Tuesday, 16 June 2026

Governments should not alienate teenagers

 സർക്കാരുകള്‍ കൌമാരക്കാരെ വെറുപ്പിക്കരുത്

-   വി.ആർ.അജിത് കുമാർ

 

നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന എൻഡിഎ സർക്കാർ തുടർഭരണത്തിന്‍റെ പന്ത്രണ്ട് വർഷം പിന്നിടുമ്പോള്‍ അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.രാജ്യത്തെ കൌമാരപ്രായക്കാരുടെ ഭാവി നിശ്ചയിക്കുന്ന പരീക്ഷകള്‍ നടത്തുന്ന ദേശീയ ടെസ്റ്റിംഗ് ഏജൻസിയായ എൻടിഎ അഴിമതിയും കെടുകാര്യസ്ഥതയും തോന്ന്യാസവും പ്രതിഫലിപ്പിക്കുന്ന ഒരുരൂട്ടം വിദ്യാഭ്യാസക്കച്ചവടക്കാരുടെ കൈകളിൽ ഒതുങ്ങിയിരിക്കുന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.ഇന്ത്യയിലെ ദശലക്ഷക്കണക്കായ വിദ്യാർത്ഥികളുടെ പ്രധാന പരീക്ഷകള്‍ നേരത്തെ നടത്തിവന്നത് സിബിഎസ്ഇയും സംസ്ഥാന പ്രവേശന പരീക്ഷ ബോർഡുകളുമായിരുന്നു.ഒരു വിദ്യാർത്ഥി അനേകം പരീക്ഷകള്‍ എഴുതേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സിബിഎസ്ഇയെ അക്കാദമിക മികവിന്‍റെ കേന്ദ്രമാക്കാനും ലക്ഷ്യമിട്ടായിരുന്നു എൻടിഎ സ്ഥാപിച്ചത്. ഇന്ത്യയുടെ ഉയർന്ന മത്സരാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലവാരമുള്ള പ്രൊഫഷണലിസം കൊണ്ടുവരുന്നതിന് ലോകോത്തര നിലവാരമുള്ള ഒരു സ്ഥാപനം ആവശ്യമാണ് എന്ന സദുദ്ദേശവും  ദേശീയ ടെസ്റ്റിംഗ് ഏജൻസി വിഭാവന ചെയ്യുമ്പോഴുണ്ടായിരുന്നു എന്ന് വേണം കരുതാൻ.

 

ദേശീയ ടെസ്റ്റിംഗ് ഏജൻസിയും വിവാദങ്ങളും

 

   2017 നവംബറിൽ കേന്ദ്ര മന്ത്രിസഭ ടെസ്റ്റിംഗ് ഏജൻസി രൂപീകരണം അംഗീകരിക്കുകയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വയംപര്യാപ്തമായ പ്രീമിയർ ടെസ്റ്റിംഗ് ഏജൻസി എന്ന നിലയിൽ സ്വയം ഭരണ സ്ഥാപനമായി ഇതിനെ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.വലിയ ഉത്തരവാദിത്തങ്ങളാണ് സ്ഥാപനത്തിൽ നിക്ഷിപ്തമായിട്ടുള്ളത്.ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് കുറ്റമറ്റ പ്രവേശന പരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുക,യുജിസി -സിഎസ്ഐആർ നെറ്റ് പരീക്ഷ നടത്തുക,പരീക്ഷ സംവിധാനത്തിലെ പിഴവുകള്‍ തിരിച്ചറിയുന്നതിനും തിരുത്തൽ നടപടികള്‍ സ്വീകരിക്കുന്നതിനും മുൻകൈ എടുക്കുക,എല്ലാ വിദ്യാർത്ഥികള്‍ക്കും ഗുണകരമാകുംവിധം ഏകീകൃത സംവിധാനത്തിലൂടെ അഡ്മിഷൻ ഉറപ്പാക്കുക,ചോദ്യപേപ്പറുകള്‍ രൂപകൽപ്പന ചെയ്യുന്നതിന് ആധുനിക ഡേറ്റാധിഷ്ടിതവും മന:ശാസ്ത്രപരവുമായ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പരീക്ഷകള്‍ ശാസ്ത്രീയമാക്കുക,വിദ്യാർത്ഥികള്‍ക്ക് കുറഞ്ഞ സമ്മർദ്ദം ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.നീറ്റ്,ജെഇഇ,കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രൻസ് ടെസ്റ്റ് എന്നീ പരീക്ഷകളിലാണ് എൻടിഎ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.എന്തെല്ലാം ലക്ഷ്യമിട്ടാണോ ഏജൻസി തുടങ്ങിയത് അതെല്ലാം തകർക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ സ്ഥാപനം എത്തിപ്പെട്ടിരിക്കുന്നത്.ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും മാനസിക സമ്മർദ്ദമേറ്റുകയും മുൻകാലങ്ങളിൽ നിന്നും ദയനീയമായി ഉയരുന്ന കെടുകാര്യസ്ഥതയെ അടിവരയിടുകയുമാണ് എൻടിഎ.

 

    എൻടിഎ പരീക്ഷകളിൽ തുടക്കം മുതലെ പ്രശ്നങ്ങള്‍ രൂപപ്പെട്ടിരുന്നു.പേപ്പർ ചോർച്ച,പ്രാദേശിക തലത്തിലുള്ള തട്ടിപ്പ് സിൻഡിക്കേറ്റുകള്‍,ചോദ്യപേപ്പർ സോള്‍വർ ഗ്യാങ് നെറ്റ്വർക്ക്,ഭരണപരമായ പരാജയങ്ങള്‍ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.2021 ജെഇഇ മെയിൻ സെഷൻ നാല് നടക്കുമ്പോള്‍ ജാംഷഡ്പൂരിലെ ഒരു സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിട്യൂട്ട് സോഫ്റ്റ്വെയർ ടെക്നീഷ്യന്മാരുമായി സഹകരിച്ച് എൻടിഎയുടെ കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷസംവിധാനം ഹാക്ക് ചെയ്തതായി പിന്നീട് സിബിഐ കണ്ടെത്തിയിരുന്നു.ചോദ്യപേപ്പർ സോള്‍വർമാർക്ക് പരീക്ഷ ടെർമിനലുകളിലേക്ക് വിദൂരമായി പ്രവേശിക്കാനും നിയന്തിക്കാനും കഴിഞ്ഞു.ഇത്തരത്തിൽ സഹായം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും പതിനഞ്ച് ലക്ഷം രൂപവീതമാണ് ഈ കോച്ചിംഗ് കേന്ദ്രം ഈടാക്കിയത്.അതേവർഷം തന്നെ രാജസ്ഥാനിലെ ജയ്പൂരിലെ ഒരു പരീക്ഷ കേന്ദ്രം അഡ്മിനിസ്ട്രേറ്റർ നീറ്റ് ചോദ്യപേപ്പർ സ്കാൻ ചെയ്ത് വാട്ട്സ്ആപ്പ് വഴി ഒരു സോള്‍വർ സംഘത്തിന് അയച്ചുകൊടുത്തു.അവർ പണം വാങ്ങി പല വിദ്യാർത്ഥികള്‍ക്കും ഉത്തരങ്ങള്‍ എത്തിച്ചു.ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന മട്ടിൽ എൻടിഎ അവഗണിച്ചു.എന്നാൽ അത് വലിയ വീഴ്ചയായിരുന്നെന്നും പഴുതടയ്ക്കേണ്ടിയിരുന്നെന്നും ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടാകണം.

 

   തുടർവർഷങ്ങളിൽ എൻടിഎ അല്ല കോച്ചിംഗ് കേന്ദ്രങ്ങളാണ് പഴുതടച്ച് തട്ടിപ്പുകള്‍ തുടർന്നത് എന്നുവേണം കരുതാൻ.അതുകൊണ്ടാകണം മോശമായ വിവരങ്ങളൊന്നും രണ്ടു വർഷത്തേക്ക് റിപ്പോർട്ട് ചെയ്യാതെ പോയത്.2024 നീറ്റ് യുജി വിവാദം തുടങ്ങുന്നത് പാറ്റ്നയിൽ നിന്നാണ്.അവിടെ ഒരന്തർ സംസ്ഥാന മാഫിയ ചോദ്യപേപ്പർ ചോർത്തി വിൽപ്പന നടത്തി രക്ഷകർത്താക്കളിൽ നിന്നും മുപ്പത് മുതൽ അൻപത് ലക്ഷം രൂപവരെ വാങ്ങിയതായി ബീഹാർ പോലീസ് കണ്ടെത്തി.രാത്രി മുഴുവൻ ഉത്തരങ്ങള്‍ മന:പാഠമാക്കാൻ വിദ്യാർത്ഥികളെ ലോഡ്ജുകളിൽ പാർപ്പിച്ചതായും ബോധ്യപ്പെട്ടു.പിന്നീട് കേസ്സ് ഏറ്റെടുത്ത സിബിഐ കുറ്റകൃത്യം നടന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലാണ് എന്ന് കണ്ടെത്തി.ഈ പരീക്ഷ നടന്ന ദിവസം ഭരണപരമായ തകരാറുകൊണ്ടും തെറ്റായ ചോദ്യപേപ്പർ നൽകിയത് വഴിയും മേഘാലയ,ഹരിയാന,ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിൽ കുട്ടികള്‍ക്ക് പരീക്ഷ എഴുതാൻ മതിയായ സമയം ലഭിച്ചില്ല എന്ന പരാതിയും ഉയർന്നിരുന്നു.ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചപ്പോള്‍ അറുപത്തിയേഴ് കുട്ടികള്‍ മുഴുവൻ മാർക്കും വാങ്ങി അഭൂതപൂർവ്വമായ വിജയം നേടി.ഇവരെല്ലാം ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരായിരുന്നു.ഒരു മാർക്ക്,രണ്ട് മാർക്ക് മാത്രം കുറഞ്ഞവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു.ഇത് അസാധാരണ സംഭവമായിരുന്നു.തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഉള്ളതിനാൽ മുഴുവൻ മാർക്ക് ലഭിക്കുക അപൂർവ്വമായിരുന്നു.ഇത് വിവാദമായി.നന്നായി പഠിച്ചെഴുതിയ പല കുട്ടികള്‍ക്കും പ്രതീക്ഷിച്ച സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടില്ല എന്ന് മനസിലാക്കി ചില രക്ഷകർത്താക്കള്‍ സുപ്രിംകോടതിയെ സമീപിച്ചു. മുൻകൂട്ടി വെളിപ്പെടുത്താതെ സമയനഷ്ടം സംഭവിച്ച 1563 കുട്ടികള്‍ക്ക് രഹസ്യമായി ഗ്രേസ് മാർക്ക് നൽകിയതിനാലാണ് ഇത് സംഭവിച്ചത് എന്നു പറഞ്ഞ് എൻടിഎ അതിനെ ലഘൂകരിക്കാൻ ശ്രമിച്ചു.ഒടുവിൽ സുപ്രിംകോടതി ഇടപെട്ട് ഗ്രേസ് മാർക്ക് റദ്ദാക്കി.ആ കുട്ടികള്‍ക്ക് മാത്രമായി എൻടിഎ വീണ്ടും പരീക്ഷ നടത്തി.ഇതിന് പുറമെ പേപ്പർ ചോർച്ചയുമുണ്ടായി എന്ന് എൻടിഎ സമ്മതിച്ചെങ്കിലും അത് എത്രപേർക്ക് ലഭിച്ചു എന്നതിൽ വ്യക്തതയില്ല എന്ന ന്യായം പറഞ്ഞ് പുന:പരീക്ഷ നടത്താതെ എൻടിഎ തലയൂരി.പുന:പരീക്ഷ ഉയർത്താവുന്ന പ്രതിസന്ധികള്‍ മുന്നിൽകണ്ട് കോടതിയും ഇതംഗീകരിച്ചു.എൻടിഎ പ്രവർത്തനത്തിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയ സുപ്രിംകോടതി പരീക്ഷ കുറ്റമറ്റതാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ഇതിന്‍റെ അടിസ്ഥാനത്തിൽ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ.രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെയും സർക്കാർ നിയമിച്ചു.

     2024 ജൂണ്‍ മാസത്തിൽ ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് യുജിസി നെറ്റ്-സിഎസ്ഐആർ നെറ്റ് പരീക്ഷ എഴുതിയത്.ഡാർക്ക് നെറ്റിൽ പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച സംഭവിച്ചു എന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തൽ വന്നതോടെ പരീക്ഷ റദ്ദാക്കി.ഇത് ഉന്നത ബിരുദം നേടിയ അനേകംപേരെ നിരാശരാക്കി.ഈ പരീക്ഷ പിന്നീട് കംപ്യൂട്ടർ അധിഷ്ഠിതമാക്കിയതോടെ സുരക്ഷിത ഡിജിറ്റൽ കേന്ദ്രങ്ങളിലാണ് നടത്തുന്നത്.2025 ജൂണിലും ഡിസംബറിലും വിജയകരമായി പരീക്ഷ പൂർത്തിയാക്കി.

 

 2025 നീറ്റ് പരീക്ഷ അപകടങ്ങളില്ലാതെ കടന്നുപോയി.എന്നാൽ 2026 മെയ് മൂന്നിന് നടന്ന പരീക്ഷ കടുത്ത ദുരന്തമായി മാറുകയായിരുന്നു.മുൻപുണ്ടായ പാളിച്ചകളിൽ നിന്നും പാഠം ഉള്‍ക്കൊള്ളാതെയായിരുന്നു എൻടിഎ പരീക്ഷ നടത്തിയത്.പാളിച്ചകള്‍ സംബ്ബന്ധിച്ച ആദ്യ വെളിപ്പെടുത്തൽ നടത്തിയത് രാജസ്ഥാൻ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ്.ഡിജിറ്റൽ ചോർച്ചയുണ്ടായി എന്നവർ വ്യക്തമാക്കി.മെയ് രണ്ടിന് എൻക്രിപ്റ്റ് ചെയ്ത ടെലിഗ്രാം,വാട്ട്സ്ആപ്പ് ചാനലുകള്‍ വഴി നാനൂറ്റിപ്പത്ത് ചോദ്യങ്ങള്‍ അടങ്ങിയ ക്യുറേറ്റഡ് പിഡിഎഫ് ഊഹപേപ്പറാണ് പ്രചരിച്ചത്.രസതന്ത്രം,ജീവശാസ്ത്രം വിഭാഗത്തിലെ പരീക്ഷയിലെ നൂറ്റിയിരുപത് ചോദ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിച്ച പിഡിഎഫിലെ അതേ ചോദ്യങ്ങളായിരുന്നു. ഇരുപതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ചോദ്യപേപ്പറിനായി രക്ഷകർത്താക്കള്‍ ചിലവിട്ടു എന്നും ബോധ്യപ്പെട്ടു.2026 മെയ് പകുതിയോടെ പൂനെ നിവാസിയായ കെമിസ്ട്രി ലക്ചറർ പി.പി.കുൽക്കർണിയെ സിബിഐ അറസ്റ്റുചെയ്തു.ചോദ്യപേപ്പറിന്‍റെ മറാത്തി വിവർത്തനത്തിന് സഹായിച്ച അധ്യാപകനാണ് കുൽക്കർണി.ബയോളജി പ്രൊഫസർ മനീഷ ഗുരുനാഥ് മന്ധാരെ,ഭൌതിക ശാസ്ത്രാധ്യാപകനായ മനീഷ സഞ്ജയ് ബവൽദാർ,പൂനെയിലെ ഡോക്ടർ അടാങ് പ്രഭു മെഡിക്കൽ അക്കാദമി ഫിസിക്സ് ഫാക്കൽറ്റി തേജസ് ഹർഷദ് കുമാർ ഷാ,ഡോക്ടർ മനോജ് ഷിരൂരെ,ശിവരാജ് രഘുനാഥ്,മനീഷ വാഗ്മറെ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.ഇതുവരെ പതിമൂന്നുപേർ അറസ്റ്റിലായി.മുൻവർഷം കുറ്റവാളികള്‍ കൂടുതലും ബാഹ്യമാഫിയയാരുന്നെങ്കിൽ ഈ വർഷം പേപ്പർ സെറ്റർമാരും വിവർത്തകരും ഉള്‍പ്പെട്ട ഇരുണ്ട ആന്തരിക അവിശുദ്ധ ബന്ധമാണുണ്ടായത്.ഡിജിറ്റൽ ചോർച്ച വ്യാപകമായിരുന്നു എന്നതിനാൽ എൻടിഎയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.പരീക്ഷ റദ്ദാക്കേണ്ടി വന്നു.ഇരുപത് ലക്ഷത്തിലേറെ കുട്ടികളാണ് വീണ്ടും പഠനം തുടർന്ന്  2026 ജൂണ്‍ 21 ന് നടക്കുന്ന പുന:പരീക്ഷ എഴുതേണ്ടി വരുന്നത്.പരീക്ഷ എങ്ങിനെയാകും എന്ന ഉത്കണ്ഠയാണ് കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കുമുള്ളത്.പരീക്ഷ മികച്ചതരത്തിൽ നടത്താനുള്ള കഴിവ് എൻടിഎയ്ക്കുണ്ടോ എന്നതാണ് പൊതുസമൂഹം ഉന്നയിക്കുന്ന ചോദ്യവും.അവർക്ക് സർക്കാർ സംവിധാനത്തോടുള്ള മതിപ്പ് നഷ്ടമായിരിക്കുന്നു.ഒരിക്കൽ നഷ്ടമാകുന്ന യശസ്സ് വീണ്ടെടുക്കാൻ കാലങ്ങള്‍ വേണ്ടിവരും എന്നതാണ് സത്യം.

 

സിബിഎസ്ഇയിൽ സംഭവിക്കുന്നത്

 

                പൊതുപ്രവേശന പരീക്ഷകള്‍ നടത്തുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളിൽ നിന്നും സിബിഎസ്ഇയെ മോചിപ്പിച്ചത് സ്കൂള്‍ അക്കാദമിക നിലവാരം മെച്ചപ്പെടുത്താനും പത്ത്-പന്ത്രണ്ട് പരീക്ഷ മികവുറ്റ നിലയിൽ നടത്തുന്നതിനുമാണ്.എന്നാൽ ഈ വർഷം സംഭവിച്ചത് മറ്റൊരു ദുരന്തമാണ്.എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പ് തകരാറിന്‍റെ ഷോക്ക് മാറുംമുന്നെയാണ് അതേ കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കും സിബിഎസ്ഇ മറ്റൊരടി കൂടി നൽകിയത്.പരീക്ഷ പേപ്പർ മൂല്യനിർണ്ണയത്തിൽ സാങ്കേതികത കൊണ്ടുവരാനുള്ള സിബിഎസ്ഇയുടെ ശ്രമമാണ് പാളിയത്.ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്ത് ഡിജിറ്റലായി മൂല്യനിർണ്ണയം നടത്തുന്ന ഓണ്‍ സ്ക്രീൻ മാർക്കിംഗ് രീതി ഈ വർഷമാണ് നടപ്പിലാക്കിയത്.പരാതികളും പുനർമൂല്യനിർണ്ണയ അപേക്ഷകളും കുറയ്ക്കാനും മെച്ചമായ മൂല്യനിർണ്ണയത്തിനും പുതിയ രീതി സഹായകമാകും എന്നാണ് സിബിഎസ്ഇ അവകാശപ്പെട്ടിരുന്നത്.എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല എന്ന വ്യാപക പരാതി ഉയർന്നു എന്നുമാത്രമല്ല പേപ്പർ പരിശോധിക്കാനുള്ള സംവിധാനവും തകർന്നു.പുനർമൂല്യനിർണ്ണയ അപേക്ഷ സമർപ്പിക്കേണ്ട ആദ്യ ദിവസം തന്നെ ഏഴ് ശതമാനം കുട്ടികളുടെ അപേക്ഷ വന്നു.രണ്ടാം ദിവസം പോർട്ടൽ തന്നെ തകാരാറിലാവുകയോ ആക്കുകയോ ചെയ്താണ് സിബിഎസ്ഇ അപമാനത്തിന്‍റെ തോത് കുറയ്ക്കാൻ ശ്രമിച്ചത്.ഉത്തരകടലാസിന് അടയ്ക്കേണ്ട തുക സംബ്ബന്ധിച്ചും വെബ്സൈറ്റിൽ തോന്നിയ നിരക്കുകള്‍ പ്രത്യക്ഷമായി.ചുരുക്കത്തിൽ കടുത്ത കെടുകാര്യസ്ഥത വ്യക്തമായി.സമ്പന്നരും അർബൻ നിലവാരത്തിലുമുള്ള കുട്ടികള്‍പോലും വിഷമിച്ചെങ്കിൽ ഗ്രാമതലത്തിലെ കുട്ടികളുടെ അവസ്ഥ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളു. പകർപ്പ് ലഭിച്ച കുട്ടികളിലും രക്ഷകർത്താക്കളിലും ഭയവും അമ്പരപ്പും സൃഷ്ടിക്കുന്നതാണ് സിബിഎസ്ഇ പരിഷ്ക്കാരത്തിലൂടെ വന്ന സ്കാൻ ചെയ്ത ഉത്തരപേപ്പറുകള്‍.സ്കാനിങ്ങിലെ പിഴവുമൂലം പല പേജുകളും പരീക്ഷ എഴുതിയ കുട്ടികള്‍ക്കുപോലും വായിക്കാൻ കഴിയാത്ത അവസ്ഥയാണുണ്ടായത്.അപ്പോള്‍ അധ്യാപകർ ഒരൂഹത്തിനുള്ള മാർക്കാവുമല്ലോ അവർക്ക് നൽകിയിരിക്കുന്നത്.മറ്റു ചിലർക്ക് ലഭിച്ച പേപ്പറിൽ രണ്ടും മൂന്നും ഷീറ്റ് ഉത്തരക്കടലാസുകള്‍ കാണാനില്ല.ചിലരുടെ പേപ്പറിനൊപ്പം മറ്റൊരാളുടെ പേപ്പർ ഷീറ്റുകളും ഉള്‍ച്ചേർന്നിരിക്കുന്നു.ചുരുക്കത്തിൽ നിരുത്തരവാദിത്തത്തിന്‍റെ ഭീകരതയാണ് ദൃശ്യമായിരിക്കുന്നത്.പന്ത്രണ്ട് വർഷമായി സ്കൂളിൽ പഠിച്ചുവരുന്ന ഒരു കുട്ടിയുടെ ഇനിയുള്ള ജീവിതത്തെ നിർണ്ണയിക്കുന്ന പരീക്ഷയിലാണ് ഈ കുറ്റകരമായ അനാസ്ഥ എന്നോർക്കണം.

 

     മുഴുവൻ ഉത്തരകടലാസുകളും സ്കാൻ ചെയ്ത് കയറ്റുന്നതിന് ഒറ്റ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.ലക്ഷക്കണക്കായ കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന ഓണ്‍സ്ക്രീൻ മാർക്കിങ്ങിനായുള്ള പേപ്പറുകള്‍ സ്കാൻ ചെയ്യുന്നതിന് ജനറൽ ഫിനാൻഷ്യൽ റൂള്‍സ് പ്രകാരമുള്ള സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്‍റ് പോർട്ടലിനെ ആശ്രയിക്കുകയായിരുന്നു സിബിഎസ്ഇ ചെയ്തത്.സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന,കുറഞ്ഞ തുക ക്വോട്ടുചെയ്ത കോഎംപ്റ്റ് എഡ്യൂടെക് എന്ന തെലങ്കാന സംസ്ഥാനത്തുനിന്നുള്ള കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്.ഏകദേശം ഒരുകോടി ഉത്തരക്കടലാസുകളാണ് ഇവർക്ക് സ്കാൻ ചെയ്ത് കയറ്റേണ്ടിയിരുന്നത്.ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള കെൽപ്പ് ഈ സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിച്ച് ബോധ്യപ്പെടുന്നതിൽ സിബിഎസ്ഇ പരാജയപ്പെട്ടു.ഇത്രയും ബൃഹത്തായ ഒരു പരീക്ഷയെ ഘട്ടം ഘട്ടമായി പൂർണ്ണ ഓഎസ്എമ്മിലേക്ക് മാറ്റുന്നതായിരുന്നു ഉചിതം.സിബിഎസ്ഇ ഭരണസമിതിയിൽ ഇത്തരം ചർച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു എന്നും അറിയുന്നു.തിരഞ്ഞെടുത്ത റീജിയണുകളിൽ പരിമിതമായ വിഷയങ്ങളിലെ പൈലറ്റ് പ്രോജക്ടുകളിൽ തുടങ്ങി സാവധാനം എല്ലാ മേഖലകളിലും എല്ലാ വിഷയങ്ങളിലും എന്നതായിരുന്നു എടുക്കേണ്ട നിലപാട്.അത് വേണ്ട എന്നു തീരുമാനിച്ചത് എവിടെ,എങ്ങിനെ എന്നു കണ്ടെത്തേണ്ടതുണ്ട്.കോഎംപ്റ്റ് നേരത്തെ ഗ്ലോബറീന ടെക്നോളജീസ് എന്ന പേരിൽ 2019 ലെ തെലങ്കാന ഇന്‍റർമീഡിയറ്റ് ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.എന്നാൽ തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്‍റർമീഡിയറ്റ് എഡ്യൂക്കേഷനും ഗ്ലോബറീനയും തമ്മിൽ ഔപചാരിക കരാറുകളിലൊന്നും ഒപ്പുവച്ചിരുന്നില്ല.ഒരു വർക്ക് ഓർഡർ മാത്രമെയുണ്ടായിരുന്നുള്ളു.ഇതുകൊണ്ടുതന്നെ സെൻട്രൽ പബ്ളിക് പ്രോക്യുർമെന്‍റ് പോർട്ടലിൽ അവർ ഔദ്യോഗികമായി ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടുകയോ ഡീബാർ ചെയ്യപ്പെടുകയോ ചെയ്തിരുന്നില്ല.ഈ വസ്തുത മുതലെടുത്ത് ഗ്ലോബറീന അതിന്‍റെ പ്രവർത്തനങ്ങള്‍ നിയമപരമായി മാറ്റി സഹോദര സ്ഥാപനമായ കോഎംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ്  ലിമിറ്റഡ് എന്ന പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു.ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും നടത്തുന്ന ടെക്സ്ഥാപനങ്ങള്‍ക്ക് തുടർന്നുള്ള സർക്കാർ ടെൻഡറുകള്‍ക്ക് യോഗ്യത നേടുന്നതിന് കോർപ്പറേറ്റ് പുന:സംഘടനകളോ പേരുമാറ്റങ്ങളോ ഉപയോഗിക്കുന്നത് തടയുന്നതിന് ഇന്ത്യയിൽ നിലവിൽ ഒരു കേന്ദ്രീകൃതവും ഏകീകൃതവുമായ ട്രാക്കിംഗ് സംവിധാനം ഇല്ല എന്നത് വലിയ അപാകതയാണ്.സാങ്കേതികമായ ഈ വിടവുകള്‍ പ്രയോജനപ്പെടുത്തി കോഎംപ്റ്റ് രംഗത്ത് സജീവമാകുകയും ഒഡിഷ കൌണ്‍സിൽ ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ ഇവാലുവേഷനിലും തുടർന്ന് സിബിഎസ്ഇയിലും എത്തുകയായിരുന്നു.തെലങ്കാനയിലെ വീഴ്ചയിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോയ കമ്പനി മറ്റൊരു സ്ഥാപനത്തെ മറയാക്കി കുറഞ്ഞ തുക ക്വോട്ട് ചെയ്ത് സാമ്പത്തിക സാങ്കേതികതയുടെ പേരിൽ പതിനെട്ട് ലക്ഷത്തോളം കുട്ടികളുടെ ജീവിതമാണ് പന്താടിയത്.ഈ പാപത്തിൽ നിന്നും എൻഡിഎ സർക്കാരിന് മറപിടിച്ച് രക്ഷപെടാൻ കഴിയില്ല.ഇനി സിബിഎസ്ഇ ചെയ്യേണ്ടത് മുഴുവൻ കുട്ടികള്‍ക്കും സൌജന്യമായി സ്വന്തം പേപ്പറുകള്‍ ഓണ്‍ലൈനായി കാണുന്നതിനും വാല്യുവേഷനിൽ തകാരാറ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും അങ്ങിനെ സംഭവിച്ചു എന്ന് ബോധ്യപ്പെട്ടാൽ അവരുടെ പരാതി പരിഹരിച്ച് നൽകുകയും ചെയ്യുക എന്നതാണ്.വായിക്കാൻ കഴിയാത്ത ഉത്തരപേപ്പറുകള്‍ക്ക് പകരം കൃത്യമായി സ്കാൻ ചെയ്ത പേപ്പറുകള്‍ നൽകാനും,ഷീറ്റുകള്‍ നഷ്ടമായവർക്ക് അത് കണ്ടെത്തി അയച്ചുകൊടുക്കാനും തയ്യാറാകണം.അതിനുള്ള ശ്രമമാണ് സത്യസന്ധതയും ഉത്തരവാദിത്തവും അൽപ്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ സിബിഎസ്ഇ ചെയ്യേണ്ടത്.

 

2027 ലെ നീറ്റ്-യുജി   

 

      രാധാകൃഷ്ണൻ സമിതിയുടെ നിർദ്ദേശപ്രകാരം വരുംകാല പരീക്ഷകള്‍ പേന-പേപ്പർ ഓഎംആർ ഷീറ്റുകള്‍ക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്നാണ് സർക്കാർ ഇപ്പോള്‍ പറയുന്നത്.ഇത് ഡിജിറ്റൽ കസ്റ്റഡി ശ്രുംഖല ഉറപ്പാക്കി സൈബർ പഴുതുകള്‍ അടയ്ക്കുമെന്ന് സമിതി വിലയിരുത്തി.ഇത് നടത്തുമ്പോഴും ഒറ്റയടിക്ക് ഇരുപത് ലക്ഷം പേർക്ക് പരീക്ഷ നടത്തുന്നതിന് പകരം ഒരു ലക്ഷം പേർക്കുവീതം വ്യത്യസ്ത ചോദ്യപേപ്പറുകളും വ്യത്യസ്ത സമയക്രമങ്ങളും എന്ന മട്ടിൽ പരീക്ഷ നടത്തിയാൽ ഏതെങ്കിലും തരത്തിലുള്ള കള്ളത്തരം നടന്നാലും കണ്ടെത്താൻ കുറച്ചുകൂടി എളുപ്പമാകും.അഥവാ പരീക്ഷ ക്യാൻസൽ ചെയ്യേണ്ടിവന്നാലും ആ പ്രത്യേക ദിന പരീക്ഷ മാത്രമായി ക്യാൻസൽ ചെയ്താൽ മതിയാകും.ഇത്തരത്തിൽ അവധാനതയോടെ പരീക്ഷ നടത്താൻ എൻടിഎയ്ക്ക് കഴിയണം.

   യുപിഎസി സിവിൽ സർവ്വീസ് പരീക്ഷ നടത്തുന്നപോലെ ഒരു പ്രിലിമിനറി പരീക്ഷ നടത്തുകയും അതിൽ നിന്നും ആകെ വേക്കൻസിയുടെ പത്തിരട്ടിയോളം പേരെ വിജയിപ്പിച്ച് അവർക്കായി മെയിൻ പരീക്ഷ നടത്തുന്ന രീതിയും ആലോചിക്കാവുന്നതാണ്. ഏതായാലും എൻടിഎയും സിബിഎസ്ഇയും ഉത്തരവാദപ്പെട്ട വിവിധ സ്ഥാപനങ്ങളും നിലവിലെ രീതിയിൽ മുന്നോട്ടുപോകുന്നത് സർക്കാരുകളെ വിശ്വസിക്കാത്ത ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കാനിടയാകും.പുതിയ കാലത്തെ മാറ്റങ്ങള്‍ക്കും കലാപങ്ങള്‍ക്കും  മുന്നിൽ നിൽക്കുന്നത് ജെൻ സീയാണെന്ന് അധികാരികള്‍ ഓർക്കുന്നത് നന്ന്.









No comments:

Post a Comment