Saturday, 19 June 2021

Personality- Yesudas Ramachandra - famous mathematician and reformer of 19th century

 


 യേശുദാസ് രാമചന്ദ്ര

      പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആധുനിക ശാസ്ത്രത്തിന്റെ പ്രചാരണത്തിനും സാമൂഹ്യമാറ്റത്തിനും ഒട്ടേറെ സംഭാവന ചെയ്ത ഗണിതശാസ്ത്രജ്ഞനാണ് യേശുദാസ് രാമചന്ദ്ര. മതപരമായ കെട്ടുപാടുകളില്‍ കുടുങ്ങിക്കിടന്ന ജനതയ്ക്ക്, ലോകത്തുനടക്കുന്ന മാറ്റങ്ങളുടെ ദൃശ്യമൊരുക്കുന്ന കണ്ണായി പ്രവര്‍ത്തിച്ച അനേകം സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍,വിദ്യാഭ്യാസവിചക്ഷണന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

 1821 ല്‍ ഒരിടത്തരം കായസ്ത കുടുംബത്തില്‍ രാമചന്ദ്ര ജനിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ റവന്യൂ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍ റായ് സുന്ദര്‍ലാല്‍ മാത്തൂര്‍. ഈ സമയം ഡല്‍ഹിയില്‍ പേരിന് ഒരു മുഗള്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെങ്കിലും ഭരണം ബ്രിട്ടീഷുകാരുടെ കൈകളിലായിരുന്നു. ഡല്‍ഹിക്കാരുടെ സാമ്പത്തിക സുരക്ഷിതത്വവും ക്ഷേമവും ബ്രിട്ടനെ ആശ്രയിച്ചായിരുന്നു. കര്‍ഷകര്‍ കാര്‍ഷികമേഖലയുടെ വാണിജ്യവത്ക്കരണത്തെകുറിച്ച് ബോധവാന്മാരായിരുന്നു. ഇടത്തരക്കാരായ ഉദ്യോഗസ്ഥരായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. ജന്മിമാര്‍ക്ക് അധികാരം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. രാമചന്ദ്രയ്ക്ക് പത്തുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് കടുത്ത സാമ്പത്തിക -സാമൂഹിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് അമ്മ അദ്ദേഹത്തെ വളര്‍ത്തിയത്.

 പ്രാഥമിക വിദ്യാഭ്യാസം വീട്ടിലായിരുന്നു. തുടര്‍ന്ന് 1833 ല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്നു. മിടുക്കനായിരുന്നതിനാല്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. കണക്കില്‍ അസാധാരണ മികവ് പ്രകടിപ്പിച്ചിരുന്നു. കണക്കിന് സ്‌കൂളില്‍ അധ്യാപകരില്ലാതിരുന്നതിനാല്‍ സ്വയം പഠിക്കുകയായിരുന്നു എന്നത് ഒരു പ്രത്യേകതയാണ്.

 പതിനൊന്നു വയസുള്ളപ്പോള്‍ വിവാഹാലോചന വന്നു. മിടുക്കനായ കുട്ടിയായിരുന്നതിനാല്‍ ധാരാളം ആലോചനകളുണ്ടായിരുന്നു. ആ കൂട്ടത്തില്‍,നഗരത്തിലെ സമ്പന്നനായ കുശാല്‍റായിയുടെ മകളുടെ ജാതകവും ഉണ്ടായിരുന്നു. എല്ലാവിധത്തിലും പൊരുത്തമുള്ള ജാതകം.പേരില്‍ പോലുമുണ്ട് പൊരുത്തം. രാമചന്ദ്രയ്ക്ക് വധുവാകുന്ന കുട്ടിയുടെ പേര് സീത. സമ്പന്നനും ഉന്നതകുലജാതനുമായിരുന്നതിനാല്‍ പണ്ഡിതന്മാരും പുരോഹിതന്മാരും രാമചന്ദ്രന്റെ വീട്ടുകാരെ നിര്‍ബ്ബന്ധിച്ചു. പെണ്‍കുട്ടിയെകുറിച്ച് വലിയ അന്വേഷണമുണ്ടായില്ല.വിവാഹം കഴിഞ്ഞപ്പോഴാണ് അവള്‍ ഊമയും ബധിരയുമാണെന്നറിഞ്ഞത്. വിധിയെ പഴിച്ച് നിരാശനാകാതെ,രാമചന്ദ്ര തന്റെ പഠനവുമായി മുന്നോട്ടുപോയി.

 ഡല്‍ഹി കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന ബൂത്രോസ് പറഞ്ഞപ്രകാരമാണ് യൂറോപ്യന്‍ ശാസ്ത്രവികാസത്തെക്കുറിച്ച് ഉറുദുവില്‍ എഴുതാന്‍ തുടങ്ങിയത്. അന്ന് ഇന്ത്യയില്‍ കൂടുതല്‍ വായനക്കാരുള്ള ഭാഷയായിരുന്നു ഉറുദു. 1843ല്‍ വെര്‍ണാക്കുലര്‍ ട്രാന്‍സ്ലേഷന്‍ സൊസൈറ്റിയുണ്ടാക്കി. അനേകം ശാസ്ത്ര അറിവുകള്‍ ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്തു. ഫവെയ്‌സ് -ഉള്‍-നസ്‌റിന്‍ എന്ന പത്രം തുടങ്ങുകയും സ്ഥിരമായി ശാസ്ത്രലേഖനങ്ങള്‍ എഴുതുകയും ചെയ്തു. ക്രമേണ രാമചന്ദ്ര യൂറോപ്പിലും അറിയപ്പെടാന്‍ തുടങ്ങി. അങ്ങിനെയാണ് ബീജഗണിത വിദഗ്ധനായ അഗസ്റ്റസ് ഡി മോര്‍ഗനുമായി പരിചയപ്പെട്ടത്. അവരുടെ കത്തിടപാടുകള്‍ ഗണിതശാസ്ത്രവികസനത്തിന് സഹായിച്ചു.

1846 ല്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സ്‌പ്രെംഗറിന്റെ താത്പ്പര്യപ്രകാരം ക്വിറാന്‍-ഉസ്-സദൈന്‍ എന്ന ആഴ്ചപ്പതിപ്പ് ആരംഭിച്ചു. ഇതില്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നല്ല വശങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ കണ്ടുപിടുത്തങ്ങള്‍,ഗവേഷണങ്ങള്‍ എന്നിവയെ കുറിച്ച് ലേഖനങ്ങള്‍ വന്നു. 1850 ലാണ് ' എ ട്രീറ്റീസ് ഓണ്‍ ദ പ്രോബ്‌ളംസ് ഓഫ് മാക്‌സിമ ആന്റ് മിനിമ ' പ്രസിദ്ധീകരിച്ചത്. ഇരുപത്തിയൊന്‍പതാം വയസില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഗണിതശാസ്ത്ര രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. 1859 ല്‍ ലണ്ടനില്‍ നിന്നും ഇത് പുന:പ്രകാശനം ചെയ്തു എന്നത് ഇതിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്.

ഹിന്ദു-മുസ്ലിം സമുദായങ്ങളില്‍ നിലനിന്ന കടുത്ത അനാചാരങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായും യൂറോപ്പില്‍ കൃസ്ത്യന്‍ സമുദായം ആധുനികത ഉള്‍ക്കൊള്ളുന്നതില്‍ ആകൃഷ്ടനായും അദ്ദേഹം ,സുഹൃത്തായ അസിസ്റ്റന്റ് സര്‍ജന്‍ ചിമന്‍ലാലിനൊപ്പം 1852 മെയ് പതിനൊന്നിന് ക്രിസ്തീയമതം സ്വീകരിച്ചു. ഈ സംഭവം വന്‍ വിവാദമാവുകയും ഹിന്ദു യാഥാസ്ഥിതികര്‍ അവരുടെ ശത്രുക്കളാവുകയും ചെയ്തു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ഇവര്‍ ബ്രിട്ടീഷ്പക്ഷക്കാരാണെന്ന കണക്കുകൂട്ടലോടെ രണ്ടുപേരെയും കൊല്ലാന്‍ തീരുമാനിക്കുകയും ചിമന്‍ലാലിനെ കൊലചെയ്യുകയും ചെയ്തു. എന്നാല്‍ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രാമചന്ദ്രയെ രക്ഷിച്ചു. കുറച്ചുദിവസം ഡല്‍ഹിക്കുപുറത്തുള്ള ഒരു ജമീന്ദാരുടെ വീട്ടില്‍ താമസിപ്പിച്ചു. 1857 ജൂണില്‍ ബ്രിട്ടീഷുകാര്‍ അധികാരം ഉറപ്പിച്ചപ്പോള്‍ ആര്‍മി ക്യാമ്പില്‍ വാര്‍ത്തകളുടെ വിവര്‍ത്തകനായി ചേര്‍ന്നു.പിന്നീട് റൂര്‍ക്കിയില്‍ തോംസണ്‍ സിവില്‍ എന്‍ജിനീയറിംഗ് കോളേജില്‍ നേറ്റീവ് ഹെഡ്മാസ്റ്ററായി. 1866 ല്‍ നാല്‍പ്പത്തിയഞ്ചാം വയസില്‍ അസുഖം മൂലം വിരമിച്ചു. തുടര്‍ന്ന് പാട്യാലയിലെ രാജാവായിരുന്ന മഹീന്ദ്രസിംഗിന്റെ അധ്യാപകനായി. 1870 ല്‍ വിദ്യാഭ്യാസ ഡയറക്ടറായി.

1865 ജൂലൈ 28 ന് ആരംഭിച്ച ഡല്‍ഹി സൊസൈറ്റിയിലും അദ്ദേഹം അംഗമായിരുന്നു. മിര്‍സ ഗാലിബ്,സെയ്ദ് അഹമ്മദ് ഖാന്‍,നവാസ് അലാവുദ്ദീന്‍ ഖാന്‍ അലയ്, മുന്‍ഷി പ്യാരേലാല്‍ അഷോബ് തുടങ്ങിയ സാമൂഹികപരിഷ്‌ക്കര്‍ത്തക്കളും സൊസൈറ്റി അംഗങ്ങളായിരുന്നു. സര്‍വ്വകലാശാല രൂപീകരണം, മാതൃഭാഷയില്‍ സയന്‍സ് പഠനം,യൂറോപ്യന്‍ ശാസ്ത്രവികാസത്തിന്റെ തര്‍ജ്ജമകള്‍ എന്നിവയിലായിരുന്നു സൊസൈറ്റിയുടെ ശ്രദ്ധ. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ,1880 ആഗസ്റ്റ് 11 ന് അന്‍പത്തിയൊന്‍പതാം വയസില്‍ രാമചന്ദ്ര അന്തരിച്ചു. സയന്‍സ് സംബ്ബന്ധിച്ച് അന്‍പതോളം ലേഖനങ്ങള്‍, പതിനേഴ് പുസ്തകങ്ങള്‍ എന്നിവ അദ്ദേഹം രചിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഭാസ്‌ക്കര രചിച്ച ബീജഗണിതം ഉപയോഗിച്ച് ആധുനിക കാല്‍ക്കുലസ് വിലയിരുത്തിയതും രാമചന്ദ്രയുടെ സംഭാവനയാണ്.

 

No comments:

Post a Comment