Saturday, 19 June 2021

Personality- Yesudas Ramachandra - famous mathematician and reformer of 19th century

 


 യേശുദാസ് രാമചന്ദ്ര

      പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആധുനിക ശാസ്ത്രത്തിന്റെ പ്രചാരണത്തിനും സാമൂഹ്യമാറ്റത്തിനും ഒട്ടേറെ സംഭാവന ചെയ്ത ഗണിതശാസ്ത്രജ്ഞനാണ് യേശുദാസ് രാമചന്ദ്ര. മതപരമായ കെട്ടുപാടുകളില്‍ കുടുങ്ങിക്കിടന്ന ജനതയ്ക്ക്, ലോകത്തുനടക്കുന്ന മാറ്റങ്ങളുടെ ദൃശ്യമൊരുക്കുന്ന കണ്ണായി പ്രവര്‍ത്തിച്ച അനേകം സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍,വിദ്യാഭ്യാസവിചക്ഷണന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

 1821 ല്‍ ഒരിടത്തരം കായസ്ത കുടുംബത്തില്‍ രാമചന്ദ്ര ജനിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ റവന്യൂ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ റായ് സുന്ദര്‍ലാല്‍ മാത്തൂര്‍. ഈ സമയം ഡല്‍ഹിയില്‍ പേരിന് ഒരു മുഗള്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെങ്കിലും ഭരണം ബ്രിട്ടീഷുകാരുടെ കൈകളിലായിരുന്നു. ഡല്‍ഹിക്കാരുടെ സാമ്പത്തിക സുരക്ഷിതത്വവും ക്ഷേമവും ബ്രിട്ടനെ ആശ്രയിച്ചായിരുന്നു. കര്‍ഷകര്‍ കാര്‍ഷികമേഖലയുടെ വാണിജ്യവത്ക്കരണത്തെകുറിച്ച് ബോധവാന്മാരായിരുന്നു. ഇടത്തരക്കാരായ ഉദ്യോഗസ്ഥരായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. ജന്മിമാര്‍ക്ക് അധികാരം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. രാമചന്ദ്രയ്ക്ക് പത്തുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് കടുത്ത സാമ്പത്തിക -സാമൂഹിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് അമ്മ അദ്ദേഹത്തെ വളര്‍ത്തിയത്.

 പ്രാഥമിക വിദ്യാഭ്യാസം വീട്ടിലായിരുന്നു. തുടര്‍ന്ന് 1833 ല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്നു. മിടുക്കനായിരുന്നതിനാല്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. കണക്കില്‍ അസാധാരണ മികവ് പ്രകടിപ്പിച്ചിരുന്നു. കണക്കിന് സ്‌കൂളില്‍ അധ്യാപകരില്ലാതിരുന്നതിനാല്‍ സ്വയം പഠിക്കുകയായിരുന്നു എന്നത് ഒരു പ്രത്യേകതയാണ്.

 പതിനൊന്നു വയസുള്ളപ്പോള്‍ വിവാഹാലോചന വന്നു. മിടുക്കനായ കുട്ടിയായിരുന്നതിനാല്‍ ധാരാളം ആലോചനകളുണ്ടായിരുന്നു. ആ കൂട്ടത്തില്‍,നഗരത്തിലെ സമ്പന്നനായ കുശാല്‍റായിയുടെ മകളുടെ ജാതകവും ഉണ്ടായിരുന്നു. എല്ലാവിധത്തിലും പൊരുത്തമുള്ള ജാതകം.പേരില്‍ പോലുമുണ്ട് പൊരുത്തം. രാമചന്ദ്രയ്ക്ക് വധുവാകുന്ന കുട്ടിയുടെ പേര് സീത. സമ്പന്നനും ഉന്നതകുലജാതനുമായിരുന്നതിനാല്‍ പണ്ഡിതന്മാരും പുരോഹിതന്മാരും രാമചന്ദ്രന്റെ വീട്ടുകാരെ നിര്‍ബ്ബന്ധിച്ചു. പെണ്‍കുട്ടിയെകുറിച്ച് വലിയ അന്വേഷണമുണ്ടായില്ല.വിവാഹം കഴിഞ്ഞപ്പോഴാണ് അവള്‍ ഊമയും ബധിരയുമാണെന്നറിഞ്ഞത്. വിധിയെ പഴിച്ച് നിരാശനാകാതെ,രാമചന്ദ്ര തന്റെ പഠനവുമായി മുന്നോട്ടുപോയി.

 ഡല്‍ഹി കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന ബൂത്രോസ് പറഞ്ഞപ്രകാരമാണ് യൂറോപ്യന്‍ ശാസ്ത്രവികാസത്തെക്കുറിച്ച് ഉറുദുവില്‍ എഴുതാന്‍ തുടങ്ങിയത്. അന്ന് ഇന്ത്യയില്‍ കൂടുതല്‍ വായനക്കാരുള്ള ഭാഷയായിരുന്നു ഉറുദു. 1843ല്‍ വെര്‍ണാക്കുലര്‍ ട്രാന്‍സ്ലേഷന്‍ സൊസൈറ്റിയുണ്ടാക്കി. അനേകം ശാസ്ത്ര അറിവുകള്‍ ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്തു. ഫവെയ്‌സ് -ഉള്‍-നസ്‌റിന്‍ എന്ന പത്രം തുടങ്ങുകയും സ്ഥിരമായി ശാസ്ത്രലേഖനങ്ങള്‍ എഴുതുകയും ചെയ്തു. ക്രമേണ രാമചന്ദ്ര യൂറോപ്പിലും അറിയപ്പെടാന്‍ തുടങ്ങി. അങ്ങിനെയാണ് ബീജഗണിത വിദഗ്ധനായ അഗസ്റ്റസ് ഡി മോര്‍ഗനുമായി പരിചയപ്പെട്ടത്. അവരുടെ കത്തിടപാടുകള്‍ ഗണിതശാസ്ത്രവികസനത്തിന് സഹായിച്ചു.

1846 ല്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സ്‌പ്രെംഗറിന്റെ താത്പ്പര്യപ്രകാരം ക്വിറാന്‍-ഉസ്-സദൈന്‍ എന്ന ആഴ്ചപ്പതിപ്പ് ആരംഭിച്ചു. ഇതില്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നല്ല വശങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ കണ്ടുപിടുത്തങ്ങള്‍,ഗവേഷണങ്ങള്‍ എന്നിവയെ കുറിച്ച് ലേഖനങ്ങള്‍ വന്നു. 1850 ലാണ് ' എ ട്രീറ്റീസ് ഓണ്‍ ദ പ്രോബ്‌ളംസ് ഓഫ് മാക്‌സിമ ആന്റ് മിനിമ ' പ്രസിദ്ധീകരിച്ചത്. ഇരുപത്തിയൊന്‍പതാം വയസില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഗണിതശാസ്ത്ര രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. 1859 ല്‍ ലണ്ടനില്‍ നിന്നും ഇത് പുന:പ്രകാശനം ചെയ്തു എന്നത് ഇതിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്.

ഹിന്ദു-മുസ്ലിം സമുദായങ്ങളില്‍ നിലനിന്ന കടുത്ത അനാചാരങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായും യൂറോപ്പില്‍ കൃസ്ത്യന്‍ സമുദായം ആധുനികത ഉള്‍ക്കൊള്ളുന്നതില്‍ ആകൃഷ്ടനായും അദ്ദേഹം ,സുഹൃത്തായ അസിസ്റ്റന്റ് സര്‍ജന്‍ ചിമന്‍ലാലിനൊപ്പം 1852 മെയ് പതിനൊന്നിന് ക്രിസ്തീയമതം സ്വീകരിച്ചു. ഈ സംഭവം വന്‍ വിവാദമാവുകയും ഹിന്ദു യാഥാസ്ഥിതികര്‍ അവരുടെ ശത്രുക്കളാവുകയും ചെയ്തു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ഇവര്‍ ബ്രിട്ടീഷ്പക്ഷക്കാരാണെന്ന കണക്കുകൂട്ടലോടെ രണ്ടുപേരെയും കൊല്ലാന്‍ തീരുമാനിക്കുകയും ചിമന്‍ലാലിനെ കൊലചെയ്യുകയും ചെയ്തു. എന്നാല്‍ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രാമചന്ദ്രയെ രക്ഷിച്ചു. കുറച്ചുദിവസം ഡല്‍ഹിക്കുപുറത്തുള്ള ഒരു ജമീന്ദാരുടെ വീട്ടില്‍ താമസിപ്പിച്ചു. 1857 ജൂണില്‍ ബ്രിട്ടീഷുകാര്‍ അധികാരം ഉറപ്പിച്ചപ്പോള്‍ ആര്‍മി ക്യാമ്പില്‍ വാര്‍ത്തകളുടെ വിവര്‍ത്തകനായി ചേര്‍ന്നു.പിന്നീട് റൂര്‍ക്കിയില്‍ തോംസണ്‍ സിവില്‍ എന്‍ജിനീയറിംഗ് കോളേജില്‍ നേറ്റീവ് ഹെഡ്മാസ്റ്ററായി. 1866 ല്‍ നാല്‍പ്പത്തിയഞ്ചാം വയസില്‍ അസുഖം മൂലം വിരമിച്ചു. തുടര്‍ന്ന് പാട്യാലയിലെ രാജാവായിരുന്ന മഹീന്ദ്രസിംഗിന്റെ അധ്യാപകനായി. 1870 ല്‍ വിദ്യാഭ്യാസ ഡയറക്ടറായി.

1865 ജൂലൈ 28 ന് ആരംഭിച്ച ഡല്‍ഹി സൊസൈറ്റിയിലും അദ്ദേഹം അംഗമായിരുന്നു. മിര്‍സ ഗാലിബ്,സെയ്ദ് അഹമ്മദ് ഖാന്‍,നവാസ് അലാവുദ്ദീന്‍ ഖാന്‍ അലയ്, മുന്‍ഷി പ്യാരേലാല്‍ അഷോബ് തുടങ്ങിയ സാമൂഹികപരിഷ്‌ക്കര്‍ത്തക്കളും സൊസൈറ്റി അംഗങ്ങളായിരുന്നു. സര്‍വ്വകലാശാല രൂപീകരണം, മാതൃഭാഷയില്‍ സയന്‍സ് പഠനം,യൂറോപ്യന്‍ ശാസ്ത്രവികാസത്തിന്റെ തര്‍ജ്ജമകള്‍ എന്നിവയിലായിരുന്നു സൊസൈറ്റിയുടെ ശ്രദ്ധ. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ,1880 ആഗസ്റ്റ് 11 ന് അന്‍പത്തിയൊന്‍പതാം വയസില്‍ രാമചന്ദ്ര അന്തരിച്ചു. സയന്‍സ് സംബ്ബന്ധിച്ച് അന്‍പതോളം ലേഖനങ്ങള്‍, പതിനേഴ് പുസ്തകങ്ങള്‍ എന്നിവ അദ്ദേഹം രചിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഭാസ്‌ക്കര രചിച്ച ബീജഗണിതം ഉപയോഗിച്ച് ആധുനിക കാല്‍ക്കുലസ് വിലയിരുത്തിയതും രാമചന്ദ്രയുടെ സംഭാവനയാണ്.

 

Friday, 11 June 2021

Kerala plans social security at door step

 



   കേരളം സാമൂഹിക ക്ഷേമത്തിന് പുത്തന്‍ മുഖം നല്‍കുന്നു

 കേരളത്തില്‍ കുടുംബശ്രീ പോലെ സാധ്യതയുള്ള പദ്ധതിയായി സാന്ത്വനം വികസിക്കുകയാണ്. സാമൂഹിക സന്നദ്ധ സേന രൂപീകരണമാണ് ഈ രംഗത്ത് നാഴികക്കല്ലാകുന്നത്.
സാമൂഹിക സന്നദ്ധസേന

*പെന്‍ഷന്‍ മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ വീട്ടില്‍ വന്ന് ശേഖരിക്കും

*സാമൂഹിക സുരക്ഷ പെന്‍ഷന്‍ അപേക്ഷ പൂരിപ്പിച്ച് വാങ്ങും

*ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായ അപേക്ഷ നേരിട്ട് വാങ്ങും

*ജീവന്‍ രക്ഷ മരുന്നുകള്‍ വീട്ടിലെത്തിക്കും  

*കിടപ്പുരോഗികളെ നിത്യവും സന്ദര്‍ശിച്ച് ദിനചര്യക്കുവരെ സഹായിക്കുക

*വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്ക് മാനസികോല്ലാസം പകരാന്‍ പദ്ധതി

*ഒറ്റപ്പെട്ടവര്‍ക്ക് കൂട്ടിരിപ്പ്

*ആശുപത്രിയില്‍ കൂടെപ്പോകാന്‍ ആളില്ലാത്തവര്‍ക്ക് കൂട്ടുപോകുകയും മരുന്നും മറ്റും വാങ്ങിനല്‍കുകയും ചെയ്യുക

*ജനകീയ ഹോട്ടലില്‍നിന്നടക്കം ഭക്ഷണം എത്തിക്കുക എന്നിവയാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്.

 പരിശീലനം നല്‍കി കുറേപ്പേരെ ഹോംനഴ്‌സിംഗ് പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നത് നല്ലതാണ്. സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കി സേവനം നല്‍കുകയും അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ സേവനം നല്‍കുകയും ചെയ്യാം. ഇലക്ട്രിക്കല്‍-പ്ലംബിംഗ് ഉള്‍പ്പെടെയുള്ള സേവന മേഖലയിലും പരിശീലനം സിദ്ധിച്ചവരെ ലഭ്യമാക്കുന്നത് ഉചിതമാകും. നിലവില്‍ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവരെ ഇതിനായി ഉപയോഗപ്പെടുത്തുന്നത് ഉചിതമാകും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഇത്തരം പ്രവര്‍ത്തനം നടത്തിയവര്‍ക്ക് പിഎസ് സി ജോലിയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പോലും നല്ലതാകും.

Tuesday, 8 June 2021

kavitha - Disabodham

 
 കവിത

 ദിശാബോധം

ഒരിക്കല്‍
കൊടുംകാട്ടില്‍ എനിക്ക് ദിശാബോധം
നഷ്ടമായി,
ഇലകളും
കിളികളും വന്യജീവികളും ശലഭങ്ങളും
വഴി പറഞ്ഞുതന്നു.

 ഞാന്‍
അവര്‍ കാട്ടിയ വഴിയിലൂടെ നടന്നുനടന്ന്
കൃത്യമായി വീട്ടിലെത്തി.

   ഇന്നലെ
എനിക്ക് നഗരത്തില്‍ വച്ച് ദിശാബോധം
നഷ്ടമായി,
നഗരമനുഷ്യര്‍
പറഞ്ഞുതന്ന വഴികളിലൂടെ നടന്നുനടന്ന്
വഴിതെറ്റി
ഞാന്‍
ഒരഗാധ ഗര്‍ത്തത്തില്‍ വീണുകൈകാലൊടിഞ്ഞ്
നിലവിളിച്ചു.

അപ്പോള്‍
ആ ഗര്‍ത്തത്തിന്റെ ചുറ്റിലും നഗരമനുഷ്യര്‍
കൂട്ടംകൂടി നിന്ന്
ചിരിക്കുന്നത് ഞാന്‍ കണ്ടു.

പരിഹാസവും ക്രൂരതയും നിന്ദയും കലര്‍ന്ന
ചിരി
കൂറ്റന്‍ കെട്ടിടങ്ങളില്‍ തട്ടി
പ്രതിധ്വനിച്ചു.

Monday, 7 June 2021

High time to think of producing liquor from fruits and roots

 


ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും മദ്യം ഉത്പ്പാദിപ്പിക്കണം

കേരളത്തിലെ മരച്ചീനിയും വിവിധ ഫലവര്‍ഗ്ഗങ്ങളും വന്‍തോതില്‍ നശിച്ചുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തില്‍ മാത്രം വര്‍ഷത്തില്‍ 100 കോടിയിലേറെ ഉത്പ്പന്നങ്ങള്‍ ഇത്തരത്തില്‍ നശിക്കുന്നു. കേരള ധനമന്ത്രി ഇത് സംബ്ബന്ധിച്ച് ഈയിടെ സംസാസിക്കുകയുണ്ടായി. മരച്ചീനിയില്‍ നിന്നും പൈനാപ്പിളില്‍  നിന്നുമൊക്കെ സ്പിരിറ്റ് ഉത്പ്പാദിപ്പിക്കുന്നത്  കര്‍ഷകര്‍ക്കും വ്യവസായങ്ങള്‍ക്കും സാമ്പത്തിക മേഖലയ്ക്കും ഗുണപ്പെടും എന്നാണ് അഭിപ്രായപ്പെട്ടത്. അതിനെ വക്രീകരിച്ച് മോശമാക്കാന്‍ നമ്മുടെ ആളുകള്‍ മിടുക്കരാണ്. അതിനാല്‍ തന്നെ പദ്ധതി ഉപേക്ഷിക്കപ്പെടുകയും ചെയ്യും.

രണ്ടര വര്‍ഷം മുന്നെ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി ( പെബ്സ്) അന്നത്തെ എക്സൈസ് മന്ത്രിക്ക് ഇത്തരത്തില്‍ ഒരു പ്രൊപ്പോസല്‍ നല്‍കിയിരുന്നു. അതിലെ പരാമര്‍ശം ചുവടെ ചേര്‍ക്കുന്നു.

" കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലെ ഡിസ്റ്റിലറികള്‍ക്ക്കോടികള്‍ നല്‍കി മദ്യം വാങ്ങുന്ന നിലവിലുള്ള സംവിധാനത്തിന് പകരം സംസ്ഥാന സര്‍ക്കാര്‍മുന്‍കൈ എടുത്ത് പബ്ളിക് –പ്രൈവറ്റ് പങ്കാളിത്തത്തോടെ കേരളത്തില്‍കൂടുതല്‍ ഡിസ്റ്റിലറികള്‍ ആരംഭിക്കണം. ഓരോ വര്‍ഷവും സീസണുകളില്‍ നമുക്ക്നഷ്ടമാകുന്ന കോടിക്കണക്കിന് രൂപയുടെ പഴങ്ങളും പച്ചക്കറികളും മറ്റ് ജൈവപദാര്‍ത്ഥങ്ങളുംആയുര്‍വ്വേദ മരുന്നുകളുടെ നിര്‍മ്മാണ അവശിഷ്ടങ്ങളും മരച്ചീനി ഉള്‍പ്പെടെയുള്ളകിഴങ്ങു വര്‍ഗ്ഗങ്ങളും  ഉപയോഗിച്ച്ലോകനിലാവാരത്തിലുള്ള മദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേരളത്തിന് കഴിയും. ഇതിനാവശ്യമായഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്  "
കത്തിന്‍റെ ഫുള്‍ടെക്സ്റ്റ്  ചുവടെ ചേര്‍ക്കുന്നു.

ബഹുമാനപ്പെട്ട  എക്സൈസ് വകുപ്പ് മന്ത്രി സമക്ഷം പീപ്പിള്‍  ഫോര്‍ബറ്റര്‍ സൊസൈറ്റി  (PEBS) സമര്‍പ്പിക്കുന്ന പ്രൊപ്പോസല്‍

സര്‍,

കേരള സംസ്ഥാനത്തിന്‍റെ മദ്യനയത്തെകുറിച്ച്  പലവിധ ചര്‍ച്ചകള്‍നടക്കുന്ന കാലമാണല്ലൊ ഇത്. മദ്യം ക്ഷേത്രാചാരങ്ങളുടെ ഭാഗമായിപോലും വര്‍ഷങ്ങള്‍ക്ക്മുന്‍പെ അംഗീകരിച്ചിട്ടുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ കേരളത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ മദ്യം കഴിച്ചിരുന്നതായി  കേരള ചരിത്രം എഴുതിയിട്ടുള്ളവരെല്ലാംരേഖപ്പെടുത്തിയിട്ടുണ്ട്.നെല്ലില്‍ നിന്നും വാറ്റിയെടുത്ത മദ്യമാണ്പ്രചാരത്തിലുണ്ടായിരുന്നത്.പിന്നീട്  തെങ്ങ് ചെത്തി കള്ളെടുക്കുന്ന രീതി നിലവില്‍വന്നു.കള്ളിന്‍റെ അമിത ഉപയോഗം മൂലം സാമ്പത്തികമായും ആരോഗ്യപരമായും നാശംസംഭവിച്ചവര്‍ ഏറെയുണ്ടായിരുന്നെങ്കിലും ശുദ്ധമായതും പ്രകൃതിയില്‍‍ നിന്നുംനേരിട്ട് എടുക്കുന്നതുമായ മദ്യമായിരുന്നു കള്ള്. ജനസംഖ്യാ വര്‍ദ്ധനവുംഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കള്ളിന്‍റെ ലഭ്യതക്കുറവുമാണ് സ്പിരിറ്റ്ഉപയോഗിച്ച് ചാരായം നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും കാരണമായത്.ഇതോടെമലയാളിയുടെ മദ്യസംസ്ക്കാരത്തില്‍ വലിയ മാറ്റം വന്നു. പട്ടണങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിതവിദേശമദ്യവും വ്യാപകമായി. ഒരു ഘട്ടത്തില്‍ വ്യാജമദ്യ നിര്‍മ്മാണവും കേരളത്തില്‍വ്യാപകമായി.മദ്യനിരോധനത്തിനുള്ള ആദ്യശ്രമം എന്ന നിലയില്‍ 1996 ഏപ്രില്‍ ഒന്നിന്അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഏ.കെ.ആന്‍റണി ചാരായ നിരോധനം കൊണ്ടുവരുകയും ഇന്ത്യന്‍നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ വില കുത്തനെ ഉയര്‍ത്തുകയും ചെയ്തതോടെയാണ് ഗ്രാമങ്ങളിലെസാധാരണക്കാര്‍ വീണ്ടും കള്ളുഷാപ്പിലേക്ക് തിരിഞ്ഞത്.ഇതോടെ നാട്ടില്‍ഉത്പ്പാദിപ്പിക്കുന്നതിന്‍റെ എത്രയോ ഇരട്ടി കള്ളിനുള്ള ഡിമാന്‍റാണ് ഉണ്ടായത്. ഇത്രയുംകള്ള് സപ്ലൈ ചെയ്യാന്‍ കഴിയാതായതോടെ ചിറ്റൂര്‍ കേന്ദ്രീകരിച്ച് സ്പിരിറ്റും ശ്രീലങ്കന്‍പേസ്റ്റ് തുടങ്ങിയ ആര്‍ട്ടിഫിഷ്യലായി ലഭിക്കുന്ന ലഹരി വസ്തുക്കളും ചേര്‍ത്ത് വ്യാജക്കള്ളിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. അത്അനിതര സാധാരണമായ നിലയില്‍ വര്‍ദ്ധിച്ചതോടെ നാട്ടിലെ ഏറ്റവും സാധാരണക്കാരുംപാവപ്പെട്ടവരുമായവരുടെ ആരോഗ്യം ഇല്ലാതാവുന്ന നിലയിലേക്ക് വ്യാജക്കള്ള് മാറുകയാണ്. മനുഷ്യരുടെജീവന്‍ നഷ്ടമാകുന്ന ഒരു വലിയ ദുരന്തത്തിലേക്ക് ഇത് നീങ്ങാനുള്ള സാധ്യതതള്ളിക്കളയാന്‍ കഴിയില്ല.അതുകൊണ്ടുതന്നെ വ്യാജക്കള്ള് വില്‍പ്പന അവസാനിപ്പിക്കാന്‍ഗൌരവതരമായ ചര്‍ച്ചകളും തുടര്‍ നടപടികളും ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.

 ഇതിനായി ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന  നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1.        സംസ്ഥാനത്ത്ഇപ്പോള്‍ നിലവിലുള്ള കള്ളുഷാപ്പുകളുടെ ശോച്യാവസ്ഥ അവസാനിപ്പിക്കേണ്ടത്അനിവാര്യമാണ്.ഗ്രാമത്തിലെ വയോലോരങ്ങളുടെ അരികില്‍ താത്ക്കാലിക ഷെഡുകളിലാണ്മിക്കവാറും ഷാപ്പുകളും പ്രവര്‍ത്തിക്കുന്നത്. ഇവിടെ കള്ള് സൂക്ഷിക്കുന്നതുംഭക്ഷണമുണ്ടാക്കുന്നതും തീരെ ശുചിത്വമില്ലാതെയാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍പരിശോധന ആരംഭിക്കുകയാണെങ്കില്‍ ഏതാണ്ടെല്ലാ ഷാപ്പുകളും അടച്ചുപൂട്ടേണ്ടി വരും എന്നതാണ്യാഥാര്‍ത്ഥ്യം.  ഇത് മാറണം. കള്ള് നമ്മുടെപരമ്പരാഗത മദ്യവും ഗുണമേന്മയുള്ള മദ്യവുമാണ്. ഗോവന്‍ ഫെനി, ബീഹാറിലെ ഹാന്‍ഡിയ, നാഗാലാന്‍റിലെ  സൂതോ, അരുണാചലിലെ അപോ, സിക്കിമിലെ സോംഗ് ബാ എന്നിങ്ങനെ വിശേഷപ്പെട്ട  പരമ്പരാഗത മദ്യം പോലെ നമുക്ക് ഉയര്‍ത്തിക്കാട്ടാവുന്നമദ്യമാണ് കള്ള്.അതുകൊണ്ടുതന്നെ കള്ള് മികച്ച സൌകര്യങ്ങളുള്ള ഷാപ്പുകളില്‍ ഷാപ്പുകറികളുംചേര്‍ത്ത് വില്‍ക്കാനുള്ള സംവിധാനമുണ്ടാക്കണം. കള്ളിന്‍റെയും ഭക്ഷണത്തിന്‍റെയും ഗുണമേന്മസ്ഥിരമായി പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. അതുവഴി വിദേശികളുംസ്വദേശികളുമായ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ കള്ളുഷാപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍കഴിയും. സര്‍ക്കാരിന് കൂടുതല്‍ വരുമാനമുണ്ടാകുന്നതിന് പുറമെ ചെത്ത്തെഴിലാളികള്‍ക്കുംഷാപ്പ് ജീവനക്കാര്‍ക്കും തെങ്ങ് കൃഷിക്കാര്‍ക്കും മികച്ച ജീവിതവും ഇതിലൂടെലഭിക്കും.   

2.       വ്യാജക്കള്ള് പൂര്‍ണ്ണമായുംഒഴിവാകുന്നതോടെ കള്ളിന്‍റെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യുക സ്വാഭാവികം. ഈസാഹചര്യത്തില്‍ സാധാരണക്കാരായ ഗ്രാമീണന് മദ്യം ലഭ്യമാക്കേണ്ടതും അനിവാര്യമാണ്.അതിനായിഒരു പഞ്ചായത്തിന് ഒന്ന് എന്ന നിലയില്‍ വിദേശമദ്യഷാപ്പ് അനുവദിക്കേണ്ടത്അനിവാര്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് ഇതിനുള്ള അനുമതി നല്‍കാവുന്നതാണ്. ശ്രീ.ഏ.കെ.ആന്‍റണിയുടെ കാലത്ത് മദ്യത്തിന് ഏര്‍പ്പെടുത്തിയ അസാധരണമായ നികുതി കുറച്ച്മറ്റ് സംസ്ഥനങ്ങളിലേതിന് തുല്യമാക്കാനും നടപടി സ്വീകരിക്കേണ്ടതുണ്ട്.3.കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലെ ഡിസ്റ്റിലറികള്‍ക്ക്കോടികള്‍ നല്‍കി മദ്യം വാങ്ങുന്ന നിലവിലുള്ള സംവിധാനത്തിന് പകരം സംസ്ഥാന സര്‍ക്കാര്‍മുന്‍കൈ എടുത്ത് പബ്ളിക് –പ്രൈവറ്റ് പങ്കാളിത്തത്തോടെ കേരളത്തില്‍കൂടുതല്‍ ഡിസ്റ്റിലറികള്‍ ആരംഭിക്കണം. ഓരോ വര്‍ഷവും സീസണുകളില്‍ നമുക്ക്നഷ്ടമാകുന്ന കോടിക്കണക്കിന് രൂപയുടെ പഴങ്ങളും പച്ചക്കറികളും മറ്റ് ജൈവപദാര്‍ത്ഥങ്ങളുംആയുര്‍വ്വേദ മരുന്നുകളുടെ നിര്‍മ്മാണ അവശിഷ്ടങ്ങളും മരച്ചീനി ഉള്‍പ്പെടെയുള്ളകിഴങ്ങു വര്‍ഗ്ഗങ്ങളും  ഉപയോഗിച്ച്ലോകനിലാവാരത്തിലുള്ള മദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേരളത്തിന് കഴിയും. ഇതിനാവശ്യമായഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്


4.യഥാര്‍ത്ഥത്തില്‍ കേരളത്തിന് ആവശ്യം മദ്യവര്‍ജ്ജനമല്ല,മദ്യത്തിന്‍റെ അമിതോപഭോഗം കുറയ്ക്കുകാണ് വേണ്ടത്. മദ്യനിരോധനവും മദ്യവര്‍ജ്ജനവും മയക്കുമരുന്നിന്‍റെവ്യാപകമായ ഉപയോഗം വര്‍ദ്ധിപ്പിക്കുകയേയുള്ളു. ഇപ്പോള്‍ തന്നെ കേരളത്തില്‍മയക്കുമരുന്ന് ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കയാണ്. ഇതിനുപിന്നില്‍ അതിശക്തമായആഗോളമാഫിയയാണുള്ളത്. മദ്യനിരോധനം ഈ ലോബിയെ സഹായിക്കുകയും യുവാക്കളെ ഒരിക്കലുംതിരികെ വരാന്‍ കഴിയാത്തവിധം മയക്കുമരുന്നിന്‍റെ അടിമത്തത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.  അവരെ മയക്കുമരുന്നുകാര്‍ക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണ്വേണ്ടത്. മദ്യ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് നാടിന്‍റെ ആവശ്യം. മദ്യം  എങ്ങിനെ, ഏതളവില്‍ എപ്പോഴൊക്കെ ഉപയോഗിക്കാം,അധികമായാല്‍ ‍‍ അതുളവാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം  എന്നതിന് ക്ലാസ്സ് നല്‍കി മദ്യപരെ ബോധവത്ക്കരിക്കേണ്ടതുണ്ട്.അമിതമദ്യപാനത്തിന്‍റെ ദോഷവശങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യ- സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്. വീടുകളിലും സമൂഹത്തിലും പ്രശ്നകാരികളായിമാറുന്ന മദ്യപാനികളെ  ചികിത്സ ഉള്‍പ്പെടെയുള്ള കൌണ്‍സിലിംഗ് നല്‍കുന്നതിന്പ്രദേശത്തെ റസിഡന്‍സ് അസ്സോസിയേഷന്‍ പ്രതിനിധികള്‍,രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരികരംഗത്തെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശികസമിതികള്‍ ഉണ്ടാക്കണം.അവര്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായവുംലഭ്യമാക്കണം.

ഇത്തരത്തില്‍ മാന്യമായ ഒരു മദ്യസംസ്ക്കാരവും മദ്യനയവുംനടപ്പിലാക്കാന്‍ ബഹു. മന്ത്രി മുന്‍കൈ എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ ,

 വി.ആര്‍.അജിത് കുമാര്‍   
     പ്രസിഡന്‍റ്                                                 

      
 പൂവറ്റൂര്‍ബാഹുലേയന്‍
    സെക്രട്ടറി


Sunday, 6 June 2021

Lakshadweep people need reforms

 

ലക്ഷദ്വീപിലെ മനുഷ്യര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ അനിവാര്യം

ദ്വീപില്‍ ജനിച്ചു വളര്‍ന്ന ഇസ്മത്ത് ഹുസൈന്റെ ഒരു ലേഖനം ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പിലുണ്ട്. അത് വായിക്കുമ്പോഴാണ് ദ്വീപ് നിവാസികള്‍ വന്‍കരയെ പ്രണയിക്കുകയും സ്വപ്‌നം കാണുകയും ചെയ്യുന്നത് എത്രമാത്രം ആഴത്തിലാണ് എന്നു മനസിലാവുന്നത്. ഒരു കഥയുടെ സുഖം പകരുന്ന ഭാഷയില്‍ ഹുസൈന്‍ തന്റെ കുട്ടിക്കാലത്തെ പറ്റി പറയുന്നു.

 'ബാപ്പ കോഴിക്കോട്ടു നിന്നും ഓടത്തില്‍ കൊണ്ടുവരുന്നത് ആറുമാസത്തേക്കുള്ള ചരക്കുകളാണ്. നേര്‍ച്ചക്കുള്ള കാളകള്‍, കൊതിയൂറുന്ന നാരങ്ങ,മാങ്ങ, മലയാളം മണക്കുന്ന കുട എന്നിങ്ങനെ നിരവധി സാധനങ്ങള്‍. കര കാണാനുള്ള സ്വപ്‌നമാണ് അറിഞ്ഞുതുടങ്ങുന്ന കാലം മുതല്‍ ഓരോ ദ്വീപുകാരനും ഉള്ളില്‍ സൂക്ഷിക്കുന്നത്. കടല്‍ മതിലുകള്‍ തീര്‍ത്ത ചുറ്റിലും ആകാശം പിഞ്ഞാണം കമിഴ്ത്തിയ ഏകാന്തതയ്ക്കുള്ളിലെ ശാന്തതയ്ക്ക് വന്‍കര പലപ്പോഴും ആഘോഷമായി മാറുന്നു'

തീര്‍ച്ചയായും ദ്വീപുകാര്‍ക്ക് കേരളീയര്‍ക്കു ലഭിക്കുംപോലെയുള്ള സൗകര്യങ്ങളും യാത്ര ചെയ്യാനുള്ള സംവിധാനങ്ങളും മികച്ച സാമ്പത്തിക-സാമൂഹിക ജീവിതവും ലഭിക്കേണ്ടതുണ്ട്. ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്ന ഈ സൗകര്യങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടമാണ് അവിടെ ആവശ്യം. അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യാന്‍ ശ്രമിക്കേണ്ടതും ഇതൊക്കെയാണ്. ലോകം മാറിയത് അറിഞ്ഞവര്‍ മാറ്റം ആഗ്രഹിക്കും. ഒന്നും അറിയാതെ ജീവിക്കുന്നവര്‍ക്ക് മാറ്റം എന്ത് എന്നുമനസിലാകില്ല. ലക്ഷദ്വീപിനെ സംബ്ബന്ധിച്ച യാഥാര്‍ത്ഥ്യം ബിജെപി അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നതിനും പ്രതിപക്ഷം പറയുന്നതിനും ഇടയില്‍ എവിടെയോ ആണെന്നു തോന്നുന്നു.

 ടൂറിസം വികസിച്ചാലെ ലക്ഷദ്വീപുകാര്‍ക്ക് സമ്പത്തു ലഭിക്കൂ. സമ്പത്താകും അവരുടെ സാമൂഹിക കാഴ്ചപ്പാടുകളെ മാറ്റിമറിക്കുക. എല്ലാ ദ്വീപ്‌വാസികള്‍ക്കും പുറംലോകം കാണാന്‍ അവസരം ഒരുക്കേണ്ടതുണ്ട്. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ലഭിക്കണം. എല്ലാവരും യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിച്ചെങ്കില്‍ നന്നായിരുന്നു.

Saturday, 5 June 2021

Kerala land reforms act will change

 

ഭൂപരിഷ്‌ക്കരണത്തിലെ മാറ്റം

തോട്ടഭൂമിയില്‍ റംബൂട്ടാന്‍,അവക്കാഡോ,ഡ്രാഗണ്‍ ഫ്രൂട്ട്, മങ്കോസ്റ്റിന്‍,ലോങ്കന്‍ തുടങ്ങിയ വിളകള്‍ വച്ചു പിടിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. തേയിലയും കാപ്പിയും റബ്ബറും കുരുമുളകും മാത്രമായി കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം. ഫലവൃക്ഷങ്ങളാണ് എന്നതിനാല്‍ ഭക്ഷ്യസുരക്ഷയ്ക്കും ഇതാവശ്യമാണ്. ഇതിനായി ഭൂപരിക്ഷ്‌ക്കരണ നിയമത്തില്‍ മാറ്റം വേണ്ടിവരും. നിയമസഭ പാസാക്കി കേന്ദ്രത്തില്‍ പോയി ,രാഷ്ട്രപതിയുടെ അംഗീകാരം നേടേണ്ടതുണ്ട്. ഇതിനായി കൃത്യമായ ഫോളോ അപ്പ് ഉണ്ടാകും എന്നു കരുതാം.

Needs reasonable follow up for budget implementation

 

ബജറ്റിലെ കാഴ്ച

തോമസ് ഐസക് തയ്യാറാക്കി അവതരിപ്പിച്ച ജനകീയ തെരഞ്ഞെടുപ്പ് ബജറ്റിന്റെ തുടര്‍ച്ചയാണ് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ്. പൊടിപ്പും തൊങ്ങലും ചാര്‍ത്താതെ ബാലഗോപാല്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതുതന്നെ ഒരു നല്ല കാര്യമാണ്. കവിതയും കഥയും ഗീതയും ഖുറാനും ബൈബിളുമൊന്നുമില്ലാതെ അവതരിപ്പിച്ചതിനാല്‍ വേഗം കാര്യം പറയാന്‍ സാധിച്ചു.
ആരോഗ്യം തന്നെ പ്രധാനം. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ 20,000 കോടി അനുവദിച്ചു. കൃത്യമായും ഫലപ്രദമായുമുള്ള വിനിയോഗം സമയക്രമം പാലിച്ച് നടപ്പാക്കുകയാണ് പ്രധാനം. ലോകമൊട്ടാകെ ആരോഗ്യ മേഖലയില്‍ അധികം ജീവനക്കാരെ ആവശ്യമുണ്ട് എന്നത് മനസിലാക്കി പരമാവധി മെഡിക്കല്‍ കോളേജുകളും നഴ്‌സിംഗ് കോളേജുകളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തില്‍ ആരംഭിക്കുന്നത് നല്ലതാകും

കാര്‍ഷിക മേഖലയില്‍ 4 ശതമാനം പലിശ നിരക്കിലുള്ള വായ്പ സ്വാഗതാര്‍ഹമാണ്. ഇത് കര്‍ഷകര്‍ക്കാണ് ലഭിക്കുന്നത് എന്നുറപ്പാക്കാനുളള സുതാര്യത ആവശ്യമാണ്. ഐടി പ്രൊഫഷണല്‍സ് ഉള്‍പ്പെടെ സ്വര്‍ണ്ണപ്പണയത്തില്‍ കാര്‍ഷിക ലോണ്‍ എടുത്ത് കൂടുതല്‍ പലിശയ്ക്ക് ഡെപ്പോസിറ്റ്  ചെയ്ത അനുഭവം നമുക്കുണ്ട്. കര്‍ഷകരെ രക്ഷിക്കാന്‍ ആവശ്യം സബ്‌സിഡിയും സൗജന്യങ്ങളുമല്ല. ഇതൊക്കെ മാനിപ്പുലേറ്റു ചെയ്യപ്പെടുകയാണ്. കര്‍ഷകന് വായ്പ സ്വാഗതാര്‍ഹമാണ്. ഒപ്പം വേണ്ടത് വിപണി തന്നെ. ഒരു വാട്ട്‌സ് ആപ്പ് മെസേജിലൂടെ തന്റെ ഉത്പ്പന്നം 50% ലാഭം നല്‍കി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാങ്ങി ഉടന്‍ പണം ലഭ്യമാക്കുന്ന സംവിധാനം വരണം. കൃഷി ഉദ്യോഗസ്ഥര്‍ കര്‍ഷകരെ കൃഷിയില്‍ സഹായിക്കാന്‍ പ്രാപ്തരാകണം. ഇപ്പോള്‍ അവര്‍ വെറും ഫയല്‍ ജീവികളാണ്.

എംഎസ്എംഇ ,കുടുംബശ്രീ, മടങ്ങിയെത്തുന്ന പ്രവാസി എന്നിവര്‍ക്കുള്ള വായ്പകള്‍ ആശ്വാസകരമാണ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കമിടുന്നതും നല്ല നീക്കമാണ്. ഹൈഡ്രജന്‍ ഇന്ധനമാക്കുന്നതും പുതുപരീക്ഷണമാണ്.ടൂറിസം ,ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍,സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയും പരിഗണന ലിസ്റ്റിലുണ്ട്.

തീരദേശമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് കടലില്‍ നിന്നും 2 കിലോമീറ്റര്‍ മാറിയുളള പുനരധിവാസവും തീരസംരക്ഷണവുമാണ്. ഇതിന് ആദ്യം ബോധവത്ക്കരിക്കേണ്ടത് ബിഷപ്പിനെയാണ്. ബിഷപ്പും പള്ളിയും വഴിക്കുവന്നാല്‍ വലിയ വിപ്ലവം തന്നെ ഈ രംഗത്തുണ്ടാകും

ഭരണത്തുടര്‍ച്ച കിട്ടിയ സ്ഥിതിക്ക് കഴിഞ്ഞ 5 വര്‍ഷത്തെ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെല്ലാം നടപ്പായി, അവയുടെ ഫലപ്രാപ്തിയെന്ത്, നടപ്പാകാത്ത പദ്ധതികള്‍ എന്തെല്ലാം, എന്തുകൊണ്ട് ന്നൈല്ലാമുളള പരിശോധനകളും അടുത്ത അഞ്ചുവര്‍ഷത്തെ കെട്ടിപ്പടുക്കാന്‍ ഉപകാരപ്പെടും എന്നു തോന്നുന്നു.

ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ചുവപ്പുനാട ഉണ്ടാകില്ലെന്നും ഫണ്ട് കൃത്യമായും ലഭിക്കുമെന്നും ഉറപ്പാക്കാനും ധനമന്ത്രിക്കു കഴിയട്ടെ എന്നാശംസിക്കുന്നു.