സാമൂഹ്യമാറ്റത്തിന് പുത്തന്‍ സര്‍ട്ടിഫിക്കറ്റ്
സെക്കുലര്‍ എന്നാല്‍ not connected with religious or spiritual matters എന്നാണ് നിഘണ്ടുവിലെ അര്‍ത്ഥം. അത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയിലെ ഒരു പൗരനും ഒരു രേഖയിലും അപേക്ഷയിലും രേഖപ്പെടുത്തേണ്ടാത്ത ഒന്നാണ് മതവും ജാതിയും. എന്നാല്‍ തൊഴിലും വിദ്യാഭ്യാസവും ജാതി അടിസ്ഥാനമാക്കി സംവരണം ചെയ്തിട്ടുള്ള ഒരു നാട്ടില്‍ ഇത് ഒരനിവാര്യതയായി മാറുന്നു.എന്നാല്‍ ജാതിയും മതവും രേഖപ്പെടുത്താതെ ജീവിക്കുന്ന അപൂര്‍വ്വം ധീരന്മാരും നാട്ടില്‍ ഉണ്ട് എന്നതാണ് സത്യം. പക്ഷെ അവര്‍ ഓരോ അപേക്ഷകള്‍ നല്‍കുമ്പോഴും ഇത് സംബ്ബന്ധിച്ച് സത്യവാങ്മൂലം നല്‍കേണ്ട സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ സത്യവാങ്മൂലമെഴുതി മടുത്ത ജാതിയും മതവുമില്ലാത്ത തിരുപ്പട്ടൂര്‍കാരി സ്‌നേഹ 2010ലാണ് സ്വന്തമായി ഒരു ജാതി-മതരഹിത സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. പലവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ അപേക്ഷ തള്ളി. നിയമബിരുദധാരിയായ സ്‌നേഹ പിന്നോട്ട് പോയില്ല. തന്റെ ഭാഗം വാദിച്ചുകൊണ്ടേയിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നാട്ടില്‍ എന്തുകൊണ്ട് ജാതിരഹിത സര്‍ട്ടിഫിക്കറ്റും നല്‍കിക്കൂടാ എന്ന വാദത്തെ തള്ളാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞില്ല എങ്കിലും രാജ്യത്ത് ഇതുവരെ ആര്‍ക്കും നല്‍കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് ഞാന്‍ എങ്ങിനെ നല്‍കും എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ precedence ഇല്ല. 2019 ല്‍ എത്തുമ്പോള്‍ വ്യക്തമായ തീരുമാനമുണ്ടായി. ഈ സര്‍ട്ടിഫിക്കറ്റ് മറ്റൊരാളുടെ അവകാശത്തെ കവര്‍ന്നെടുക്കാത്തതും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്തതുമാണ് എന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുപ്പട്ടൂര്‍ സബ്കളക്ടര്‍ ബി.പ്രിയങ്ക പങ്കജം രാജ്യത്താദ്യമായി ഒരു ജാതിയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ടു. 2019 ഫെബ്രുവരി 5ന് തിരുപ്പട്ടൂര്‍ തഹസീല്‍ദാര്‍ സത്യമൂര്‍ത്തിയില്‍ നിന്നും സ്‌നേഹ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇതൊരു സാമൂഹ്യമാറ്റത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രാജ്യത്ത് പലര്‍ക്കും ഇതൊരു പ്രചോദനമാകും എന്നു കരുതാം. സ്‌നേഹയുടെ ഭര്‍ത്താവ് തമിഴ് പ്രൊഫസര്‍ പ്രതിഭാ രാജയും ഈ പോരാട്ടത്തില്‍ ഒപ്പമുണ്ട്. അവരുടെ മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റിലും ജാതിയില്ല. കുട്ടികളുടെ പേരിലുമുണ്ട് പുതുമ. ആദിരൈ നസ്രീന്‍, അഥില ഐറീന്‍, ആരിഫ ജസി എന്നിവരാണ് മക്കള്‍.
No comments:
Post a Comment