സ്വതന്ത്ര ഇന്ത്യയുടെ ക്രിമിനല്‍ നിയമങ്ങള്‍ വരുന്നു🙏
-വി.ആര്.അജിത് കുമാര്
സ്വതന്ത്ര ഇന്ത്യയുടെ ക്രിമിനല്‍ നിയമങ്ങള്‍ വരുന്നു. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ല് പാര്‍ലമെന്‍ററി സമിതി പരിശോധിച്ച ശേഷം നിയമമാകും.സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വര്‍ഷം ഭരണാധികാരികളും പൊതുസമൂഹവും ചുമന്നു നടന്ന ബ്രിട്ടീഷുകാരന്‍റെ നിയമങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. വിദേശത്തുനിന്നും വന്ന് ഇന്ത്യന്‍ ജനതയെ അടിമകളാക്കി,അവരെ ഭരിക്കാനും ഭയപ്പെടുത്താനുമായുണ്ടാക്കിയ ഇന്ത്യന്‍ പീനല്‍ കോഡും ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡും ഇന്ത്യന്‍ എവിഡന്‍സ് ആക്ടുമാണ് ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് പോകുന്നത്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരുന്ന പുതിയ ബില്ലുകള്‍ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നിവയാണ്.
ഈ നിയമങ്ങള്‍ വരുന്നതോടെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഏഴു വര്‍ഷം തടവ് മുതല്‍ മരണശിക്ഷ വരെ ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാല്‍ക്കാരം ചെയ്യുന്നതിനും മരണശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ബില്ല്. കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷം തടവോ മരണം വരെ ജയിലോ ലഭിക്കും. ഏത് കേസിലും വിധിക്കപ്പെടുന്ന മരണശിക്ഷ ജീവപര്യന്തമാക്കാനും ജീവപര്യന്തം ഏഴ് വര്‍ഷം വരെ തടവ് ആക്കാനും മാത്രമെ നിയമം ഇളവ് അനുവദിക്കുകയുള്ളു.
കേസ് നടക്കുമ്പോള്‍ നാടുവിടുകയോ ഒളിവില്‍ പോവുകയോ ചെയ്യുന്നവരുടെ കേസുകള്‍ അവരുടെ അഭാവത്തില്‍ വാദം കേള്‍ക്കും. ഏഴ് വര്‍ഷം തടവെങ്കിലും ലഭിക്കാവുന്ന കേസുകളില്‍ കുറ്റം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന നിര്‍ബ്ബന്ധമാക്കും.ഇതിനായി ഓരോ ജില്ലയിലും മൂന്ന് മൊബൈല്‍ ഫോറന്‍സിക് ലാബുകള്‍ തുടങ്ങും.
ഭീകരവാദം,സായുധ കലാപം, അട്ടിമറി,വിഘടനവാദം, രാജ്യത്തിന്‍റെ പരമാധികാരവും ഐക്യവും തകര്‍ക്കുന്ന മറ്റ് നടപടികള്‍ എന്നിവയും പുതിയ കുറ്റങ്ങളായി ചേര്‍ത്തിട്ടുണ്ട്. അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് അയാളുടെ കുടുംബത്തിന് നല്‍കുന്ന ഒരു സംവിധാനം പോലീസില്‍ കൊണ്ടുവരും. കേസ്സുകള് സംബ്ബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായും വ്യക്തിപരമായും ലഭ്യമാക്കും. ലൈംഗാകാതിക്രമ കേസുകളില്‍ ഇരയുടെ മൊഴിയും അതിന്‍റെ വീഡിയോ റെക്കോര്‍ഡിംഗും നിര്‍ബ്ബന്ധമാക്കും. കേസ്സുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ നല്‍കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ടാകും.
പ്രഥമ വിവര റിപ്പോര്‍ട്ട് മുതല്‍ കേസ് ഡയറി വരെയും ചാര്‍ജ് ഷീറ്റും വിധിയും എല്ലാം ഡിജിറ്റൈസ് ചെയ്യും. 2027 ഓടെ എല്ലാ കോടതികളും കംപ്യൂട്ടറൈസ് ചെയ്യും.ഇലക്ട്രോണിക് എഫ്ഐആര്‍, രാജ്യത്തെവിടെയും സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ സംവിധാനം എന്നിവ വരും. ഏഴ് വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, ഇരയുടെ അഭിപ്രായം കേട്ടശേഷമെ ,സര്‍ക്കാരിന് കേസ് പിന്‍വലിക്കാന്‍ അധികാരമുണ്ടാവുകയുള്ളു.
ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി 90
ദിവസമായിരിക്കും. കോടതി അനുവദിച്ചാല്‍ 90 ദിവസം കൂടി നീട്ടാം. 180
ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. വിചാരണയ്ക്ക് ശേഷം 30 ദിവസത്തിനകം
വിധിയുണ്ടാകണം. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നതിന് 120
ദിവസത്തിനുള്ളില്‍ അധികാരികള്‍ അനുമതി നല്‍കുകയോ നിരസിക്കുകയോ ചെയ്യണം. അല്ലെങ്കില്‍
അത് അനുമതിയായി കരുതാമെന്നും നിയമം പറയുന്നു. വിവാഹം,തൊഴില്‍, സ്ഥാനക്കയറ്റം
അതല്ലെങ്കില്‍ വ്യക്തിത്വം മറച്ചുവച്ചുള്ള സമീപനം എന്നിവയിലൂടെയുള്ള ലൈഗിക ചൂഷണം
എന്നിവ കുറ്റകരമാകും. പെറ്റികേസുകളില്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് ശിക്ഷയായി
കണക്കാക്കും. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ സമ്മറി ട്രയല്‍
മതിയാകും എന്നും ബില്ലില്‍ പറയുന്നു. പാര്‍ലമെന്‍ററി സമിതിയുടെ പരിശോധനയില്‍ ബില്ലില്‍
ചില മാറ്റങ്ങള്‍ വന്നേക്കാം. ഏതായാലും 1862 ലെ ഐപിസിയും 1872 ലെ ഇന്ത്യന്‍ എവിഡന്‍സ്
ആക്ടും 1882 ലെ സിആര്‍പിസിയും ഒഴിവാകുന്നു എന്നത് വലിയ ആശ്വാസം നല്‍കുന്ന
കാര്യമാണ്. നിയമങ്ങളില്‍ നൂറ് തരം ഭേദഗതികള്‍ കൊണ്ടുവരുന്നതിലും നല്ലത് പുതിയ
നിയമങ്ങള്‍ ഉണ്ടാക്കുന്നത് തന്നെയാണ്🙋
No comments:
Post a Comment