‍ഫറന്‍സിന്റെ ഓര്‍മ്മയ്ക്കാണ് മണിമണ്ഡപം സ്ഥാപിച്ചത്. നല്ലൊരു പാര്‍ക്കും നടുക്ക് ഒരു ഗോപുരവും ഗോപുരത്തിന് താഴെയായി രാജരാജ ആര്‍ട്ട് ഗാലറിയും.ആര്‍ട്ട് ഗലറിയില്‍ എല്ലാം തമിഴിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് വലിയ ന്യൂനതയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനേകം ശില്‍പ്പങ്ങളും ചിത്രങ്ങളും അവിടെയുണ്ട്. മണിമണ്ഡപത്തിന് മുകളില്‍ കയറാന്‍ പടികളുണ്ട്. അവിടെ സ്‌കൂള്‍ യൂണിഫോമിലുള്ളവരും കോളേജ് വിദ്യാര്‍ത്ഥികളും അല്ലാത്തവരുമായ കമിതാക്കള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. സന്ദര്‍ശകരും ഏറെയുണ്ട്. മണിമണ്ഡപത്തിന് മുകളില്‍ നിന്ന് നഗരം കാണാം. ദൂരെയായി ബൃഹദേശ്വരക്ഷേത്രവും കൊട്ടാരവും കാണാന്‍ കഴിഞ്ഞു. അവിടെനിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. കൃഷ്ണഭവന്‍ നല്ല റസ്റ്റാറന്റാണ് , അടുത്തുമാണ് എന്നു കണ്ടെത്തി നേരെ അങ്ങോട്ടേക്കു വണ്ടി വിട്ടു. നല്ല തിരക്കായിരുന്നെങ്കിലും വണ്ടി പാര്‍ക്കു ചെയ്യാന്‍ ഇടം കിട്ടി. രുചികരമായ വെജിറ്റേറിയന്‍ ഊണ് കഴിച്ചു.അടുത്ത സ്വീറ്റ് സ്റ്റാളില്‍ നിന്നും കുള്‍ഫിയും മധുരവും കഴിച്ച് സംതൃപ്തിയോടെ ഇറങ്ങി. തഞ്ചാവൂരിലെ റെസ്റ്റ് ഹൗസില്‍ ശ്രീക്കുട്ടി വിളിച്ചു പറഞ്ഞിരുന്നു. കുറച്ചു സമയം അവിടെ വിശ്രമിച്ചു. അതിനടുത്തുകൂടി ഒരു കനാല്‍ ഒഴുകുന്നുണ്ടായിരുന്നു. കാവേരിയില്‍ നിന്നു വരുന്ന നല്ല കണ്ണീരുപോലത്തെ ജലം. നഗരത്തിന്റെ ചുറ്റിലും കൃഷിയിടങ്ങളാണ്. തമിഴ്‌നാടിന്റെ നെല്ലറയാണ് തഞ്ചാവൂര്‍. തഞ്ചാവൂര്‍ പെയിന്റിംഗ്‌സും സംഗീതോപകരണങ്ങളുടെ നിര്‍മ്മാണവും തഞ്ചാവൂര്‍ സില്‍ക്കും പലവിധ ചിത്രവേലകളുമൊക്കെ ഇവിടേക്ക് വിവിധ കലാസ്വാദകരെ ആകര്‍ഷിക്കുന്നു എന്നത് നഗരത്തിലെ ജനങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്നു.

  തഞ്ചാവൂരിനെ ലോകപ്രശസ്തമാക്കുന്നത് യുനസ്‌കോ വേള്‍ഡ് ഹെരിറ്റേജ് മോണുമെന്റായി പ്രഖ്യാപിച്ച ബൃഹദീശ്വര ക്ഷേത്രം തന്നെയാണ്. ഞങ്ങള്‍ കൃത്യം 4 മണിക്ക് ക്ഷേത്രത്തിന്റെ പാര്‍ക്കിംഗിലെത്തി. വണ്ടി പാര്‍ക്കു ചെയ്ത് വന്ന ഉടന്‍ ശെല്‍വനെ കണ്ടെത്തി. അദ്ദേഹം ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള അധ്യാപകനാണ്. ക്ലാസ് കഴിഞ്ഞശേഷമുള്ള ഇഷ്ട വിനോദമാണ് ഗൈഡായുള്ള പ്രവര്‍ത്തനം. കാര്യങ്ങളൊക്കെ പിന്നീട് വിശദീകരിക്കാം, ആദ്യം ദര്‍ശനം എന്നു പറഞ്ഞ് വിഐപി പരിഗണന നല്‍കി ദര്‍ശനത്തിന് കൊണ്ടുപോയി. അതിമഹത്തായ വലുപ്പത്തിലുള്ള ശിവലിംഗം കണ്ട് തൊഴുതു.8.7 മീറ്റര്‍ ഉയരമുള്ള ശിവലിംഗം 16 നിലകളും 63 മീറ്റര്‍ ഉയരമുള്ള ടവറിന്റെ രണ്ടാംനിലവരെ എത്തിനില്‍ക്കുന്നു. പൂജാരിക്കും സെക്യൂരിറ്റിക്കും ദക്ഷിണ നല്‍കി പുറത്തിറങ്ങി. അവിടെ നിന്നും തെക്കുപടിഞ്ഞാറെ അതിരിലേക്ക് ശെല്‍വന്‍ ക്ഷണിച്ചു. ചിത്രം എടുക്കാന്‍ ഏറ്റവും നല്ല ഇടമാണ് എന്നും ഇപ്പോള്‍ നല്ല വെളിച്ചമാണെന്നും ഉപദേശിച്ചു. എല്ലാവരും ചിത്രമെടുത്തു. ശെല്‍വന്‍ പറയുന്നത് കേള്‍ക്കാന്‍ കുറച്ചു ഹിന്ദിക്കാരും ഒരു വിദേശിയുമുണ്ടായിരുന്നു. രസകരമായി കാര്യങ്ങള്‍ പറഞ്ഞുതരുന്ന നല്ലൊരു ഗൈഡാണ് ശെല്‍വന്‍.

 985-1014 കാലത്ത് രാജ്യം ഭരിച്ച രാജരാജചോളന്‍ ഒന്നാമനാണ് ബൃഹദേശ്വര ക്ഷേത്രം നിര്‍മ്മിച്ചത്. തമിഴ് ക്ഷേത്രനിര്‍മ്മാണത്തിന്റെ ഉദാത്ത മാതൃകയാണ് ഈ ക്ഷേത്രം. 1003-1010 കാലത്താണ് നിര്‍മ്മാണം നടന്നത്. ഈ പ്രദേശത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ എങ്ങും പാറയില്ല. അത്ര അകലെ നിന്നും ആനകളും മനുഷ്യരും ചേര്‍ന്നാണ് പാറകള്‍ പൊട്ടിച്ചുകൊണ്ടുവന്നത്. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ മുകളിലെ ചതുരാകൃതിയിലുള്ളതും 80 ടണ്‍ തൂക്കം വരുന്നതുമായ ഡോം അവിടെ എത്തിച്ചതിനെപ്പറ്റി ശെല്‍വന്‍ പറഞ്ഞതിങ്ങനെ, ' മണ്ണുകൊണ്ടുള്ള ഒരു കുന്നുണ്ടാക്കിയ ശേഷം ഡോമിനെ ഉരുട്ടി മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കയായിരുന്നു. തുടര്‍ന്ന് അതിന് താഴെ മുകളില്‍ നിന്നും താഴേക്ക് ഇന്റര്‍ ലോക്കിംഗുള്ള പാറകള്‍ അടുക്കിയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. '  എന്നാല്‍ ഈ ഡോം ഒറ്റ പാറയല്ല എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. 1807,1816,1823,1864,1866,1900 എന്നീ വര്‍ങ്ങളില്‍ ഇവിടെ ഭൂമികുലുക്കമുണ്ടായെങ്കിലും ഇന്റര്‍ ലോക്കിംഗിന് ഒന്നും സംഭവിച്ചില്ല എന്നത് ആധുനികകാലത്തും വിദഗ്ധരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വാസ്തുവിദ്യാ വിദഗ്ധരുടെ നിരന്തര പഠനത്തിലാണ് ഈ ക്ഷേത്രം എന്നതും ഒരു പ്രത്യേകതയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ വരും മുന്‍പുള്ള മനുഷ്യരുടെ അത്ഭുതശക്തിക്കുമുന്നില്‍ നമ്മള്‍ നമിച്ചു പോകുന്ന നിമിഷങ്ങള്‍. ക്ഷേത്രത്തിന് ചുറ്റിലും വിശാലമായ മുറ്റമാണ്. കിഴക്കു പടിഞ്ഞാറ് 241 മീറ്ററും വടക്കു തെക്ക് 122 മീറ്ററും ദൈര്‍ഘ്യമുണ്ട്. ഗര്‍ഭഗൃഹത്തിന്  പുറമെ നന്ദി മണ്ഡപം, മുഖമണ്ഡപം, മഹാമണ്ഡപം, മഹാമണ്ഡപത്തെ ഗര്‍ഭഗൃഹവുമായി ബന്ധിപ്പിക്കുന്ന അര്‍ദ്ധമണ്ഡപം എന്നിവ ചേര്‍ന്നതാണ് ക്ഷേത്രം. ക്ഷേത്രഭിത്തികളില്‍ നിര്‍മ്മാണം സംബ്ബന്ധിച്ച വിശദാംശങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഒരു ശില്‍പ്പി പാറവീണ് മരണപ്പെട്ട വിവരംപോലും രേഖപ്പെടുത്തിയിരിക്കുന്നു. അയാളുടെ കുടുംബത്തിന് നദീതീരത്ത് കൃഷിയിടം, വീട്ടിലെ ഒരാള്‍ക്ക് കൊട്ടാരത്തില്‍ ജോലി, ഏഴ് തലമുറയ്ക്ക് നികുതിയിളവ് എന്നിവ നല്‍കിയതായും രേഖയുണ്ട്. 107 പാരഗ്രാഫിലാണ് ക്ഷേത്രാചാരം, ഉത്സവം, പൂജാ രീതികള്‍ ഒക്കെയും എഴുതിയിരിക്കുന്നത്. കല്ലിലെ കൊത്തുപണികളില്‍ സൂക്ഷ്മമായ കുഴികളുണ്ട്. ഇരുമ്പിന്റെയും കോപ്പറിന്റെയും ഉളികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഈ സൂക്ഷ്മമായ പണി ഇന്നും അത്ഭുതമായി നിലനില്‍ക്കുന്നു. 1000 വര്‍ഷം മുന്‍പുള്ള ഈ ഡ്രില്ലിംഗ് ടെക്‌നോളജി അതിശയിപ്പിക്കുന്നതാണ്. നന്ദി, പാര്‍വ്വതി, കാര്‍ത്തികേയ, ഗണേശ, സഭാവതി,ദക്ഷിണാമൂര്‍ത്തി, ചന്ദേശ്വര്‍, വരഹി എന്നീ വിഗ്രഹങ്ങളുമുണ്ട് . 25 ടണ്‍ തൂക്കമുള്ള നന്ദിക്ക് 2 മീറ്റര്‍ ഉയരവും 6 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുണ്ട്. രാജരാജചോളന്‍ സ്ഥാപിച്ച നന്ദിയെ മാറ്റി ഇപ്പോള്‍ കാണുന്ന നന്ദി സ്ഥാപിച്ചത് മറാത്തരുടെ ഭരണകാലത്താണ്.ക്ഷേത്രത്തിന്റെ ചറ്റുവരാന്ത മനോഹരമാണ്. 450 മീറ്ററാണ് ഇതിന്റെ ചുറ്റളവ്.  

 മധുര മീനാക്ഷി ക്ഷേത്രത്തിന് ക്ഷേത്രത്തിനേക്കാള്‍ ഉയര്‍ന്ന നാല് ഗോപുരങ്ങളാണള്ളത്. എന്നാല്‍ ഇവിടെ ക്ഷേത്രത്തിന്റെ അത്ര ഉയരമില്ലാത്ത രണ്ട് ഗോപുരങ്ങള്‍ മുന്‍വശത്തുതന്നെയാണുള്ളത്. കേരളരാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കൊള്ളയടിച്ചു കൊണ്ടുവന്ന സ്വത്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പുറത്തെ ഗോപുരത്തിന് കേരളാന്തകന്‍ തിരുവാസല്‍ എന്നാണ് പേര്. അവിടെ നിന്നും 100 മീറ്റര്‍ അകത്തായുള്ള രണ്ടാം ഗോപുരവാതിലാണ് രാജരാജന്‍ തിരുവാസല്‍ . ബൃഹദേശ്വരക്ഷേത്രത്തിന്റെ അത്ര ഉയരമുള്ളതും മനസിലേക്ക് കടന്നു കയറുന്നതുമായ ക്ഷേത്രങ്ങള്‍ കുറവാണ്. എത്ര സമയം വേണമെങ്കിലും അവിടെ ചിലവഴിക്കാന്‍ തോന്നും വിധം ഒരാകര്‍ഷണം ആ പറമ്പിനുണ്ട്. കണ്ടിരിക്കുമ്പോള്‍ സൗന്ദര്യമേറുന്ന ക്ഷേത്രം എന്നൊക്കെ പറയാം. അസ്തമയത്തോടെ ഞങ്ങള്‍ ഇറങ്ങി. നഗരം നല്ല തിരക്കിലാണ്. തിരക്കില്‍ വഴി തെറ്റാതെ പുറത്തേക്ക് എത്തി. വഴിയില്‍ ഇരുട്ടുവീണിട്ടുണ്ട്. അവിടവിടെ മിന്നാമിനുങ്ങുകള്‍ പോലെ വെട്ടം. ടോള്‍ഗേറ്റിന്റെ മുന്നെ നിര്‍ത്തി ഒരു ചായകൂടി കുടിച്ചു. പിന്നെ കാറിന്റെ വേഗത കൂട്ടി. ഒന്‍പത് കഴിഞ്ഞപ്പോള്‍ ദേവക്കോട്ടയിലെത്തി. രാത്രിയില്‍ കണ്ണുകള്‍ അടഞ്ഞിട്ടും കാഴ്ചയില്‍ തെളിഞ്ഞത് ക്ഷേത്രം മാത്രമായിരുന്നു. ഇനിയും പോകാന്‍ ആഗ്രഹിക്കുന്ന ഒരിടമായി തഞ്ചാവൂര്‍ നിലനില്‍ക്കുന്നു. രണ്ട് ദിവസം തങ്ങി കാണേണ്ടത്ര കാഴ്ചകള്‍ അവിടെയുണ്ട് എന്നാരോ ഓര്‍മ്മിപ്പിക്കുന്നപോലെ. 
temple - from north side

left side

view from back

krishna hotel

manimandapam

maratha palace

maratha palace lawn

guide Selvan 

Gate view