Sunday 6 June 2021

Lakshadweep people need reforms

 

ലക്ഷദ്വീപിലെ മനുഷ്യര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ അനിവാര്യം

ദ്വീപില്‍ ജനിച്ചു വളര്‍ന്ന ഇസ്മത്ത് ഹുസൈന്റെ ഒരു ലേഖനം ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പിലുണ്ട്. അത് വായിക്കുമ്പോഴാണ് ദ്വീപ് നിവാസികള്‍ വന്‍കരയെ പ്രണയിക്കുകയും സ്വപ്‌നം കാണുകയും ചെയ്യുന്നത് എത്രമാത്രം ആഴത്തിലാണ് എന്നു മനസിലാവുന്നത്. ഒരു കഥയുടെ സുഖം പകരുന്ന ഭാഷയില്‍ ഹുസൈന്‍ തന്റെ കുട്ടിക്കാലത്തെ പറ്റി പറയുന്നു.

 'ബാപ്പ കോഴിക്കോട്ടു നിന്നും ഓടത്തില്‍ കൊണ്ടുവരുന്നത് ആറുമാസത്തേക്കുള്ള ചരക്കുകളാണ്. നേര്‍ച്ചക്കുള്ള കാളകള്‍, കൊതിയൂറുന്ന നാരങ്ങ,മാങ്ങ, മലയാളം മണക്കുന്ന കുട എന്നിങ്ങനെ നിരവധി സാധനങ്ങള്‍. കര കാണാനുള്ള സ്വപ്‌നമാണ് അറിഞ്ഞുതുടങ്ങുന്ന കാലം മുതല്‍ ഓരോ ദ്വീപുകാരനും ഉള്ളില്‍ സൂക്ഷിക്കുന്നത്. കടല്‍ മതിലുകള്‍ തീര്‍ത്ത ചുറ്റിലും ആകാശം പിഞ്ഞാണം കമിഴ്ത്തിയ ഏകാന്തതയ്ക്കുള്ളിലെ ശാന്തതയ്ക്ക് വന്‍കര പലപ്പോഴും ആഘോഷമായി മാറുന്നു'

തീര്‍ച്ചയായും ദ്വീപുകാര്‍ക്ക് കേരളീയര്‍ക്കു ലഭിക്കുംപോലെയുള്ള സൗകര്യങ്ങളും യാത്ര ചെയ്യാനുള്ള സംവിധാനങ്ങളും മികച്ച സാമ്പത്തിക-സാമൂഹിക ജീവിതവും ലഭിക്കേണ്ടതുണ്ട്. ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്ന ഈ സൗകര്യങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടമാണ് അവിടെ ആവശ്യം. അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യാന്‍ ശ്രമിക്കേണ്ടതും ഇതൊക്കെയാണ്. ലോകം മാറിയത് അറിഞ്ഞവര്‍ മാറ്റം ആഗ്രഹിക്കും. ഒന്നും അറിയാതെ ജീവിക്കുന്നവര്‍ക്ക് മാറ്റം എന്ത് എന്നുമനസിലാകില്ല. ലക്ഷദ്വീപിനെ സംബ്ബന്ധിച്ച യാഥാര്‍ത്ഥ്യം ബിജെപി അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നതിനും പ്രതിപക്ഷം പറയുന്നതിനും ഇടയില്‍ എവിടെയോ ആണെന്നു തോന്നുന്നു.

 ടൂറിസം വികസിച്ചാലെ ലക്ഷദ്വീപുകാര്‍ക്ക് സമ്പത്തു ലഭിക്കൂ. സമ്പത്താകും അവരുടെ സാമൂഹിക കാഴ്ചപ്പാടുകളെ മാറ്റിമറിക്കുക. എല്ലാ ദ്വീപ്‌വാസികള്‍ക്കും പുറംലോകം കാണാന്‍ അവസരം ഒരുക്കേണ്ടതുണ്ട്. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ലഭിക്കണം. എല്ലാവരും യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിച്ചെങ്കില്‍ നന്നായിരുന്നു.

No comments:

Post a Comment