Tuesday 7 December 2021

Article on Fellowship distribution function of Kerala Cartoon Academy ,1997 Feb 14- Kerala House,Delhi

 





 വരയുടെ മഹാരഥന്മാര്‍ ഒത്തുചേര്‍ന്നപ്പോള്‍

  ( 1997 ഫെബ്രുവരി 14 ന് കേരള ഹൗസില്‍ നടന്ന ചടങ്ങിനെ കുറിച്ച് 1997 ജനുവരി-ഫെബ്രുവരി കാര്‍ട്ടൂണ്‍ പത്രികയില്‍ എഴുതിയ ലേഖനം )

 നര്‍മ്മം എന്നും മനുഷ്യനെ സന്തോഷവാനും ആരോഗ്യവാനുമാക്കുന്ന ടോണിക്കാണ്. പണ്ട്, ചാക്യാര്‍കൂത്തിലും ഓട്ടന്‍തുള്ളലിലും നിറഞ്ഞുനിന്ന ഹാസ്യം, ഇന്ന് ചിരിയരങ്ങിലും ഹാസ്യലേഖനങ്ങളിലും കാര്‍ട്ടൂണുകളിലുമായി അതിന്റെ സജീവത നിലനിര്‍ത്തുന്നു. കാര്‍ട്ടൂണുകളിലെ വരകള്‍ പലപ്പോഴും നര്‍മ്മം കലര്‍ന്ന ശരങ്ങളായി കൊള്ളേണ്ടിടത്ത് ആഞ്ഞുതറയ്ക്കാറുണ്ട്. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ.ടി.കെ.രാമകൃഷ്ണന്റെ അഭിപ്രായത്തില്‍ കാര്‍ട്ടൂണുകള്‍ കലയും രാഷ്ട്രീയസമരായുധവുമാണ്. ഡല്‍ഹി കേരള ഹൗസില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയും കേരള ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഫെല്ലോഷിപ്പ് സമ്മാനിക്കല്‍ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 1996 ലെ വാര്‍ഷിക യോഗ തീരുമാനമനുസരിച്ച് , ദേശീയ രംഗത്ത് ലബ്ധപ്രതിഷ്ഠരായ 5 മലയാളി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കാന്‍ തീരുമാനിക്കുകയും അതനുസരിച്ച് ,കാര്‍ട്ടൂണിസ്റ്റുകളായ സര്‍വ്വശ്രീ അബു എബ്രഹാം,കേരള വര്‍മ്മ എന്നിവര്‍ക്ക് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ 1996 ഡിസംബര്‍ 20ന് അക്കാദമി ചെയര്‍മാന്‍ ശ്രീ.എം.കെ.സീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് പ്രശസ്ത ശില്‍പ്പി ശ്രീ.കാനായി കുഞ്ഞിരാമന്‍ വിശിഷ്ടാംഗത്വവും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കുകയുണ്ടായി. മറ്റ് മൂന്നു പേരായ സര്‍വ്വശ്രീ.കുട്ടി,ഒ.വി.വിജയന്‍,സാമുവല്‍ എന്നിവര്‍ക്ക് ഫെല്ലോഷിപ്പ് സമ്മാനിക്കുന്ന സമ്മേളന ചടങ്ങിന്റെ ഉത്ഘാടനമാണ് ശ്രീ.ടി.കെ നിര്‍വ്വഹിച്ചത്. അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ ശ്രീ.സുകുമാര്‍ അധ്യക്ഷനായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീ.രജീന്ദര്‍ പുരി പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു. മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശ്രീ.കെ.കരുണാകരന്‍ മുഖ്യാതിഥിയായിരുന്നു. സര്‍വ്വശ്രീ.കുട്ടിയും സാമുവലും വിശിഷ്ടാംഗത്വം നേരില്‍ സ്വീകരിച്ചപ്പോള്‍, ശ്രീ.ഒ.വി.വിജയനുവേണ്ടി അദ്ദേഹത്തിന്റെ മരുമകനും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ശ്രീ.രവിശങ്കറാണ് സ്വീകരിച്ചത്.

 കാറും കോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തില്‍ കാര്‍ട്ടൂണുകളുടെ സാന്നിധ്യം ഒരാശ്വാസമാണെന്നും രാഷ്ട്രീയ സാമൂഹ്യമണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കാര്‍ട്ടൂണുകള്‍ ഉപകരിക്കുമെന്നും മന്ത്രി ടി.കെ.രാമകൃഷ്ണന്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.കുറച്ചുനാള്‍ നെഹ്‌റുവിനെ കാര്‍ട്ടൂണിന് വിഷയമാക്കാതിരുന്നപ്പോള്‍ ശങ്കറോട് നെഹ്‌റു പറഞ്ഞ വാക്കുകള്‍' Don't spare me Shankar' എന്നത് രാഷ്ട്രീയക്കാരും കാര്‍ട്ടൂണിസ്റ്റുകളും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ശ്രീ.ടി.കെ.സൂചിപ്പിച്ചു. വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ നിന്നുകൊണ്ട് ആശയസമരങ്ങള്‍ നടത്തുന്ന തങ്ങളെ ഒന്നിച്ചൊരു വേദിയില്‍, അതും രണ്ടുകൂട്ടര്‍ക്കും യോജിക്കാന്‍ കഴിയുന്നൊരു ചടങ്ങില്‍ സംബ്ബന്ധിക്കാന്‍ കാര്‍ട്ടൂണ്‍ അക്കാദമി വേദിയൊരുക്കിയത് ഉചിതമായെന്ന് കെ.കരുണാകരന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി ടി.കെ പറഞ്ഞു. ഇത്രയും ശ്രമകരമായ ഒരു ചടങ്ങ് ഭംഗിയായി നടത്തിയതിന് അദ്ദേഹം അക്കാദമി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഗ്രാന്റുതുക തികച്ചും അപര്യാപ്തമാണെന്ന് തനിക്ക് ബോധ്യപ്പെടുകയാല്‍ അത് ഉടനെ വര്‍ദ്ധിപ്പിക്കുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ സദസ്യര്‍ അത് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ദേശീയതലത്തില്‍ ഇത്തരമൊരു അക്കാദമിയുണ്ടാക്കാന്‍ ഈ യോഗം ഉപകരിക്കുമെന്ന് മന്ത്രി ടി.കെ പ്രത്യാശ പ്രകടിപ്പിച്ചു.

 ചിത്രകലയോടും കാര്‍ട്ടൂണിനോടുമുള്ള മമതകൊണ്ടാണ് താന്‍ ഈ ചടങ്ങില്‍ സംബ്ബന്ധിക്കുന്നതെന്ന് ശ്രീ.കെ.കരുണാകരന്‍ വ്യക്തമാക്കി. തൃശൂരില്‍ ചിത്രകല പഠിക്കാനെത്തി രാഷ്ട്രീയകളരിയിലേക്ക് ചുവടുമാറ്റിയ കരുണാകരന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എന്നും പ്രിയപ്പെട്ടവനാണ്. തന്നെകുറിച്ചുളള കാര്‍ട്ടൂണുകള്‍ തനിക്ക് ഇഷ്ടം തന്നെയാണെന്നും അവ പലപ്പോഴും തന്റെ തെറ്റുകള്‍ തിരുത്തുന്നതിന് സഹായകമായിട്ടുണ്ടെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ (ചടങ്ങില്‍ സംബ്ബന്ധിച്ച പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ വി.കെ.മാധവന്‍ കുട്ടിയെ ചൂണ്ടി) ഇരുപതിനായിരം വാക്കുകളില്‍ പറയുന്ന കാര്യം ഒരു കാര്‍ട്ടൂണില്‍ ഒതുക്കുന്ന പ്രഗത്ഭരുണ്ടെന്ന് പറയുന്നതില്‍ ക്ഷമിക്കണമെന്ന് ശ്രീ.കെ.കരുണാകരന്‍ പറഞ്ഞപ്പോള്‍ സദസ്യരും അദ്ദേഹത്തോടൊപ്പം ചിരിയില്‍ പങ്കുചേര്‍ന്നു.

 വിശിഷ്ടാംഗത്വം സമ്മാനിച്ച ശേഷം ശ്രീ.രജീന്ദര്‍ പുരി കാര്‍ട്ടൂണ്‍ അക്കാദമിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചും വിശിഷ്ടാംഗത്വ സ്വീകര്‍ത്താക്കളെ അഭിനന്ദിച്ചും സംസാരിച്ചു. ഇന്ത്യയുടെ സാമ്പത്തിക രംഗം മുരടിച്ചതും രാഷ്ട്രീയരംഗം ആവശ്യത്തിലേറെ പുഷ്ടി പ്രാപിച്ചതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ എന്തിലും ഏതിലും രാഷ്ട്രീയമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ കാര്‍ട്ടൂണുകള്‍ക്ക് പ്രസക്തിയേറുന്നു.കേരളത്തില്‍ വരാനും കാര്‍ട്ടൂണിസ്റ്റ് സുഹൃത്തുക്കളെ കാണാനും താത്പ്പര്യമുണ്ടെന്നും പുരി സൂചിപ്പിച്ചു.

 രജീന്ദര്‍ പുരിയില്‍ നിന്നും ഫെലോഷിപ്പും പ്രശസ്തിപത്രവും ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്ന് ശ്രീ.കുട്ടി പറഞ്ഞു.പുരിയോടൊപ്പം വരച്ചു തുടങ്ങിയ താന്‍,പുരി അനേകം സമ്മാനങ്ങള്‍ നേടുന്നതും വലിയൊരു കാര്‍ട്ടൂണിസ്റ്റായി വളരുന്നതും നോക്കിനിന്നിട്ടുണ്ട്. പിന്നീട് അദ്ദേഹം രാഷ്ട്രീയ നിരീക്ഷകനായി. ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് പുസ്തകമെഴുതുകയും ഒടുവില്‍ രാഷ്ട്രീയ രംഗത്തേക്ക് എടുത്തുചാടുകയും ചെയ്തു. ഇപ്പോള്‍, വിവിധ പാര്‍ട്ടികളില്‍പെട്ട നേതാക്കള്‍ക്ക് ഉപദേശം നല്‍കുന്ന പക്വത വന്നൊരു കാരണവരായിരിക്കുന്നു പുരി, കുട്ടി പറഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മാതൃകയായി തുടരുന്ന കേരളത്തിലല്ലാതെ മറ്റെങ്ങും ഒരു കാര്‍ട്ടൂണിസ്റ്റ് ,ലളിതകല അക്കാദമി ചെയര്‍മാനാകാന്‍ ഇടയില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ലളിതകല അക്കാദമി ചെയര്‍മാനായിരുന്ന കാര്യം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുമായി ചങ്ങാത്തം കൂടരുത് ,കൂടിയാല്‍ അവരെ ആക്രമിക്കാന്‍ കഴിയില്ലെന്ന് ശങ്കര്‍ ഉപദേശിച്ചിരുന്നു.പക്ഷെ, അനേകം നേതാക്കള്‍ സുഹൃത്തുക്കളായി. എങ്കിലും ആരുടെയും വികാരത്തെ വ്രണപ്പെടുത്താതെയാണ് താന്‍ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുള്ളതെന്ന് കുട്ടി അനുസ്മരിച്ചു.

 കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയില്‍, ജന്മനാടായ കേരളത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത ഒരാളാണ് താനെന്ന് ശ്രീ.സാമുവന്‍ പറഞ്ഞു. ഇല്ലായ്മയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് വളര്‍ന്നു വലുതായ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ആഴം കേട്ടറിഞ്ഞപ്പോള്‍ സദസ്യര്‍ അത്ഭുതം കൂറി. ദല്‍ഹിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പം ചെലവഴിച്ച നാളുകള്‍ അദ്ദേഹം അനുസ്മരിച്ചു.കാര്‍ട്ടൂണുകള്‍ക്ക് മിനുക്കുപണി നല്‍കലായിരുന്നു ആദ്യകാലത്തെ ജോലി.പ്രതിഫലം ശങ്കറിനൊപ്പം ഉച്ചഭക്ഷണം. ഒരിക്കല്‍ ശങ്കറിന്റെ തള്ളവിരല്‍ കാറിന്റെ ഡോറിനിടയില്‍പെട്ട് ചതഞ്ഞതിനെ തുടര്‍ന്ന് മൂന്ന് മാസം അദ്ദേഹത്തിനുവേണ്ടി കാര്‍ട്ടൂണുകള്‍ വരച്ചു. ശങ്കറിന്റെ ഒപ്പോടുകൂടി അവ അച്ചടിച്ചു വരുകയും ചെയ്തു. അനേകം ബുദ്ധിമുട്ടുകള്‍ സഹിച്ച് ദല്‍ഹിയില്‍ പിടിച്ചുനിന്ന, ജീവിതാനുഭവങ്ങളുടെ ചൂടുള്ള ഈ മനുഷ്യന്‍ യുവതലമുറയ്ക്ക് ശക്തമായ പ്രചോദനമാകേണ്ടതാണ്. ഇപ്പോള്‍ ദല്‍ഹിയില്‍ ഹോമിയോ ഡോക്ടറായി കഴിയുന്ന സാമുവല്‍ കുടുംബസമേതം സമ്മേളനം തീരുംവരെ സന്നിഹിതനായിരുന്നത് മറ്റുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നു.

 പഞ്ചാബ് ഗോതമ്പും ,ആന്ധ്ര നെല്ലും ഉത്പ്പാദിപ്പിക്കുംപോലെ ,കേരളം കാര്‍ട്ടൂണിസ്റ്റുകളുടെ കലവറയാണെന്ന് കാര്‍ട്ടൂണിസ്റ്റ് രംഗ അഭിപ്രായപ്പെട്ടു. കാര്‍ട്ടൂണിസ്റ്റ് ജോഷി ജോര്‍ജ്ജിന്റെ കാരിക്കേച്ചറുകളുടെ സമാഹാരമായ സ്വരൂപം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ഒത്തുചേരലിനും കേരളം തന്നെ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബാംഗ്ലൂരില്‍ ജനിച്ച്,ഉത്തര്‍പ്രദേശില്‍ പഠിച്ച്്, ദല്‍ഹിയില്‍ ജീവിക്കുന്ന രംഗക്ക് കാര്‍ട്ടൂണുകളുടെ ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്.

 യോഗത്തില്‍ അധ്യക്ഷം വഹിച്ച ശ്രീ സുകുമാര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ സംക്ഷിപ്തമായി വിവരിക്കുകയും കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു ദേശീയ അക്കാദമി രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. കാര്‍ട്ടൂണിസ്റ്റുകളില്‍ ബഹുഭൂരിപക്ഷവും മലയാളികളാകാന്‍ കാരണം ശങ്കറാണെന്നും അദ്ദേഹം നട്ടുനനച്ച വിത്തുകളാണ് പുതുതലമുറയ്ക്ക് ഉത്തേജനമായിട്ടുള്ളതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

 ആകാശവാണിയിലെ ശ്രീമതി ടി.എന്‍ .സുഷമ, കുമാരി ലേഖ എന്നിവരും ശ്രീ.ബിനോയ് റാഫേലുമാണ് പ്രശസ്തി പത്രങ്ങള്‍ വായിച്ചത്.

 സമ്മേളനത്തിന് ശേഷം ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചര്‍ച്ച നടത്തുകയും അതില്‍ റിട്ട.ജസ്റ്റീസ് കെ.സുകുമാരന്‍ മോഡറേറ്ററായിരിക്കുകയും ചെയ്തു. സര്‍വ്വശ്രീ.ഇടമറുക്,കെ.പി.കെ.കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജസ്റ്റീസായിരിക്കെ ബോബനും മോളിയും കേസ് തന്റെ മുന്നില്‍ വന്ന കാര്യം ശ്രീ.കെ.സുകുമാരന്‍ അനുസ്മരിക്കുയുണ്ടായി. കാര്‍ട്ടൂണിന്റെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും പത്രമാസികകളിലെ ശ്രദ്ധേയവും ആകര്‍ഷണീയവുമായ ഒരിനം അതിലെ കാര്‍ട്ടൂണുകള്‍ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 വാര്‍ത്താവിതരണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍ക്കൊള്ളണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ശ്രീ.ഇടമറുക് അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റിന്റെ പുതിയ സാധ്യതകള്‍ മുതലെടുത്താല്‍, ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ലോകത്തുള്ള ഏത് പത്രത്തിലേക്കും കാര്‍ട്ടൂണുകള്‍ അയയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ദല്‍ഹി മേധാവിയായിരുന്ന ശ്രീ.കെ.പി.കെ.കുട്ടി, ജോലിയിലിരിക്കെ ഒരു ദേശീയ കാര്‍ട്ടൂണ്‍ സര്‍വ്വീസ് തുടങ്ങാന്‍ ശ്രമിച്ചകാര്യം അനുസ്മരിച്ചു. പ്രാദേശികമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇതുവഴി ദേശീയ അംഗീകാരം ലഭിക്കുമായിരുന്നെന്നും പക്ഷെ തന്റെ ശ്രമം സഫലമായില്ലെന്നും അദ്ദേഹം അറിയിച്ചു.

 കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് സ്വാഗതവും വി.ആര്‍.അജിത് കുമാര്‍ കൃതജ്ഞതയും പറഞ്ഞു.

 രാത്രി സാംസ്‌ക്കാരിക വകുപ്പു മന്ത്രിയുടെ വകയായി അത്താഴവിരുന്നും ഉണ്ടായിരുന്നു.

 രാജധാനിയിലെ അനവധി പ്രശസ്ത വ്യക്തികളുള്‍പ്പെട്ട പ്രബുദ്ധമായ ഒരു സദസ് സമ്മേളനത്തില്‍ ആദ്യാവസാനം ഉണ്ടായിരുന്നു. പയനിയര്‍ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റുകളായ സുധീര്‍ ദര്‍, ശേഖര്‍ ഗുരേര, മഞ്ജുള പത്മനാഭന്‍, ഇന്ത്യന്‍ എക്‌സ്പ്രസിലെ ഉണ്ണി,ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിലെ പ്രസാദ്,മഞ്ജു,ഹിന്ദുസ്ഥാന്‍ ടൈംസിലെ സുശീര്‍കാല്‍,ഒബ്‌സര്‍വറിലെ അനില്‍ ദയാനന്ദ്, മിഡ്ഡേയിലെ ഇ.സുരേഷ്, നാഷണല്‍ ഹെറാള്‍ഡിലെ പരമേഷ് പ്രധാന്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലെ ബോണി തോമസ് എന്നിവരും കെ.വി.തോമസ്(മുന്‍ എംപി), എ.വിജയരാഘവന്‍(മുന്‍ എംപി), വി.പി.മരയ്ക്കാര്‍(ഐഎന്‍ടിയുസി),എം.എ.ബേബി(എംപി),എം.എം.ലോറന്‍സ്,ചടയന്‍ ഗോവിന്ദന്‍, രവീന്ദ്രനാഥ്, അല്‍ഫോണ്‍സ് കണ്ണന്താനം, ഓംചേരി,ലീല ഓംചേരി,കെ.കെ.ഗോവിന്ദന്‍(കേരള ക്ലബ്ബ്),രാജന്‍ സ്‌കറിയ(വ്യവസായപ്രമുഖന്‍), ഗോപകുമാര്‍(റിഫൈനറീസ് ലെയ്‌സണ്‍ ഓഫീസര്‍),ബാലചന്ദ്രന്‍(ഒബ്‌സര്‍വര്‍ പത്രാധിപര്‍),എ.എന്‍.ദാമോദരന്‍(ജനസംസ്‌കൃതി),രാധാകൃഷ്ണന്‍(ഫിലിം സൊസൈറ്റി) തുടങ്ങി ഒട്ടനവധിപേര്‍ സദസ്യരായി എത്തിയിരുന്നു. സംസ്ഥാന മന്ത്രിമാരായ ശ്രീ.പാലൊളി മുഹമ്മദ് കുട്ടിയും ശ്രീമതി സുശീല ഗോപാലനും അവരുടെ തിരക്കുകള്‍ക്കിടയിലും സമ്മേളനത്തില്‍ സംബ്ബന്ധിക്കാന്‍ സമയം കണ്ടെത്തി. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ.ഫിറോസും സഹപ്രവര്‍ത്തകരും സമ്മേളനം വിജയിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു.

 ദല്‍ഹിയിലെ ഈ ചടങ്ങ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും ഗംഭീരമായി സംഘടിപ്പിച്ചതിന്റെ സൂത്രധാരത്വം മുഖ്യമായും വഹിച്ചത് കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ട്രഷററും ഇപ്പോള്‍ ദല്‍ഹിയിലെ ഒബ്‌സര്‍വര്‍ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റുമായ ശ്രീ.സുധീര്‍നാഥായിരുന്നു. സംസ്ഥാനത്തിനു പുറത്ത്, പ്രത്യേകിച്ചും ഇന്ത്യയുടെ രാജധാനിയില്‍ ആദ്യമായാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഇത്തരത്തിലൊരു വിപുലമായ സമ്മേളനം സംഘടിപ്പിക്കുന്നത്.






No comments:

Post a Comment