കവിത
കൂട്ടിലെ കിളി
എനിക്ക് ദു:ഖമുണ്ട്, കൂട്ടിലെ കിളികളെ തുറന്നുവിടാന്‍
അവര്‍ സ്വതന്ത്രരായിരുന്നു എങ്കിലുമെന്‍റെ കൂടവര്‍ മറന്നില്ല,
വരുംനാളുകള്‍ അവര്‍ക്കൊരഗ്നി പരീക്ഷ
അങ്ങുദൂരെ വിശാലമാം മണല്‍ പരപ്പില്‍
തീയിലൂടെ ചാട്ടമുണ്ട്,
ഒഴുക്കുവെള്ളത്തില്‍ നീന്തലുണ്ട്,
എങ്കിലും എനിക്ക് ഭയമില്ല, അവര്‍ വിജയികളാവും
അവര്‍ യോദ്ധാക്കളാണ്, ധീരരാണ്.
എങ്കിലുമെനിക്ക് ദു:ഖമുണ്ട്
അവര്‍ ജയിക്കട്ടെ, അവര്‍ക്കായ് പക്ഷിസങ്കേതങ്ങള്‍ കാത്തിരിക്കുന്നു
അവിടെ നല്ല തീറ്റ കിട്ടും, അവര്‍ക്ക് നന്നായി ജീവിക്കാം.
എങ്കിലുമെനിക്ക് ദു:ഖമുണ്ട്
ആകാശം വിശാലമാണ്, ഭൂമിയും
ഞാനൊരു പഥികന്‍, ഭൂമി മാത്രം കണ്ടവന്‍
ആകാശം കാണുന്ന നിങ്ങള്‍ ഈ പഥികനെ മറക്കരുത്
സ്നേഹത്തിന്‍റെ കൂട് മറക്കരുത്
കൂടിന്‍റെ നാലതിരുകള്‍ മറക്കരുത്
അഴികള്‍ മറക്കരുത്
ചിറകടിച്ചുരുമ്മിയ കൂട്ടരെ മറക്കരുത്
ബുദ്ധി വിളമ്പിയ ഗുരുക്കളെ മറക്കരുത്
പീഡനം നല്‍കിയ കൈകളെ മറക്കരുത്
എങ്കിലുമെനിക്ക് ദു:ഖമുണ്ട്
എന്‍റെ ദു:ഖം ഒരു സ്വകാര്യദു:ഖം
എന്‍റെ പക്ഷികള്‍ കഥ പറഞ്ഞിരുന്നു
അവരുടെ ചുണ്ടില്‍ മന്ദഹാസമുണ്ടായിരുന്നു
അവരുടെ മനസ് നിശ്ചലമായ കടലായിരുന്നു
അവര്‍ക്ക് പരാതകളില്ലായിരുന്നു
അവര്‍ എന്നെ സ്നേഹിച്ചിരുന്നു
എങ്കിലും അവര്‍ പോകണം, പോകതിരിക്കാനൊക്കില്ല
നാളെ പുലര്‍ച്ചക്ക് ഞാനെന്തു ചെയ്യും
ഇന്നുവരെ എനിക്ക് കൂട്ടായി കിളികളുണ്ടായിരുന്നു
അവരുടെ ചിറകടി കേട്ടാണുണര്‍ന്നിരുന്നത്
നാളെ എല്ലാം നിശബ്ദം, ശാന്തം
ഇന്നെനിക്കെല്ലാം ദു:ഖം
പൂന്തോട്ടത്തില്‍ കാറ്റടിക്കുന്ന ദു:ഖം
പൂമ്പാറ്റകള്‍ ചിറകടിക്കുന്ന ദു:ഖം
വണ്ടുകള്‍ മൂളുന്ന ദു:ഖം
രാവുകള്‍ പകലാവുന്ന ദു:ഖം
തിരമാലകള്‍ പാറകളില്‍ അടിക്കുന്ന ദു:ഖം
ആകാശത്ത് മഴവില്ല് വിരിയുന്ന ദു:ഖം
താമരപൂക്കള്‍ വിടരുന്ന ദു:ഖം
ഇന്നെനിക്കെല്ലാം ദു:ഖമാണ്
ഞാന്‍ നിങ്ങളെ ശകാരിച്ചു, ശിക്ഷിച്ചു
നിങ്ങളെന്നെ വെറുത്തു, ശപിച്ചു.
എനിക്ക് ദു:ഖമില്ല, എല്ലാം നന്മക്കുവേണ്ടി മാത്രം
വരാന്‍ പോകുന്നൊരഗ്നി പരീക്ഷയ്ക്ക് വേണ്ടി
എന്‍റെ മനസ് കരയുന്നത് ഞാനറിയുന്നു
നിങ്ങള്‍ ശപിക്കുന്നതും
നാളെ ഞാന്‍ നിങ്ങള്‍ക്കൊരന്യന്‍
ഇന്ന് പോകുംവരേയ്ക്കൊരു മാന്യന്‍
പോകുക, പോകുക, പോയി ജയിക്കുക
നേടുക, നേടുക നിങ്ങള്‍
ഞാനെന്‍റെ ദു:ഖമാം ചെപ്പുമെടുത്തെന്‍റെ
ഏകാന്തദ്വീപില്‍ തപസിരിക്കാം.
No comments:
Post a Comment