|
ഗാന്ധി സ്മാരകം |
കന്യാകുമാരി യാത്രആദ്യമായി കന്യാകുമാരിയില്‍ പോയത് പ്രീഡിഗ്രിക്ക് പഠിക്കമ്പോഴാണെന്നാണ് ഓര്‍മ്മ. അന്ന് മനസിനെ ആകര്‍ഷിച്ച പ്രധാന വസ്തു വിവിധ നിറങ്ങളിലുള്ള കക്കകളായിരുന്നു. വെള്ളയും കറുപ്പും കക്കകള്‍ മാത്രം കണ്ടിട്ടുള്ള എനിക്ക് ഇത് മറ്റൊരു ലോകത്തുനിന്നു വന്ന വസ്തുക്കളായെ തോന്നിയുള്ളു. കല്ലുമാല, കക്കമാല ഒക്കെ വലിയ അത്ഭുതമായിരുന്നു. പിന്നെ കന്യാകുമാരി പെന്‍സിലും. അത് കടല്‍ചേനയുടെ മുള്ളുകളാണ് എന്ന് പിന്നീട് മനസിലായി. പിന്നെ എത്രവട്ടം കന്യാകുമാരിയില്‍ വന്നിട്ടുണ്ടെങ്കിലും അന്നത്തെ ആ കാഴ്ചകളുടെ അന്തംവിട്ട ഓര്‍മ്മകള്‍ കുറഞ്ഞില്ല. മനുഷ്യന്റെ ഇടപെടലുകള്‍ പ്രകൃതിയെ ഒരുപാട് ക്ഷീണിപ്പിച്ചു. സുനാമിയുടെ വരവുകൂടിയായപ്പോള്‍ അത് കുറച്ചധികമായി.
2019 മാര്‍ച്ച് 15ന് നാഗര്‍കോവിലില്‍ മോളുടെ വീട്ടിലെത്തുമ്പോള്‍ ഒരു കന്യാകുമാരി യാത്ര മനസിലില്ലായിരുന്നു. യാത്രകള്‍ യാദൃശ്ചികമാകുമ്പോള്‍ അതിനൊരു സുഖമുണ്ട്. 16ന് വൈകിട്ട് കാറിലാണ് പുറപ്പെട്ടത്.വിഷ്ണുവും മോളും കന്യാകുമാരി അസിസ്റ്റന്റ് കളക്ടര്‍ പ്രതീക്കും ഉണ്ടായിരുന്നു. നാഗര്‍കോവിലിലെ റോഡുകള്‍ കേരളത്തിലെപോലെ വളരെ ഇടുങ്ങിയതാണ്. എന്നാല്‍ കന്യാകുമാരിയിലേക്ക് വലിയ റോഡിന്റെ നിര്‍മ്മാണം നടക്കുകയാണ്. ഇപ്പോള്‍ 30 മിനിട്ട് യാത്ര. അത് 15-20 മിനിട്ടായി കുറയും റോഡ് പണി തീരുമ്പോള്‍. ഇരുട്ടുവീണ റോഡിലൂടെ തമിഴ്‌നാട് ഗസ്റ്റ് ഹൗസിലെത്തി. അവിടെ പഴയ ഗസ്റ്റ്ഹൗസുണ്ട്. അത് തിരുവിതാംകൂര്‍ രാജാവ് നിര്‍മ്മിച്ചതാണ്. തടികൊണ്ടു നിര്‍മ്മിച്ച പഴയ കെട്ടിടം. അത് കയറി നോക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കാര്‍പെറ്റൊക്കെ മാറ്റി വൃത്തിയാക്കി ഇട്ടിരിക്കയാണ്. എങ്കിലും മുറിയില്‍ പൊടിയുടെ സാന്നിധ്യമുണ്ട്. സ്യൂട്ടിന് മുന്നിലായി ഒരു സിറ്റൗട്ടുണ്ട്. അവിടെ ഇരുന്നാല്‍ നല്ലരീതിയില്‍ ഉദയവും അസ്തമയവും കാണാം. അതാണ് അക്കാലത്തെ ആര്‍ക്കിടെക്റ്റുകളുടെ കഴിവ്. കുറ്റാലത്തും രാജാവിന്റെ സ്യൂട്ടിനു മുന്നിലിരുന്നാല്‍ ഏറ്റവും നല്ല വെളളച്ചാട്ടം നേരിട്ട് കാണാന്‍ കഴിയുമായിരുന്നു. പാലരുവിയിലും കാഴ്ച മണ്ഡപം തീര്‍ത്തിരിക്കുന്നത് കണ്ടിട്ടുണ്ടാകുമല്ലൊ. ഇതൊന്നും ഇന്നത്തെ കാലത്ത് സ്വപ്നം കാണാന്‍ കഴിയില്ല.
പ്രധാന കെട്ടിടത്തില്‍ തന്നെ മുറിയെടുത്തു. സുപ്രീംകോടതിയിലെ ഒരു ജഡ്ജിയും കുടുംബവും അവിടെ താമസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ധാരാളം പോലീസുകാരെയും കാണാന്‍ കഴിഞ്ഞു. കേരളത്തിലെപോലെ ജിഎഡിയില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം മുറികള്‍ അനുവദിക്കുന്ന സംവിധാനവും കാന്റീനുമൊന്നും അവിടെയില്ല. അത് തമിഴ്‌നാട്ടിലെ ഒരു ഗസ്റ്റ്ഹൗസിലുമില്ല. നേതാക്കളും ഉദ്യോഗസ്ഥരും വന്നു താമസിച്ചുപോകുന്ന ഇടം എന്ന നിലയിലാണ് ഗസ്റ്റ്ഹൗസുകള്‍ നിലനില്‍ക്കുന്നത. പിഡബ്ലൂഡിയുടെ നിര്‍മ്മാണവും മെയിന്റനന്‍സും കേരളത്തേക്കാള്‍ കഷ്ടവും. മുറികള്‍ കുഴപ്പമില്ല, എയര്‍കണ്ടീഷനുമൊക്കെയുണ്ട്. ഞങ്ങള്‍ കുറച്ചു സമയം തീരത്ത് പോയിരിക്കാം എന്നു തീരുമാനിച്ചു. അവിടെ ധാരാളം ബഞ്ചുകളുമൊക്കെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈസ്തറ്റിക് സെന്‍സ് തൊട്ടുതീണ്ടിയിട്ടില്ല. കടല്‍ ഒരുപാട് താഴ്ചയിലാണുള്ളത്. സുനാമി ഫണ്ടില്‍ വലിയ ഭിത്തി കെട്ടിക്കൊണ്ടിരിക്കയാണ്. പാര്‍ക്കില്‍ ഒറ്റ മരമൊ ചെടിയൊ ഇല്ല. കാനായിയെപോലെ ഒരു കലാകാരന്റെ കരസ്പര്‍ശമേല്‍ക്കാതെ വെറും കരാറുകാരന്റെ പണികള്‍. ശരിക്കും സങ്കടം തോന്നും അവിടം കാണുമ്പോള്‍. നമ്മുടെ ശംഖുമുഖം ബീച്ചിന്റെ ഇപ്പോഴത്തെ നശിച്ച മുഖം പോലെ ഒന്ന് . പണം പെടുത്തുംപാട് എന്നുപറയാം. ഭക്ഷണം വരുത്തി കഴിച്ചു.
രാവിലെ 6.20ന് സൂര്യോദയം എന്നു പറഞ്ഞ പ്രകാരം ഉറങ്ങാന്‍ കിടന്നു. രാവിലെ ഉണര്‍ന്ന് ഉദയം കാണാനായി ഭാരതി സര്‍ക്യൂട്ട് ഹൗസിന്റെ മുകളില്‍ പോയി നിന്നു. നല്ല കാര്‍മേഘമുണ്ട്. ഏകദേശം 7 മണിയായി സൂര്യന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍. ആ കാഴ്ച കണ്ടശേഷം മുറിയില്‍ പോയി ഫ്രഷ് ആയി ഇഡ്ഡലി വരുത്തി കഴിച്ചു. ശേഷം കന്യാകുമാരി ദേവി ദര്‍ശനത്തിനായി പോയി. അത്യാവശ്യം നല്ല തിരക്കുണ്ട്, ക്യൂ നില്‍ക്കാതെതന്നെ ദേവീ ദര്‍ശനം നടത്തി. തിളങ്ങുന്ന കല്ലുള്ള മൂക്കുത്തിയിട്ട ദേവി. കന്യകയായി നിലനില്‍ക്കുന്ന ദേവി എന്നാണ് സങ്കല്‍പ്പം. തമിഴ്‌നാട്ടില്‍ ശൈവമതം കൂടുതല്‍ എസ്റ്റാബ്ലിഷ് ചെയ്തിരുന്നതിനാലാകാം, എല്ലാ ദേവിമാരെയും ശിവനുമായി ബന്ധപ്പെടുത്തുന്നത്. മധുര മീനാക്ഷിക്കും ശിവനുമായിട്ടാണല്ലൊ സംബ്ബന്ധം. കന്യാദേവിയും ശിവനെ വിവാഹം കഴിക്കാനായി കൊടുംതപസ് അനുഷ്ഠിച്ചു എന്നും വിവാഹം നിശ്ചയിച്ച നാള്‍ നാട്ടുകാര്‍ക്ക് സദ്യ ഒരുക്കാന്‍ അരിയും പലവകയും തയ്യാറാക്കി കാത്തിരുന്നിട്ടും ശിവന്‍ എത്തിയില്ല എന്നുമാണ് സങ്കല്‍പ്പം. ഉപയോഗശൂന്യമായ അരിയും മറ്റു ധാന്യങ്ങളും കടലിലേക്കെറിഞ്ഞുവെന്നും അവ വിവിധ നിറത്തിലും തരത്തിലുമുള്ള കല്ലുകളായി മാറിയെന്നും വിശ്വസിക്കുന്നു. കന്യാകുമാരിയിലെ വിവിധ നിറത്തിലുള്ള കല്ലുകള്‍കണ്ട് ഒരെഴുത്തുകാരന്റെ ഭാവനയില്‍ പിറന്ന കഥയാകാം ഇത്. ദേവി തപസുചെയ്ത കല്ലില്‍ തന്നെയാണ് നരേന്ദ്രന്‍ തപസുചെയ്തതും ബോധോദയമുണ്ടായി വിവേകാനന്ദനായി മാറിയതും. കന്യാകുമാരി ദേവി ക്ഷേത്രം ലോകത്തിലെ ശക്തിപീഠങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അറേബ്യന്‍ കടലും ലക്ഷദ്വീപ് കടലും ബംഗാള്‍ ഉള്‍ക്കടലും ചേര്‍ന്ന ത്രിവേണി സംഗമഭൂമിയാണ് കന്യാകുമാരി. കടലില്‍ വിവേകാനന്ദപാറയുടെ അടുത്തുള്ള മറ്റൊരു പാറയിലാണ് തിരുവള്ളുവരുടെ പ്രതിമയുള്ളത്.
ക്ഷേത്രദര്‍ശനത്തിനു ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോയി. ആ ദിവസത്തെ രണ്ടാമത്തെ ട്രിപ്പാണ്. ആളുകള്‍ എത്തുന്നതേയുള്ളു. തിരക്ക് അധികമായിട്ടില്ല. കൂടുതലും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരാണ്.വാവാതുറൈയില്‍ നിന്നും 500 മീറ്റര്‍ കിഴക്കുമാറിയാണ് പാറ. 1970ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബോട്ടിന്റെ പിന്‍ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള സോഫയിലിരുന്നായിരുന്നു യാത്ര. പാറയില്‍ ദേവിയുടെ കാല്‍പ്പാദം പതിഞ്ഞയിടം എന്നു വിശ്വസിക്കുന്നിടത്ത് ഒരു ക്ഷേത്രമുണ്ട്. അതിനു മുന്നിലായാണ് വിവേകാനന്ദ സ്മാരകം. സ്വാമികളുടെ കൂറ്റന്‍ പ്രതിമയും മെഡിറ്റേഷനായുള്ള ഹാളും ഒക്കെ ചേര്‍ന്ന പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. കടലില്‍ വെള്ളം കുറവായതിനാല്‍ ഇപ്പോള്‍ തിരുവള്ളുവരുടെ പ്രതിമ കാണാന്‍ തൊട്ടടുത്തുള്ള പാറയിലേക്ക് ബോട്ട് പോകാറില്ല. എങ്കിലും തിരുവള്ളുവര്‍ പ്രതിമയുടെ ദൂരക്കാഴ്ച തന്നെ മനോഹരമാണ്. 95 അടി വലുപ്പമുണ്ട് പ്രതിമയ്ക്ക്. അടിസ്ഥാനം 38 അടി വരും. ആകെ 133 അടി. തിരുക്കുറളിന്റെ 133 അധ്യായങ്ങളെയാണ് ഈ ഉയരം ഓര്‍മ്മപ്പെടുത്തുന്നത്. 7000 ടണ്ണാണ് പ്രതിമയുടെ ഭാരം. ഡോക്ടര്‍ ഗണപതി സ്തപതിയാണ് ശില്‍പ്പം നിര്‍മ്മിച്ചത്. 2000 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത പ്രതിമ റിച്ചര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തുന്ന ഭൂകമ്പത്തെയും അതിജീവിക്കുമെന്നാണ് നിര്‍മ്മാതാക്കാള്‍ അവകാശപ്പെടുന്നത്. 2004 ഡിസംബര്‍ 26ന് നാടിനെ നടുക്കിയ സുനാമിത്തിരകള്‍ പ്രതിമയെ ബാധിച്ചില്ല എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇനിയും കാണുമ്പോള്‍ മറ്റൊരനുഭവമാകും കന്യാകുമാരിക്ക് നല്‍കാനുണ്ടാവുക എന്നു മനസില്‍ കരുതി പന്ത്രണ്ടു മണിയോടെ മടങ്ങി.
|
സൂര്യോദയം |
|
ഉദയകാഴ്ച |
|
ശ്രീപാദക്ഷേത്രം |
|
കന്യാകുമാരി ദേവി ക്ഷേത്രം |
|
വിവേകാനന്ദ പാറയില്‍ ആശയും വിഷ്ണുവും |
|
തിരുവള്ളുവര്‍ പ്രതിമ |
കൊള്ളാം...
ReplyDelete