യാത്ര
കണ്ടല്‍ക്കാടും കടന്ന് രാജ്യാതിര്‍ത്തിയിലേക്ക്
-വി.ആര്‍.അജിത് കുമാര്‍
ഹരിയും കുടുംബവും സതീഷിനൊപ്പം രാമനാഥപുരത്തെത്തിയത് ജൂലൈ 21 രാത്രിയിലായിരുന്നു.അടുത്തദിവസം രാവിലെ ഗള്‍ഫ് ഓഫ് മന്നാറിലെ ഒരു ദ്വീപിലേക്ക് പോകുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കാലാവസ്ഥ അനുകൂലമായിരുന്നില്ല. ശക്തമായ ആടിമാസക്കാറ്റ് അടിക്കുന്നതിനാല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇനി എന്ത് എന്ന ചിന്തയില്‍ നിന്നാണ് കണ്ടല്‍ക്കാടുകള്‍ കാണാം എന്ന തീരുമാനത്തിലെത്തിയത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ പിച്ചാവരം കണ്ടിട്ടുണ്ടെങ്കിലും ഓരോ പ്രദേശത്തിനും ഓരോ സൌന്ദര്യമാണല്ലൊ എന്നു കരുതി ആ യാത്രയ്ക്ക് തുടക്കമിട്ടു.
ആദ്യം ദേവിപട്ടണത്തിലേക്കാണ് പോയത്. പോകുംവഴിയാണ് ഉപ്പൂര്. അധികം ഈര്‍പ്പമില്ലാത്ത,വരണ്ട പ്രദേശമാണ് രാമനാഥപുരം.അതുകൊണ്ടുതന്നെ തൂത്തുക്കുടിയിലെപോലെ ഇവിടെയും ഉപ്പളങ്ങള്‍ ധാരാളം. ആദ്യം സന്ദര്‍ശിച്ചത് ഒരു ഉപ്പളമായിരുന്നു. വെയിലില്‍ തിളങ്ങുന്ന ഉപ്പുകല്ലുകളുടെയും ഉപ്പുതരികളുടെയും കൂനകള്‍. കടല്‍വെള്ളം അടിച്ചുകയറ്റി ഇട്ടിരിക്കുന്ന കളങ്ങള്‍. അവിടെ പണിയെടുക്കുന്ന തൊഴിലാളികള്‍. അതൊക്കെ കണ്ട് കുറച്ചു സമയം ചിലവഴിച്ചു. ജോലിക്കാരില്‍ ചിലര്‍ നഗ്നപാദരായാണ് പണിയെടുക്കുന്നത്. മറ്റു ചിലര്‍ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തലയില്‍ തൊപ്പി വച്ചിട്ടും ഞങ്ങള്‍ക്ക് രാവിലത്തെ ചൂട് സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ക്കിതൊക്കെ സാധാരണമായി കഴിഞ്ഞു. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ജോലി ഉച്ചയ്ക്ക് പന്ത്രണ്ടിന് അവസാനിക്കും. അറുനൂറ് രൂപയാണ് കൂലി. ജോലിക്കാരില്‍ അധികവും സ്ത്രീകളാണ്. എന്നും തൊഴിലുണ്ടാകില്ല. പണിയുള്ളപ്പോള്‍ കരാറുകാരന്‍ വിളിക്കും.ഉപ്പളങ്ങളില്‍ നിന്നും ഉപ്പ് ശേഖരിച്ച് ഫാക്ടറികളില്‍ കൊണ്ടുപോയി അയഡിനും മറ്റും ചേര്‍ത്ത് കവറിലാക്കുന്ന ജോലിയെ നമ്മള്‍ കാണുന്ന പല ബ്രാന്‍ഡഡ് കമ്പനികള്‍ക്കും ഉള്ളു. തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കുന്ന ചില നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നുതോന്നി. അതൊക്കെ ഭാവിയില്‍ സംഭവിക്കുമായിരിക്കും.
ദേവിപട്ടണം ഒരുകാലത്ത് പ്രശസ്തമായ ഒരു തുറമുഖമായിരുന്നു. ഇപ്പോള്‍ മീന്‍ഹാര്‍ബര്‍ മാത്രമാണ്. ഇതിന്‍റെ പരിസരങ്ങളിലൊക്കെയായാണ് ഗള്‍ഫ് ഓഫ് മന്നാറിലെ പല ദ്വീപുകളും കാണപ്പെടുന്നത്. ഒരു കാലത്ത് പേളും ശംഖും കോറലും സജീവമായിരുന്ന ഇവിടം ഇപ്പോള്‍ അതെല്ലാം നശിച്ച മട്ടിലാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്നെ അറേബ്യന്‍ കച്ചവടക്കാര്‍ വന്ന് സ്ഥിരവാസം തുടങ്ങിയ ഇടം കൂടിയാണ് ദേവിപട്ടണം. അവര്‍ അറബും തമിഴും ചേര്‍ന്നൊരു ഭാഷയും രൂപപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വ്യാപാരങ്ങള്‍ തകര്‍ന്നതോടെ പലരും ഗള്‍ഫിലും മറ്റിടങ്ങളിലും പണിയെടുക്കുന്നു. കടല്‍തീരത്ത് കടലില്‍ തന്നെ ഒരിടം കെട്ടിത്തിരിച്ച് കുറച്ചു ഫലകങ്ങള്‍ വച്ചിട്ടുണ്ട്. ഇവ നവഗ്രഹങ്ങളാണ് എന്ന സങ്കല്‍പ്പത്തില്‍ പലരും പൂജചെയ്യുന്നതും കാണാമായിരുന്നു. ഇതിനായി എത്തുന്ന ഭക്തരാണ് ഇവിടെവരുന്ന പുറംനാട്ടുകാരില്‍ അധികവും. രാമനാഥപുരമായതിനാലും ശ്രീലങ്കയോട് അടുത്ത് കിടക്കുന്നതിനാലും ഈ ക്ഷേത്രത്തിനും ഒരു ശ്രീരാമ ബന്ധം പറയുന്ന സങ്കല്‍പ്പം നിലനില്‍ക്കുന്നു.
അവിടെ നിന്നും ഞങ്ങള്‍ പോയത് കാരംകാട് കണ്ടല്‍കാടുകളിലേക്കാണ്. വളരെ ഉള്ളിലേക്ക് നീങ്ങിയുള്ള നിശബ്ദമായ ഒരു കടല്‍തീരമാണ് ഇവിടം. ഉപ്പുകലര്‍ന്ന ജലരാശിയിലാണ് കണ്ടലുകള്‍ ഉണ്ടാവുക. ഇവിടം അത്തരമൊരു സമൃദ്ധിയിലാണുള്ളത്. ഞങ്ങള്‍ എത്തുമ്പോള്‍ ബസില്‍ വന്ന ഒരു കൂട്ടര്‍ അവിടെുണ്ടായിരുന്നു. ഒരു പള്ളിയുടെ നേതൃത്വത്തിലുള്ള യാത്രാസംഘമാണ്. വേലിയേറ്റം തുടങ്ങിയിട്ടില്ലാത്തതിനാല്‍ ബോട്ടിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഒരു ചെറിയ കട അവിടെയുണ്ട്. അവര്‍ അവിടെനിന്നും ചായയും സ്നാക്ക്സും ഒക്കെ കഴിച്ച് ക്ഷമയോടെ കാത്തിരിക്കയായിരുന്നു. ആതിഥ്യമര്യാദയുടെ ഭാഗമായി അവിടത്തെ ജീവനക്കാര്‍ ഞങ്ങള്‍ക്കും ബിസ്ക്കറ്റും ഫ്ളേവര്‍ ചേര്‍ത്ത ഗോലിസോഡയും തന്നു. അതൊക്കെ കഴിച്ചും കുടിച്ചും ഞങ്ങളും വേലിയേറ്റത്തിനായി കാത്തിരുന്നു. തീരത്തോട് ചേര്‍ന്ന് ഒരു പള്ളിയുണ്ട്. ഇവിടെ ഇക്കോടൂറിസം പ്രദേശവാസികളുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ജോലി ചെയ്യുന്നവരെല്ലാം നാട്ടുകാരാണ്. അവര്‍ക്ക് ശമ്പളം നല്‍കുന്നതിന് പുറമെ വരുമാനത്തില്‍ നാല്‍പ്പത് ശതമാനവും കമ്മ്യൂണിറ്റി ഡവലപ്മെന്‍റിനായി ഉപയോഗിക്കുകയാണ്. പള്ളി അധികാരികളോട് ആലോചിച്ചാണ് എന്ത് ചെയ്യണം എന്ന് നിശ്ചയിക്കുക. ഇപ്പോള്‍ പള്ളിയോട് ചേര്‍ന്ന് ഒരു ഹാള്‍ നിര്‍മ്മാണം നടക്കുകയാണ്.
മികച്ച ഇനം ഞണ്ടുകള്‍ ലഭിക്കുന്ന ഇവിടം ഗള്‍ഫ്
ഓഫ് മന്നാറിന്‍റെ ഭാഗമാണ്. അവിസെനിയ മറീന, അവിസെനിയ ഒഫീഷ്യനാലിസ്,റൈസോഫോറ
അപിക്കുലേറ്റ,റൈസോഫോറ മ്യൂക്രോണേറ്റ,സെറിയോപ്സ് ടാഗല്‍ എന്നീ ഇനങ്ങളില്‍ പെട്ട
കണ്ടലുകളാണ് ഇവിടെ അധികവും. രാമനാട്-തൊണ്ടി ഈസ്റ്റ്കോസ്റ്റ് റോഡിന് സമീപമാണ്
കാരക്കാട്. അന്‍പത് വര്‍ഷം മുന്നെ പ്രോസോപിസ് ഇനത്തില്‍പെട്ട കാരച്ചെടികൊണ്ട്
നിറഞ്ഞ ഇടമായിരുന്നു ഇവിടം. അങ്ങിനെ കാരക്കാട് എന്ന് പേരുവന്നു. പിന്നീട് കാട്
വെട്ടിത്തെളിച്ച് ആളുകള്‍ താമസം തുടങ്ങി. പക്ഷികളെ വേട്ടയാടിയും മീന്‍പിടിച്ചും
അവര്‍ ജീവിച്ചു. കൊട്ടക്കരി അഴിമുഖത്ത് നാനൂറ് ഹെക്ടര്‍ പ്രദേശത്തായാണ്
നൂറ്റിരണ്ട് ഹെക്ടര്‍ വരുന്ന കണ്ടല്‍ വ്യാപിച്ചുകിടക്കുന്നത്. വേലിയേറ്റ സമയം
അഞ്ച് കിലോമീറ്റര്‍ ഉള്ളിലേക്ക് ഉപ്പുവെള്ളം കയറിവരും. ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ
ഇരുപത്തിയഞ്ചിനം പക്ഷികളുടെ വാസകേന്ദ്രമാണിവിടം. ഞണ്ടിന് പുറമെ കക്കയും മീനും പാമ്പുകളും
ധാരാളമായുണ്ട്. പെയിന്‍റഡ് സ്റ്റോര്‍ക്ക്,ഓപ്പണ്‍ബില്‍ സ്റ്റോര്‍ക്ക്,സ്പൂണ്‍ബില്‍,വൈ
വേലിയേറ്റം തുടങ്ങിയപ്പോള്‍ ഏകദേശം പന്ത്രണ്ട്
മണിയായി. ബസില്‍ വന്ന സംഘം വലിയ ബോട്ടില്‍ കയറി. ഞങ്ങള്‍ ചെറിയ ബോട്ടിലും. കണ്ടല്ക്കാടുകള്ക്കിടയിലൂടെയു
ഞങ്ങളുടെ ബോട്ട് കടലും കായലും യോജിക്കുന്ന പൊഴിമുഖത്തെത്തി.അവിടെ ചിലയിടങ്ങളില്‍ ആഴം കുറവാണ്. വളരെ ശ്രദ്ധിച്ച് സിറിള്‍ ബോട്ടിനെ കടലിനുള്ളിലേക്ക് കൊണ്ടുപോയി. ഒരു മണല്‍തിട്ടില്‍ ചേര്‍ത്തുനിര്‍ത്തി. തിരകളൊന്നുമില്ലാത്ത ശാന്തമായ കടലില്‍ ഞങ്ങള്‍ ഇറങ്ങിനിന്നു. മത്സ്യങ്ങളും പായലും കാണാവുന്ന ആഴമേയുള്ളു കടലിന്. വലിയ ബോട്ട് കുറച്ചുകൂടി ഉള്ളിലേക്ക് പോയി. അവര്‍ അവിടെയിറങ്ങി കുളിച്ചു. അരമണിക്കൂറോളം അവിടെ ചിലവഴിച്ച് ഞങ്ങള്‍ മടങ്ങി.
തിരികെ എത്തിയപ്പോള്‍ സമൃദ്ധമായ ഒരു സദ്യ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചോറും കണവ കട്ലറ്റും മീന്‍കറിയും മീന്‍ വറുത്തതും ഞണ്ട് കറിയും കൊഞ്ചുകറിയുമൊക്കെയായി ഒരു വിരുന്ന്. വയറും മനസും നിറയ്ക്കുന്ന രുചിയും മണവും. ഭക്ഷണം കഴിഞ്ഞ് അല്‍പ്പസമയം വിശ്രമിച്ചശേഷം രാമേശ്വരത്തേക്ക് തിരിച്ചു.
ക്ഷേത്രത്തില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. പലവട്ടം പോയിട്ടുള്ളതാണെങ്കിലും അവിടെകയറി ശില്‍പ്പഭംഗിയും നിര്‍മ്മാണ കലയുമൊക്കെ ഒരിക്കല്‍ കൂടി ആസ്വദിച്ചശേഷം ധനുഷ്ക്കോടിയിലേക്ക് പോയി. ധനുഷ്കോടി ഇപ്പോള്‍ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കഴിഞ്ഞു. രാമേശ്വരത്ത് വരുന്നവര്‍ മാത്രമല്ല ധനുഷ്ക്കോടി കാണാന്‍ മാത്രമായി വരുന്നവരും ധാരാളം. വലതുവശം തിരയുള്ള നീലനിറമാര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രം. ഇടതുവശം നീലയും പച്ചയും കലര്‍ന്ന, ശാന്തമായ ബംഗാള്‍ ഉള്‍ക്കടല്‍. നടുക്ക് നല്ലൊരു റോഡും.അതവസാനിക്കുന്നത് അരിചാല്‍ മുന അഥവാ ഇറോഷന്‍ പോയിന്‍റിലും. ആ യാത്ര ഒരു പ്രത്യേകാനുഭവമാണ്. പലവട്ടം പോയിട്ടും മടുക്കാത്ത യാത്ര. ആഗസ്റ്റ് പതിനെട്ടിന് കണ്ണൂരില്‍ നിന്നും സതീഷ് തോപ്രത്തും ലക്ഷ്മണനും കൂടി വന്നപ്പോള്‍ വീണ്ടും അവിടെ പോയി എന്നതും മറ്റൊരു യാദൃശ്ഛികത. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാണ് അവിടെ എത്തിയിട്ടുള്ളതെന്ന് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പരുകളില്‍ നിന്നും മനസിലാക്കാം. പോകുംവഴിയില്‍തന്നെ പലയിടത്തും ആളുകള്‍ കുളിക്കുന്നത് കണ്ടു. ടൂറിസ്റ്റുകളെ ആശ്രയിച്ചും മീന്‍പിടിച്ചും ജീവിക്കുന്ന കുറേ മനുഷ്യരും ആ ഒറ്റപ്പെട്ട ഇടത്ത് ജീവിക്കുന്നുണ്ട്.
1964 ലെ കൊടുങ്കാറ്റില്‍ നഷ്ടപ്പെട്ട റയില്‍വേ ലൈനും സ്റ്റേഷനും പള്ളിയുമൊക്കെ ചരിത്രസ്മാരകങ്ങളായി നില്‍ക്കുന്നുണ്ട്. വാഹനത്തിരക്ക് ഏറെയാണ്. മുനമ്പിന് കുറേ അകലെയായി വാഹനം നിര്‍ത്തി ഞങ്ങള്‍ നടന്നു. നല്ല കാറ്റുണ്ട്. കാറ്റില്‍ മരുഭൂമിയിലെപോലെ മണല്‍ മുഖത്തും ശരീരത്തും അടിച്ചുകയറുന്നു. നൂറുകണക്കിന് ആളുകള്‍ മുനമ്പിലുണ്ടായിരുന്നു. എല്ലാവരും സന്തോഷത്തിലാണ്. ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് വെറും ഇരുപത്തിനാല് കിലോമീറ്റര്‍ ദൂരമേയുള്ളു എന്നതാണ് പ്രത്യേകത. 2016 വരെ മുകുന്ദരായര്‍ ചത്തിരം വരെ മാത്രമെ സ്വന്തം വാഹനത്തില്‍ വരാന്‍ കഴിയുമായിരുന്നുള്ളു. അവിടെ നിന്നും നടന്നോ ജീപ്പ്ടാക്സിയിലോ ആയിരുന്നു ധനുഷ്ക്കോടിയില്‍ എത്തിയിരുന്നത്. 2016 ല്‍ ഒന്‍പതര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിച്ചു. മുനമ്പില്‍ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭത്തിന് മുന്നില്‍ നിന്ന് ചിത്രമെടുത്താണ് ആളുകള്‍ മടങ്ങുക. അഞ്ചുമണിയോടെ പോലീസ് ആളുകളെ തീരത്തുനിന്നും ഒഴിവാക്കിത്തുടങ്ങും. സൂര്യാസ്തമയം കാര്‍മേഘങ്ങള്‍ക്കിടിയിലെവിടെയോ ആയിരുന്നു. ആളുകള്‍ മടക്കയാത്ര തുടങ്ങി. ബഹളം കുറഞ്ഞുകുറഞ്ഞു വന്നു. ആ സമയത്ത് കടലിന്‍റെ ഇരമ്പല്‍ മാത്രം കേട്ടിരിക്കാന്‍ ഒരു പ്രത്യേക സുഖമാണ്. രണ്ട് കടലുകള്‍ ശാന്തമായി സംഗമിക്കുന്ന സായംസന്ധ്യയില്‍ അവിടെനിന്നും മടങ്ങിയ അവസാന യാത്രക്കാരില്‍ ഞങ്ങളും ഉള്‍പ്പെട്ടിരുന്നു.
(കാരക്കാട് ബോട്ടിംഗിന് മുതിര്‍ന്നവര്‍ക്ക് 200 രൂപയും കുട്ടികള്‍ക്ക് (5-12 പ്രായം)- 100 രൂപയുമാണ്. രാവിലെ പത്തിനും വൈകിട്ട് 4.30നും ഇടയിലാണ് ബോട്ടിംഗ്. നാല്‍പ്പത്തിയഞ്ച് മിനിട്ട് ബോട്ടിംഗ് ഉണ്ടാകും. ചൊവ്വ അവധി. മൊബൈല്‍- 7598711620 . ധനുഷ്ക്കോടിയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം)🙋
No comments:
Post a Comment