Sunday, 17 February 2019

Trip to Piran malai

ഒര്‍ക്കാപ്പുറത്തൊരു ട്രക്കിംഗ് - പ്രാണ്‍മല യാത്ര 

പ്രാണ്‍ മല കാണാനിറങ്ങുമ്പോള്‍ അതിന്റെ നെറുകയിലെത്തും എന്നൊരു ധാരണയില്ലായിരുന്നു. ഉച്ചഭക്ഷണവുമെടുത്ത് കാറില്‍ കയറുമ്പോള്‍ ഒരു ഔട്ടിംഗ് എന്നേ ഉദ്ദേശിച്ചുള്ളു.ചൂട് താരതമ്യേന കുറവുള്ള ഒക്ടോബര്‍ മാസം. ഇടയ്‌ക്കെപ്പൊഴോ ഒക്കെ മഴപെയ്ത് പ്രകൃതി സന്തോഷത്തിലാണ്. ദേവക്കോട്ട ഡിവിഷനില്‍ ഇങ്ങനെ ട്രെക്കിംഗിനുള്ള ഒരിടമുണ്ട് എന്ന് മോള് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും പോകാന്‍ മുന്‍കൈഎടുത്തില്ല എന്നതാണ് സത്യം. ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഫെബിനും ശ്രീജയും എത്തിയിട്ടുണ്ട്.പരമക്കുടിയില്‍ നിന്നും വിഷ്ണുവും വന്നിട്ടുണ്ട്. ജിപിഎസ് ഇട്ട് യാത്ര പുറപ്പെട്ടു. തിരക്കുള്ള പ്രധാന റോഡുകള്‍ പിന്നിട്ട് മരങ്ങള്‍ ഇടതിങ്ങിയ മനോഹരമായ വഴികളിലൂടെ ഞങ്ങള്‍ നീങ്ങി. ദൂരെയായി ശിവലിംഗം പോലെയുള്ള പ്രാണ്‍ മല കണ്ടു. ഓരോ മല കാണുമ്പോഴും ഇതിന്റെ നെറുകയില്‍ കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കരുതാറുണ്ട്. ഇപ്പോഴും ആ ചിന്ത മനസില്‍ വന്നു. മിക്ക മലകളിലും കയറാനുള്ള വഴി ഉണ്ടാവില്ല, അതല്ലെങ്കില്‍ അതീവ റിസ്‌ക്കുള്ളവയവാകും. ഞങ്ങള്‍ അടിവാരത്തെത്തുമ്പോള്‍ രണ്ട് മണിയായി. മലയുടെ മുന്നിലൂടെ വാഹനം മുന്നോട്ട് പോയി. ഒരു സ്‌കൂളിന് മുന്നില്‍ നിര്‍ത്തി , തണലത്തിരുന്ന് വീരമ്മാള്‍ തയ്യാറാക്കിത്തന്ന ഭക്ഷണം കഴിച്ചു. ആശയുടെ കുക്കും സഹായിയുമാണ് വീരമ്മാള്‍. നല്ല ഭക്ഷണം. ഇനി മല കയറാനുള്ള വഴി നോക്കണം. കയറാന്‍ കഴിയുന്നിടത്തോളം കയറാം, പിന്നെ തിരിച്ച് ഇറങ്ങാം, ഇതായിരുന്നു കണക്കുകൂട്ടല്‍. നാട്ടുകാരോട് ചോദിച്ച് വഴി മനസിലാക്കി. വളരെ കുറച്ച് ആളുകളെ അവിടെ താമസമുള്ളു. സൗകര്യമായ ഒരിടത്ത് വണ്ടിയിട്ട് ചുറ്റിലും നോക്കി. അടുത്തായി ക്ഷേത്രത്തിന്റെ ലക്ഷണമുണ്ട്. കൊടുംകുണ്ട്രീശ്വര്‍ ക്ഷേത്രവും ഭൈരവ ക്ഷേത്രവും അടുത്താണ്. പൂര്‍വ്വ ഘട്ടത്തിന്റെ അതിരായ ഇവിടം ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂര്‍ താലൂക്കാണെന്ന് ആശ പറഞ്ഞു. ഇവിടം ഇപ്പോഴും ധാരാളം വൃക്ഷങ്ങളാല്‍ സമൃദ്ധമാണ്. പാക് സ്‌ട്രെയിറ്റിലേക്ക് നീളുന്ന വന്‍ കാടിന്റെ ഭാഗമായിരുന്നു ഇവിടം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വെട്ടിത്തെളിച്ചതാണ്. 17-18 നൂറ്റാണ്ടില്‍ മരുത്പാണ്ടിയാര്‍ ഭരിച്ചപ്പോഴാണ് അവിടെ കോട്ട നിര്‍മ്മിച്ചത്. 19ാം നൂറ്റാണ്ടില്‍ ഏഴ് വെള്ളാളരില്‍ ഒരാളായിരുന്ന പാരി ഭരണാധികാരിയായി. കോട്ടയും മറ്റും നാശോന്മുഖമായതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും കാണാനുണ്ട്.

ഞങ്ങള്‍ നടന്നു തുടങ്ങി. ചില ഇടങ്ങളില്‍ പടി കെട്ടിയിട്ടുണ്ട്. മറ്റു ചില ഭാഗങ്ങള്‍ അനായാസം കയറാന്‍ കഴിയുന്നവയും. കുറച്ചു കയറുമ്പോള്‍ ഒരു ശിവക്ഷേത്രമുണ്ട് എന്നറിയാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ കയിറിത്തുടങ്ങിയത് ട്രെക്കിംഗ് പാതയിലാണെന്ന് പിന്നീടാണ് മനസിലായത്. അരമണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ ഒരു കുടില്‍ കണ്ടു. ഇതാകും ദര്‍ഗ എന്നാണ് ആദ്യം കരുതിയത്. പക്ഷെ അത് വിശ്രമിക്കാനുള്ള ഇടമായിരുന്നു. അവിടെ നിന്നും വീണ്ടും അമ്പടയാളം മുകളിലേക്ക്. പടികളുണ്ട്. ഇരുവശവും ചെറുതും വലുതുമായ മരങ്ങള്‍. അതിലെല്ലാം കുരങ്ങന്മാരുണ്ട്. ഇടയ്‌ക്കൊക്കെ കുറെ ആളുകള്‍ മലയിറങ്ങി വരുന്നതുകണ്ടു. അപ്പോള്‍ മുകളില്‍ ആളുണ്ട് എന്ന ആശ്വാസമായിരുന്നു. കുറച്ചു കൂടി മുന്നോട്ട് കയറുമ്പോള്‍ വഴി മുടക്കി അനേകം കുരങ്ങന്മാര്‍. ഒന്നു ഭയന്നു. ഇവന്മാര്‍ കൂട്ടം കൂടി ഉപദ്രവിക്കുമോ?  മടങ്ങാന്‍ തീരുമാനിച്ചെങ്കിലും പിന്നെ എല്ലാവരും ഓരോ കമ്പൊടിച്ച് കൈയ്യില്‍ വച്ച് ധൈര്യം നടിച്ച് മുന്നോട്ട് നടന്നു. അവര്‍ ഉപദ്രവിച്ചില്ല. ശ്രീജ പൂമ്പാറ്റകളുടെയും മറ്റും ചിത്രങ്ങള്‍ പുതുതായി വാങ്ങിയ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

വീണ്ടും മറ്റൊരു വിശ്രമ കേന്ദ്രത്തില്‍. ഇനിയും മുന്നോട്ടെന്ന് അമ്പടയാള സൂചന. ദാഹം തുടങ്ങി. ആരും തന്നെ വണ്ടിയില്‍ നിന്നും കുടിവെള്ളം എടുത്തിരുന്നില്ല. ഇങ്ങനെ കയറാന്‍ കഴിയും എന്ന ധാരണയില്ലായിരുന്നല്ലൊ.വീണ്ടു ഉയരങ്ങളിലേക്ക്. താഴെ അകലെയായി നഗരക്കാഴ്ചകള്‍ കാണാം എന്ന വിധം ഉയരത്തിലെത്തി. സൂര്യനും പ്രതാപം കുറഞ്ഞു വരുകയാണ്. ഇടയ്ക്ക് മഴയൊന്നു ചാറി. ദാഹമകറ്റാനുള്ള മഴ കിട്ടും എന്നു കരുതിയത് വെറുതെയായി.

ഇപ്പോള്‍ മരങ്ങളൊന്നുമില്ലാത്ത ഇളം പിങ്ക് കലര്‍ന്ന പാറ മാത്രമായി മുന്നില്‍. ക്ഷീണം തോന്നിയില്ല. നടക്കുക തന്നെ. കുറച്ചകലെ ഒരു കുളം കണ്ടു. പക്ഷെ വെള്ളം അത്ര നന്നല്ല, ഒന്നു മുഖം കഴുകാന്‍ പോലും കൊള്ളില്ല. മലയിലെ പാണ്ഡവ തീര്‍ത്ഥങ്ങളില്‍ ഒന്നാകാം. അഞ്ച് കുളങ്ങള്‍ ഇവിടെയുണ്ട്. മലമുകളില്‍, ഏതാണ്ട് 2500 അടി മുകളില്‍ എത്തുന്നതിന്റെ ഉത്സാഹം എല്ലാവര്‍ക്കുമുണ്ടായി. സൂര്യന്‍ ചുവന്ന് ചക്രവാളത്തില്‍ കനലാകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു. മുകളില്‍ വീണ്ടും ഒരു കുളം .അപ്പോഴേക്കും വിഷ്ണു മലമുകളില്‍ എത്തിയിരുന്നു. തൊട്ടുപിന്നാലെ ഞാനും. അവിടെ ഒരു ചായക്കട. വിഷ്ണു ചായകുടിച്ചു തുടങ്ങിയിരുന്നു. അപ്പോഴുണ്ടായ സന്തോഷം ചില്ലറയല്ല. ചായയുണ്ട്, വേഗം വാ എന്ന് ഞാന്‍ വിളിച്ചു പറയുമ്പോള്‍ നടന്നു വരുന്നവര്‍ക്ക് അവരെ കളിയാക്കുകയാണ് എന്നാണ് തോന്നിയത്.ചായ കുടിക്കും മുന്‍പ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചു. ചായയ്ക്ക് ഇതുവരെ കുടിച്ച എല്ലാ ചായകളേക്കാളും രുചി. ഇവിടെയും ഇത്തരമൊരു കട നടത്തുന്ന ആ മനുഷ്യനോട് ഒരു പ്രത്യേക സ്‌നേഹം തോന്നി. ബിസ്‌ക്കിറ്റ്, കപ്പലണ്ടി മിഠായി ഒക്കെ വാങ്ങി കഴിച്ചു. മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാമറയില്‍ പകര്‍ത്തി. ഒറ്റപ്പാറയുടെ മുകളില്‍ കയറി നിന്ന് കാറ്റുകൊണ്ടു. തൊട്ടടുത്ത് ഒരു ചെറിയ മുരുക ക്ഷേത്രവും ഒരു ദര്‍ഗയും . ദര്‍ഗയിലേക്കുള്ള പ്രവേശന വഴിയില്‍ ശുദ്ധജലം ലഭിക്കുന്ന കുളം . അവിടെ കാല്‍ കഴുകി ദര്‍ഗ്ഗയിലേക്ക് കടന്നു. വാലിയുള്ള ഷേയ്ക്ക് അബ്ദുള്ള സാഹബിന്റെ കബറാണ്. ജാതി-മതഭേദമന്യേ ആളുകള്‍ ആരാധിക്കുന്ന കബറിന്റെ സൂഷിപ്പുകാരന്‍ ഷെരീഫിനെ പരിചയപ്പെട്ടു. അവര്‍ എത്രയോ തലമുറകള്‍ക്ക് മുന്‍പ് സൗദിയില്‍ നിന്നും വന്നതാണ് എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഇവിടെവച്ച് മനസില്‍ എന്താഗ്രഹം പ്രകടിപ്പിച്ചാലും അത് നടക്കും, ഷെരീഫ് പറഞ്ഞു. എല്ലാവരും അവിടെ പ്രര്‍ത്ഥനാ നിരതരായി. ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചോ എന്നറിയില്ല.ദര്‍ഗയില്‍ നൂറു രൂപ കാണിക്ക വച്ച് ഇറങ്ങി. അവിടെ താമസിക്കാനും സൗകര്യമുണ്ട്. ആ രാത്രിയില്‍ അവിടെ തങ്ങുന്ന ഒരു കുടുംബത്തെ കണ്ടു. അവര്‍ രാവിലെയെ മലയിറങ്ങൂ. മല മുകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലാതിരിക്കുന്നത് സ്വാഭാവികം.തീര്‍ത്ഥാടനത്തിന് വന്നവര്‍ വെള്ളം കുടിച്ച പ്ലാസ്റ്റിക് കവറുകള്‍ അവിടവിടെ നിക്ഷേപിച്ചിരിക്കുന്നത് കണ്ടു. ഞങ്ങള്‍ ഷെരീഫിനോട് യാത്ര പറഞ്ഞ് ഇറങ്ങി. വഴിയില്‍ ഇഴ ജന്തുക്കളെ ശ്രദ്ധിക്കണം, മറ്റ് ജിവികളുടെ ശല്യം ഉണ്ടാകില്ലെന്ന് ഷെരീഫ് പറഞ്ഞു.
മൊബൈലിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ സാവധാനം മലയിറങ്ങാന്‍ തുടങ്ങി. കയറുന്നതിനേക്കാള്‍ റിസ്‌ക്കാണ് രാത്രിയിലെ മലയിറക്കം എന്നു മനസിലായി. കുഴപ്പമൊന്നുമില്ലാതെ താഴെയെത്താന്‍ രണ്ടര മണിക്കൂറെടുത്തു. പത്ത് മണിയോടെ ദേവക്കോട്ടയിലെത്തി. യാത്രാ ക്ഷീണത്തില്‍ സുഖമായുറങ്ങി. പതിവായി നടന്നു ശീലമില്ലാത്ത ഫെബിന്റെ കാലില്‍ നീരടിച്ചു. എല്ലാവര്‍ക്കും കാല് വേദനയും ഉണ്ടായിരുന്നു എന്നതല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വാദ്യകരമായ ഒരു യാത്രയാണ് പ്രാണ്‍ മലയിലേക്കുള്ളത്. കുടിവെള്ളവും ലഘുഭക്ഷണവും എടുക്കാന്‍ മറക്കരുത്. കൊണ്ടുപോകുന്നതൊന്നും മലയില്‍ നിക്ഷേപിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. 
ഫോട്ടോസ് -- ശ്രീജയും ഫെബിനും










No comments:

Post a Comment