അനുസ്മരണം
ഒരിക്കലും മായാത്ത ചിരി
ഫിറോസ് സാര്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം തികയുന്നു. ഭരണാധികാരി എന്ന
നിലയിലും മികച്ച പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ എന്ന നിലയിലും നല്ല പ്രകടനം
കാഴ്ചവച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മാത്രമല്ല ഫിറോസ് ജനമനസ്സില്‍ ഓര്‍മ്മയാകുന്നത്,
മറിച്ച് ഒരു നല്ല മനുഷ്യസ്നേഹിയും സുഹൃത്തും എന്ന നിലയിലാണ്.സ്നേഹവും
സൌഹൃദവുമൊക്കെ കുറഞ്ഞുവരുന്ന ഈ കാലത്ത് ശത്രുക്കളോട്പോലും മമത പുലര്‍ത്തുകയും
സ്നേഹപൂര്‍വ്വം പെരുമാറുകയും ചെയ്യാനുള്ള മനസ്സ് ഉണ്ടാവുക അപൂര്‍വ്വം.അത്തരമൊരപൂര്‍വ്വതയായിരുന്നു
ഫിറോസ്. പരിചയപ്പെടുന്ന ഒരാള്‍ക്കും മറക്കാന്‍ കഴിയാത്ത ഓരാകര്‍ഷണീയത
അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍
ജോലികിട്ടി തിരുവനന്തപുരം,പത്തനംതിട്ട,ഇടുക്കി,പാലക്കാട് തുടങ്ങിയ ഇടങ്ങളില്‍
സേവനമനുഷ്ടിച്ച് എത്തിയിടത്തെല്ലാം സൌഹൃദസദസ്സുകളുണ്ടാക്കി തന്‍റെ സുഹൃദ് വലയം
വിപുലമാക്കിയ ഫിറോസ് കേരള സംസ്ഥാന ഹൌസിംഗ് ബോര്‍ഡിലും സാക്ഷരതാ മിഷനിലും പിആര്‍ഓ
ആയി ജോലി നോക്കി. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം കൊണ്ടുമാത്രം 1993ല്‍ ദല്‍ഹിലേക്ക്
ചേക്കേറുമ്പോള്‍ അതിന് പിന്നാലെ അവിടെ എത്തിച്ചേര്‍ന്ന എനിക്ക് ഒരുപാട് പുതിയ
അനുഭവങ്ങളുടെ ലോകം കാണാന്‍ ഫിറോസുമൊത്തുള്ള ഔദ്യോഗിക ജീവിതം അവസരമൊരുക്കി. ദല്‍ഹിയില്‍
ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്ഥാപിക്കാന്‍ കാരണക്കാരനായ ത്യാഗരാജന്‍റെ തുടര്‍ച്ചയായി
എത്തിയ രാജശേഖരന്‍ നായര്‍,രാധാകൃഷ്ണന്‍ നായര്‍
തുടങ്ങിയവര്‍ തുടക്കമിട്ട കേരള ഹൌസിന്‍റെ ജനകീയമുഖം വിപുലപ്പെട്ടത്
ഫിറോസിന്‍റെ കാലത്തായിരുന്നു. ഒരുപക്ഷെ ലക്ഷക്കണക്കിന് മലയാളികളുള്ള ദല്‍ഹിയില്‍
കേരള ഹൌസ് റസിഡന്‍റ് കമ്മീഷണറെയോ മറ്റ് ഓഫീസര്‍മാരെയോ അറിയുകയോ അന്വേഷിക്കുകയോ
ചെയ്യാത്തവര്‍ക്ക്പോലും ഫിറോസ് ഒരു പരിചിത മുഖവും സര്‍ക്കാര്‍
പ്രതിനിധിയുമായിരുന്നു.
കേരളത്തിന്‍റെ എംബസ്സി എന്നവിധം
ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഫിറോസിന് കഴിഞ്ഞു. ഈ
പോപ്പുലാരിറ്റി ധാരാളം ശത്രുക്കളെയും സമ്മാനിച്ചു എന്നത് മറച്ചുവയ്ക്കാന്‍
കഴിയില്ല. അനേകം സംഘടനകളുള്ള ദല്‍ഹിയില്‍ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍
ഓഫ് മലയാളി അസ്സോസ്സിയേഷന്‍ രൂപീകരിച്ചത് മികച്ച നേട്ടമായിരുന്നു. ഇത് നടക്കുമെന്ന
വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ക്ഷമയോടെയുള്ള കരുനീക്കങ്ങളിലൂടെ അത്
യാഥാര്‍ത്ഥ്യമാവുകയും ദല്‍ഹിയില്‍ ഘോഷയാത്രയോടെ ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്തു.
മദ്രാസി എന്നറിയപ്പെട്ടിരുന്ന മലയാളിക്ക് ഒരു ലേബലുണ്ടാക്കിക്കൊടുക്കാന്‍ ഈ അവസരം
ഉപകരിച്ചു.ആള്‍ ഇന്ത്യ മറുനാടന്‍ മലയാളി സംഗമം ദല്‍ഹി പ്രഗതി മൈതാനിയില്‍
നടത്തുമ്പോള്‍ അതിന്‍റെ സംഘാടകനേതൃത്വത്തിലും ഫിറോസുണ്ടായിരുന്നു. കേരളത്തില്‍
നിന്നെത്തുന്ന നേതാക്കള്‍,പ്രമുഖര്‍,ദല്‍ഹി മലയാളികള്‍ ഇങ്ങനെ എപ്പോഴും
ഉത്സവമയമായിരുന്നു ഇന്‍ഫര്‍മേഷന്‍ ഓഫീസ്. ഇതിനിടയില്‍ സര്‍ക്കാര്‍ പരിപാടികളും
മുറതെറ്റാതെ നടന്നു. 1995ല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പബ്ലിക് ദിന
പരേഡിലെ കേരളത്തിന്‍റെ പങ്കാളിത്തവും ആദ്യ സ്വര്‍ണ്ണമെഡല്‍ നേട്ടവും
എടുത്തുപറയേണ്ട ഒന്നാണ്. അന്താരാഷ്ട്ര വ്യാപാരമേളകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം
നേടി കേരളത്തിന്‍റെ യശ്ശസ്സ് ഉയര്‍ത്തിയതും മറക്കാന്‍ കഴിയില്ല. ഓര്‍മ്മയില്‍
തെളിയുന്ന മറ്റ് ചില മികച്ച പരിപാടികള്‍ ഗുണ്ടര്‍ട്ട് സെമിനാറും ഓണാഘോഷങ്ങളും
ഫിലിം ഫെസ്റ്റിവലുകളുമാണ്.
കൂടെയുള്ള ജീവനക്കാര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യവും
സമഭാവനയോടെയുള്ള സഹകരണവും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേകത. ദേഷ്യം
വന്നാല്‍പോലും അത് പുറത്തുകാട്ടാത്ത സമീപനം, ഓരോരുത്തരുടെയും മികവുകളും കുറവുകളും
മനസ്സിലാക്കിയുള്ള പ്രവര്‍ത്തനം, സഹജീവനക്കാരെ കുടുംബാംഗങ്ങളെപോലെ കാണുകയും
എവിടെയും ഒപ്പം കൂട്ടുകയും ചെയ്യുന്ന സമീപനം , ഇതൊക്കെ ആ വ്യക്തിത്വത്തിന് ചാരുത
പകര്‍ന്നു.ഞങ്ങളുടെ എല്ലാ ആഘോഷങ്ങളും കൂട്ടായിട്ടായിരുന്നു.എല്ലാ ആഘോഷങ്ങളുടെയും
നേതൃത്വവും അദ്ദേഹം ഏറ്റെടുക്കും, ഒപ്പം നിസയുമുണ്ടാവും. കുട്ടികളുടെ ജന്മദിനവും
ഓണവും വിഷുവും റംസാനുമൊല്ലാം ഒരേ രീതിയില്‍ ആഘോഷിച്ചു.ഓഫീസ് രാത്രി വൈകിയും
സജീവമായിരുന്നു. എന്നാല്‍ ജോലി ഒരിക്കലും ഒരു ഭാരമായി തോന്നാതിരിക്കാന്‍ പ്രത്യേക
ശ്രദ്ധയുമുണ്ടായിരുന്നു. അതാണ് കൂടെ ജോലി ചെയ്തിരുന്നവരെ ആഹ്ലാദിപ്പിച്ചിരുന്നതും.
വലിയ വ്യവസായികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും
തീരെ സാധാരണക്കാരായ ഗസ്റ്റ് ഹൌസ് ജീവനക്കാര്‍ക്കും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ
മുറിയില്‍ ഒരേ പരിഗണനയായിരുന്നു. അറുബോറന്മാരെയും കുഴപ്പക്കാരെയും പോലും അദ്ദേഹം
അകറ്റി നിര്‍ത്തിയില്ല.അവരും മനുഷ്യരല്ലെ എന്ന നിലയില്‍ പെരുമാറി.ജീവിത ശൈലിയുടെ
ഭാഗമായി സമയനിഷ്ഠപാലിക്കാന്‍ കഴിയാതെവരുക എന്ന ദൂഷ്യം ആദ്യകാലം മുതല്‍
അവസാനംവരെയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്‍റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍
അസംതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ദല്‍ഹിയില്‍ പോപ്പുലാരിറ്റി വര്‍ദ്ധിച്ചപ്പോള്‍
അസൂയകൊണ്ട് മാത്രം രൂപപ്പെട്ട എതിര്‍പക്ഷവും ശക്തമായി. റസിഡന്‍റ് കമ്മീഷണര്‍മാരെ
തെറ്റിദ്ധരിപ്പിക്കാനും ഒരു പരിധിവരെ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ദല്‍ഹിയിലെ
എല്ലാ സംഘടനകളുടെയും ഇഷ്ടപാത്രമായിരുന്ന ഫിറോസ് ഒരു കൂട്ടരുടെ ശത്രുവായി മാറിയത്
കേരള എഡ്യൂക്കേഷണല്‍ സൊസൈറ്റിയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാണ്.
അവിടെ വിജയിച്ച ഫിറോസ് കാനിംഗ് റോഡ് സ്കൂളിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച വാര്‍ഷികാഘോഷം
തല്‍ക്കത്തോറ ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു. കലാകാരനും
കലാസ്വാദകനുമായ ഫിറോസ് മാവേലി കണ്ട ഡല്‍ഹി എന്ന ടെലി ഫിലിമും മുംബയ് ചുവന്ന
തെരുവിലെ ജീവിതത്തെ ആസ്പ്പദമാക്കി മികച്ചൊരു ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തതും
ശ്രദ്ധേയമയ സംഭാവനകളാണ്.
തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ച
ചില അടിയൊഴുക്കുകളും മൂലം ദല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മാറ്റമായ ഫിറോസ്
പിന്നീട് വകുപ്പിന്‍റെ ഡയറക്ടറായി എത്തുമ്പോഴും എതിര്‍പ്പുകളെ ഏറെ
അതിജീവിക്കേണ്ടിവന്നു. എന്നാല്‍ ചെറിയ സമയംകൊണ്ടുതന്നെ മികച്ച സംഘാടകന്‍ എന്ന
പെരുമ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ്
ഏറ്റവും സജീവമായ ഒരു കാലഘട്ടമായിരുന്നു അത്. എമര്‍ജിംഗ് കേരള, കൊച്ചിയില്‍ നടന്ന
പ്രവാസി ഭാരതീയ ദിവസ്, ദേശീയ കാര്‍ട്ടൂണ്‍ സെമിനാര്‍,സര്‍ക്കാരിന്‍റെ നൂറുദിന
പരിപാടി, ശ്രീ.ഉമ്മന്‍ ചാണ്ടിയുടെ അതിവേഗം ബഹുദൂരം പരിപാടികളുടെ പ്രചാരണം തുടങ്ങി
ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രര്‍ത്തനങ്ങളുടെ
ഒരു ശ്രംഖലതന്നെ ഈ കാലത്തുണ്ടായി. ഓഫീസിലെ തിരക്കുകള്‍ വര്‍ദ്ധിച്ചു.
മന്ത്രിമാരുടെ ഓഫീസുകളിലെ പോലുള്ള തിരക്കായിരുന്നു ഡയറക്ടറുടെ മുറിയില്‍. ഇത്രയേറെ
പിആര്‍ വേണ്ട എന്ന് ഞങ്ങളൊക്കെ ഉപദേശിച്ച കാലം. വരുന്നവരെല്ലാം ആനുകൂല്യങ്ങള്‍ക്കായാണ്
എത്തുന്നത്. ഒരാളെയും നിരാശപ്പെടുത്താതിരിക്കാന്‍ ഫിറോസ് ശ്രമിച്ചു.അത് പില്‍ക്കാലത്ത്
പലവിധത്തില്‍ വിനയായി മാറി എന്നതും മറക്കാതിരിക്കാം. സഹായം കിട്ടിയവരില്‍
ഭൂരിപക്ഷവും പ്രതിസന്ധി ഘട്ടത്തില്‍ കൈയ്യൊഴിഞ്ഞു. സോളാര്‍ അഴിമതി പുറത്ത് വന്ന
കാലത്ത് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഫിറോസിനെ അതില്‍ കണ്ണിചേര്‍ത്ത ഗൂഢാലോചന
ഇന്നും വെളിച്ചത്ത് വന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചില തട്ടിപ്പുകളുമായി
നടന്ന സരിത-ബിജു കൂട്ടുകെട്ടിനെ അബദ്ധത്തില്‍ വിശ്വസിച്ചതുവഴിയുണ്ടായ ഒരു കേസ്സ് ഈ
സമയത്ത് ഉയര്‍ത്തിക്കാട്ടിയതിന്‍റെ സൂത്രധാരന്‍ ആരെന്നറിയില്ല. എന്നാല്‍ ഒറ്റ രാത്രികൊണ്ട്
മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്ന കാഴ്ചയാണ് തുടര്‍ന്ന് നമ്മള്‍ കണ്ടത്. പിന്നെ ചാരക്കേസ്സിലെ
പോലെ നിറം പിടിപ്പിച്ച കഥകളുടെ ഒരു പരമ്പര തന്നെയുണ്ടായി. മാധ്യമ വിചാരണയില്‍
യാഥാര്‍ത്ഥ്യത്തിന് പ്രസക്തിയില്ലാതായി. ഓരോ ദിവസവും പുതിയ പുതിയ
വെളിപ്പെടുത്തലുകളുമായി അവര്‍ ആ സുഹൃത്തിനെ ആഘോഷിച്ചു. ഡയറക്ടര്‍ സ്ഥാനത്തു
നിന്നും പുറത്താക്കപ്പെടുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ പോകുന്നു. ഒളിവ്
ജീവിതമില്ലായിരുന്നെങ്കില്‍ സരിത കേസ്സിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഫിറോസില്‍
കെട്ടിവച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ കൈകഴുകിയേനെ. ഫിറോസ് ഒളിവിലായിരുന്നകാലത്തും സോളാര്‍
വിഷയം ലൈവായി നിലനിര്‍ത്തേണ്ട ആവശ്യകത വന്നതുകൊണ്ടുമാത്രമാണ് മാധ്യമശ്രദ്ധ മറ്റ് പലരിലേക്കും വ്യാപിക്കുകയും ഫിറോസ് രക്ഷപെടുകയും
ചെയ്തത്.
ഹൃദയസംബ്ബന്ധമായ അസുഖത്തിന്‍റെ
ചികിത്സയും കടുത്ത മാനസ്സിക സമ്മര്‍ദ്ദവും അതിജീവിച്ച ഫിറോസ് ജയില്‍വാസക്കാലത്ത്
കാണുമ്പോഴും പഴയ പ്രസരിപ്പ് നിലനിര്‍ത്തിയിരുന്നു. എവിടെയും ദൈവം ഒരു
കൈത്താങ്ങാവും എന്ന് വിശ്വാസികള്‍ പറയുംപോലെ, ദുരിതത്തിന്‍റെ ഈ നാളുകളിലും
കൈത്താങ്ങുകളുണ്ടായി. അതിന് കാരണം ചെയ്ത നന്മകളുടെ ബാക്കി പത്രം തന്നെയാണ്
എന്നതില്‍ സംശയമില്ല. ഏറ്റവും പ്രധാനം കുടുംബത്തിന്‍റെ പിന്‍തുണയാണ്.
എല്ലാക്കാലത്തും ഒരു ശക്തിയായി കൂടെനിന്ന ഭാര്യ നിസ്സയും മക്കളായ അഖിലും ഭാവനയും
പാറപോലെ ഉറച്ചുനിന്ന ഉമ്മയും ബന്ധുക്കളും അതിപ്രധാന ഘടകങ്ങളായിരുന്നു.ജീവിതത്തില്‍
ഒരിക്കലും വിശ്രമിക്കാതിരുന്ന ഫിറോസ് ഇപ്പോള്‍ കബറില്‍ ദീര്‍ഘമായ
വിശ്രമത്തിലാണ്.ജീവിതയാത്ര ഓടിത്തീര്‍ക്കാന്‍ കഴിയാതെ, അതിവേഗ എന്‍ജിന്‍ പെട്ടെന്ന്
നിലച്ചു. ഇപ്പോള്‍ പരിചയക്കാര്‍ക്ക് ഉള്ളിലേക്ക് നോക്കി ചോദിക്കാവുന്ന ഒരു
ചോദ്യമുണ്ട്, എനിക്ക് ഫിറോസ് ആരായിരുന്നു?
സുഹൃത്തെ, എല്ലാ പ്രതിസന്ധികളും
തരണം ചെയ്ത നീ സമാധാനത്തിന്‍റെ നാളുകള്‍ ഞങ്ങള്‍ക്കൊപ്പം ആഘോഷിക്കാതെ
എവിടേയ്ക്കാണ് പോയ് മറഞ്ഞത്? ഇതെഴുതുമ്പോഴും പിന്നിലൂടെ
ഒളിഞ്ഞുനോക്കി ഒരു കള്ളച്ചിരി ചിരിക്കുന്ന ഫിറോസിനെ എനിക്ക് കാണാം. വായിക്കുന്ന
നിങ്ങള്‍ക്ക് പിന്നിലുമുണ്ട് ആ ചിരി, ഒരിക്കലും മായാത്ത ചിരി.
ഹൃദയസ്പർശിയായ രചന.സുഹൃത്തിനു പ്രണാമം ..എഴുമറ്റൂർ
ReplyDeleteഒരിക്കൽ പോലും പുഞ്ചിരിക്കാതെ സംസാരിച്ചിട്ടില്ല. ഏറ്റവും നല്ല
ReplyDeleteസുഹൃത്തുക്കളിൽ ഒരാളായിരുന്നു. സ്നേഹം മാത്രം തന്ന സുഹൃത്ത്.