Monday, 18 February 2019

Reminiscence on Sajeev

ഓര്‍മ്മനൂലുകളില്‍  കുടുങ്ങി ഒരാള്‍
 കഴിഞ്ഞ വര്‍ഷം ഈ ദിനം ഓര്‍ക്കാനാഗ്രഹിക്കാത്ത ഒരു വാര്‍ത്തയാണ് സമ്മാനിച്ചത്. സ്വന്തം അനുജനെപോലെ 2001 മുതല്‍ ഒപ്പം കൊണ്ടുനടന്ന ഒരാള്‍ ഇല്ലാതാകുന്നു എന്നത് സ്വീകരിക്കാന്‍ ഒരു വര്‍ഷം തികയുന്ന ഈ നാളിലും മനസ് തയ്യാറാകുന്നില്ല. സജീവ് അത്തരത്തിലൊരാളായിരുന്നു പരിചയപ്പെട്ട ഓരോരുത്തര്‍ക്കും. സ്വന്തം കഴിവുകളെ മൂടിവച്ച് മറ്റുള്ളവരെ അഭിനന്ദിക്കാനും ആഹ്ലാദിപ്പിക്കുവാനും ശ്രമിച്ചിരുന്ന ഒരു പ്രതിഭ.നല്ലൊരു ക്രിയേറ്റീവ് റൈറ്റര്‍, എന്നാല്‍ മനോരമയുടെ അവര്‍ഡ് നേടിയ ഒരു കഥയില്‍ ആ എഴുത്ത് അവസാനിപ്പിച്ചു. നല്ല ചിത്രകാരന്‍, എന്നാല്‍ എന്റെ അറിവില്‍ ഞങ്ങളുടെ ഡ്രായിംഗ് റൂമില്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്ന ഒറ്റ പെയിന്റിംഗിനപ്പുറം മറ്റൊന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളം ഐശ്ചികമായെടുത്ത് നേടിയ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും കൊണ്ട് മികച്ച വിവര്‍ത്തകനും നിരൂപകനും ഫീച്ചര്‍ എഴുത്തുകാരനുമൊക്കെ ആകാമായിരുന്നു. ഇതിലൊന്നും അര്‍ത്ഥമില്ല എന്ന മട്ടിലുള്ള സമീപനമായിരുന്നു സജീവിന്റേത്. സാങ്കേതികമായ അറിവും ചെറുപ്പത്തിലേ കൈമുതലായിരുന്നു. കോളേജ് കാലത്ത് ചെയ്‌തെടുത്ത റേഡിയോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന് അമ്മയുടെ സാക്ഷ്യപ്പെടുത്തല്‍. ഇത്രയും മികച്ച നിലയില്‍ ഓരോ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ ഒരാള്‍ക്ക് എങ്ങിനെ കഴിയുന്നു എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്ന അറിവ്. ഇത് എന്ന് എവിടെനിന്ന് ആര്‍ജ്ജിച്ചു എന്ന് നമ്മളെ അമ്പരപ്പിക്കുന്ന ഓരോ മുഹൂര്‍ത്തങ്ങള്‍. ഇതൊക്കെ ഒരാള്‍ പറയുന്നതല്ല, പലരും പറഞ്ഞതും ഞാന്‍ നേരിട്ടറിഞ്ഞതുമാണ്. മലബാറിനെ കുറിച്ച്, വയനാടിനെ കുറിച്ച്, കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ വികാസത്തെകുറിച്ച്, മാര്‍ക്‌സിസം , ഇന്ത്യന്‍ സംസ്‌ക്കാരം തുടങ്ങി ലോകത്ത് ലഭ്യമാകുന്ന വിവിധ മദ്യങ്ങളെക്കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വരെ ആധികാരികമായി സംസാരിക്കുന്ന വിജ്ഞാന കോശം. ഓര്‍മ്മകളെ ഇഴയടുക്കി നമുക്ക് കഥയാക്കി നല്‍കുന്ന രീതി. ഇപ്പോള്‍ തോന്നുന്നു, സജീവ് പറഞ്ഞതൊക്കെ റെക്കോര്‍ഡ് ചെയ്തിരുന്നെങ്കില്‍ വരുംതലമുറയ്ക്ക് ഗുണപ്പെടുന്ന ആഡിയോ ക്ലിപ്പുകളായി ഇന്റര്‍നെറ്റില്‍ നല്‍കാമായിരുന്നു എന്ന്. മനോഹരമായി പാടുമായിരുന്നു, നല്ല ശബ്ദത്തിനുടമ. ആകാശവാണിയില്‍ വാര്‍ത്ത വായിച്ചതും വിവിധ പരിപാടികള്‍ക്ക് കോംപിയറിംഗ് ചെയ്തതും ഒക്കെ നനുത്ത ഓര്‍മ്മകളാണ്. ആഴ്ചയില്‍ 2-3 ദിവസമെങ്കിലും വിളിക്കുമായിരുന്നു. അപ്പോഴെല്ലാം ഓരോ കഥാപാത്രങ്ങളെ എനിക്കുമുന്നില്‍ അവതരിപ്പിക്കുമായിരുന്നു. ഫോണ്‍ വച്ചാലുടന്‍ എഴുതാനിരുന്നാല്‍ മികച്ച രചനയായി മാറും എന്നതില്‍ സംശയമില്ലാത്ത കഥകള്‍. സ്വതസിദ്ധമായ മടി കാരണം പലതും കേട്ട കഥകളായി അവസാനിച്ചു. എന്നാല്‍ സെക്രട്ടറി എന്ന കഥാപാത്രത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ജാനുവരിയില്‍ നിര്‍ബ്ബന്ധപൂര്‍വ്വം എന്നെകൊണ്ട് എഴുതിക്കുകയും അത് കോഴിക്കോട്ടുള്ള സുഹൃത്തുക്കള്‍ക്ക് ഫോട്ടോകോപ്പി എടുത്ത് വിതരണം ചെയ്യുകയും ചെയ്തത് ഞാനോര്‍ക്കുന്നു. 

   സൗഹൃദങ്ങള്‍ക്ക് ഇത്രയേറെ വിലകല്‍പ്പിച്ചിരുന്നവര്‍ എന്റെ പരിചയത്തില്‍ ചുരുക്കമാണ്. രാവെന്നും പകലെന്നുമില്ലാതെ സൗഹൃദങ്ങള്‍ക്കായി സമയം ചിലവഴിച്ചു, അതൊക്കെ ആസ്വദിച്ചു. ജീവിതം ഒരിക്കലേയുള്ളു എന്ന ഓര്‍മ്മപ്പെടുത്തലോടെയുള്ള ആനന്ദലഹരിയിലായിരുന്നു സജീവ്. രോഗങ്ങളെ തീരെ വകവയ്ക്കാതെയും എന്നാല്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെപോലെ അതിനെ മനസിലാക്കിയും നീങ്ങിയ നാളുകള്‍. ഒരുപാട് യാത്രകള്‍ ഒന്നിച്ച് നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ഒടുവില്‍ നടത്തിയ വയനാട് യാത്ര മായാതെ നില്‍ക്കുന്നു. എടക്കലും കാട്ടിക്കുളത്തും തിരുനെല്ലിയിലുമൊക്കെയായി രണ്ടു ദിവസം.കുടുംബസമേതമുളള യാത്ര. ജയഛന്ദ്രനും കുടുംബവും ഒപ്പമുണ്ടായിരുന്നു.  കാട്ടിക്കുളത്ത് റീനയുടെ വീട്ടിലെ താമസം. അവിടത്തെ ആതിഥ്യമര്യാദകള്‍. ജൈനപാരമ്പര്യത്തിന്റെ ബാക്കിയായ ഒരിടവും അന്ന് കണ്ടിരുന്നു. വയനാട് ,സജീവിനെ ഏറെ ആകര്‍ഷിച്ച ഇടമായിരുന്നു. അവിടെ കൃഷിചെയ്ത് ജീവിക്കണം എന്നൊക്കെ പറയുമായിരുന്നു. അവിടെ താമസമാക്കാന്‍ എന്നെ പലവട്ടം ക്ഷണിക്കുകയും ചെയ്തിരുന്നു.എന്റെ മോളും മരുമകനും ജോലി ചെയ്യുന്ന ഇടങ്ങളില്‍ പോകണം, രാമേശ്വരത്ത് ഒരു ദിവസം തങ്ങണം എന്നൊക്കെയുള്ള ആഗ്രഹം പലവട്ടം പ്രകടിപ്പിച്ചെങ്കിലും അതെല്ലാം നടക്കാതെപോയ സ്വപ്‌നങ്ങളായി ബാക്കി നില്‍ക്കുന്നു. 

കോഴിക്കോട് സുഹൃത്തുക്കള്‍ ആര് വണ്ടിയിറങ്ങിയാലും പുതിയങ്ങാടിയില്‍ വീടൊരുക്കി കാത്തിരിക്കുന്ന ആതിഥേയനായിരുന്നു സജീവ്. അതിരാവിലെ കടപ്പുറത്തുപോയി മുന്തിയ മീനൊക്കെ വാങ്ങി , അത് കറിയാക്കുന്ന റീനയ്‌ക്കൊപ്പം നിന്നും അതിഥികളെ മതിയാവോളം ഊട്ടിയും സംതൃപ്തനാകുന്ന, ഒരു കൊച്ചുകുട്ടിയുടെ നൈര്‍മ്മല്യമുള്ള മുഖം പെട്ടെന്നാര്‍ക്കും മറക്കാന്‍ കഴിയില്ല തന്നെ. അവിടെ തങ്ങിയിട്ടില്ലാത്ത സുഹൃത്തുക്കളുണ്ടാവില്ല എന്നുതന്നെ പറയാം. ജീവിതത്തിലെ വലിയ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരമണമായിരുന്നു ആ വീട്. അതിനനുസരിച്ചുളള മനോഹാരിതയും ആ വീടിനുണ്ട്. ആര്‍ക്കിടെക്റ്റ് രാജീവുമായി വീട് സംബ്ബന്ധിച്ച് പങ്കിട്ട സ്വപ്‌നങ്ങല്‍ക്ക് പലപ്പോഴും ഞാന്‍ സാക്ഷിയായിരുന്നു. ഇപ്പോള്‍ ഞങ്ങളൊക്കെ പറയും, വീട് വയ്ക്കുന്നെങ്കില്‍ സജീവ് വച്ചപോലെ ഒന്നാകണം, ഇല്ലെങ്കില്‍ വയ്ക്കാതിരിക്കയാണ് നല്ലത്. ഡല്‍ഹിയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വയനാട് , പത്തനംതിട്ട ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കണ്ണൂര്‍ ,കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിങ്ങനെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച കലാ-സാഹിത്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനും അതിലേറെ സൗഹൃദങ്ങളുടെ അവസാനവാക്കുമായ സുഹൃത്തെ, ഞങ്ങളുടെ മനസിലെ ദുഃഖവും സന്തോഷവുമായി നീ എന്നും നിലനല്‍ക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.




Sunday, 17 February 2019

Trip to Piran malai

ഒര്‍ക്കാപ്പുറത്തൊരു ട്രക്കിംഗ് - പ്രാണ്‍മല യാത്ര 

പ്രാണ്‍ മല കാണാനിറങ്ങുമ്പോള്‍ അതിന്റെ നെറുകയിലെത്തും എന്നൊരു ധാരണയില്ലായിരുന്നു. ഉച്ചഭക്ഷണവുമെടുത്ത് കാറില്‍ കയറുമ്പോള്‍ ഒരു ഔട്ടിംഗ് എന്നേ ഉദ്ദേശിച്ചുള്ളു.ചൂട് താരതമ്യേന കുറവുള്ള ഒക്ടോബര്‍ മാസം. ഇടയ്‌ക്കെപ്പൊഴോ ഒക്കെ മഴപെയ്ത് പ്രകൃതി സന്തോഷത്തിലാണ്. ദേവക്കോട്ട ഡിവിഷനില്‍ ഇങ്ങനെ ട്രെക്കിംഗിനുള്ള ഒരിടമുണ്ട് എന്ന് മോള് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും പോകാന്‍ മുന്‍കൈഎടുത്തില്ല എന്നതാണ് സത്യം. ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഫെബിനും ശ്രീജയും എത്തിയിട്ടുണ്ട്.പരമക്കുടിയില്‍ നിന്നും വിഷ്ണുവും വന്നിട്ടുണ്ട്. ജിപിഎസ് ഇട്ട് യാത്ര പുറപ്പെട്ടു. തിരക്കുള്ള പ്രധാന റോഡുകള്‍ പിന്നിട്ട് മരങ്ങള്‍ ഇടതിങ്ങിയ മനോഹരമായ വഴികളിലൂടെ ഞങ്ങള്‍ നീങ്ങി. ദൂരെയായി ശിവലിംഗം പോലെയുള്ള പ്രാണ്‍ മല കണ്ടു. ഓരോ മല കാണുമ്പോഴും ഇതിന്റെ നെറുകയില്‍ കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കരുതാറുണ്ട്. ഇപ്പോഴും ആ ചിന്ത മനസില്‍ വന്നു. മിക്ക മലകളിലും കയറാനുള്ള വഴി ഉണ്ടാവില്ല, അതല്ലെങ്കില്‍ അതീവ റിസ്‌ക്കുള്ളവയവാകും. ഞങ്ങള്‍ അടിവാരത്തെത്തുമ്പോള്‍ രണ്ട് മണിയായി. മലയുടെ മുന്നിലൂടെ വാഹനം മുന്നോട്ട് പോയി. ഒരു സ്‌കൂളിന് മുന്നില്‍ നിര്‍ത്തി , തണലത്തിരുന്ന് വീരമ്മാള്‍ തയ്യാറാക്കിത്തന്ന ഭക്ഷണം കഴിച്ചു. ആശയുടെ കുക്കും സഹായിയുമാണ് വീരമ്മാള്‍. നല്ല ഭക്ഷണം. ഇനി മല കയറാനുള്ള വഴി നോക്കണം. കയറാന്‍ കഴിയുന്നിടത്തോളം കയറാം, പിന്നെ തിരിച്ച് ഇറങ്ങാം, ഇതായിരുന്നു കണക്കുകൂട്ടല്‍. നാട്ടുകാരോട് ചോദിച്ച് വഴി മനസിലാക്കി. വളരെ കുറച്ച് ആളുകളെ അവിടെ താമസമുള്ളു. സൗകര്യമായ ഒരിടത്ത് വണ്ടിയിട്ട് ചുറ്റിലും നോക്കി. അടുത്തായി ക്ഷേത്രത്തിന്റെ ലക്ഷണമുണ്ട്. കൊടുംകുണ്ട്രീശ്വര്‍ ക്ഷേത്രവും ഭൈരവ ക്ഷേത്രവും അടുത്താണ്. പൂര്‍വ്വ ഘട്ടത്തിന്റെ അതിരായ ഇവിടം ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂര്‍ താലൂക്കാണെന്ന് ആശ പറഞ്ഞു. ഇവിടം ഇപ്പോഴും ധാരാളം വൃക്ഷങ്ങളാല്‍ സമൃദ്ധമാണ്. പാക് സ്‌ട്രെയിറ്റിലേക്ക് നീളുന്ന വന്‍ കാടിന്റെ ഭാഗമായിരുന്നു ഇവിടം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വെട്ടിത്തെളിച്ചതാണ്. 17-18 നൂറ്റാണ്ടില്‍ മരുത്പാണ്ടിയാര്‍ ഭരിച്ചപ്പോഴാണ് അവിടെ കോട്ട നിര്‍മ്മിച്ചത്. 19ാം നൂറ്റാണ്ടില്‍ ഏഴ് വെള്ളാളരില്‍ ഒരാളായിരുന്ന പാരി ഭരണാധികാരിയായി. കോട്ടയും മറ്റും നാശോന്മുഖമായതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും കാണാനുണ്ട്.

ഞങ്ങള്‍ നടന്നു തുടങ്ങി. ചില ഇടങ്ങളില്‍ പടി കെട്ടിയിട്ടുണ്ട്. മറ്റു ചില ഭാഗങ്ങള്‍ അനായാസം കയറാന്‍ കഴിയുന്നവയും. കുറച്ചു കയറുമ്പോള്‍ ഒരു ശിവക്ഷേത്രമുണ്ട് എന്നറിയാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ കയിറിത്തുടങ്ങിയത് ട്രെക്കിംഗ് പാതയിലാണെന്ന് പിന്നീടാണ് മനസിലായത്. അരമണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ ഒരു കുടില്‍ കണ്ടു. ഇതാകും ദര്‍ഗ എന്നാണ് ആദ്യം കരുതിയത്. പക്ഷെ അത് വിശ്രമിക്കാനുള്ള ഇടമായിരുന്നു. അവിടെ നിന്നും വീണ്ടും അമ്പടയാളം മുകളിലേക്ക്. പടികളുണ്ട്. ഇരുവശവും ചെറുതും വലുതുമായ മരങ്ങള്‍. അതിലെല്ലാം കുരങ്ങന്മാരുണ്ട്. ഇടയ്‌ക്കൊക്കെ കുറെ ആളുകള്‍ മലയിറങ്ങി വരുന്നതുകണ്ടു. അപ്പോള്‍ മുകളില്‍ ആളുണ്ട് എന്ന ആശ്വാസമായിരുന്നു. കുറച്ചു കൂടി മുന്നോട്ട് കയറുമ്പോള്‍ വഴി മുടക്കി അനേകം കുരങ്ങന്മാര്‍. ഒന്നു ഭയന്നു. ഇവന്മാര്‍ കൂട്ടം കൂടി ഉപദ്രവിക്കുമോ?  മടങ്ങാന്‍ തീരുമാനിച്ചെങ്കിലും പിന്നെ എല്ലാവരും ഓരോ കമ്പൊടിച്ച് കൈയ്യില്‍ വച്ച് ധൈര്യം നടിച്ച് മുന്നോട്ട് നടന്നു. അവര്‍ ഉപദ്രവിച്ചില്ല. ശ്രീജ പൂമ്പാറ്റകളുടെയും മറ്റും ചിത്രങ്ങള്‍ പുതുതായി വാങ്ങിയ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

വീണ്ടും മറ്റൊരു വിശ്രമ കേന്ദ്രത്തില്‍. ഇനിയും മുന്നോട്ടെന്ന് അമ്പടയാള സൂചന. ദാഹം തുടങ്ങി. ആരും തന്നെ വണ്ടിയില്‍ നിന്നും കുടിവെള്ളം എടുത്തിരുന്നില്ല. ഇങ്ങനെ കയറാന്‍ കഴിയും എന്ന ധാരണയില്ലായിരുന്നല്ലൊ.വീണ്ടു ഉയരങ്ങളിലേക്ക്. താഴെ അകലെയായി നഗരക്കാഴ്ചകള്‍ കാണാം എന്ന വിധം ഉയരത്തിലെത്തി. സൂര്യനും പ്രതാപം കുറഞ്ഞു വരുകയാണ്. ഇടയ്ക്ക് മഴയൊന്നു ചാറി. ദാഹമകറ്റാനുള്ള മഴ കിട്ടും എന്നു കരുതിയത് വെറുതെയായി.

ഇപ്പോള്‍ മരങ്ങളൊന്നുമില്ലാത്ത ഇളം പിങ്ക് കലര്‍ന്ന പാറ മാത്രമായി മുന്നില്‍. ക്ഷീണം തോന്നിയില്ല. നടക്കുക തന്നെ. കുറച്ചകലെ ഒരു കുളം കണ്ടു. പക്ഷെ വെള്ളം അത്ര നന്നല്ല, ഒന്നു മുഖം കഴുകാന്‍ പോലും കൊള്ളില്ല. മലയിലെ പാണ്ഡവ തീര്‍ത്ഥങ്ങളില്‍ ഒന്നാകാം. അഞ്ച് കുളങ്ങള്‍ ഇവിടെയുണ്ട്. മലമുകളില്‍, ഏതാണ്ട് 2500 അടി മുകളില്‍ എത്തുന്നതിന്റെ ഉത്സാഹം എല്ലാവര്‍ക്കുമുണ്ടായി. സൂര്യന്‍ ചുവന്ന് ചക്രവാളത്തില്‍ കനലാകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു. മുകളില്‍ വീണ്ടും ഒരു കുളം .അപ്പോഴേക്കും വിഷ്ണു മലമുകളില്‍ എത്തിയിരുന്നു. തൊട്ടുപിന്നാലെ ഞാനും. അവിടെ ഒരു ചായക്കട. വിഷ്ണു ചായകുടിച്ചു തുടങ്ങിയിരുന്നു. അപ്പോഴുണ്ടായ സന്തോഷം ചില്ലറയല്ല. ചായയുണ്ട്, വേഗം വാ എന്ന് ഞാന്‍ വിളിച്ചു പറയുമ്പോള്‍ നടന്നു വരുന്നവര്‍ക്ക് അവരെ കളിയാക്കുകയാണ് എന്നാണ് തോന്നിയത്.ചായ കുടിക്കും മുന്‍പ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചു. ചായയ്ക്ക് ഇതുവരെ കുടിച്ച എല്ലാ ചായകളേക്കാളും രുചി. ഇവിടെയും ഇത്തരമൊരു കട നടത്തുന്ന ആ മനുഷ്യനോട് ഒരു പ്രത്യേക സ്‌നേഹം തോന്നി. ബിസ്‌ക്കിറ്റ്, കപ്പലണ്ടി മിഠായി ഒക്കെ വാങ്ങി കഴിച്ചു. മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാമറയില്‍ പകര്‍ത്തി. ഒറ്റപ്പാറയുടെ മുകളില്‍ കയറി നിന്ന് കാറ്റുകൊണ്ടു. തൊട്ടടുത്ത് ഒരു ചെറിയ മുരുക ക്ഷേത്രവും ഒരു ദര്‍ഗയും . ദര്‍ഗയിലേക്കുള്ള പ്രവേശന വഴിയില്‍ ശുദ്ധജലം ലഭിക്കുന്ന കുളം . അവിടെ കാല്‍ കഴുകി ദര്‍ഗ്ഗയിലേക്ക് കടന്നു. വാലിയുള്ള ഷേയ്ക്ക് അബ്ദുള്ള സാഹബിന്റെ കബറാണ്. ജാതി-മതഭേദമന്യേ ആളുകള്‍ ആരാധിക്കുന്ന കബറിന്റെ സൂഷിപ്പുകാരന്‍ ഷെരീഫിനെ പരിചയപ്പെട്ടു. അവര്‍ എത്രയോ തലമുറകള്‍ക്ക് മുന്‍പ് സൗദിയില്‍ നിന്നും വന്നതാണ് എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഇവിടെവച്ച് മനസില്‍ എന്താഗ്രഹം പ്രകടിപ്പിച്ചാലും അത് നടക്കും, ഷെരീഫ് പറഞ്ഞു. എല്ലാവരും അവിടെ പ്രര്‍ത്ഥനാ നിരതരായി. ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചോ എന്നറിയില്ല.ദര്‍ഗയില്‍ നൂറു രൂപ കാണിക്ക വച്ച് ഇറങ്ങി. അവിടെ താമസിക്കാനും സൗകര്യമുണ്ട്. ആ രാത്രിയില്‍ അവിടെ തങ്ങുന്ന ഒരു കുടുംബത്തെ കണ്ടു. അവര്‍ രാവിലെയെ മലയിറങ്ങൂ. മല മുകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലാതിരിക്കുന്നത് സ്വാഭാവികം.തീര്‍ത്ഥാടനത്തിന് വന്നവര്‍ വെള്ളം കുടിച്ച പ്ലാസ്റ്റിക് കവറുകള്‍ അവിടവിടെ നിക്ഷേപിച്ചിരിക്കുന്നത് കണ്ടു. ഞങ്ങള്‍ ഷെരീഫിനോട് യാത്ര പറഞ്ഞ് ഇറങ്ങി. വഴിയില്‍ ഇഴ ജന്തുക്കളെ ശ്രദ്ധിക്കണം, മറ്റ് ജിവികളുടെ ശല്യം ഉണ്ടാകില്ലെന്ന് ഷെരീഫ് പറഞ്ഞു.
മൊബൈലിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ സാവധാനം മലയിറങ്ങാന്‍ തുടങ്ങി. കയറുന്നതിനേക്കാള്‍ റിസ്‌ക്കാണ് രാത്രിയിലെ മലയിറക്കം എന്നു മനസിലായി. കുഴപ്പമൊന്നുമില്ലാതെ താഴെയെത്താന്‍ രണ്ടര മണിക്കൂറെടുത്തു. പത്ത് മണിയോടെ ദേവക്കോട്ടയിലെത്തി. യാത്രാ ക്ഷീണത്തില്‍ സുഖമായുറങ്ങി. പതിവായി നടന്നു ശീലമില്ലാത്ത ഫെബിന്റെ കാലില്‍ നീരടിച്ചു. എല്ലാവര്‍ക്കും കാല് വേദനയും ഉണ്ടായിരുന്നു എന്നതല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വാദ്യകരമായ ഒരു യാത്രയാണ് പ്രാണ്‍ മലയിലേക്കുള്ളത്. കുടിവെള്ളവും ലഘുഭക്ഷണവും എടുക്കാന്‍ മറക്കരുത്. കൊണ്ടുപോകുന്നതൊന്നും മലയില്‍ നിക്ഷേപിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. 
ഫോട്ടോസ് -- ശ്രീജയും ഫെബിനും










Saturday, 16 February 2019

No caste No religion certificate


സാമൂഹ്യമാറ്റത്തിന് പുത്തന്‍ സര്‍ട്ടിഫിക്കറ്റ് 

സെക്കുലര്‍ എന്നാല്‍ not connected with religious or spiritual matters എന്നാണ് നിഘണ്ടുവിലെ അര്‍ത്ഥം. അത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയിലെ ഒരു പൗരനും ഒരു രേഖയിലും  അപേക്ഷയിലും രേഖപ്പെടുത്തേണ്ടാത്ത ഒന്നാണ് മതവും ജാതിയും. എന്നാല്‍ തൊഴിലും വിദ്യാഭ്യാസവും ജാതി അടിസ്ഥാനമാക്കി സംവരണം ചെയ്തിട്ടുള്ള ഒരു നാട്ടില്‍ ഇത് ഒരനിവാര്യതയായി മാറുന്നു.എന്നാല്‍ ജാതിയും മതവും രേഖപ്പെടുത്താതെ ജീവിക്കുന്ന അപൂര്‍വ്വം ധീരന്മാരും നാട്ടില്‍ ഉണ്ട് എന്നതാണ് സത്യം. പക്ഷെ അവര്‍ ഓരോ അപേക്ഷകള്‍  നല്‍കുമ്പോഴും ഇത് സംബ്ബന്ധിച്ച് സത്യവാങ്മൂലം നല്‍കേണ്ട സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ സത്യവാങ്മൂലമെഴുതി മടുത്ത ജാതിയും മതവുമില്ലാത്ത തിരുപ്പട്ടൂര്‍കാരി സ്‌നേഹ 2010ലാണ് സ്വന്തമായി ഒരു ജാതി-മതരഹിത സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. പലവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ അപേക്ഷ തള്ളി. നിയമബിരുദധാരിയായ സ്‌നേഹ പിന്നോട്ട് പോയില്ല. തന്റെ ഭാഗം വാദിച്ചുകൊണ്ടേയിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നാട്ടില്‍ എന്തുകൊണ്ട് ജാതിരഹിത സര്‍ട്ടിഫിക്കറ്റും നല്‍കിക്കൂടാ എന്ന വാദത്തെ തള്ളാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞില്ല എങ്കിലും രാജ്യത്ത് ഇതുവരെ ആര്‍ക്കും നല്‍കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് ഞാന്‍ എങ്ങിനെ നല്‍കും എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ precedence ഇല്ല. 2019 ല്‍ എത്തുമ്പോള്‍ വ്യക്തമായ തീരുമാനമുണ്ടായി. ഈ സര്‍ട്ടിഫിക്കറ്റ് മറ്റൊരാളുടെ അവകാശത്തെ കവര്‍ന്നെടുക്കാത്തതും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്തതുമാണ് എന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുപ്പട്ടൂര്‍ സബ്കളക്ടര്‍  ബി.പ്രിയങ്ക പങ്കജം രാജ്യത്താദ്യമായി ഒരു ജാതിയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ടു. 2019 ഫെബ്രുവരി 5ന് തിരുപ്പട്ടൂര്‍ തഹസീല്‍ദാര്‍ സത്യമൂര്‍ത്തിയില്‍ നിന്നും സ്‌നേഹ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇതൊരു സാമൂഹ്യമാറ്റത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രാജ്യത്ത് പലര്‍ക്കും ഇതൊരു പ്രചോദനമാകും എന്നു കരുതാം. സ്‌നേഹയുടെ ഭര്‍ത്താവ് തമിഴ് പ്രൊഫസര്‍ പ്രതിഭാ രാജയും ഈ പോരാട്ടത്തില്‍ ഒപ്പമുണ്ട്. അവരുടെ മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റിലും ജാതിയില്ല. കുട്ടികളുടെ പേരിലുമുണ്ട് പുതുമ. ആദിരൈ നസ്രീന്‍, അഥില ഐറീന്‍, ആരിഫ ജസി എന്നിവരാണ് മക്കള്‍.

Friday, 15 February 2019

Ban of plastics in Tamil nadu

പ്ലാസ്റ്റിക് മുക്ത തമിഴ്നാട് 

 തമിഴ്‌നാട്ടില്‍ കുറഞ്ഞ ഇനം പ്ലാസ്റ്റിക്കും കാരി ബാഗും 2019 ജാനുവരി മുതല്‍ നിരോധിക്കും എന്ന വാര്‍ത്ത വന്നപ്പോള്‍ കേരളം പോലും വേണ്ടത്ര വിജയിക്കാതെപോയ പ്ലാസ്റ്റിക്കിനെതിരായ യുദ്ധത്തില്‍ തമിഴ്‌നാട് എങ്ങിനെ വിജയിക്കാന്‍ എന്ന് തോന്നിയിരുന്നു.തുടക്കത്തില്‍ ഏതാണ്ട് അങ്ങിനെതന്നെയായിരുന്നു താനും.എന്നാല്‍ കാര്യങ്ങള്‍ ഗൗരവമാര്‍ന്നത് പെട്ടെന്നാണ്.ഇപ്പോള്‍ ചെറിയ ടൗണുകളില്‍ പോലും കടകളില്‍ പ്ലാസ്റ്റിക് കാരി ബാഗ് കാണാനില്ല.പ്ലാസ്റ്റിക്കും തുണിയും ചേര്‍ന്ന കേരളത്തില്‍ സുലഭമായ കാരിബാഗുപോലും നിരോധിച്ചിരിക്കയാണ്. അതും മണ്ണില്‍ അലിഞ്ഞുചേരില്ല എന്നതാണ് കാരണം.ഇപ്പോള്‍ എല്ലാവരും തുണിബാഗുകളുമായാണ് കടകളില്‍ പോകുന്നത്. പാത്രങ്ങളുമായി മീനും ഇഢലിമാവും മറ്റും വാങ്ങാന്‍ വരുന്നവരെയും കാണാന്‍ കഴിഞ്ഞു. 2019 ഫെബ്രുവരി 13 ന് അസംബ്ലിയില്‍ കൊണ്ടുവന്ന ബില്ല് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ നിയന്ത്രണം കര്‍ക്കശമാക്കാന്‍ ലക്ഷ്യമിടുന്നു.100 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ശിക്ഷയുണ്ടാകും വിധമാണ് നിയമം വരുന്നത്. ചെറുകിട കച്ചവടക്കാര്‍ കാരിബാഗ് നല്‍കുന്നത് കണ്ടാല്‍ ആദ്യതവണ 100 രൂപയും അടുത്ത തവണ 200 രൂപയും മൂന്നാമത് വട്ടത്തിന് 500 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പിഴ വിധിക്കാം. ഇടത്തരം കച്ചവടക്കാര്‍ക്ക് പിഴ യഥാക്രമം 1000, 2000, 5000 എന്നാകും.സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ടെക്സ്റ്റയില്‍ ഷോപ്പുകള്‍ക്കും മാളുകള്‍ക്കും പിഴ 10,000, 15,000, 25,000 എന്ന നിലയിലാണ്. വന്‍തോതില്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സൂക്ഷിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് ശിക്ഷ 25,000, 50,000, ഒരു ലക്ഷം എന്ന നിലയിലും. ഏതായാലും അത്ഭുതകരമായ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആട് മാടുകള്‍ വഴിനീളെ അലഞ്ഞു നടക്കുന്ന തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് കവര്‍ കഴിച്ച് മരിക്കുന്ന ജീവികള്‍ അപ്രധാന വാര്‍ത്തയായി മാറിയിരുന്നു. പാവം ജീവികള്‍, അവര്‍ രക്ഷപെട്ടു. ഒപ്പം നദികളും കുളങ്ങളും കൃഷിയിടങ്ങളും എല്ലാംതന്നെ ഒരു പുതിയ ഇടമായി മാറുകയാണ്. തമിഴ്‌നാടിന് വിജയിക്കാന്‍ കഴിഞ്ഞെങ്കില്‍ കേരളത്തിന് തീര്‍ച്ചയായും കഴിയും. അധികൃതരുടെ സത്യസന്ധമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു.

Thursday, 14 February 2019

lost bonsai

ബോണ്‍സായ്  നഷ്ടം
ടോക്കിയോയ്ക്ക് വടക്കുള്ള നഗരമാണ് കവാഗുച്ചി. സെജി ലിമുറായും ഭാര്യ ഫുയൂമിയും അവിടെ സന്തോഷത്തോടെ ജീവിതം നയിക്കുന്ന ബോണ്‍സായ് നിര്‍മ്മാതാക്കളാണ്. അപ്പനും അപ്പുപ്പനും തുടങ്ങി അഞ്ച് തലമുറയായി ബോണ്‍സായ് മരങ്ങളുണ്ടാക്കി വില്‍പ്പന നടത്തുന്നു. അതൊരു തൊഴില്‍ എന്നതിലുപരി ആനന്ദം പകരുന്നൊരു ദിനചര്യ കൂടിയായിരുന്നു അവര്‍ക്ക്. അപ്പനപ്പുന്മാര്‍ തലമുറകളായി കൈമാറി കിട്ടിയ കുറെ കുഞ്ഞുമരങ്ങളുണ്ട് അവര്‍ക്ക്. അവ സ്വന്തം മക്കളേക്കാള്‍ ജീവനാണ് അവര്‍ക്ക്. രാവിലെ ഉണര്‍ന്നാലുടന്‍ അവരെ പരിപാലിക്കലും ഉറങ്ങും മുന്‍പ് മനസിന് ആനന്ദം പകരാന്‍ അവരെ ഓമനിച്ച് ഉറങ്ങാന്‍ കിടക്കുകയും ചെയ്യുക അവരുടെ ജിവതരീതിയായിരുന്നു.ഇതിനെല്ലാം അവസാനമാക്കിക്കൊണ്ട് ജാനുവരിയിലെ ഒരു പ്രഭാതം അവരെ തളര്‍ത്തിക്കളഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏഴ് ചെടികളാണ് മോഷണം പോയത്. പത്ത് ലക്ഷം യെന്‍ വിലപറഞ്ഞിട്ടും കൊടുക്കാതിരുന്ന അഞ്ച്ു തലമുറകളുടെ ലാളനം കിട്ടിയ ബോണ്‍സായ്കള്‍.400 വര്‍ഷത്തിലേറെ പഴക്കമുള്ള ജൂനിപ്പര്‍ മരം ഫിയൂമിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞു, ശരീരം തളര്‍ന്നു. തൊണ്ണൂറായിരം ഡോളര്‍ മാര്‍ക്കറ്റ് വിലയുള്ള ബോണ്‍സായാണ് എന്നതിനേക്കാള്‍ സ്വന്തം മക്കളെ ആരോ കൊല്ലാന്‍ കൊണ്ടുപോയതുപോലെയുള്ള വേദനയായിരുന്നു മനസില്‍. ഉടനെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ബോണ്‍സായ്കള്‍ നഷ്ടപ്പെട്ടിട്ട് ഒരു മാസത്തിലേറെ ആയതോടെ കടുത്ത നിരാശയിലാണ് അവരിപ്പോള്‍. കള്ളന്മാരോട് ഒരുഭ്യര്‍ത്ഥനമാത്രമെ അവര്‍ക്കുള്ളു, ദയവായി വെള്ളമൊഴിച്ച് അവരെ പരിപാലിക്കണം. ഞങ്ങളുടെ മക്കള്‍ വെള്ളം കിട്ടാതെ മരിച്ചുപോകരുത്.
ജപ്പാനിലെ ദമ്പതികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ബോ്ണ്‍സായ്കള്‍ അവര്‍ക്ക് കേടുപാട് കൂടാതെ തിരിച്ചു കിട്ടട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും നിര്‍ത്തുന്നു.

Tuesday, 8 January 2019

kadalasu pookkal - katha

കഥ

കടലാസ് പൂക്കള്‍  ( 1981 ല്‍ എഴുതിയത്)


"മുരളിക്ക് എന്നെ ശരിക്കും അറിയില്ല. ഒരായുസിന്‍റെ മുഴുവന്‍ ദു:ഖവും അനുഭവിച്ചവളാണ് ഞാന്‍", മുരളിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചുകൊണ്ട് ശ്രീ പറഞ്ഞു. മില്‍ട്ടന്‍റെ ദ പാരഡൈസ് ലോസ്റ്റില്‍ നിന്നും മിഴി ഉയര്‍ത്തി അവള്‍ അവനെ നോക്കി. അവളുടെ കണ്ണില്‍ ദു:ഖത്തിന്‍റെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത് അവന്‍ കണ്ടു. അതിന്‍റെ ഓരോ ശാഖയില്‍ നിന്നും ഒഴുകിയെത്തിയ തുള്ളികള്‍ ഒന്നുചേര്‍ന്ന് കണ്‍കോണില്‍ തളംകെട്ടി. അവന്‍ ആ കണ്ണീരൊപ്പാന്‍ തുനിഞ്ഞു. തുടുത്ത ചുണ്ടുകള്‍ ചലിപ്പിച്ച് വശ്യമായി ചിരിച്ചുകൊണ്ടവള്‍ തുടര്‍ന്നു. "ഇതാണെന്‍റെ ഏകആശ്വാസം.കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോള്‍ ഞാന്‍ സ്വതന്ത്രയാകുന്നു.മനസിന്‍റെ ഭാരം കുറയുന്നു. ഞാന്‍ സുഖത്തിന്‍റെ ഒരു തുരുത്തില്‍ അഭയം കണ്ടെത്തുന്നു", അവള്‍ ഒന്നുനിര്‍ത്തി.

   ഒന്നും മനസിലാകാതെ മൂകനായിരിക്കുന്ന മുരളിയെനോക്കി അവള്‍ ചോദിച്ചു, "എൻറെ കഥ തനിക്ക് താല്പ്പര്യമില്ലാത്തതാണെന്നു തോന്നുന്നു. എങ്കിലും കേള്‍ക്കേണ്ടതാവശ്യമാണ്." അവള്‍ പുഞ്ചിരിച്ചു."ഞാന്‍ എന്‍റെ കഥ എഴുതും. പക്ഷെ പ്രസിദ്ധീകരിക്കാനുള്ള ധൈര്യം എനിക്കില്ല.കഥാവസാനത്തില്‍ മുരളിക്കും ഒരു സ്ഥാനമുണ്ടാകും", അവള്‍ പറഞ്ഞു.

   ഗവേഷണ വിദ്യാര്‍ത്ഥികള്‍ റഫറന്‍സ് പുസ്തകങ്ങളുമായി മേശയ്ക്കുചുറ്റും സ്ഥലം പിടിക്കുകയായിരുന്നു. അവള്‍ പുസ്തകം മടക്കിവച്ചു. മുരളിക്കൊപ്പം പുറത്തിറങ്ങി. നിറയെപൂത്ത കൊന്നയുടെ ചുവട്ടിലെത്തിയപ്പോള്‍ അവള്‍ നിന്നു. ഒരു കുല പൂപറിച്ച് ഓരോന്നായി ഇറുത്തെടുത്തു. കൈ നിറയെ പൂവ്.മുരളിയുടെ തലയിലൂടെ പൂവിതറി അവള്‍ പൊട്ടിച്ചിരിച്ചു. പക്ഷെ അവന് ചിരിക്കാന്‍ കഴിഞ്ഞില്ല. ഒരായിരം ചോദ്യങ്ങള്‍ അവനുചുറ്റും മൂടല്‍മഞ്ഞ് സൃഷ്ടിച്ചു.

"കൊന്നപൂവും സ്വര്‍ണ്ണമാലയും മോതിരവും പുടവയും വച്ച താലവും എഴുതിരിയിട്ട വിളക്കുമുള്ള  വിഷുക്കണി എനിക്കോര്‍മ്മ വരുന്നു മുരളി. പ്രഭാതത്തിന്‍റെ ആദ്യവെളിച്ചം വരുംമുന്‍പെ അമ്മ വന്ന് കണ്ണുപൊത്തി വിളക്കിനുമുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുമായിരുന്നു. അന്നൊക്കെ ചേച്ചിമാരും ഹരിയേട്ടനുമൊക്കെ എത്ര വെള്ളിരൂപകള്‍ തരുമായിരുന്നെന്നോ! ഇന്നെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രം", അവള്‍ നെടുവീര്‍പ്പിട്ടു.

അവന്‍ ഓരോ പൂക്കളും ഇതള്‍കീറി തന്‍റെ അസ്വസ്ഥത വെളിപ്പെടുത്തുകയായിരുന്നു. അവളുടെ കണ്ണുകളിലെ ദുരൂഹതയുടെ ഓളം അവനെ കൂടുതല്‍ അസ്വസ്ഥനാക്കി. അനേകം ചോദ്യങ്ങള്‍ അവന്‍റെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു."മുരളി, ഞാന്‍ പോവുകയാണ്, ഗീത വരുന്നുണ്ട്", അവള്‍ മറുപടിക്ക് നില്‍ക്കാതെ വേഗം നടന്നു.

ശ്രീയെ പരിചയപ്പെട്ട നാള്‍ മുതല്‍ മുരളിക്ക് പലതും ചോദിക്കണമെന്ന് തോന്നിയിരുന്നു.എന്നാല്‍ ഗവേഷണ വിഷയത്തിനപ്പുറം ഒന്നും അവര്‍ സംസാരിച്ചിരുന്നില്ല. ഈ ചുരുങ്ങിയ സമയംകൊണ്ട് ശ്രീ ഒരായിരം കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു. ടെറസിന്‍റെ മുകളില്‍ കിടന്നുകൊണ്ട് മുരളി ഉറക്കത്തിനായി കാത്തു.ദൂരെ രഹസ്യങ്ങള്‍ ഒളിപ്പിച്ചുവച്ചുറങ്ങുന്ന നക്ഷത്രങ്ങള്‍ മാത്രമായിരുന്നു അവന് കൂട്ട്.

അടുത്ത ദിവസം മുരളി വളരെനേരത്തെ തന്നെ ലൈബ്രറിയില്‍ എത്തി.ചുവന്ന സാരിയും ബ്ലൌസുമായിരുന്നു ശ്രീയുടെ വേഷം. ചെവിയില്‍ ചുവന്ന കല്ലുകള്‍ പതിച്ചിരുന്നു.എഴുതിക്കൊണ്ടിരുന്ന നോട്ട്സില്‍ നിന്നും കണ്ണുയര്‍ത്തി  അവള്‍ അവനെ അഭിവാദ്യം ചെയ്തു.മുരളിയുടെ കണ്ണിലേക്ക് ഉറ്റുനോക്കികൊണ്ടവള്‍ പറഞ്ഞു, "സാഹിത്യകാരന്മാര്‍ പൊതുവെ മാനസിക രോഗികളാണ് - ല്ലെ മുരളി ? ". മറുപടി പ്രതീക്ഷിക്കാത്തതുപോലെ അവള്‍ തുടര്‍ന്നു. "ഷേക്സ്പിയര്‍ തന്നേക്കാള്‍ വളരെ മുതിര്‍ന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചു. കീറ്റ്സ് പ്രേമത്തിന്‍റെ മായാവലയത്തില്‍ കിടന്നുവീര്‍പ്പുമുട്ടി. കോളറിഡ്ജ് ലഹരിമരുന്നുകള്‍ക്കടിമയായി. എങ്കിലും അവര്‍ക്കെല്ലാം ജീവിതം ഒരനുഭവമായിരുന്നു", ശ്രീ ദീര്‍ഘശ്വാസമെടുത്തു. അവളുടെ മെലിഞ്ഞ ശരീരം ഉയര്‍ന്നുതാണു. കഴുത്തിലെ ഞരമ്പുകള്‍ ത്രസിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ശബ്ദത്തിന്  എന്തോ ഒരു പതര്‍ച്ച പോലെ

."മുരളി, എന്‍റെ ജീവിതം ഒരു കടംകഥയാണ്, ഉത്തരമില്ലാത്ത കടംകഥ. തനിക്കറിയാമോ, ഞാനൊരു ലക്ചററായിരുന്നു. ഗവേഷണ വിദ്യാര്‍ത്ഥിയാകുന്നതിന് മുന്‍പ് എനിക്കാജോലി നഷ്ടപ്പെടുത്തേണ്ടി വന്നു. അതിലെനിക്ക് ദു:ഖമില്ല, വലിയ ദു:ഖങ്ങള്‍ക്കിടയില്‍ ശബ്ദമുണ്ടാക്കാതെ വീണൊരു കരിയില മാത്രമാണത്. "

മുരളി ചോദ്യങ്ങള്‍ക്കുവേണ്ടി പരതുകയായിരുന്നു. അവള്‍ തുടര്‍ന്നു. "കോളേജ് ജീവിതം അനുഭവങ്ങളുടെ ഒരു കുന്നാണ്.എനിക്ക് അസ്തമയസൂര്യനെ നോക്കിനില്‍ക്കുന്ന കുന്നായിതീര്‍ന്നെന്നു മാത്രം.", ശ്രീ എന്തോ ആലോചിച്ച് ഒന്ന് മന്ദഹസിച്ചു. "എത്രയെത്ര തമാശകള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നോ? ഒരിക്കല്‍ ഷേക്സ്പിയറുടെ നാടകം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫ്റലിറ്റി, ദൈ നെയിം ഈസ് വുമണ്‍ എന്ന വാക്യം ക്ലാസില്‍ അവതരിപ്പിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വിരുതന്‍റെ ചോദ്യം, ടീച്ചര്‍,എല്ലാ സ്ത്രീകള്‍ക്കും ഈ നിര്‍വ്വചനം യോജിക്കുമോ എന്ന്. എക്സെപ്റ്റ് മീ എന്ന എന്‍റെ മറുപടി ക്ലാസില്‍ കൂട്ടചിരിയുയര്‍ത്തി. മുരളി, ഇന്ന് കൊടുക്കേണ്ട പുസ്തകമാണ്, ഞാന്‍ ബാക്കി നോട്ട്സ് കൂടി എഴുതട്ടെ. ഇനി ബാക്കി കഥ പിന്നീടാകാം", അവള്‍ ദുരൂഹത ബാക്കിയാക്കി നോട്ട്സ് എഴുതാന്‍ തുടങ്ങി.

മുരളിക്ക് മനസിലുണ്ടായിരുന്ന ആശങ്കകള്‍ തീ പിടിച്ച മട്ടായി. ഗവേഷണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവിധം ശ്രീയുടെ വാക്കുകള്‍ ആവര്‍ത്തിച്ച് മനസിലേക്ക് കയറിവന്നുകൊണ്ടിരുന്നു.പുസ്തകങ്ങള്‍ക്കിടയില്‍ ഇരട്ടവാലനും ചിലന്തിയും സ്വൈരവിഹാരം നടത്തി.ഒന്നും വായിക്കാന്‍ കഴിയാതെ മുരളി ഏറെ വിഷമത്തിലായി.

  ഞായറാഴ്ച വൈകിട്ട് ബീച്ചിലെത്തണമെന്ന ഫോണ്‍ സന്ദേശം കിട്ടുമ്പോഴും മുരളിയില്‍ ആശങ്കയുടെ  ചങ്ങലകള്‍ മുറുകുകയായിരുന്നു. അവന്‍ സമയത്തെ ശപിച്ചുകൊണ്ട് ഏറെ സമയം അസ്വസ്ഥനായി ചുറ്റിനടന്നു.ഐസ്ക്രീം ഹാളില്‍ നിന്നും പുറത്തിറങ്ങി ബീച്ചിലൂടെ നടക്കുമ്പോള്‍ കാറ്റടിച്ച് ശ്രീയുടെ മുടി പറന്നുയര്‍ന്നു. അത് മുഖം മറച്ചുനൃത്തം ചവുട്ടി. കടലിരമ്പുന്നതിനാല്‍ മനസിന്‍റെ താളം കേള്‍ക്കാന്‍ കഴിഞ്ഞില്ല. മണ്ണില്‍ പുതയുന്ന ഓരോ കാലടികളും കടല്‍ മായ്ക്കുന്നതുനോക്കി അവള്‍ നടന്നു.

"മനുഷ്യമനസ് കടലിനടിയില്‍ കിടക്കുന്ന ഒരു മുത്തുച്ചിപ്പി പോലെയാണ്. എത്ര ആഴത്തില്‍ മുങ്ങിയാലും നമുക്കത് തുറന്നു നോക്കാന്‍ കഴിയില്ല. എനിക്കിതുവരെ എന്‍റെ മനസ് ഒന്നു തുറന്നുനോക്കാന്‍ , ആ മുത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല", അവള്‍ അല്പ്പം നിര്‍ത്തി, തിരമാലകളിലേക്ക് നോക്കിനിന്നു.എന്നിട്ട് വളരെ സാധാരണമായ മട്ടില്‍ പറഞ്ഞു, "" മുരളി, ഞാനൊരു കുട്ടിയുടെ അമ്മയാണ്." അവള്‍ മുരളിയെ നോക്കി. അവള്‍ പ്രതീക്ഷിച്ചവിധം മുരളി സ്തംബ്ദനായി നില്‍ക്കുകയായിരുന്നു.അവള്‍ അവനെ മണലില്‍ ഇരുത്തി അവളും ഒപ്പമിരുന്നു. മുരളി മണ്ണില്‍ വിരലുകള്‍ ആഴ്ത്തി ബലം പ്രയോഗിച്ചു. മണല്‍തരികള്‍ കൈകളില്‍ ഇരുന്ന് ഞെരുങ്ങുമ്പോള്‍ മുഖത്ത് പേശികള്‍ വലിഞ്ഞു മുറുകുകയും കണ്ണുകള്‍ ചുവക്കുകയും ചെയ്യുന്നത് ശ്രീ അറിഞ്ഞു.

"മുരളി ശാന്തമായിരുന്നു കേള്‍ക്കണം. എല്ലാം യാദൃശ്ചികമായിരുന്നു. അനന്തതയോളം ആഴമുള്ള കണ്ണുകളും അലസമായ മുടിയും താടിയും ദൃഢമായ ശൈലിയും എല്ലാം സുഭാഷിന്‍റെ പ്രത്യേകതകളായിരുന്നു. ഒരു നക്സല്‍.ഇന്ത്യന്‍ മണ്ണില്‍ മാവോയിസത്തിന്‍റെ വിത്തു കിളിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവന്‍. അവന്‍റെ തീഷ്ണതയാര്‍ന്ന വാക്കുകളും പ്രവര്‍ത്തനവും എന്നെ അവനിലേക്കാകര്‍ഷിക്കുകയായിരുന്നു. ഒരു വല്ലാത്ത കാന്തശക്തി. ബന്ധുക്കളെല്ലാം എതിര്‍ത്തെങ്കിലും ഞങ്ങള്‍ ഒന്നായി. പിന്നീടാണ് ഞെട്ടിക്കുന്ന ഒരു സത്യം ഞാന്‍ മനസിലാക്കിയത്. സുഭാഷ് ലഹരിമരുന്നുകളുടെ അടിമയാണെന്ന്. മോചനമില്ലാത്ത അടിമ. ഞാന്‍ കുറെ കരഞ്ഞു. വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി പുറമെ ചിരിച്ചു നടന്നു. ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍  കഴിയാതെയായി. ഞാന്‍ ജോലി ഉപേക്ഷിച്ച് സുഭാഷിനെ ചികിത്സിച്ചു. പക്ഷെ അപ്പോഴേക്കും അയാളൊരു മാനസിക രോഗിയായി കഴിഞ്ഞിരുന്നു. അതയാളുടെ ആത്മഹത്യയിലാണ് അവസാനിച്ചത്. എനിക്കുണ്ടായ മുറിവുണക്കാന്‍ സഹോദരങ്ങള്‍ എത്തി. ഹരിയേട്ടന്‍റെ താല്പര്യംകൊണ്ടാണ് ഗവേഷണത്തിന് ചേര്‍ന്നത്. പുസ്തകങ്ങള്‍ക്കിടയിലെ ഈ ബന്ധനം എന്നെ സംബ്ബന്ധിച്ചിടത്തോളം ഒരാശ്വാസമായി", അവള്‍ പറഞ്ഞവസാനിപ്പിച്ചു.
"എനിക്കിപ്പോള്‍ സ്വപ്നങ്ങളില്ല മുരളി, ജീവിതത്തിന്‍റെ മണലാരണ്യം മാത്രമെ എനിക്ക് കാണാന്‍ കഴിയുന്നുള്ളു. എന്‍റെ മരിച്ച സ്വപ്നങ്ങളുടെ സന്തതിയായ മകനോടുപോലും എനിക്കത്ര വാത്സല്യമില്ല",
ശ്രീയുടെ ശബ്ദം താഴ്ന്നു.അവള്‍ മണല്‍വാരി കടലിലേക്കെറിഞ്ഞുകൊണ്ടിരുന്നു.മണ്ണൊഴിഞ്ഞിടത്ത്  ജലം ഊറിക്കൂടുന്നത് നോക്കി അവളിരുന്നു. മുരളി കണ്ണീര്‍ തുടച്ചെഴുന്നേറ്റു. ഒരത്ഭുതജീവിയെ എന്നപോലെ കുറെ നേരം അവളെ നോക്കിനിന്നു. എന്നിട്ട് ഒന്നും പറയാതെ തിരികെ നടന്നു. അയാള്‍ വളരെ ദൂരെ ഒരു ബിന്ദുവായലിയും വരേക്കും അവള്‍ അവന്‍റെ യാത്ര നോക്കി നിന്നു. 

Thursday, 3 January 2019

Poem - Koottilae kili

കവിത

കൂട്ടിലെ കിളി 

എനിക്ക് ദു:ഖമുണ്ട്, കൂട്ടിലെ കിളികളെ തുറന്നുവിടാന്‍
അവര്‍ സ്വതന്ത്രരായിരുന്നു എങ്കിലുമെന്‍റെ കൂടവര്‍ മറന്നില്ല,
വരുംനാളുകള്‍ അവര്‍ക്കൊരഗ്നി പരീക്ഷ

 അങ്ങുദൂരെ വിശാലമാം മണല്‍ പരപ്പില്‍ 
തീയിലൂടെ ചാട്ടമുണ്ട്, 
ഒഴുക്കുവെള്ളത്തില്‍ നീന്തലുണ്ട്,
എങ്കിലും എനിക്ക് ഭയമില്ല, അവര്‍ വിജയികളാവും
അവര്‍ യോദ്ധാക്കളാണ്, ധീരരാണ്.

എങ്കിലുമെനിക്ക് ദു:ഖമുണ്ട്
അവര്‍ ജയിക്കട്ടെ, അവര്‍ക്കായ് പക്ഷിസങ്കേതങ്ങള്‍ കാത്തിരിക്കുന്നു
അവിടെ നല്ല തീറ്റ കിട്ടും, അവര്‍ക്ക് നന്നായി ജീവിക്കാം.

എങ്കിലുമെനിക്ക്  ദു:ഖമുണ്ട്
ആകാശം വിശാലമാണ്, ഭൂമിയും 
ഞാനൊരു പഥികന്‍, ഭൂമി മാത്രം കണ്ടവന്‍ 
ആകാശം കാണുന്ന നിങ്ങള്‍ ഈ പഥികനെ മറക്കരുത്

സ്നേഹത്തിന്‍റെ കൂട് മറക്കരുത്
കൂടിന്‍റെ നാലതിരുകള്‍ മറക്കരുത്
അഴികള്‍ മറക്കരുത്
ചിറകടിച്ചുരുമ്മിയ കൂട്ടരെ മറക്കരുത്
ബുദ്ധി വിളമ്പിയ ഗുരുക്കളെ മറക്കരുത്
പീഡനം നല്‍കിയ കൈകളെ മറക്കരുത്

എങ്കിലുമെനിക്ക് ദു:ഖമുണ്ട്
എന്‍റെ ദു:ഖം ഒരു സ്വകാര്യദു:ഖം
എന്‍റെ പക്ഷികള്‍ കഥ പറഞ്ഞിരുന്നു
അവരുടെ ചുണ്ടില്‍ മന്ദഹാസമുണ്ടായിരുന്നു
അവരുടെ മനസ് നിശ്ചലമായ കടലായിരുന്നു
അവര്‍ക്ക് പരാതകളില്ലായിരുന്നു
അവര്‍ എന്നെ സ്നേഹിച്ചിരുന്നു
എങ്കിലും അവര്‍ പോകണം, പോകതിരിക്കാനൊക്കില്ല

നാളെ പുലര്‍ച്ചക്ക് ഞാനെന്തു ചെയ്യും
ഇന്നുവരെ എനിക്ക് കൂട്ടായി കിളികളുണ്ടായിരുന്നു
അവരുടെ ചിറകടി കേട്ടാണുണര്‍ന്നിരുന്നത്
നാളെ എല്ലാം നിശബ്ദം, ശാന്തം 

ഇന്നെനിക്കെല്ലാം ദു:ഖം
പൂന്തോട്ടത്തില്‍ കാറ്റടിക്കുന്ന ദു:ഖം
പൂമ്പാറ്റകള്‍ ചിറകടിക്കുന്ന ദു:ഖം
വണ്ടുകള്‍ മൂളുന്ന ദു:ഖം
രാവുകള്‍ പകലാവുന്ന ദു:ഖം
തിരമാലകള്‍ പാറകളില്‍ അടിക്കുന്ന ദു:ഖം
ആകാശത്ത് മഴവില്ല് വിരിയുന്ന ദു:ഖം
താമരപൂക്കള്‍ വിടരുന്ന ദു:ഖം

ഇന്നെനിക്കെല്ലാം ദു:ഖമാണ്
ഞാന്‍ നിങ്ങളെ ശകാരിച്ചു, ശിക്ഷിച്ചു
നിങ്ങളെന്നെ വെറുത്തു, ശപിച്ചു.

എനിക്ക് ദു:ഖമില്ല, എല്ലാം നന്മക്കുവേണ്ടി മാത്രം
വരാന്‍ പോകുന്നൊരഗ്നി പരീക്ഷയ്ക്ക് വേണ്ടി
എന്‍റെ മനസ് കരയുന്നത് ഞാനറിയുന്നു
നിങ്ങള്‍ ശപിക്കുന്നതും

നാളെ ഞാന്‍ നിങ്ങള്‍ക്കൊരന്യന്‍
ഇന്ന് പോകുംവരേയ്ക്കൊരു മാന്യന്‍ 
പോകുക, പോകുക, പോയി ജയിക്കുക
നേടുക, നേടുക നിങ്ങള്‍ 
ഞാനെന്‍റെ ദു:ഖമാം ചെപ്പുമെടുത്തെന്‍റെ 
ഏകാന്തദ്വീപില്‍ തപസിരിക്കാം.