Tuesday, 1 August 2023

Bheem Jayanthi - A story based on a real incident

 

ഭീം ജയന്തി

-വി.ആര്‍.അജിത് കുമാര്‍

കേരളത്തിലേക്കുള്ള ആ യാത്ര അക്ഷയ് ശ്രവണ്‍ ഭലേറാമിന്‍റെ ജീവിതത്തെ മാറ്റിമറിച്ച ഒരു തീര്‍ത്ഥയാത്രയായിരുന്നു. അവന് മാത്രമല്ല,അവനൊപ്പമുണ്ടായിരുന്ന മഹര്‍ സമുദായക്കാരായ മറ്റ് ഗ്രാമവാസികള്‍ക്കും അതങ്ങിനെതന്നെയായിരുന്നു. ഗ്രാമങ്ങളും നഗരങ്ങളും രണ്ട് രാജ്യങ്ങള്‍ പോലെ വ്യത്യസ്തങ്ങളായ മഹാരാഷ്ട്രയില്‍ നിന്നായിരുന്നു അവര്‍ കേരളത്തിലെത്തിയത്. മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ മതത്തിന്‍റെ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും ജാതിയുടെ പ്രത്യക്ഷവേര്‍തിരിവുകള്‍ കാണാന്‍ കഴിയില്ല. എന്നാല്‍ ഗ്രാമങ്ങള്‍ അങ്ങിനെയല്ല. അവിടെ ഓരോ സമുദായവും പ്രത്യേകമായി താമസിക്കുകയും തൊട്ടുകൂടായ്മയും പകയും വിദ്വേഷവും  കൃത്യനിഷ്ഠയോടെ പരിപാലിക്കുകയും ചെയ്യുന്നവരാണ്. അത്തരം ഗ്രാമങ്ങളില്‍ നിന്നും കേരളത്തിലെത്തിയ അക്ഷയും കൂട്ടരും ഇവിടത്തെ ജീവിതം കണ്ട് അത്ഭുതം കൂറിയത് സ്വാഭാവികം മാത്രം. അവര്‍ ഇന്ത്യയ്ക്കപ്പുറം ഏതോ ലോകത്താണെന്ന് ചിന്തിച്ചുപോയി. അംബദ്ക്കറുടെ ചെറുമകന്‍ പ്രകാശ് അംബദ്ക്കര്‍ നേതൃത്വം കൊടുക്കുന്ന വഞ്ചിത് ബഹുജന്‍ അഘാഡി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു അവര്‍. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ച അയിത്തത്തിന്‍റെയും ജന്മിത്വത്തിന്‍റെയും നാടായിരുന്ന കേരളത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് കേരളത്തിലുടനീളം നടത്തിയ യാത്രയിലൂടെയും പരിചയപ്പെട്ട മനുഷ്യരിലൂടെയും അവര്‍ മനസിലാക്കി.

ശ്രീനാരായണ ഗുരു, അയ്യന്‍കാളി,ചട്ടമ്പി സ്വാമി,ടി.കെ.മാധവന്‍,കേളപ്പന്‍,കെ.പി.കേശവമോനോന്‍ തുടങ്ങിയവരെ അറിഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യകാലത്ത് നാട്ടില്‍ ഉണ്ടാക്കിയ സാമൂഹിക-സാംസ്ക്കാരിക വിപ്ലവം അവര്‍ മനസിലാക്കി. കേരളഗ്രാമങ്ങളിലെ ജാതിരഹിത ജീവിതരീതി അവര്‍ക്ക് ഒരു പുത്തനുണര്‍വ്വായി. മഹാരാഷ്ട്രയിലെ പൊതുസമൂഹം എന്തുകൊണ്ട് ഇത്തരത്തില്‍ മാറിയില്ല എന്ന ചിന്ത അവരെ വല്ലാതെ മഥിച്ചു. മടക്കയാത്രയില്‍ അക്ഷയ് കൂട്ടുകാരോട് പറഞ്ഞു, മാറ്റം വരണമെങ്കില്‍ രക്തസാക്ഷികളുണ്ടാകണം. രക്തച്ചൊരിച്ചിലില്ലാതെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഗാന്ധിജിയുടേത് അഹിംസ സിദ്ധാന്തമായിരുന്നെങ്കിലും അതിന് പിന്നില്‍ അണിനിരന്ന ആയിരങ്ങളുടെ ചോരപ്പുഴ നീന്തിയാണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയത്. ലോകമഹായുദ്ധത്തിന്‍റെ കെടുതിയില്‍പെട്ട ഇംഗ്ലണ്ടിന് കോളനികള്‍ നോക്കി നടത്താന്‍ ആളില്ലാതെ വന്നതുകൊണ്ടല്ലെ അവര്‍ ഒഴിഞ്ഞുപോയത്. അല്ലാതെ അഹിംസ സമരത്തെ ഭയന്നാണോ?” അവന്‍ ചോദ്യമെറിഞ്ഞ് കൂട്ടുകാരെ നോക്കി.

നീ വലിയ വലിയ കാര്യങ്ങളൊന്നും പറയണ്ട അക്ഷയ്. ഞങ്ങളുടെ ഗ്രാമങ്ങളില്‍ നടക്കുന്ന അംബദ്ക്കര്‍ ജയന്തി ആഘോഷങ്ങള്‍ കാണാന്‍ നീ വന്നിട്ടുണ്ടല്ലോ,നിന്‍റെ ഗ്രാമത്തില്‍ നീ ആഘോഷം നടത്തികാണിക്കൂ,എന്നിട്ട് മതി വലിയ കാര്യങ്ങള്‍ പറയാന്‍”,രാംനാഥ് ഇത് പറഞ്ഞതോടെ അക്ഷയ് നിശബ്ദനായി.അവന്‍ ട്രയിനിന്‍റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. രാംനാഥിന് അങ്ങിനെപറയേണ്ടിയിരുന്നില്ല എന്ന് തോന്നി. മറ്റുള്ളവരും അവനെ കുറ്റപ്പെടുത്തി. രാംനാഥ് അക്ഷയിനോട് ക്ഷമ ചോദിച്ചു. നിന്നെ ചെറുതാക്കനല്ല ഞാന്‍ ശ്രമിച്ചത്. സോറി-ടാ. നീ ഞങ്ങളേക്കാള്‍ പഠിപ്പുള്ളവന്‍,സംസാരിക്കാന് അറിയാവുന്നവന്‍.നീ ഒരു നേതാവാണ്. നിന്‍റെ ഗ്രാമത്തില്‍ നിന്നും നമുക്കൊരു തീപ്പൊരി സൃഷ്ടിച്ചെടുക്കണം. മറാഠകളുടെ അഹങ്കാരത്തിന് മഹറുകളുടെ തിരിച്ചടി. ഈ വര്‍ഷം എന്ത് വന്നാലും നമുക്ക് ഭീംജയന്തി ആഘോഷിക്കണമെടാ, രാംനാഥ് പറഞ്ഞു.

നീ ഇത്രയും പറഞ്ഞത് നന്നായി,രാംനാഥ്. ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ജീവന്‍ കൊടുത്തായാലും ഇത്തവണ ഞാന്‍ ഭീംജയന്തി ആഘോഷിക്കും.ഇത് സത്യം”, അവന്‍ കൂട്ടുകാരുടെ കൈകളില്‍ സ്വന്തം കൈവച്ച് പ്രതിജ്ഞയെടുത്തു. രാത്രി അവന് സുഖമായി ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസാകെ പുകയുകയായിരുന്നു. സ്റ്റേഷനില്‍ ഇറങ്ങുമ്പോഴും അതിനൊരു ശമനം വന്നിരുന്നില്ല.

നന്ദേട് ജില്ലയിലെ ബോന്ദര്‍ ഹവേലിയാണ് അക്ഷയിന്‍റെ ഗ്രാമം.ഖന്ദാര്‍,ഹഡ്ഗോണ്‍,ബിലോളി,ദഗ്ളൂര്‍,മധോള്‍ എന്നീ താലൂക്കുകള്‍ ചേര്‍ന്നതാണ് നന്ദേട് ജില്ല. തെലങ്കാനയോടും കര്‍ണ്ണാടകത്തോടും ചേര്‍ന്നുകിടക്കുന്ന നന്ദേട് ജില്ലയുടെ ജീവജലം ഗോദാവരിയാണ്. ദശരഥന്‍റെ ഭാര്യ കൈകേയിയുടെ നാടാണ് നന്ദേട് എന്ന് പറയപ്പെടുന്നു. പ്രമുഖ ദളിത് എഴുത്തുകാരനായ ദത്ത ഭഗത്ത് ജനിച്ചതും നന്ദേടിലാണ്. പട്ടണത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളു ബോന്ദാര്‍ ഹവേലിയിലേക്കെങ്കിലും അവിടത്തെ സാമൂഹികരീതികള്‍ക്ക് ഒരു നൂറ്റാണ്ടിന്‍റെ ദൂരമുണ്ട്. ദേശീയപാത നൂറ്റിഅറുപത്തിയൊന്നിനോട് ചേര്‍ന്നുകിടക്കുന്ന ബോന്ദാര്‍ ഹവേലിയില്‍ ആയിരത്തി എഴുനൂറ് ആളുകളാണ് താമസിക്കുന്നത്. ഇതില്‍ അഞ്ഞൂറ് പേരാണ് മഹറുകള്‍. മറാത്ത വീടുകള്‍ക്ക് കാവിക്കൊടിയും ദളിത് വീടുകള്‍ക്ക് നീലക്കൊടിയുമാണ് അടയാളം. മഹറുകളുടെ കോളനി പ്രത്യേകമായിട്ടാണ്.

ഗ്രാമത്തിലേക്കുള്ള ഏക ബസ് വരാന്‍ വൈകി. അക്ഷയ് ഒരു ചായകുടിച്ച് അന്നത്തെ പത്രം മറിച്ചുനോക്കി,ബസ്റ്റാന്‍ഡില്‍ ഒരരുകുചേര്‍ന്നിരുന്നു. കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍ അസ്വസ്ഥതയോടെ ബസ് വരേണ്ട ദിക്കിലേക്ക് നോക്കി. അഴുക്കും പൊടിയും വെറ്റിലക്കറയും നിറഞ്ഞ ബസ്, സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തിരക്കിനിടയിലൂടെ അവനും അതിനുള്ളില്‍ കയറി. മനുഷ്യര്‍ ആധുനികരിക്കപ്പെട്ടില്ലെങ്കിലും ആധുനികമായിതീര്‍ന്ന റോഡിലൂടെ ബസ്സ് ആടിഉലഞ്ഞ് ഓട്ടം തുടങ്ങി. തന്‍റെ സീറ്റിനടുത്തുവരെ വന്നശേഷം തന്നെ തിരിച്ചറിഞ്ഞ് മാറി നില്‍ക്കുകയോ മറ്റൊരു സീറ്റില്‍ ഇരിക്കുകയോ ചെയ്യുന്ന ആളുകളെ അവൻ ശ്രദ്ധിച്ചു. ഗ്രാമത്തിലെ മറാഠകളാണ്. അവരും താനും തമ്മിലെന്താണ് വ്യത്യാസം, അവന്‍ ചിന്തിച്ചു. ഇവരുടെ ഉള്ളില്‍ ഇത്രയേറെ അഴുക്കുകള്‍ ഉറഞ്ഞുകൂടിയിരിക്കുന്നത് ആര്‍ക്ക് എടുത്തുമാറ്റാന്‍ കഴിയും. ജാതിയുടേയും മതത്തിന്‍റേയും പേരില്‍ അടിഞ്ഞുകൂടിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്വേഷത്തെ തലച്ചോറില്‍ നിന്നും ഒരൊറ്റ ഷോക്കില്‍ നീക്കാന്‍ കഴിയുന്ന യന്ത്രമൊക്കെ വരുംകാലത്തുണ്ടായേക്കും എന്നവന്‍ ചിന്തിച്ചു. ബോന്ദാര്‍,ബോന്ദാര്‍ എന്ന കണ്ടക്ടറുടെ വിളികേട്ടാണ് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.

സൂര്യന്‍ ശക്തമായിരിക്കുന്നു. അഴുക്കും വിയര്‍പ്പും ചേര്‍ന്ന് വല്ലാതെ പുഴുകുന്നുണ്ടായിരുന്നു. അവന് അവനോടുതന്നെ  വെറുപ്പുതോന്നി. ഒന്ന് കുളിക്കണം.എന്നിട്ടാകാം കമ്പനിയിലേക്ക് പോകുന്നത്. മുതലാളി നല്ല ദേഷ്യത്തിലാകും. ഇത്രയും ദിവസം മാറിനില്‍ക്കുന്നത് ആദ്യമായിട്ടാണ്. ശമ്പളം കിട്ടില്ല എന്നത് പോട്ടെ, തെറി കേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു. അവന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ തിരക്കിട്ട ജോലിയിലായിരുന്നു. അച്ഛന്‍ പതിവുപോലെ തന്‍റെ കസേരയില്‍ ഇരുപ്പുണ്ടായിരുന്നു. സ്ഥിരം വേഷമാണ്, പാന്‍റ്സും ഫുള്‍കൈ ഷര്‍ട്ടും കഴുത്തില്‍ നേരിയതും. കറുപ്പും വെളുപ്പും തമ്മില്‍ മത്സരിക്കുന്ന മുടി നന്നായി കോതിവച്ചിട്ടുണ്ട്.എണ്ണക്കറുപ്പുള്ള മുഖത്ത് നരച്ച കുറ്റിരോമങ്ങള്‍. അച്ഛന്‍റെ നോട്ടം തീഷ്ണമാണ്. എന്നാല്‍ ഒന്നും പറയില്ല. എവിടെ പോയി, എപ്പോള്‍ വന്നു എന്നൊന്നും ചോദിക്കാറില്ല. ഇളയവരോട് ചില കഥകളൊക്കെ പറയും. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അതാവശ്യമാണ് എന്നച്ഛനറിയാമായിരിക്കും. ജ്യേഷ്ഠന്‍ ആകാശും അവിടെ ഇരുപ്പുണ്ടായിരുന്നു. അവന്‍ എല്ലാറ്റിനോടും പ്രതിഷേധിക്കുന്ന ഒരു സ്വഭാവക്കാരനാണ്. അതുകൊണ്ടുതന്നെ സ്ഥിരമായ ഒരു ജോലിയും ലഭിക്കാറില്ല. അവന്‍റെ രീതികളും വളരെ വിചിത്രങ്ങളാണ്. വലിയ പൂക്കളും മരങ്ങളുമൊക്കെയുള്ള ടി ഷര്‍ട്ടുകളാണ് അവന്‍ ധരിക്കുക. ജീന്‍സാണ് ഇഷ്ടം. സെക്കന്‍ഹാന്‍ഡ് വസ്ത്രങ്ങളുടെ വില്‍പ്പനയ്ക്കായി മാസാദ്യം സുമന്‍ വരും.അവന്‍റെ കൈയ്യില്‍ നിന്നാണ് ഇതൊക്കെ വാങ്ങുക. അച്ഛനുള്ള ഷര്‍ട്ടും അവിടെനിന്നാണ് വാങ്ങാറുള്ളത്. അമ്മയുടെ എണ്ണക്കറുപ്പുള്ള മുടിയില്‍ അവിടവിടെ നര വന്നുതുടങ്ങി.ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല സുന്ദരി എന്‍റെ അമ്മയാണ്. നീണ്ട മൂക്കിന് ചേര്‍ന്ന മുക്കുത്തിയും വലിയ കണ്ണുകളും വിടര്‍ന്ന പുരികങ്ങള്‍ക്കിടയില്‍ ഒരു വലിയ ചുവന്ന പൊട്ടും കൈകള്‍ നിറയെ കുപ്പിവളകളും ഉള്ള അമ്മ. നീലനിറമുള്ള ബ്ലൌസേ അമ്മ ഇടാറുള്ളു. അത്രപെട്ടന്നൊന്നും കീറാത്ത സിന്തറ്റിക് സാരികളാണ് ഉടുക്കുക. കാലില്‍ തളകളുണ്ട്. അവര്‍ മകനെ കണ്ടപ്പോള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു. യാത്ര സുഖമായിരുന്നോ എന്നൊക്കെ ചോദിച്ചു. അമ്മെ,ആകെ അഴുക്കാണ്,ഒന്ന് കുളിക്കണം, അവന്‍ പറഞ്ഞു. മോനെ വെള്ളം കിട്ടിയിട്ട് രണ്ട് ദിവസമായി. ഒന്നോ രണ്ടോ കപ്പ് വെള്ളം കാണും,നീ ഒന്ന് നനച്ചെടുത്തോളൂ,അതേ പറ്റൂ

അപ്പുറത്ത് ആ കഴുവേറികള്‍ക്ക് വെള്ളം കിട്ടുന്നുണ്ടാകുമല്ലോ,നമ്മളെന്താ മനുഷ്യരല്ലെ, ഇതായിരുന്നു അവന്‍റെ ആദ്യ പ്രതികരണം. നീ ഒന്ന് മെല്ലെ പറ.എല്ലായിടത്തും കണ്ണും കാതുമുണ്ട്. ഒന്നാമത് നിന്നെ അവര്‍ക്കിഷ്ടമല്ല.നമ്മുടെ കൂട്ടത്തിലുമുണ്ട് അസൂയക്കാര്‍ എന്നു നീ മറക്കണ്ട, അവര്‍ ശബ്ദം കുറച്ചു പറഞ്ഞു.

അക്ഷയിന് ദേഷ്യം വന്നത് വെറുതെയല്ല. മറാഠക്കാരുടെ ഇടങ്ങളില്‍ വെള്ളം കിട്ടാന്‍ പ്രത്യേക സംവിധാനമാണ്. അവര്‍ക്ക് ദിവസവും രാവിലെയും വൈകിട്ടും വെള്ളം കിട്ടുമ്പോള്‍ മഹറുകളുടെ കോളനിയില്‍ രണ്ട് ദിവസം കൂടുമ്പോഴാണ് വെള്ളം കിട്ടുക.അവന്‍ രണ്ട് മഗ്ഗ് വെള്ളത്തില്‍ കൈകാലുകളും ദേഹവും തുടച്ചെടുത്തു. അമ്മ ചുട്ടെടുത്ത ചൂട് ചപ്പാത്തിയും കറിയും കഴിച്ച് അപ്പോള്‍തന്നെ ഇറങ്ങി.

വര്‍ക്ക്ഷോപ്പ് നടത്തുന്ന ലബ്ബയ്ക്ക് അവനെ ഇഷ്ടമാണ്. സ്ഥലത്തുള്ളപ്പോള്‍ അവന്‍ നന്നായി പണിയെടുക്കുമെന്ന് അയാള്‍ക്കറിയാം. പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനപ്പുറം യുക്തിപൂര്‍വ്വം കാര്യങ്ങള്‍ മനസിലാക്കി ചെയ്യാനുള്ള കഴിവും അവനുണ്ട്. ലബ്ബ കുറച്ചുനേരത്തേക്ക് അവനോടൊന്നും ചോദിച്ചില്ല. അവന്‍ ഒന്നും പറഞ്ഞുമില്ല. അവന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ജോലി തുടര്‍ന്നു. ലബ്ബ അവനെ നക്സല്‍ എന്നാണ് വിളിക്കുക. അവന്‍റെ തീവ്രനിലപാടുകള്‍ തന്നെയാണ് അതിന് കാരണം. സല്‍മാന്‍ ഖാന്‍റെ ആരാധകനായ ലബ്ബ എപ്പോഴും ക്ലീന്‍ ഷേവ് ചെയ്താണ് നടക്കുക. സല്‍മാന്‍ ചിത്രമുള്ള ടി ഷര്‍ട്ടും ജീന്‍സുമാണ് വേഷം. അരെ- ഓ -നക്സല്‍,കിധര്‍ ധാ തും, കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ പ്ലാസ്റ്റിക് കവറില്‍ വച്ചിരുന്ന ചായ  രണ്ട് ചെറിയ കപ്പുകളിലായി ഒഴിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. അത് അവനുള്ള ക്ഷണമാണ്. അവന്‍ സ്പാനറും മറ്റും താഴെയിട്ട് അയാളുടെ അടുത്തേക്ക് ചെന്നു. കേരള യാത്രയുടെ കഥകള്‍ പറഞ്ഞു. അയാളും ഒരിക്കല്‍ കൊച്ചിയില്‍ പോയതിന്‍റെയും ഹര്‍ത്താല്‍ ദിനത്തില്‍ ദുരിതമനുഭവിച്ചതിന്‍റേയുമൊക്കെ കഥകള്‍ അവനോടും പറഞ്ഞു. ഇത്തവണ എന്തായാലും ഭീം ജയന്തി ആഘോഷിക്കും ബോസ്, അതെന്‍റെ തീരുമാനമാണ്, അവന്‍ പറഞ്ഞു.

എടാ കുഞ്ഞേ, ജീവന്‍ വച്ചുള്ള കളിയാണ്. മുഴുവന്‍ അധികാരകേന്ദ്രങ്ങളും മറാഠകള്‍ക്കൊപ്പമാണ്. നീ ഒരുപാട് വിഷമിക്കും, ലബ്ബ പറഞ്ഞു. എല്ലാറ്റിനും ഒരു മാറ്റം വരണ്ടേ ഭായ്, അതിനായി ജീവന്‍ കൊടുക്കുന്നതും വലിയ കാര്യമൊന്നുമല്ല.ഭയന്നു ജീവിക്കുന്നതിനേക്കാള്‍ നല്ലത് യുദ്ധം ചെയ്ത് തോല്‍ക്കുന്നതല്ലെ. അവനെ ഉപദേശിച്ച് മാറ്റാന്‍ കഴിയില്ലെന്നറിയാവുന്ന ലബ്ബ പിന്നീടൊന്നും പറഞ്ഞില്ല.

വരണ്ട കാറ്റിന്‍റെ ശക്തി കൂടിയിട്ടുണ്ട്. എണ്ണക്കറുപ്പുള്ള അവന്‍റെ മുഖത്ത് പൊടി പറ്റിപ്പിടിച്ചു. കണ്‍പീലികളിലും പൊടിയുടെ ഘോഷയാത്ര. അഴുക്കുകൊണ്ട് വികൃതമായ ഒരു തോര്‍ത്തെടുത്ത് അവന്‍ മുഖം തുടച്ചു.വീണ്ടും ജോലിക്കിറങ്ങി.

വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കുറച്ചുനേരം ഫുട്ബാള്‍ കളിച്ചു. അവര്‍ക്കൊപ്പം ചായ കുടിക്കെ അവന്‍ പറഞ്ഞു, ഈ വര്‍ഷം നമ്മള്‍ എന്തായാലും ഭീം ജയന്തി ആഘോഷിക്കും.എല്ലാവരും ഒരേ മനസ്സോടെ എനിക്കൊപ്പം നില്‍ക്കണം.

അതിനെന്താ മച്ചാനെ സംശയം,നമ്മള്‍ ഒപ്പമുണ്ട്.കഴുവേറിമക്കളെ നമുക്കൊന്നു കാണിച്ചുകൊടുക്കണം”, ഗോവിന്ദ് പറഞ്ഞു. ഇനി ഒരു മാസമേയുള്ളു, നാളെത്തന്നെ അനുമതിക്കായി പോലീസില്‍ അപേക്ഷ കൊടുക്കണം”, അക്ഷയ് പറഞ്ഞു.

എത്ര വര്‍ഷങ്ങളായി നമ്മുടെ ആളുകള്‍ അപേക്ഷ കൊടുക്കുന്നു, ക്രമസമാധാനം തകരും എന്നൊക്കെ പറഞ്ഞ് അവര്‍ നിഷേധിക്കുകയല്ലെ. ആദ്യകാലത്തൊക്കെ അപേക്ഷ ഫയലുചെയ്യാതെ നമ്മുടെ ആളുകളെ സ്റ്റേഷനില്‍ നിന്നും ഓടിച്ചു വിട്ടിരുന്നു, പപ്പ പറഞ്ഞുള്ള ഓര്‍മ്മകള്‍ ഗോവിന്ദ് പങ്കുവച്ചു. വഞ്ചിത് ബഹുജന്‍ അഹാഡി വന്നതോടെയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. അപ്പോഴാണ് ക്രമസമാധാനത്തിന്‍റെ ന്യായം പറയാന്‍ തുടങ്ങിയത്. ആറ് വര്‍ഷം മുന്നേയുള്ളൊരോര്‍മ്മ അവരില്‍ മുറിവായി നിറഞ്ഞു. അന്ന് മുകുന്ദ് ഭലേറാവുവിന്‍റെ നേതൃത്വത്തിലായിരുന്നു ആഘോഷത്തിനുള്ള നീക്കം. അയാള്‍ ഗ്രാമത്തിന് പുറത്തുപോയി പഠിച്ച ആളാണ്. പുറംലോകത്തിലെ മാറ്റം സ്വന്തം ഗ്രാമത്തിലും വരണം എന്ന താത്പ്പര്യത്തിലാണ് ഭീം ജയന്തി ആഘോഷിക്കാന്‍ പോലീസില്‍ പരാതി നല്‍കിയത്. അനുമതി നിഷേധിച്ചപ്പോള്‍ മുകള്‍തട്ടില്‍ ബന്ധപ്പെട്ട് പ്രകാശ്ജിയുടെ ഇടപെടലിലായിരുന്നു അനുമതി കിട്ടിയത്. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. മഹറുകളുടെ ബുദ്ധിസ്റ്റ് കോളനി നീലയില്‍ കുളിച്ചുനിന്ന സമയം. എന്നാല്‍ എല്ലാം തകര്‍ന്നത് ഒറ്റ രാത്രികൊണ്ടാണ്. രണ്ടായിരത്തി പതിനേഴ് ഏപ്രില്‍ പതിനൊന്നായിരുന്നു ആ ദുര്‍ദിനം. രാത്രിയില്‍ അധികാരികളുടെ ഒത്താശയോടെ മറാത്തകള്‍ വൈദ്യുതി വിച്ഛേദിച്ച്, കൂരിരുട്ടിന്‍റെ മറവില്‍ കോളനിയിലേക്ക് കല്ലേറ് നടത്തി. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ എല്ലാവരും പകച്ചുപോയി. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. കുട്ടികളുടേയും സ്ത്രീകളുടെയും നിലവിളി മാത്രം കേള്‍ക്കാം. ശ്രാവണിനെപോലെ ചില ആളുകള്‍ക്ക് മാത്രമെ ഭാഗികമായെങ്കിലും കട്ടകെട്ടിയ വീടുകളുള്ളു. ബാക്കിയെല്ലാം പ്ലാസ്റ്റിക് ഷീറ്റും പനയോലയും കൊണ്ടുണ്ടാക്കിയവയാണ്. വീട് എന്നു പറയാന്‍ കഴിയാത്ത ചില മറകള്‍ മാത്രം. എല്ലാവരും ഉറങ്ങുന്നത് പുറത്തു കിടന്നാണ്. കല്ലുകള്‍ ആലിപ്പഴം പൊഴിയുംപോലെ വീണുതുടങ്ങി. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കാണ് പരുക്ക് പറ്റിയത്. അവര്‍ നൂറിലേറെ ആളുകളുണ്ടായിരുന്നു. വന്നുവീണ കല്ലുകള്‍ എടുത്ത് തിരിച്ചെറിഞ്ഞെങ്കിലും കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. മുറിവേറ്റവരുമായി ചെറുപ്പക്കാര്‍ ആശുപത്രിയിലേക്ക് പാഞ്ഞു. പോലീസ് സാവധാനമാണ് എത്തിയത്. പിന്നീട് പ്രകാശ് അംബദ്ക്കറും യുവ പാന്തേഴ്സ് നേതാവ് രാഹുല്‍ പ്രധാനും ഒക്കെ ഇടപെട്ടശേഷമാണ് പത്തൊന്‍പത് പേരുടെ പേരില്‍ കേസ്സെടുത്തത്. കേസ് കുറേക്കാലം നടന്നു. ഒടുവില്‍ തെളിവില്ലെന്നു പറഞ്ഞ് എല്ലാവരേയും വെറുതെ വിട്ടു. ഭയന്നുപോയ മഹറുകള്‍ ആഘോഷത്തിനൊന്നും നിന്നില്ല. ആ വര്‍ഷവും പതിവുപോലെ അവര്‍ ഏപ്രില്‍ പതിനാലിന് നന്ദേട് ടൌണിലും മറ്റ് ഗ്രാമങ്ങളിലും പോയി ഭീം ജയന്തിയില്‍ പങ്കെടുത്തു.

ഈ സംഭവത്തോടെയാണ് ബുദ്ധിസ്റ്റ് കോളനിയിലേക്കുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും സര്‍പാഞ്ചും സംഘവും അവസാനിപ്പിച്ചത്. ഫണ്ട് മുഴുവനും മറ്റിടങ്ങളിലായി ചിലവഴിച്ചു. മറാത്തകളുടെ ഓടകള്‍ കോളനിയിലേക്ക് തുറന്നിട്ടു. കടുത്ത നാറ്റവും കൊതുക് ശല്യവും കാരണം അവര്‍ വശംകെട്ടു. ക്രമേണ നാറ്റമൊക്കെ മൂക്കിന് പരിചിതമായി. കൊതുകുകള്‍ അവര്‍ക്കൊപ്പം കൂടി. രോഗങ്ങള്‍ വര്‍ദ്ധിച്ചു. ജില്ല അധികാരികള്‍ക്കുവരെ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. മറാത്ത നേതാക്കള്‍ ഇടയ്ക്കിടെ മഹറുകളെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.

ഇനി ഏതെങ്കിലുമൊരുത്തന്‍ ഭീം ജയന്തി എന്നു പറഞ്ഞുവന്നാല്‍ രണ്ടായിരത്തിപതിനേഴിനേക്കാള്‍ വലിയ തിരിച്ചടിയാകും ഉണ്ടാവുക, അവര്‍ പരസ്യമായി ഭീഷണിപ്പെടുത്തി. മുകുന്ദ് ഫലേറാവു കല്ലേറ് നടന്ന ദിവസം നാട് വിട്ടതാണ്. പിന്നീട് തിരികെ വന്നില്ല. അതുകൊണ്ടുതന്നെ ഒരു നേതൃത്വം ഇല്ലാത്ത അവസ്ഥയിലായിരുന്നു ഗ്രാമം. ആ സ്ഥാനത്താണ് ഇപ്പോള്‍ അക്ഷയ് ഉള്ളത്. അവന്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഭീം ജയന്തി ആഘോഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് മഹറുകളോടൊക്കെ പറഞ്ഞുനോക്കി. ഒരാളും തയ്യാറായില്ല. അങ്ങിനെയാണ് അവന്‍ ഫുട്ബാള്‍ സംഘമുണ്ടാക്കിയത്. ചെറുപ്പക്കാരുടെ ഈ സംഘത്തിന് പല ഘട്ടങ്ങളിലായി അവന്‍ പകര്‍ന്നുനല്‍കിയ അറിവാണ് ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ഭീംജയന്തി ആഘോഷം എന്ന ചിന്തയ്ക്ക് തിടം വയ്ക്കാന്‍ കാരണമായത്. അവര്‍ കൂടെയുണ്ടാകും എന്ന വാഗ്ദാനം,അതുമതി,അത് ധാരാളം എന്നവന്‍ മനസില്‍ കുറിച്ചിട്ടു.

അക്ഷയുടെ അച്ഛന്‍ ശ്രാവണ്‍ ഇപ്പോള്‍ നിശബ്ദനാണെങ്കിലും ചെറുപ്പത്തില്‍ അവന്‍റെ അതേ ആവേശമായിരുന്നെന്ന് അവനറിഞ്ഞത് അപേക്ഷയുമായി പോലീസ്സ്റ്റേഷനില്‍ പോയപ്പോഴാണ്. അവിടെ ഒരു വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് എത്തിയ മുനിറാമിനെ പരിചയപ്പെട്ട് അച്ഛന്‍റെ പേര് പറഞ്ഞപ്പോള്‍തന്നെ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, തന്തക്കൊണം തന്നെ. അവനും ഇങ്ങിനെയായിരുന്നു. പഠിക്കുന്ന കാലത്തും തുടര്‍ന്നും അവന്‍ മറാത്തുകളുമായി പോരാട്ടത്തിലായിരുന്നു. മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടവന്‍. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചവന്‍റെ മുഖം അടിച്ചുപൊളിക്കുകയായിരുന്നു അവന്‍ ചെയ്തത്. അന്ന് സ്ഥലം എംഎല്‍എ മറാത്തക്കാരനല്ലായിരുന്നതിനാല്‍ ഒരു യോഗം കൂടി ഇനി അക്രമമൊന്നും ചെയ്യില്ല എന്ന് സത്യം ചെയ്യിച്ച് അവന്‍റെ വിപ്ലവം അവസാനിപ്പിക്കുകയായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് വന്ദന ഭായിയുമായുള്ള പ്രണയം. മറ്റൊന്ന് അവന് മഹാരാഷ്ട്ര ഗതാഗത കോര്‍പ്പറേഷനില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം ഏതാണ്ട് ശരിയായിരിക്കയായിരുന്നു. ഈ ജോലി വിവരം അറിഞ്ഞിരുന്നെങ്കില്‍ മറാത്തകള്‍ അവന് മാപ്പ് കൊടുക്കില്ലായിരുന്നു. ഏതായാലും ആ ജോലി കിട്ടിയതോടെ അവന്‍ പൂര്‍ണ്ണമായും ഒതുങ്ങി. വീട്,ജോലി എന്ന മട്ടായി. അത് നന്നായിതാനും. എങ്കിലും ആ ഊര്‍ജ്ജം കെടാതെ നിന്നില്‍ ഞാന്‍ കാണുന്നു. നല്ലത് വരട്ടെ മോനെ, മുനിറാം ഒരു മിഠായി അവന് കൊടുത്തു. അതിന്‍റെ മധുരം നുണഞ്ഞ് മടങ്ങുമ്പോള്‍ അവന് അച്ഛനെക്കുറിച്ച് അഭിമാനം തോന്നി. ഇത്രകാലവും അവന്‍ അറിയാതിരുന്ന ആ കനല്‍കെട്ട വിപ്ലവകാരിയെ അവന്‍ തിരിച്ചറിയുകയായിരുന്നു. കാലം എത്രയോ കഴിഞ്ഞു. ഭരണങ്ങളും നിയമങ്ങളും മാറി, എന്നിട്ടും അടിത്തട്ടിലെ ചെളി അങ്ങിനെതന്നെ കിടക്കുന്നു. അംബദ്ക്കര്‍ ഭാവന ചെയ്തതെല്ലാം ഭരണഘടനയിലുണ്ട്. എന്നിട്ടും സമൂഹം മാറുന്നൊരു വിപ്ലവം,കേരളത്തിലുണ്ടായപോലെ ഒന്ന്,മറ്റെങ്ങും ഉണ്ടായില്ലല്ലോ എന്നവന്‍ പരിതപിച്ചു.

അടുത്തദിവസം സ്റ്റേഷന്‍ ഹെഡ് അവനെ വിളിച്ചു. രണ്ടായിരത്തി പതിനേഴിലെ അനുഭവം മറക്കാറായിട്ടില്ല,വെറുതെ എന്തിനാടാ പ്രശ്നമുണ്ടാക്കുന്നത്. നിനക്കൊരു ജോലിയുണ്ട്. അതൊക്കെനോക്കി മര്യാദയ്ക്ക് നടന്നാല്‍ പോരെ, വെറുതെ ഓരോ വയ്യാവേലികള്‍ പിടിച്ചുവയ്ക്കുന്നതെന്തിനാ ? ഒരു കൊടി നാട്ടി നാല് മുദ്രാവാക്യം വിളിച്ച് ഒന്നു ചെണ്ടകൊട്ടി നടന്നാല്‍ ഇവിടത്തെ ജാതിയും ഉച്ചനീചത്വവും മാറുമോ ? ഇല്ലല്ലോ. ഞങ്ങള്‍ പോലീസുകാര്‍ക്കും നിങ്ങള്‍ മഹറുകള്‍ക്കും നല്ലത് ഈ അപേക്ഷ പിന്‍വലിക്കുന്നതാണ്. നീ പിന്‍വലിക്കുന്നോ അതോ രജിസ്റ്റര്‍ ചെയ്ത് മുകളിലേക്ക് അയയ്ക്കണോ ?”, അയാള്‍ അവന്‍റെ മറുപടിക്ക് കാത്തു.

സാറേ,ഇത് ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണ്. ഞങ്ങള്‍ കൊടിനാട്ടുമ്പോള്‍ ഞങ്ങളുടെ ഉള്ളിലും ഒരു കൊടിയുണരും. ചെണ്ട കൊട്ടുമ്പോള്‍ നെഞ്ചിടിക്കുന്നത് ഞങ്ങള്‍ക്ക് ബോധ്യമാകും. മനുഷ്യരാണെന്ന ബോധ്യം. ഒന്നിച്ചൊരു ജാഥയായി പോകുമ്പോള്‍ ഞങ്ങളും തുല്യരാണെന്ന അഭിമാനമുണ്ടാകും. ഞാന്‍ ഈ അപേക്ഷ പിന്‍വലിക്കില്ല. സാറ് മുകളിലോട്ട് അയയ്ക്ക്. ബാക്കി ഞാന്‍ നോക്കിക്കോളാം, അവന്‍ പറഞ്ഞു.

നിന്‍റെ സമയം ശരിയല്ല ചെക്കാ, ഇനിയെല്ലാം നിന്‍റെ വിധി. എടോ റൈറ്ററെ, ഇതൊന്ന് എഴുതി ചേര്‍ക്ക്. നമുക്ക് വരുംദിവസങ്ങളില്‍ നല്ല പണി തരാനാ ഈ ചെക്കന്‍റെ പുറപ്പാട്”, അയാള്‍ അവന്‍റെ മുഖത്തുനോക്കാതെ മറ്റൊരു പരാതി പരിശോധിക്കാന്‍ തുടങ്ങി.  

അവന്‍ ഇറങ്ങി നടന്നു. പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് സ്റ്റേഷനില്‍ നിന്നും ഡപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ ഫോര്‍വേഡ് ചെയ്തത്. വലിയ ക്രമസമാധാനപ്രശ്നമുണ്ടാകും എന്നതിനാല്‍ അനുമതി നല്‍കേണ്ട എന്നതായിരുന്നു അതിലെ ശുപാര്‍ശ.ഇത് കമ്മീഷണറും ഒപ്പിട്ട് അവന് മറുപടി കിട്ടി. അത് കിട്ടിയ ഉടന്‍ അവന്‍ പ്രകാശിനെ ബന്ധപ്പെട്ടു. അയാളും കൂടി നന്ദേടിലെത്തിയാണ് ജില്ല കളക്ടറെ കണ്ടത്. നിയമപരമായി ഇതിന് തടസമില്ല എന്നും ഭരണഘടന ഉറപ്പാക്കുന്ന അവകാശമാണെന്നും ബോധ്യമുണ്ടായിരുന്ന കളക്ടര്‍ അനുമതി നല്‍കാമെന്നും സെക്രട്ടേറിയറ്റിലേക്കയച്ച് അവരുടെ അഭിപ്രായം കൂടി തേടാമെന്നും പറഞ്ഞു.

അക്ഷയ് എല്ലാ ദിവസവും ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങിനെ അവന്‍ ഉത്തരവ് വാങ്ങിയെടുത്തു. ഉത്തരവ് അവന് പൂര്‍ണ്ണതൃപ്തി നല്‍കുന്നതായിരുന്നില്ല. നീലനിറത്തിലുള്ള പൊടികൊണ്ട് പൊതുഇടങ്ങളില്‍ കോലം വരയ്ക്കരുത്, റോഡ് അലങ്കരിക്കരുത്,ബാന്‍ഡ്മേളം പാടില്ല എന്നൊക്കെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂട്ടുകാരെ നിയന്ത്രിക്കാന്‍ അവന്‍ ഏറെ പാടുപെട്ടു. ഗ്രാമത്തില്‍ വന്‍ പോലീസ് സന്നാഹമായിരുന്നു ഏപ്രില്‍ പതിനാലിന്. അക്ഷയിന്‍റെ അച്ഛനും അമ്മയും സഹോദരന്മാരുമെല്ലാം ആഘോഷത്തിന്‍റെ ഭാഗമായി. മറാഠകള്‍ വെറിപിടിച്ച് ഓടിനടന്നു. തെറി അഭിഷേകം നടത്തി. വലിയ പോലീസ് സന്നാഹവും നേതാക്കളുടെ ഇടപെടലും കാരണം അനിഷ്ടസംഭവങ്ങളുണ്ടായില്ല. ശ്രാവണ്‍ ഭലേറാവുവിനെക്കൊണ്ട് കൊടി ഉയര്‍ത്തിച്ചു. അംബദ്ക്കറെ പ്രകീര്‍ത്തിച്ച് അക്ഷയ് പ്രസംഗിച്ചു. നാട്ടില്‍ വരേണ്ട മാറ്റങ്ങളില്‍ ആവേശം കൊണ്ടു. എവിടെയും ജയ് ഭീം വിളികള്‍ മുഴങ്ങി. നീലക്കൊടികളുമായി അവര്‍ കോളനിയിലൂടെ മുദ്രാവാക്യം വിളിച്ചുനടന്നു. എന്നാല്‍ മറാഠകളുടെ ഇടങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പോലീസ് ബാരിക്കേഡുകള്‍ വച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് ഇടപെട്ട് ആഘോഷങ്ങള്‍ അവസാനിപ്പിച്ചു. എല്ലാവര്‍ക്കും മധുരം നല്‍കി മഹറുകള്‍ പിരിഞ്ഞുപോയി.

അന്ന് രാത്രി മറാത്തകള്‍ ഉറങ്ങിയില്ല. പ്രതികാരം ചെയ്യണം എന്ന ചിന്തയായിരുന്നു അവര്‍ക്ക്. അടുത്ത ദിവസങ്ങളിലെല്ലാം അക്ഷയിനെ അവര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അവന്‍ പ്രതികരിച്ചില്ല. ശവംതീനി,പിശാച് എന്നൊക്കെ വിളിച്ചു. സാലെ,കുത്തെ എന്നൊക്കെയുള്ള തെറിവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിലൊന്നും പ്രതികരിക്കാതിരുന്നിട്ടും സന്തോഷ്,ദത്ത എന്നീ മറാത്ത ചെറുപ്പക്കാര്‍ അവനെ ബൈക്കില്‍ വന്ന് ചവിട്ടുകയും അടിക്കുകയും ചെയ്തു. എന്നിട്ടും അവന്‍ പ്രതികരിച്ചില്ല. പോലീസില്‍ പരാതി നല്‍കി.

നിന്നോടപ്പഴേ ഞാന്‍ പറഞ്ഞതല്ലെ, നീ കേട്ടില്ലല്ലോ ,അനുഭവിക്ക് എന്നായിരുന്നു ഓഫീസറുടെ കമന്‍റ്. അവന്‍ ഒന്നും പറഞ്ഞില്ല. ദിവസങ്ങള്‍ കഴിയുംതോറും പലഭാഗത്തുനിന്നും പ്രകോപനങ്ങളുണ്ടായിക്കൊണ്ടിരുന്നു. ജൂണ്‍ ഒന്നിന് അവന്‍ ജോലിസ്ഥലത്തുനിന്നും വന്ന് വീട്ടിലിരിക്കുമ്പോഴാണ് അമ്മ അവനോട് ആട്ട വാങ്ങി വരാന്‍ പറഞ്ഞത്. മൂത്തസഹോദരന്‍ ആകാശും കൂടെപോയി. രണ്ടുപേരും കൂടി സിഗററ്റ് വാങ്ങി വലിക്കുക എന്നൊരു പതിവുള്ളതാണ്. ഇളയവരായ സൂര്യയും സിദ്ധാര്‍ത്ഥും ടിവി കാണുകയായിരുന്നു. ടിവി ഓഫാക്കി വല്ലതും പഠിക്കിനെടാ എന്നു പറഞ്ഞാണ് അക്ഷയ് ഇറങ്ങിയത്. വീടിന് മുന്നിലിരിക്കുന്ന അംബദ്ക്കറുടെയും ബുദ്ധന്‍റെയും ചിത്രങ്ങളിലെ പൊടി തുടച്ച് വൃത്തിയാക്കുകയായിരുന്നു അച്ഛന്‍. അവര്‍ കാമാജിയുടെ കടയുടെ ഒരുവശത്തായി നിന്ന് പുകവലിക്കുകയായിരുന്നു. അപ്പോഴാണ് നാരായണ്‍ വിശ്വനാഥ് തിഡ്കെയുടെ കല്യാണവുമായി ബന്ധപ്പെട്ട ബാരാത് വരുന്നത് അവര്‍ കണ്ടത്. ലൈറ്റും ബാന്‍ഡ് മേളവും പാട്ടും നൃത്തവുമായി വലിയ ആവേശത്തിലായിരുന്നു അവര്‍. അക്ഷയും ആകാശും ഒതുങ്ങി നിന്നു. ലൈറ്റിന്‍റെ വെട്ടത്തില്‍ അവരെകണ്ട ഉടന്‍ ആരോ വിളിച്ചുകൂവി, ശവംതീനികള്‍ ദാ നില്‍ക്കുന്നെടാ. ഇവനൊക്കെ ഇപ്പോള്‍ കൊമ്പ് മുളച്ചിരിക്കുന്നു.തിന്നുന്ന മാടിന്‍റെ അതേ സ്വഭാവമാണ് ഇവന്മാര്‍ക്ക്”. പിന്നെ പറയാന്‍ കൊള്ളരുതാത്ത തെറികളുടെ ഒരാഘോഷമായിരുന്നു. അവരുടെ എല്ലാം കൈകളില്‍ ആയുധങ്ങളുണ്ടായിരുന്നു. എല്ലാവരും മദ്യലഹരിയിലുമായിരുന്നു. സന്തോഷ് തിഡ്കെയാണ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്, കൊല്ലിനെടാ നായിന്‍റെ മക്കളെ,ഇവന്മാരുടെ ഭീം ജയന്തി സമാപനം ഇന്നാവണം,കൊല്ല് ,കൊല്ല്

ഇത് കേട്ടതോടെ ബാരാത്തിലുണ്ടായിരുന്ന എല്ലാവരുംകൂടി ഓടിയടുത്ത് ആക്രമിക്കാന്‍ തുടങ്ങി. ആകാശ് വെട്ടുകൊണ്ട് തിരിഞ്ഞോടി. അക്ഷയ് അവിടെനിന്ന് പ്രതിരോധിച്ചു. അവന്‍റെ കൈയ്യിലിരുന്ന ആട്ട കവര്‍പൊട്ടി അവരുടെ ശരീരത്തിലേക്ക് പറന്നിറങ്ങി. അതിലേക്ക് അക്ഷയുടെ ചോരയും ചേര്‍ന്നു കുഴഞ്ഞു. അവനെ താഴെയിട്ട് വെട്ടിയും ചവുട്ടിയും അവര്‍ ആഹ്ലാദനൃത്തം ചെയ്തു. ആകാശ് നിലവിളിച്ചുകൊണ്ട് കോളനിയിലെത്തി. അവിടെനിന്നും അമ്മയും അച്ഛനും കൂട്ടുകാരും ഓടിയെത്തി. അപ്പോഴേക്കും ബാരാത്ത് നീങ്ങിക്കഴിഞ്ഞിരുന്നു. ചെറിയ ബോധം മാത്രമുണ്ടായിരുന്ന അക്ഷയിനെ അവര്‍ ആട്ടോയില്‍ കയറ്റി ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

അമ്മയുടെ കരച്ചിലും പരിദേവനവും മുഴങ്ങുന്ന ആട്ടോയില്‍ ബോധശൂന്യനായി അക്ഷയ് കിടന്നു. അവന്‍ അബോധാവസ്ഥയിലും ജയ് ഭീംഎന്ന് മൂളുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അവന്‍റെ ശ്വാസം നിലച്ചിരുന്നു. ആ അമ്മയുടെ രോദനവും അപ്പോഴേക്കും അവസാനിച്ചിരുന്നു. അവര്‍ അവന്‍റെ നിശ്ചല ശരീരം നോക്കി നിശബ്ദയായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ദളിത് ജനങ്ങളുടെ പ്രവാഹമായി. പോലീസെത്തി. മാധ്യമങ്ങളുമായി സംസാരിക്കെ യുവ പാന്തര്‍ നേതാവ് പറഞ്ഞു, നീതി എത്രയോ അകലെയാണ് എന്ന് ഞങ്ങള്‍ക്കറിയാം. ഔദ്യോഗിക സംവിധാനം മുഴുവനായും മറാഠക്കാരുടെ കൈകളിലാണ്.അവര്‍ ആധിപത്യം നേടുംമുന്നെ മഹാരാഷ്ട്രയുടെ ഉടമകളായിരുന്നു മഹറുകള്‍ എന്നവര്‍ മറക്കുന്നു. കാലചക്രം ഇനിയും തിരിയും,മഹറുകളുടെ കാലം വരും. ഗ്രാമങ്ങളിലെ സമാധാന സമിതികളും സാര്‍പാഞ്ചും എല്ലാം മറാഠകള്‍ അടക്കിവാഴുന്നിടത്ത് എന്ത് നീതി? ഈ ക്രൂരകൃത്യം ചെയ്തവര്‍ക്ക് മരണശിക്ഷയല്ലെ ലഭിക്കേണ്ടത്? നമ്മുടെ നിയമവ്യവസ്ഥയില്‍ നിന്നും നമുക്കത് പ്രതീക്ഷിക്കാമോ?” അയാള്‍ ഉന്നയിച്ച ആ ചോദ്യങ്ങള്‍ അവിടെ അലയടിച്ചു നിന്നു.

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ ശരീരവും വഹിച്ചുകൊണ്ടുള്ള യാത്ര ഗ്രാമത്തിലെത്തുമ്പോള്‍ അവിടം നീലക്കടലായി മാറിയിരുന്നു. അടുത്ത ഗ്രാമങ്ങളിലെ ദളിതരും വിവിധ രാഷ്ട്രീയമേഖലകളില് പ്രവര്‍ത്തിക്കുന്നവരുമെല്ലാം അവിടെ എത്തിയിരുന്നു. ഗ്രാമത്തിലെ മറാത്തകളെല്ലാം ഭയന്ന് അവിടം വിട്ടുപോയിരുന്നു. അവരുടെ വീടുകളിലെ കാവിക്കൊടികളൊക്കെ അഴിച്ചുവച്ച് മഹറുകള്‍ നീലപ്പതാക ഉയര്‍ത്തി. അപ്പോള്‍ അക്ഷയിന്‍റെ ഉള്ളില്‍ നിന്നും ജയ് ഭീം എന്നൊരു ശബ്ദം ഉയര്‍ന്നപോലെ അവിടെ കൂടി നിന്നവര്‍ക്ക് തോന്നി. അവരെല്ലാം അത് ഏറ്റുവിളിച്ചു. ചൂളം കുത്തിവന്നൊരു കാറ്റ് ആ ശബ്ദതരംഗങ്ങളുമായി ഗ്രാമഗ്രാമന്തരങ്ങളിലേക്ക് ഊളിയിട്ടു🙏


No comments:

Post a Comment