കഥ
ബെ-ബെബ്ബെ--ബെബ്ബബ്ബെ
ദീര്‍ഘകാലത്തെ പരിശീലനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ശേഷമാണ് ദയകുമാറിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി കിട്ടിയത്. കുട്ടികള്‍ക്ക് ട്യൂഷനെടുത്തു കിട്ടുന്ന കാശ് മുഴുവനും മത്സരപരീക്ഷകള്‍ വിജയിക്കാന്‍ സഹായിക്കുന്ന ഗൈഡുകള്‍ വാങ്ങാനാണ് ദയകുമാര്‍ ചിലവാക്കിയത്. ബിരുദം നേടിയതിനുശേഷം കുറച്ചുകാലം ഗള്‍ഫില്‍ ഒരു ചെറിയ പണിയുമായി കഴിഞ്ഞെങ്കിലും ഗുണപ്പെട്ടില്ല. വിസയ്ക്ക് പണം നല്‍കാന്‍ അഞ്ചുസെന്റ് ഭൂമി വിറ്റതുമാത്രം ഓര്‍മ്മയില്‍ ബാക്കിയുണ്ട്. പെങ്ങളെ കെട്ടിച്ചുവിട്ടതിനാല്‍ മറ്റ് ബാധ്യതകളൊന്നുമില്ല. കര്‍ഷകരായ അച്ഛനും അമ്മയും ചേര്‍ന്ന് അധ്വാനിക്കുന്നതുകൊണ്ട് മേലനങ്ങാതെ മൂന്നുനേരവും ഭക്ഷണം കഴിച്ച് കഴിയുകയായിരുന്നു ദയകുമാര്‍. അവര്‍ അവനെ ഒന്നിനും നിര്‍ബ്ബന്ധിക്കാറുമില്ലായിരുന്നു.
'ഒരു സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മതി - ന്റെ മോന്, പിന്നെ സമാധാനമായി മരിക്കാം', ഇതാണ് ഗോപിയാശാന്റെ സ്ഥിരം പല്ലവി.
' എല്ലാം ഭഗവാന്‍ ശരിയാക്കിത്തരും', മാധവിയമ്മയുടെ അനുപല്ലവിയും ഒപ്പം വരും.
ദയകുമാര്‍ തികഞ്ഞ സമ്മര്‍ദ്ദത്തിലായിരുന്നു. എഴുതിയ പരീക്ഷകളിലെല്ലാം ലിസ്റ്റില്‍ ഇടം നേടിയെങ്കിലും നിയമനം കിട്ടിയില്ല. ' ഭാഗ്യദോഷം എന്നെ പറയേണ്ടു, അവന്റെ പേര് വരുമ്പോഴേക്കും വേക്കന്‍സി തീര്‍ന്നിട്ടുണ്ടാകും. സമയം ശരിയല്ല. മുപ്പത് കഴിയണം- ന്നാ ജ്യോത്സ്യന്‍ പറയണെ', ഗോപിയാശാന്‍ കവലയിലെ ചായക്കടയില്‍, ദേവരാജന്‍ നീട്ടിയടിച്ച ചായ നുണഞ്ഞ് , നാട്ടുകാരോട് പറഞ്ഞു സമാധാനിച്ചു.
മുപ്പത് പിന്നിട്ട നാള്‍ മുതല്‍ മാധവിയമ്മ ശിവക്ഷേത്രത്തില്‍ മുടക്കംകൂടാതെ പോവുകയും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള പലകയില്‍ കാണുന്ന ഒട്ടുമിക്ക പൂജകളും അവനുവേണ്ടി നടത്തുകയും ചെയ്തു. പൂജാമന്ത്രങ്ങളുടെ ശക്തിയാലോ സ്വാഭാവികമായ സമയക്രമത്തിന്റെ നീര്‍ചാലിലൂടെയൊ, ദയകുമാറിന് പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും അഡൈ്വസ് മെമ്മൊ കിട്ടി. അത് വീട്ടിലും ചുറ്റുവട്ടത്തും ഒരാഘോഷമായിരുന്നു. അധികം വൈകാതെ നിയമന ഉത്തരവും വന്നു. നാട്ടിലുളള എല്ലാ ക്ഷേത്രങ്ങളിലും വഴിപാട് നടത്തിയ ശേഷമെ മാധവിയമ്മ ദയകുമാറിനെ ജോലിയില്‍ പ്രവേശിക്കാനായി നഗരത്തിലേക്ക് വിട്ടുള്ളു. ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ ദയകുമാറിന്റെ ഉള്ളില്‍ പെരുമ്പറ കൊട്ടുയര്‍ന്നു. ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ പല ആവശ്യങ്ങള്‍ക്കായി പോയി നിന്ന ഓര്‍മ്മകള്‍ ഒരു കൊളാഷുപോലെ കണ്ണില്‍ ഓടിനടന്നു. പലരുടെയും സമീപനം തീരെ മോശമായിരുന്നു എന്നും ഓര്‍ത്തു. താന്‍ അങ്ങിനെയാവില്ല, ലഭിക്കുന്ന ശമ്പളത്തിനോട് അങ്ങേയറ്റം കൂറുപുലര്‍ത്തുന്ന ഒരു നല്ല ജീവനക്കാരനായിരിക്കും എന്ന പ്രതിജ്ഞയോടെ ചുവപ്പുനാടകളുടെ മഹാലോകത്തേക്ക് കാലെടുത്തു വച്ചു.
ഓഫീസില്‍ നല്ല സ്വീകരണമാണ് കിട്ടിയത്. ആദ്യ ദിവസം തന്നെ പ്രധാന സംഘടനയില്‍ അംഗത്വമെടുത്തു. ജോലികള്‍ പഠിപ്പിക്കാന്‍ സീനിയറായ ഗോകുല്‍ ദാസിനെ അവര്‍ ചുമതലപ്പെടുത്തി. സമീപം കിടന്ന ഒരു സ്റ്റൂളിലിരുന്ന് അയാള്‍ ജോലികള്‍ ചെയ്യുന്നത് ദയകുമാര്‍ സാകൂതം നോക്കിയിരുന്നു. മെല്ലെ മെല്ലെ ഗോകുല്‍ദാസിന്റെ ദിനചര്യതന്നെയായി ദയകുമാറിന്റെയും. അവന്‍ പത്തുമണിക്കുതന്നെ ഓഫീസില്‍ എത്തുമെങ്കിലും പത്തരയ്‌ക്കെത്തുന്ന ഗോകുല്‍ദാസിനായി കാത്തിരിക്കണം. അയാള്‍ വന്നു കഴിഞ്ഞാല്‍ അന്നത്തെ പത്രവാര്‍ത്തകള്‍, രാഷ്ട്രീയ സ്ഥിതിഗതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. അത് കഴിയുമ്പോള്‍ പതിനൊന്നാകും. മൂന്നുനാല് ഫോണ്‍കാളുകള്‍ കൂടി കഴിയുമ്പോള്‍ ചായകുടിക്കാനിറങ്ങും. ഒപ്പം ദയകുമാറും ഉണ്ടാകും. മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ചായകുടിയും പുകവലിയും കുറച്ച് ഗോസിപ്പുമെല്ലാം കഴിയുമ്പോള്‍ പന്ത്രണ്ടാവും. തിരികെ ഓഫീസിലെത്തി ഒരു ഫയലിന്റെ കെട്ടഴിക്കുകയോ തപാല്‍ പരിശോധിക്കുകയൊ ഒക്കെ ചെയ്യുമ്പോഴേക്കും പന്ത്രണ്ടരയാകും. ഇതിനിടെ മേലധികാരികള്‍ ആരെങ്കിലും വിളിച്ചാല്‍ ഗോകുല്‍ദാസ് ഒന്നുരണ്ട് തെറിവാക്കുകള്‍ ഉരുവിട്ട് അവിടേക്ക് പോകും. ദയകുമാര്‍ എല്ലാം കണ്ടും കേട്ടും വേണ്ടിടത്തുമാത്രം അഭിപ്രായം പറഞ്ഞും കൂടെ നടന്നു. പന്ത്രണ്ടര കഴിയുന്നതോടെ കാന്റീനിലേക്ക് നീങ്ങും. ഊണും വര്‍ത്തമാനവും കുറച്ചു സംഘടന പ്രവര്‍ത്തനവും കഴിഞ്ഞ് രണ്ടരയോടെ മടങ്ങിയെത്തും. മൂന്നു മണിക്കകം ഒരു ഫയലെങ്കിലും ഗോകുല്‍ദാസ് മുകളിലേക്കയയ്ക്കും. വന്നു ചേര്‍ന്ന തപാലുകള്‍ പേഴ്‌സണല്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്ന രീതി ഗോകുല്‍ ദയകുമാറിന് പറഞ്ഞുകൊടുത്തിരുന്നു. അത് അയാള്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.
മൂന്നരയ്ക്ക് ചായ കുടിക്കാന്‍ പോയാല്‍ നാലുമണിക്ക് തിരിച്ചെത്തും. ഈ സമയം പലരും കാത്തുനില്‍പ്പുണ്ടാവും, അവരുടെ ഫയലുകളിലെ തീര്‍പ്പറിയാന്‍. സ്വാന്തനവാക്കുകള്‍ പറഞ്ഞ് അവരെ പറഞ്ഞുവിടാന്‍ ഒരു പ്രത്യേക കഴിവുതന്നെയുണ്ട് ഗോകുല്‍ദാസിന്. പാവങ്ങള്‍ എന്ന് മനസില്‍ പറയാനെ ദയകുമാറിന് കഴിഞ്ഞുള്ളു. അത്ര ദൃഢമായി കഴിഞ്ഞിരുന്നു അവരുടെ ഗുരു ശിഷ്യ ബന്ധം. പിന്നെ പായ്ക്ക് അപ്പായി. ഒരു ദിവസത്തെ അഭിനയം കഴിഞ്ഞ് വേഷമഴിച്ചുവച്ചുള്ള പടിയിറക്കം. ദയകുമാര്‍ ലൈബ്രറിയിലേക്കോ ലോഡ്ജ് മുറിയിലേക്കോ പോകുമ്പോള്‍ ഗോകുല്‍ദാസ് കൂട്ടുകാര്‍ക്കൊപ്പം ബാറിലേക്ക് പോകും. ഒരു ദിവസം മാത്രമെ ഗുരു ശിഷ്യനെ ബാറിലേക്ക് വരാന്‍ നിര്‍ബ്ബന്ധിച്ചുള്ളു. അവന്‍ ഒഴിഞ്ഞുമാറി. ഈ നന്മ നിറഞ്ഞ കര്‍മ്മത്തിന് ഒരാളിനെയും ഞാന്‍ നിര്‍ബ്ബന്ധിക്കില്ല എന്നു പറഞ്ഞ് ഗൊകുല്‍ദാസ് പോയി.
പരിശീലന കര്‍മ്മ പരിപാടി രണ്ടാഴ്ച നീണ്ടു. ദയകുമാറിന് ഒരു മേശയും കസേരയും പണിയെടുക്കാനുള്ള ഫയലുകളും തീര്‍പ്പായി. ജോലി തുടങ്ങും മുന്‍പെ ഗോകുല്‍ദാസ് തന്നെ ഒരു വാചാ പരീക്ഷ നടത്തി.
' ദയകുമാരാ, നീ സര്‍ക്കാര്‍ ജീവനക്കാരനായിക്കഴിഞ്ഞു. എന്റെ കീഴില്‍ പരിശീലനവും കിട്ടി. ഇനി ഞാനൊന്നു ചോദിച്ചോട്ടെ, നമ്മുടെ രാമന്‍ നായരുസാറ് വന്ന് നിന്നോട് ദയകുമാറെ ആ മറ്റേ ഫയലെന്തായി എന്നു ചോദിച്ചാല്‍ നീ എന്തര് പറയും ? '
ദയകുമാര്‍ ഒന്നു സംശയിച്ചു. എന്നിട്ട് ശങ്കയോടെ പറഞ്ഞു, ' ഏത് ഫയലാ സാറേന്നു ചോദിക്കും '
' ശരി, അങ്ങേര് ഫയലിന്റെ ഡീറ്റയില്‍സ് പറഞ്ഞാല്‍ നീ എന്തര് ചെയ്യും ? '
' ഞാന്‍ പേഴ്‌സണല്‍ രജിസ്റ്ററെടുത്ത് ആ ഫയല്‍ നമ്പര് കണ്ടുപിടിക്കും.'
' നിര്‍ത്ത്, നിര്‍ത്ത്, എടാ രണ്ടാഴ്ച നീ എന്തരിനെടാ എന്റൊപ്പം നടന്നത്. നീ എന്തര് പഠിച്ച്? ചുമ്മാ, നീ ഒരു ചുക്കും പഠിച്ചില്ല.'
ദയകുമാറിന് സങ്കടം വന്നു. തനിക്ക് തെറ്റു പറ്റിയോ ? ഇതല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത് ? ഓരോ ഫയല്‍ നമ്പരും മനഃപാഠമാക്കേണ്ടിയിരുന്നൊ? ഓരോ ഫയലിലെ കണ്ടന്റും ഓര്‍ത്തിരിക്കേണ്ടതുണ്ടൊ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ മനസിലൂടെ ഓടിപ്പോയി.
' ദയകുമാരാ, നീ വിഷമിക്കുകയൊന്നും വേണ്ട. നീ ഇപ്പൊ പറഞ്ഞത് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഒരു രീതി. സര്‍വ്വീസില്‍ ശരിക്കും ഇതിന്റെയൊന്നും ആവശ്യമില്ല മോനെ. നീ ചെയ്യേണ്ടത് ഇത്രമാത്രം. രാമന്‍ നായര് സാറിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുക. എന്നിട്ട് - ദാ - ഇങ്ങനെ വായ നന്നായി തുറന്ന് കൈ മലച്ചുപിടിച്ച് 'ബെ -' എന്നങ്ങു പറഞ്ഞേക്കുക. അങ്ങേര് ചോദിക്കും എന്താ പറഞ്ഞതെന്ന്. നീ പറയുക, ' ബെബ്ബെ --'
രാമന്‍ നായര് സാറ് വിഷമത്തോടെയും നിരാശയോടെയും അരിശത്തോടെയും നീ പൊട്ടനാണോ എന്നു ചോദിക്കും . നീ ഒരിക്കല്‍ കൂടി കൈമലര്‍ത്തി ' ബെബ്ബബ്ബെ' എന്നുകൂടി പറയുക. പിന്നെ നിന്റെ സര്‍വ്വീസ് ജീവിതത്തില്‍ ഒരിക്കലും നിനക്കൊരു ബുദ്ധിമുട്ടും വരില്ല. ഒരാളും നിന്നോടൊന്നും ചോദിക്കുകയുമില്ല. മനസിലായോ നിനക്ക് ?', ദയകുമാര്‍ ഒരു കള്ളച്ചിരയോടെ തലയാട്ടി എല്ലാം ഉള്‍ക്കൊണ്ടു.
കാലം എത്ര കടന്നുപോയിരിക്കുന്നു. ഗോകുല്‍ദാസ് ഉന്നതപടവുകള്‍ കയറി പെന്‍ഷനായിപോയി. ദയകുമാറിന് ഇനിയും ഒരഞ്ചു വര്‍ഷം കൂടി ഈ സംവിധാനത്തില്‍ തുടരണം. ഇതിനിടെ താന്‍ എത്രപേര്‍ക്ക് പരിശീലനം നല്‍കി. ഗോകുല്‍ദാസിലൂടെ കൈമാറി വന്ന ആ പാഠങ്ങള്‍ എത്രപേര്‍ക്ക് പകര്‍ന്നു നല്‍കി. ഒരുതരത്തിലുളള സമ്മര്‍ദ്ദവുമില്ലാതെ സര്‍വ്വീസ് കാലം കടന്നുപോകാന്‍ ഇതിനപ്പുറം ഒരു പരിശീലനലും ലഭിക്കാനില്ലെന്നുതന്നെ ദയകുമാര്‍ ഇപ്പോഴും വിശ്വസിക്കുന്നു. ശിഷ്യപരമ്പരയ്ക്കും എതിരഭിപ്രായമില്ലെന്ന് അവരുടെ മുഖങ്ങളിലെ തെളിച്ചം വെളിവാക്കുന്നു.
No comments:
Post a Comment