Sunday, 5 December 2021
sivaji ganesan receiving Phalkae -written in 1997 August 10,Sunday Mangalam
1997 ഓഗസ്റ്റ് 10 ഞായര്‍ സണ്‍ഡേ മംഗളത്തില്‍ എഴുതിയ ലേഖനം -- ന്യൂഡല്‍ഹിയില്‍ ദാദാ സാഹബ് ഫാല്‍ക്കേ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കുടുംബസഹിതം എത്തിയ ശിവാജി ഗണേശനോടൊപ്പം കമല്‍ഹാസനും നാനാ പടേക്കറും താബുവും പങ്കിട്ട സൗഹൃദനിമിഷങ്ങള്‍
ഇന്ത്യയുടെ ഏറ്റവും മികച്ച ചലച്ചിത്രകാരനായിരുന്ന അന്തരിച്ച സത്യജിത് റേ പറഞ്ഞ ഒരു വാചകമുണ്ട്.ശിവാജി ഗണേശന് പറ്റിയ ഒരേയൊരു കുഴപ്പം ഇന്ത്യയില്‍ ജനിച്ചുപോയി എന്നതാണ്.അല്ലെങ്കില്‍ ലോകമറിയുന്ന ഒരു നടനായി അദ്ദേഹം മാറിയേനെ. ഇക്കാര്യം ഓര്‍ത്തുകൊണ്ടാണോ എന്നറിയില്ല കമലഹാസന്‍ പറഞ്ഞു, ശിവാജി ഒരു സര്‍വ്വകലാശാലയാണ്. ഞങ്ങള്‍ വിദ്യാര്‍ത്ഥികളും.
അവാര്‍ഡ് സ്വീകരിക്കാനെത്തിയ ശിവാജി ഗണേശന്‍ ഏറെ വിനയാന്വിതനായിരുന്നു, ' എനിക്കും സന്തോഷമുണ്ട്. ഇനിയും സിനിമയ്ക്കായി ഏറെ സംഭാവന ചെയ്യാനുണ്ട് എന്ന തോന്നല്‍ ബാക്കി '
വില്ലുപ്പുറം ചിന്നയാ പിള്ളൈ ഗണേശന്‍, ഛത്രപതി ശിവജി എന്ന ചിത്രത്തില്‍ ഉജ്വല പ്രകടനം കാഴ്ചവച്ചപ്പോള്‍ പ്രസിദ്ധ സാമൂഹികപരിഷ്‌ക്കര്‍ത്താവ് പെരിയാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശിവാജി ഗണേശന്‍ എന്നു പേരിട്ടത്. അത് തമിഴ് മക്കളുടെ മനസില്‍ പതിഞ്ഞ നാമമായി. 50 വര്‍ഷത്തിനിടയില്‍ മുന്നൂറ് ചിത്രങ്ങളില്‍ തിളങ്ങിയ ശിവാജിക്ക് നടികര്‍ തിലകം എന്ന വിശേഷണ നാമം ഉചിതം.
പെരിയാറിന്റെ വേഷത്തില്‍ ഒന്നഭിനയിക്കണമെന്ന മോഹമാണ് ശിവാജി ഗണേശന്‍ ഇപ്പോള്‍ മനസില്‍ സൂക്ഷിക്കുന്ന ഒരാഗ്രഹം. ' വന്‍ നേട്ടങ്ങള്‍ കൊയ്തതായി എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ സന്തോഷം. തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യചിത്രമായ പരാശക്തിയില്‍ തന്നെ ചില നല്ല മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചതായി തോന്നാറുണ്ട്. അത്രമാത്രം', അദ്ദേഹം പറഞ്ഞു
വീരപാണ്ഡ്യകട്ടബൊമ്മനിലെ അഭിനയത്തിന് 1960 ല്‍ കെയ്‌റോയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നല്ല നടനായി തെരഞ്ഞെടുത്തത് വളരെ സന്തോഷമേറിയ അനുഭവമാണ്. തുടര്‍ന്ന് 66 ല്‍ പത്മശ്രീയും 84 ല്‍ പത്മഭൂഷണും ലഭിച്ചു.
ഫ്രഞ്ച് സര്‍ക്കാര്‍ ഏറ്റവും വലിയ സാംസ്‌ക്കാരിക ബഹുമതിയായ ഷേവലിയര്‍ പട്ടം നല്‍കി ആദരിച്ചത് മറക്കാനാവാത്ത അനുഭൂതിയാണെന്ന് ശിവാജി പറഞ്ഞു. ശിവാജി ഗണേശന്റേത് അമിതാഭിനയമാണെന്ന് ചിലര്‍ പറയാറുണ്ട്.' അഭിനയം എന്നാല്‍ അസ്വാഭിവകമായ ഒന്നാണ്. മേക്കപ്പിട്ടു കഴിഞ്ഞാല്‍ നമ്മള്‍ മറ്റൊരു വ്യക്തിയായി മാറുകയാണ്. അതുതന്നെ അമിതമാണല്ലൊ', മര്‍മ്മം അറിയുന്നവന്റെ നര്‍മ്മം.
1928 ഒക്ടോബര്‍ ഒന്നിന് തിരുച്ചിറപ്പള്ളിക്കടുത്ത് വില്ലുപുറത്ത് ഗണേശന്‍ പിറന്ന ദിവസം തന്നെ അച്ഛന്‍ ചിന്നയാപിള്ളയെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ആറാം വയസില്‍ അഭിനയിക്കാന്‍ തുടങ്ങിയ ഗണേശന്‍ സ്വന്തം കഴിവുകൊണ്ട് ഉന്നതങ്ങള്‍ ചവിട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ നൂറാമത് ചിത്രമായ നവരാത്രിയില്‍ ഒന്‍പത് കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിച്ചു. ഏറ്റവും ഒടുവില്‍ തേവര്‍ മകനിലെ അഭിനയം സാധാരണക്കാരുടെയും നിരൂപകരുടെയും പ്രശംസ നേടി.
62 ല്‍ സാംസ്‌ക്കാരിക വിനിമയ പരിപാടിക്ക് അമേരിക്കയില്‍ പോയ ശിവാജിയെ ഒരു ദിവസത്തേക്ക് നയാഗ്രയിലെ ഓണററി മേയറാക്കുകയും പട്ടണത്തിന്റെ സ്വര്‍ണ്ണതാക്കോല്‍ ഏല്‍പ്പിക്കുകയും ചെയ്തു. 60 ല്‍ ഇന്തോ-പാക് യുദ്ധം നടക്കുമ്പോള്‍ അതിര്‍ത്തിയില്‍ 70 കലാകാരന്മാര്‍ക്കൊപ്പം സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ച് പട്ടാളക്കാര്‍ക്ക് ഉത്തേജനം നല്‍കിയതും സ്മരണീയമാണ്. പാവങ്ങള്‍ക്കു വേണ്ടി പല സന്നദ്ധ സംഘടനകളും സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ സംഘടനാ പ്രസിഡന്റായിരുന്നപ്പോള്‍ 25 ലക്ഷം രൂപ സംഘടിപ്പിച്ച് ആഡിറ്റോറിയങ്ങള്‍ ഉണ്ടാക്കിയതും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 82 ല്‍ രാജ്യസഭാംഗമായി. 86 ല്‍ അണ്ണാമല സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി
ഇപ്പോള്‍ തഞ്ചാവൂരിലെ ഫാംഹൗസില്‍ ഏറെ സമയവും ചിലവഴിക്കുന്ന 69 കാരനായ നടികര്‍ തിലകം ജീവിതത്തില്‍ പൂര്‍ണ്ണതൃപ്തനാണ്. മകന്‍ പ്രഭു സിനിമയുടെ തിരക്കിലാണ്.
44-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തപ്പോള്‍ ശിവാജി ഗണേശനൊപ്പം ഭാര്യയും മകന്‍ പ്രഭുവും എത്തിയിരുന്നു.
ഫാല്‍ക്കേ അവാര്‍ഡ് നേടിയ ശിവാജി ഗണേശനെ അവാര്‍ഡ് വിതരണം ചെയ്ത മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ പ്രത്യേകം അഭിനന്ദിച്ചു. ശിവാജിയുടെ ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
ചടങ്ങിലെ മുഖ്യ ആകര്‍ഷണം ശിവാജി ഗണേശനായിരുന്നു. സില്‍ക്ക് ജുബ്ബയും മുണ്ടും ധരിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് താടിയും നിറഞ്ഞ പുഞ്ചിരിയുമായി എത്തിയ ശിവാജി ഗണേശന്‍ ആരെയും നിരാശപ്പെടുത്താതെ ഫോട്ടോയ്ക്ക് പോസു ചെയ്യാനും ഓട്ടോഗ്രാഫ് നല്‍കാനും തയ്യാറായി. സിനിമയ്ക്ക് ഇത്രയേറെ സംഭാവന ചെയ്ത ഒരു നടനെ അംഗീകരിക്കാന്‍ വൈകിയെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. എല്ലാം കേട്ട് അദ്ദേഹം പുഞ്ചിരിക്കുക മാത്രം ചെയ്തു. ഇതിനിടെ കമലഹാസനും താബുവും ശിവാജി ഗണേശന്റെ സമീപത്തേക്ക് വന്നു.
ഇന്ത്യനിലെ അഭിനയത്തിന് നല്ല നടനുള്ള അവാര്‍ഡ് ലഭിച്ച കമലഹാസനും മാച്ചിസിലെ അഭിനയത്തിന് നല്ല നടിക്കുളള അവാര്‍ഡ് നേടിയ താബുവും ആ അഭിനയപ്രതിഭയെ വണങ്ങി അനുഗ്രഹം വാങ്ങി. കമലഹാസന്‍ ഖദര്‍ സില്‍ക്കു ഷര്‍ട്ടും പട്ടുവേഷ്ടിയുമാണ് ധരിച്ചിരുന്നത്. താബു പട്ടുസാരിയും. തെന്നിന്ത്യന്‍ സ്റ്റൈല്‍ ദല്‍ഹിയെ കീഴടക്കിയ നിമിഷമായിരുന്നു അത്. ചടങ്ങു കഴിഞ്ഞപ്പോള്‍ ഇവര്‍ക്കൊപ്പം ചിത്രമെടുക്കാന്‍ വന്‍ തിരക്കായിരുന്നു. ഒടുവില്‍ താബു പലരോടും ദേഷ്യപ്പെടുന്നത് കണ്ടു.
93 ല്‍ രംഗത്തു വന്ന തബസു ഫാത്തിമ ആസ്മി എന്ന താബു സുപ്രസിദ്ധ അഭിനേത്രി ഷബാനാ ആസ്മിയുടെ ചേച്ചിയുടെ മകളാണ്. സുപ്രസിദ്ധ ഉറുദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മി താബുവിന്റെ മുത്തച്ഛനാണ്. പ്രസിദ്ധ ഛായാഗ്രാഹകന്‍ ബാബാ ആസ്മി അമ്മാവനും നടി തന്‍വി ആസ്മി അമ്മായിയുമാണ്. പ്രസിദ്ധ ഹിന്ദി നടി ഫര്‍ഹ താബുവിന്റെ മൂത്ത സഹോദരിയാണ്.
നല്ല ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയ കെ.എസ്.ചിത്രയും കൂട്ടത്തിലെത്തിയപ്പോള്‍ ചിത്രം പൂര്‍ണ്ണമായി. അവാര്‍ഡ് വാങ്ങാനെത്തിയ ചിത്രയ്‌ക്കൊപ്പം ഭര്‍ത്താവ് വിജയശങ്കറുമുണ്ടായിരുന്നു.
അഗ്നിസാക്ഷിയിലെ അഭിനയത്തിന് സഹനടനുളള അവാര്‍ഡ് നേടിയ നാനാ പടേക്കര്‍ ശിവാജി ഗണേശനെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് പ്രധാനമായും വന്നതെന്ന് പറഞ്ഞു. ശിവാജി ഗണേശന്‍ ഇരുന്ന കസേരയുടെ താഴെ മുട്ടുകുത്തി നിന്ന നാനയെ അദ്ദേഹം കെട്ടിപ്പിടിച്ച് താടിയിലും തലയിലും സ്‌നേഹപൂര്‍വ്വം തടവി.
Subscribe to:
Post Comments (Atom)
No comments:
Post a Comment