Tuesday, 22 February 2022

Children need special care while we travel and when in strange places

 
 ചെറിയൊരശ്രദ്ധ വലിയ പിഴ

 പൂവാറിലെ Isola Di Cocco നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസോര്‍ട്ടാണ്. എന്നിട്ടും അന്ന തെരേസ എന്ന പൂമ്പാറ്റയുടെ ജീവിതം അവിടെ അവസാനിച്ചു. ആ കുട്ടിയുടെ ആയുസ് അത്രയേ ഉള്ളൂ എന്നൊക്കെ നമ്മള്‍ സമാധാനിക്കും , എന്നാലും ആ അശ്രദ്ധ ചെറുതല്ല, എന്നാല്‍ ആര്‍ക്കും സംഭവിക്കാവുന്നതുമാണ്. നമ്മള്‍ പലപ്പോഴും സംഭാഷണത്തില്‍ മുഴുകുമ്പോഴോ മൊബൈലില്‍ ശ്രദ്ധിക്കുമ്പോഴോ ഒക്കെ കുട്ടികളെ മറന്നു പോകുന്നു, ചിലപ്പോള്‍ ഒരു നിമിഷമെങ്കിലും. ആ ഒരു നിമിഷം വളരെ വിലയേറിയതാണ് എന്നതാണ് സത്യം. ഈയിടെ ഒരു കുട്ടി റോഡിന് നടുക്കായിപ്പോയ ഒരു കാഴ്ച നമ്മള്‍ കണ്ടതാണ്. അച്ഛന്‍ തോളില്‍ ഒരു കുട്ടിയുമായി നടന്നുപോയി. മറ്റേ ആള്‍ പിന്നാലെ ഉണ്ടെന്നാണ് കരുതിയത്. എന്നാല്‍ കുട്ടി പാതി വഴിയില്‍ നിന്നുപോയി.

 റിസോര്‍ട്ടിലെ അന്നയുടെ മരണത്തില്‍  ജീവനക്കാരുടെ ഭാഗത്തും രക്ഷകര്‍ത്താക്കളുടെ ഭാഗത്തും പിഴവ് സംഭവിച്ചു. നാല് കുട്ടികളില്‍ മൂത്തവള്‍ കുറേക്കൂടി ഉത്തരവാദിത്തത്വത്തോടെ , ശ്രദ്ധയോടെ ഒപ്പമുണ്ടാകും എന്ന് മാതാപിതാക്കളും കരുതി. എന്നാല്‍ വെള്ളം കണ്ട സന്തോഷത്തില്‍ അവള്‍ അവിടേക്ക് ഓടിപ്പോയിട്ടുണ്ടാവും. അതിലെ ഓളങ്ങള്‍ അവളെ മോഹിപ്പിച്ചിട്ടുണ്ടാകും.

 ഇത് വായിച്ചപ്പോള്‍ പഴയ ചില ഓര്‍മ്മകള്‍ മനസിലേക്ക് വന്നു. ഡല്‍ഹിയില്‍ ജോലിയിലിരിക്കുന്ന കാലം. നാട്ടില്‍ നിന്നും അനിയനും അനിയത്തിയും മകനും കൂടി വന്നു. ഞങ്ങള്‍ ആഗ്രയില്‍ പോയി മടങ്ങവെ മഥുര ക്ഷേത്രത്തിലെത്തി. അവിടെ ക്ഷേത്ര പരിസരത്ത് സംസാരിച്ചുനില്‍ക്കെ മകള്‍ പെട്ടെന്ന് അമ്മയുടെ അടുത്തുനിന്നും കുറച്ചുമാറി നിന്ന എന്റെ അടുത്തേക്ക് വന്നു.  എന്നാല്‍  അപ്പോഴേക്കും ഞാന്‍ അവിടെനിന്നും മാറിയിരുന്നു. കുറച്ചു കഴിഞ്ഞ്  മറ്റുള്ളവര്‍ക്കൊപ്പം കൂടുമ്പോഴാണ് മകളെ കാണുന്നില്ല എന്നറിയുന്നത്. മനസിനുള്ളില്‍ ഒരാന്തലായിരുന്നു. ഒരു നിമിഷം എന്തെല്ലാം അശുഭചിന്തകളാണ് മനസിലൂടെ ഓടിയതെന്നറിയില്ല. ഭാഗ്യമെന്നു പറയാം, അധികം കഴിയാതെ മകളെ കണ്ടെത്തി.

 മറ്റൊന്ന് നൈനിത്താളില്‍ പോയപ്പോഴാണ്. ഞാനും കുറേ സുഹൃത്തുക്കളും ഒരു കുന്നിന്റെ മുകളിലേക്ക് കയറി. കൂടെ മകനുമുണ്ട്. മകളും അമ്മയും താഴെ നില്‍ക്കുന്ന ഗ്രൂപ്പിലാണ്. ഞങ്ങള്‍ സംസാരിച്ചുനില്‍ക്കെ മോന്‍ നോക്കുമ്പോള്‍ അമ്മയും ചേച്ചിയും താഴെ നില്‍ക്കുന്നു. അവന്‍ അവര്‍ക്കു നേരെ ഓടി. കുന്നിന്റെ മുകളില്‍ നിന്നും നേരെ താഴേക്ക് പതിക്കുകയായിരുന്നു. ചെറിയൊരു പിഴവ് . ഞാന്‍ ഇതൊന്നും അറിയുന്നേയില്ല. മോളും അമ്മയും കണ്ടു, ഒരു കുഞ്ഞ് താഴേക്കു വീഴുന്നത്. മോന്റെ പോലൊരു കുട്ടിയല്ലെ താഴെ വീഴുന്നത് എന്നാണ് അവര്‍ പറഞ്ഞത്. വീണ് കഴിഞ്ഞു നോക്കുമ്പോള്‍ മോനെ പോലെ അല്ല, മോന്‍ തന്നെ. അവര്‍ ഓടിയടുത്ത് കുഞ്ഞിനെ എടുത്തു. അല്‍പ്പസമയം ബോധമില്ലായിരുന്നെങ്കിലും അവന്‍ പെട്ടെന്ന് ബോധത്തിലേക്ക് തിരിച്ചെത്തി. തല കുത്തി വീണിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?  ആ സമയം അവിടെ എത്തി അവനെ നോക്കിയ അപരിചിതന്‍ ഡോക്ടറാണെന്നു തോന്നുന്നു. അയാള്‍ പരിശോദിച്ച് കുഴപ്പമില്ലെന്നു പറഞ്ഞു. എങ്കിലും ഒരു ഡോക്ടറെ കൂടി കണ്ട് കുഴപ്പമില്ലെന്ന്  ഉറപ്പുവരുത്തി.വലിയ കുന്നില്‍ നിന്നും വീണിട്ടും പരുക്കില്ലാതിരുന്നത് ഇപ്പോഴും ഒരത്ഭുതം പോലെയാണ് തോന്നിപ്പിക്കുന്നത്.

 ചെറിയോരു പിഴവ് വലിയ നഷ്ടത്തിലേക്ക് കലാശിക്കാം. ചിലര്‍ രക്ഷപെടമെങ്കിലും അന്നയെപോലെ വേദനയായി മാറുന്നവരാണ് ഏറെയും. പാല്‍ വാങ്ങാനായി അടുത്ത വട്ടിലേക്ക് പോയവഴി വൃത്തിയാക്കിയിട്ട കുളത്തിലേക്ക് ഇറങ്ങുകയോ എത്തിനോക്കുകയോ ചെയ്ത് കുളത്തില്‍ വീണ് മരിച്ച തേക്കട കുളക്കോട് മുനീറയുടെ മകന്‍ ലാലിനും ഇത്തരമൊരശ്രദ്ധയുടെ ഇരയാണ്. സങ്കടമാണ് കുട്ടികളുടെ ഇത്തരം മരണങ്ങള്‍. നമുക്ക് തടുത്തുനിര്‍ത്താന്‍ ആവാത്തതും.

No comments:

Post a Comment