ബജറ്റിലെ കാഴ്ച
തോമസ് ഐസക് തയ്യാറാക്കി അവതരിപ്പിച്ച ജനകീയ തെരഞ്ഞെടുപ്പ് ബജറ്റിന്റെ തുടര്‍ച്ചയാണ് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ്. പൊടിപ്പും തൊങ്ങലും ചാര്‍ത്താതെ ബാലഗോപാല്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതുതന്നെ ഒരു നല്ല കാര്യമാണ്. കവിതയും കഥയും ഗീതയും ഖുറാനും ബൈബിളുമൊന്നുമില്ലാതെ അവതരിപ്പിച്ചതിനാല്‍ വേഗം കാര്യം പറയാന്‍ സാധിച്ചു.
ആരോഗ്യം തന്നെ പ്രധാനം. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ 20,000 കോടി അനുവദിച്ചു. കൃത്യമായും ഫലപ്രദമായുമുള്ള വിനിയോഗം സമയക്രമം പാലിച്ച് നടപ്പാക്കുകയാണ് പ്രധാനം. ലോകമൊട്ടാകെ ആരോഗ്യ മേഖലയില്‍ അധികം ജീവനക്കാരെ ആവശ്യമുണ്ട് എന്നത് മനസിലാക്കി പരമാവധി മെഡിക്കല്‍ കോളേജുകളും നഴ്‌സിംഗ് കോളേജുകളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തില്‍ ആരംഭിക്കുന്നത് നല്ലതാകും
കാര്‍ഷിക മേഖലയില്‍ 4 ശതമാനം പലിശ നിരക്കിലുള്ള വായ്പ സ്വാഗതാര്‍ഹമാണ്. ഇത് കര്‍ഷകര്‍ക്കാണ് ലഭിക്കുന്നത് എന്നുറപ്പാക്കാനുളള സുതാര്യത ആവശ്യമാണ്. ഐടി പ്രൊഫഷണല്‍സ് ഉള്‍പ്പെടെ സ്വര്‍ണ്ണപ്പണയത്തില്‍ കാര്‍ഷിക ലോണ്‍ എടുത്ത് കൂടുതല്‍ പലിശയ്ക്ക് ഡെപ്പോസിറ്റ് ചെയ്ത അനുഭവം നമുക്കുണ്ട്. കര്‍ഷകരെ രക്ഷിക്കാന്‍ ആവശ്യം സബ്‌സിഡിയും സൗജന്യങ്ങളുമല്ല. ഇതൊക്കെ മാനിപ്പുലേറ്റു ചെയ്യപ്പെടുകയാണ്. കര്‍ഷകന് വായ്പ സ്വാഗതാര്‍ഹമാണ്. ഒപ്പം വേണ്ടത് വിപണി തന്നെ. ഒരു വാട്ട്‌സ് ആപ്പ് മെസേജിലൂടെ തന്റെ ഉത്പ്പന്നം 50% ലാഭം നല്‍കി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാങ്ങി ഉടന്‍ പണം ലഭ്യമാക്കുന്ന സംവിധാനം വരണം. കൃഷി ഉദ്യോഗസ്ഥര്‍ കര്‍ഷകരെ കൃഷിയില്‍ സഹായിക്കാന്‍ പ്രാപ്തരാകണം. ഇപ്പോള്‍ അവര്‍ വെറും ഫയല്‍ ജീവികളാണ്.
എംഎസ്എംഇ ,കുടുംബശ്രീ, മടങ്ങിയെത്തുന്ന പ്രവാസി എന്നിവര്‍ക്കുള്ള വായ്പകള്‍ ആശ്വാസകരമാണ്
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കമിടുന്നതും നല്ല നീക്കമാണ്. ഹൈഡ്രജന്‍ ഇന്ധനമാക്കുന്നതും പുതുപരീക്ഷണമാണ്.ടൂറിസം ,ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍,സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയും പരിഗണന ലിസ്റ്റിലുണ്ട്.
തീരദേശമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് കടലില്‍ നിന്നും 2 കിലോമീറ്റര്‍ മാറിയുളള പുനരധിവാസവും തീരസംരക്ഷണവുമാണ്. ഇതിന് ആദ്യം ബോധവത്ക്കരിക്കേണ്ടത് ബിഷപ്പിനെയാണ്. ബിഷപ്പും പള്ളിയും വഴിക്കുവന്നാല്‍ വലിയ വിപ്ലവം തന്നെ ഈ രംഗത്തുണ്ടാകും
ഭരണത്തുടര്‍ച്ച കിട്ടിയ സ്ഥിതിക്ക് കഴിഞ്ഞ 5 വര്‍ഷത്തെ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെല്ലാം നടപ്പായി, അവയുടെ ഫലപ്രാപ്തിയെന്ത്, നടപ്പാകാത്ത പദ്ധതികള്‍ എന്തെല്ലാം, എന്തുകൊണ്ട് ന്നൈല്ലാമുളള പരിശോധനകളും അടുത്ത അഞ്ചുവര്‍ഷത്തെ കെട്ടിപ്പടുക്കാന്‍ ഉപകാരപ്പെടും എന്നു തോന്നുന്നു.
ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ചുവപ്പുനാട ഉണ്ടാകില്ലെന്നും ഫണ്ട് കൃത്യമായും ലഭിക്കുമെന്നും ഉറപ്പാക്കാനും ധനമന്ത്രിക്കു കഴിയട്ടെ എന്നാശംസിക്കുന്നു.
No comments:
Post a Comment