Tuesday, 22 February 2022

Children need special care while we travel and when in strange places

 
 ചെറിയൊരശ്രദ്ധ വലിയ പിഴ

 പൂവാറിലെ Isola Di Cocco നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസോര്‍ട്ടാണ്. എന്നിട്ടും അന്ന തെരേസ എന്ന പൂമ്പാറ്റയുടെ ജീവിതം അവിടെ അവസാനിച്ചു. ആ കുട്ടിയുടെ ആയുസ് അത്രയേ ഉള്ളൂ എന്നൊക്കെ നമ്മള്‍ സമാധാനിക്കും , എന്നാലും ആ അശ്രദ്ധ ചെറുതല്ല, എന്നാല്‍ ആര്‍ക്കും സംഭവിക്കാവുന്നതുമാണ്. നമ്മള്‍ പലപ്പോഴും സംഭാഷണത്തില്‍ മുഴുകുമ്പോഴോ മൊബൈലില്‍ ശ്രദ്ധിക്കുമ്പോഴോ ഒക്കെ കുട്ടികളെ മറന്നു പോകുന്നു, ചിലപ്പോള്‍ ഒരു നിമിഷമെങ്കിലും. ആ ഒരു നിമിഷം വളരെ വിലയേറിയതാണ് എന്നതാണ് സത്യം. ഈയിടെ ഒരു കുട്ടി റോഡിന് നടുക്കായിപ്പോയ ഒരു കാഴ്ച നമ്മള്‍ കണ്ടതാണ്. അച്ഛന്‍ തോളില്‍ ഒരു കുട്ടിയുമായി നടന്നുപോയി. മറ്റേ ആള്‍ പിന്നാലെ ഉണ്ടെന്നാണ് കരുതിയത്. എന്നാല്‍ കുട്ടി പാതി വഴിയില്‍ നിന്നുപോയി.

 റിസോര്‍ട്ടിലെ അന്നയുടെ മരണത്തില്‍  ജീവനക്കാരുടെ ഭാഗത്തും രക്ഷകര്‍ത്താക്കളുടെ ഭാഗത്തും പിഴവ് സംഭവിച്ചു. നാല് കുട്ടികളില്‍ മൂത്തവള്‍ കുറേക്കൂടി ഉത്തരവാദിത്തത്വത്തോടെ , ശ്രദ്ധയോടെ ഒപ്പമുണ്ടാകും എന്ന് മാതാപിതാക്കളും കരുതി. എന്നാല്‍ വെള്ളം കണ്ട സന്തോഷത്തില്‍ അവള്‍ അവിടേക്ക് ഓടിപ്പോയിട്ടുണ്ടാവും. അതിലെ ഓളങ്ങള്‍ അവളെ മോഹിപ്പിച്ചിട്ടുണ്ടാകും.

 ഇത് വായിച്ചപ്പോള്‍ പഴയ ചില ഓര്‍മ്മകള്‍ മനസിലേക്ക് വന്നു. ഡല്‍ഹിയില്‍ ജോലിയിലിരിക്കുന്ന കാലം. നാട്ടില്‍ നിന്നും അനിയനും അനിയത്തിയും മകനും കൂടി വന്നു. ഞങ്ങള്‍ ആഗ്രയില്‍ പോയി മടങ്ങവെ മഥുര ക്ഷേത്രത്തിലെത്തി. അവിടെ ക്ഷേത്ര പരിസരത്ത് സംസാരിച്ചുനില്‍ക്കെ മകള്‍ പെട്ടെന്ന് അമ്മയുടെ അടുത്തുനിന്നും കുറച്ചുമാറി നിന്ന എന്റെ അടുത്തേക്ക് വന്നു.  എന്നാല്‍  അപ്പോഴേക്കും ഞാന്‍ അവിടെനിന്നും മാറിയിരുന്നു. കുറച്ചു കഴിഞ്ഞ്  മറ്റുള്ളവര്‍ക്കൊപ്പം കൂടുമ്പോഴാണ് മകളെ കാണുന്നില്ല എന്നറിയുന്നത്. മനസിനുള്ളില്‍ ഒരാന്തലായിരുന്നു. ഒരു നിമിഷം എന്തെല്ലാം അശുഭചിന്തകളാണ് മനസിലൂടെ ഓടിയതെന്നറിയില്ല. ഭാഗ്യമെന്നു പറയാം, അധികം കഴിയാതെ മകളെ കണ്ടെത്തി.

 മറ്റൊന്ന് നൈനിത്താളില്‍ പോയപ്പോഴാണ്. ഞാനും കുറേ സുഹൃത്തുക്കളും ഒരു കുന്നിന്റെ മുകളിലേക്ക് കയറി. കൂടെ മകനുമുണ്ട്. മകളും അമ്മയും താഴെ നില്‍ക്കുന്ന ഗ്രൂപ്പിലാണ്. ഞങ്ങള്‍ സംസാരിച്ചുനില്‍ക്കെ മോന്‍ നോക്കുമ്പോള്‍ അമ്മയും ചേച്ചിയും താഴെ നില്‍ക്കുന്നു. അവന്‍ അവര്‍ക്കു നേരെ ഓടി. കുന്നിന്റെ മുകളില്‍ നിന്നും നേരെ താഴേക്ക് പതിക്കുകയായിരുന്നു. ചെറിയൊരു പിഴവ് . ഞാന്‍ ഇതൊന്നും അറിയുന്നേയില്ല. മോളും അമ്മയും കണ്ടു, ഒരു കുഞ്ഞ് താഴേക്കു വീഴുന്നത്. മോന്റെ പോലൊരു കുട്ടിയല്ലെ താഴെ വീഴുന്നത് എന്നാണ് അവര്‍ പറഞ്ഞത്. വീണ് കഴിഞ്ഞു നോക്കുമ്പോള്‍ മോനെ പോലെ അല്ല, മോന്‍ തന്നെ. അവര്‍ ഓടിയടുത്ത് കുഞ്ഞിനെ എടുത്തു. അല്‍പ്പസമയം ബോധമില്ലായിരുന്നെങ്കിലും അവന്‍ പെട്ടെന്ന് ബോധത്തിലേക്ക് തിരിച്ചെത്തി. തല കുത്തി വീണിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?  ആ സമയം അവിടെ എത്തി അവനെ നോക്കിയ അപരിചിതന്‍ ഡോക്ടറാണെന്നു തോന്നുന്നു. അയാള്‍ പരിശോദിച്ച് കുഴപ്പമില്ലെന്നു പറഞ്ഞു. എങ്കിലും ഒരു ഡോക്ടറെ കൂടി കണ്ട് കുഴപ്പമില്ലെന്ന്  ഉറപ്പുവരുത്തി.വലിയ കുന്നില്‍ നിന്നും വീണിട്ടും പരുക്കില്ലാതിരുന്നത് ഇപ്പോഴും ഒരത്ഭുതം പോലെയാണ് തോന്നിപ്പിക്കുന്നത്.

 ചെറിയോരു പിഴവ് വലിയ നഷ്ടത്തിലേക്ക് കലാശിക്കാം. ചിലര്‍ രക്ഷപെടമെങ്കിലും അന്നയെപോലെ വേദനയായി മാറുന്നവരാണ് ഏറെയും. പാല്‍ വാങ്ങാനായി അടുത്ത വട്ടിലേക്ക് പോയവഴി വൃത്തിയാക്കിയിട്ട കുളത്തിലേക്ക് ഇറങ്ങുകയോ എത്തിനോക്കുകയോ ചെയ്ത് കുളത്തില്‍ വീണ് മരിച്ച തേക്കട കുളക്കോട് മുനീറയുടെ മകന്‍ ലാലിനും ഇത്തരമൊരശ്രദ്ധയുടെ ഇരയാണ്. സങ്കടമാണ് കുട്ടികളുടെ ഇത്തരം മരണങ്ങള്‍. നമുക്ക് തടുത്തുനിര്‍ത്താന്‍ ആവാത്തതും.

Criminalization of Kerala politics and society

 
കേരള സമൂഹത്തില്‍ ക്രിമിനലുകള്‍ പിടിമുറുക്കുന്നു

 തലശ്ശേരിയില്‍ ഒരു മത്സ്യത്തൊഴിലാളി  രാത്രി ഉറക്കമൊഴിച്ച് മീന്‍ പിടിച്ചശേഷം രാത്രി ഒന്നരയ്ക്ക് വീട്ടിലെത്തുന്നു. അടുത്ത ദിവസം ഉച്ചക്ക് കുട്ടികള്‍ക്കൊപ്പം സന്തോഷമായിരുന്നു ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് കൊണ്ടുവന്ന മീന്‍ ഭര്യയെ ഏല്‍പ്പിക്കുന്നു. ഇനി അല്‍പ്പം ഉറങ്ങണം എന്നാകും കഠിനാധ്വാനിയായ ആ മനുഷ്യന്‍ ചിന്തിക്കുക. ഈ സമയത്താണ് വീടിന് പുറത്തേക്കിറങ്ങിയ ഹരിദാസന്‍ എന്ന മത്സ്യത്തൊഴിലാളിയെ വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തുന്ന ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുന്നത്. ഇടതുകാല്‍ മുട്ടിന് താഴെ വെട്ടിമാറ്റുകയായിരുന്നു. ആ കാല്‍ പിന്നീട് കണ്ടെടുക്കുകയാണ് ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസനെ രക്ഷിക്കാനായില്ല.

നേരത്തെ പുന്നോല്‍ കൂലോത്ത് തിറ ഉത്സവുമായി ബന്ധപ്പെട്ട് ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും സിപിഎംകാരനായ ഹരിദാസന്റെ സഹോദരന്‍ സുരേന്ദ്രന് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇവിടെ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ദൈവവും മതവുമാണ്. തിറ ഉത്സവം സന്തോഷപൂര്‍വ്വം നാട്ടുകാര്‍ കൂട്ടായ്മയോടെ നടത്തേണ്ട ഒന്നാണ. അവിടെ ജാതിയും മതവും ഇല്ല, എന്നാല്‍ അതില്‍ രാഷ്ട്രീയം കലരുന്നു. ദൈവത്തിന് എല്ലാവരും ഒന്നുപോലെയാണ്, എന്നാല്‍ മനുഷ്യര്‍ കൈയ്യിലെ ചരടും അണിയുന്ന വസ്ത്രവുമൊക്കെ അടയാളപ്പെടുത്തി രണ്ടിടത്തായി നിലകൊള്ളുന്നു. ഉത്സവും സന്തോഷത്തിന് പകരം ദു:ഖത്തിന്റെ ആഘോഷമാക്കി മാറ്റുന്നു. മറ്റൊന്ന് ,പ്രാദേശിക നേതാക്കള്‍ ക്രമിനലുകളായി മാറുന്നു എന്നതാണ്. അവര്‍ പൊതുവെ ഭീരുക്കളാണെങ്കിലും പണവും മദ്യവും മയക്കുമരുന്നുമൊക്കെ നല്‍കി അറിവുണ്ടെങ്കിലും തിരിച്ചറിവില്ലാത്ത യുവാക്കളെ സ്വന്തം ചാവേറുകളായി പുലര്‍ത്തുന്നു.ദേശബോധമോ വര്‍ഗ്ഗബോധമോ ഒക്കെ ലഹരിയായി തിരുകി കയറ്റുന്നു. ഇങ്ങിനെ തലച്ചോര്‍ മരവിച്ച ഇക്കൂട്ടര്‍ നേതൃത്വം ആവശ്യപ്പെടുന്ന  വ്യക്തിയെ ശത്രുവായി കണ്ട് ഇല്ലായ്മ ചെയ്യുന്നു. അതും നേരിട്ടെതിര്‍ത്തല്ല, വലിയ സംഘമായി ഒളിച്ചിരുന്ന്. ഭീരുത്വത്തിന്റെ മറ്റൊരു മുഖം. ഹരിദാസ് സിപിഎം പ്രവര്‍ത്തകനും കൊല ചെയ്തവര്‍ ബിജെപി പ്രവര്‍ത്തകരും. രണ്ടുകൂട്ടരുടെയും കുടുംബങ്ങള്‍ വരുംകാലം അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങള്‍ പാര്‍ട്ടിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ വിഷയമല്ല. അവര്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുള്ള വെറും കാലാളുകളായി ഇവരെ വിനിയോഗിക്കുകയാണ്.

ഹരിപ്പാട് ക്ഷേത്രോത്സവും നടന്നിടത്തെ അടിപിടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്ചന്ദ്രന്‍ കൊല ചെയ്യപ്പെട്ടതും അടുത്തിടെയാണ്. തോട്ടടയില്‍ വിവാഹഘോഷയാത്രക്കിടിയിലേക്ക് ബോംബെറിഞ്ഞതും ബോംബ് നിര്‍മ്മണത്തില്‍ പങ്കാളിയായ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചതും ഈയിടെയാണ്. എറണാകുളം കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ സിപിഎംകാരുടെ മര്‍ദ്ദനമേറ്റു മരിച്ചതും ഈയിടെയാണ്.കണ്ണൂരില്‍ ഈയിടെ മറ്റ് രണ്ട് യുവാക്കളും കൊലചെയ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ എസ്ഡിപിഐയും ആര്‍എസ്എസും കൊലയ്ക്ക് കൊല നടത്തിയതും ഈയിടെയാണ്.

 നമ്മള്‍ യോഗി ആദിത്യനാഥുമായി തര്‍ക്കിച്ചതും അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്നു പറഞ്ഞ് ആ വാക്കുകള്‍ തള്ളിപ്പറഞ്ഞതും ഈയിടെയാണ്. കാരണം സാക്ഷരതയില്‍ നമ്മള്‍ ഒന്നാമതാണ്. വിദ്യാഭ്യാസം, ആരോഗ്യം,സാമൂഹികക്ഷേമം തുടങ്ങി ഏത് വികസന ഇന്‍ഡ്ക്‌സ് നോക്കിയാലും നമ്മള്‍ മുന്നിലാണ്. നീതി ആയോഗ് പോലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും അത് സമ്മതിച്ചതാണ്. വ്യവസായ സൗഹൃദമല്ലാത്ത സംസ്ഥാനം എന്ന അപകീര്‍ത്തി മാറ്റാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് നമ്മള്‍. അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം കുറവായതിനാല്‍ കെ-റയില്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ലക്ഷ്യമിടുകയാണ് കേരളം.  

 ഇതെല്ലാം ഉള്ളപ്പോഴും ക്രിമിനലിസത്തില്‍ നമ്മള്‍ യുപിയുടെയും ബംഗാളിന്റെയും നിലയിലേക്ക് വേഗം നടന്നു കയറുകയാണ്, ലജ്ജയില്ലാതെ. താഴെത്തട്ടില്‍ മാത്രമല്ല  മേല്‍ത്തട്ടിലും ക്രമിനലുകള്‍ പിടിമുറുക്കുന്നു. മയക്കുമരുന്നു ലോബി അതിശക്തമാണ്. സെക്‌സ് റാക്കറ്റ് സംരക്ഷിക്കപ്പെടുന്നു. പോലീസ് നാള്‍ക്കുനാള്‍ ഡീമോറലൈസ് ചെയ്യപ്പെടുന്നു. ഇതിന് ആര് ഉത്തരം പറയും. വലിയ തോതില്‍ ഉയര്‍ന്നു വരുന്ന ഈ ചോദ്യം നമ്മുടെ അധികാര കേന്ദ്രങ്ങളുടെ നിസംഗമായ നോക്കിനില്‍പ്പിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ക്രമിനലുകളുടെ ഇടം ജയിലാണ് എന്നുറപ്പു വരുത്തണം. ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ പാടില്ല. കേസ് വേഗത്തില്‍ തീര്‍പ്പാക്കി കടുത്ത ശിക്ഷ നല്‍കാന്‍ ജുഡീഷ്യറിക്കും കഴിയണം. ലെജിസ്ലച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും  ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുറമെ ആഢ്യത്വം സംസാരിക്കുന്നവരുടെ, ദുരൂഹമായ മാഫിയ സംഘങ്ങളെ ഭയന്നുമാത്രം ജീവിക്കേണ്ട ഇടമായി കേരളം മാറും. ഈയിടെ ഒരു സുഹൃത്ത് മക്കളെ ഉപദേശിച്ചത് ഇങ്ങിനെയാണ്, 'എവിടെങ്കിലും പോയി രക്ഷപെട്ടോ , ഇവിടെ നില്‍ക്കണ്ട'. എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ആഗ്രഹിക്കുന്നതും ഇതുതന്നെയാണോ ??

Saturday, 19 February 2022

ICU culture and importance of palliative care

  ഐസിയു മരണവും പാലിയേറ്റീവ് കെയറും

 പാലിയം ഇന്ത്യയുടെ ചെയര്‍മാന്‍ ഡോക്ടര്‍ എം.ആര്‍.രാജഗോപാല്‍ വേണം,സുഖസുഗമ യാത്ര എന്നൊരു ലേഖനം മാതൃഭൂമി പത്രത്തില്‍ എഴുതിയിരുന്നു. പണ്ടൊക്കെ മനുഷ്യര്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവും കാരുണ്യവും ഏറ്റുവാങ്ങിയാണ് അന്ത്യയാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബഹുഭൂരിപക്ഷവും ആരെയും കാണാതെയും സാന്ത്വനമേല്‍ക്കാതെയുമാണ് യാത്രമൊഴി ചൊല്ലുന്നതെന്ന്  അദ്ദേഹം എഴുതിയത് ശ്രദ്ധേയമാണ്. ബന്ധുജനങ്ങളുടെ പണത്തിന്റെ വലുപ്പമനുസരിച്ചാണ് രോഗിയുടെ മരണം, എവിടെ ,എപ്പോള്‍ സംഭവിക്കണം എന്നു നിശ്ചയിക്കുന്നത്. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍,ത്രീ സ്റ്റാര്‍  ആശുപത്രികളിലെ വിവിധയിനം ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ നടുവില്‍, മരവിപ്പിക്കുന്ന തണുപ്പിലാണ് മരണം അവരെ തേടിയെത്തുന്നത്. ആശുപത്രിയില്‍ പണം കെട്ടിവയ്ക്കാന്‍ കഴിയാതെ ആകുന്നിടത്താണ് മരണം സ്ഥിരീകരിക്കുക. പണം കുറവുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങളിലോ അതല്ലെങ്കില്‍ വീട്ടിലെ സാന്ത്വനകിടക്കയിലോ അവസാന ശ്വാസം വലിക്കുന്നു. ഇതില്‍ ഏറ്റവും സംതൃപ്തമായ മരണം വീട്ടിലെ അന്തരീക്ഷത്തിലാണ് എന്നത് പറയാതിരിക്കാന്‍ കഴിയില്ല.

 വര്‍ഷങ്ങളായി താന്‍ പെരുമാറിയിരുന്ന ഇടത്ത് , പരിചതമായ മണങ്ങളും കാഴ്ചകളും ഓര്‍മ്മകളും നല്‍കുന്നിടത്ത് കഴിച്ചുകൂട്ടുന്ന അവസാന നാളുകള്‍. ഇപ്പോള്‍ മിക്കവര്‍ക്കും അതിന് കഴിയാതെ വരുന്നുണ്ട്. മക്കള്‍ക്കൊപ്പമാകും പലരും അവസാന കാലം ചിലവഴിക്കുന്നത്. അവിടെയും മക്കളുടെയോ ചെറുമക്കളുടേയോ ഒക്കെ ശബ്ദവും വീട്ടിലുണ്ടാക്കുന്ന ഭക്ഷണവുമൊക്കെ വലിയ ആശ്വാസമാണ്. ദൈവവിശ്വാസികളാണെങ്കില്‍ അവര്‍ ഇഷ്ടപ്പെടുന്ന ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് കേട്ടുകിടന്ന്, വേണ്ടപ്പെട്ടവര്‍ നാവിലിറ്റിക്കുന്ന ജലം ഒന്നിറക്കി പടിയിറങ്ങുന്നതിന്റെ സുഖം. ഇത് എല്ലാവര്‍ക്കും കിട്ടില്ലതന്നെ.

 ഇവിടെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കാം. എന്റെ അച്ഛന് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തില്‍ നിന്നും രക്ഷനേടാന്‍ കഴിഞ്ഞിരുന്നില്ല. നിലമേല്‍ നിന്നും പട്ടം എസ് യു ടി യില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അത് ആകസ്മിക മരണമാണ്. എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്‍ മസ്തിഷ്‌ക്കാഘാതം സംഭവിച്ച് ഐസിയുവില്‍ കുറേക്കാലം കിടന്നു. പ്രശസ്ത ആശുപത്രിയാണ്. തലച്ചോറും മിക്ക അവയവങ്ങളും പ്രവര്‍ത്തനരഹിതമായെങ്കിലും മെഷീന്‍ ഉപയോഗിച്ച് ഹൃദയം ചലിപ്പിച്ചുകൊണ്ടിരുന്നു. ഇത് ആധുനിക കാലം പ്രായമായ മനുഷ്യരോട് കാണിക്കുന്ന ക്രൂരതയാണ്. ബൈക്ക് അപകടത്തില്‍ തലച്ചോറിന് ക്ഷതമേറ്റ് ,ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരില്ല എന്നറിയാവുന്ന  ഒരു സുഹൃത്തിനെ അയാളുടെ ബന്ധുക്കള്‍ ആറുമാസത്തിലേറെ ആശുപത്രിയില്‍തന്നെ കിടത്തി. വീട്ടില്‍ പാലിയേറ്റീവ് കെയര്‍ ലഭിക്കേണ്ട അദ്ദേഹം അവിടെ കിടന്നു മരിച്ചു. മകന്‍ വിദേശത്തുനിന്നുകൊണ്ട് അമ്മയ്ക്കുവേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാം എന്നു പറഞ്ഞതിനാല്‍ കടുത്ത പ്രമേഹരോഗവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ഒരമ്മ പത്തുവര്‍ഷത്തിലേറെ ആശുപത്രികളില്‍ ജീവിച്ചു മരിച്ചതും അറിയാവുന്നൊരോര്‍മ്മയാണ്.  

 ആശുപത്രിയിലെ അതിതീവ്രവിഭാഗത്തില്‍ ചികിത്സയില്‍ ഇരിക്കുന്ന ഡോക്ടറന്മാര്‍ പോലും റിക്കവറി സാധ്യതയില്ല എന്നെഴുതി തള്ളിയ അപൂര്‍വ്വം രോഗികളെങ്കിലും ഡോക്ടറന്മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട് എന്നത് മറക്കാന്‍ കഴിയില്ല. എന്നാല്‍ പ്രായമായവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകള്‍ നല്‍കി വീട്ടില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നതുതന്നെയാണ് ഉചിതം. മറ്റൊരു സുഹൃത്തിന്റെ അമ്മ മക്കളോട് നേരത്തെ തന്നെ പറഞ്ഞിരുന്നു, മരണം അടുക്കുമ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഐസിയു കിടക്കയിലേക്ക് എന്നെ തള്ളിവിടരുത്. എന്നെ എന്റെ വീട്ടില്‍ ഞാന്‍ വര്‍ഷങ്ങളായി കിടന്നുറങ്ങിയ എന്റെ കിടക്കയില്‍ കിടന്നു മരിക്കാന്‍ അനുവദിക്കണം. ഡോക്ടര്‍മാരുടെ എതര്‍പ്പിനെ തുടര്‍ന്ന് ഈ വ്യക്തിയെ തങ്ങള്‍ സ്വന്തം ഇഷ്ടത്തോടെ വീട്ടില്‍ കൊണ്ടുപോവുകയാണ് എന്നെഴുതി കൊടുത്ത് വീട്ടിലേക്ക് കൊണ്ടുപോവുകയും ഒരാഴ്ചക്കാലം അവര്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വന്നുകാണാന്‍ സൗകര്യമൊരുക്കുകയും പുരാണഗ്രന്ഥങ്ങള്‍ പാടികേള്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ വരണ്ട ചുണ്ടിലേക്ക് മക്കള്‍ ഇറ്റിയ വെളളം കുടിച്ച് ആനന്ദകണ്ണീരോടെയാണ് അവര്‍ യാത്രയായത്.
 
 പക്ഷെ നമ്മുടെ പൊതുസമൂഹത്തിന്റെ രീതികള്‍ മാറിയിരിക്കുന്നു. പ്രായാധിക്യരോഗം കൊണ്ടോ മാറാരോഗം കൊണ്ടോ കഷ്ടപ്പെടുന്ന രോഗിയെ മുന്തിയ ആശുപത്രികളിലാണ് കൊണ്ടുപോയത് എന്നവര്‍ ഉറപ്പാക്കുന്നു. അല്ലെങ്കില്‍ മക്കളെ കുറ്റപ്പെടുത്തുന്നു. പണവും കെട്ടിപ്പിടിച്ചിരിക്കയാണ്, അവരെ വല്ല ഐസിയൂവിലും ആക്കാതെ എന്നാവും ചര്‍ച്ച. മരണം നടന്ന വീട്ടിലൊക്കെ ചെല്ലുമ്പോള്‍ ഒരാഴ്ചയായി, അല്ലെങ്കില്‍ രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു, ഒരു ബോധവും ഉണ്ടായിരുന്നില്ല, വല്ലപ്പോഴും ഒന്നു കണ്ണു തുറക്കും എന്നൊക്കെ പറയും. ചെയ്യാമായിരുന്നതെല്ലാം ചെയ്തു എന്നൊരു സമാധാനം , അത്രേയുള്ളു എന്നു പറഞ്ഞുനിര്‍ത്തും. ചെയ്യാമായിരുന്നതെല്ലാം ചെയ്തു എന്നത ഇപ്പോള്‍ ഐസിയുവിലേക്ക്  പണം കെട്ടുന്നതായി മാറി.

 ഈ രീതി മാറും എന്നാണ് രാജഗോപാല്‍ ഡോക്ടറുടെ ലേഖനം സൂചിപ്പിക്കുന്നത്. ഇന്ന് ലോകമാകെ നോക്കിയാല്‍ ഏറ്റവും നന്നായി എല്ലാ മേഖലയിലും സമൂഹത്തിന്റെ പങ്കാളിത്തമുളള സംസ്ഥാനമാണ് കേരളം. സമൂഹത്തിലധിഷ്ഠിതമായ നൂറുകണക്കിന് സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും  കേരളത്തിലെ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ഈ കേരള മോഡല്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ വേദന മാറ്റാനുള്ള ചികിത്സ കേരളത്തില്‍ നൂറിലൊന്നുപോലുമില്ല എന്നത് ഒരു പരിമിതിയാണ്. 2019 ല്‍ ജീവിതാന്ത്യ ശുശ്രൂഷ മെഡിക്കല്‍ പഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം മെഡിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം എങ്കിലേ അവര്‍ക്ക് വിദ്യാര്‍ത്ഥികളിലേക്ക് ഈ അറിവ് പകരാന്‍ കഴിയൂ എന്നദ്ദേഹം പറയുന്നു. 2008 ലാണ് കേരളം ആദ്യമായി പാലിയേറ്റീവ് നയം കൊണ്ടുവന്നത്. 2019 ല്‍ ഇത് പുതുക്കി. ഈ നയം നടപ്പിലാകുന്നതോടെ എല്ലാ മെഡിക്കല്‍ കോളേജിലും ഫലപ്രദമായ പാലിയേറ്റീവ് കെയര്‍ വിഭാഗമുണ്ടാകും. ക്ലാസുമുറിയിലെ പഠനത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനവും ലഭിക്കും. നയം ലക്ഷ്യമിടുന്നത് സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ്. അതോടെ കരുണയും അന്തസുമുള്ള ഒരു ജീവിതാന്ത്യം നമ്മുടെ വയോജനങ്ങള്‍ക്കും മാറാരോഗം ബാധിച്ചവര്‍ക്കും വന്നുചേരും എന്നു പ്രതീക്ഷിക്കാം. അതോടൊപ്പം മലയാളിയുടെ ഐസിയു അഡിക്ഷന്‍ മാറാന്‍ വലിയ കാമ്പയിനുകളും വേണ്ടിവരും.



Monday, 14 February 2022

Police ,politics & under world - write up based on Kaloor car accident & sexual exploitation of school children

 പോലീസും രാഷ്ട്രീയക്കാരും അധോലോകവും

കലൂരില്‍ കാറില്‍ മരണപ്പാച്ചില്‍ നടത്തിയ ചെറുപ്പക്കാര്‍ മാന്യമായി ജീവിച്ചുവന്ന വിജയന്‍ എന്ന ശുചീകരണതൊഴിലാളിയെ കൊലപ്പെടുത്തി . ഓട്ടോറിക്ഷ ഡ്രൈവറുടെ വലതുകാല്‍ ഒടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരന്റെ തോളെല്ല് ഒടിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎ എന്ന ലഹരിമരുന്നും കഞ്ചാവ് ബീഡികളും വണ്ടിയില്‍ നിന്നും കണ്ടെടുത്തു.കാറില്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു എന്നും തെളിഞ്ഞു. മൂന്ന് വിദ്യാര്‍ത്ഥിനികളാണുണ്ടായിരുന്നത്. ഇവരെ വഴിയില്‍ ഇറക്കിവിട്ടതായി പോലീസിന് ബോധ്യപ്പെട്ടു. ഈ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്നും വ്യക്തമായി. 
ഈ കുട്ടികളുടെ വീടുകളിലെ സാമൂഹിക-സാമ്പത്തിക അവസ്ഥയും കൗമാരത്തില്‍ ലഹരിയോടും ലൈംഗികതയോടും തോന്നിയ ത്രില്ലുമാകും ഇവരെ ആ പാതയില്‍ എത്തിച്ചത്. ഇവര്‍ക്ക് നല്ല കൗണ്‍സിലിംഗ് നല്‍കണം.നമ്മുടെ വിദ്യാഭ്യാസത്തില്‍ ഇത്തരം കുട്ടികളുടെ അനുഭവം നോണ്‍ ഫോക്കസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കണം. അത്തരം വിഷയങ്ങള്‍ സ്‌കൂളില്‍ ചര്‍ച്ച ചെയ്യണം . ഇത്തരത്തില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ടതാകട്ടെ പഠനം.

ഇരുപത്തി ഒന്‍പതും ഇരുപത്തിയഞ്ചും വയസുള്ളവരാണ് പ്രതികള്‍.  നമ്മുടെ വികസിത നഗരങ്ങളായ എറണാകുളവും തിരുവന്തപുരവുമൊക്കെ മെട്രോ നഗരങ്ങളുടെ നിലയില്‍ ഉയരുകയാണ്. മുംബയില്‍ അധോലോകത്തിന് ഒത്താശ ചെയ്യുന്നവര്‍ രാഷ്ട്രീയക്കാരും പോലീസുമാണ് എന്നത് രഹസ്യമല്ല. ഇവിടെയും ആ നില ശക്തമായിരിക്കുകയാണ്. ഈ പ്രതികളും രക്ഷപെടും എന്നത് ഉറപ്പ്. കുറച്ചു ദിവസം വാര്‍ത്തയില്‍ തങ്ങുമായിരിക്കും. വലിയ അധോലോകം നടത്തുന്ന ഫോര്‍ട്ടുകൊച്ചിക്കാരന്റെ ശരീരഭാഷ നമ്മോടു പറയുന്നതും ഇത്തരമൊന്നാണ്. നീയൊക്കെ കണ്ടും കേട്ടും കുറച്ചു ദിവസം രസിച്ചോളൂ, അതുകഴിയുമ്പോള്‍ ഞാനിവിടുണ്ടാകും പഴയതുപോലെ. ബന്ധങ്ങള്‍ അത്ര ശക്തമാണ്. ഇത് നമുക്കു കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ആഭ്യന്തരം ദയനീയമായി പരാജയപ്പെടുന്ന നേര്‍ക്കാഴ്ചയാണ് കാണുന്നത്. മൂക്കിന് മുന്നില്‍ നടക്കുന്നത് കാണാന്‍ കഴിയാത്തവരായി നമ്മള്‍ മാറരുത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ മെച്ചമാണ് എന്നല്ല പറയിപ്പിക്കേണ്ടത്, എല്ലാംകൊണ്ടും ജീവിക്കാന്‍ നല്ല ഇടമാണ് കേരളം എന്നാണ് പറയിക്കേണ്ടത്.

  പോലീസിനെ കെഎസ്ആര്‍ടിസി പോലെയാക്കുകയാണ് എന്ന് ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടായിരുന്നു. അതായത് അസോസിയേഷന്‍ നേതാക്കളും ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്നു നടത്തുന്ന പാര്‍ട്ടി രാജ്. ഇത് നാടിനും നല്ലതല്ല, ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്കും പാര്‍ട്ടി നേതാവിനും നല്ലതല്ല. കുറ്റക്കാര്‍ക്കൊപ്പമല്ല ഭരണം എന്നുറപ്പാക്കാനും കുറ്റക്കാരെ സംരക്ഷിക്കുന്ന നേതാക്കളെയും ഉദ്യോഗസ്ഥരേയും കുറ്റവാളികളായി കണ്ട്  പ്രതികളാക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു.

മരണപ്പെട്ട ശുചീകരണതോഴിലാളിയുടെ വീട്ടിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കാനും ഓട്ടോ ഡ്രൈവറുടേയും സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വ്യക്തിയുടേയും മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കുകയും അവരുടെ വീട്ടുചിലവുകള്‍ പ്രാദേശിക ഭരണകൂടം ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. ക്രിമിനലുകള്‍ ജാമ്യത്തിലിറങ്ങുന്ന നിയമവ്യവസ്ഥ മാറണം. അവരുടെ ജീവിതം ജയിലില്‍ തന്നെയായിരിക്കണം. മരണം വരെ ജയില്‍ തന്നെവേണം. ഇവരുടെ ട്രാപ്പില്‍പെട്ട കുട്ടികളെ നോര്‍മല്‍ ജീവിതത്തിലേക്ക തിരിച്ചെത്തിക്കാനും പഠനം ഏറ്റെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. എങ്കിലേ കേരളത്തെ ഒരു ക്ഷേമസംസ്ഥാനം എന്നു പറയാന്‍ കഴിയൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടൊക്കെ ഇത്തരം ഗുണപരമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം. എന്തെല്ലം കാര്യങ്ങള്‍ക്കായി ആ ഫണ്ട് ചിലവഴിക്കുന്നു എന്നത് നിത്യവും പ്രസിദ്ധപ്പെടുത്തണം. രാഷ്ട്രീയ നേതാക്കളുടെ ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും കുടുംബത്തിന് വീടുവയ്ക്കാനുമൊന്നുമാകരുത് ആ തുക ചിലവഴിക്കുന്നത്.


Gold illusions among the public- write up based on marder of a poor lady at Peroorkkada

  സ്വര്‍ണ്ണം അഥവാ മഞ്ഞലോഹം

 മനുഷ്യനെ എല്ലാകാലത്തും ഏറെ മോഹിപ്പിക്കുകയും ഇപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സത്യത്തില്‍ ഒരു നിക്ഷേപം എന്നതിലുപരി , സ്വര്‍ണ്ണം അണിഞ്ഞുനടക്കാനുളള മനുഷ്യരുടെ താത്പര്യം എത്രയോപേരുടെ ജീവനെടുത്തിരിക്കുന്നു. കാല്‍ പവന്‍ മുതല്‍ നൂറുകണക്കിന് പവന്‍ വരെ മോഷ്ടിക്കപ്പെടുന്നുണ്ട്. മോഷണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ കൊല ചെയ്യുകയും പതിവാണ്.  കുറ്റകൃത്യവാസനയുളളവരുടെ ഇരകളാകാനാണ് പലപ്പോഴും ഈ ലോഹം സഹായിക്കുന്നത്. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ വീണ് പരിക്കേല്‍ക്കുന്നവരും ജീവിതകാലം മുഴുവന്‍ കിടപ്പിലായവരുമൊക്കെ ഏറെയാണ്. കേരളത്തിലെ സ്ത്രീകളിലാണ് സ്വര്‍ണ്ണപ്രദര്‍ശനഭ്രമം കൂടുതലായുള്ളത്. വിവാഹത്തിന് നൂറു പവനും മറ്റുമിടുന്നത് ധൂര്‍ത്താണെങ്കിലും ആ ദിനത്തിലെ ഒരാനന്ദമായി ധനമുള്ളവര്‍ക്ക് അതിനെ കാണാം. എന്നാല്‍ തുടര്‍ന്നും അതണിഞ്ഞുനടക്കുന്നതും വീട്ടില്‍ സൂക്ഷിക്കുന്നതും ആപത്താണ്. സ്വര്‍ണ്ണം കുറഞ്ഞുപോയി എന്നതിന്റെ പേരിലെ കലാപവും ദാമ്പത്യ ജീവിതം കുഴഞ്ഞു മറിയുന്നതും ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്വര്‍ണ്ണം കൈക്കലാക്കി വധുവിനെ കൊല ചെയ്യുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറിയിരിക്കുന്നു. നാട്ടില്‍ ഏറ്റവുമൊടുവിലുണ്ടായ കൊലയും ഇതേ മട്ടിലാണ്. ഭര്‍ത്താവ് മരിച്ച്, ദൈനംദിന ജീവിതം മുന്നോട്ടു നീക്കാന്‍ ചെടിവല്‍പ്പന നടത്തുന്ന നഴ്‌സറിയില്‍ ജോലി നോക്കി വന്ന 38 വയസുകാരിയായ വിനീതയുടെ കൊലപാതകവും സ്വര്‍ണ്ണത്തിനുവേണ്ടിത്തന്നെയായിരുന്നു. അവരുടെ രണ്ട് കുട്ടികളാണ് അനാഥരായിരിക്കുന്നത്. സ്വര്‍ണ്ണാഭരണം ധരിച്ചു നടക്കുന്നത് ജീവന്‍ അപകടത്തിലാക്കും എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. സ്വര്‍ണ്ണം വാങ്ങുന്ന തുക പകരം കുട്ടികളുടെ പേരില്‍ ഡപ്പോസിറ്റായോ മറ്റോ കരുതല്‍ നിക്ഷേപമാക്കുന്നതാകും പാവങ്ങള്‍ക്ക് ഉചിതം. പണക്കാര്‍ക്ക് ലോക്കറും സൗകര്യങ്ങളുമുണ്ടാകും, പാവപ്പെട്ടവര്‍ക്ക് അത് കഴിയില്ലല്ലോ. വിനീതയുടെ അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുത്. ക്രിമിനലുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അതിനൊന്നും തടയിടാന്‍ കഴിയില്ല. പിന്നെ ചെയ്യാവുന്നത് സ്വയരക്ഷയാണ്. അതിന് കരണീയമായത് സ്വര്‍ണ്ണം ശരീരത്തിന് ഭൂഷണം എന്ന ചിന്ത മാറ്റി ജീവനാശത്തിന് കാരണം എന്ന ചിന്ത വളര്‍ത്തുക മാത്രമാണ്. സത്യത്തില്‍ സ്വര്‍ണ്ണം ധരിച്ച് നടക്കുന്നവരെ ,പുരുഷനായാലും സ്ത്രീ ആയാലും കാണുമ്പോള്‍, ഇവര്‍ക്ക് എങ്ങിനെ സമാധാനത്തോടെ നടക്കാന്‍ കഴിയുന്നു എന്നു ചിന്തിച്ചുപോകാറുണ്ട്.

NB:-  2014 ല്‍ രണ്ട് കൊലകള്‍ നടത്തിയ ഒരുവന് എങ്ങിനെ സ്വതന്ത്രനായി വിഹരിക്കാനും വീണ്ടും കൊല ചെയ്യാനും അവസരം കിട്ടുന്നു എന്നതും അമ്പരപ്പിക്കുന്ന കാര്യമാണ്. നമ്മുടെ വ്യവസ്ഥിതിക്ക് എന്തോ കുഴപ്പമില്ലെ?

What is happening to our youth - a write up based on Kannur bomb scare & death of a youth

 
 നമ്മുടെ യൗവ്വനങ്ങള്‍ക്ക് സംഭവിക്കുന്നത്

  നമ്മുടെ ചെറുപ്പക്കാര്‍ ആരെയും ഒന്നിനെയും ഭയക്കാതെ ജീവിക്കുന്നവരാവുകയാണ്. അച്ഛനമ്മമാര്‍,ഗുരുക്കന്മാര്‍, നേതാക്കള്‍, പോലീസ്, നീതി-ന്യായ വ്യവസ്ഥ, എല്ലാറ്റിനോടും അവന്‍ കലഹിക്കുകയാണ്, അതല്ലെങ്കില്‍ അവരുടെ മനസില്‍ രൂപപ്പെടുന്ന ഐക്കണുകള്‍ ക്രിമിനല്‍ സ്വഭാവമുള്ളവരോ ക്രിമിനലുകളോ ആയി മാറുകയാണ്. മാനസിക രോഗികളും മയക്കുമരുന്നിനടിമകളുമായ യുവാക്കള്‍ വര്‍ദ്ധിക്കുന്നു. ഇന്റര്‍നെറ്റിന്റെ വേഗതയ്‌ക്കൊപ്പം വാഹനമോടിക്കുകയും നെറ്റ് കിട്ടാത്തപ്പോള്‍ അടുത്തു കാണുന്ന എന്തും നശിപ്പിക്കുകയോ മനോനില തെറ്റിയപോലെ പെരുമാറുകയോ ചെയ്യുന്നവരായി അവര്‍ മാറുകയാണ്. ഇതിന്റെ മറ്റൊരു തരം മനോനിലയാണ് കണ്ണൂരിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്നു വരുന്നത്. അവരുടെ ഈഗോയ്ക്ക് ക്ഷതമേറ്റാല്‍ അത് എതിരാളിയെ കൊലചെയ്യുന്നതിലേക്കാണ് നയിക്കുന്നത്. ഇത്തരം ദുരൂഹതകള്‍ നിറഞ്ഞ ഗ്രാമങ്ങളെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ കേട്ടിട്ടുണ്ടെങ്കിലും അതിശയോക്തി എന്നു വിശ്വസിക്കാനായിരുന്നു ഇഷ്ടം. എന്നാല്‍ അതിദാരുണമായ കൊലകള്‍ കണ്ണൂരും കാസര്‍ഗോഡുമൊക്കെ നടക്കുമ്പോള്‍ ഈ ഭാഗത്തൊക്കെയുളള നന്മ നിറഞ്ഞ അനേകം മനുഷ്യരെ അന്യ സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളില്‍ കണ്ടത് ഓര്‍ക്കും. ഒരു പക്ഷെ സൗമ്യ മുഖവും മനസുമുള്ളവര്‍ അവിടെനിന്നും പലായനം ചെയ്തതാണോ എന്നുപോലും ചിന്തിച്ചു പോകാറുണ്ട്.

 കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും സമാനതകളില്ലാത്ത സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ തോട്ടടയില്‍ ഉണ്ടായത്. ഉത്തര്‍പ്രദേശ് പോലെ ക്രിമിനലുകളുടെ തേര്‍വാഴ്ചയുളള ഇടങ്ങളില്‍ ജന്മിമാരും ഗുണ്ടകളും ആളുകളെ തോക്കിനിരയാക്കുന്നത് നമ്മള്‍ വായിക്കാറുണ്ട്. അടുത്ത കാലത്ത് കര്‍ഷകരെ കൊല ചെയ്ത മന്ത്രിപുത്രനെതിരെ ഒക്കെ നമ്മള്‍ അനേകദിവസം പ്രതിഷേധിക്കയുണ്ടായി. കര്‍ഷകരുടെ മരണത്തിന്റെ ഷോക്ക് ഇപ്പോഴും നിലനില്‍ക്കുകയാണ്. അപ്പോഴാണ് ഓര്‍ക്കുമ്പോള്‍ പോലും അറപ്പും ദുഖവും ഉദ്യോതിപ്പിക്കുന്ന സംഭവം കണ്ണിന് മുന്നില്‍ വരുന്നത്. ശിരസ് ചിതറിപോയ ഒരു യുവാവ്. അത് വാഹനം ഇടിച്ചിട്ടോ വെടിയേറ്റിട്ടോ ആള്‍ക്കൂട്ടത്തിന്റെ കല്ലേറ് ഏറ്റിട്ടോ അല്ല, അവനുള്‍പ്പെടുന്ന ഒരു സംഘം രാത്രിയുടെ ഇരുട്ടില്‍ തയ്യാറാക്കിയ ബോംബ് മറ്റൊരു കൂട്ടരെ ലക്ഷ്യമാക്കി അവന്റെ സുഹൃത്ത് എറിയുമ്പോള്‍ ആകസ്മികമായി അവന്റെ തലയില്‍ പതിക്കുകയാണ്.

 ഇനി എന്തിനായിരുന്നു ബോംബ് ഉണ്ടാക്കിയത് എന്നു നോക്കാം. സുഹൃത്തുക്കളില്‍ ഒരുവന്റെ വിവാഹം നടക്കുകയാണ്. തലേദിവസം രണ്ട് സ്ഥലത്തു നിന്നായി സുഹൃത്തുക്കളുടെ സംഘം അവന്റെ വീട്ടിലെത്തുന്നു. ആഘോഷത്തിന്റെ ഭാഗമായി രണ്ടുകൂട്ടരും മദ്യപാനമോ ലഹരി ഉപയോഗമോ നടത്തിയിട്ടുണ്ടാകാം. ഏതായാലും നിസാരമായ കാര്യങ്ങള്‍ക്കായി കശപിശയും ചെറിയ തോതില്‍ അടിപിടിയുമുണ്ടാകുന്നു. അടിപിടിയില്‍ പരാജിതരാകയവരാകണം കോര്‍പ്പറേഷനിലെ ചവര്‍ നിക്ഷേപകേന്ദ്രത്തില്‍ സംഘടിച്ച് പടക്കവും സ്‌ഫോടകവസ്തുക്കളും ചേര്‍ത്ത് ബോംബ് നിര്‍മ്മിച്ചത്. രണ്ട് ബോംബുകള്‍ തയ്യാറാക്കി ഒന്ന് പരീക്ഷിച്ച് വിജയം ഉറപ്പാക്കിയശേഷമായിരുന്നു രാവിടെ വിവാഹത്തിനായി പുറപ്പെട്ടത് എന്നും പറയപ്പെടുന്നു. നേരത്തെ ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം സിദ്ധിച്ച ഒരാളെങ്കിലും ആ കൂട്ടത്തിലുണ്ട് എന്നു വ്യക്തം.

  തെയ്യം കെട്ടിയാടുന്ന അതേ സ്പിരിറ്റോടെ പടക്കം പൊട്ടിച്ചും അലങ്കാരവസ്തുക്കള്‍ വാരിയെറിഞ്ഞും ഒരേ തരം വസ്ത്രം ധരിച്ച് ആഹ്ലാദത്തോടെ വിവാഹപാര്‍ട്ടിക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പകയുടെ അഗ്നിനാളങ്ങളായിരുന്നു അവരുടെ ഉള്ളില്‍. സുഹൃത്തിന്റെ വിവാഹമാണ്, എല്ലാവരും വേണ്ടപ്പെട്ടവരാണ്, ചടങ്ങ് അലങ്കോലമാകരുത് എന്നൊന്നുമുള്ള പോസിറ്റീവായ ചിന്തകള്‍ അവരുടെ ഉള്ളില്‍ ഉണ്ടാകുന്നില്ല. തങ്ങളുടെ ഈഗോ ഹര്‍ട്ടു ചെയ്ത സംഘത്തെ അടുത്തു കിട്ടുന്ന നിമിഷം ബോംബ് എറിയുക എന്ന ഏക ലക്ഷ്യത്തോടെയാണവര്‍ നീങ്ങുന്നത്. അതുവഴി വളരെ സാധാരണക്കാരായ പലരും മരിച്ചേക്കാം, പലര്‍ക്കും പരുക്കു പറ്റിയേക്കാം എന്നൊന്നും ചിന്തിക്കാന്‍ കഴിയാത്തവിധം തല മരവിച്ചവര്‍. ജീവിക്കാന്‍ വേണ്ടി കുപ്പായമിട്ട സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തുന്ന നക്‌സലുകളുടെ അതേ വികാരമാണ്, പൊതുഇടങ്ങളില്‍ ബോംബുവച്ച് സാധാരണക്കാരെ കൊല ചെയ്യുന്ന തീവ്രവാദികളുടെ അതേ വികാരമാണ് ഈ യുവാക്കളെ അപ്പോള്‍ ഭരിക്കുന്നത്. തങ്ങളുടെ ശത്രുവിനെ, അതും ആദര്‍ശത്തിന്റെയോ മതവികാരത്തിന്റെയോ മറ്റെന്തെങ്കിലും പേരിലോ ജന്മമെടുത്ത ശത്രുവല്ല, ഒരു നിമിഷം ഈഗോ ഹര്‍ട്ടു ചെയ്തതോടെ ശത്രുവായി മാറിയവനെ തിരിച്ചുതല്ലണം എന്നല്ല ഉന്മൂലനം ചെയ്യണം എന്നാണ് നിശ്ചയിക്കുന്നത്.

 ഇത് ഭ്രാന്തമായ, വന്യമായ ഒരു സൈക്കോ ആണ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന് ചിന്തിക്കുന്ന, നിയമവ്യവസ്ഥയ്ക്കു പുല്ലുവില കല്‍പ്പിക്കുന്ന ഇത്തരം ചെറുപ്പക്കാരെ സഹായിക്കാന്‍ പൊതുസമൂഹവും രാഷ്ട്രീയക്കാരും കൂട്ടുനില്‍ക്കരുത്. ഇത്തരം ക്രിമിനലുകള്‍ മുഴുവന്‍ ജീവിതകാലവും ജയിലില്‍ കഴിയുകയാണ് വേണ്ടത്. പരോള്‍ പോലുമില്ലാതെയുള്ള ജയില്‍. പശ്ചാത്തപിക്കുക, നല്ലവനാകുക എന്നൊക്കെ പറയുന്ന ക്ലീഷേകള്‍ക്കിടമില്ലാത്തവിധം നമ്മുടെ നിയമസംവിധാനം പൊളിച്ചുപണിയേണ്ടതുണ്ട്. ക്രമിനലുകള്‍ സമൂഹത്തില്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കുകയാണ്. ഈ നിര്‍മ്മിതി നടത്തുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. നേര്‍വഴി രാഷ്ട്രീയവും സംസ്‌കൃത ചിത്തരായ യുവാക്കളുമാകട്ടെ രാഷ്ട്രീയപാര്‍ട്ടികളുടെ ലക്ഷ്യം