രാമലിംഗവിലാസം കൊട്ടാരം
-വി.ആര്.അജിത് കുമാര്
രാമനാഥപുരം ടൌണിലെ തിരക്കേറിയ റോഡിനോട് ചേര്‍ന്ന് മുപ്പത്തിയാറ് ഏക്കറിലായി ഒരു കൊട്ടാരം സ്ഥിതിചെയ്യുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. നിരനിരയായുള്ള കടകളോട് ചേര്‍ന്നുള്ള കമാനം കടന്ന് ഉള്ളിലെത്തുമ്പോള്‍ സാമാന്യം ഭേദപ്പെട്ടൊരു മുറ്റത്തേക്ക് നമ്മള്‍ എത്തുന്നു. നേരെ കാണുന്നത് ദര്‍ബാര്‍ ഹാളാണ്. അതിപ്പോള്‍ സംസ്ഥാന ആര്‍ക്കിയോളജി വകുപ്പിന്‍റെ മേല്‍നോട്ടത്തിലുള്ള മ്യൂസിയമാണ്. സേതുപതിമാരുടെ ചിത്രങ്ങളും ആയുധങ്ങളുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഈ മ്യൂസിയത്തിന്‍റെ വലിയ പ്രത്യേകത രണ്ട് നിലകളിലുമുള്ള ചുവര്‍ചിത്രങ്ങളാണ്. പ്രകൃതിദത്ത ചായങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കയാണ്. നിറംമങ്ങിയ ആ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കലാകാരന്മാരുടെ കരവിരുത് വ്യക്തമാക്കുന്നു. രാമന്‍റെ കഥയും മറ്റ് പുരാണങ്ങളും മാത്രമല്ല, സേതുപതിമാരുടെ ഭരണവും പ്രണയവും ജീവിതരീതിയുമെല്ലാം ചിത്രങ്ങളിലൂടെ വെളിവാക്കപ്പെടുന്നുണ്ട്.
മ്യൂസിയത്തിനോട് ചേര്‍ന്നാണ് രാജരാജേശ്വരി ക്ഷേത്രം. ഇവിടത്തെ വിഗ്രഹം മൈസൂറിലെ രാജാവ് സമ്മാനിച്ചതാണ്. ക്ഷേത്രത്തിന് പിറകിലായി കൊട്ടാരം സ്ഥിതിചെയ്യുന്നു. ഇത് സുര്‍ക്കിയും മുട്ടയുമൊക്കെ ചേര്‍ത്താണ് കെട്ടിയിട്ടുള്ളത്. ഇപ്പോഴും കേട്പാടുകളില്ലാതെ നിലനില്‍ക്കുന്നു. താഴത്തെ നിലയില്‍ കുടുംബക്കാരുടെ വിവാഹത്തിനുള്ള ഹാളും അടുക്കളമുമൊക്കെയാണുള്ളത്. മുകള്‍ നിലയിലെ വലിയ ഹാളില്‍ സേതുപതിമാരുടെയും കുടുംബക്കാരുടെയും ചിത്രങ്ങളുണ്ട്. വശങ്ങളിലായി കിടപ്പുമുറികളും കാണാം. പുതിയ തലമുറയില്‍പെട്ട നാഗേന്ദ്ര സേതുപതിയെ പരിചയപ്പെട്ടു.മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ നാഗേന്ദ്ര രാമനാഥപുരത്ത് ഒരു മികച്ച സ്പോര്‍ട്ട് കോംപ്ലക്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. തുടക്കമെന്ന നിലയില്‍ മികച്ചൊരു ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് തുടങ്ങിയിട്ടുണ്ട്. നാല് കോര്‍ട്ടുകളാണുള്ളത്. നല്ലൊരു നീന്തല്‍കുളവും ക്രിക്കറ്റ് ടര്‍ഫും ഫുട്ബാള്‍ ടര്‍ഫും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മനസിലുണ്ട്. ഇതൊക്കെ പ്രാവര്‍ത്തികമാകട്ടെ എന്നാശംസിച്ചാണ് അവിടെനിന്നും മടങ്ങിയത്.
ചരിത്രം
എഡി പതിനാല്-പതിനാറ് നൂറ്റാണ്ടുകളില്‍ മധുരൈ നായക്കുകളായിരുന്നു രാമനാട് ഭരിച്ചിരുന്നത്. രാമേശ്വരത്തേക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ കാട്ടിലൂടെ കടന്നുപോകുമ്പോള്‍ അവരെ കൊള്ളചെയ്യുന്ന ഒരു സമൂഹം അന്ന് നിലവിലുണ്ടായിരുന്നു. അവരെ ഒതുക്കാനായി നായക്ക് രാമനാഥപുരത്ത് ഒരധികാരിയെ വച്ചു. ശ്രീലങ്കയിലേക്കുള്ള രാമസേതു സ്ഥിതിചെയ്യുന്ന ഇടമായതിനാല്‍ സേതുപതി എന്ന സ്ഥാനമാണ് അധികാരിക്ക് നല്‍കിയിരുന്നത്. 1601-1609 കാലത്ത് മധുര ഭരിച്ചിരുന്ന മുത്തുകൃഷ്ണപ്പ നായിക്കാണ് 1605 ല്‍ സദായക തേവയെ ആദ്യ സേതുപതിയായി നിയമിച്ചത്. അദ്ദേഹം ഉദയന്‍ സേതുപതി എന്നറിയപ്പെട്ടു. തുടര്‍ന്ന് കൂട്ടന്‍ സേതുപതി, ദളവൈ സേതുപതി,തിരുമലൈ സേതുപതി,സൂര്യ സേതുപതി,ആത്തന സേതുപതി എന്നിവര്‍ വന്നു. പതിനേഴാം നൂറ്റാണ്ടില്‍ നായക്കുകള്‍ അശക്തരാവുകയും ഈ അവസരം പ്രയോജനപ്പെടുത്തി രഘുനാഥ കിളവന്‍ സേതുപതി രാമനാട് രാജ്യം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം മുസ്ലിം കച്ചവടക്കാരെ പോര്‍ച്ചുഗീസുകാരില്‍ നിന്നും രക്ഷിക്കാനായി താമസം രാമനാട്ടേക്ക് മാറ്റി, കൊട്ടാരവും നിര്‍മ്മിച്ചു.1673 മുതല്‍ 1708 വരെയാണ് കിഴവന്‍ സേതുപതി ഭരണം നടത്തിയത്. ബ്രിട്ടീഷുകാര്‍ രാമരാജ്യത്തെ മറവര്‍ കിംഗ്ഡം എന്നാണ് വിളിച്ചിരുന്നത്. തുടര്‍ന്ന് മുത്തുവൈരവനാഥ സേതുപതി,വിജയ രഘുനാഥ സേതുപതി,സുന്ദരേശ്വര സേതുപതി,ഭവാനി സംഗര സേതുപതി,കുമാര മുത്തു വിജയ സേതുപതി,ശിവകുമര മുത്തുസേതുപതി,രാക്കതേവര്‍ സേതുപതി,സെല്ല മുത്തുവിജയ സേതുപതി,മുത്തുരാമലിംഗ സേതുപതി എന്നിവര്‍ ഭരണം നടത്തി. 1725 ല്‍ ആഭ്യന്തരകലഹമുണ്ടായപ്പോള്‍ സേതുപതിയെ സഹായിച്ച തഞ്ചാവൂര്‍ രാജാവിന് പകരമായി പാമ്പാര്‍ വരെയുള്ള ഇടം നല്‍കേണ്ടിവന്നു. യുദ്ധത്തില്‍ സഹായിച്ച ഒരു നാട്ടുരാജാവിന് ശിവഗംഗയും ദാനമായി നല്‍കി. അങ്ങിനെ സേതുപതിയുടെ അധികാരപരിധി അഞ്ചില്‍ മൂന്നായി ചുരുങ്ങി. ബ്രിട്ടീഷുകാരും ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മില്‍ നടന്ന കര്‍ണ്ണാടിക് യുദ്ധത്തില്‍ സേതുപതി ബ്രിട്ടനെ സഹായിച്ചു. അവരുമായി നല്ല ബന്ധം തുടര്‍ന്നെങ്കിലും 1790 ആയപ്പോഴേക്കും ബ്രിട്ടന്‍റെ സ്വാധീനം വര്‍ദ്ധിച്ചു. 1795 ല്‍ അധികാരത്തര്‍ക്കമുണ്ടായപ്പോള്‍ സേതുപതിയായിരുന്ന മുത്തുരാമലിംഗ രഘുനാഥനെ ഒഴിവാക്കി, മംഗലേശ്വരി നാച്ചിയാര്‍ക്ക് അധികാരം കൊടുത്തു. അന്ന് മുതല്‍ രാമനാട് സ്വതന്ത്ര രാജ്യം അല്ലാതെയായി. നാച്ചിയാരെ ക്രമേണ ഒരു സെമിന്താരായി തരംതാഴ്ത്തി. ബ്രിട്ടീഷുകാര്‍ക്ക് കപ്പം നല്‍കിയുള്ള ഭരണാമായിരുന്നു തുടര്‍ന്ന് നടന്നത്. ഇന്ത്യ സ്വതന്ത്രയായതോടെ നാട്ടുരാജാവിന്‍റെ അധികാരവും ഇല്ലാതായി. ഇപ്പോള്‍ മിക്ക സേതുപതി കുടുംബക്കാരും ചെന്നൈയിലാണ് താമസം.
സ്വാമി വിവേകാനന്ദനും ഭാസ്ക്കര സേതുപതിയും
നാല് വയസുള്ളപ്പോള്‍ അച്ഛനെ നഷ്ടമായ ഭാസ്ക്കര സേതുപതി ബ്രിട്ടീഷ് പരിരക്ഷയില്‍ ഒരു ഇംഗ്ലീഷുകാരനെപോലെയാണ് വളര്‍ന്നത്. എന്നാല്‍ ഹിന്ദുമത വിശ്വാസവും പാരമ്പര്യവും കൈവിടാതിരുന്ന അദ്ദേഹം രാജാവ് എന്നതിനേക്കാള്‍ സന്ന്യാസിയെപോലെയാണ് ജിവിച്ചിരുന്നത്.സ്വാമി വിവേകാനന്ദനെ കാണുന്നതിന് മുന്‍പ് ചിക്കാഗോയിലെ ലോകമത സമ്മേളനത്തില്‍ ഹിന്ദുമതത്തെ കുറിച്ച് സംസാരിക്കാനിരുന്നത് ഭാസ്ക്കര സേതുപതിയായിരുന്നു. എന്നാല്‍ സ്വാമിയെ പരിചയപ്പെട്ടതോടെ ആ അഭിപ്രായം മാറി. അദ്ദേഹം സ്വാമി വിവേകാനന്ദനെ അവിടേക്ക് പോകാന്‍ നിര്‍ബ്ബന്ധിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. അതോടെ വിവേകാനന്ദന്‍ ലോകമറിയുന്ന സന്ന്യാസിവര്യനായി തീര്‍ന്നു. അദ്ദേഹം തിരികെ വന്നപ്പോള്‍ ആദ്യം വന്നിറങ്ങിയതും രാമനാഥപുരത്താണ്. സ്വാമിക്ക് സേതുപതി വിലയ സ്വീകരണവും ഒരുക്കിയിരുന്നു. പാമ്പനിലെ ആ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത് കുന്തു കാല്‍ എന്നാണ്. അദ്ദേഹം വന്നിറങ്ങിയത് 1897 ജനുവരി 26 നാണ്. സ്വാമിജിയുടെ കാല്‍പ്പാദം ഭൂമിയില്‍ തൊടുംമുന്നെ തന്‍റെ ശിരസില്‍ തൊടണം എന്ന അഭ്യര്‍ത്ഥനയോടെ രാജാവ് മുട്ടുകാലില്‍ അവിടെ ഇരുന്നു. സ്വാമി അത് സമ്മതിച്ചില്ല. ശിരസില്‍ കൈതൊടുക മാത്രമെ ചെയ്തുള്ളു. രാജാവ് മുട്ടുകാലില്‍ ഇരുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് പാമ്പനിലെ ഈ ഇടം കുന്തു കാല്‍ എന്നറിയപ്പെടുന്നത്. ഇവിടെ സ്വാമി വിവേകാനന്ദന്‍ വന്നിറങ്ങിയ ഓര്‍മ്മയ്ക്ക് രാജാവ് നാല്‍പ്പതടി ഉയരത്തില്‍ ഒരു സ്തൂപം സ്ഥാപിക്കുകയും സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കുന്തുകാല്‍ ഇപ്പോള്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.
പ്രവേശനം
ദിവസവും രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ
വെള്ളിയാഴ്ച അവധി
No comments:
Post a Comment