Tuesday, 21 December 2021

Review on Aana Doctor- a book written by Jayamohan on Dr.V.Krishnamoorthy

 

ആനഡോക്ടര്‍

 മലയാളത്തിലെയും തമിഴിലേയും പ്രശസ്ത എഴുത്തുകാരനായ ജയമോഹന്‍ എഴുതിയ ആനഡോക്ടര്‍ എന്ന പുസ്തകം ഈയിടെയാണ് വായിച്ചത്. നോവല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെങ്കിലും ഒരനുഭവ പാഠം എന്നിതിനെ വിളിക്കാം. ആന ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോക്ടര്‍ വി.കൃഷ്ണമൂര്‍ത്തിയുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ഇതില്‍ പറയുന്നത്. ഗവിയിലെ മുന്‍ വന ഉദ്യോഗസ്ഥനായ ബഷീറാണ് ജയമോഹന് ഡോക്ടറെകുറിച്ച് അറിവ് നല്‍കുന്നത്. തമിഴകത്തിലെ പ്രധാന മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്നു ഡോക്ടര്‍ കെ. 2002 ഡിസംബര്‍ 9 ന് എഴുപത്തിമൂന്നാം വയസില്‍  മരിക്കുമ്പോഴും ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കപ്പുറം കെ അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ജയമോഹന്‍ കോപ്പിറൈറ്റ് ഇല്ലാതെ ഈ പുസ്തകം പ്രസിദ്ധീകരിച്ചതും. തമിഴ്‌നാട്ടില്‍ മുപ്പതോളം പ്രസിദ്ധീകരണങ്ങളും വ്യക്തികളും ഈ ഓര്‍മ്മപുസ്തകം അച്ചടിച്ചു പ്രചരിപ്പിച്ചു. സ്‌കൂളുകളില്‍ പഠനത്തിന്‍റെ   ഭാഗമായി . ഇപ്പോള്‍ കൊല്ലം തോറും അദ്ദേഹത്തെ ആളുകള്‍ ചടങ്ങു നടത്തി സ്മരിക്കുന്നു.

 നാട്ടിലായാലും കാട്ടിലായാലും ആനകള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും കെ അവിടെ എത്തുമായിരുന്നു. പുറമെ കാട്ടിലെ എല്ലാ ജീവികളുടെയും ചികിത്സയും ഏറ്റെടുത്തിരുന്നു. പഴുത്തളിഞ്ഞ ശരീരഭാഗങ്ങള്‍ നീക്കി സര്‍ജറി ചെയ്യാനും ചീഞ്ഞഴുകിയ ജീവികളെ പോസ്റ്റുമോര്‍ട്ടം ചെയ്യാനും കെ മുന്‍കൈ എടുത്തു.കാടറിവുകളും കാടിന്‍റെ നന്മയുമാണ് പുസ്തകം നമുക്ക് പറഞ്ഞുതരുന്നത്. ഒപ്പം വലിയ വായനയും തത്വചിന്തയും ഉള്ള കര്‍മ്മനിരതനായ ഒരു മഹാന്‍റെ സാന്നിധ്യവും. ഡോക്ടര്‍ കെ ആയിരത്തിലേറെ ആനകളെ സര്‍ജറി ചെയ്ത ആളാണ്. മുന്നൂറോളം പ്രസവവും അത്രയും തന്നെ പോസ്റ്റുമോര്‍ട്ടവും നടത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം നിര്‍ബ്ബന്ധമാക്കിയതും കെയുടെ പരിശ്രമം കൊണ്ടുതന്നെ. കാട്ടില്‍ ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിലെ ഭക്ഷണാവശിഷ്ടങ്ങളിലെ ഉപ്പ് കഴിക്കാനായി ആന പ്ലാസ്റ്റിക് തിന്ന് മരിക്കുന്നതൊക്കെ അദ്ദേഹമാണ് കണ്ടെത്തിയത്.

 വേദനയെ കുറിച്ച് ഡോക്ടര്‍ ഇങ്ങിനെ പറയുന്നു,' വേദനകളെ ശ്രദ്ധിക്കുന്നതുപോലെ ധ്യാനം മറ്റൊന്നില്ല. നമ്മളാരാണ്,നമ്മുടെ ബുദ്ധി,മനസ് എന്നൊക്കെ പറയുന്നത് സത്യത്തില്‍ എന്താണ്, എല്ലാം നാം അറിയും. വേദന എന്നാല്‍ എന്ത്?  പതിവുള്ള രീതിയില്‍ നിന്നും ദേഹം തെല്ല് മാറുന്നു. അത്ര തന്നെ. വീണ്ടും പതിവിലേക്ക് മടങ്ങണം എന്ന് നമ്മുടെ മനസ് കിടന്നു പിടയുന്നു. അതാണ് ശരിക്കുള്ള വേദന.വേദനയെ ശ്രദ്ധിച്ചു തുടങ്ങിയാല്‍ തന്നെ പകുതി യാതന ഇല്ലാതാകും. എന്നാല്‍ മരണത്തേക്കാള്‍ ക്രൂരമായ വേദനകള്‍ ഉണ്ട്, മനുഷ്യന്‍ വെറും കീടമാണ് എന്നു കാട്ടിത്തരുന്നവ.


മനുഷ്യന്‍റെ അല്‍പ്പത്വം കാണണമെങ്കില്‍ കാട്ടില്‍ കഴിയണം. കാട്ടില്‍ വിനോദയാത്രയായി വരുന്നവര്‍ മിക്കവാറും വിദ്യാഭ്യാസമുള്ളവര്‍. വലിയ പദവിയിലുള്ളവര്‍.നാട്ടില്‍ നിന്നുതന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറ്. വരുന്ന വഴി മുഴുവന്‍ തീറ്റയും കുടിയുമാണ്. നിര്‍ത്തി നിര്‍ത്തി ഛര്‍ദ്ദിച്ചുകൊണ്ട് കുഴഞ്ഞാടി, തെറി പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വരവ്. നിശബ്ദത നിറഞ്ഞ കാടിന്‍റെ  മടക്കുകളില്‍ മുഴുവന്‍ ഹോണടിച്ച് മാറ്റൊലി നിറയ്ക്കും. അത്യുച്ചത്തില്‍ കാറിന്‍റെ  സ്ററ്റീരിയോ ശബ്ദിക്കാന്‍ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. തലക്കു മുകളില്‍ അനുഗ്രഹിക്കാന്‍ പൊന്തി നില്‍ക്കുന്ന മലമുടികളെ നോക്കി പുലഭ്യം വിളിച്ചുപറയും. ഓരോ കാട്ടുമൃഗത്തെയും അപമാനിക്കും. പാതയോരത്ത് കുത്തിയിരിക്കുന്ന കുരങ്ങുകള്‍ക്ക് പഴങ്ങള്‍ക്കുള്ളില്‍ ഉപ്പോ മുളക്‌പൊടിയോ വച്ചുകൊടുക്കും. ദാഹിച്ച് അടുക്കുന്നവയ്ക്ക് മദ്യം ഒഴിച്ചുകൊടുക്കും. മാനുകളെ കല്ലെടുത്തെറിയും.ആനയെകണ്ടാല്‍ ഹോണടിച്ച് നിലവിളിച്ച് ഓടിക്കും.

എനിക്ക് ഒട്ടും മനസിലാവാത്തത് മലയാളികളുടെ പ്രവര്‍ത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും ഉള്ളവര്‍. പക്ഷെ, കാട്ടിലെത്തിയാല്‍ തനി ചെറ്റകളാണ്. കേരള സംസ്‌ക്കാരത്തിനുതന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട് എന്നു തോന്നും. കാട് എന്ന വാക്കുതന്നെ മലയാളത്തില്‍ നന്മയ്ക്ക് എതിരായ പൊരുളിലാണ്  പ്രയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക,കാടുകയറുക,കാടന്‍,കാടത്തം എന്നൊക്കെ മലയാളികള്‍ പറയുമ്പോഴാണ് അവരുടെ പ്രവൃത്തിയെ ഞാന്‍ മനസിലാക്കി തുടങ്ങിയത്.

ഏറ്റവും നീചമായ പ്രവൃത്തി ഒഴിഞ്ഞ ബീര്‍കുപ്പി കാടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കലാണ്. ആനയ്ക്ക് ഏറ്റവും മാരകമാണ് മദ്യക്കുപ്പിയുടെ ചില്ല്.  ആനയുടെ കാലിന്‍റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലും മറ്റും പൊത്തിപ്പിടിച്ച് കയറുന്നത്. ബീര്‍കുപ്പികളുടെ അടിവശം ഭാരം കൂടിയതായതിനാല്‍ പൊട്ടിയഭാഗം മുകളിലേക്ക് നില്‍ക്കുന്ന വിധമാകും കാട്ടില്‍ കിടക്കുക. ആന തന്‍റെ വലിയ ഭാരത്തോടെ കാലെടുത്ത് അതിന്‍റെ മീതെ വച്ചാല്‍ ചില്ല് നേരെ ഉള്ളിലേക്ക് കയറും. ആനയ്ക്ക മൂന്നുകാലില്‍ നടക്കാന്‍ കഴിയില്ല. രണ്ടുമൂന്ന് തവണ ഞൊണ്ടിയിട്ട് അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളിലേക്ക് കയറും. പിന്നെ അതിന് നടക്കാനാവില്ല. ഒരാഴ്ച കൊണ്ട് വ്രണം പഴുത്ത് അകത്തേക്ക് കയറും. ഒപ്പം പുഴുക്കളും.ചോരക്കുഴലുകളില്‍ പോലും പുഴുക്കള്‍ കയറിപറ്റും. പിന്നെ ജീവിക്കുക സാധ്യമല്ല. പഴുത്ത കാലുമായി കാട്ടില്‍ അലഞ്ഞുനടക്കും.ഭക്ഷണമില്ലാതെ മെലിഞ്ഞ് ഏതെങ്കിലും മരത്തില്‍ ചാരി നില്‍ക്കും. ഒരു ദിവസം ശരാശരി മുപ്പത് ലിറ്റര്‍ വെള്ളം കുടിച്ച്, ഇരുനൂറ് കിലോ ഭക്ഷണം കഴിച്ച്, അന്‍പത് കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന ആനയാണ് ക്രമേണ അസ്ഥികൂടമായി മാറുക. എല്ലുകള്‍ പൊന്തിയും കവിളുകള്‍ ഉന്തിയും കണ്ണുകളില്‍ അഴുക്ക് നിറഞ്ഞും ഉണങ്ങിയ തുമ്പിക്കൈ ചലനരഹിതമായും അത് താഴേക്ക് പതിക്കും. വായയും തുമ്പിക്കൈയും  മണ്ണില്‍ കിടന്നിഴയും. മറ്റ് ആനകള്‍ ചുറ്റും കൂടിനിന്ന് ചിന്നം വിളിക്കുമ്പോഴാണ് ഈ മരണം മറ്റുള്ളവര്‍ അറിയുക. തോലിന് നല്ല കട്ടിയുള്ളതിനാല്‍ ജഡം മെല്ലെ മാത്രമെ ചീയുകയുള്ളു. ആദ്യം ചെന്നായകള്‍ കടിച്ചു മുറിക്കും.മനുഷ്യനേക്കാള്‍ നൂറ്റി എഴുപതിരട്ടി ന്യൂറോണുകളുള്ള തലച്ചോറ് ചെന്നായ്ക്കള്‍ ഭക്ഷണമാക്കും. പിന്നീട് കഴുകന്മാര്‍ വരും,തുടര്‍ന്ന് പുഴുക്കളും. ഒടുവില്‍ കാടിന്റെ രാജാവ് വെറും എല്ലുകളായി അവശേഷിക്കും.

ഇത്തരത്തില്‍ അനേകം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ചെറുതും സവിശേഷവുമായ പുസ്തകമാണ് ആന ഡോക്ടര്‍

കണ്ണൂര്‍ കൈരളി ബുക്സ് 2017 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ബുക്കിന് 80 രൂപയാണ് വില

Monday, 20 December 2021

Comments on N.Prabhakaran's Novellas

 


 എന്‍.പ്രഭാകരന്റെ നോവെല്ലകള്‍

 എന്റെ സുഹൃത്ത് സതീഷ് തോപ്രത്തിന്റെ സംഭാഷണത്തില്‍ എപ്പോഴും വരാറുള്ള പേരാണ് എന്‍.പ്രഭാകരനും അദ്ദേഹത്തിന്റെ രചനകളും. ഞാന്‍ അവ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്ക് ലഭിച്ചിട്ടുള്ള ഓര്‍മ്മ അത്തരത്തിലുള്ളതാണ്. വായിച്ച കാര്യങ്ങളും കണ്ട കാര്യങ്ങളും ഒരു നല്ല പങ്കും അധികം വൈകാതെ മറന്നു പോകും. ചിലപ്പോള്‍ അതൊരനുഗ്രഹമാണ്. എന്നാല്‍ ചിലപ്പോള്‍ അങ്ങിനെ അല്ല താനും. ഏതായാലും ഇത്തവണ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ കയറിയപ്പോള്‍ എന്‍.പ്രഭാകരന്റെ നോവെല്ലകള്‍ കൈയ്യില്‍ തടഞ്ഞു. വായനയ്ക്കായി തെരഞ്ഞെടുക്കുകയും ചെയ്തു. ഏതായാലും ആ തീരുമാനം നന്നായി.

 നോവല്ലകളില്‍ ഏറ്റവും ശ്രദ്ധേയം 'ഏഴിനും മീതെ' ആണ്. നോവലിസ്റ്റ് പറയുന്നുണ്ട് ,വളരെ വികസിപ്പിക്കേണ്ട ഒരു പ്രമേയമാണ്, അതെന്നെങ്കിലും നടക്കും എന്ന മോഹമാണ് മനസിലെന്ന്. മന്ദപ്പന്‍ എന്ന തടിമിടുക്കുള്ള ചെറുപ്പക്കാരന്‍ കുടകറ് മല കയറി അവിടെ മിടുക്കനായ കര്‍ഷകനാകുന്നതും അസൂയാലുക്കളുമായി പോരാടുന്നതും ചതിയില്‍ പെടുന്നതും ഒടുവില്‍ കതിവനൂര്‍ വീരനെന്ന് പുകള്‍പെടുന്നതുമാണ് കഥ. കണ്ണൂരിന്റെ ഭാഷയും സംസ്‌കൃതിയും കുടകറ് മലയുടെ ഭൂപ്രകൃതിയും മനുഷ്യനും സത്യവും മിഥ്യയും ഫാന്റസിയും ഇടകലരുന്ന രചനയാണിത്. ചെറുപ്പകാലത്ത് ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന യു.എ.ഖാദറിന്റെ നോവലുകളിലൂടെയാണ് വടക്കേ മലബാറിനെ അടുത്തറിഞ്ഞിരുന്നത്. ആ ഓര്‍മ്മ മടങ്ങി വന്നു ഈ കഥ വായിച്ചപ്പോള്‍

 കണ്ണൂര്‍ പൊളിറ്റിക്‌സ് എന്നും എന്റെ പഠനത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അദൃശ്യവനങ്ങളും ആസ്വദിക്കാന്‍ കഴിഞ്ഞു. അതിലെ ശക്തമായ കഥാപാത്രം തന്നെയാണ് കൃഷ്ണ. കഥാകൃത്തിന്റെ രാഷ്ട്രീയമാണ് കൃഷ്ണ പറയുന്നത്. കേരളത്തെ ഭരിക്കുന്ന പുത്തന്‍ കൂറ്റുകാരായ വസ്തു ഇടനിലക്കാരെ കുറിച്ച് ഏറ്റവും മനോഹരമായ രചനയാണ് ഭൂതഭൂമി. തുടക്കം മുതല്‍ ഒടുക്കം വരെ കറുത്ത ഫലിതങ്ങള്‍ നിറഞ്ഞ കഥ. കാട്ടാടിലെ ജോര്‍ജ്ജൂട്ടിയും പാപ്പച്ചനുമൊക്കെ കുടിയേറ്റക്കാരുടെ മനോഹര ചിത്രമാണ് നല്‍കുന്നത്. ജന്തുജനവും കുടിയേറ്റ കഥയാണ് പറയുന്നതെങ്കിലും അതില്‍ ജന്തുക്കളാണ് പ്രധാന കഥാപാത്രങ്ങള്‍. എനിക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തീര്‍ച്ചയായും അതിലെ ഫിലോസഫി മനോഹരമാണ്.

 2011 ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം നല്‍കുന്നത് നല്ല വായനാനുഭവമാണ്. വില 110 രൂപ

Sunday, 19 December 2021

Interview of Stephan Nallivaykkov, lingistic from Ukrain who translated Thakazhi's "Randidangazhi "

 


സമാനതയുടെ വേരുകള്‍ തേടി
(1997 ആഗസ്റ്റ് 10 വാരാദ്യ കൗമുദിയില്‍ പ്രസിദ്ധീകരിച്ചത്)

 തകഴിയുടെ രണ്ടിടങ്ങഴി ഹിന്ദിയില്‍ നിന്നും റഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയ സ്റ്റെഫാന്‍ നല്ലിവായ്‌ക്കോ ഡല്‍ഹിയിലുണ്ടെന്നറിഞ്ഞപ്പോള്‍ കാണാന്‍ താത്പ്പര്യം തോന്നി. ഉക്രെയിന്‍കാരനാണ് നല്ലിവായ്‌ക്കോ. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍, യൂണിയന്‍ രാഷ്ട്രങ്ങളുടെ നെല്ലറയായിരുന്നു. സമ്പല്‍ സമൃദ്ധമായ ഉക്രയിന് ഉയര്‍ന്നൊരു സാംസ്‌ക്കാരിക പാരമ്പര്യവുമുണ്ട്. ഇന്ത്യയുടെ പൗരാണിക സംസ്‌ക്കാരവും ഭാഷയുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു എന്ന് തെളിയിക്കുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ് ഉക്രയിനിലെ പ്രശസ്ത ഭാഷ ശാസ്ത്രജ്ഞനായ നല്ലിവായ്‌ക്കോ. ഇദ്ദേഹത്തിന്റെ സുഹൃത്തും ആര്‍ക്കയോളജിസ്റ്റുമായ യൂറി ഷിലോവും ഇതേ വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. ഇവര്‍ സമാന്തരമായി നടത്തിവന്ന ഗവേഷണം ഒരേ രേഖയില്‍ എത്തിയത് തികച്ചും യാദൃശ്ചികം.

 നല്ലിവായ്‌ക്കോ 'യൂണിവേഴ്‌സ് ' എന്ന മാസികയുടെ പത്രാധിപരായിരിക്കെ ഒരു ലേഖനം നല്‍കാനായാണ് യൂറി ഷിലോവ് , നല്ലിവായ്‌ക്കോയെ കണ്ടത്. വ്യത്യസ്ത മണ്ഡലങ്ങളില്‍ ഒരേ രീതിയില്‍ ഗവേഷണം നടത്തുന്നവരാണ് രണ്ടുപേരുമെന്ന് സംഭാഷണത്തിലൂടെ മനസിലാക്കിയ അവര്‍ ഗവേഷണം ഒന്നിച്ചാക്കി. അത് രണ്ടു കൂട്ടര്‍ക്കും പ്രയോജനം ചെയ്തു. അഞ്ചുവര്‍ഷമായി ഒത്ത് ഗവേഷണം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു.

 ഷിലോവിന്  റഷ്യന്‍ മാത്രമെ അറിയൂ. എന്നാല്‍ നല്ലിവായ്‌ക്കോ ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യും. ഡല്‍ഹി ഏഷ്യാഡ് വില്ലേജിലെ എന്‍ടിപിസി ഗസ്റ്റ്ഹൗസില്‍ രണ്ടുപേരുടെയും ഭാര്യമാരും മറ്റൊരു അധ്യാപക സുഹൃത്തും ഉണ്ടായിരുന്നു. ഇവരുടെ ഗവേഷണവിഷയത്തില്‍ ഏറെ താത്പ്പര്യമുള്ളവരാണ് ഭാര്യമാരും എന്ന് സംഭാഷണത്തില്‍ വ്യക്തമായി.

 ഷിലോവ് എന്ന പേരിനുപോലും ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആര്‍ക്കയോളജിസ്റ്റായ സുഹൃത്തിനെ ചൂണ്ടി നല്ലിവായ്‌ക്കോ പറഞ്ഞു. റഷ്യനില്‍ ' ഷുല' എന്നാല്‍ തൃശൂലം എന്നാണര്‍ത്ഥം. ഷുലയില്‍ നിന്നാണ് ഷിലോവ് ഉത്ഭവിക്കുന്നത്. മോസ്‌കോ സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തിലും ആര്‍ക്കയോളജിയിലും ബിരുദമെടുത്ത ശേഷമാണ് ഷിലോവ്, ഉക്രെയിനിലെ ആര്യ സംസ്‌ക്കാരം പ്രത്യേക വിഷയമായെടുത്തത്. ഋഗ്വേദവും ഉക്രയിന്‍ നാടന്‍ കഥകളും തമ്മിലുള്ള ബന്ധം താരതമ്യ പഠനത്തിലേക്ക് നയിക്കയായിരുന്നു, ഷിലോവ് പറഞ്ഞു.

 ആര്യ കാലഘട്ടത്തില്‍ പൂജാരിമാര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും രാജാക്കന്മാരില്‍ അവര്‍ ചെലുത്തിയിരുന്ന സ്വാധീനവും രണ്ട് രാജ്യങ്ങളിലും കാണാന്‍ കഴിയും. ദേവന്മാരായ ഇന്ദ്രനും വിഷ്ണുവുമെല്ലാം ഉക്രയിന്‍ ആര്യന്മാന്മാരുടെയും ദൈവങ്ങളായിരുന്നു. യൂറി ഷിലോവിന്റെ അഭിപ്രായത്തില്‍, മധ്യ ഏഷ്യയില്‍ നിന്നും ദേശാടനം നടത്തി ഉക്രയിനില്‍ സ്ഥിരതാമസമാക്കിയ ആര്യന്മാരുടെ ഒരു വിഭാഗമാണ് പിന്നീട് ഈജിപ്തിലേക്കും ഇന്ത്യയിലേക്കും കുടിയേറിയത്. ' ആര്യന്മാരുടെ ജന്മഗ്രൃഹം' എന്ന പുസ്തകത്തില്‍ അദ്ദേഹം ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സിന്ധു നദീതട സംസ്‌ക്കാരവും നിപ്പര്‍ നദീതട സംസ്‌ക്കാരവും തമ്മിലുള്ള താരതമ്യ പഠനമാണ് 1982 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ആര്യസംസ്‌ക്കാരത്തിന്റെ പൂര്‍ണ്ണ ചിത്രം അദ്ദേഹത്തിന് കിട്ടിയത് ഖൊറാഗോണില്‍ നിന്നാണ്. ഖൊറാഗോണിലെ രഹസ്യങ്ങള്‍ എന്ന പുസ്തകത്തില്‍ ഇത് വിശദീകരിക്കുന്നു.

ഉക്രയിനിലെ ഫലഭൂയിഷ്ടമായ 'അറാത്ത' യിലാണ് ആര്യന്മാര്‍ കുടിപാര്‍ത്തതെന്ന് ഷിലോവ് പറയുന്നു. നല്ലിവായ്‌ക്കോയുടെ സൗഹൃദം ഗവേഷണത്തിന് പുതിയ മാനം നല്‍കിയതായി ഷിലോവ് അഭിപ്രായപ്പെട്ടു.

 സ്‌കൂള്‍ പഠനം കഴിഞ്ഞ് ഖസാക്കിസ്ഥാനിലും ഉസ്ബക്കിസ്താനിലും റയില്‍വേയില്‍ ജോലി ചെയ്തതിന് ശേഷമാണ് നല്ലിവായ്‌ക്കോ ,താഷ്‌ക്കന്റ് സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഓറിയന്റല്‍ സ്റ്റഡീസില്‍ ചേര്‍ന്നത്. നാല് വര്‍ഷം ഹിന്ദിയും ഉറുദുവും പഠിച്ചു. ഇന്ത്യയില്‍ പലവട്ടം വന്നിട്ടുള്ള നല്ലിവായ്‌ക്കോയെ ഹിന്ദി പഠിക്കാന്‍ പ്രേരിപ്പിച്ചത് ഇന്ത്യന്‍ സനിമകളാണ്, പ്രത്യേകിച്ചും രാജ്കപൂര്‍ ചിത്രങ്ങള്‍. ' ആവാരാഹു--- ' ഗാനം മൂളി അദ്ദേഹം ചിരിക്കാന്‍ തുടങ്ങി.

1971 ലാണ് ആദ്യമായി ഒരു പുസ്തകം വിവര്‍ത്തനം ചെയ്തത്. കിഷന്‍ ചന്ദറിന്റെ ' തൂഫാന്‍ കീ കല്യാണ്‍'. പിന്നീട് പ്രേംചന്ദിന്റെ ഗോദാന്‍, പ്രേം കീ ഹോളി, കുട്ടികള്‍ക്കുള്ള രാമായണം എന്നിവ വിവര്‍ത്തനം ചെയ്തു.

 പുരാനാ ഭാരത് ലോക് കഥായേം, ഭീഷ്മ സാഹ്നിയുടെ കഥകള്‍, ആര്‍.കെ.നാരായണിന്റെ കഥകള്‍, രമേശ് ഭണ്ഡാരി, അഖിലന്‍,തകഴി എന്നിവരുടെ കഥകളും വിവര്‍ത്തനം ചെയ്തു. മൊത്തം ഇരുപത് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഉക്രയിനിലും പുസ്തകപ്രസാധനം പ്രതിസന്ധിയിലാണെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു. വായനക്കാരുടെ എണ്ണം കുറയുന്നു, പുസ്തകങ്ങളുടെ വില കൂടുകയും ചെയ്യുന്നു.

 ഭാഷകളുടെ താരതമ്യപഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നല്ലിവായ്‌ക്കോ ,ഉക്രയിന്‍ ഭാഷയും ഹിന്ദിയും തമ്മില്‍ ഒരുപാട് സാമ്യങ്ങള്‍ കാണുന്നു. ഇന്ത്യന്‍ ഭാഷയിലെ സുധീറും ഉക്രയിനിലെ സുജീറും, ചതുരും ചുതീറും കുലപതിയും ഹില്‍ബുജിയും കുലീനും കൊലീനോയുമൊക്കെ ഉദാഹരണങ്ങളാണെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു.

 ഉക്രയിനിന്റെ നീലയും മഞ്ഞയും നിറമുള്ള ഒരു ദേശീയ പതാക ഷിലോവിന്റെ ഭാര്യ എനിക്കുതന്നു. ജലത്തിന്റെ നീലയും അഗ്നിയുടെ മഞ്ഞയുമാണ് പതാകയിലുള്ളതെന്ന് അവര്‍ പറഞ്ഞു. നീലയും മഞ്ഞയും ചേര്‍ന്നാല്‍ പച്ചയാകും. പച്ച ജീവന്റെ നിറമാണല്ലൊ. സ്വന്തം നാടിന്റെ പതാകയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം വെളിവാക്കുമ്പോള്‍ ദേശസ്‌നാഹത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയായി അത്.

 ഋഗ്വേദത്തില്‍ പ്രതിപാദിക്കുന്ന ഇന്ദ്രന്‍ വജ്രായുധം കൊണ്ട് വരുണനെ വകവരുത്തുന്ന കഥ, ഉക്രയിനിലും നമുക്ക് കേള്‍ക്കാന്‍ കഴിയും. ഉക്രയിന്‍ വിവാഹച്ചടങ്ങിലെ മന്ത്രോച്ചാരണത്തിന് ഇന്ത്യന്‍ വിവാഹവേദിയിലെ വേദോച്ചാരണവുമായുള്ള ബന്ധം യാദൃശ്ചികമെന്ന് പറയാനാവില്ലെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു. ഉക്രയിനിലെ കുടുംബപ്പേരായ ഭൂഷ്മയും ഇതിഹാസ പുരുഷനായ ഭീഷ്മരും തമ്മിലുള്ള സാമ്യം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ഉക്രയിനിലും നടന്നുവന്ന സ്വയംവരവും സമൂഹത്തില്‍ സ്ത്രീക്കുണ്ടായിരുന്ന ഉന്നത സ്ഥാനവും ആര്യഗോത്രങ്ങളുടെ സമാനതകളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ഗവേഷണം വിപുലപ്പെടുത്താനാണ് ഇവരുടെ ഉദ്ദേശ്യം. ഇതിനായി ലഖ്‌നോ യൂണിവേഴ്‌സിറ്റിയിലും അവര്‍ പോയി. അടുത്ത യാത്രയില്‍ കേരളം സന്ദര്‍ശിക്കാനുള്ള താത്പ്പര്യവും പ്രകടിപ്പിച്ചു.


Saturday, 18 December 2021

About Indra Nyooi's autobiography " My life in full"

 


 ഇന്ദ്ര നൂയിയെ അറിയുക - ആത്മകഥയിലൂടെ

പെപ്‌സികോയുടെ ആദ്യ വനിത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഇന്ദ്ര നൂയിയുടെ ആത്മകഥ My Life in Full  ഈയിടെ ആണ് വായിച്ചത്. ചെന്നൈയിലെ പുരോഗമനാശയക്കാരായ ഒരു ബ്രാഹ്മണ്‍ കുടുംബത്തില്‍ ജനിച്ച് ,കല്‍ക്കട്ട ഐഐഎമ്മില്‍ പഠിച്ച് , ഇന്ത്യയിലെ പല കമ്പനികളിലും തൊഴിലെടുത്തശേഷം അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്ത വ്യക്തിയാണ് ഇന്ദ്ര. എത്തിപ്പെട്ട തൊഴിലിടങ്ങളിലെല്ലാം കഴിവ് തെളിയിച്ച് മുന്നേറിയ അവര്‍ക്ക് അപകടങ്ങളെ പോലും അതിജീവിക്കേണ്ടി വന്നു. അപ്പുപ്പന്‍, അച്ഛന്‍ എന്നിവരുടെ മരണങ്ങള്‍ തുടങ്ങി വ്യക്തിപരമായ വിഷമങ്ങള്‍ വേറെയും. ഇതിലൊന്നും തളരാതെയുള്ള മുന്നേറ്റമായിരുന്നു. ഉയര്‍ന്ന ലക്ഷ്യബോധവും ആത്മാര്‍ത്ഥവും അര്‍പ്പണബോധമുള്ളതുമായ തൊഴില്‍ സംസ്‌ക്കാരവും, ബുദ്ധിപരമായ ഔന്നത്യവുമാണ് അവരെ പെപ്‌സികോയുടെ തലപ്പത്ത് എത്തിച്ചത്. ബഹുരാഷ്ട്ര കമ്പനികളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന പ്രതിഭാസം.

 ഈ നേട്ടത്തിലേക്ക് അവരെ എത്തിക്കാനായി സ്വന്തം കരിയര്‍ കോംപ്രമൈസ് ചെയ്യുന്ന രാജ് എന്ന ഭര്‍ത്താവിനെ അവര്‍ പുസ്തകത്തില്‍ ഇടയ്ക്കിടയ്ക്ക് ആദരവോടെ ഓര്‍ക്കുന്നുണ്ട്. ഇന്ദ്രയുടെ അമ്മ, രാജിന്റെ മാതാപിതാക്കള്‍ എന്നിവരും വലിയ പിന്തുണ നല്‍കുന്നു. അമ്മയുടെ സ്‌നേഹം വേണ്ടത്ര ലഭിക്കാത്തതിലെ ദു:ഖം ഒതുക്കി ഒപ്പം നിന്ന രണ്ട് പെണ്‍മക്കളും ഇവിടെ ശ്രദ്ധേയരാണ്. തൊഴിലിടത്തില്‍ നല്ല മെന്റര്‍മാരെ ലഭിച്ചതാണ് മറ്റൊരു നേട്ടം.

ഈ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നുണ്ട്, ജീവിതത്തില്‍ വിജയം നേടുന്നവര്‍ അവരുടെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ,മറ്റെല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് , സെല്‍ഫ് സെന്റേര്‍ഡായി പോകുന്നവരാണ്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നവര്‍ക്ക് ,കരിയറില്‍ നേട്ടം കൊയ്യാന്‍ വിഷമമാകും.

Tuesday, 7 December 2021

Article on Fellowship distribution function of Kerala Cartoon Academy ,1997 Feb 14- Kerala House,Delhi

 





 വരയുടെ മഹാരഥന്മാര്‍ ഒത്തുചേര്‍ന്നപ്പോള്‍

  ( 1997 ഫെബ്രുവരി 14 ന് കേരള ഹൗസില്‍ നടന്ന ചടങ്ങിനെ കുറിച്ച് 1997 ജനുവരി-ഫെബ്രുവരി കാര്‍ട്ടൂണ്‍ പത്രികയില്‍ എഴുതിയ ലേഖനം )

 നര്‍മ്മം എന്നും മനുഷ്യനെ സന്തോഷവാനും ആരോഗ്യവാനുമാക്കുന്ന ടോണിക്കാണ്. പണ്ട്, ചാക്യാര്‍കൂത്തിലും ഓട്ടന്‍തുള്ളലിലും നിറഞ്ഞുനിന്ന ഹാസ്യം, ഇന്ന് ചിരിയരങ്ങിലും ഹാസ്യലേഖനങ്ങളിലും കാര്‍ട്ടൂണുകളിലുമായി അതിന്റെ സജീവത നിലനിര്‍ത്തുന്നു. കാര്‍ട്ടൂണുകളിലെ വരകള്‍ പലപ്പോഴും നര്‍മ്മം കലര്‍ന്ന ശരങ്ങളായി കൊള്ളേണ്ടിടത്ത് ആഞ്ഞുതറയ്ക്കാറുണ്ട്. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ.ടി.കെ.രാമകൃഷ്ണന്റെ അഭിപ്രായത്തില്‍ കാര്‍ട്ടൂണുകള്‍ കലയും രാഷ്ട്രീയസമരായുധവുമാണ്. ഡല്‍ഹി കേരള ഹൗസില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയും കേരള ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഫെല്ലോഷിപ്പ് സമ്മാനിക്കല്‍ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 1996 ലെ വാര്‍ഷിക യോഗ തീരുമാനമനുസരിച്ച് , ദേശീയ രംഗത്ത് ലബ്ധപ്രതിഷ്ഠരായ 5 മലയാളി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കാന്‍ തീരുമാനിക്കുകയും അതനുസരിച്ച് ,കാര്‍ട്ടൂണിസ്റ്റുകളായ സര്‍വ്വശ്രീ അബു എബ്രഹാം,കേരള വര്‍മ്മ എന്നിവര്‍ക്ക് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ 1996 ഡിസംബര്‍ 20ന് അക്കാദമി ചെയര്‍മാന്‍ ശ്രീ.എം.കെ.സീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് പ്രശസ്ത ശില്‍പ്പി ശ്രീ.കാനായി കുഞ്ഞിരാമന്‍ വിശിഷ്ടാംഗത്വവും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കുകയുണ്ടായി. മറ്റ് മൂന്നു പേരായ സര്‍വ്വശ്രീ.കുട്ടി,ഒ.വി.വിജയന്‍,സാമുവല്‍ എന്നിവര്‍ക്ക് ഫെല്ലോഷിപ്പ് സമ്മാനിക്കുന്ന സമ്മേളന ചടങ്ങിന്റെ ഉത്ഘാടനമാണ് ശ്രീ.ടി.കെ നിര്‍വ്വഹിച്ചത്. അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ ശ്രീ.സുകുമാര്‍ അധ്യക്ഷനായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീ.രജീന്ദര്‍ പുരി പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു. മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശ്രീ.കെ.കരുണാകരന്‍ മുഖ്യാതിഥിയായിരുന്നു. സര്‍വ്വശ്രീ.കുട്ടിയും സാമുവലും വിശിഷ്ടാംഗത്വം നേരില്‍ സ്വീകരിച്ചപ്പോള്‍, ശ്രീ.ഒ.വി.വിജയനുവേണ്ടി അദ്ദേഹത്തിന്റെ മരുമകനും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ശ്രീ.രവിശങ്കറാണ് സ്വീകരിച്ചത്.

 കാറും കോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തില്‍ കാര്‍ട്ടൂണുകളുടെ സാന്നിധ്യം ഒരാശ്വാസമാണെന്നും രാഷ്ട്രീയ സാമൂഹ്യമണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കാര്‍ട്ടൂണുകള്‍ ഉപകരിക്കുമെന്നും മന്ത്രി ടി.കെ.രാമകൃഷ്ണന്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.കുറച്ചുനാള്‍ നെഹ്‌റുവിനെ കാര്‍ട്ടൂണിന് വിഷയമാക്കാതിരുന്നപ്പോള്‍ ശങ്കറോട് നെഹ്‌റു പറഞ്ഞ വാക്കുകള്‍' Don't spare me Shankar' എന്നത് രാഷ്ട്രീയക്കാരും കാര്‍ട്ടൂണിസ്റ്റുകളും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ശ്രീ.ടി.കെ.സൂചിപ്പിച്ചു. വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ നിന്നുകൊണ്ട് ആശയസമരങ്ങള്‍ നടത്തുന്ന തങ്ങളെ ഒന്നിച്ചൊരു വേദിയില്‍, അതും രണ്ടുകൂട്ടര്‍ക്കും യോജിക്കാന്‍ കഴിയുന്നൊരു ചടങ്ങില്‍ സംബ്ബന്ധിക്കാന്‍ കാര്‍ട്ടൂണ്‍ അക്കാദമി വേദിയൊരുക്കിയത് ഉചിതമായെന്ന് കെ.കരുണാകരന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി ടി.കെ പറഞ്ഞു. ഇത്രയും ശ്രമകരമായ ഒരു ചടങ്ങ് ഭംഗിയായി നടത്തിയതിന് അദ്ദേഹം അക്കാദമി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഗ്രാന്റുതുക തികച്ചും അപര്യാപ്തമാണെന്ന് തനിക്ക് ബോധ്യപ്പെടുകയാല്‍ അത് ഉടനെ വര്‍ദ്ധിപ്പിക്കുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ സദസ്യര്‍ അത് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ദേശീയതലത്തില്‍ ഇത്തരമൊരു അക്കാദമിയുണ്ടാക്കാന്‍ ഈ യോഗം ഉപകരിക്കുമെന്ന് മന്ത്രി ടി.കെ പ്രത്യാശ പ്രകടിപ്പിച്ചു.

 ചിത്രകലയോടും കാര്‍ട്ടൂണിനോടുമുള്ള മമതകൊണ്ടാണ് താന്‍ ഈ ചടങ്ങില്‍ സംബ്ബന്ധിക്കുന്നതെന്ന് ശ്രീ.കെ.കരുണാകരന്‍ വ്യക്തമാക്കി. തൃശൂരില്‍ ചിത്രകല പഠിക്കാനെത്തി രാഷ്ട്രീയകളരിയിലേക്ക് ചുവടുമാറ്റിയ കരുണാകരന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എന്നും പ്രിയപ്പെട്ടവനാണ്. തന്നെകുറിച്ചുളള കാര്‍ട്ടൂണുകള്‍ തനിക്ക് ഇഷ്ടം തന്നെയാണെന്നും അവ പലപ്പോഴും തന്റെ തെറ്റുകള്‍ തിരുത്തുന്നതിന് സഹായകമായിട്ടുണ്ടെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ (ചടങ്ങില്‍ സംബ്ബന്ധിച്ച പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ വി.കെ.മാധവന്‍ കുട്ടിയെ ചൂണ്ടി) ഇരുപതിനായിരം വാക്കുകളില്‍ പറയുന്ന കാര്യം ഒരു കാര്‍ട്ടൂണില്‍ ഒതുക്കുന്ന പ്രഗത്ഭരുണ്ടെന്ന് പറയുന്നതില്‍ ക്ഷമിക്കണമെന്ന് ശ്രീ.കെ.കരുണാകരന്‍ പറഞ്ഞപ്പോള്‍ സദസ്യരും അദ്ദേഹത്തോടൊപ്പം ചിരിയില്‍ പങ്കുചേര്‍ന്നു.

 വിശിഷ്ടാംഗത്വം സമ്മാനിച്ച ശേഷം ശ്രീ.രജീന്ദര്‍ പുരി കാര്‍ട്ടൂണ്‍ അക്കാദമിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചും വിശിഷ്ടാംഗത്വ സ്വീകര്‍ത്താക്കളെ അഭിനന്ദിച്ചും സംസാരിച്ചു. ഇന്ത്യയുടെ സാമ്പത്തിക രംഗം മുരടിച്ചതും രാഷ്ട്രീയരംഗം ആവശ്യത്തിലേറെ പുഷ്ടി പ്രാപിച്ചതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ എന്തിലും ഏതിലും രാഷ്ട്രീയമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ കാര്‍ട്ടൂണുകള്‍ക്ക് പ്രസക്തിയേറുന്നു.കേരളത്തില്‍ വരാനും കാര്‍ട്ടൂണിസ്റ്റ് സുഹൃത്തുക്കളെ കാണാനും താത്പ്പര്യമുണ്ടെന്നും പുരി സൂചിപ്പിച്ചു.

 രജീന്ദര്‍ പുരിയില്‍ നിന്നും ഫെലോഷിപ്പും പ്രശസ്തിപത്രവും ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്ന് ശ്രീ.കുട്ടി പറഞ്ഞു.പുരിയോടൊപ്പം വരച്ചു തുടങ്ങിയ താന്‍,പുരി അനേകം സമ്മാനങ്ങള്‍ നേടുന്നതും വലിയൊരു കാര്‍ട്ടൂണിസ്റ്റായി വളരുന്നതും നോക്കിനിന്നിട്ടുണ്ട്. പിന്നീട് അദ്ദേഹം രാഷ്ട്രീയ നിരീക്ഷകനായി. ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് പുസ്തകമെഴുതുകയും ഒടുവില്‍ രാഷ്ട്രീയ രംഗത്തേക്ക് എടുത്തുചാടുകയും ചെയ്തു. ഇപ്പോള്‍, വിവിധ പാര്‍ട്ടികളില്‍പെട്ട നേതാക്കള്‍ക്ക് ഉപദേശം നല്‍കുന്ന പക്വത വന്നൊരു കാരണവരായിരിക്കുന്നു പുരി, കുട്ടി പറഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മാതൃകയായി തുടരുന്ന കേരളത്തിലല്ലാതെ മറ്റെങ്ങും ഒരു കാര്‍ട്ടൂണിസ്റ്റ് ,ലളിതകല അക്കാദമി ചെയര്‍മാനാകാന്‍ ഇടയില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ലളിതകല അക്കാദമി ചെയര്‍മാനായിരുന്ന കാര്യം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുമായി ചങ്ങാത്തം കൂടരുത് ,കൂടിയാല്‍ അവരെ ആക്രമിക്കാന്‍ കഴിയില്ലെന്ന് ശങ്കര്‍ ഉപദേശിച്ചിരുന്നു.പക്ഷെ, അനേകം നേതാക്കള്‍ സുഹൃത്തുക്കളായി. എങ്കിലും ആരുടെയും വികാരത്തെ വ്രണപ്പെടുത്താതെയാണ് താന്‍ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുള്ളതെന്ന് കുട്ടി അനുസ്മരിച്ചു.

 കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയില്‍, ജന്മനാടായ കേരളത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത ഒരാളാണ് താനെന്ന് ശ്രീ.സാമുവന്‍ പറഞ്ഞു. ഇല്ലായ്മയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് വളര്‍ന്നു വലുതായ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ആഴം കേട്ടറിഞ്ഞപ്പോള്‍ സദസ്യര്‍ അത്ഭുതം കൂറി. ദല്‍ഹിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പം ചെലവഴിച്ച നാളുകള്‍ അദ്ദേഹം അനുസ്മരിച്ചു.കാര്‍ട്ടൂണുകള്‍ക്ക് മിനുക്കുപണി നല്‍കലായിരുന്നു ആദ്യകാലത്തെ ജോലി.പ്രതിഫലം ശങ്കറിനൊപ്പം ഉച്ചഭക്ഷണം. ഒരിക്കല്‍ ശങ്കറിന്റെ തള്ളവിരല്‍ കാറിന്റെ ഡോറിനിടയില്‍പെട്ട് ചതഞ്ഞതിനെ തുടര്‍ന്ന് മൂന്ന് മാസം അദ്ദേഹത്തിനുവേണ്ടി കാര്‍ട്ടൂണുകള്‍ വരച്ചു. ശങ്കറിന്റെ ഒപ്പോടുകൂടി അവ അച്ചടിച്ചു വരുകയും ചെയ്തു. അനേകം ബുദ്ധിമുട്ടുകള്‍ സഹിച്ച് ദല്‍ഹിയില്‍ പിടിച്ചുനിന്ന, ജീവിതാനുഭവങ്ങളുടെ ചൂടുള്ള ഈ മനുഷ്യന്‍ യുവതലമുറയ്ക്ക് ശക്തമായ പ്രചോദനമാകേണ്ടതാണ്. ഇപ്പോള്‍ ദല്‍ഹിയില്‍ ഹോമിയോ ഡോക്ടറായി കഴിയുന്ന സാമുവല്‍ കുടുംബസമേതം സമ്മേളനം തീരുംവരെ സന്നിഹിതനായിരുന്നത് മറ്റുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നു.

 പഞ്ചാബ് ഗോതമ്പും ,ആന്ധ്ര നെല്ലും ഉത്പ്പാദിപ്പിക്കുംപോലെ ,കേരളം കാര്‍ട്ടൂണിസ്റ്റുകളുടെ കലവറയാണെന്ന് കാര്‍ട്ടൂണിസ്റ്റ് രംഗ അഭിപ്രായപ്പെട്ടു. കാര്‍ട്ടൂണിസ്റ്റ് ജോഷി ജോര്‍ജ്ജിന്റെ കാരിക്കേച്ചറുകളുടെ സമാഹാരമായ സ്വരൂപം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ഒത്തുചേരലിനും കേരളം തന്നെ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബാംഗ്ലൂരില്‍ ജനിച്ച്,ഉത്തര്‍പ്രദേശില്‍ പഠിച്ച്്, ദല്‍ഹിയില്‍ ജീവിക്കുന്ന രംഗക്ക് കാര്‍ട്ടൂണുകളുടെ ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്.

 യോഗത്തില്‍ അധ്യക്ഷം വഹിച്ച ശ്രീ സുകുമാര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ സംക്ഷിപ്തമായി വിവരിക്കുകയും കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു ദേശീയ അക്കാദമി രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. കാര്‍ട്ടൂണിസ്റ്റുകളില്‍ ബഹുഭൂരിപക്ഷവും മലയാളികളാകാന്‍ കാരണം ശങ്കറാണെന്നും അദ്ദേഹം നട്ടുനനച്ച വിത്തുകളാണ് പുതുതലമുറയ്ക്ക് ഉത്തേജനമായിട്ടുള്ളതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

 ആകാശവാണിയിലെ ശ്രീമതി ടി.എന്‍ .സുഷമ, കുമാരി ലേഖ എന്നിവരും ശ്രീ.ബിനോയ് റാഫേലുമാണ് പ്രശസ്തി പത്രങ്ങള്‍ വായിച്ചത്.

 സമ്മേളനത്തിന് ശേഷം ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചര്‍ച്ച നടത്തുകയും അതില്‍ റിട്ട.ജസ്റ്റീസ് കെ.സുകുമാരന്‍ മോഡറേറ്ററായിരിക്കുകയും ചെയ്തു. സര്‍വ്വശ്രീ.ഇടമറുക്,കെ.പി.കെ.കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജസ്റ്റീസായിരിക്കെ ബോബനും മോളിയും കേസ് തന്റെ മുന്നില്‍ വന്ന കാര്യം ശ്രീ.കെ.സുകുമാരന്‍ അനുസ്മരിക്കുയുണ്ടായി. കാര്‍ട്ടൂണിന്റെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും പത്രമാസികകളിലെ ശ്രദ്ധേയവും ആകര്‍ഷണീയവുമായ ഒരിനം അതിലെ കാര്‍ട്ടൂണുകള്‍ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 വാര്‍ത്താവിതരണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍ക്കൊള്ളണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ശ്രീ.ഇടമറുക് അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റിന്റെ പുതിയ സാധ്യതകള്‍ മുതലെടുത്താല്‍, ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ലോകത്തുള്ള ഏത് പത്രത്തിലേക്കും കാര്‍ട്ടൂണുകള്‍ അയയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ദല്‍ഹി മേധാവിയായിരുന്ന ശ്രീ.കെ.പി.കെ.കുട്ടി, ജോലിയിലിരിക്കെ ഒരു ദേശീയ കാര്‍ട്ടൂണ്‍ സര്‍വ്വീസ് തുടങ്ങാന്‍ ശ്രമിച്ചകാര്യം അനുസ്മരിച്ചു. പ്രാദേശികമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇതുവഴി ദേശീയ അംഗീകാരം ലഭിക്കുമായിരുന്നെന്നും പക്ഷെ തന്റെ ശ്രമം സഫലമായില്ലെന്നും അദ്ദേഹം അറിയിച്ചു.

 കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് സ്വാഗതവും വി.ആര്‍.അജിത് കുമാര്‍ കൃതജ്ഞതയും പറഞ്ഞു.

 രാത്രി സാംസ്‌ക്കാരിക വകുപ്പു മന്ത്രിയുടെ വകയായി അത്താഴവിരുന്നും ഉണ്ടായിരുന്നു.

 രാജധാനിയിലെ അനവധി പ്രശസ്ത വ്യക്തികളുള്‍പ്പെട്ട പ്രബുദ്ധമായ ഒരു സദസ് സമ്മേളനത്തില്‍ ആദ്യാവസാനം ഉണ്ടായിരുന്നു. പയനിയര്‍ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റുകളായ സുധീര്‍ ദര്‍, ശേഖര്‍ ഗുരേര, മഞ്ജുള പത്മനാഭന്‍, ഇന്ത്യന്‍ എക്‌സ്പ്രസിലെ ഉണ്ണി,ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിലെ പ്രസാദ്,മഞ്ജു,ഹിന്ദുസ്ഥാന്‍ ടൈംസിലെ സുശീര്‍കാല്‍,ഒബ്‌സര്‍വറിലെ അനില്‍ ദയാനന്ദ്, മിഡ്ഡേയിലെ ഇ.സുരേഷ്, നാഷണല്‍ ഹെറാള്‍ഡിലെ പരമേഷ് പ്രധാന്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലെ ബോണി തോമസ് എന്നിവരും കെ.വി.തോമസ്(മുന്‍ എംപി), എ.വിജയരാഘവന്‍(മുന്‍ എംപി), വി.പി.മരയ്ക്കാര്‍(ഐഎന്‍ടിയുസി),എം.എ.ബേബി(എംപി),എം.എം.ലോറന്‍സ്,ചടയന്‍ ഗോവിന്ദന്‍, രവീന്ദ്രനാഥ്, അല്‍ഫോണ്‍സ് കണ്ണന്താനം, ഓംചേരി,ലീല ഓംചേരി,കെ.കെ.ഗോവിന്ദന്‍(കേരള ക്ലബ്ബ്),രാജന്‍ സ്‌കറിയ(വ്യവസായപ്രമുഖന്‍), ഗോപകുമാര്‍(റിഫൈനറീസ് ലെയ്‌സണ്‍ ഓഫീസര്‍),ബാലചന്ദ്രന്‍(ഒബ്‌സര്‍വര്‍ പത്രാധിപര്‍),എ.എന്‍.ദാമോദരന്‍(ജനസംസ്‌കൃതി),രാധാകൃഷ്ണന്‍(ഫിലിം സൊസൈറ്റി) തുടങ്ങി ഒട്ടനവധിപേര്‍ സദസ്യരായി എത്തിയിരുന്നു. സംസ്ഥാന മന്ത്രിമാരായ ശ്രീ.പാലൊളി മുഹമ്മദ് കുട്ടിയും ശ്രീമതി സുശീല ഗോപാലനും അവരുടെ തിരക്കുകള്‍ക്കിടയിലും സമ്മേളനത്തില്‍ സംബ്ബന്ധിക്കാന്‍ സമയം കണ്ടെത്തി. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ.ഫിറോസും സഹപ്രവര്‍ത്തകരും സമ്മേളനം വിജയിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു.

 ദല്‍ഹിയിലെ ഈ ചടങ്ങ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും ഗംഭീരമായി സംഘടിപ്പിച്ചതിന്റെ സൂത്രധാരത്വം മുഖ്യമായും വഹിച്ചത് കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ട്രഷററും ഇപ്പോള്‍ ദല്‍ഹിയിലെ ഒബ്‌സര്‍വര്‍ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റുമായ ശ്രീ.സുധീര്‍നാഥായിരുന്നു. സംസ്ഥാനത്തിനു പുറത്ത്, പ്രത്യേകിച്ചും ഇന്ത്യയുടെ രാജധാനിയില്‍ ആദ്യമായാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഇത്തരത്തിലൊരു വിപുലമായ സമ്മേളനം സംഘടിപ്പിക്കുന്നത്.






Sunday, 5 December 2021

sivaji ganesan receiving Phalkae -written in 1997 August 10,Sunday Mangalam

1997 ഓഗസ്റ്റ് 10 ഞായര്‍ സണ്‍ഡേ മംഗളത്തില്‍ എഴുതിയ ലേഖനം -- ന്യൂഡല്‍ഹിയില്‍ ദാദാ സാഹബ് ഫാല്‍ക്കേ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കുടുംബസഹിതം എത്തിയ ശിവാജി ഗണേശനോടൊപ്പം കമല്‍ഹാസനും നാനാ പടേക്കറും താബുവും പങ്കിട്ട സൗഹൃദനിമിഷങ്ങള്‍
ഇന്ത്യയുടെ ഏറ്റവും മികച്ച ചലച്ചിത്രകാരനായിരുന്ന അന്തരിച്ച സത്യജിത് റേ പറഞ്ഞ ഒരു വാചകമുണ്ട്.ശിവാജി ഗണേശന് പറ്റിയ ഒരേയൊരു കുഴപ്പം ഇന്ത്യയില്‍ ജനിച്ചുപോയി എന്നതാണ്.അല്ലെങ്കില്‍ ലോകമറിയുന്ന ഒരു നടനായി അദ്ദേഹം മാറിയേനെ. ഇക്കാര്യം ഓര്‍ത്തുകൊണ്ടാണോ എന്നറിയില്ല കമലഹാസന്‍ പറഞ്ഞു, ശിവാജി ഒരു സര്‍വ്വകലാശാലയാണ്. ഞങ്ങള്‍ വിദ്യാര്‍ത്ഥികളും. അവാര്‍ഡ് സ്വീകരിക്കാനെത്തിയ ശിവാജി ഗണേശന്‍ ഏറെ വിനയാന്വിതനായിരുന്നു, ' എനിക്കും സന്തോഷമുണ്ട്. ഇനിയും സിനിമയ്ക്കായി ഏറെ സംഭാവന ചെയ്യാനുണ്ട് എന്ന തോന്നല്‍ ബാക്കി ' വില്ലുപ്പുറം ചിന്നയാ പിള്ളൈ ഗണേശന്‍, ഛത്രപതി ശിവജി എന്ന ചിത്രത്തില്‍ ഉജ്വല പ്രകടനം കാഴ്ചവച്ചപ്പോള്‍ പ്രസിദ്ധ സാമൂഹികപരിഷ്‌ക്കര്‍ത്താവ് പെരിയാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശിവാജി ഗണേശന്‍ എന്നു പേരിട്ടത്. അത് തമിഴ് മക്കളുടെ മനസില്‍ പതിഞ്ഞ നാമമായി. 50 വര്‍ഷത്തിനിടയില്‍ മുന്നൂറ് ചിത്രങ്ങളില്‍ തിളങ്ങിയ ശിവാജിക്ക് നടികര്‍ തിലകം എന്ന വിശേഷണ നാമം ഉചിതം. പെരിയാറിന്റെ വേഷത്തില്‍ ഒന്നഭിനയിക്കണമെന്ന മോഹമാണ് ശിവാജി ഗണേശന്‍ ഇപ്പോള്‍ മനസില്‍ സൂക്ഷിക്കുന്ന ഒരാഗ്രഹം. ' വന്‍ നേട്ടങ്ങള്‍ കൊയ്തതായി എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ സന്തോഷം. തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യചിത്രമായ പരാശക്തിയില്‍ തന്നെ ചില നല്ല മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചതായി തോന്നാറുണ്ട്. അത്രമാത്രം', അദ്ദേഹം പറഞ്ഞു വീരപാണ്ഡ്യകട്ടബൊമ്മനിലെ അഭിനയത്തിന് 1960 ല്‍ കെയ്‌റോയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നല്ല നടനായി തെരഞ്ഞെടുത്തത് വളരെ സന്തോഷമേറിയ അനുഭവമാണ്. തുടര്‍ന്ന് 66 ല്‍ പത്മശ്രീയും 84 ല്‍ പത്മഭൂഷണും ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ ഏറ്റവും വലിയ സാംസ്‌ക്കാരിക ബഹുമതിയായ ഷേവലിയര്‍ പട്ടം നല്‍കി ആദരിച്ചത് മറക്കാനാവാത്ത അനുഭൂതിയാണെന്ന് ശിവാജി പറഞ്ഞു. ശിവാജി ഗണേശന്റേത് അമിതാഭിനയമാണെന്ന് ചിലര്‍ പറയാറുണ്ട്.' അഭിനയം എന്നാല്‍ അസ്വാഭിവകമായ ഒന്നാണ്. മേക്കപ്പിട്ടു കഴിഞ്ഞാല്‍ നമ്മള്‍ മറ്റൊരു വ്യക്തിയായി മാറുകയാണ്. അതുതന്നെ അമിതമാണല്ലൊ', മര്‍മ്മം അറിയുന്നവന്റെ നര്‍മ്മം. 1928 ഒക്ടോബര്‍ ഒന്നിന് തിരുച്ചിറപ്പള്ളിക്കടുത്ത് വില്ലുപുറത്ത് ഗണേശന്‍ പിറന്ന ദിവസം തന്നെ അച്ഛന്‍ ചിന്നയാപിള്ളയെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ആറാം വയസില്‍ അഭിനയിക്കാന്‍ തുടങ്ങിയ ഗണേശന്‍ സ്വന്തം കഴിവുകൊണ്ട് ഉന്നതങ്ങള്‍ ചവിട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ നൂറാമത് ചിത്രമായ നവരാത്രിയില്‍ ഒന്‍പത് കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിച്ചു. ഏറ്റവും ഒടുവില്‍ തേവര്‍ മകനിലെ അഭിനയം സാധാരണക്കാരുടെയും നിരൂപകരുടെയും പ്രശംസ നേടി. 62 ല്‍ സാംസ്‌ക്കാരിക വിനിമയ പരിപാടിക്ക് അമേരിക്കയില്‍ പോയ ശിവാജിയെ ഒരു ദിവസത്തേക്ക് നയാഗ്രയിലെ ഓണററി മേയറാക്കുകയും പട്ടണത്തിന്റെ സ്വര്‍ണ്ണതാക്കോല്‍ ഏല്‍പ്പിക്കുകയും ചെയ്തു. 60 ല്‍ ഇന്തോ-പാക് യുദ്ധം നടക്കുമ്പോള്‍ അതിര്‍ത്തിയില്‍ 70 കലാകാരന്മാര്‍ക്കൊപ്പം സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ച് പട്ടാളക്കാര്‍ക്ക് ഉത്തേജനം നല്‍കിയതും സ്മരണീയമാണ്. പാവങ്ങള്‍ക്കു വേണ്ടി പല സന്നദ്ധ സംഘടനകളും സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ സംഘടനാ പ്രസിഡന്റായിരുന്നപ്പോള്‍ 25 ലക്ഷം രൂപ സംഘടിപ്പിച്ച് ആഡിറ്റോറിയങ്ങള്‍ ഉണ്ടാക്കിയതും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 82 ല്‍ രാജ്യസഭാംഗമായി. 86 ല്‍ അണ്ണാമല സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി ഇപ്പോള്‍ തഞ്ചാവൂരിലെ ഫാംഹൗസില്‍ ഏറെ സമയവും ചിലവഴിക്കുന്ന 69 കാരനായ നടികര്‍ തിലകം ജീവിതത്തില്‍ പൂര്‍ണ്ണതൃപ്തനാണ്. മകന്‍ പ്രഭു സിനിമയുടെ തിരക്കിലാണ്. 44-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തപ്പോള്‍ ശിവാജി ഗണേശനൊപ്പം ഭാര്യയും മകന്‍ പ്രഭുവും എത്തിയിരുന്നു. ഫാല്‍ക്കേ അവാര്‍ഡ് നേടിയ ശിവാജി ഗണേശനെ അവാര്‍ഡ് വിതരണം ചെയ്ത മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ പ്രത്യേകം അഭിനന്ദിച്ചു. ശിവാജിയുടെ ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ചടങ്ങിലെ മുഖ്യ ആകര്‍ഷണം ശിവാജി ഗണേശനായിരുന്നു. സില്‍ക്ക് ജുബ്ബയും മുണ്ടും ധരിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് താടിയും നിറഞ്ഞ പുഞ്ചിരിയുമായി എത്തിയ ശിവാജി ഗണേശന്‍ ആരെയും നിരാശപ്പെടുത്താതെ ഫോട്ടോയ്ക്ക് പോസു ചെയ്യാനും ഓട്ടോഗ്രാഫ് നല്‍കാനും തയ്യാറായി. സിനിമയ്ക്ക് ഇത്രയേറെ സംഭാവന ചെയ്ത ഒരു നടനെ അംഗീകരിക്കാന്‍ വൈകിയെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. എല്ലാം കേട്ട് അദ്ദേഹം പുഞ്ചിരിക്കുക മാത്രം ചെയ്തു. ഇതിനിടെ കമലഹാസനും താബുവും ശിവാജി ഗണേശന്റെ സമീപത്തേക്ക് വന്നു. ഇന്ത്യനിലെ അഭിനയത്തിന് നല്ല നടനുള്ള അവാര്‍ഡ് ലഭിച്ച കമലഹാസനും മാച്ചിസിലെ അഭിനയത്തിന് നല്ല നടിക്കുളള അവാര്‍ഡ് നേടിയ താബുവും ആ അഭിനയപ്രതിഭയെ വണങ്ങി അനുഗ്രഹം വാങ്ങി. കമലഹാസന്‍ ഖദര്‍ സില്‍ക്കു ഷര്‍ട്ടും പട്ടുവേഷ്ടിയുമാണ് ധരിച്ചിരുന്നത്. താബു പട്ടുസാരിയും. തെന്നിന്ത്യന്‍ സ്റ്റൈല്‍ ദല്‍ഹിയെ കീഴടക്കിയ നിമിഷമായിരുന്നു അത്. ചടങ്ങു കഴിഞ്ഞപ്പോള്‍ ഇവര്‍ക്കൊപ്പം ചിത്രമെടുക്കാന്‍ വന്‍ തിരക്കായിരുന്നു. ഒടുവില്‍ താബു പലരോടും ദേഷ്യപ്പെടുന്നത് കണ്ടു. 93 ല്‍ രംഗത്തു വന്ന തബസു ഫാത്തിമ ആസ്മി എന്ന താബു സുപ്രസിദ്ധ അഭിനേത്രി ഷബാനാ ആസ്മിയുടെ ചേച്ചിയുടെ മകളാണ്. സുപ്രസിദ്ധ ഉറുദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മി താബുവിന്റെ മുത്തച്ഛനാണ്. പ്രസിദ്ധ ഛായാഗ്രാഹകന്‍ ബാബാ ആസ്മി അമ്മാവനും നടി തന്‍വി ആസ്മി അമ്മായിയുമാണ്. പ്രസിദ്ധ ഹിന്ദി നടി ഫര്‍ഹ താബുവിന്റെ മൂത്ത സഹോദരിയാണ്. നല്ല ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയ കെ.എസ്.ചിത്രയും കൂട്ടത്തിലെത്തിയപ്പോള്‍ ചിത്രം പൂര്‍ണ്ണമായി. അവാര്‍ഡ് വാങ്ങാനെത്തിയ ചിത്രയ്‌ക്കൊപ്പം ഭര്‍ത്താവ് വിജയശങ്കറുമുണ്ടായിരുന്നു. അഗ്നിസാക്ഷിയിലെ അഭിനയത്തിന് സഹനടനുളള അവാര്‍ഡ് നേടിയ നാനാ പടേക്കര്‍ ശിവാജി ഗണേശനെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് പ്രധാനമായും വന്നതെന്ന് പറഞ്ഞു. ശിവാജി ഗണേശന്‍ ഇരുന്ന കസേരയുടെ താഴെ മുട്ടുകുത്തി നിന്ന നാനയെ അദ്ദേഹം കെട്ടിപ്പിടിച്ച് താടിയിലും തലയിലും സ്‌നേഹപൂര്‍വ്വം തടവി.

Saturday, 2 October 2021

Sunny-Ranjith Shankar Jayasurya movie

Sunny-Ranjith Shankar Jayasurya movie Sunny is a Jayasurya film written, scripted and directed by Ranjith Shankar based on an NRI who is under quarantine in a 5 star hotel at Kochi,Kerla. Sunny(Jayasurya), who arrived from the Gulf is facing different dramas of life,almost determined to suicide during the quarantine. He got married his childhood friend Nimmy, but both were sad as their first child died immediately after birth. Now, she is pregnant ,but trying to get a divorce because Sunny was in another affair in the Gulf. Sunny has a huge financial burden because his friend cheated him. Sunny also has the frustration of wanting to become a music director and failing. A sub inspector in charge of quarantine arranges counseling for Sunny, who is addicted to alcohol and has a suicidal tendency. Most of the characters make their presence only through the voice is the specialty of the movie. It is also noteworthy that the face of the very positive woman in the quarantine is not exposed. The person placing the food in front of the room and the person taking the RTPCR are in protection suit. It can be said that the movie is a lonely performance by Jayasurya who expresses all kinds of emotions alone. In the event of Covid restrictions that brought theaters stand still, the team sunny could be proud to say that they produced a good film that was completely economical and before audience through OTT platform Amazon. Vijayaraghavan as SI Sadasivan Nair, Innocent as Dr. Erali, Sivada Nair as Sunny's wife, Vijay Babu as Advocate Paul, Aju Varghese as Rajesh ,Siddik as financier Jacob and Shritha Sivadas as Athidhi had done a good job through voice only. Cinematographer Madhu Neelakanthan has beautifully incorporated the small surroundings of the quarantine space and the views of the lake from the hotel in a way that does not create boredom. Editing by Shameer Mohammad and music by Shankar Sharma sink with the tone of the movie. The film ends with Sunny being Covid positive and her life also becomes positive. The director and Innocent who dubbed Dr.Erali can be proud of the fact that the death of the doctor who sees life in a very positive light has upset even a seventh grader who saw the movie.