Monday 18 March 2019

A critical view on Body inspired by the exhibtion on Body curated by Johny.M.L

ബോഡി അഥവാ ശരീരം

പ്രസിദ്ധ ചിത്രകലാ നിരൂപകനും ക്യുറേറ്ററുമായ ജോണി.എം.എല്‍ ക്യുറേറ്റ് ചെയ്ത BODY (ശരീരം) എന്ന ആര്‍ട്ട് എക്‌സിബിഷന്‍ 2019 മാര്‍ച്ച് 31 വരെ ശംഖുമുഖത്തുള്ള കോര്‍പ്പറേഷന്‍ മ്യൂസിയത്തില്‍ നടക്കുകയാണ്. പ്രദര്‍ശനം കണ്ടപ്പോള്‍ മനസില്‍ തോന്നിയ ചില ചിന്തകള്‍ ഇവിടെ കുറിക്കട്ടെ.

നമ്മള്‍ ഏറ്റവുമധികം ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന ബോഡി അഥവാ ശരീരം എന്നത് എന്താണ്? നമ്മള്‍ പുറമെ കാണുന്ന ഏതൊന്നിനെയും ശരീരം എന്നു വിളിക്കാം. മനുഷ്യനും സകലമാന ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും അജീവ വസ്തുക്കള്‍ക്കും ശരീരം അഥവാ ബോഡിയുണ്ട്. ഒരു വാഹനത്തിന്റെ എന്‍ജിനും അനുബന്ധ വസ്തുക്കളും കുടികൊള്ളുന്ന പുറം ഭാഗത്തിനെ നമ്മള്‍ ബോഡി എന്നു വിളിക്കും. അതായത് വാഹനത്തിന്റെ ഹൃദയവും തലച്ചോറുമൊന്നും ബോഡിയുടെ ഭാഗമല്ല. എന്നാല്‍ ജീവനുള്ളവയില്‍ ഇത് വ്യത്യസ്തമാണ്. അവിടെ ശരീരത്തില്‍ അവയവങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ കൈകാലുകള്‍, പഞ്ചേന്ദ്രിയങ്ങള്‍, ആന്തരാവയവങ്ങള്‍ എന്നിങ്ങനെ ശരീരത്തിന് ഒരുപാട് പിരിവുകളുണ്ട്. പുതുതായി കോശങ്ങളുണ്ടാവുകയും പഴയത് നശിക്കുകയും ചെയ്യും. ശരീരം ഊര്‍ജ്ജസ്വലമായിരിക്കുന്ന കാലവും വീര്യം നഷ്ടപ്പെടുന്ന കാലവുമുണ്ട്. ശരിയായി വിലയിരുത്തിയാല്‍ അരൂപികളായ പലതിനും ഒരു ഇരിപ്പിടമാണ് ശരീരം.ശരീരത്തില്‍ തൊടുമ്പോഴാണ് നമ്മള്‍ സ്പര്‍ശനമറിയുന്നത്. ഒരേ ലിംഗത്തില്‍ പെട്ടതൊ എതിര്‍ലിംഗത്തില്‍പെട്ടതൊ ആയ ഒരാള്‍ സ്പര്‍ശിക്കുമ്പോള്‍ ശരീരം പ്രതികരിക്കുന്നത് വ്യത്യസ്തമായ നിലയിലാണ്. ഇഷ്ടമില്ലാത്ത ഒരാളുടെയൊ ഒരപരിചിതന്റെയൊ സ്പര്‍ശം ശരീരത്തില്‍ വെറുപ്പ് ജനിപ്പിക്കുന്നു. എന്നാല്‍ അമ്മയുടെ, അച്ഛന്റെ, കാമുകന്റെ, കാമുകിയുടെ തുടങ്ങി അങ്ങേയറ്റം സന്തോഷം തരുന്ന, വേറിട്ട വികാരങ്ങള്‍ ജനിപ്പിക്കുന്ന സ്പര്‍ശനങ്ങള്‍ ഏറെയാണ്. ഇതേ ത്വക്കില്‍ തന്നെയാണ് വേദന, ചൂട്, തണുപ്പ് തുടങ്ങി പലവിധ വികാരങ്ങള്‍ ജനിക്കുന്നതും. ശാസ്ത്രീയമായി പറയുമ്പോള്‍, ശരീരത്തിലെ ത്വക്ക് എന്ന അവയവവുമായി ബന്ധപ്പെട്ടിരിക്കുന്ന നാഡികളിലൂടെ ഇംപള്‍സുകള്‍  പ്രവഹിച്ച് തലച്ചോറിലെത്തി അതിന്റെ റസ്‌പോണ്‍സാണ് ശരീരത്തിലുണ്ടാകുന്നത്. അതിനനുസരിച്ച് നമ്മള്‍ പ്രതികരിക്കുന്നു.

 വേദന, തണുപ്പ്, ചൂട്, അനുഭൂതി ഇതൊക്കെ നമുക്ക് കാണാന്‍ കഴിയാത്തും നാം അനുഭവിക്കുന്നതുമായ ഒന്നാണ്. ഈ അരൂപികള്‍ക്ക് വന്നുപോകാനുള്ള ഒരിടം മാത്രമാണ് ശരീരം. നമ്മള്‍ നല്ലതും ചീത്തയുമായ പലതും കേള്‍ക്കുന്നു. സംഗീതം ആസ്വദിക്കുന്നു. പ്രപഞ്ചത്തിലെ ശബ്ദതരംഗങ്ങള്‍ ചെവിയിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന കമ്പനങ്ങളെ തലച്ചോറ് വേര്‍തിരിച്ചറിഞ്ഞ് ആസ്വദിക്കാന്‍ അവസരം നല്‍കുന്നു എന്നതാണ് ശാസ്ത്രം. ചെവിയും തലച്ചോറും ശരീരത്തിന്റെ ഭാഗമാണ്. ഇവ മാത്രം വിചാരിച്ചാല്‍ ഒരാള്‍ക്ക് സംഗീതം ആസ്വദിക്കാന്‍ കഴിയുമോ? എന്താണ് സംഗീതം? ശബ്ദതരംഗങ്ങളാണ് സംഗീതം എന്നു സാമാന്യമായി പറയാം. ഒരാള്‍ മറ്റൊരാളുമായി വഴക്കിടുമ്പോഴും ഉണ്ടാകുന്നത് ശബ്ദതരംഗമല്ലെ? അപ്പോള്‍ വ്യത്യസ്തമായ ശബ്ദതരംഗങ്ങളെ ആസ്വദിക്കാനോ വെറുക്കാനൊ നമ്മെ സഹായിക്കുന്ന അരൂപികളായ ശബ്ദതരംഗങ്ങള്‍ ശരീരത്തിലൂടെ വ്യത്യസ്തമായ തരംഗദൈര്‍ഘ്യത്തോടെ കടന്നുപോവുകയാണ് ചെയ്യുന്നത് .

മറ്റൊരു ഇന്ദ്രിയാനുഭവമായ രുചിഭേദങ്ങളാണ് ജീവന്റെ നിലനില്‍പ്പിന് ആധാരം എന്നു പറയാം. രുചിയില്ലായിരുന്നെങ്കില്‍ നമ്മള്‍ ഭക്ഷണം കഴിക്കുമായിരുന്നൊ എന്നത് സംശയമാണ്.ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരം നിലനില്‍ക്കില്ല. ശരീരമില്ലെങ്കില്‍ നമുക്ക് തങ്ങാന്‍ ഇടമില്ലാതാകും. നാവ് ഒരു സമരായുധമാണ്. അത് ഒരു ജിഹ്വയായി നിന്നുകൊണ്ട് സ്വനഗ്രാഹികള്‍വഴി പുറപ്പെടുവിക്കുന്ന ശബ്ദങ്ങളാണ് ഒരുവനെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും. അവനെ കരുത്തനാക്കുന്നതും ദുര്‍ബ്ബലനാക്കുന്നതും. മനോഹരമായ സംഗീതവും അരോചകമായ പരുഷവാക്കുകളും ഈ ജിഹ്വയിലൂടെ പ്രവഹിക്കുന്നു.എന്നാല്‍ നാവ് തനിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അത് തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. നാവെന്ന അതേ സമരായുധത്തിലാണ് ഏറ്റവും പ്രിയപ്പെട്ട സ്വാദ്മുകുളങ്ങളും കുടികൊള്ളുന്നത്. ചെറിയ ദ്വീപുകളായി നിലകൊള്ളുന്ന ആ സൂക്ഷ്മകോശങ്ങളും അവയെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡികളും നാസാരന്ധ്രങ്ങളിലെ മണം പിടിക്കുന്ന കോശങ്ങളും ചേര്‍ന്നാണ് നമ്മെ രുചികളുടെ ലോകത്തേക്ക് ആനയിക്കുന്നത്. മധുരവും ഉപ്പും കയ്പ്പും പുളിയുമെല്ലാമറിഞ്ഞ് നമ്മള്‍ ഭക്ഷണം ആസ്വദിക്കുമ്പോള്‍ ശരീരത്തിന്റെ വിവിധങ്ങളായ അവയവങ്ങള്‍ അതിനായി സഹകരിക്കുന്നു. എന്നാല്‍ ഈ രുചികളെല്ലാം അരൂപികളാണ്, അവ അവയവങ്ങളിലൂടെ വന്നുപോകുന്ന അനുഭൂതികളാണ് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

 ഭക്ഷണം ഇഷ്ടപ്പെടുന്നതില്‍ കാഴ്ചയുടെ സ്വാധീനവും തള്ളിക്കളയാന്‍ കഴിയില്ല. കണ്ണിനാനന്ദമുണ്ടാക്കുന്ന ഭക്ഷണവസ്തുക്കളുണ്ട്. ഒരുപക്ഷെ വിശപ്പില്ലെങ്കില്‍ പോലും നാം അവ കഴിക്കുന്നത് കാഴ്ചയുടെ പ്രേരണയാലാണ്. നമ്മുടെ ഇന്ദ്രിയങ്ങളില്‍ ഏറ്റവും ശക്തിയേറിയ ഇന്ദ്രിയം കണ്ണുകള്‍ തന്നെയാണ്. എല്ലാത്തരം ആര്‍ത്തികളും മനുഷ്യന് സമ്മാനിക്കുന്നത് കാഴ്ചയാണ്. ശരീരത്തിന് ആവശ്യമില്ലാത്തപ്പോഴും ഭക്ഷണത്തോട് പ്രിയം ജനിപ്പിച്ച ഇതേ കണ്ണുകള്‍ തന്നെയാണ് അവനവനിലേക്ക് മനുഷ്യനെ ഒതുക്കുന്നതും. സ്വന്തം ശരീരത്തിന്റെ ബാഹ്യപ്രകൃതി അവന് കാണാന്‍ കഴിയുന്നതോടെ അവന്‍ അവന്റെ ശരീരത്തെ പ്രണയിക്കുകയൊ വെറുക്കുകയൊ ചെയ്യും. സുന്ദരനായ അല്ലെങ്കില്‍ സുന്ദരിയായ ( ഇത് കാഴ്ച നല്‍കുന്ന ഒരു തെറ്റായ ബിംബമാണ് എന്നോര്‍ക്കുക) ഒരു വ്യക്തി ശരീരത്തെ ആരാധിക്കാന്‍ തുടങ്ങുന്നിടത്താണ് അപകടത്തിന്റെ തുടക്കം. സൗന്ദര്യം തീരെയില്ല എന്നു കരുതുന്നയാള്‍ ശരീരത്തെ വെറുക്കുകയൊ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയൊ ചെയ്യുന്നിടത്താണ് അയാളുടെ അപകടാവസ്ഥ തുടങ്ങുന്നത്. ഇവിടെ ശരീരമെന്നത് തൊലിയുടെ നിറം, രോമങ്ങളുടെ ഏറ്റക്കുറച്ചില്‍, അവയവങ്ങളുടെ വലുപ്പച്ചെറുപ്പം തുടങ്ങി അനേകം ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. വിവിധയിനം കാറുകള്‍ ഉള്‍പ്പെടെയുള്ള ആഡംബരവസ്തുക്കളുടെ ബോഡി നിര്‍മ്മാണം മനുഷ്യനാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍, മനുഷ്യശരീരനിര്‍മ്മാണം ജീനുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പതം വരുത്തിയതാണ് എന്നതാണ് സത്യം. കാഴ്ചയുടെ ഇഷ്ടാനിഷ്ടങ്ങളാണ് പ്രപഞ്ചത്തിലെ ഏതാണ്ടെല്ലാ നന്മ തിന്മകളുടെയും അടിസ്ഥാനം. നമ്മള്‍ കാണുന്നതിനെയാണ് വിശ്വസിക്കുന്നത്. കാഴ്ചയ്ക്കപ്പുറം ഒന്നുമില്ല എന്ന ചിന്ത. ശരീരക്കാഴ്ച സുന്ദരമാക്കാനായി ലോകത്ത് ഉണ്ടായിട്ടുള്ളതാണ് സൗന്ദര്യസംവര്‍ദ്ധക വസ്തുക്കളുടെ വ്യവസായം . കോടിക്കണക്കിന് രൂപയുടെ (രൂപ എന്നാല്‍ നാണയം എന്നെ അര്‍ത്ഥമുള്ളു) വലിയ വ്യവസായമാണ് ഇത്. കണ്ണും തലച്ചോറും ചേര്‍ന്നൊരുക്കിയ വലിയ കുരുക്ക്. പ്രകൃതിയെ കണ്ടതും സ്ത്രീ പുരുഷ വ്യത്യാസമറിഞ്ഞതും നല്ലതും ചീത്തയും തൊട്ടറിയുന്നതിന് പകരം കണ്ടറിഞ്ഞതും ലോകത്തെ മാറ്റി മറിച്ചു. കാഴ്ച ഒരു മായികലോകമാണ്.മിന്നിമറിയുന്ന ഒരു മായ. ഇപ്പോള്‍ കാണുന്നതല്ല നാം അടുത്ത നിമിഷം കാണുന്നത്. ഇതെവിടെയാണ് നാം കാണുന്നത്? ഒരു സ്‌ക്രീനില്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു ഗോളത്തിന്റെ പിന്നിലെ സ്‌ക്രീനില്‍ തലകീഴായി വീഴുന്ന ഇമേജിനെ നേരെയാക്കി തോന്നിപ്പിക്കുന്ന ഒരു കള്ളത്തരം. കാഴ്ച ഒരു വലിയ കള്ളത്തരമാണ്. ആ കാഴ്ച നമ്മെ വഴിതെറ്റിക്കുന്നു. പുരുഷന്‍ സ്്ത്രീയെ ഉപദ്രവിക്കുന്നതിന് ഈ കാഴ്ച കാരണമാകുന്നു, അവളെ ഇഷ്ടപ്പെടുന്നതിനും. ഇഷ്ടപ്പെടുന്നവളെ അവളുടെ ഇഷ്ടം നോക്കാതെ കീഴ്‌പ്പെടുത്താന്‍ ശക്തനെ പ്രേരിപ്പിക്കുന്നതും കാഴ്ചയുടെ വികൃതിയാണ്. പ്രതിഷേധിക്കുന്നവളെ കടിച്ചു കീറുന്നു, ഇഷ്ടമില്ല എന്നു പറയുന്നവളെ ആയുധം ഉപയോഗിച്ച് കൊല്ലുന്നു, അല്ലെങ്കില്‍ സുന്ദരമായ മുഖത്ത് ആസിഡൊഴിച്ച് അതിനെ വികൃതമാക്കുന്നു.

ഒരാള്‍ക്ക് ഉണ്ടെന്നു തോന്നിപ്പിക്കുന്ന ആഡംബരങ്ങള്‍ തനിക്കും ലഭിക്കാനായി ഒരുവന്‍ സ്‌നേഹശൂന്യനൊ ക്രൂരനൊ ആയിമാറുന്നു. കാഴ്ച നല്‍കുന്ന നന്മകള്‍ ഏറെയുണ്ട്. പ്രപഞ്ച സൗന്ദര്യത്തിന്റെ ആസ്വാദനം. കണ്ണിലൂടെ തലച്ചോറിലെത്തി നമ്മെ സന്തോഷിപ്പിക്കുന്ന കാഴ്ചകളുടെ നീണ്ട നിര. നാശങ്ങള്‍ വിതയ്ക്കുന്നവരും കാഴ്ചക്കാരാണ്. ഒരാളിന്റെ കാഴ്ചയിലെ നല്ലതുകളെ ഇല്ലാതാക്കുന്നതും കാഴ്ചയുള്ള മറ്റൊരാളാണ്. വായനയിലൂടെ നന്മയും തിന്മയും പകര്‍ന്നു നല്‍കുന്നതിന്റെ മാധ്യമവും കണ്ണുകളാണ്. യുദ്ധങ്ങളിലൂടെ, വെട്ടിപ്പിടിക്കലിലൂടെ, ആര്‍ത്തിയിലൂടെ ഭംഗിയുള്ളവയെ അഭംഗം വരുത്തുന്നതിന് കാഴ്ച നല്‍കുന്ന സംഭാവന വലുതാണ്. ഈ കാഴ്ചയുടെ വരത്തുപോക്ക് നടക്കുന്നതും  ശരീരത്തിലാണ്. സ്വതന്ത്രമായി തുറന്നിട്ടിരുന്ന മനുഷ്യശരീരത്തിത്തെ പൊതിയുവാന്‍ കാരണമായതും ഈ കാഴ്ച തന്നെയാണ്. പിന്നീട് കാഴ്ചയുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച് കൂടുതലായി പൊതിയുകയും പൊതിഞ്ഞവ തുറന്നുകാട്ടുകയും ചെയ്യുന്നതിലൂടെ അരൂപികള്‍ക്ക്  ലഹരി പകര്‍ന്നു നല്‍കാന്‍ ശരീരം പ്രത്യേകമായി ശ്രദ്ധിച്ചു. ശരീരത്തിന്റെ നിമ്‌നോന്നതങ്ങള്‍ ലഹരിയായി മാറുമ്പോള്‍ കാഴ്ച മറ്റു ചില വാതായനങ്ങളാണ് തുറന്നിടുന്നത്.

 കലാകാരന്മാരുടെ എന്നത്തെയും ആഹ്‌ളാദവും മദിരയും ശരീരമാണ്, പ്രത്യേകിച്ചും സ്ത്രീശരീരം. ശരീരത്തിന്റെ വടിവുകള്‍ക്ക് ചായവും ലോഹക്കൂട്ടുകളും ഉളിയും മിശ്രിതവും ഉപയോഗിക്കാന്‍ തുടങ്ങിയത് അവന്‍ പ്രകൃതിയില്‍ കണ്ട ഏറ്റവും സൗന്ദര്യമുള്ള വസ്തു സ്ത്രീ ശരീരമാണ് എന്ന നിലയിലാകാം. അതല്ലെങ്കില്‍ അവനിലെ വികാരങ്ങളെ കാഴ്ചയെന്ന മായികതയിലൂടെ ഉണര്‍ത്തിവിട്ട പ്രേരകമെന്ന നിലയിലാണോ എന്നതും പരിശേധിക്കേണ്ടതുണ്ട്. പുരുഷമേധാവിത്വം നിലനിന്ന പത്തൊന്‍പതാം നൂറ്റാണ്ട് വരെ സ്ത്രീരൂപങ്ങള്‍ എല്ലാ വിധ രചനങ്ങളിലും പുരുഷന് ആസ്വദിക്കാനുള്ള ഒരു വസ്തുവായിരുന്നു(മറ്റീരിയല്‍). അവള്‍ പുരുഷനെ വശീകരിക്കുകയും സ്‌നേഹിക്കുകയും ചതിക്കുകയുമൊക്കെ ചെയ്തു. അതിന് അവള്‍ ശരീരത്തെ ആയുധമാക്കി. ശരീരത്തെ ആയുധമാക്കി എന്നു പറയുമ്പോള്‍ ശരീരത്തിന് പുറത്തുളള ആ ആള്‍ എവിടെ എന്ന ചോദ്യമുദിക്കുന്നുണ്ട്. അതിലേക്കുളള ദൂരമാണ് നമ്മള്‍ അളക്കുന്നത്. സ്ത്രീ സ്വതന്ത്രായതോടെ അവളുടെ ചിന്താശക്തി ഉണര്‍ന്നു. അവളും എഴുത്തുകരിയായി, ചിത്രകാരിയായി, ശില്‍പ്പിയായി. അവള്‍ തനതു ചിന്തകളെ തകര്‍ത്തെറിഞ്ഞു. ശരീരത്തിനുള്ളില്‍ നിന്നും സ്ത്രീ പുറത്തുചാടി. അവള്‍ പുരുഷനെ ചോദ്യം ചെയ്യാനും അവനിലെ നന്മതിന്മകളെ ഇഴകീറാനും പ്രണയിക്കാനും വെറുക്കാനും തുടങ്ങി. പ്രണയവും വെറുപ്പും ചിത്രങ്ങളിലൂടെ പുറത്തുവന്നു. പ്രപഞ്ചത്തിലെ എല്ലാ സുന്ദരവസ്തുക്കളെയും സ്തീയോട് ഉപമിച്ച പുരുഷനുമുന്നില്‍ അവള്‍ നഗ്നയായി നിന്ന് ആര്‍ത്തവത്തെക്കുറിച്ചും ഗര്‍ഭശയത്തെകുറിച്ചും രോഗങ്ങളെക്കുറിച്ചും സംസാരിച്ചു. ശരീരം വെറും ആപേക്ഷികമായ ഒരശ്ലീലതയാണെന്ന് ഓര്‍മ്മപ്പെടുത്തി. പാടിപ്പുകഴ്ത്തിയിരുന്നവര്‍ക്ക് അത്തരം എഴുത്തിന് അവധി കൊടുക്കേണ്ടിവന്നു. ചിത്രങ്ങളിലൂടെ അവള്‍ ശരീരാന്തര്‍ഭാഗങ്ങളും ചിന്തകളുടെ ശീലങ്ങളും ദുശീലങ്ങളും മറനീക്കി പുറത്തുകൊണ്ടുവന്നു. പുരുഷനെപോലെ അവള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു. അവനെക്കാള്‍ ക്രൂരമായി, പ്രതികാരഭാവത്തോടെ അധികാരകേന്ദ്രങ്ങളില്‍ ഇടം നേടി. പുരുഷനെ ഭയപ്പെടുത്തി. ഇത്തരം ഭയപ്പാടുകളുടെ കാലത്താണ് ശരീരം ചര്‍ച്ച ചെയ്യപ്പെടുന്നത്.

ശരീരം എന്നാല്‍ എന്താണ്? ഒന്നര-രണ്ട് ചതുരശ്രമീറ്റര്‍ വരുന്ന ത്വക്ക് എന്ന ആവരണമാണോ? അതൊ ഈ ആവരണം പൊതിഞ്ഞു സൂക്ഷിക്കുന്ന, പരമാവധി 100 കിലോഗ്രാമോളം വരുന്ന മാംസമാണോ? തലച്ചോറും ഹൃദയവും ശ്വാസകോശവും കരളും വൃക്കയുമൊക്കെയടങ്ങിയ ആന്തരാവയവങ്ങളാണോ? അതോ ഇതെല്ലാം ചേര്‍ന്നതാണോ? ഇതെല്ലാം മാത്രം ചേര്‍ന്നതിനെ ബോഡി അഥവ ശരീരം എന്നു പറയാം. അതിന് ചലനമുണ്ടെങ്കില്‍ ജീവസുറ്റ ശരീരവും ചലനമില്ലെങ്കില്‍ മൃതശരീരവുമായി. ചലനം എങ്ങിനെയുണ്ടാകുന്നു. ഒരു ഫാക്ടറി പ്രവര്‍ത്തിക്കുംപോലെ അനേകകോടി കോശങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ചലനമുണ്ടാകുന്നു. എന്നാല്‍ ആ ചലനം മനുഷ്യന് പൂര്‍ണ്ണത നല്‍കുന്നില്ല. ഈ ചലിക്കുന്ന ശരീരത്തില്‍ എവിടെയോ അതിന്റെ ഉടമ കുടികൊള്ളുന്നുണ്ട്. അയാള്‍ ചിത്രകാരനോ, ഗായകനൊ കൊലപാതകിയൊ ആകാം. അതിനെ കണ്ടെത്തലാണ് പ്രയാസമേറിയ കാര്യം. മൃതമാകുന്നതോടെ ശരീരം വെറുക്കപ്പെട്ട വസ്തുവായി മാറുന്നു. ലക്ഷങ്ങളുടെ ആരാധനാ പാത്രമായിരുന്ന താരം പോലും ദുര്‍ഗന്ധം വമിക്കുന്ന വസ്തുവായി മാറുന്നു. അതിന്റെ നാളതുവരെയുണ്ടായിരുന്ന എല്ലാ അംശങ്ങളും നിലനില്‍ക്കെ അതില്‍ നിന്നും വിട്ടുപോയത് എന്താണ്? ശരീരത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഈര്‍ജ്ജപ്രവാഹം എവിടെ? അത് തൊട്ടടുത്ത് വായുവില്‍ ഒളിഞ്ഞു നില്‍ക്കുകയാണൊ?  അതിനെ ആത്മാവ് എന്നൊക്കെ പേരിട്ട് വിളിക്കാമൊ? ജീവന്‍ നിലച്ചു എന്നാണ് സാങ്കേതികമായി പറയുന്നതെങ്കിലും ജീവന്‍ പുറത്തേക്ക് പോയി എന്നതാണ് ശരി. അങ്ങിനെ ജീവന്‍ പോയതും നിലനില്‍ക്കുന്നതുമായ ശരീരങ്ങളുടെ ദ്രുതചലനമാണ് പ്രാപഞ്ചിക സത്യം . ഈ സത്യത്തെ അന്വേഷിക്കുമ്പോഴും അറിയുമ്പോഴും പോലും കണ്ണുകളും മറ്റ് ഇന്ദ്രിയങ്ങളും നമ്മെ ഇല്ലാത്ത കാഴ്ചകളും മണങ്ങളും ശബ്ദങ്ങളും രുചികളും സ്പര്‍ശനങ്ങളും നല്‍കി ഭ്രമിപ്പിക്കുകയാണ്. ഈ ഭ്രമമാണ് ഭൂമിയുടെ നിലനില്‍പ്പും നശ്വരതയും. അനശ്വരമായത് മാറി നില്‍ക്കുന്ന നീയും ഞാനും മാത്രം.













1 comment:

  1. Surprising that one can write so much about the BODY

    Rajan Babu

    ReplyDelete