1998 ല്‍ എഴുതിയ മിനികഥ(നാരായം സാഹിത്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്. ദിനേശ് നടുവല്ലൂരായിരുന്നു എഡിറ്റര്‍. നസീര്‍ സീനാലയം സഹ പത്രാധിപരും ടി.പി.ശശിധരന്‍, പി.ആര്‍.വിജയലാല്‍,പി.യു.ജനാര്‍ദ്ദനന്‍ എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളുമായിരുന്നു. വി.വി.ജോണായിരുന്നു പ്രിന്ററും പബ്‌ളിഷറും)
ടോയ്‌ലറ്റ് പേപ്പര്‍
ഇന്ദ്രപ്രസ്ഥത്തിലിരുന്ന് രാജ്യകാര്യങ്ങള്‍ വിലയിരുത്താന്‍ പത്രങ്ങള്‍ എത്രമാത്രം സഹായകരമാകുന്നു എന്നതിനെകുറിച്ച് ബൗദ്ധികന്‍ പലരുമായും ചര്‍ച്ച ചെയ്തു.പലര്‍ക്കും പലവിധ അഭിപ്രായങ്ങളാണ്. അതങ്ങിനെ ആകണം താനും. ചില പത്രങ്ങള്‍ക്ക് വില കൂടുമെങ്കിലും അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശ്രദ്ധേയമാണെന്ന് ബൗദ്ധികന്‍ കണ്ടെത്തി. മറ്റു ചിലവ സന്തുലിതമായ വാര്‍ത്തകള്‍ നല്‍കുന്നു. എന്നാല്‍ വേറൊരു കൂട്ടരുടെ പത്രങ്ങള്‍ വില കുറവുള്ളതും പരസ്യങ്ങള്‍ കൊണ്ടു നിറഞ്ഞതും തരംതാണ വിഷയങ്ങള്‍ മാത്രം അവതരിപ്പിക്കുന്നവയുമാണ് എന്നും കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. സ്ത്രീ പുരുഷ നഗ്നതയും ഇക്കിളി വാര്‍ത്തകളും കൊണ്ട് പേജുകള്‍ നിറയ്ക്കുന്ന ഈ പത്രങ്ങള്‍ക്കാണ് വരിക്കാര്‍ കൂടുതല്‍ എന്നും അവര്‍ വരിക്കാരുടെ എണ്ണം കൂട്ടാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ബഹുരാഷ്ട്ര കമ്പനികളെപോലെ തത്രപ്പാടിലാണെന്നും ബൗദ്ധികന്‍ കണ്ടെത്തി.
വായനക്കാര്‍ ഈ പത്രങ്ങളെ എങ്ങിനെ കാണുന്നു, പ്രയോജനപ്പെടുത്തുന്നു എന്നതിനെ കുറിച്ചായിരുന്നു ബൗദ്ധികന്റെ പിന്നീടുള്ള അന്വേഷണം. സര്‍വ്വേ ഫലം രസാവഹമായ ഒരു സത്യം പുറത്തുകൊണ്ടുവന്നു. ഈ വായനക്കാരെല്ലാം പത്രം വായിക്കുന്നത് ടോയ്‌ലറ്റില്‍ പോകുമ്പോഴാണ്. അടുത്ത ദിവസം ബൗദ്ധികനും കനത്ത പേജുകളുള്ള ഒരു പത്രം വാങ്ങി.അയാളും ടോയ്‌ലറ്റില്‍ പോയപ്പോള്‍ പത്രവും കൊണ്ടുപോയി. അവിടെ നിന്നും ഏറെ നേരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആശ്വാസത്തോടെ അയാള്‍ ആത്മഗതം ചെയ്തു. ഇതിന്റെ പ്രയോജനം മനസിലാക്കാന്‍ താനെന്തേ ഇത്ര വൈകി ??
സ്ഥിരമായി ഒരു വരിക്കാരനെ കൂടി കിട്ടി എന്നതില്‍ പത്രത്തിന് ആഹ്ലാദിക്കാന്‍ വകയുണ്ട്.
No comments:
Post a Comment