Sunday, 14 June 2026

An Appreciation of Abhinav Sunder Nayak’s film "Mollywood Times"

 

അഭിനവ് സുന്ദർ നായക്കിന്‍റെ മോളിവുഡ് ടൈംസ്

        അഭിനവ് സുന്ദർ നായക്ക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് ഒരു സൈക്കോളജിക്കൽ ഡാർക്ക് കോമഡി ചിത്രമാണ്.കഴിവ് മാത്രം കൊണ്ട് ഒരാള്‍ പ്രശസ്തനാവില്ല,വിജയിക്കുകയുമില്ല എന്ന് വിളിച്ചുപറയുന്ന ചിത്രമാണിത്.നിങ്ങൾ ഒരു കാര്യം ഹൃദയപൂർവ്വം ആഗ്രഹിക്കുമ്പോൾ, അത് നേടാൻ മുഴുവൻ വിശ്വവും നിങ്ങളെ സഹായിക്കാൻ ഒരുമിക്കുന്നു എന്ന പൌലോ കൊയ്ലോയുടെ ദ ആൽക്കമെസ്റ്റിലെ പ്രശസ്തമായ വാചകത്തെ ധിക്കരിക്കും വിധമാണ് ചിത്രത്തിലെ ഓരോ സംഭവങ്ങളും വികസിച്ചുവരുന്നത്.മലയാള സിനിമ രംഗത്ത് നിർമ്മാണം,സംവിധാനം,തിരക്കഥയെഴുത്ത്,സഹസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മാനസികാവസ്ഥ,ഭയം,വിഷാദം,കുറ്റബോധം,സംഘർഷങ്ങള്‍ തുടങ്ങി അതീവഗൌരവമേറിയ വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ ആകർഷണം.

   സിനിമയ്ക്കുള്ളിലെ സിനിമ പലവട്ടം പലരൂപത്തിൽ നമ്മള്‍ കണ്ടിട്ടുള്ളതാണ്.അവയിൽ ചിലത് വളരെ ഗൌരവമേറിയതും നമ്മെ ദിവസങ്ങളോളം വേട്ടയാടുന്നതുമാണ്.എന്നാൽ മറ്റു ചിലത് തികച്ചും ഹാസ്യാത്മകവുമാണ്.ഈ രണ്ട് രീതികളും ഇണക്കിച്ചേർക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വേദനകളെ ചിരിച്ചുകൊണ്ട് ഉള്‍ക്കൊള്ളാൻ നമ്മളെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത.കഥാപാത്രങ്ങളുടെ സമ്മർദ്ദങ്ങളെ ടെൻഷനില്ലാതെ കണ്ടിരിക്കാനും പിന്നീട് ഓർത്തോർത്ത് സങ്കടപ്പെടാനും ചില അവസരങ്ങളെ സന്തോഷത്തോടെ സമീപിക്കാനും ചിത്രം അവസരമൊരുക്കുന്നു.നോവലെഴുത്തുകാരും ഗോസ്റ്റ് റൈറ്റേഴ്സും യുക്തിവാദികളുമൊക്കെ ആക്ഷേപഹാസ്യത്തിന് പാത്രമാകുന്നുണ്ട്.ഏതായാലും മനോഹരമായി ക്രാഫ്റ്റ് ചെയ്ത ഒരു ചിത്രമാണ് മോളിവുഡ് ടൈംസ്.രാമു സുനിലിന്‍റെ തിരക്കഥയ്ക്കും മുഴുവൻ മാർക്ക് നൽകേണ്ടതുണ്ട്.

     കടുത്ത ഈഗോയും ലോകനിലാവാരത്തിലുള്ള ഒരു ചിത്രമെടുക്കണമെന്ന വാശിയും കൊണ്ടുനടക്കുന്ന വിനീത് മാധവനാണ് ചിത്രത്തിലെ താരം.നസ്ലിൻ ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചു.ഷറഫുദീനും വിനീത് ശ്രീനിവാസനും സംഗീത് പ്രതാപും റോഷൻ ഷാനവാസും ഗോപിക രമേഷും പ്രശാന്ത് അലക്സാണ്ടറും അൽത്താഫ് സലീമും ജഗദീഷും ബാലചന്ദ്രൻ ചുള്ളിക്കാടും അപ്പുണ്ണി ശശിയും രാജേഷ് മാധവനുമൊക്കെ അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.

  വിശ്വജിത്ത് ഒടുക്കത്തിൽ സിനിമറ്റോഗ്രഫിയും നിഥിൻരാജ് അരോളും അഭിനവും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രത്തിന്‍റെ സംഗീതം ജേക്സ് ബിജോയുടേതാണ്.ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തീയറ്ററിൽ കാണുന്നത് ഒരു നഷ്ടമേയല്ല. 

No comments:

Post a Comment