Friday, 15 March 2019

light music .. Ariya mozhikal

ലളിത ഗാനം

അറിയാമൊഴികള്‍ ചിരിയായ് പടരും
അലയായൊഴുകും നിന്‍ ചുണ്ടില്‍
ഒരു നറുമുത്തം പകരാനണയും
ശലഭം ഞാന്‍ ചിത്രശലഭം ഞാന്‍ ( അറിയാ ---)

അലറി വിളിക്കും ചുഴലിക്കാറ്റില്‍
അടി തെറ്റുന്നൊരു ശലഭം ഞാന്‍
നിന്‍ ചാരത്തൊന്നണയാനായി
പൂവിന്‍ മറപറ്റി പായുന്നു ഞാന്‍ ( അറിയാ -----)

ആതിര വന്നതും ആവണി പോയതും
അറിഞ്ഞില്ല ഞാന്‍ ഒന്നുമറിഞ്ഞില്ല ഞാന്‍
നിന്റെ ചിലമ്പിന്റെ നാദവും താളവും
കാതോര്‍ത്ത് കാതോര്‍ത്ത് പാറുന്നു ഞാന്‍, മെല്ലെ പറക്കുന്നു ഞാന്‍ ( അറിയാ ---- )


Friday, 1 March 2019

Trip to Tanjavur

temple side view


  ബൃഹദീശ്വര ക്ഷേത്രം- കാഴ്ചയുടെ ഔന്നത്യം 

ക്ഷേത്രസന്ദര്‍ശനം ജീവിതവ്രതമാക്കിയിട്ടുള്ള സുഹൃത്ത് ഹരീന്ദ്രനാണ് 2018 ഡിസംബറില്‍ ഒരു സായാഹ്നചായകുടി സദസില്‍ വച്ച് ഈയിടെ ഒരിക്കല്‍ കൂടി തഞ്ചാവൂരില്‍ പോയ കഥ പറഞ്ഞത്. ബ്രഹദീശ്വര ക്ഷേത്രം മാത്രമല്ല പരിസര പ്രദേശത്തെ അനേകം ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. തമിഴ്‌നാടിന്റെ ഭൂമിശാസ്ത്രം അത്രയ്ക്കറിയാത്ത ഞാന്‍ ഹരീന്ദ്രനോട് തഞ്ചാവൂരിലേക്കുള്ള വഴി തിരക്കി. ട്രിച്ചിയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്ര, അത്രതന്നെ. ധാരാളം ബസുകളും ട്രെയിനും ഒക്കെയുണ്ട്. ട്രിച്ചി എന്നുകേട്ടതോടെ ഞാന്‍ ഉറപ്പിച്ചു, അടുത്ത ദേവക്കോട്ടൈ യാത്രയില്‍ തഞ്ചാവൂര്‍ പോകണം. കോയമ്പത്തൂര്‍ നിന്നും ട്രിച്ചിവരെ ട്രെയിനിലും അവിടെനിന്ന് ദേവക്കോട്ടയിലേക്ക് കാറിലും പോയ പഴയൊരോര്‍മ്മ എന്നിലേക്ക് വന്നു.ദേവക്കോട്ടൈയില്‍ നിന്നും ട്രിച്ചി വഴിയായാലും തഞ്ചാവൂരിലേക്ക് മൂന്നുമണിക്കൂര്‍ മതിയാകും. ഡിസംബര്‍ അവസാനമാണ് ജയശ്രീയും മോനും ഉണ്ണിക്കുട്ടനുമായി ദേവക്കോട്ടയ്ക്ക് പോയത്. ആ സമയം വിഷ്ണുവിന്റെയും മോളുടെയും സുഹൃത്തുക്കളായ ചാരുവും സാഹിത്യയും സഞ്ജിത്തും വന്നിട്ടുണ്ടായിരുന്നു. അങ്ങിനെയാണ് തഞ്ചാവൂര്‍ യാത്ര ഉറപ്പിച്ചത്. ഗൂഗിളില്‍ നോക്കുമ്പോള്‍് പ്രതീക്ഷിച്ചതിലും അടുത്താണ് തഞ്ചാവൂര്‍. ട്രിച്ചി തൊടാതെ പോകാം. പുതിയ ദേശീയപാത വന്നിട്ടുണ്ട്. രാമനാഥപുരം- തിരുമയം പോകുന്ന എന്‍എച്ച് 536, തിരുപ്പട്ടൂര്‍-പുതുക്കോട്ടൈ-തഞ്ചാവൂര്‍ വഴി പോകുന്ന എന്‍എച്ച്-36 എന്നീ ദേശീയ പാതകളിലൂടെ 124 കിലോമീറ്റര്‍ , 2.15 മണിക്കൂര്‍ ഓട്ടം. രണ്ട് കാറിലായി പുറപ്പെട്ടു. ജയശ്രീ വന്നില്ല. ഒരു കാറില്‍ ഞാനും ശ്രീക്കുട്ടനും ഉണ്ണിക്കുട്ടനും. മറ്റേ കാറില്‍ ചാരുവും സാഹിത്യയും സഞ്ജിത്തും. ദേശീയ പാതയുടെ തുടക്കത്തില്‍ പണിപുരോഗമിക്കുന്നതിനാല്‍ യാത്ര കുറച്ചു പതുക്കെയായിരുന്നു. പിന്നീട് നൂറു കിലോമീറ്റര്‍ കഴിഞ്ഞ് 120 ഒക്കെയാകുമ്പോള്‍ മനഃപൂര്‍വ്വം വേഗത കുറച്ച് , ഇരുവശവുമുള്ള പച്ചപ്പുകളും പതുക്കെ പതുക്കെ മാറി വരുന്ന നാടിന്റെ വികസനസ്വഭാവവുമൊക്കെ കണ്ട് യാത്ര തുടര്‍ന്നു. ഇടയ്‌ക്കൊരു ടോള്‍. നാട്ടില്‍ ടോളിനെതിരെ യുദ്ധമൊക്കെയുണ്ടെങ്കിലും 75 രൂപ ടോള്‍ നല്‍കാന്‍ മടി തോന്നിയില്ല. ടോള്‍ഗേറ്റിനോട് ചേര്‍ന്ന് നല്ല ടോയ്‌ലറ്റുകള്‍. തൊട്ടടുത്തായി ചായക്കട. ചായയും വടയുമൊക്കെ കഴിച്ച് യാത്ര തുടര്‍ന്നു. ഉച്ചയോടടുത്ത് തഞ്ചാവൂര്‍ നഗരപ്രവേശം നടന്നു. 
വിശ്രമശേഷം മോള് പറഞ്ഞേര്‍പ്പാടാക്കിയിരുന്ന ഗൈഡ് ശെല്‍വനെ വിളിച്ചു. നാലുമണിക്ക് ക്ഷേത്രനടയില്‍ എത്തിയാല്‍ മതി എന്നു പറഞ്ഞു. അതോടെ കൊട്ടാരം കാണാനായി പുറപ്പെട്ടു. തഞ്ചാവൂര്‍ മറാത്ത പാലസ് 1674- 1885 കാലത്ത് ഭരിച്ച ഭോസ്ലെ കുടുംബത്തിന്റേതാണ്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്ന രാജാവ് 1700 ല്‍ ആരംഭിച്ച സരസ്വതി മഹാള്‍ ലൈബ്രറി ഇപ്പോഴും അനേകം ഗവേഷണ വിദ്യര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഇടമാണ്. മുപ്പതിനായിരത്തിലേറെ ഇന്ത്യന്‍- യൂറോപ്യന്‍ കൈയ്യെഴുത്തു പ്രതികള്‍ അവിടത്തെ ശേഖരത്തിലുണ്ട്. ഇതിലധികവും സംസ്‌കൃതമാണ്, എന്നു മാത്രമല്ല താളിയോലയിലുള്ളതുമാണ്. 190 അടി ഉയരമുള്ള ഗൂഢഗോപുരമാണ് മറ്റൊരാകര്‍ഷണം. അവിടെ ഉയരത്തില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. ഇതിന് പുറമെ ഒരു വീഡിയോ പ്രദര്‍ശനവും ശില്‍പ്പ ശേഖരവും അവിടെയുണ്ട്. ബ്രിട്ടീഷുകാര്‍ തഞ്ചാവൂര്‍ സ്വന്തമാക്കിയപ്പോഴും ഭോസ്ലെ രാജാവ് അവരോട് അപേക്ഷിച്ചത് എത്ര നിധിവേണമെങ്കിലും കൊണ്ടുപൊയ്‌ക്കൊള്ളൂ, ലൈബ്രറിയെ തൊടരുത് എന്നാണ്. അവരത് അനുസരിക്കുകയും ചെയ്തു. 
 ഒറ്റ നോട്ടത്തില്‍ വൃത്തിയുള്ള നഗരം. വിദേശികളും സ്വദേശികളുമായ ധാരാളം വിനോദസഞ്ചാരികള്‍ വരുന്ന ഇടമാണ് എന്ന ബോധം നഗരസഭയ്ക്കും ജില്ലാ അധികാരകള്‍ക്കുമുണ്ട് എന്നു തോന്നി. ആദ്യം കണ്ടത് രാജരാജന്‍ മണിമണ്ഡപമാണ്. 1991ല്‍ തഞ്ചാവൂരില്‍ നടന്ന തമിഴ് കോണ്‍ഫറന്‍സിന്റെ ഓര്‍മ്മയ്ക്കാണ് മണിമണ്ഡപം സ്ഥാപിച്ചത്. നല്ലൊരു പാര്‍ക്കും നടുക്ക് ഒരു ഗോപുരവും ഗോപുരത്തിന് താഴെയായി രാജരാജ ആര്‍ട്ട് ഗാലറിയും.ആര്‍ട്ട് ഗലറിയില്‍ എല്ലാം തമിഴിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് വലിയ ന്യൂനതയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനേകം ശില്‍പ്പങ്ങളും ചിത്രങ്ങളും അവിടെയുണ്ട്. മണിമണ്ഡപത്തിന് മുകളില്‍ കയറാന്‍ പടികളുണ്ട്. അവിടെ സ്‌കൂള്‍ യൂണിഫോമിലുള്ളവരും കോളേജ് വിദ്യാര്‍ത്ഥികളും അല്ലാത്തവരുമായ കമിതാക്കള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. സന്ദര്‍ശകരും ഏറെയുണ്ട്. മണിമണ്ഡപത്തിന് മുകളില്‍ നിന്ന് നഗരം കാണാം. ദൂരെയായി ബൃഹദേശ്വരക്ഷേത്രവും കൊട്ടാരവും കാണാന്‍ കഴിഞ്ഞു. അവിടെനിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. കൃഷ്ണഭവന്‍ നല്ല റസ്റ്റാറന്റാണ് , അടുത്തുമാണ് എന്നു കണ്ടെത്തി നേരെ അങ്ങോട്ടേക്കു വണ്ടി വിട്ടു. നല്ല തിരക്കായിരുന്നെങ്കിലും വണ്ടി പാര്‍ക്കു ചെയ്യാന്‍ ഇടം കിട്ടി. രുചികരമായ വെജിറ്റേറിയന്‍ ഊണ് കഴിച്ചു.അടുത്ത സ്വീറ്റ് സ്റ്റാളില്‍ നിന്നും കുള്‍ഫിയും മധുരവും കഴിച്ച് സംതൃപ്തിയോടെ ഇറങ്ങി. തഞ്ചാവൂരിലെ റെസ്റ്റ് ഹൗസില്‍ ശ്രീക്കുട്ടി വിളിച്ചു പറഞ്ഞിരുന്നു. കുറച്ചു സമയം അവിടെ വിശ്രമിച്ചു. അതിനടുത്തുകൂടി ഒരു കനാല്‍ ഒഴുകുന്നുണ്ടായിരുന്നു. കാവേരിയില്‍ നിന്നു വരുന്ന നല്ല കണ്ണീരുപോലത്തെ ജലം. നഗരത്തിന്റെ ചുറ്റിലും കൃഷിയിടങ്ങളാണ്. തമിഴ്‌നാടിന്റെ നെല്ലറയാണ് തഞ്ചാവൂര്‍. തഞ്ചാവൂര്‍ പെയിന്റിംഗ്‌സും സംഗീതോപകരണങ്ങളുടെ നിര്‍മ്മാണവും തഞ്ചാവൂര്‍ സില്‍ക്കും പലവിധ ചിത്രവേലകളുമൊക്കെ ഇവിടേക്ക് വിവിധ കലാസ്വാദകരെ ആകര്‍ഷിക്കുന്നു എന്നത് നഗരത്തിലെ ജനങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്നു.

  തഞ്ചാവൂരിനെ ലോകപ്രശസ്തമാക്കുന്നത് യുനസ്‌കോ വേള്‍ഡ് ഹെരിറ്റേജ് മോണുമെന്റായി പ്രഖ്യാപിച്ച ബൃഹദീശ്വര ക്ഷേത്രം തന്നെയാണ്. ഞങ്ങള്‍ കൃത്യം 4 മണിക്ക് ക്ഷേത്രത്തിന്റെ പാര്‍ക്കിംഗിലെത്തി. വണ്ടി പാര്‍ക്കു ചെയ്ത് വന്ന ഉടന്‍ ശെല്‍വനെ കണ്ടെത്തി. അദ്ദേഹം ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള അധ്യാപകനാണ്. ക്ലാസ് കഴിഞ്ഞശേഷമുള്ള ഇഷ്ട വിനോദമാണ് ഗൈഡായുള്ള പ്രവര്‍ത്തനം. കാര്യങ്ങളൊക്കെ പിന്നീട് വിശദീകരിക്കാം, ആദ്യം ദര്‍ശനം എന്നു പറഞ്ഞ് വിഐപി പരിഗണന നല്‍കി ദര്‍ശനത്തിന് കൊണ്ടുപോയി. അതിമഹത്തായ വലുപ്പത്തിലുള്ള ശിവലിംഗം കണ്ട് തൊഴുതു.8.7 മീറ്റര്‍ ഉയരമുള്ള ശിവലിംഗം 16 നിലകളും 63 മീറ്റര്‍ ഉയരമുള്ള ടവറിന്റെ രണ്ടാംനിലവരെ എത്തിനില്‍ക്കുന്നു. പൂജാരിക്കും സെക്യൂരിറ്റിക്കും ദക്ഷിണ നല്‍കി പുറത്തിറങ്ങി. അവിടെ നിന്നും തെക്കുപടിഞ്ഞാറെ അതിരിലേക്ക് ശെല്‍വന്‍ ക്ഷണിച്ചു. ചിത്രം എടുക്കാന്‍ ഏറ്റവും നല്ല ഇടമാണ് എന്നും ഇപ്പോള്‍ നല്ല വെളിച്ചമാണെന്നും ഉപദേശിച്ചു. എല്ലാവരും ചിത്രമെടുത്തു. ശെല്‍വന്‍ പറയുന്നത് കേള്‍ക്കാന്‍ കുറച്ചു ഹിന്ദിക്കാരും ഒരു വിദേശിയുമുണ്ടായിരുന്നു. രസകരമായി കാര്യങ്ങള്‍ പറഞ്ഞുതരുന്ന നല്ലൊരു ഗൈഡാണ് ശെല്‍വന്‍.

 985-1014 കാലത്ത് രാജ്യം ഭരിച്ച രാജരാജചോളന്‍ ഒന്നാമനാണ് ബൃഹദേശ്വര ക്ഷേത്രം നിര്‍മ്മിച്ചത്. തമിഴ് ക്ഷേത്രനിര്‍മ്മാണത്തിന്റെ ഉദാത്ത മാതൃകയാണ് ഈ ക്ഷേത്രം. 1003-1010 കാലത്താണ് നിര്‍മ്മാണം നടന്നത്. ഈ പ്രദേശത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ എങ്ങും പാറയില്ല. അത്ര അകലെ നിന്നും ആനകളും മനുഷ്യരും ചേര്‍ന്നാണ് പാറകള്‍ പൊട്ടിച്ചുകൊണ്ടുവന്നത്. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ മുകളിലെ ചതുരാകൃതിയിലുള്ളതും 80 ടണ്‍ തൂക്കം വരുന്നതുമായ ഡോം അവിടെ എത്തിച്ചതിനെപ്പറ്റി ശെല്‍വന്‍ പറഞ്ഞതിങ്ങനെ, ' മണ്ണുകൊണ്ടുള്ള ഒരു കുന്നുണ്ടാക്കിയ ശേഷം ഡോമിനെ ഉരുട്ടി മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കയായിരുന്നു. തുടര്‍ന്ന് അതിന് താഴെ മുകളില്‍ നിന്നും താഴേക്ക് ഇന്റര്‍ ലോക്കിംഗുള്ള പാറകള്‍ അടുക്കിയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. '  എന്നാല്‍ ഈ ഡോം ഒറ്റ പാറയല്ല എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. 1807,1816,1823,1864,1866,1900 എന്നീ വര്‍ങ്ങളില്‍ ഇവിടെ ഭൂമികുലുക്കമുണ്ടായെങ്കിലും ഇന്റര്‍ ലോക്കിംഗിന് ഒന്നും സംഭവിച്ചില്ല എന്നത് ആധുനികകാലത്തും വിദഗ്ധരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വാസ്തുവിദ്യാ വിദഗ്ധരുടെ നിരന്തര പഠനത്തിലാണ് ഈ ക്ഷേത്രം എന്നതും ഒരു പ്രത്യേകതയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ വരും മുന്‍പുള്ള മനുഷ്യരുടെ അത്ഭുതശക്തിക്കുമുന്നില്‍ നമ്മള്‍ നമിച്ചു പോകുന്ന നിമിഷങ്ങള്‍. ക്ഷേത്രത്തിന് ചുറ്റിലും വിശാലമായ മുറ്റമാണ്. കിഴക്കു പടിഞ്ഞാറ് 241 മീറ്ററും വടക്കു തെക്ക് 122 മീറ്ററും ദൈര്‍ഘ്യമുണ്ട്. ഗര്‍ഭഗൃഹത്തിന്  പുറമെ നന്ദി മണ്ഡപം, മുഖമണ്ഡപം, മഹാമണ്ഡപം, മഹാമണ്ഡപത്തെ ഗര്‍ഭഗൃഹവുമായി ബന്ധിപ്പിക്കുന്ന അര്‍ദ്ധമണ്ഡപം എന്നിവ ചേര്‍ന്നതാണ് ക്ഷേത്രം. ക്ഷേത്രഭിത്തികളില്‍ നിര്‍മ്മാണം സംബ്ബന്ധിച്ച വിശദാംശങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഒരു ശില്‍പ്പി പാറവീണ് മരണപ്പെട്ട വിവരംപോലും രേഖപ്പെടുത്തിയിരിക്കുന്നു. അയാളുടെ കുടുംബത്തിന് നദീതീരത്ത് കൃഷിയിടം, വീട്ടിലെ ഒരാള്‍ക്ക് കൊട്ടാരത്തില്‍ ജോലി, ഏഴ് തലമുറയ്ക്ക് നികുതിയിളവ് എന്നിവ നല്‍കിയതായും രേഖയുണ്ട്. 107 പാരഗ്രാഫിലാണ് ക്ഷേത്രാചാരം, ഉത്സവം, പൂജാ രീതികള്‍ ഒക്കെയും എഴുതിയിരിക്കുന്നത്. കല്ലിലെ കൊത്തുപണികളില്‍ സൂക്ഷ്മമായ കുഴികളുണ്ട്. ഇരുമ്പിന്റെയും കോപ്പറിന്റെയും ഉളികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഈ സൂക്ഷ്മമായ പണി ഇന്നും അത്ഭുതമായി നിലനില്‍ക്കുന്നു. 1000 വര്‍ഷം മുന്‍പുള്ള ഈ ഡ്രില്ലിംഗ് ടെക്‌നോളജി അതിശയിപ്പിക്കുന്നതാണ്. നന്ദി, പാര്‍വ്വതി, കാര്‍ത്തികേയ, ഗണേശ, സഭാവതി,ദക്ഷിണാമൂര്‍ത്തി, ചന്ദേശ്വര്‍, വരഹി എന്നീ വിഗ്രഹങ്ങളുമുണ്ട് . 25 ടണ്‍ തൂക്കമുള്ള നന്ദിക്ക് 2 മീറ്റര്‍ ഉയരവും 6 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുണ്ട്. രാജരാജചോളന്‍ സ്ഥാപിച്ച നന്ദിയെ മാറ്റി ഇപ്പോള്‍ കാണുന്ന നന്ദി സ്ഥാപിച്ചത് മറാത്തരുടെ ഭരണകാലത്താണ്.ക്ഷേത്രത്തിന്റെ ചറ്റുവരാന്ത മനോഹരമാണ്. 450 മീറ്ററാണ് ഇതിന്റെ ചുറ്റളവ്.  

 മധുര മീനാക്ഷി ക്ഷേത്രത്തിന് ക്ഷേത്രത്തിനേക്കാള്‍ ഉയര്‍ന്ന നാല് ഗോപുരങ്ങളാണള്ളത്. എന്നാല്‍ ഇവിടെ ക്ഷേത്രത്തിന്റെ അത്ര ഉയരമില്ലാത്ത രണ്ട് ഗോപുരങ്ങള്‍ മുന്‍വശത്തുതന്നെയാണുള്ളത്. കേരളരാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കൊള്ളയടിച്ചു കൊണ്ടുവന്ന സ്വത്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പുറത്തെ ഗോപുരത്തിന് കേരളാന്തകന്‍ തിരുവാസല്‍ എന്നാണ് പേര്. അവിടെ നിന്നും 100 മീറ്റര്‍ അകത്തായുള്ള രണ്ടാം ഗോപുരവാതിലാണ് രാജരാജന്‍ തിരുവാസല്‍ . ബൃഹദേശ്വരക്ഷേത്രത്തിന്റെ അത്ര ഉയരമുള്ളതും മനസിലേക്ക് കടന്നു കയറുന്നതുമായ ക്ഷേത്രങ്ങള്‍ കുറവാണ്. എത്ര സമയം വേണമെങ്കിലും അവിടെ ചിലവഴിക്കാന്‍ തോന്നും വിധം ഒരാകര്‍ഷണം ആ പറമ്പിനുണ്ട്. കണ്ടിരിക്കുമ്പോള്‍ സൗന്ദര്യമേറുന്ന ക്ഷേത്രം എന്നൊക്കെ പറയാം. അസ്തമയത്തോടെ ഞങ്ങള്‍ ഇറങ്ങി. നഗരം നല്ല തിരക്കിലാണ്. തിരക്കില്‍ വഴി തെറ്റാതെ പുറത്തേക്ക് എത്തി. വഴിയില്‍ ഇരുട്ടുവീണിട്ടുണ്ട്. അവിടവിടെ മിന്നാമിനുങ്ങുകള്‍ പോലെ വെട്ടം. ടോള്‍ഗേറ്റിന്റെ മുന്നെ നിര്‍ത്തി ഒരു ചായകൂടി കുടിച്ചു. പിന്നെ കാറിന്റെ വേഗത കൂട്ടി. ഒന്‍പത് കഴിഞ്ഞപ്പോള്‍ ദേവക്കോട്ടയിലെത്തി. രാത്രിയില്‍ കണ്ണുകള്‍ അടഞ്ഞിട്ടും കാഴ്ചയില്‍ തെളിഞ്ഞത് ക്ഷേത്രം മാത്രമായിരുന്നു. ഇനിയും പോകാന്‍ ആഗ്രഹിക്കുന്ന ഒരിടമായി തഞ്ചാവൂര്‍ നിലനില്‍ക്കുന്നു. രണ്ട് ദിവസം തങ്ങി കാണേണ്ടത്ര കാഴ്ചകള്‍ അവിടെയുണ്ട് എന്നാരോ ഓര്‍മ്മിപ്പിക്കുന്നപോലെ. 
temple - from north side

left side

view from back

krishna hotel

manimandapam

maratha palace

maratha palace lawn

guide Selvan 

Gate view 

Sunday, 24 February 2019

Light Music -- Moninoopura dhwani --



ലളിത ഗാനം 

മണിനൂപുര ധ്വനി മുഴങ്ങി
മനസില്‍ ചിലങ്കതന്‍ താളം പിടിച്ച്
മലയാള മണ്ണിന്റെ ഗന്ധം ശ്വസിച്ച്
മാതള പൂവേ നീ വരുമോ ? ( മണി ----)

  കാറ്റില്‍ കാര്‍കൂന്തളം വിടര്‍ത്തി
  കാടിന്‍ കറുപ്പള്ള മെയ്കുലുക്കി
  കാര്‍ത്തിക നക്ഷത്ര പൊട്ടണിഞ്ഞ്
  കണ്മണിപൂവെ നീ വരുമോ ?( മണി----)

   അരളിപൂംകാടിന് താളമിട്ട്
   അമരാവതിയില്‍ പുലര്‍ച്ച കണ്ട്
   അല്ലിമലര്‍ കാവില്‍ നേര്‍ച്ചയിട്ട്
   അരിമുല്ല പൂവേ നീ വരുമോ ? (  മണി --- )

Saturday, 23 February 2019

Mini story-- Toilet paper


1998 ല്‍ എഴുതിയ മിനികഥ(നാരായം സാഹിത്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്. ദിനേശ് നടുവല്ലൂരായിരുന്നു എഡിറ്റര്‍. നസീര്‍ സീനാലയം സഹ പത്രാധിപരും ടി.പി.ശശിധരന്‍, പി.ആര്‍.വിജയലാല്‍,പി.യു.ജനാര്‍ദ്ദനന്‍ എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളുമായിരുന്നു. വി.വി.ജോണായിരുന്നു പ്രിന്ററും പബ്‌ളിഷറും)

ടോയ്‌ലറ്റ് പേപ്പര്‍

ഇന്ദ്രപ്രസ്ഥത്തിലിരുന്ന് രാജ്യകാര്യങ്ങള്‍ വിലയിരുത്താന്‍ പത്രങ്ങള്‍ എത്രമാത്രം സഹായകരമാകുന്നു എന്നതിനെകുറിച്ച് ബൗദ്ധികന്‍ പലരുമായും ചര്‍ച്ച ചെയ്തു.പലര്‍ക്കും പലവിധ അഭിപ്രായങ്ങളാണ്. അതങ്ങിനെ ആകണം താനും. ചില പത്രങ്ങള്‍ക്ക് വില കൂടുമെങ്കിലും അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശ്രദ്ധേയമാണെന്ന് ബൗദ്ധികന്‍ കണ്ടെത്തി. മറ്റു ചിലവ സന്തുലിതമായ വാര്‍ത്തകള്‍ നല്‍കുന്നു. എന്നാല്‍ വേറൊരു കൂട്ടരുടെ പത്രങ്ങള്‍ വില കുറവുള്ളതും പരസ്യങ്ങള്‍ കൊണ്ടു നിറഞ്ഞതും തരംതാണ വിഷയങ്ങള്‍ മാത്രം അവതരിപ്പിക്കുന്നവയുമാണ് എന്നും കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. സ്ത്രീ പുരുഷ നഗ്നതയും ഇക്കിളി വാര്‍ത്തകളും കൊണ്ട് പേജുകള്‍ നിറയ്ക്കുന്ന ഈ പത്രങ്ങള്‍ക്കാണ് വരിക്കാര്‍ കൂടുതല്‍ എന്നും അവര്‍ വരിക്കാരുടെ എണ്ണം കൂട്ടാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ബഹുരാഷ്ട്ര കമ്പനികളെപോലെ തത്രപ്പാടിലാണെന്നും ബൗദ്ധികന്‍ കണ്ടെത്തി.

വായനക്കാര്‍ ഈ പത്രങ്ങളെ എങ്ങിനെ കാണുന്നു, പ്രയോജനപ്പെടുത്തുന്നു എന്നതിനെ കുറിച്ചായിരുന്നു ബൗദ്ധികന്റെ പിന്നീടുള്ള അന്വേഷണം. സര്‍വ്വേ ഫലം രസാവഹമായ ഒരു സത്യം പുറത്തുകൊണ്ടുവന്നു. ഈ വായനക്കാരെല്ലാം പത്രം വായിക്കുന്നത് ടോയ്‌ലറ്റില്‍ പോകുമ്പോഴാണ്. അടുത്ത ദിവസം ബൗദ്ധികനും കനത്ത പേജുകളുള്ള ഒരു പത്രം വാങ്ങി.അയാളും ടോയ്‌ലറ്റില്‍ പോയപ്പോള്‍ പത്രവും കൊണ്ടുപോയി. അവിടെ നിന്നും ഏറെ നേരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആശ്വാസത്തോടെ അയാള്‍ ആത്മഗതം ചെയ്തു. ഇതിന്റെ പ്രയോജനം മനസിലാക്കാന്‍ താനെന്തേ ഇത്ര വൈകി ??

സ്ഥിരമായി ഒരു വരിക്കാരനെ കൂടി കിട്ടി എന്നതില്‍ പത്രത്തിന് ആഹ്ലാദിക്കാന്‍ വകയുണ്ട്.

Friday, 22 February 2019

Story - Narendran, Double MA

1988 ല്‍ എഴുതിയ കഥ

നരേന്ദ്രന്‍, ഡബിള്‍ എംഎ

മൂടല്‍മഞ്ഞ് കനം വരുത്തിയ ഇരുട്ട്. കൂമന്റെ വിളിയും മറുവിളിയും മാത്രം നിറഞ്ഞുനില്‍ക്കുന്ന രാത്രിയുടെ രണ്ടാം യാമം.ഉത്സവപറമ്പിലെ രണ്ടാം നാടകവും കണ്ട് മടങ്ങുകയായിരുന്നു ഞാനും മേനോനും രാമനും.ക്ഷേത്രക്കുളത്തിനടുത്തെത്തിയ ഞങ്ങള്‍ ഒരു ശബ്ദം കേട്ട് നിന്നു.കല്‍പടവുകളുടെ അവസാനത്തില്‍ ഓളങ്ങളുടെ മര്‍മ്മരം. ആരോ കുളിക്കുന്നുണ്ട്, അല്ലെങ്കില്‍ വള്ളം തുഴയുന്നു.

ഈ നേരത്ത് ----

മനുഷ്യനാകാനിടയില്ല.വെള്ളമെന്നു കേട്ടാല്‍ തന്നെ വിറയ്ക്കുന്നത്ര തണുപ്പുണ്ട് ചുറ്റിലും. ഞങ്ങള്‍ ശ്രദ്ധിച്ചു.ജലത്തിന്റെ മാറുപിളര്‍ന്ന് താഴേക്ക് പോകുന്ന തുഴയുടെ ഈണം വ്യക്തമായി കേട്ടു. കനത്ത ഇരുട്ടില്‍ തണുപ്പിന്റെ കുത്തിനോവിപ്പുമേറ്റ് വള്ളമിറക്കാന്‍ മനുഷ്യരാരും ധൈര്യപ്പെടില്ല.

പിന്നെ --
പിന്നെ ആരാകാം.

യക്ഷി ഗന്ധര്‍വ്വന്മാരുടെ കാമലീലകള്‍ക്ക് ക്ഷേത്രക്കുളം പണ്ടൊക്കെ സാക്ഷ്യം വഹിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്നും ലീലാവിലാസങ്ങള്‍ തുടരുന്നു എന്നു കരുതാനാവുമോ?
സ്വാസ്ഥ്യം കെടുത്തുന്ന ഇത്തരം ചിന്തകള്‍ മനസിനെ മഥിച്ചു.ഭയം ചുറ്റാകെ വ്യാപിച്ച് അനങ്ങാന്‍ കഴിയാതെ നില്‍ക്കുമ്പോഴും നിമിഷ കവിയായ മേനോന്‍ രണ്ടുവരി തട്ടിവിട്ടു.

' അതിഭോഗലാലസന്‍ ഗന്ധര്‍വ്വന്‍-
ഏഴിദിനരാത്രങ്ങള്‍ ഒരേനിലയാടി കാമകേളികള്‍'

മേനോനെ ശബ്ദമുണ്ടാക്കരുതെന്ന് താക്കീതുചെയ്ത് ഞങ്ങള്‍ സാവധാനം കുളക്കടവിലേക്ക് നീങ്ങി. തുറിച്ച കണ്ണുകളുമായി പരസ്പരം മുട്ടിയുരുമ്മി ഞങ്ങള്‍ കുളത്തിലേക്കുറ്റു നോക്കി. താമരവള്ളികള്‍ കെട്ടുപിണയുന്ന ഉപരിതലത്തിലൂടെ ഒരു ചെറുവള്ളം മറുകരയിലേക്ക് നീങ്ങുന്നു. അതില്‍ നിഴല്‍പോലെ ഒരു രൂപവും. 'ഗന്ധര്‍വ്വന്‍ തന്നെ!', മേനോന്‍ പറഞ്ഞു. എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. കുളത്തിന്റെ കരയിലൂടെ വരേണ്ടിയിരുന്നില്ല എന്ന് മനസു പറഞ്ഞു. ഓടാനും നടക്കാനും കഴിയാത്ത അവസ്ഥ.നിമിഷങ്ങള്‍ നീങ്ങുകയാണ്.ഈ സമയം വള്ളത്തിലുണ്ടായിരുന്നയാള്‍ തീപ്പെട്ടിയുരച്ച് ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് ആശ്വാസമായത്. ഗന്ധര്‍വ്വന് കോവിലകത്തെ നരേന്ദ്രന്റെ മുഖമായിരുന്നു.

നരേന്ദ്രന്‍,ഡബിള്‍ എംഎ. തൊഴില്‍ തേടി മുഖം നഷ്ടപ്പെട്ട നരേന്ദ്രന്‍. ഞങ്ങള്‍ പടവുകള്‍ കയറി തിരികെ നടന്നു.

'കഷ്ടം, കഷ്ടം', രാമന്‍ പറഞ്ഞു, 'എത്ര ബുദ്ധീള്ള ചെക്കനാണെന്നോ. വാറ്റുചാരായവും കഞ്ചാവും കഴിച്ച് അല്‍പ്പശ്ശെ ബുദ്ധിഭ്രമമുണ്ടെന്നാ തോന്നണെ.'

അപ്പോള്‍ നരേന്ദ്രന്റെ ചിരി ഇരുട്ടിനെ കീറിമുറിച്ച് ഞങ്ങള്‍ക്കുനേരെ വന്നു. കല്‍പ്പടവുകളില്‍ ചിരിയുടെ കുഞ്ഞോളങ്ങള്‍ പരന്നു.ഗ്രാമത്തിന്റെ നെറുകയില്‍ തട്ടി അത് പ്രതിധ്വനിച്ചു. ഒടുവില്‍ ഒരു നേര്‍ത്ത രോദനമായി അഴത്തിലേക്ക് അലിഞ്ഞില്ലാതായി.

താമരയുടെ ഞരമ്പുകള്‍ ത്രസിച്ചുവോ എന്നറിയില്ല. തവളകള്‍ നിശബ്ദരായോ എന്നും അറിയില്ല. പക്ഷെ അന്നത്തെ പ്രഭാതം പൊട്ടിവിടര്‍ന്നത്  ക്ഷേത്രക്കുളത്തിലാണ്. അറിഞ്ഞവര്‍ അറിഞ്ഞവര്‍ അങ്ങോട്ടുനീങ്ങി. മേനോന്‍ വന്നു വിളിച്ചപ്പോള്‍ , ഉറക്കം നഷ്ടപ്പെട്ട കണ്ണുകള്‍ ഞെരുടി ഞാനും അങ്ങോട്ടേക്കു നടന്നു.ഞങ്ങള്‍ കുളത്തിന് ചുറ്റും കൂടി നിന്നവരെ വകഞ്ഞ് പടവിലെത്തി. ഗന്ധര്‍വ്വന്‍ നഷ്ടപ്പെട്ടൊരു തോണിയും അലകള്‍ നഷ്ടപ്പെട്ട കുളവും ഞങ്ങളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.എന്നാല്‍ ആളുകളുടെ ബഹളത്തില്‍ അതെല്ലാം മുങ്ങിപോയി. 



Thursday, 21 February 2019

Story.. Sirolikhithangal

കഥ

ശിരോലിഖിതങ്ങള്‍

(1998 ജൂലൈ 18 മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

മര്യാദക്കാരനായ ഒരു ചുമട്ടുതൊഴിലാളിയാണ് ക്ലീറ്റസ്.യൂണിയന്‍ അംഗങ്ങളുടെ പതിവ് ധിക്കാരവും ധാര്‍ഷ്ട്യവുമില്ലാത്ത ഒരു പാവം.പള്ളിയിലും ദൈവത്തിലും വിശ്വസിക്കുന്ന അവന്‍ ആരോടും വിനയത്തോടെയെ സംസാരിക്കകയുള്ളു. എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോള്‍ സൈക്കിളില്‍ ഏതാനും ചാക്ക് സിമന്റുമായി വന്നപ്പോഴാണ് ആദ്യമായി അവനെ കണ്ടത്. സിമന്റ് ഇറക്കി വീട്ടുനടയില്‍ വച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ' എത്ര രൂപ വേണം ?'
'സാറിങ്ങു തന്നാല്‍ മതി', അവന്‍ പറഞ്ഞു. കൊടുത്ത പണം എത്രയെന്നുപോലും നോക്കാതെ അവന്‍ തിരികെ പോയി. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.പിന്നീട് സിമന്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കടയില്‍ പറയും, 'ക്ലീറ്റസ് വരുമ്പോള്‍ കൊടുത്തയച്ചാല്‍ മതി.'
റോഡരുകിലുള്ള അവന്റെ വീടിന് മുന്നിലൂടെ പോകുമ്പോഴെല്ലാം അവന്‍ വിളിക്കും, 'സാര്‍, ഒന്നു കയറിയിട്ടു പോകാം.'
'ഇനിയൊരിക്കലാകട്ടെ ക്ലീറ്റസ്', ഞാന്‍ ഒഴിഞ്ഞുമാറും. അവന്റെ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകണ്ട എന്നു കരുതിയാണ് അങ്ങനെ പറയാറുള്ളത്.

ഞായറാഴ്ച പ്രഭാതത്തില്‍ ക്ലീറ്റസ് കുളിച്ചൊരുങ്ങി കുടുംബത്തോടൊപ്പം പള്ളിയില്‍ പോകും.അന്ന് ദൈവകാര്യങ്ങളും വീട്ടുകാര്യങ്ങളും മാത്രം. എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന ഉറച്ച വിശ്വാസമാണ് അവന്. ഇടത്തട്ടുകാരുടെ ഉയര്‍ന്ന മോഹങ്ങളൊന്നും അവനില്ല.അതുകൊണ്ടുതന്നെ അവന്റെ ജീവിതം സംതൃപ്തമാണ്. വീടിന്റെ തീരാത്ത പണികളെകുറിച്ചും തീര്‍ന്നുകൊണ്ടിരിക്കുന്ന പണത്തെകുറിച്ചും ചിന്തിച്ചും വ്യാകുലപ്പെട്ടും ഞാന്‍ കിടക്കയില്‍ അസ്വസ്ഥനാകുമ്പോള്‍ ബൈബിള്‍ വചനങ്ങള്‍ ഉറക്കെചൊല്ലി ശാന്തനായി കിടന്നുറങ്ങുന്ന ക്ലീറ്റസിനോട് അസൂയ തോന്നിയിട്ടുണ്ട്.
' മൂത്തവന് നാലു വയസുണ്ട്.നഴ്‌സറിയില്‍ പഠിക്കുന്നു.ഇളയവന് രണ്ടു വയസ്', ഞാന്‍ ചോദിക്കാതെതന്നെ ക്ലീറ്റസ് കുടുംബകാര്യങ്ങള്‍ പറയാന്‍ തുടങ്ങി.
'പട്ടിണി കാരണം നാലാം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്തിയതാണ്. ഏതാണ്ട് ആ കാലത്തുതന്നെ ചുമട് എടുക്കാന്‍ തുടങ്ങി. അമ്മ മരിച്ചപ്പോള്‍ ചോറുവച്ചുതരാന്‍ ഒരാള്‍ വേണമെന്നുതോന്നി. ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു, കല്യാണവും കഴിച്ചു. അവള്‍ക്ക് സ്വന്തമായി ഭൂമിയോ ഒരു പണവട സ്വര്‍ണ്ണമോ ഉണ്ടായിരുന്നില്ല. പണവും പദവിയുമൊക്കെ വന്നും പോയുമിരിക്കും, ദൈവം മാത്രമെ സത്യമായിട്ടുള്ളു സാര്‍'. അവന്റെ ഫിലോസഫിക്ക് മുന്നില്‍ ഞാന്‍ ശിരസുനമിച്ചു.

'ഇനി കുട്ടികള്‍ വേണ്ടെന്നു വച്ചു. കുടുംബാസൂത്രണം നടത്തി',അവന്‍ പറഞ്ഞു.
'അത് നന്നായി', ഞാന്‍ അഭിപ്രായപ്പെട്ടു.
'കുട്ടികളെ നന്നായി പഠിപ്പിക്കണം. എന്റെ അനുഭവം അവര്‍ക്കുണ്ടാകരുത്.അതിനായി എന്ത് കഠിനാധ്വാനവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ് സാര്‍', അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിട്ടു.
'മോന്‍ മിടുക്കനാ. നഴ്‌സറിയില്‍ എല്ലാറ്റിനും അവനാ ഒന്നാമന്‍. ഇവിടത്തെ മെംബറുടെ മോനുണ്ട്, വില്ലേജാഫീസറുടെ മോളുണ്ട്, എല്ലാരേക്കാളും മുന്നില്‍ അവനാ.', അത് പറയുമ്പോള്‍ അവന്റെ മുഖം അഭിമാനംകൊണ്ട് തുടുക്കുന്നുണ്ടായിരുന്നു. എനിക്കും സന്തോഷം തോന്നി.ചുമട് എടുക്കുകയാണെങ്കിലും അവന്റെ ദീര്‍ഘവീക്ഷണം നന്ന്.
രാവിലെ വാട്ടര്‍ ബോട്ടിലും ബാഗും തൂക്കി മകന്റെ കുഞ്ഞുവിരലും പിടിച്ചു നടന്നുപോകുന്ന ക്ലീറ്റസ് മനസില്‍ നിറഞ്ഞു.സൈക്കിളിന്റെ സ്റ്റാന്റ് തട്ടി അവന്‍ യാത്ര പറഞ്ഞ് മുന്നോട്ടുപോയി. പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ അവന്‍ മടങ്ങി വന്നു.

'സാര്‍, അടുത്ത ബുധനാഴ്ച എന്റെ മോന്റെ പിറന്നാളാ, എനിക്കാരേം വിളിക്കാനില്ല, സാറ് വരണം.'
അറിയാതെ അവന്റെ ഒരു ബന്ധുവായി മാറുകയാണ് ഞാന്‍.
'വരാം ക്ലീറ്റസ്, നീ സന്തോഷമായി പൊയ്‌ക്കോളൂ', അവന്‍ സന്തോഷത്തോടെ കയറ്റം ചവുട്ടി ധൃതിയില്‍ പോകുന്നത് നോക്കിനില്‍ക്കെ ബുധനാഴ്ച എന്ത് പരിപാടിയുണ്ടായാലും അവന്റെ വീട്ടില്‍ പോകമണമെന്നുതന്നെ തീര്‍ച്ചപ്പെടുത്തി.
ക്ലീറ്റസിന്റെ പ്രതീക്ഷയിലും കവിഞ്ഞ ഒന്നാകണം തന്റെ സമ്മാനം.നാലു വയസുകാരന് യോജിച്ച ഏറ്റവും നല്ല ഒരു ജോടി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങിയാണ് ഔദ്യോഗിക ടൂര്‍ അവസാനിപ്പിച്ച് തിരികെ പോന്നത്.സമ്മാനം വാങ്ങുമ്പോള്‍ വിടരുന്ന കണ്ണുകളോടെ ചിരിക്കുന്ന കുട്ടി മനസില്‍ തെളിഞ്ഞു.കവലയില്‍ ബസിറങ്ങി ആട്ടോറിക്ഷയില്‍ അവന്റെ വീട്ടുമുറ്റത്തെത്തുമ്പോള്‍ ഉമ്മറപടിയില്‍ മുഖം പൊത്തിയിരിക്കുന്ന ക്ലീറ്റസിനെയാണ് കണ്ടത്.

'ക്ലീറ്റസ്', ഞാന്‍ വിളിച്ചു.
അവന്‍ എണീറ്റു നിന്നു.
'എവിടെ മോന്‍, വിളിക്കൂ'
വിങ്ങിപ്പൊട്ടുന്ന ദുഃഖവുമായി ്‌വന്‍ നെഞ്ചില്‍ മുഖമമര്‍ത്തി.
'സാര്‍, എന്‍രെ മോന്‍---- '
അവന്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാന്‍ നോക്കി. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുന്ന ഒരു ജീപ്പ്. ടാറിട്ട റോഡില്‍ ചോരയുടെ നിറം.
വീടിനുള്ളില്‍ നിന്ന് അടക്കിപ്പിടിച്ച തേങ്ങലുകള്‍ ഉയരുന്നു.ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കാതെ ഞാന്‍ അവന്റെ മുടികളിലൂടെ വിരലോടിച്ചു. ദൈവം ഇത്രയും ക്രൂരത അവനോട് കാട്ടേണ്ടിയിരുന്നില്ലെന്ന് എന്റെ മനസ് മന്ത്രിച്ചു.അവ്യക്തമായ കാഴ്ചകളില്‍ പുത്തനുടുപ്പിട്ട് ക്ലീറ്റസിന്റെ മോന്‍ നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു.

Wednesday, 20 February 2019

Victim -- a Poem written in 1994

കവിത

ബലിമൃഗം

ഉഷ്ണമാപിനിയുടെ രസനിലാവുയര്‍ന്നൊരു
ഗ്രീഷ്മര്‍ത്തുവില്‍
ദാഹജലം കിട്ടാതുണങ്ങിയ നാവുമായ്
മഹാനഗരത്തിന്റെ തെരുവോരത്തിലൂടെ നടക്കവെ
ദൂരെ ഹുങ്കാരം, നാനാ വര്‍ണ്ണക്കൊടികള്‍
കണ്ഠനാളം പൊട്ടുമുച്ചത്തില്‍ രണഭേരി,

  രാജവിന്റെ ജന്മനാളാണ് , നാടിന്റെയും
സമ്പന്നന്റെ പണം തെരുവില്‍
പട്ടിണിക്കാരന്റെ ശബ്ദമാകുന്നു

തൊണ്ട വരളുന്നു, മുന്നില്‍ ഇരുട്ടുനിറയുന്നു
വഴിയില്‍ ,മുനിസിപ്പാലിറ്റി വെള്ളം പെട്ടിയിലടച്ച-
പയ്യന്‍ നിന്നു ചിരിക്കുന്നു

ജുബ്ബയുടെ കീശയില്‍ ആകെ പരതി കിട്ടിയ-
നാലണത്തുട്ടെടുത്തു നീട്ടി

അവന്റെ മുഖം അമാവാസി പോലെയായി

രാജാവിന്റെ ജന്മനാള്, നാടിന്റെയും
ഇന്ന് ദാഹജലം ഗ്ലാസ്സൊന്നിന് ഒരു രൂപ

പണമില്ലാത്തവന്‍ പിണം
നടക്കൂ, ഡ്രയിനേജ് വെള്ളം കൂടിക്കൂ, മരിക്കൂ.

അയാളുടെ ചുറ്റിലും കോളകള്‍ പൊട്ടിയൊഴുകി
വിദേശഗന്ധം മൂര്‍ച്ഛിച്ചു നിന്നൊരു നഗരമധ്യത്തിന്റെ
ചൂടാര്‍ന്ന നെറുക കത്തിയുരുകിയ തീയില്‍
തൊണ്ടപൊള്ളി ബോധശൂന്യനായയാള്‍

രണഭേരി, നാനാ വര്‍ണ്ണക്കൊടികള്‍
സമ്പന്നന്റെ ചിരി, പട്ടിണിക്കാരന്റെ വിയര്‍പ്പ്
എല്ലാം കലര്‍ന്ന പൊടിപടലം നഗരത്തെ മൂടി
ആ മൂടാപ്പില്‍ അയാള്‍ അലിഞ്ഞില്ലാതായി .

---- 1994 ഡിസംബറിലെ ആദ്യ ലക്കം കുറിമാനം ഇന്‍ലന്റ് മാസികയില്‍ പ്രസിദ്ധീകരിച്ചത്.