കവിത
ദിശാബോധം
ഒരിക്കല്‍
കൊടുംകാട്ടില്‍ എനിക്ക് ദിശാബോധം
നഷ്ടമായി,
ഇലകളും
കിളികളും വന്യജീവികളും ശലഭങ്ങളും
വഴി പറഞ്ഞുതന്നു.
ഞാന്‍
അവര്‍ കാട്ടിയ വഴിയിലൂടെ നടന്നുനടന്ന്
കൃത്യമായി വീട്ടിലെത്തി.
ഇന്നലെ
എനിക്ക് നഗരത്തില്‍ വച്ച് ദിശാബോധം
നഷ്ടമായി,
നഗരമനുഷ്യര്‍
പറഞ്ഞുതന്ന വഴികളിലൂടെ നടന്നുനടന്ന്
വഴിതെറ്റി
ഞാന്‍
ഒരഗാധ ഗര്‍ത്തത്തില്‍ വീണുകൈകാലൊടിഞ്ഞ്
നിലവിളിച്ചു.
അപ്പോള്‍
ആ ഗര്‍ത്തത്തിന്റെ ചുറ്റിലും നഗരമനുഷ്യര്‍
കൂട്ടംകൂടി നിന്ന്
ചിരിക്കുന്നത് ഞാന്‍ കണ്ടു.
പരിഹാസവും ക്രൂരതയും നിന്ദയും കലര്‍ന്ന
ചിരി
കൂറ്റന്‍ കെട്ടിടങ്ങളില്‍ തട്ടി
പ്രതിധ്വനിച്ചു.
No comments:
Post a Comment