Monday, 21 August 2023

A trip to Karakkad mangrove forest and Dhanushkodi

 


യാത്ര

കണ്ടല്‍ക്കാടും കടന്ന് രാജ്യാതിര്‍ത്തിയിലേക്ക്

-വി.ആര്‍.അജിത് കുമാര്‍

ഹരിയും കുടുംബവും സതീഷിനൊപ്പം രാമനാഥപുരത്തെത്തിയത് ജൂലൈ 21 രാത്രിയിലായിരുന്നു.അടുത്തദിവസം രാവിലെ ഗള്‍ഫ് ഓഫ് മന്നാറിലെ ഒരു ദ്വീപിലേക്ക് പോകുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കാലാവസ്ഥ അനുകൂലമായിരുന്നില്ല. ശക്തമായ ആടിമാസക്കാറ്റ് അടിക്കുന്നതിനാല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇനി എന്ത് എന്ന ചിന്തയില്‍ നിന്നാണ് കണ്ടല്‍ക്കാടുകള്‍ കാണാം എന്ന തീരുമാനത്തിലെത്തിയത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ പിച്ചാവരം കണ്ടിട്ടുണ്ടെങ്കിലും ഓരോ പ്രദേശത്തിനും ഓരോ സൌന്ദര്യമാണല്ലൊ എന്നു കരുതി ആ യാത്രയ്ക്ക് തുടക്കമിട്ടു.

ആദ്യം ദേവിപട്ടണത്തിലേക്കാണ് പോയത്. പോകുംവഴിയാണ് ഉപ്പൂര്. അധികം ഈര്‍പ്പമില്ലാത്ത,വരണ്ട പ്രദേശമാണ് രാമനാഥപുരം.അതുകൊണ്ടുതന്നെ തൂത്തുക്കുടിയിലെപോലെ ഇവിടെയും ഉപ്പളങ്ങള്‍ ധാരാളം. ആദ്യം സന്ദര്‍ശിച്ചത് ഒരു ഉപ്പളമായിരുന്നു. വെയിലില്‍ തിളങ്ങുന്ന ഉപ്പുകല്ലുകളുടെയും ഉപ്പുതരികളുടെയും കൂനകള്‍. കടല്‍വെള്ളം അടിച്ചുകയറ്റി ഇട്ടിരിക്കുന്ന കളങ്ങള്‍. അവിടെ പണിയെടുക്കുന്ന തൊഴിലാളികള്‍. അതൊക്കെ കണ്ട് കുറച്ചു സമയം ചിലവഴിച്ചു. ജോലിക്കാരില്‍ ചിലര്‍ നഗ്നപാദരായാണ് പണിയെടുക്കുന്നത്. മറ്റു ചിലര്‍ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തലയില്‍ തൊപ്പി വച്ചിട്ടും ഞങ്ങള്‍ക്ക് രാവിലത്തെ ചൂട് സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ക്കിതൊക്കെ സാധാരണമായി കഴിഞ്ഞു. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ജോലി ഉച്ചയ്ക്ക് പന്ത്രണ്ടിന് അവസാനിക്കും. അറുനൂറ് രൂപയാണ് കൂലി. ജോലിക്കാരില്‍ അധികവും സ്ത്രീകളാണ്. എന്നും തൊഴിലുണ്ടാകില്ല. പണിയുള്ളപ്പോള്‍ കരാറുകാരന്‍ വിളിക്കും.ഉപ്പളങ്ങളില്‍ നിന്നും ഉപ്പ് ശേഖരിച്ച് ഫാക്ടറികളില്‍ കൊണ്ടുപോയി അയഡിനും മറ്റും ചേര്‍ത്ത് കവറിലാക്കുന്ന ജോലിയെ നമ്മള്‍ കാണുന്ന പല ബ്രാന്‍ഡഡ് കമ്പനികള്‍ക്കും ഉള്ളു. തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കുന്ന ചില നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നുതോന്നി. അതൊക്കെ ഭാവിയില്‍ സംഭവിക്കുമായിരിക്കും.

ദേവിപട്ടണം ഒരുകാലത്ത് പ്രശസ്തമായ ഒരു തുറമുഖമായിരുന്നു. ഇപ്പോള്‍ മീന്‍ഹാര്‍ബര്‍ മാത്രമാണ്. ഇതിന്‍റെ പരിസരങ്ങളിലൊക്കെയായാണ് ഗള്‍ഫ് ഓഫ് മന്നാറിലെ പല ദ്വീപുകളും കാണപ്പെടുന്നത്. ഒരു കാലത്ത് പേളും ശംഖും കോറലും സജീവമായിരുന്ന ഇവിടം ഇപ്പോള്‍ അതെല്ലാം നശിച്ച മട്ടിലാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്നെ അറേബ്യന്‍ കച്ചവടക്കാര്‍ വന്ന് സ്ഥിരവാസം തുടങ്ങിയ ഇടം കൂടിയാണ് ദേവിപട്ടണം. അവര്‍ അറബും തമിഴും ചേര്‍ന്നൊരു ഭാഷയും രൂപപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വ്യാപാരങ്ങള്‍ തകര്‍ന്നതോടെ പലരും ഗള്‍ഫിലും മറ്റിടങ്ങളിലും പണിയെടുക്കുന്നു. കടല്‍തീരത്ത് കടലില്‍ തന്നെ ഒരിടം കെട്ടിത്തിരിച്ച് കുറച്ചു ഫലകങ്ങള്‍ വച്ചിട്ടുണ്ട്. ഇവ നവഗ്രഹങ്ങളാണ് എന്ന സങ്കല്‍പ്പത്തില്‍ പലരും പൂജചെയ്യുന്നതും കാണാമായിരുന്നു. ഇതിനായി എത്തുന്ന ഭക്തരാണ് ഇവിടെവരുന്ന പുറംനാട്ടുകാരില്‍ അധികവും. രാമനാഥപുരമായതിനാലും ശ്രീലങ്കയോട് അടുത്ത് കിടക്കുന്നതിനാലും ഈ ക്ഷേത്രത്തിനും ഒരു ശ്രീരാമ ബന്ധം പറയുന്ന സങ്കല്‍പ്പം നിലനില്‍ക്കുന്നു.

അവിടെ നിന്നും ഞങ്ങള്‍ പോയത് കാരംകാട് കണ്ടല്‍കാടുകളിലേക്കാണ്. വളരെ ഉള്ളിലേക്ക് നീങ്ങിയുള്ള നിശബ്ദമായ ഒരു കടല്‍തീരമാണ് ഇവിടം. ഉപ്പുകലര്‍ന്ന ജലരാശിയിലാണ് കണ്ടലുകള്‍ ഉണ്ടാവുക. ഇവിടം അത്തരമൊരു സമൃദ്ധിയിലാണുള്ളത്. ഞങ്ങള്‍ എത്തുമ്പോള്‍ ബസില്‍ വന്ന ഒരു കൂട്ടര്‍ അവിടെുണ്ടായിരുന്നു. ഒരു പള്ളിയുടെ നേതൃത്വത്തിലുള്ള യാത്രാസംഘമാണ്. വേലിയേറ്റം തുടങ്ങിയിട്ടില്ലാത്തതിനാല്‍ ബോട്ടിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഒരു ചെറിയ കട അവിടെയുണ്ട്. അവര്‍ അവിടെനിന്നും ചായയും സ്നാക്ക്സും ഒക്കെ കഴിച്ച് ക്ഷമയോടെ കാത്തിരിക്കയായിരുന്നു. ആതിഥ്യമര്യാദയുടെ ഭാഗമായി അവിടത്തെ ജീവനക്കാര്‍ ഞങ്ങള്‍ക്കും ബിസ്ക്കറ്റും ഫ്ളേവര്‍ ചേര്‍ത്ത ഗോലിസോഡയും തന്നു. അതൊക്കെ കഴിച്ചും കുടിച്ചും ഞങ്ങളും വേലിയേറ്റത്തിനായി കാത്തിരുന്നു. തീരത്തോട് ചേര്‍ന്ന് ഒരു പള്ളിയുണ്ട്. ഇവിടെ ഇക്കോടൂറിസം പ്രദേശവാസികളുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ജോലി ചെയ്യുന്നവരെല്ലാം നാട്ടുകാരാണ്. അവര്‍ക്ക് ശമ്പളം നല്‍കുന്നതിന് പുറമെ വരുമാനത്തില്‍ നാല്‍പ്പത് ശതമാനവും കമ്മ്യൂണിറ്റി ഡവലപ്മെന്‍റിനായി ഉപയോഗിക്കുകയാണ്. പള്ളി അധികാരികളോട് ആലോചിച്ചാണ് എന്ത് ചെയ്യണം എന്ന് നിശ്ചയിക്കുക. ഇപ്പോള്‍ പള്ളിയോട് ചേര്‍ന്ന് ഒരു ഹാള്‍ നിര്‍മ്മാണം നടക്കുകയാണ്.

മികച്ച ഇനം ഞണ്ടുകള്‍ ലഭിക്കുന്ന ഇവിടം ഗള്‍ഫ് ഓഫ് മന്നാറിന്‍റെ ഭാഗമാണ്. അവിസെനിയ മറീന, അവിസെനിയ ഒഫീഷ്യനാലിസ്,റൈസോഫോറ അപിക്കുലേറ്റ,റൈസോഫോറ മ്യൂക്രോണേറ്റ,സെറിയോപ്സ് ടാഗല്‍ എന്നീ ഇനങ്ങളില്‍ പെട്ട കണ്ടലുകളാണ് ഇവിടെ അധികവും. രാമനാട്-തൊണ്ടി ഈസ്റ്റ്കോസ്റ്റ് റോഡിന് സമീപമാണ് കാരക്കാട്. അന്‍പത് വര്‍ഷം മുന്നെ പ്രോസോപിസ് ഇനത്തില്‍പെട്ട കാരച്ചെടികൊണ്ട് നിറഞ്ഞ ഇടമായിരുന്നു ഇവിടം. അങ്ങിനെ കാരക്കാട് എന്ന് പേരുവന്നു. പിന്നീട് കാട് വെട്ടിത്തെളിച്ച് ആളുകള്‍ താമസം തുടങ്ങി. പക്ഷികളെ വേട്ടയാടിയും മീന്‍പിടിച്ചും അവര്‍ ജീവിച്ചു. കൊട്ടക്കരി അഴിമുഖത്ത് നാനൂറ് ഹെക്ടര്‍ പ്രദേശത്തായാണ് നൂറ്റിരണ്ട് ഹെക്ടര്‍ വരുന്ന കണ്ടല്‍ വ്യാപിച്ചുകിടക്കുന്നത്. വേലിയേറ്റ സമയം അഞ്ച് കിലോമീറ്റര്‍ ഉള്ളിലേക്ക് ഉപ്പുവെള്ളം കയറിവരും. ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചിനം പക്ഷികളുടെ വാസകേന്ദ്രമാണിവിടം. ഞണ്ടിന് പുറമെ കക്കയും മീനും പാമ്പുകളും ധാരാളമായുണ്ട്. പെയിന്‍റഡ് സ്റ്റോര്‍ക്ക്,ഓപ്പണ്‍ബില്‍ സ്റ്റോര്‍ക്ക്,സ്പൂണ്‍ബില്‍,വൈറ്റ് ഐബിസ്, ഗ്രേറ്റ് നോട്ട്, സീഗള്‍,കാസ്പിയന്‍ ടേണ്‍,പര്‍പ്പിള്‍ ഹെറോണ്‍, കര്‍ല്യൂ സാന്‍ഡ് പൈപ്പര്‍,വിംബ്രെല്‍,ഗ്രേ ഹെറോണ്‍,ബ്ലാക്ക് വിംഗ്ഡ് സ്റ്റില്‍റ്റ് എന്നിവ സ്ഥിരം സന്ദര്‍ശകരാണ്. ഇവിടെ ബോട്ടിംഗും കയാക്കിംഗും സ്നോര്‍ക്ക്ലിംഗും അനുവദിച്ചിട്ടുണ്ട്.

വേലിയേറ്റം തുടങ്ങിയപ്പോള്‍ ഏകദേശം പന്ത്രണ്ട് മണിയായി. ബസില്‍ വന്ന സംഘം വലിയ ബോട്ടില്‍ കയറി. ഞങ്ങള്‍ ചെറിയ ബോട്ടിലും. കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള യാത്ര അതീവരസകരമാണ്. നല്ല ചൂടുണ്ടെങ്കിലും അതത്ര അനുഭവപ്പെട്ടില്ല. പലയിടത്തും വേഗം കുറച്ചും ചിലപ്പോള്‍ വേഗം കൂട്ടിയും ഞങ്ങളുടെ സാരഥിയായ സിറിള്‍ ബോട്ട് ഓടിച്ചുകൊണ്ടിരുന്നു.പകല്‍ സമയം ബോട്ട് ഡ്രൈവറാകുന്ന സിറിളിന് മാസശമ്പളം എണ്ണായിരം രൂപയാണ്. രാത്രിയില്‍ ഞണ്ടിനെ പിടിക്കാന്‍ പോകും. അത് വഴി ദിവസവും അഞ്ഞൂറ് അറുനൂറ് രൂപ കിട്ടുമെന്നും സിറിള്‍ പറഞ്ഞു. വളരെ പ്രസന്നമായ ഭാവമാണ് സിറിളിന്.

ഞങ്ങളുടെ ബോട്ട് കടലും കായലും യോജിക്കുന്ന പൊഴിമുഖത്തെത്തി.അവിടെ ചിലയിടങ്ങളില്‍ ആഴം കുറവാണ്. വളരെ ശ്രദ്ധിച്ച് സിറിള്‍ ബോട്ടിനെ കടലിനുള്ളിലേക്ക് കൊണ്ടുപോയി. ഒരു മണല്‍തിട്ടില്‍ ചേര്‍ത്തുനിര്‍ത്തി. തിരകളൊന്നുമില്ലാത്ത ശാന്തമായ കടലില്‍ ഞങ്ങള്‍ ഇറങ്ങിനിന്നു. മത്സ്യങ്ങളും പായലും കാണാവുന്ന ആഴമേയുള്ളു കടലിന്. വലിയ ബോട്ട് കുറച്ചുകൂടി ഉള്ളിലേക്ക് പോയി. അവര്‍ അവിടെയിറങ്ങി കുളിച്ചു. അരമണിക്കൂറോളം അവിടെ ചിലവഴിച്ച് ഞങ്ങള്‍ മടങ്ങി.

തിരികെ എത്തിയപ്പോള്‍ സമൃദ്ധമായ ഒരു സദ്യ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചോറും കണവ കട്ലറ്റും മീന്‍കറിയും മീന്‍ വറുത്തതും ഞണ്ട് കറിയും കൊഞ്ചുകറിയുമൊക്കെയായി ഒരു വിരുന്ന്. വയറും മനസും നിറയ്ക്കുന്ന രുചിയും മണവും. ഭക്ഷണം കഴിഞ്ഞ് അല്‍പ്പസമയം വിശ്രമിച്ചശേഷം രാമേശ്വരത്തേക്ക് തിരിച്ചു.

ക്ഷേത്രത്തില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. പലവട്ടം പോയിട്ടുള്ളതാണെങ്കിലും അവിടെകയറി ശില്‍പ്പഭംഗിയും നിര്‍മ്മാണ കലയുമൊക്കെ ഒരിക്കല്‍ കൂടി ആസ്വദിച്ചശേഷം ധനുഷ്ക്കോടിയിലേക്ക് പോയി. ധനുഷ്കോടി ഇപ്പോള്‍ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കഴിഞ്ഞു. രാമേശ്വരത്ത് വരുന്നവര്‍ മാത്രമല്ല ധനുഷ്ക്കോടി കാണാന്‍ മാത്രമായി വരുന്നവരും ധാരാളം. വലതുവശം തിരയുള്ള നീലനിറമാര്‍ന്ന  ഇന്ത്യന്‍ മഹാസമുദ്രം. ഇടതുവശം നീലയും പച്ചയും കലര്‍ന്ന, ശാന്തമായ ബംഗാള്‍ ഉള്‍ക്കടല്‍. നടുക്ക് നല്ലൊരു റോഡും.അതവസാനിക്കുന്നത് അരിചാല്‍ മുന അഥവാ ഇറോഷന്‍ പോയിന്‍റിലും. ആ യാത്ര ഒരു പ്രത്യേകാനുഭവമാണ്. പലവട്ടം പോയിട്ടും മടുക്കാത്ത യാത്ര. ആഗസ്റ്റ് പതിനെട്ടിന് കണ്ണൂരില്‍ നിന്നും സതീഷ് തോപ്രത്തും ലക്ഷ്മണനും കൂടി വന്നപ്പോള്‍ വീണ്ടും അവിടെ പോയി എന്നതും മറ്റൊരു യാദൃശ്ഛികത. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാണ് അവിടെ എത്തിയിട്ടുള്ളതെന്ന് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പരുകളില്‍ നിന്നും മനസിലാക്കാം. പോകുംവഴിയില്‍തന്നെ പലയിടത്തും ആളുകള്‍ കുളിക്കുന്നത് കണ്ടു. ടൂറിസ്റ്റുകളെ ആശ്രയിച്ചും മീന്‍പിടിച്ചും ജീവിക്കുന്ന കുറേ മനുഷ്യരും ആ ഒറ്റപ്പെട്ട ഇടത്ത് ജീവിക്കുന്നുണ്ട്.

1964 ലെ കൊടുങ്കാറ്റില്‍ നഷ്ടപ്പെട്ട റയില്‍വേ ലൈനും സ്റ്റേഷനും പള്ളിയുമൊക്കെ ചരിത്രസ്മാരകങ്ങളായി നില്‍ക്കുന്നുണ്ട്. വാഹനത്തിരക്ക് ഏറെയാണ്. മുനമ്പിന് കുറേ അകലെയായി വാഹനം നിര്‍ത്തി ഞങ്ങള്‍ നടന്നു. നല്ല കാറ്റുണ്ട്. കാറ്റില്‍ മരുഭൂമിയിലെപോലെ മണല്‍ മുഖത്തും ശരീരത്തും അടിച്ചുകയറുന്നു. നൂറുകണക്കിന് ആളുകള്‍ മുനമ്പിലുണ്ടായിരുന്നു. എല്ലാവരും സന്തോഷത്തിലാണ്. ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് വെറും ഇരുപത്തിനാല് കിലോമീറ്റര്‍ ദൂരമേയുള്ളു എന്നതാണ് പ്രത്യേകത. 2016 വരെ മുകുന്ദരായര്‍ ചത്തിരം വരെ മാത്രമെ സ്വന്തം വാഹനത്തില്‍ വരാന്‍ കഴിയുമായിരുന്നുള്ളു. അവിടെ നിന്നും നടന്നോ ജീപ്പ്ടാക്സിയിലോ ആയിരുന്നു ധനുഷ്ക്കോടിയില്‍ എത്തിയിരുന്നത്. 2016 ല്‍ ഒന്‍പതര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിച്ചു. മുനമ്പില്‍ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭത്തിന് മുന്നില്‍ നിന്ന് ചിത്രമെടുത്താണ് ആളുകള്‍ മടങ്ങുക. അഞ്ചുമണിയോടെ പോലീസ് ആളുകളെ തീരത്തുനിന്നും ഒഴിവാക്കിത്തുടങ്ങും. സൂര്യാസ്തമയം കാര്‍മേഘങ്ങള്‍ക്കിടിയിലെവിടെയോ ആയിരുന്നു. ആളുകള്‍ മടക്കയാത്ര തുടങ്ങി. ബഹളം കുറഞ്ഞുകുറഞ്ഞു വന്നു. ആ സമയത്ത് കടലിന്‍റെ ഇരമ്പല്‍ മാത്രം കേട്ടിരിക്കാന്‍ ഒരു പ്രത്യേക സുഖമാണ്. രണ്ട് കടലുകള്‍ ശാന്തമായി സംഗമിക്കുന്ന സായംസന്ധ്യയില്‍ അവിടെനിന്നും മടങ്ങിയ അവസാന യാത്രക്കാരില്‍ ഞങ്ങളും ഉള്‍പ്പെട്ടിരുന്നു.

(കാരക്കാട് ബോട്ടിംഗിന് മുതിര്‍ന്നവര്‍ക്ക് 200 രൂപയും കുട്ടികള്‍ക്ക് (5-12 പ്രായം)- 100 രൂപയുമാണ്. രാവിലെ പത്തിനും വൈകിട്ട് 4.30നും ഇടയിലാണ് ബോട്ടിംഗ്. നാല്‍പ്പത്തിയഞ്ച് മിനിട്ട് ബോട്ടിംഗ് ഉണ്ടാകും. ചൊവ്വ അവധി. മൊബൈല്‍- 7598711620 . ധനുഷ്ക്കോടിയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം)🙋

 













Monday, 14 August 2023

Keeladi- A Sangam era heritage museum

 









കീഴടി – സംഘകാല നാഗരികത

-   വി.ആര്‍.അജിത് കുമാര്‍

 

തമിഴ്നാട്ടില്‍ ശിവഗംഗ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നാണ് കീഴടി. മധുരയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്താം. വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ വളരെ നിശബ്ദമായ ഒരു ഗ്രാമപ്രദേശം. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്നെ വൈഗ നദിക്കരയില്‍ നിന്നും രണ്ടു കലോമീറ്റര്‍ മാറിയുള്ള  ഒരു പ്രധാന നഗരകേന്ദ്രമായിരുന്നു കീഴടി എന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ട് അധികകാലമായില്ല. തമിഴ് സംസ്ക്കാരം കണ്ടെത്തിയ മറ്റ് കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെയുള്ളത് കല്ലുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങളും സിറാമിക് വസ്തുക്കളുമാണ്. സിന്ധുനദീതട സംസ്ക്കാരവുമായി കീഴടിക്കുള്ള ബന്ധമാണ് മറ്റൊരു പ്രത്യേകത. പ്രാകൃത് ബ്രഹ്മി ലിപിയും തമിഴ് ബ്രഹ്മി ലിപിയും ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്. സംഘകാലത്തെ സാമാന്യ ജനതയുടെ സാക്ഷരത, കച്ചവടം, സാങ്കേതികത,സാമൂഹിക അധികാരശ്രേണി,വിശ്വാസങ്ങള്‍,ആചാരങ്ങള്‍ എന്നിവ സംബ്ബന്ധിച്ചും പുത്തന്‍ അറിവുകള്‍ കീഴടി നല്‍കുന്നു. സിന്ധുനദീതട സംസ്ക്കാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യ ഗ്രാമീണമായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്ന രേഖകളാണ് ഇവിടെനിന്നും ലഭിച്ചിട്ടുള്ളത്.

 

  ഇവിടെ നിന്നും ലഭിച്ച പുരാവസ്തുക്കളുടെ ശേഖരം ഏറ്റവും ആധുനികമായ സംവിധാനങ്ങളോടെ ഒരു മ്യൂസിയത്തില്‍ ലഭ്യമാക്കുന്നു എന്നതാണ് ഈ പുരാവസ്തു മ്യൂസിയത്തിന്‍റെ പ്രത്യേകത. ചെട്ടിനാട് നിര്‍മ്മാണ മാതൃകയില്‍ അകത്തളങ്ങളും വരാന്തകളുമൊക്കെയായി നിര്‍മ്മിച്ചിരിക്കുന്ന മ്യൂസിയം നിത്യവും നൂറുകണക്കിന് സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. ആറ് ബ്ലോക്കുകളുള്ള ഈ മ്യൂസിയം 2023 മാര്‍ച്ച് അഞ്ചിനാണ് ഉത്ഘാടനം ചെയ്തത്.പതിനെട്ട് കോടി രൂപയാണ് ചിലവ്. മ്യൂസിയത്തില്‍ നിന്നും അരക്കിലോമീറ്റര്‍ മാറിയാണ് ഖനനം നടക്കുന്നത്. അവിടവും സന്ദര്‍ശിക്കാവുന്നതാണ്. കീഴടി ഗ്രമത്തിന് പുത്തനുണര്‍വ്വ് നല്‍കിയിരിക്കയാണ് ഈ മ്യൂസിയം.

 

   ഇരുമ്പ് യുഗത്തിന്‍റെ തുടക്കത്തിലേ ഇവിടെ ഒരു സംസ്ക്കാരം രൂപപ്പെട്ടിരുന്നു എന്നുറപ്പ്. സാധാരണയായി തുറമുഖങ്ങളോടും നദികളോടും ചേര്‍ന്നാണ് നഗരം വികസിക്കുക. എന്നാല്‍ കീഴടി കുറച്ച് അകലത്തിലാണ് എന്നത് ശ്രദ്ധേയം. ജൈന-ബുദ്ധമതങ്ങളുടെ സ്വാധീനവും ഇവിടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മതങ്ങളും ആരാധനയുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെന്നു മാത്രം.

 

ഇവിടെ നൂറ്റിപ്പത്ത് ഏക്കറിലാണ് ഖനനം നടക്കുന്നത്. 2014 മുതല്‍ 2017 വരെ ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയാണ് ഖനനം നടത്തിയിരുന്നത്. 2018ല്‍ തമിഴ്നാട് പരാവസ്തു വകുപ്പ് ഏറ്റെടുത്തു. 2017-18ല്‍ 5820 പുരാവസ്തുക്കള്‍ കണ്ടെടുക്കുകയുണ്ടായി. ചുട്ടെടുത്ത കല്ലുകളും ടെറാകോട്ട കിണര്‍ വളയങ്ങളും മേല്‍ക്കൂര ടൈല്‍സും മഴവെള്ളം പോകാനുള്ള സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണ്ണാഭരണം,ചെമ്പ്കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍,ഇരുമ്പ് ഉപകരണങ്ങള്‍, ടെറാകോട്ട കളിവസ്തുക്കള്‍,കമ്മലുകള്‍,രൂപങ്ങള്‍,മുത്തുകള്‍,ഗ്ലാസ്, കല്ലാഭരണങ്ങള്‍,സിറാമിക് വസ്തുക്കള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

ബിസി ആറാം നൂറ്റാണ്ടു മുതലുള്ള വസ്തുക്കള്‍ ഇവിടെനിന്നും ലഭിച്ചിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. തമിഴ്നാട്ടില്‍ പതിനഞ്ച് ലക്ഷം വര്‍ഷങ്ങളായി മനുഷ്യര്‍ ജീവിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. കീഴടി നല്‍കുന്ന വസ്തുക്കള്‍ പിറകോട്ടുള്ള മനുഷ്യ ചരിത്രമാകും നമുക്ക് വരുംകാലങ്ങളില്‍ നല്‍കുക. കര്‍ഷകരും കാലിവളര്‍ത്തുന്നവരും മാത്രമല്ല ,മികച്ച സാങ്കേതിക മികവുള്ളവരുമായിരുന്നു ഇവിടത്തെ ജനത എന്ന് ലഭ്യമായ നിര്‍മ്മാണ വസ്തുക്കള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

കലങ്ങളിലും മറ്റുമുള്ള ചിത്രങ്ങളും വരകളും മെഗാലിത്തിക് കാലഘട്ടത്തിലും ഇരുമ്പ് യുഗത്തിലുമുണ്ടായിരുന്ന മനുഷ്യരുടെ ആശയവിനിമയം സൂചിപ്പിക്കുന്നു. 1001 ഗ്രാഫിറ്റികളാണ് ഇവിടെനിന്നും ലഭിച്ചിട്ടുള്ളത്. ഇവര്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ 110 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാകപ്പെടുത്തിയവയാണ്. തുണി നിര്‍മ്മാണത്തിനുള്ള 180 സ്പിന്‍ഡില്‍ വേളുകളും അസ്ഥികൊണ്ട് നിര്‍മ്മിച്ച ഉപകരണങ്ങളും ഖനനത്തിലൂടെ ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ദന്ത നിര്‍മ്മിതമായ ചീപ്പുകളും വളകളുമൊക്കെ അന്നത്തെ സ്ത്രീ സമൂഹത്തിന്‍റെ സാംസ്ക്കാരിക-സാമ്പത്തിക പുരോഗതിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. മനുഷ്യര്‍ ഏര്‍പ്പെട്ടിരുന്ന പലവിധ കളികളുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പല കളികളും ഇപ്പോഴും മധുരയിലും പരിസരത്തും നിലനില്‍ക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. 2600 വര്‍ഷം പഴക്കമുള്ള സംഘകാല ജീവിതം ഓര്‍ത്തെടുക്കാനുള്ള മുദ്രകളാണ് ഇവിടം കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്.

 

പ്രവേശനം – രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ. (ചൊവ്വയും ദേശീയ അവധി ദിവസങ്ങളും ഒഴികെ ) വീക്കെന്‍ഡ്സില്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും

ടിക്കറ്റ് – മുതിര്‍ന്നവര്‍ - 15 രൂപ

       കുട്ടികള്‍-      10  രൂപ

       വിദ്യാര്‍ത്ഥികള്‍-  5 രൂപ


Saturday, 12 August 2023

New Criminal Laws are coming

 

സ്വതന്ത്ര ഇന്ത്യയുടെ ക്രിമിനല്‍ നിയമങ്ങള്‍ വരുന്നു🙏

-വി.ആര്.അജിത് കുമാര്

സ്വതന്ത്ര ഇന്ത്യയുടെ ക്രിമിനല്‍ നിയമങ്ങള്‍ വരുന്നു. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ല് പാര്‍ലമെന്‍ററി സമിതി പരിശോധിച്ച ശേഷം നിയമമാകും.സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വര്‍ഷം ഭരണാധികാരികളും പൊതുസമൂഹവും ചുമന്നു നടന്ന ബ്രിട്ടീഷുകാരന്‍റെ നിയമങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. വിദേശത്തുനിന്നും വന്ന് ഇന്ത്യന്‍ ജനതയെ അടിമകളാക്കി,അവരെ ഭരിക്കാനും ഭയപ്പെടുത്താനുമായുണ്ടാക്കിയ ഇന്ത്യന്‍ പീനല്‍ കോഡും ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡും ഇന്ത്യന്‍ എവിഡന്‍സ് ആക്ടുമാണ് ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് പോകുന്നത്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരുന്ന പുതിയ ബില്ലുകള്‍ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നിവയാണ്.

ഈ നിയമങ്ങള്‍ വരുന്നതോടെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഏഴു വര്‍ഷം തടവ് മുതല്‍ മരണശിക്ഷ വരെ ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാല്‍ക്കാരം ചെയ്യുന്നതിനും മരണശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ബില്ല്. കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷം തടവോ മരണം വരെ ജയിലോ ലഭിക്കും. ഏത് കേസിലും വിധിക്കപ്പെടുന്ന മരണശിക്ഷ ജീവപര്യന്തമാക്കാനും ജീവപര്യന്തം ഏഴ് വര്‍ഷം വരെ തടവ് ആക്കാനും മാത്രമെ നിയമം ഇളവ് അനുവദിക്കുകയുള്ളു.  

കേസ് നടക്കുമ്പോള്‍ നാടുവിടുകയോ ഒളിവില്‍ പോവുകയോ ചെയ്യുന്നവരുടെ കേസുകള്‍ അവരുടെ അഭാവത്തില്‍ വാദം കേള്‍ക്കും. ഏഴ് വര്‍ഷം തടവെങ്കിലും ലഭിക്കാവുന്ന കേസുകളില്‍ കുറ്റം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന നിര്‍ബ്ബന്ധമാക്കും.ഇതിനായി ഓരോ ജില്ലയിലും മൂന്ന് മൊബൈല്‍ ഫോറന്‍സിക് ലാബുകള്‍ തുടങ്ങും.

ഭീകരവാദം,സായുധ കലാപം, അട്ടിമറി,വിഘടനവാദം, രാജ്യത്തിന്‍റെ പരമാധികാരവും ഐക്യവും തകര്‍ക്കുന്ന മറ്റ് നടപടികള്‍ എന്നിവയും പുതിയ കുറ്റങ്ങളായി ചേര്‍ത്തിട്ടുണ്ട്. അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് അയാളുടെ കുടുംബത്തിന് നല്‍കുന്ന ഒരു സംവിധാനം പോലീസില്‍ കൊണ്ടുവരും. കേസ്സുകള്‌‍ സംബ്ബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായും വ്യക്തിപരമായും ലഭ്യമാക്കും. ലൈംഗാകാതിക്രമ കേസുകളില്‍ ഇരയുടെ മൊഴിയും അതിന്‍റെ വീഡിയോ റെക്കോര്‍ഡിംഗും നിര്‍ബ്ബന്ധമാക്കും. കേസ്സുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ നല്‍കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ടാകും.

  പ്രഥമ വിവര റിപ്പോര്‍ട്ട് മുതല്‍ കേസ് ഡയറി വരെയും ചാര്‍ജ് ഷീറ്റും വിധിയും എല്ലാം ഡിജിറ്റൈസ് ചെയ്യും. 2027 ഓടെ എല്ലാ കോടതികളും കംപ്യൂട്ടറൈസ് ചെയ്യും.ഇലക്ട്രോണിക് എഫ്ഐആര്‍, രാജ്യത്തെവിടെയും സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ സംവിധാനം എന്നിവ വരും. ഏഴ് വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, ഇരയുടെ അഭിപ്രായം കേട്ടശേഷമെ ,സര്‍ക്കാരിന് കേസ് പിന്‍വലിക്കാന്‍ അധികാരമുണ്ടാവുകയുള്ളു.

ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി 90 ദിവസമായിരിക്കും. കോടതി അനുവദിച്ചാല്‍ 90 ദിവസം കൂടി നീട്ടാം. 180 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. വിചാരണയ്ക്ക് ശേഷം 30 ദിവസത്തിനകം വിധിയുണ്ടാകണം. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നതിന് 120 ദിവസത്തിനുള്ളില്‍ അധികാരികള്‍ അനുമതി നല്‍കുകയോ നിരസിക്കുകയോ ചെയ്യണം. അല്ലെങ്കില്‍ അത് അനുമതിയായി കരുതാമെന്നും നിയമം പറയുന്നു. വിവാഹം,തൊഴില്‍, സ്ഥാനക്കയറ്റം അതല്ലെങ്കില്‍ വ്യക്തിത്വം മറച്ചുവച്ചുള്ള സമീപനം എന്നിവയിലൂടെയുള്ള ലൈഗിക ചൂഷണം എന്നിവ കുറ്റകരമാകും. പെറ്റികേസുകളില്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് ശിക്ഷയായി കണക്കാക്കും. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ സമ്മറി ട്രയല്‍ മതിയാകും എന്നും ബില്ലില്‍ പറയുന്നു. പാര്‍ലമെന്‍ററി സമിതിയുടെ പരിശോധനയില്‍ ബില്ലില്‍ ചില മാറ്റങ്ങള്‍ വന്നേക്കാം. ഏതായാലും 1862 ലെ ഐപിസിയും 1872 ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ടും 1882 ലെ സിആര്‍പിസിയും ഒഴിവാകുന്നു എന്നത് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. നിയമങ്ങളില്‍ നൂറ് തരം ഭേദഗതികള്‍ കൊണ്ടുവരുന്നതിലും നല്ലത് പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നത് തന്നെയാണ്🙋

Sunday, 6 August 2023

Ramalingavilasam palace and museum ,Ramanathapuram


രാമലിംഗവിലാസം കൊട്ടാരം

-വി.ആര്.അജിത് കുമാര്

രാമനാഥപുരം ടൌണിലെ തിരക്കേറിയ റോഡിനോട് ചേര്‍ന്ന് മുപ്പത്തിയാറ് ഏക്കറിലായി ഒരു കൊട്ടാരം സ്ഥിതിചെയ്യുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. നിരനിരയായുള്ള കടകളോട് ചേര്‍ന്നുള്ള കമാനം കടന്ന് ഉള്ളിലെത്തുമ്പോള്‍ സാമാന്യം ഭേദപ്പെട്ടൊരു മുറ്റത്തേക്ക് നമ്മള്‍ എത്തുന്നു. നേരെ കാണുന്നത് ദര്‍ബാര്‍ ഹാളാണ്. അതിപ്പോള്‍ സംസ്ഥാന ആര്‍ക്കിയോളജി വകുപ്പിന്‍റെ മേല്‍നോട്ടത്തിലുള്ള മ്യൂസിയമാണ്. സേതുപതിമാരുടെ ചിത്രങ്ങളും ആയുധങ്ങളുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഈ മ്യൂസിയത്തിന്‍റെ വലിയ പ്രത്യേകത രണ്ട് നിലകളിലുമുള്ള ചുവര്‍ചിത്രങ്ങളാണ്. പ്രകൃതിദത്ത ചായങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കയാണ്. നിറംമങ്ങിയ ആ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കലാകാരന്മാരുടെ കരവിരുത് വ്യക്തമാക്കുന്നു. രാമന്‍റെ കഥയും മറ്റ് പുരാണങ്ങളും മാത്രമല്ല, സേതുപതിമാരുടെ ഭരണവും പ്രണയവും ജീവിതരീതിയുമെല്ലാം ചിത്രങ്ങളിലൂടെ വെളിവാക്കപ്പെടുന്നുണ്ട്.

   മ്യൂസിയത്തിനോട് ചേര്‍ന്നാണ് രാജരാജേശ്വരി ക്ഷേത്രം. ഇവിടത്തെ വിഗ്രഹം മൈസൂറിലെ രാജാവ് സമ്മാനിച്ചതാണ്. ക്ഷേത്രത്തിന് പിറകിലായി കൊട്ടാരം സ്ഥിതിചെയ്യുന്നു. ഇത് സുര്‍ക്കിയും മുട്ടയുമൊക്കെ ചേര്‍ത്താണ് കെട്ടിയിട്ടുള്ളത്. ഇപ്പോഴും കേട്പാടുകളില്ലാതെ നിലനില്‍ക്കുന്നു. താഴത്തെ നിലയില്‍ കുടുംബക്കാരുടെ വിവാഹത്തിനുള്ള ഹാളും അടുക്കളമുമൊക്കെയാണുള്ളത്. മുകള്‍ നിലയിലെ വലിയ ഹാളില്‍ സേതുപതിമാരുടെയും കുടുംബക്കാരുടെയും ചിത്രങ്ങളുണ്ട്. വശങ്ങളിലായി കിടപ്പുമുറികളും കാണാം. പുതിയ തലമുറയില്‍പെട്ട നാഗേന്ദ്ര സേതുപതിയെ പരിചയപ്പെട്ടു.മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ നാഗേന്ദ്ര രാമനാഥപുരത്ത് ഒരു മികച്ച സ്പോര്‍ട്ട് കോംപ്ലക്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. തുടക്കമെന്ന നിലയില്‍ മികച്ചൊരു ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് തുടങ്ങിയിട്ടുണ്ട്. നാല് കോര്‍ട്ടുകളാണുള്ളത്. നല്ലൊരു നീന്തല്‍കുളവും ക്രിക്കറ്റ് ടര്‍ഫും ഫുട്ബാള്‍ ടര്‍ഫും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മനസിലുണ്ട്. ഇതൊക്കെ പ്രാവര്‍ത്തികമാകട്ടെ എന്നാശംസിച്ചാണ് അവിടെനിന്നും മടങ്ങിയത്.

ചരിത്രം

    എഡി പതിനാല്-പതിനാറ് നൂറ്റാണ്ടുകളില്‍ മധുരൈ നായക്കുകളായിരുന്നു രാമനാട് ഭരിച്ചിരുന്നത്. രാമേശ്വരത്തേക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ കാട്ടിലൂടെ കടന്നുപോകുമ്പോള്‍ അവരെ കൊള്ളചെയ്യുന്ന ഒരു സമൂഹം അന്ന് നിലവിലുണ്ടായിരുന്നു. അവരെ ഒതുക്കാനായി നായക്ക് രാമനാഥപുരത്ത് ഒരധികാരിയെ വച്ചു. ശ്രീലങ്കയിലേക്കുള്ള രാമസേതു സ്ഥിതിചെയ്യുന്ന ഇടമായതിനാല്‍ സേതുപതി എന്ന സ്ഥാനമാണ് അധികാരിക്ക് നല്‍കിയിരുന്നത്. 1601-1609 കാലത്ത് മധുര ഭരിച്ചിരുന്ന മുത്തുകൃഷ്ണപ്പ നായിക്കാണ് 1605 ല്‍ സദായക തേവയെ ആദ്യ സേതുപതിയായി നിയമിച്ചത്. അദ്ദേഹം ഉദയന്‍ സേതുപതി എന്നറിയപ്പെട്ടു. തുടര്‍ന്ന് കൂട്ടന്‍ സേതുപതി, ദളവൈ സേതുപതി,തിരുമലൈ സേതുപതി,സൂര്യ സേതുപതി,ആത്തന സേതുപതി എന്നിവര്‍ വന്നു. പതിനേഴാം നൂറ്റാണ്ടില്‍ നായക്കുകള്‍ അശക്തരാവുകയും ഈ അവസരം പ്രയോജനപ്പെടുത്തി രഘുനാഥ കിളവന്‍ സേതുപതി രാമനാട് രാജ്യം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം മുസ്ലിം കച്ചവടക്കാരെ പോര്‍ച്ചുഗീസുകാരില്‍ നിന്നും രക്ഷിക്കാനായി താമസം രാമനാട്ടേക്ക് മാറ്റി, കൊട്ടാരവും നിര്‍മ്മിച്ചു.1673 മുതല്‍ 1708 വരെയാണ് കിഴവന്‍ സേതുപതി ഭരണം നടത്തിയത്. ബ്രിട്ടീഷുകാര്‍ രാമരാജ്യത്തെ മറവര്‍ കിംഗ്ഡം എന്നാണ് വിളിച്ചിരുന്നത്. തുടര്‍ന്ന് മുത്തുവൈരവനാഥ സേതുപതി,വിജയ രഘുനാഥ സേതുപതി,സുന്ദരേശ്വര സേതുപതി,ഭവാനി സംഗര സേതുപതി,കുമാര മുത്തു വിജയ സേതുപതി,ശിവകുമര മുത്തുസേതുപതി,രാക്കതേവര്‍ സേതുപതി,സെല്ല മുത്തുവിജയ സേതുപതി,മുത്തുരാമലിംഗ സേതുപതി എന്നിവര്‍ ഭരണം നടത്തി. 1725 ല്‍ ആഭ്യന്തരകലഹമുണ്ടായപ്പോള്‍ സേതുപതിയെ സഹായിച്ച തഞ്ചാവൂര്‍ രാജാവിന് പകരമായി പാമ്പാര്‍ വരെയുള്ള ഇടം നല്‍കേണ്ടിവന്നു. യുദ്ധത്തില്‍ സഹായിച്ച ഒരു നാട്ടുരാജാവിന് ശിവഗംഗയും ദാനമായി നല്‍കി. അങ്ങിനെ സേതുപതിയുടെ അധികാരപരിധി അഞ്ചില്‍ മൂന്നായി ചുരുങ്ങി. ബ്രിട്ടീഷുകാരും ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മില്‍ നടന്ന കര്‍ണ്ണാടിക് യുദ്ധത്തില്‍ സേതുപതി ബ്രിട്ടനെ സഹായിച്ചു. അവരുമായി നല്ല ബന്ധം തുടര്‍ന്നെങ്കിലും 1790 ആയപ്പോഴേക്കും ബ്രിട്ടന്‍റെ സ്വാധീനം വര്‍ദ്ധിച്ചു. 1795 ല്‍ അധികാരത്തര്‍ക്കമുണ്ടായപ്പോള്‍ സേതുപതിയായിരുന്ന മുത്തുരാമലിംഗ രഘുനാഥനെ ഒഴിവാക്കി, മംഗലേശ്വരി നാച്ചിയാര്‍ക്ക് അധികാരം കൊടുത്തു. അന്ന് മുതല്‍ രാമനാട് സ്വതന്ത്ര രാജ്യം അല്ലാതെയായി. നാച്ചിയാരെ ക്രമേണ ഒരു സെമിന്താരായി തരംതാഴ്ത്തി. ബ്രിട്ടീഷുകാര്‍ക്ക് കപ്പം നല്‍കിയുള്ള ഭരണാമായിരുന്നു തുടര്‍ന്ന് നടന്നത്. ഇന്ത്യ സ്വതന്ത്രയായതോടെ നാട്ടുരാജാവിന്‍റെ അധികാരവും ഇല്ലാതായി. ഇപ്പോള്‍ മിക്ക സേതുപതി കുടുംബക്കാരും ചെന്നൈയിലാണ് താമസം.

സ്വാമി വിവേകാനന്ദനും ഭാസ്ക്കര സേതുപതിയും

നാല് വയസുള്ളപ്പോള്‍ അച്ഛനെ നഷ്ടമായ ഭാസ്ക്കര സേതുപതി ബ്രിട്ടീഷ് പരിരക്ഷയില്‍ ഒരു ഇംഗ്ലീഷുകാരനെപോലെയാണ് വളര്‍ന്നത്. എന്നാല്‍ ഹിന്ദുമത വിശ്വാസവും പാരമ്പര്യവും കൈവിടാതിരുന്ന അദ്ദേഹം രാജാവ് എന്നതിനേക്കാള്‍ സന്ന്യാസിയെപോലെയാണ് ജിവിച്ചിരുന്നത്.സ്വാമി വിവേകാനന്ദനെ കാണുന്നതിന് മുന്‍പ് ചിക്കാഗോയിലെ ലോകമത സമ്മേളനത്തില്‍ ഹിന്ദുമതത്തെ കുറിച്ച് സംസാരിക്കാനിരുന്നത് ഭാസ്ക്കര സേതുപതിയായിരുന്നു. എന്നാല്‍ സ്വാമിയെ പരിചയപ്പെട്ടതോടെ ആ അഭിപ്രായം മാറി. അദ്ദേഹം സ്വാമി വിവേകാനന്ദനെ അവിടേക്ക് പോകാന്‍ നിര്‍ബ്ബന്ധിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. അതോടെ വിവേകാനന്ദന്‍ ലോകമറിയുന്ന സന്ന്യാസിവര്യനായി തീര്‍ന്നു. അദ്ദേഹം തിരികെ വന്നപ്പോള്‍ ആദ്യം വന്നിറങ്ങിയതും രാമനാഥപുരത്താണ്. സ്വാമിക്ക് സേതുപതി വിലയ സ്വീകരണവും ഒരുക്കിയിരുന്നു. പാമ്പനിലെ ആ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത് കുന്തു കാല്‍ എന്നാണ്. അദ്ദേഹം വന്നിറങ്ങിയത് 1897 ജനുവരി 26 നാണ്. സ്വാമിജിയുടെ കാല്‍പ്പാദം ഭൂമിയില്‍ തൊടുംമുന്നെ തന്‍റെ ശിരസില്‍ തൊടണം എന്ന അഭ്യര്‍ത്ഥനയോടെ രാജാവ് മുട്ടുകാലില്‍ അവിടെ ഇരുന്നു. സ്വാമി അത് സമ്മതിച്ചില്ല. ശിരസില്‍ കൈതൊടുക മാത്രമെ ചെയ്തുള്ളു. രാജാവ് മുട്ടുകാലില്‍ ഇരുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് പാമ്പനിലെ ഈ ഇടം കുന്തു കാല്‍ എന്നറിയപ്പെടുന്നത്. ഇവിടെ സ്വാമി വിവേകാനന്ദന്‍ വന്നിറങ്ങിയ ഓര്‍മ്മയ്ക്ക് രാജാവ് നാല്‍പ്പതടി ഉയരത്തില്‍ ഒരു സ്തൂപം സ്ഥാപിക്കുകയും സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കുന്തുകാല്‍ ഇപ്പോള്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.

പ്രവേശനം

 ദിവസവും രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ

വെള്ളിയാഴ്ച അവധി






 

Friday, 4 August 2023

Religion,Science and Politics

 ശാസ്ത്രവും മതവും രാഷ്ട്രീയവും

==  വി.ആര്‍.അജിത് കുമാര്‍

ഷംസീര്‍ സാഹിബും സര്‍വ്വശ്രീ സുകുമാരന്‍ നായരും സഖാവ് ഗോവിന്ദനും പിന്നൊരു വലിയ പടയും ഇറങ്ങി പുറപ്പെട്ടതിനാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി അനേകം തലമുറകള്‍ ചര്‍ച്ച ചെയ്ത ശാസ്ത്രവും മതവും രാഷ്ട്രീയവും കേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഷംസീര്‍ സാഹിബ്ബ് മന:പൂര്‍വ്വമായി ഇത്തരമൊരു ചര്‍ച്ച കൊണ്ടുവന്നതാണോ അതോ ഭരണഘടന ഉടച്ചുവാര്‍ക്കണം എന്ന് സജി ചെറിയാന്‍ പറഞ്ഞപോലെ ഭംഗ്യന്തരേണ സംഭവിച്ചുപോയതാണോ എന്നറിയില്ല. ഏതായാലും സംഗതി നന്നായി. ചാനലുകളും പത്രങ്ങളും സാമൂഹികമാധ്യമങ്ങളും എല്ലാം ഒന്നുണര്‍ന്നു.

 

 ഇനി കാര്യത്തിലേക്ക് വരാം. ഹിന്ദു മത്തില്‍ പെട്ട ഞാനും സുകുമാരന്‍ നായരും ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് മനുഷ്യരും ഇസ്ലാം മതവിശ്വാസിയായ ഷംസീറും സമസ്ത നേതാക്കളും ഉള്‍പ്പെടുന്ന കോടിക്കണക്കിന് മനുഷ്യരും സജി ചെറിയാനും തോമസ് ഐസക്കും എ.കെ.ആന്‍റണിയും ഉള്‍പ്പെടെ കോടിക്കണക്കിന് മനുഷ്യര്‍ ഉള്‍പ്പെടുന്ന ക്രിസ്തുമതവും പിന്നെ ചെറുതും വലുതുമായ അനേകം മതങ്ങളില്‍പെട്ടവരും ചേര്‍ന്നതാണ് മനുഷ്യകുലം. നമ്മള്‍ ശാസ്ത്രം പഠിക്കുന്നതിന് മുന്നെ പഠിച്ചത് മതത്തെയും ദൈവത്തേയുമാണ്. പുതിയ തലമുറയും ഇനി വരാന്‍ പോകുന്ന തലമുറകളും അങ്ങിനെതന്നെ ആയിരിക്കും ചെയ്യുക. പ്രപഞ്ചത്തിന്‍റെ അധിപന്‍ ദൈവമാണ് എന്നാണ് ആദ്യം പഠിക്കുന്നത്.ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവനിശ്ചയമാണ് എന്നും പഠിക്കുന്നു. ആരാണ് ദൈവം എന്നതിന് പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടെങ്കിലും എല്ലാവരും പറഞ്ഞുവയ്ക്കുന്നത് ഒരേ കാര്യം തന്നെയാണ്.

സെമറ്റിക് മതങ്ങള്‍ കുട്ടികളെ സണ്‍ഡെ സ്കൂളിലും മദ്രസയിലും വച്ച് മതം പഠിപ്പിച്ചു വിടുമ്പോള്‍ ഹിന്ദു സ്വന്തം വീട്ടിലും അമ്പലങ്ങളിലുമായി,കൃത്യമല്ലാത്ത ക്ലാസുകളിലൂടെ കുട്ടികളിലേക്ക് മതം കുത്തിവയ്ക്കുന്നു. ഈ മതബോധം പൂര്‍ണ്ണമായ ശേഷമാണ് അവന്‍ ശാസ്ത്രം പഠിക്കാന്‍ തുടങ്ങുന്നത്. അന്നുമുതല്‍ അവന്‍ സംശയാലുവായി മാറുകയാണ്. മതപഠനത്തിലൂടെ നേടിയതാണോ ശരി അതോ ഇപ്പോള്‍ പഠിക്കുന്നതാണോ എന്ന സംശയത്തില്‍ നിന്നും അവന്‍ ശാസ്ത്രാവബോധമുള്ള വിശ്വാസിയായി മാറുകയാണ്. വിദ്യാഭ്യാസം കൂടുന്തോറും വിശ്വാസവും ഏറുന്നു എന്ന പരിതാപകരമായ കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതും. ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് മുന്നെയും എന്‍ജിനീയര്‍ കെട്ടിടം കെട്ടുന്നതിന് മുന്നെയും ശാസ്ത്രജ്ഞന്‍ ചന്ദ്രനിലേക്ക് പേടകം വിടും മുന്നെയും രാഷ്ട്രീയപ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നെയും ദൈവപൂജ ചെയ്യുന്നത് ഈയൊരു മതബോധത്തില്‍ നിന്നാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്ന ഡോക്ടര്‍ ഒടുവില്‍ ഇങ്ങിനെകൂടി പറയും. പ്രാര്‍ത്ഥിക്കുക, ഇനിയെല്ലാം ദൈവത്തിന്‍റെ കൈകളിലാണ്.

മനുഷ്യന്‍ പൂര്‍ണ്ണനല്ല എന്ന അവന്‍റെ വിശ്വാസം കൊണ്ടുതന്നെയാണ് അവന്‍ എല്ലാറ്റിനും ദൈവത്തെ കൂട്ടുപിടിക്കുന്നത്. ഷംസീര്‍ സാഹിബ്ബ് പറഞ്ഞപോലെ അസംബ്ബന്ധങ്ങളുടെ ഒരു കൂടാണ് മതഗ്രന്ഥങ്ങളും മതവിശ്വാസങ്ങളും. എല്ലാ സൃഷ്ടികളും നടത്തുന്നത് ദൈവമാണെന്നും ഭൂമിയാണ് പ്രപഞ്ചത്തിന്‍റെ കേന്ദ്രമെന്നും സെമറ്റിക് മതങ്ങള്‍ പറയുന്നു. ഇസ്ലാം വിശ്വസത്തില്‍ ദൈവവും പ്രവാചകനും ഉള്‍പ്പെടുന്ന അനേകം അത്ഭുത സംഭവങ്ങള്‍ കാണാം. പുരുഷന് വലിയ സ്വാതന്ത്ര്യങ്ങളും സ്ത്രീക്ക് കടുത്ത അസ്വാതന്ത്ര്യവും മതം പറഞ്ഞുവയ്ക്കുന്നു. മാലാഖമാര്‍,ജിന്ന്,മരണാനന്തര ജീവിതം,മരുന്നില്ലാതെയുള്ള രോഗശമനം,ബാധയൊഴിപ്പിക്കല്‍, അത്ഭുതകര്‍മ്മങ്ങള്‍ എന്നിവയും ശാസ്ത്രത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നവയല്ല. മോസസ് കടലിനെ രണ്ടായി പിളര്‍ത്തിയെന്നും ഈസ രോഗികളെ സുഖപ്പെടുത്തിയെന്നും മരിച്ചവരെ ജീവിപ്പിച്ചുവെന്നും മുഹമ്മദ് നബി ചന്ദ്രനെ പല കഷണങ്ങളാക്കി എന്നുമൊക്കെ പറയുന്നുണ്ട്. ഇതൊന്നും ശാസ്ത്രീയമായി വിശ്വസിക്കാന്‍ കഴിയുന്നവയല്ല. എല്ലാ സൃഷ്ടികളും ദൈവം നടത്തുന്നതാണ് എന്നതും ചെളി ഉരുട്ടിവച്ച് ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നതുമൊക്കെ വെറും ഭാവനകള്‍ മാത്രമായെ കാണാന്‍ കഴിയൂ. മനുഷ്യന്‍ രൂപപ്പെട്ടത് കോടിക്കണക്കിന് വര്‍ഷം നീണ്ട പരിണാമത്തിലൂടെയാണ് എന്ന് ശാസ്ത്രപഠനത്തിലൂടെ നമ്മള്‍ മനസിലാക്കുന്നു. ഇപ്പോഴും പരിണാമ സിദ്ധാന്തം അപൂര്‍ണ്ണമാണ് താനും. ഇതേ സമയം തന്നെ പ്രവാചകന്‍ പറയുന്നുണ്ട് ജനനം മുതല്‍ മരണം വരെ പഠനം തുടരണമെന്നും. ഇസ്ലാം സുവര്‍ണ്ണ കാലമായ എട്ടാം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ ഒരുപാട് കണ്ടുപിടുത്തങ്ങളും നടന്നിരുന്നു. കണക്ക്, ജ്യോതിശാസ്ത്രം,വൈദ്യം,രസതന്ത്രം,തത്വചിന്ത എന്നീ മേഖലകളില്‍ വലിയ  സംഭാവനകള്‍ ചെയ്യാനും ആ കാലത്ത് സാധിച്ചിരുന്നു.

നാലര ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഭൂമിക്ക് ഏതാനും ആയിരം വര്‍ഷത്തെ പഴക്കമെ ക്രിസ്തുമതം നല്‍കുന്നുള്ളു. രോഗശമനത്തിന് പ്രാര്‍ത്ഥന, ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ തുടങ്ങി ശാസ്ത്രീയാടിത്തറയില്ലാത്ത പലതും മതം പറയുന്നുണ്ട്. പ്രപഞ്ചത്തിന്‍റെ കേന്ദ്രം ഭൂമിയാണ് എന്ന അബദ്ധവും അതില്‍ കാണാം. പ്രപഞ്ചമുണ്ടായ ബിഗ് ബാംഗ് തിയറി, മനുഷ്യ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ഒന്നും മതം അംഗീകരിക്കുന്നില്ല. ആറ് ദിവസം കൊണ്ടുള്ള സൃഷ്ടി കര്‍മ്മമാണ് മറ്റൊന്ന്. ഒന്നാം നാള്‍ ഇരുട്ടും വെളിച്ചവും വേര്‍തിരിച്ച് രാത്രിയും പകലുമുണ്ടാക്കി. രണ്ടാം നാള്‍ ആകാശമുണ്ടാക്കി മുകളിലത്തെ ജലത്തെയും താഴത്തെ ജലത്തേയും വേര്‍തിരിച്ചു.മൂന്നാം നാള്‍ കരയും കടലും വേര്‍തിരിച്ച് സസ്യജാലങ്ങളെ സൃഷ്ടിച്ചു. നാലാം നാള്‍ സൂര്യന്‍,ചന്ദ്രന്‍,നക്ഷത്രങ്ങള്‍ എന്നിവ സൃഷ്ടിച്ചു. അഞ്ചാം നാള്‍ ആകാശത്ത് പറവകളെയും ജലാശയങ്ങളില്‍ മത്സ്യങ്ങളേയും സൃഷ്ടിച്ചു. ആറാം നാള്‍ കരയില്‍ വന്യജീവികളെയും വളര്‍ത്തുമൃഗങ്ങളേയും സൃഷ്ടിച്ചു. പിന്നൊരുനാള്‍ വിശ്രമിച്ചു എന്നാണല്ലോ പറയുന്നത്. ഭൂമിയിലെ ധൂളിയില്‍ നിന്നും ആദത്തെ നിര്‍മ്മിച്ച് ശ്വാസം നല്‍കി അവനെ ഏദനിലെ അധികാരിയാക്കി. പിന്നീടവന്‍റെ ഒരു വാരിയെല്ല് ഊരിയെടുത്ത് ഹവ്വായെ സൃഷ്ടിച്ചു എന്ന് തുടങ്ങി ശാസ്ത്രത്തിന് പൊരുത്തപ്പെടാത്ത ഒട്ടേറെ കാര്യങ്ങള്‍.

ഹിന്ദുമതത്തില്‍ എണ്ണിയാല്‍ തീരാത്ത ദൈവങ്ങളുണ്ട്. പലര്‍ക്കും പല ചുമതലകളും. ബ്രഹ്മാവ് സൃഷ്ടി നടത്തുമ്പോള്‍ വിഷ്ണു അതിനെ നിലനിര്‍ത്തുന്നു, ശിവന്‍ സംഹരിക്കുന്നു. ലക്ഷ്മി സമ്പത്ത് കൊണ്ടുവരുന്നു, സരസ്വതി അറിവ് നല്‍കുന്നു, ദുര്‍ഗ്ഗ ശക്തി പകരുന്നു. വിഷ്ണുവിന് യുഗങ്ങളായി പത്ത് അവതാരങ്ങള്‍. ഇങ്ങിനെ ഹിന്ദു മിഥോളജി വ്യാപിച്ചു കിടക്കുന്നു. പുറമെ ജ്യോതിഷം,നല്ല ദിവസം,നല്ല സമയം,പൂജ,മന്ത്രം,പുനര്‍ജന്മം, അത്ഭുതസിദ്ധികള്‍ എന്നിങ്ങനെ ശാസ്ത്രത്തിന് നിരക്കാത്ത ഒട്ടേറെ കാര്യങ്ങള്‍. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും കഥകളും ഉപകഥകളുമായി കിടക്കുന്ന മിക്ക സംഗതികളും യുക്തിക്ക് നിരക്കാത്തതാണ്. അതിന് പുറമെ ഗന്ധര്‍വ്വന്മാര്‍,അപ്സരസുകള്‍,നാഗകന്യകമാര്‍,ഗരുഡന്‍,അസുരന്മാര്‍ എന്നിങ്ങനെ സങ്കല്‍പ്പ കഥാപാത്രങ്ങള്‍ ഏറെ. സ്വര്‍ഗ്ഗവും നരകവും എന്നതും ഇല്ലാത്ത സംഗതികളാണ് എന്ന് ശാസ്ത്രം പഠിച്ചവര്‍ക്ക് അറിയാം. അതിനും പുറമെയാണ് ഷംസീര്‍ സാഹിബ്ബ് പറഞ്ഞപോലെയുള്ള അതിശയോക്തി കഥകള്‍. ഗണപതിയുടെ തല വെട്ടി മാറ്റിയപ്പോള്‍ ആനത്തല വെച്ചുപിടിപ്പിച്ചു എന്നതും കുടത്തില്‍ വച്ച് ബീജസങ്കലനം നടത്തി നൂറ്റിയൊന്ന് മക്കളുണ്ടായി എന്നതുമൊക്കെ.

ആ നല്ല ഭാവനകളെ നമ്മള്‍ അംഗീകരിക്കണം. പക്ഷെ പ്രധാനമന്ത്രി ആയാലും പ്രസിഡന്‍റായാലും ഇതൊക്കെ പ്ലാസ്റ്റിക് സര്‍ജറിയാണ്, ഫെര്‍ട്ടിലിറ്റി ചികിത്സയാണ്,ക്ലോണിംഗ് ആണ് എന്നൊക്കെ പറഞ്ഞാല്‍ അര്‍ഹമായ അവഗണനയോടെ തള്ളിക്കളയണം. പുഷ്പക വിമാനം എന്ന ചിന്തയേയും നമ്മള്‍ അഭിനന്ദിക്കണം, എന്നാല്‍ വിമാനം കണ്ടുപിടിച്ചത് രാവണനാണ് എന്നു പറഞ്ഞാല്‍ ചിരിച്ചു തള്ളണം. ഇതൊക്കെ പാഠപുസ്തകത്തിന്‍റെ ഭാഗമാക്കുന്നു എന്നു പറയുന്നതും അംഗീകരിക്കാന്‍ കഴിയില്ല.

ഷംസീര്‍ സാഹിബ്ബ് ആദ്യം പറയേണ്ടത് ഇതാണ്. കുട്ടികള്‍ക്ക് മതപഠനം നല്‍കുന്നത് അവസാനിപ്പിക്കണം. അവര്‍ ശാസ്ത്രം പഠിച്ച് വളരട്ടെ. ഇല്ലെങ്കില്‍ എന്നെപ്പോലെയും ഷംസീര്‍ സാഹിബ്ബിനെപോലെയും സുകുമാരന്‍ നായരെപ്പോലെയും കുട്ടികളുടെ മനസില്‍ ആദ്യം കയറുന്നത് അന്ധവിശ്വാസമാകും. പിന്നെ എത്ര ശാസ്ത്രം പഠിച്ചാലും അന്ധവിശ്വാസം ഒപ്പമുണ്ടാകും. അതുകൊണ്ടാണ് എന്നേപ്പോലുള്ളവര്‍ എന്ത് പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ആദ്യം ദൈവമേ എന്ന് വിളിച്ചുപോകുന്നത്. ഒരു യാത്ര പുറപ്പെടുമ്പോള്‍ വിഘ്നേശ്വരാ കാത്തുകൊള്ളണേ എന്ന് പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നത്. ഏത് പ്രവര്‍ത്തി ആരംഭിക്കുമ്പോഴും ഗണപതി പൂജ നടത്തുന്നത്. അപ്പോഴൊക്കെയും സയന്‍സിനും മുന്നില്‍ നില്‍ക്കുന്നത് അന്ധവിശ്വാസമാണ്.

നമുക്ക് പുതിയ തലമുറയെ എങ്കിലും ആദ്യം സയന്‍സ് പഠിപ്പിക്കാം. പിന്നീട് അവര്‍ മതം പഠിക്കട്ടെ. ഇടതുപക്ഷത്തിനാണ് അത് നടത്തിയെടുക്കാന്‍ സാധിക്കുക. പുരോഗമന പ്രസ്ഥാനം എന്ന നിലയില്‍ കുട്ടികളില്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ ഒരു കാമ്പയിന്‍ സിപിഎം തുടങ്ങണം. ഡിവൈഎഫ്ഐ,എസ്എഫ്ഐ, ശാസ്ത്രസാഹിത്യ പരിഷത്ത്,പുരോഗമന കലാസാഹിത്യ പ്രസ്ഥാനം എല്ലാം മുന്നോട്ടു വരട്ടെ. സഖാവ് ഗോവിന്ദനെ മുന്നില്‍ നിര്‍ത്തിയാകാം ഈ ജനമുന്നേറ്റം. അപ്പോള്‍ കാണാം സുകുമാരന്‍ നായരോടൊപ്പം അണിനിരക്കുന്നത് ആരൊക്കെയാണെന്ന്!!

പിന്നെ പാര്‍ട്ടിയെ ആര് രക്ഷിക്കും എന്നറിയില്ല. വിഘ്നേശ്വരാ, കാത്തുകൊള്ളണേ !!   🤭🤔


Tuesday, 1 August 2023

Bheem Jayanthi - A story based on a real incident

 

ഭീം ജയന്തി

-വി.ആര്‍.അജിത് കുമാര്‍

കേരളത്തിലേക്കുള്ള ആ യാത്ര അക്ഷയ് ശ്രവണ്‍ ഭലേറാമിന്‍റെ ജീവിതത്തെ മാറ്റിമറിച്ച ഒരു തീര്‍ത്ഥയാത്രയായിരുന്നു. അവന് മാത്രമല്ല,അവനൊപ്പമുണ്ടായിരുന്ന മഹര്‍ സമുദായക്കാരായ മറ്റ് ഗ്രാമവാസികള്‍ക്കും അതങ്ങിനെതന്നെയായിരുന്നു. ഗ്രാമങ്ങളും നഗരങ്ങളും രണ്ട് രാജ്യങ്ങള്‍ പോലെ വ്യത്യസ്തങ്ങളായ മഹാരാഷ്ട്രയില്‍ നിന്നായിരുന്നു അവര്‍ കേരളത്തിലെത്തിയത്. മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ മതത്തിന്‍റെ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും ജാതിയുടെ പ്രത്യക്ഷവേര്‍തിരിവുകള്‍ കാണാന്‍ കഴിയില്ല. എന്നാല്‍ ഗ്രാമങ്ങള്‍ അങ്ങിനെയല്ല. അവിടെ ഓരോ സമുദായവും പ്രത്യേകമായി താമസിക്കുകയും തൊട്ടുകൂടായ്മയും പകയും വിദ്വേഷവും  കൃത്യനിഷ്ഠയോടെ പരിപാലിക്കുകയും ചെയ്യുന്നവരാണ്. അത്തരം ഗ്രാമങ്ങളില്‍ നിന്നും കേരളത്തിലെത്തിയ അക്ഷയും കൂട്ടരും ഇവിടത്തെ ജീവിതം കണ്ട് അത്ഭുതം കൂറിയത് സ്വാഭാവികം മാത്രം. അവര്‍ ഇന്ത്യയ്ക്കപ്പുറം ഏതോ ലോകത്താണെന്ന് ചിന്തിച്ചുപോയി. അംബദ്ക്കറുടെ ചെറുമകന്‍ പ്രകാശ് അംബദ്ക്കര്‍ നേതൃത്വം കൊടുക്കുന്ന വഞ്ചിത് ബഹുജന്‍ അഘാഡി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു അവര്‍. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ച അയിത്തത്തിന്‍റെയും ജന്മിത്വത്തിന്‍റെയും നാടായിരുന്ന കേരളത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് കേരളത്തിലുടനീളം നടത്തിയ യാത്രയിലൂടെയും പരിചയപ്പെട്ട മനുഷ്യരിലൂടെയും അവര്‍ മനസിലാക്കി.

ശ്രീനാരായണ ഗുരു, അയ്യന്‍കാളി,ചട്ടമ്പി സ്വാമി,ടി.കെ.മാധവന്‍,കേളപ്പന്‍,കെ.പി.കേശവമോനോന്‍ തുടങ്ങിയവരെ അറിഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യകാലത്ത് നാട്ടില്‍ ഉണ്ടാക്കിയ സാമൂഹിക-സാംസ്ക്കാരിക വിപ്ലവം അവര്‍ മനസിലാക്കി. കേരളഗ്രാമങ്ങളിലെ ജാതിരഹിത ജീവിതരീതി അവര്‍ക്ക് ഒരു പുത്തനുണര്‍വ്വായി. മഹാരാഷ്ട്രയിലെ പൊതുസമൂഹം എന്തുകൊണ്ട് ഇത്തരത്തില്‍ മാറിയില്ല എന്ന ചിന്ത അവരെ വല്ലാതെ മഥിച്ചു. മടക്കയാത്രയില്‍ അക്ഷയ് കൂട്ടുകാരോട് പറഞ്ഞു, മാറ്റം വരണമെങ്കില്‍ രക്തസാക്ഷികളുണ്ടാകണം. രക്തച്ചൊരിച്ചിലില്ലാതെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഗാന്ധിജിയുടേത് അഹിംസ സിദ്ധാന്തമായിരുന്നെങ്കിലും അതിന് പിന്നില്‍ അണിനിരന്ന ആയിരങ്ങളുടെ ചോരപ്പുഴ നീന്തിയാണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയത്. ലോകമഹായുദ്ധത്തിന്‍റെ കെടുതിയില്‍പെട്ട ഇംഗ്ലണ്ടിന് കോളനികള്‍ നോക്കി നടത്താന്‍ ആളില്ലാതെ വന്നതുകൊണ്ടല്ലെ അവര്‍ ഒഴിഞ്ഞുപോയത്. അല്ലാതെ അഹിംസ സമരത്തെ ഭയന്നാണോ?” അവന്‍ ചോദ്യമെറിഞ്ഞ് കൂട്ടുകാരെ നോക്കി.

നീ വലിയ വലിയ കാര്യങ്ങളൊന്നും പറയണ്ട അക്ഷയ്. ഞങ്ങളുടെ ഗ്രാമങ്ങളില്‍ നടക്കുന്ന അംബദ്ക്കര്‍ ജയന്തി ആഘോഷങ്ങള്‍ കാണാന്‍ നീ വന്നിട്ടുണ്ടല്ലോ,നിന്‍റെ ഗ്രാമത്തില്‍ നീ ആഘോഷം നടത്തികാണിക്കൂ,എന്നിട്ട് മതി വലിയ കാര്യങ്ങള്‍ പറയാന്‍”,രാംനാഥ് ഇത് പറഞ്ഞതോടെ അക്ഷയ് നിശബ്ദനായി.അവന്‍ ട്രയിനിന്‍റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. രാംനാഥിന് അങ്ങിനെപറയേണ്ടിയിരുന്നില്ല എന്ന് തോന്നി. മറ്റുള്ളവരും അവനെ കുറ്റപ്പെടുത്തി. രാംനാഥ് അക്ഷയിനോട് ക്ഷമ ചോദിച്ചു. നിന്നെ ചെറുതാക്കനല്ല ഞാന്‍ ശ്രമിച്ചത്. സോറി-ടാ. നീ ഞങ്ങളേക്കാള്‍ പഠിപ്പുള്ളവന്‍,സംസാരിക്കാന് അറിയാവുന്നവന്‍.നീ ഒരു നേതാവാണ്. നിന്‍റെ ഗ്രാമത്തില്‍ നിന്നും നമുക്കൊരു തീപ്പൊരി സൃഷ്ടിച്ചെടുക്കണം. മറാഠകളുടെ അഹങ്കാരത്തിന് മഹറുകളുടെ തിരിച്ചടി. ഈ വര്‍ഷം എന്ത് വന്നാലും നമുക്ക് ഭീംജയന്തി ആഘോഷിക്കണമെടാ, രാംനാഥ് പറഞ്ഞു.

നീ ഇത്രയും പറഞ്ഞത് നന്നായി,രാംനാഥ്. ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ജീവന്‍ കൊടുത്തായാലും ഇത്തവണ ഞാന്‍ ഭീംജയന്തി ആഘോഷിക്കും.ഇത് സത്യം”, അവന്‍ കൂട്ടുകാരുടെ കൈകളില്‍ സ്വന്തം കൈവച്ച് പ്രതിജ്ഞയെടുത്തു. രാത്രി അവന് സുഖമായി ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസാകെ പുകയുകയായിരുന്നു. സ്റ്റേഷനില്‍ ഇറങ്ങുമ്പോഴും അതിനൊരു ശമനം വന്നിരുന്നില്ല.

നന്ദേട് ജില്ലയിലെ ബോന്ദര്‍ ഹവേലിയാണ് അക്ഷയിന്‍റെ ഗ്രാമം.ഖന്ദാര്‍,ഹഡ്ഗോണ്‍,ബിലോളി,ദഗ്ളൂര്‍,മധോള്‍ എന്നീ താലൂക്കുകള്‍ ചേര്‍ന്നതാണ് നന്ദേട് ജില്ല. തെലങ്കാനയോടും കര്‍ണ്ണാടകത്തോടും ചേര്‍ന്നുകിടക്കുന്ന നന്ദേട് ജില്ലയുടെ ജീവജലം ഗോദാവരിയാണ്. ദശരഥന്‍റെ ഭാര്യ കൈകേയിയുടെ നാടാണ് നന്ദേട് എന്ന് പറയപ്പെടുന്നു. പ്രമുഖ ദളിത് എഴുത്തുകാരനായ ദത്ത ഭഗത്ത് ജനിച്ചതും നന്ദേടിലാണ്. പട്ടണത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളു ബോന്ദാര്‍ ഹവേലിയിലേക്കെങ്കിലും അവിടത്തെ സാമൂഹികരീതികള്‍ക്ക് ഒരു നൂറ്റാണ്ടിന്‍റെ ദൂരമുണ്ട്. ദേശീയപാത നൂറ്റിഅറുപത്തിയൊന്നിനോട് ചേര്‍ന്നുകിടക്കുന്ന ബോന്ദാര്‍ ഹവേലിയില്‍ ആയിരത്തി എഴുനൂറ് ആളുകളാണ് താമസിക്കുന്നത്. ഇതില്‍ അഞ്ഞൂറ് പേരാണ് മഹറുകള്‍. മറാത്ത വീടുകള്‍ക്ക് കാവിക്കൊടിയും ദളിത് വീടുകള്‍ക്ക് നീലക്കൊടിയുമാണ് അടയാളം. മഹറുകളുടെ കോളനി പ്രത്യേകമായിട്ടാണ്.

ഗ്രാമത്തിലേക്കുള്ള ഏക ബസ് വരാന്‍ വൈകി. അക്ഷയ് ഒരു ചായകുടിച്ച് അന്നത്തെ പത്രം മറിച്ചുനോക്കി,ബസ്റ്റാന്‍ഡില്‍ ഒരരുകുചേര്‍ന്നിരുന്നു. കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍ അസ്വസ്ഥതയോടെ ബസ് വരേണ്ട ദിക്കിലേക്ക് നോക്കി. അഴുക്കും പൊടിയും വെറ്റിലക്കറയും നിറഞ്ഞ ബസ്, സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തിരക്കിനിടയിലൂടെ അവനും അതിനുള്ളില്‍ കയറി. മനുഷ്യര്‍ ആധുനികരിക്കപ്പെട്ടില്ലെങ്കിലും ആധുനികമായിതീര്‍ന്ന റോഡിലൂടെ ബസ്സ് ആടിഉലഞ്ഞ് ഓട്ടം തുടങ്ങി. തന്‍റെ സീറ്റിനടുത്തുവരെ വന്നശേഷം തന്നെ തിരിച്ചറിഞ്ഞ് മാറി നില്‍ക്കുകയോ മറ്റൊരു സീറ്റില്‍ ഇരിക്കുകയോ ചെയ്യുന്ന ആളുകളെ അവൻ ശ്രദ്ധിച്ചു. ഗ്രാമത്തിലെ മറാഠകളാണ്. അവരും താനും തമ്മിലെന്താണ് വ്യത്യാസം, അവന്‍ ചിന്തിച്ചു. ഇവരുടെ ഉള്ളില്‍ ഇത്രയേറെ അഴുക്കുകള്‍ ഉറഞ്ഞുകൂടിയിരിക്കുന്നത് ആര്‍ക്ക് എടുത്തുമാറ്റാന്‍ കഴിയും. ജാതിയുടേയും മതത്തിന്‍റേയും പേരില്‍ അടിഞ്ഞുകൂടിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്വേഷത്തെ തലച്ചോറില്‍ നിന്നും ഒരൊറ്റ ഷോക്കില്‍ നീക്കാന്‍ കഴിയുന്ന യന്ത്രമൊക്കെ വരുംകാലത്തുണ്ടായേക്കും എന്നവന്‍ ചിന്തിച്ചു. ബോന്ദാര്‍,ബോന്ദാര്‍ എന്ന കണ്ടക്ടറുടെ വിളികേട്ടാണ് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.

സൂര്യന്‍ ശക്തമായിരിക്കുന്നു. അഴുക്കും വിയര്‍പ്പും ചേര്‍ന്ന് വല്ലാതെ പുഴുകുന്നുണ്ടായിരുന്നു. അവന് അവനോടുതന്നെ  വെറുപ്പുതോന്നി. ഒന്ന് കുളിക്കണം.എന്നിട്ടാകാം കമ്പനിയിലേക്ക് പോകുന്നത്. മുതലാളി നല്ല ദേഷ്യത്തിലാകും. ഇത്രയും ദിവസം മാറിനില്‍ക്കുന്നത് ആദ്യമായിട്ടാണ്. ശമ്പളം കിട്ടില്ല എന്നത് പോട്ടെ, തെറി കേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു. അവന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ തിരക്കിട്ട ജോലിയിലായിരുന്നു. അച്ഛന്‍ പതിവുപോലെ തന്‍റെ കസേരയില്‍ ഇരുപ്പുണ്ടായിരുന്നു. സ്ഥിരം വേഷമാണ്, പാന്‍റ്സും ഫുള്‍കൈ ഷര്‍ട്ടും കഴുത്തില്‍ നേരിയതും. കറുപ്പും വെളുപ്പും തമ്മില്‍ മത്സരിക്കുന്ന മുടി നന്നായി കോതിവച്ചിട്ടുണ്ട്.എണ്ണക്കറുപ്പുള്ള മുഖത്ത് നരച്ച കുറ്റിരോമങ്ങള്‍. അച്ഛന്‍റെ നോട്ടം തീഷ്ണമാണ്. എന്നാല്‍ ഒന്നും പറയില്ല. എവിടെ പോയി, എപ്പോള്‍ വന്നു എന്നൊന്നും ചോദിക്കാറില്ല. ഇളയവരോട് ചില കഥകളൊക്കെ പറയും. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അതാവശ്യമാണ് എന്നച്ഛനറിയാമായിരിക്കും. ജ്യേഷ്ഠന്‍ ആകാശും അവിടെ ഇരുപ്പുണ്ടായിരുന്നു. അവന്‍ എല്ലാറ്റിനോടും പ്രതിഷേധിക്കുന്ന ഒരു സ്വഭാവക്കാരനാണ്. അതുകൊണ്ടുതന്നെ സ്ഥിരമായ ഒരു ജോലിയും ലഭിക്കാറില്ല. അവന്‍റെ രീതികളും വളരെ വിചിത്രങ്ങളാണ്. വലിയ പൂക്കളും മരങ്ങളുമൊക്കെയുള്ള ടി ഷര്‍ട്ടുകളാണ് അവന്‍ ധരിക്കുക. ജീന്‍സാണ് ഇഷ്ടം. സെക്കന്‍ഹാന്‍ഡ് വസ്ത്രങ്ങളുടെ വില്‍പ്പനയ്ക്കായി മാസാദ്യം സുമന്‍ വരും.അവന്‍റെ കൈയ്യില്‍ നിന്നാണ് ഇതൊക്കെ വാങ്ങുക. അച്ഛനുള്ള ഷര്‍ട്ടും അവിടെനിന്നാണ് വാങ്ങാറുള്ളത്. അമ്മയുടെ എണ്ണക്കറുപ്പുള്ള മുടിയില്‍ അവിടവിടെ നര വന്നുതുടങ്ങി.ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല സുന്ദരി എന്‍റെ അമ്മയാണ്. നീണ്ട മൂക്കിന് ചേര്‍ന്ന മുക്കുത്തിയും വലിയ കണ്ണുകളും വിടര്‍ന്ന പുരികങ്ങള്‍ക്കിടയില്‍ ഒരു വലിയ ചുവന്ന പൊട്ടും കൈകള്‍ നിറയെ കുപ്പിവളകളും ഉള്ള അമ്മ. നീലനിറമുള്ള ബ്ലൌസേ അമ്മ ഇടാറുള്ളു. അത്രപെട്ടന്നൊന്നും കീറാത്ത സിന്തറ്റിക് സാരികളാണ് ഉടുക്കുക. കാലില്‍ തളകളുണ്ട്. അവര്‍ മകനെ കണ്ടപ്പോള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു. യാത്ര സുഖമായിരുന്നോ എന്നൊക്കെ ചോദിച്ചു. അമ്മെ,ആകെ അഴുക്കാണ്,ഒന്ന് കുളിക്കണം, അവന്‍ പറഞ്ഞു. മോനെ വെള്ളം കിട്ടിയിട്ട് രണ്ട് ദിവസമായി. ഒന്നോ രണ്ടോ കപ്പ് വെള്ളം കാണും,നീ ഒന്ന് നനച്ചെടുത്തോളൂ,അതേ പറ്റൂ

അപ്പുറത്ത് ആ കഴുവേറികള്‍ക്ക് വെള്ളം കിട്ടുന്നുണ്ടാകുമല്ലോ,നമ്മളെന്താ മനുഷ്യരല്ലെ, ഇതായിരുന്നു അവന്‍റെ ആദ്യ പ്രതികരണം. നീ ഒന്ന് മെല്ലെ പറ.എല്ലായിടത്തും കണ്ണും കാതുമുണ്ട്. ഒന്നാമത് നിന്നെ അവര്‍ക്കിഷ്ടമല്ല.നമ്മുടെ കൂട്ടത്തിലുമുണ്ട് അസൂയക്കാര്‍ എന്നു നീ മറക്കണ്ട, അവര്‍ ശബ്ദം കുറച്ചു പറഞ്ഞു.

അക്ഷയിന് ദേഷ്യം വന്നത് വെറുതെയല്ല. മറാഠക്കാരുടെ ഇടങ്ങളില്‍ വെള്ളം കിട്ടാന്‍ പ്രത്യേക സംവിധാനമാണ്. അവര്‍ക്ക് ദിവസവും രാവിലെയും വൈകിട്ടും വെള്ളം കിട്ടുമ്പോള്‍ മഹറുകളുടെ കോളനിയില്‍ രണ്ട് ദിവസം കൂടുമ്പോഴാണ് വെള്ളം കിട്ടുക.അവന്‍ രണ്ട് മഗ്ഗ് വെള്ളത്തില്‍ കൈകാലുകളും ദേഹവും തുടച്ചെടുത്തു. അമ്മ ചുട്ടെടുത്ത ചൂട് ചപ്പാത്തിയും കറിയും കഴിച്ച് അപ്പോള്‍തന്നെ ഇറങ്ങി.

വര്‍ക്ക്ഷോപ്പ് നടത്തുന്ന ലബ്ബയ്ക്ക് അവനെ ഇഷ്ടമാണ്. സ്ഥലത്തുള്ളപ്പോള്‍ അവന്‍ നന്നായി പണിയെടുക്കുമെന്ന് അയാള്‍ക്കറിയാം. പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനപ്പുറം യുക്തിപൂര്‍വ്വം കാര്യങ്ങള്‍ മനസിലാക്കി ചെയ്യാനുള്ള കഴിവും അവനുണ്ട്. ലബ്ബ കുറച്ചുനേരത്തേക്ക് അവനോടൊന്നും ചോദിച്ചില്ല. അവന്‍ ഒന്നും പറഞ്ഞുമില്ല. അവന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ജോലി തുടര്‍ന്നു. ലബ്ബ അവനെ നക്സല്‍ എന്നാണ് വിളിക്കുക. അവന്‍റെ തീവ്രനിലപാടുകള്‍ തന്നെയാണ് അതിന് കാരണം. സല്‍മാന്‍ ഖാന്‍റെ ആരാധകനായ ലബ്ബ എപ്പോഴും ക്ലീന്‍ ഷേവ് ചെയ്താണ് നടക്കുക. സല്‍മാന്‍ ചിത്രമുള്ള ടി ഷര്‍ട്ടും ജീന്‍സുമാണ് വേഷം. അരെ- ഓ -നക്സല്‍,കിധര്‍ ധാ തും, കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ പ്ലാസ്റ്റിക് കവറില്‍ വച്ചിരുന്ന ചായ  രണ്ട് ചെറിയ കപ്പുകളിലായി ഒഴിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. അത് അവനുള്ള ക്ഷണമാണ്. അവന്‍ സ്പാനറും മറ്റും താഴെയിട്ട് അയാളുടെ അടുത്തേക്ക് ചെന്നു. കേരള യാത്രയുടെ കഥകള്‍ പറഞ്ഞു. അയാളും ഒരിക്കല്‍ കൊച്ചിയില്‍ പോയതിന്‍റെയും ഹര്‍ത്താല്‍ ദിനത്തില്‍ ദുരിതമനുഭവിച്ചതിന്‍റേയുമൊക്കെ കഥകള്‍ അവനോടും പറഞ്ഞു. ഇത്തവണ എന്തായാലും ഭീം ജയന്തി ആഘോഷിക്കും ബോസ്, അതെന്‍റെ തീരുമാനമാണ്, അവന്‍ പറഞ്ഞു.

എടാ കുഞ്ഞേ, ജീവന്‍ വച്ചുള്ള കളിയാണ്. മുഴുവന്‍ അധികാരകേന്ദ്രങ്ങളും മറാഠകള്‍ക്കൊപ്പമാണ്. നീ ഒരുപാട് വിഷമിക്കും, ലബ്ബ പറഞ്ഞു. എല്ലാറ്റിനും ഒരു മാറ്റം വരണ്ടേ ഭായ്, അതിനായി ജീവന്‍ കൊടുക്കുന്നതും വലിയ കാര്യമൊന്നുമല്ല.ഭയന്നു ജീവിക്കുന്നതിനേക്കാള്‍ നല്ലത് യുദ്ധം ചെയ്ത് തോല്‍ക്കുന്നതല്ലെ. അവനെ ഉപദേശിച്ച് മാറ്റാന്‍ കഴിയില്ലെന്നറിയാവുന്ന ലബ്ബ പിന്നീടൊന്നും പറഞ്ഞില്ല.

വരണ്ട കാറ്റിന്‍റെ ശക്തി കൂടിയിട്ടുണ്ട്. എണ്ണക്കറുപ്പുള്ള അവന്‍റെ മുഖത്ത് പൊടി പറ്റിപ്പിടിച്ചു. കണ്‍പീലികളിലും പൊടിയുടെ ഘോഷയാത്ര. അഴുക്കുകൊണ്ട് വികൃതമായ ഒരു തോര്‍ത്തെടുത്ത് അവന്‍ മുഖം തുടച്ചു.വീണ്ടും ജോലിക്കിറങ്ങി.

വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കുറച്ചുനേരം ഫുട്ബാള്‍ കളിച്ചു. അവര്‍ക്കൊപ്പം ചായ കുടിക്കെ അവന്‍ പറഞ്ഞു, ഈ വര്‍ഷം നമ്മള്‍ എന്തായാലും ഭീം ജയന്തി ആഘോഷിക്കും.എല്ലാവരും ഒരേ മനസ്സോടെ എനിക്കൊപ്പം നില്‍ക്കണം.

അതിനെന്താ മച്ചാനെ സംശയം,നമ്മള്‍ ഒപ്പമുണ്ട്.കഴുവേറിമക്കളെ നമുക്കൊന്നു കാണിച്ചുകൊടുക്കണം”, ഗോവിന്ദ് പറഞ്ഞു. ഇനി ഒരു മാസമേയുള്ളു, നാളെത്തന്നെ അനുമതിക്കായി പോലീസില്‍ അപേക്ഷ കൊടുക്കണം”, അക്ഷയ് പറഞ്ഞു.

എത്ര വര്‍ഷങ്ങളായി നമ്മുടെ ആളുകള്‍ അപേക്ഷ കൊടുക്കുന്നു, ക്രമസമാധാനം തകരും എന്നൊക്കെ പറഞ്ഞ് അവര്‍ നിഷേധിക്കുകയല്ലെ. ആദ്യകാലത്തൊക്കെ അപേക്ഷ ഫയലുചെയ്യാതെ നമ്മുടെ ആളുകളെ സ്റ്റേഷനില്‍ നിന്നും ഓടിച്ചു വിട്ടിരുന്നു, പപ്പ പറഞ്ഞുള്ള ഓര്‍മ്മകള്‍ ഗോവിന്ദ് പങ്കുവച്ചു. വഞ്ചിത് ബഹുജന്‍ അഹാഡി വന്നതോടെയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. അപ്പോഴാണ് ക്രമസമാധാനത്തിന്‍റെ ന്യായം പറയാന്‍ തുടങ്ങിയത്. ആറ് വര്‍ഷം മുന്നേയുള്ളൊരോര്‍മ്മ അവരില്‍ മുറിവായി നിറഞ്ഞു. അന്ന് മുകുന്ദ് ഭലേറാവുവിന്‍റെ നേതൃത്വത്തിലായിരുന്നു ആഘോഷത്തിനുള്ള നീക്കം. അയാള്‍ ഗ്രാമത്തിന് പുറത്തുപോയി പഠിച്ച ആളാണ്. പുറംലോകത്തിലെ മാറ്റം സ്വന്തം ഗ്രാമത്തിലും വരണം എന്ന താത്പ്പര്യത്തിലാണ് ഭീം ജയന്തി ആഘോഷിക്കാന്‍ പോലീസില്‍ പരാതി നല്‍കിയത്. അനുമതി നിഷേധിച്ചപ്പോള്‍ മുകള്‍തട്ടില്‍ ബന്ധപ്പെട്ട് പ്രകാശ്ജിയുടെ ഇടപെടലിലായിരുന്നു അനുമതി കിട്ടിയത്. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. മഹറുകളുടെ ബുദ്ധിസ്റ്റ് കോളനി നീലയില്‍ കുളിച്ചുനിന്ന സമയം. എന്നാല്‍ എല്ലാം തകര്‍ന്നത് ഒറ്റ രാത്രികൊണ്ടാണ്. രണ്ടായിരത്തി പതിനേഴ് ഏപ്രില്‍ പതിനൊന്നായിരുന്നു ആ ദുര്‍ദിനം. രാത്രിയില്‍ അധികാരികളുടെ ഒത്താശയോടെ മറാത്തകള്‍ വൈദ്യുതി വിച്ഛേദിച്ച്, കൂരിരുട്ടിന്‍റെ മറവില്‍ കോളനിയിലേക്ക് കല്ലേറ് നടത്തി. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ എല്ലാവരും പകച്ചുപോയി. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. കുട്ടികളുടേയും സ്ത്രീകളുടെയും നിലവിളി മാത്രം കേള്‍ക്കാം. ശ്രാവണിനെപോലെ ചില ആളുകള്‍ക്ക് മാത്രമെ ഭാഗികമായെങ്കിലും കട്ടകെട്ടിയ വീടുകളുള്ളു. ബാക്കിയെല്ലാം പ്ലാസ്റ്റിക് ഷീറ്റും പനയോലയും കൊണ്ടുണ്ടാക്കിയവയാണ്. വീട് എന്നു പറയാന്‍ കഴിയാത്ത ചില മറകള്‍ മാത്രം. എല്ലാവരും ഉറങ്ങുന്നത് പുറത്തു കിടന്നാണ്. കല്ലുകള്‍ ആലിപ്പഴം പൊഴിയുംപോലെ വീണുതുടങ്ങി. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കാണ് പരുക്ക് പറ്റിയത്. അവര്‍ നൂറിലേറെ ആളുകളുണ്ടായിരുന്നു. വന്നുവീണ കല്ലുകള്‍ എടുത്ത് തിരിച്ചെറിഞ്ഞെങ്കിലും കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. മുറിവേറ്റവരുമായി ചെറുപ്പക്കാര്‍ ആശുപത്രിയിലേക്ക് പാഞ്ഞു. പോലീസ് സാവധാനമാണ് എത്തിയത്. പിന്നീട് പ്രകാശ് അംബദ്ക്കറും യുവ പാന്തേഴ്സ് നേതാവ് രാഹുല്‍ പ്രധാനും ഒക്കെ ഇടപെട്ടശേഷമാണ് പത്തൊന്‍പത് പേരുടെ പേരില്‍ കേസ്സെടുത്തത്. കേസ് കുറേക്കാലം നടന്നു. ഒടുവില്‍ തെളിവില്ലെന്നു പറഞ്ഞ് എല്ലാവരേയും വെറുതെ വിട്ടു. ഭയന്നുപോയ മഹറുകള്‍ ആഘോഷത്തിനൊന്നും നിന്നില്ല. ആ വര്‍ഷവും പതിവുപോലെ അവര്‍ ഏപ്രില്‍ പതിനാലിന് നന്ദേട് ടൌണിലും മറ്റ് ഗ്രാമങ്ങളിലും പോയി ഭീം ജയന്തിയില്‍ പങ്കെടുത്തു.

ഈ സംഭവത്തോടെയാണ് ബുദ്ധിസ്റ്റ് കോളനിയിലേക്കുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും സര്‍പാഞ്ചും സംഘവും അവസാനിപ്പിച്ചത്. ഫണ്ട് മുഴുവനും മറ്റിടങ്ങളിലായി ചിലവഴിച്ചു. മറാത്തകളുടെ ഓടകള്‍ കോളനിയിലേക്ക് തുറന്നിട്ടു. കടുത്ത നാറ്റവും കൊതുക് ശല്യവും കാരണം അവര്‍ വശംകെട്ടു. ക്രമേണ നാറ്റമൊക്കെ മൂക്കിന് പരിചിതമായി. കൊതുകുകള്‍ അവര്‍ക്കൊപ്പം കൂടി. രോഗങ്ങള്‍ വര്‍ദ്ധിച്ചു. ജില്ല അധികാരികള്‍ക്കുവരെ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. മറാത്ത നേതാക്കള്‍ ഇടയ്ക്കിടെ മഹറുകളെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.

ഇനി ഏതെങ്കിലുമൊരുത്തന്‍ ഭീം ജയന്തി എന്നു പറഞ്ഞുവന്നാല്‍ രണ്ടായിരത്തിപതിനേഴിനേക്കാള്‍ വലിയ തിരിച്ചടിയാകും ഉണ്ടാവുക, അവര്‍ പരസ്യമായി ഭീഷണിപ്പെടുത്തി. മുകുന്ദ് ഫലേറാവു കല്ലേറ് നടന്ന ദിവസം നാട് വിട്ടതാണ്. പിന്നീട് തിരികെ വന്നില്ല. അതുകൊണ്ടുതന്നെ ഒരു നേതൃത്വം ഇല്ലാത്ത അവസ്ഥയിലായിരുന്നു ഗ്രാമം. ആ സ്ഥാനത്താണ് ഇപ്പോള്‍ അക്ഷയ് ഉള്ളത്. അവന്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഭീം ജയന്തി ആഘോഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് മഹറുകളോടൊക്കെ പറഞ്ഞുനോക്കി. ഒരാളും തയ്യാറായില്ല. അങ്ങിനെയാണ് അവന്‍ ഫുട്ബാള്‍ സംഘമുണ്ടാക്കിയത്. ചെറുപ്പക്കാരുടെ ഈ സംഘത്തിന് പല ഘട്ടങ്ങളിലായി അവന്‍ പകര്‍ന്നുനല്‍കിയ അറിവാണ് ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ഭീംജയന്തി ആഘോഷം എന്ന ചിന്തയ്ക്ക് തിടം വയ്ക്കാന്‍ കാരണമായത്. അവര്‍ കൂടെയുണ്ടാകും എന്ന വാഗ്ദാനം,അതുമതി,അത് ധാരാളം എന്നവന്‍ മനസില്‍ കുറിച്ചിട്ടു.

അക്ഷയുടെ അച്ഛന്‍ ശ്രാവണ്‍ ഇപ്പോള്‍ നിശബ്ദനാണെങ്കിലും ചെറുപ്പത്തില്‍ അവന്‍റെ അതേ ആവേശമായിരുന്നെന്ന് അവനറിഞ്ഞത് അപേക്ഷയുമായി പോലീസ്സ്റ്റേഷനില്‍ പോയപ്പോഴാണ്. അവിടെ ഒരു വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് എത്തിയ മുനിറാമിനെ പരിചയപ്പെട്ട് അച്ഛന്‍റെ പേര് പറഞ്ഞപ്പോള്‍തന്നെ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, തന്തക്കൊണം തന്നെ. അവനും ഇങ്ങിനെയായിരുന്നു. പഠിക്കുന്ന കാലത്തും തുടര്‍ന്നും അവന്‍ മറാത്തുകളുമായി പോരാട്ടത്തിലായിരുന്നു. മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടവന്‍. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചവന്‍റെ മുഖം അടിച്ചുപൊളിക്കുകയായിരുന്നു അവന്‍ ചെയ്തത്. അന്ന് സ്ഥലം എംഎല്‍എ മറാത്തക്കാരനല്ലായിരുന്നതിനാല്‍ ഒരു യോഗം കൂടി ഇനി അക്രമമൊന്നും ചെയ്യില്ല എന്ന് സത്യം ചെയ്യിച്ച് അവന്‍റെ വിപ്ലവം അവസാനിപ്പിക്കുകയായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് വന്ദന ഭായിയുമായുള്ള പ്രണയം. മറ്റൊന്ന് അവന് മഹാരാഷ്ട്ര ഗതാഗത കോര്‍പ്പറേഷനില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം ഏതാണ്ട് ശരിയായിരിക്കയായിരുന്നു. ഈ ജോലി വിവരം അറിഞ്ഞിരുന്നെങ്കില്‍ മറാത്തകള്‍ അവന് മാപ്പ് കൊടുക്കില്ലായിരുന്നു. ഏതായാലും ആ ജോലി കിട്ടിയതോടെ അവന്‍ പൂര്‍ണ്ണമായും ഒതുങ്ങി. വീട്,ജോലി എന്ന മട്ടായി. അത് നന്നായിതാനും. എങ്കിലും ആ ഊര്‍ജ്ജം കെടാതെ നിന്നില്‍ ഞാന്‍ കാണുന്നു. നല്ലത് വരട്ടെ മോനെ, മുനിറാം ഒരു മിഠായി അവന് കൊടുത്തു. അതിന്‍റെ മധുരം നുണഞ്ഞ് മടങ്ങുമ്പോള്‍ അവന് അച്ഛനെക്കുറിച്ച് അഭിമാനം തോന്നി. ഇത്രകാലവും അവന്‍ അറിയാതിരുന്ന ആ കനല്‍കെട്ട വിപ്ലവകാരിയെ അവന്‍ തിരിച്ചറിയുകയായിരുന്നു. കാലം എത്രയോ കഴിഞ്ഞു. ഭരണങ്ങളും നിയമങ്ങളും മാറി, എന്നിട്ടും അടിത്തട്ടിലെ ചെളി അങ്ങിനെതന്നെ കിടക്കുന്നു. അംബദ്ക്കര്‍ ഭാവന ചെയ്തതെല്ലാം ഭരണഘടനയിലുണ്ട്. എന്നിട്ടും സമൂഹം മാറുന്നൊരു വിപ്ലവം,കേരളത്തിലുണ്ടായപോലെ ഒന്ന്,മറ്റെങ്ങും ഉണ്ടായില്ലല്ലോ എന്നവന്‍ പരിതപിച്ചു.

അടുത്തദിവസം സ്റ്റേഷന്‍ ഹെഡ് അവനെ വിളിച്ചു. രണ്ടായിരത്തി പതിനേഴിലെ അനുഭവം മറക്കാറായിട്ടില്ല,വെറുതെ എന്തിനാടാ പ്രശ്നമുണ്ടാക്കുന്നത്. നിനക്കൊരു ജോലിയുണ്ട്. അതൊക്കെനോക്കി മര്യാദയ്ക്ക് നടന്നാല്‍ പോരെ, വെറുതെ ഓരോ വയ്യാവേലികള്‍ പിടിച്ചുവയ്ക്കുന്നതെന്തിനാ ? ഒരു കൊടി നാട്ടി നാല് മുദ്രാവാക്യം വിളിച്ച് ഒന്നു ചെണ്ടകൊട്ടി നടന്നാല്‍ ഇവിടത്തെ ജാതിയും ഉച്ചനീചത്വവും മാറുമോ ? ഇല്ലല്ലോ. ഞങ്ങള്‍ പോലീസുകാര്‍ക്കും നിങ്ങള്‍ മഹറുകള്‍ക്കും നല്ലത് ഈ അപേക്ഷ പിന്‍വലിക്കുന്നതാണ്. നീ പിന്‍വലിക്കുന്നോ അതോ രജിസ്റ്റര്‍ ചെയ്ത് മുകളിലേക്ക് അയയ്ക്കണോ ?”, അയാള്‍ അവന്‍റെ മറുപടിക്ക് കാത്തു.

സാറേ,ഇത് ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണ്. ഞങ്ങള്‍ കൊടിനാട്ടുമ്പോള്‍ ഞങ്ങളുടെ ഉള്ളിലും ഒരു കൊടിയുണരും. ചെണ്ട കൊട്ടുമ്പോള്‍ നെഞ്ചിടിക്കുന്നത് ഞങ്ങള്‍ക്ക് ബോധ്യമാകും. മനുഷ്യരാണെന്ന ബോധ്യം. ഒന്നിച്ചൊരു ജാഥയായി പോകുമ്പോള്‍ ഞങ്ങളും തുല്യരാണെന്ന അഭിമാനമുണ്ടാകും. ഞാന്‍ ഈ അപേക്ഷ പിന്‍വലിക്കില്ല. സാറ് മുകളിലോട്ട് അയയ്ക്ക്. ബാക്കി ഞാന്‍ നോക്കിക്കോളാം, അവന്‍ പറഞ്ഞു.

നിന്‍റെ സമയം ശരിയല്ല ചെക്കാ, ഇനിയെല്ലാം നിന്‍റെ വിധി. എടോ റൈറ്ററെ, ഇതൊന്ന് എഴുതി ചേര്‍ക്ക്. നമുക്ക് വരുംദിവസങ്ങളില്‍ നല്ല പണി തരാനാ ഈ ചെക്കന്‍റെ പുറപ്പാട്”, അയാള്‍ അവന്‍റെ മുഖത്തുനോക്കാതെ മറ്റൊരു പരാതി പരിശോധിക്കാന്‍ തുടങ്ങി.  

അവന്‍ ഇറങ്ങി നടന്നു. പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് സ്റ്റേഷനില്‍ നിന്നും ഡപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ ഫോര്‍വേഡ് ചെയ്തത്. വലിയ ക്രമസമാധാനപ്രശ്നമുണ്ടാകും എന്നതിനാല്‍ അനുമതി നല്‍കേണ്ട എന്നതായിരുന്നു അതിലെ ശുപാര്‍ശ.ഇത് കമ്മീഷണറും ഒപ്പിട്ട് അവന് മറുപടി കിട്ടി. അത് കിട്ടിയ ഉടന്‍ അവന്‍ പ്രകാശിനെ ബന്ധപ്പെട്ടു. അയാളും കൂടി നന്ദേടിലെത്തിയാണ് ജില്ല കളക്ടറെ കണ്ടത്. നിയമപരമായി ഇതിന് തടസമില്ല എന്നും ഭരണഘടന ഉറപ്പാക്കുന്ന അവകാശമാണെന്നും ബോധ്യമുണ്ടായിരുന്ന കളക്ടര്‍ അനുമതി നല്‍കാമെന്നും സെക്രട്ടേറിയറ്റിലേക്കയച്ച് അവരുടെ അഭിപ്രായം കൂടി തേടാമെന്നും പറഞ്ഞു.

അക്ഷയ് എല്ലാ ദിവസവും ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങിനെ അവന്‍ ഉത്തരവ് വാങ്ങിയെടുത്തു. ഉത്തരവ് അവന് പൂര്‍ണ്ണതൃപ്തി നല്‍കുന്നതായിരുന്നില്ല. നീലനിറത്തിലുള്ള പൊടികൊണ്ട് പൊതുഇടങ്ങളില്‍ കോലം വരയ്ക്കരുത്, റോഡ് അലങ്കരിക്കരുത്,ബാന്‍ഡ്മേളം പാടില്ല എന്നൊക്കെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂട്ടുകാരെ നിയന്ത്രിക്കാന്‍ അവന്‍ ഏറെ പാടുപെട്ടു. ഗ്രാമത്തില്‍ വന്‍ പോലീസ് സന്നാഹമായിരുന്നു ഏപ്രില്‍ പതിനാലിന്. അക്ഷയിന്‍റെ അച്ഛനും അമ്മയും സഹോദരന്മാരുമെല്ലാം ആഘോഷത്തിന്‍റെ ഭാഗമായി. മറാഠകള്‍ വെറിപിടിച്ച് ഓടിനടന്നു. തെറി അഭിഷേകം നടത്തി. വലിയ പോലീസ് സന്നാഹവും നേതാക്കളുടെ ഇടപെടലും കാരണം അനിഷ്ടസംഭവങ്ങളുണ്ടായില്ല. ശ്രാവണ്‍ ഭലേറാവുവിനെക്കൊണ്ട് കൊടി ഉയര്‍ത്തിച്ചു. അംബദ്ക്കറെ പ്രകീര്‍ത്തിച്ച് അക്ഷയ് പ്രസംഗിച്ചു. നാട്ടില്‍ വരേണ്ട മാറ്റങ്ങളില്‍ ആവേശം കൊണ്ടു. എവിടെയും ജയ് ഭീം വിളികള്‍ മുഴങ്ങി. നീലക്കൊടികളുമായി അവര്‍ കോളനിയിലൂടെ മുദ്രാവാക്യം വിളിച്ചുനടന്നു. എന്നാല്‍ മറാഠകളുടെ ഇടങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പോലീസ് ബാരിക്കേഡുകള്‍ വച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് ഇടപെട്ട് ആഘോഷങ്ങള്‍ അവസാനിപ്പിച്ചു. എല്ലാവര്‍ക്കും മധുരം നല്‍കി മഹറുകള്‍ പിരിഞ്ഞുപോയി.

അന്ന് രാത്രി മറാത്തകള്‍ ഉറങ്ങിയില്ല. പ്രതികാരം ചെയ്യണം എന്ന ചിന്തയായിരുന്നു അവര്‍ക്ക്. അടുത്ത ദിവസങ്ങളിലെല്ലാം അക്ഷയിനെ അവര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അവന്‍ പ്രതികരിച്ചില്ല. ശവംതീനി,പിശാച് എന്നൊക്കെ വിളിച്ചു. സാലെ,കുത്തെ എന്നൊക്കെയുള്ള തെറിവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിലൊന്നും പ്രതികരിക്കാതിരുന്നിട്ടും സന്തോഷ്,ദത്ത എന്നീ മറാത്ത ചെറുപ്പക്കാര്‍ അവനെ ബൈക്കില്‍ വന്ന് ചവിട്ടുകയും അടിക്കുകയും ചെയ്തു. എന്നിട്ടും അവന്‍ പ്രതികരിച്ചില്ല. പോലീസില്‍ പരാതി നല്‍കി.

നിന്നോടപ്പഴേ ഞാന്‍ പറഞ്ഞതല്ലെ, നീ കേട്ടില്ലല്ലോ ,അനുഭവിക്ക് എന്നായിരുന്നു ഓഫീസറുടെ കമന്‍റ്. അവന്‍ ഒന്നും പറഞ്ഞില്ല. ദിവസങ്ങള്‍ കഴിയുംതോറും പലഭാഗത്തുനിന്നും പ്രകോപനങ്ങളുണ്ടായിക്കൊണ്ടിരുന്നു. ജൂണ്‍ ഒന്നിന് അവന്‍ ജോലിസ്ഥലത്തുനിന്നും വന്ന് വീട്ടിലിരിക്കുമ്പോഴാണ് അമ്മ അവനോട് ആട്ട വാങ്ങി വരാന്‍ പറഞ്ഞത്. മൂത്തസഹോദരന്‍ ആകാശും കൂടെപോയി. രണ്ടുപേരും കൂടി സിഗററ്റ് വാങ്ങി വലിക്കുക എന്നൊരു പതിവുള്ളതാണ്. ഇളയവരായ സൂര്യയും സിദ്ധാര്‍ത്ഥും ടിവി കാണുകയായിരുന്നു. ടിവി ഓഫാക്കി വല്ലതും പഠിക്കിനെടാ എന്നു പറഞ്ഞാണ് അക്ഷയ് ഇറങ്ങിയത്. വീടിന് മുന്നിലിരിക്കുന്ന അംബദ്ക്കറുടെയും ബുദ്ധന്‍റെയും ചിത്രങ്ങളിലെ പൊടി തുടച്ച് വൃത്തിയാക്കുകയായിരുന്നു അച്ഛന്‍. അവര്‍ കാമാജിയുടെ കടയുടെ ഒരുവശത്തായി നിന്ന് പുകവലിക്കുകയായിരുന്നു. അപ്പോഴാണ് നാരായണ്‍ വിശ്വനാഥ് തിഡ്കെയുടെ കല്യാണവുമായി ബന്ധപ്പെട്ട ബാരാത് വരുന്നത് അവര്‍ കണ്ടത്. ലൈറ്റും ബാന്‍ഡ് മേളവും പാട്ടും നൃത്തവുമായി വലിയ ആവേശത്തിലായിരുന്നു അവര്‍. അക്ഷയും ആകാശും ഒതുങ്ങി നിന്നു. ലൈറ്റിന്‍റെ വെട്ടത്തില്‍ അവരെകണ്ട ഉടന്‍ ആരോ വിളിച്ചുകൂവി, ശവംതീനികള്‍ ദാ നില്‍ക്കുന്നെടാ. ഇവനൊക്കെ ഇപ്പോള്‍ കൊമ്പ് മുളച്ചിരിക്കുന്നു.തിന്നുന്ന മാടിന്‍റെ അതേ സ്വഭാവമാണ് ഇവന്മാര്‍ക്ക്”. പിന്നെ പറയാന്‍ കൊള്ളരുതാത്ത തെറികളുടെ ഒരാഘോഷമായിരുന്നു. അവരുടെ എല്ലാം കൈകളില്‍ ആയുധങ്ങളുണ്ടായിരുന്നു. എല്ലാവരും മദ്യലഹരിയിലുമായിരുന്നു. സന്തോഷ് തിഡ്കെയാണ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്, കൊല്ലിനെടാ നായിന്‍റെ മക്കളെ,ഇവന്മാരുടെ ഭീം ജയന്തി സമാപനം ഇന്നാവണം,കൊല്ല് ,കൊല്ല്

ഇത് കേട്ടതോടെ ബാരാത്തിലുണ്ടായിരുന്ന എല്ലാവരുംകൂടി ഓടിയടുത്ത് ആക്രമിക്കാന്‍ തുടങ്ങി. ആകാശ് വെട്ടുകൊണ്ട് തിരിഞ്ഞോടി. അക്ഷയ് അവിടെനിന്ന് പ്രതിരോധിച്ചു. അവന്‍റെ കൈയ്യിലിരുന്ന ആട്ട കവര്‍പൊട്ടി അവരുടെ ശരീരത്തിലേക്ക് പറന്നിറങ്ങി. അതിലേക്ക് അക്ഷയുടെ ചോരയും ചേര്‍ന്നു കുഴഞ്ഞു. അവനെ താഴെയിട്ട് വെട്ടിയും ചവുട്ടിയും അവര്‍ ആഹ്ലാദനൃത്തം ചെയ്തു. ആകാശ് നിലവിളിച്ചുകൊണ്ട് കോളനിയിലെത്തി. അവിടെനിന്നും അമ്മയും അച്ഛനും കൂട്ടുകാരും ഓടിയെത്തി. അപ്പോഴേക്കും ബാരാത്ത് നീങ്ങിക്കഴിഞ്ഞിരുന്നു. ചെറിയ ബോധം മാത്രമുണ്ടായിരുന്ന അക്ഷയിനെ അവര്‍ ആട്ടോയില്‍ കയറ്റി ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

അമ്മയുടെ കരച്ചിലും പരിദേവനവും മുഴങ്ങുന്ന ആട്ടോയില്‍ ബോധശൂന്യനായി അക്ഷയ് കിടന്നു. അവന്‍ അബോധാവസ്ഥയിലും ജയ് ഭീംഎന്ന് മൂളുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അവന്‍റെ ശ്വാസം നിലച്ചിരുന്നു. ആ അമ്മയുടെ രോദനവും അപ്പോഴേക്കും അവസാനിച്ചിരുന്നു. അവര്‍ അവന്‍റെ നിശ്ചല ശരീരം നോക്കി നിശബ്ദയായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ദളിത് ജനങ്ങളുടെ പ്രവാഹമായി. പോലീസെത്തി. മാധ്യമങ്ങളുമായി സംസാരിക്കെ യുവ പാന്തര്‍ നേതാവ് പറഞ്ഞു, നീതി എത്രയോ അകലെയാണ് എന്ന് ഞങ്ങള്‍ക്കറിയാം. ഔദ്യോഗിക സംവിധാനം മുഴുവനായും മറാഠക്കാരുടെ കൈകളിലാണ്.അവര്‍ ആധിപത്യം നേടുംമുന്നെ മഹാരാഷ്ട്രയുടെ ഉടമകളായിരുന്നു മഹറുകള്‍ എന്നവര്‍ മറക്കുന്നു. കാലചക്രം ഇനിയും തിരിയും,മഹറുകളുടെ കാലം വരും. ഗ്രാമങ്ങളിലെ സമാധാന സമിതികളും സാര്‍പാഞ്ചും എല്ലാം മറാഠകള്‍ അടക്കിവാഴുന്നിടത്ത് എന്ത് നീതി? ഈ ക്രൂരകൃത്യം ചെയ്തവര്‍ക്ക് മരണശിക്ഷയല്ലെ ലഭിക്കേണ്ടത്? നമ്മുടെ നിയമവ്യവസ്ഥയില്‍ നിന്നും നമുക്കത് പ്രതീക്ഷിക്കാമോ?” അയാള്‍ ഉന്നയിച്ച ആ ചോദ്യങ്ങള്‍ അവിടെ അലയടിച്ചു നിന്നു.

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ ശരീരവും വഹിച്ചുകൊണ്ടുള്ള യാത്ര ഗ്രാമത്തിലെത്തുമ്പോള്‍ അവിടം നീലക്കടലായി മാറിയിരുന്നു. അടുത്ത ഗ്രാമങ്ങളിലെ ദളിതരും വിവിധ രാഷ്ട്രീയമേഖലകളില് പ്രവര്‍ത്തിക്കുന്നവരുമെല്ലാം അവിടെ എത്തിയിരുന്നു. ഗ്രാമത്തിലെ മറാത്തകളെല്ലാം ഭയന്ന് അവിടം വിട്ടുപോയിരുന്നു. അവരുടെ വീടുകളിലെ കാവിക്കൊടികളൊക്കെ അഴിച്ചുവച്ച് മഹറുകള്‍ നീലപ്പതാക ഉയര്‍ത്തി. അപ്പോള്‍ അക്ഷയിന്‍റെ ഉള്ളില്‍ നിന്നും ജയ് ഭീം എന്നൊരു ശബ്ദം ഉയര്‍ന്നപോലെ അവിടെ കൂടി നിന്നവര്‍ക്ക് തോന്നി. അവരെല്ലാം അത് ഏറ്റുവിളിച്ചു. ചൂളം കുത്തിവന്നൊരു കാറ്റ് ആ ശബ്ദതരംഗങ്ങളുമായി ഗ്രാമഗ്രാമന്തരങ്ങളിലേക്ക് ഊളിയിട്ടു🙏