Saturday 19 February 2022

ICU culture and importance of palliative care

  ഐസിയു മരണവും പാലിയേറ്റീവ് കെയറും

 പാലിയം ഇന്ത്യയുടെ ചെയര്‍മാന്‍ ഡോക്ടര്‍ എം.ആര്‍.രാജഗോപാല്‍ വേണം,സുഖസുഗമ യാത്ര എന്നൊരു ലേഖനം മാതൃഭൂമി പത്രത്തില്‍ എഴുതിയിരുന്നു. പണ്ടൊക്കെ മനുഷ്യര്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവും കാരുണ്യവും ഏറ്റുവാങ്ങിയാണ് അന്ത്യയാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബഹുഭൂരിപക്ഷവും ആരെയും കാണാതെയും സാന്ത്വനമേല്‍ക്കാതെയുമാണ് യാത്രമൊഴി ചൊല്ലുന്നതെന്ന്  അദ്ദേഹം എഴുതിയത് ശ്രദ്ധേയമാണ്. ബന്ധുജനങ്ങളുടെ പണത്തിന്റെ വലുപ്പമനുസരിച്ചാണ് രോഗിയുടെ മരണം, എവിടെ ,എപ്പോള്‍ സംഭവിക്കണം എന്നു നിശ്ചയിക്കുന്നത്. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍,ത്രീ സ്റ്റാര്‍  ആശുപത്രികളിലെ വിവിധയിനം ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ നടുവില്‍, മരവിപ്പിക്കുന്ന തണുപ്പിലാണ് മരണം അവരെ തേടിയെത്തുന്നത്. ആശുപത്രിയില്‍ പണം കെട്ടിവയ്ക്കാന്‍ കഴിയാതെ ആകുന്നിടത്താണ് മരണം സ്ഥിരീകരിക്കുക. പണം കുറവുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങളിലോ അതല്ലെങ്കില്‍ വീട്ടിലെ സാന്ത്വനകിടക്കയിലോ അവസാന ശ്വാസം വലിക്കുന്നു. ഇതില്‍ ഏറ്റവും സംതൃപ്തമായ മരണം വീട്ടിലെ അന്തരീക്ഷത്തിലാണ് എന്നത് പറയാതിരിക്കാന്‍ കഴിയില്ല.

 വര്‍ഷങ്ങളായി താന്‍ പെരുമാറിയിരുന്ന ഇടത്ത് , പരിചതമായ മണങ്ങളും കാഴ്ചകളും ഓര്‍മ്മകളും നല്‍കുന്നിടത്ത് കഴിച്ചുകൂട്ടുന്ന അവസാന നാളുകള്‍. ഇപ്പോള്‍ മിക്കവര്‍ക്കും അതിന് കഴിയാതെ വരുന്നുണ്ട്. മക്കള്‍ക്കൊപ്പമാകും പലരും അവസാന കാലം ചിലവഴിക്കുന്നത്. അവിടെയും മക്കളുടെയോ ചെറുമക്കളുടേയോ ഒക്കെ ശബ്ദവും വീട്ടിലുണ്ടാക്കുന്ന ഭക്ഷണവുമൊക്കെ വലിയ ആശ്വാസമാണ്. ദൈവവിശ്വാസികളാണെങ്കില്‍ അവര്‍ ഇഷ്ടപ്പെടുന്ന ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് കേട്ടുകിടന്ന്, വേണ്ടപ്പെട്ടവര്‍ നാവിലിറ്റിക്കുന്ന ജലം ഒന്നിറക്കി പടിയിറങ്ങുന്നതിന്റെ സുഖം. ഇത് എല്ലാവര്‍ക്കും കിട്ടില്ലതന്നെ.

 ഇവിടെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കാം. എന്റെ അച്ഛന് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തില്‍ നിന്നും രക്ഷനേടാന്‍ കഴിഞ്ഞിരുന്നില്ല. നിലമേല്‍ നിന്നും പട്ടം എസ് യു ടി യില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അത് ആകസ്മിക മരണമാണ്. എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്‍ മസ്തിഷ്‌ക്കാഘാതം സംഭവിച്ച് ഐസിയുവില്‍ കുറേക്കാലം കിടന്നു. പ്രശസ്ത ആശുപത്രിയാണ്. തലച്ചോറും മിക്ക അവയവങ്ങളും പ്രവര്‍ത്തനരഹിതമായെങ്കിലും മെഷീന്‍ ഉപയോഗിച്ച് ഹൃദയം ചലിപ്പിച്ചുകൊണ്ടിരുന്നു. ഇത് ആധുനിക കാലം പ്രായമായ മനുഷ്യരോട് കാണിക്കുന്ന ക്രൂരതയാണ്. ബൈക്ക് അപകടത്തില്‍ തലച്ചോറിന് ക്ഷതമേറ്റ് ,ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരില്ല എന്നറിയാവുന്ന  ഒരു സുഹൃത്തിനെ അയാളുടെ ബന്ധുക്കള്‍ ആറുമാസത്തിലേറെ ആശുപത്രിയില്‍തന്നെ കിടത്തി. വീട്ടില്‍ പാലിയേറ്റീവ് കെയര്‍ ലഭിക്കേണ്ട അദ്ദേഹം അവിടെ കിടന്നു മരിച്ചു. മകന്‍ വിദേശത്തുനിന്നുകൊണ്ട് അമ്മയ്ക്കുവേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാം എന്നു പറഞ്ഞതിനാല്‍ കടുത്ത പ്രമേഹരോഗവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ഒരമ്മ പത്തുവര്‍ഷത്തിലേറെ ആശുപത്രികളില്‍ ജീവിച്ചു മരിച്ചതും അറിയാവുന്നൊരോര്‍മ്മയാണ്.  

 ആശുപത്രിയിലെ അതിതീവ്രവിഭാഗത്തില്‍ ചികിത്സയില്‍ ഇരിക്കുന്ന ഡോക്ടറന്മാര്‍ പോലും റിക്കവറി സാധ്യതയില്ല എന്നെഴുതി തള്ളിയ അപൂര്‍വ്വം രോഗികളെങ്കിലും ഡോക്ടറന്മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട് എന്നത് മറക്കാന്‍ കഴിയില്ല. എന്നാല്‍ പ്രായമായവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകള്‍ നല്‍കി വീട്ടില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നതുതന്നെയാണ് ഉചിതം. മറ്റൊരു സുഹൃത്തിന്റെ അമ്മ മക്കളോട് നേരത്തെ തന്നെ പറഞ്ഞിരുന്നു, മരണം അടുക്കുമ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഐസിയു കിടക്കയിലേക്ക് എന്നെ തള്ളിവിടരുത്. എന്നെ എന്റെ വീട്ടില്‍ ഞാന്‍ വര്‍ഷങ്ങളായി കിടന്നുറങ്ങിയ എന്റെ കിടക്കയില്‍ കിടന്നു മരിക്കാന്‍ അനുവദിക്കണം. ഡോക്ടര്‍മാരുടെ എതര്‍പ്പിനെ തുടര്‍ന്ന് ഈ വ്യക്തിയെ തങ്ങള്‍ സ്വന്തം ഇഷ്ടത്തോടെ വീട്ടില്‍ കൊണ്ടുപോവുകയാണ് എന്നെഴുതി കൊടുത്ത് വീട്ടിലേക്ക് കൊണ്ടുപോവുകയും ഒരാഴ്ചക്കാലം അവര്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വന്നുകാണാന്‍ സൗകര്യമൊരുക്കുകയും പുരാണഗ്രന്ഥങ്ങള്‍ പാടികേള്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ വരണ്ട ചുണ്ടിലേക്ക് മക്കള്‍ ഇറ്റിയ വെളളം കുടിച്ച് ആനന്ദകണ്ണീരോടെയാണ് അവര്‍ യാത്രയായത്.
 
 പക്ഷെ നമ്മുടെ പൊതുസമൂഹത്തിന്റെ രീതികള്‍ മാറിയിരിക്കുന്നു. പ്രായാധിക്യരോഗം കൊണ്ടോ മാറാരോഗം കൊണ്ടോ കഷ്ടപ്പെടുന്ന രോഗിയെ മുന്തിയ ആശുപത്രികളിലാണ് കൊണ്ടുപോയത് എന്നവര്‍ ഉറപ്പാക്കുന്നു. അല്ലെങ്കില്‍ മക്കളെ കുറ്റപ്പെടുത്തുന്നു. പണവും കെട്ടിപ്പിടിച്ചിരിക്കയാണ്, അവരെ വല്ല ഐസിയൂവിലും ആക്കാതെ എന്നാവും ചര്‍ച്ച. മരണം നടന്ന വീട്ടിലൊക്കെ ചെല്ലുമ്പോള്‍ ഒരാഴ്ചയായി, അല്ലെങ്കില്‍ രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു, ഒരു ബോധവും ഉണ്ടായിരുന്നില്ല, വല്ലപ്പോഴും ഒന്നു കണ്ണു തുറക്കും എന്നൊക്കെ പറയും. ചെയ്യാമായിരുന്നതെല്ലാം ചെയ്തു എന്നൊരു സമാധാനം , അത്രേയുള്ളു എന്നു പറഞ്ഞുനിര്‍ത്തും. ചെയ്യാമായിരുന്നതെല്ലാം ചെയ്തു എന്നത ഇപ്പോള്‍ ഐസിയുവിലേക്ക്  പണം കെട്ടുന്നതായി മാറി.

 ഈ രീതി മാറും എന്നാണ് രാജഗോപാല്‍ ഡോക്ടറുടെ ലേഖനം സൂചിപ്പിക്കുന്നത്. ഇന്ന് ലോകമാകെ നോക്കിയാല്‍ ഏറ്റവും നന്നായി എല്ലാ മേഖലയിലും സമൂഹത്തിന്റെ പങ്കാളിത്തമുളള സംസ്ഥാനമാണ് കേരളം. സമൂഹത്തിലധിഷ്ഠിതമായ നൂറുകണക്കിന് സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും  കേരളത്തിലെ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ഈ കേരള മോഡല്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ വേദന മാറ്റാനുള്ള ചികിത്സ കേരളത്തില്‍ നൂറിലൊന്നുപോലുമില്ല എന്നത് ഒരു പരിമിതിയാണ്. 2019 ല്‍ ജീവിതാന്ത്യ ശുശ്രൂഷ മെഡിക്കല്‍ പഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം മെഡിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം എങ്കിലേ അവര്‍ക്ക് വിദ്യാര്‍ത്ഥികളിലേക്ക് ഈ അറിവ് പകരാന്‍ കഴിയൂ എന്നദ്ദേഹം പറയുന്നു. 2008 ലാണ് കേരളം ആദ്യമായി പാലിയേറ്റീവ് നയം കൊണ്ടുവന്നത്. 2019 ല്‍ ഇത് പുതുക്കി. ഈ നയം നടപ്പിലാകുന്നതോടെ എല്ലാ മെഡിക്കല്‍ കോളേജിലും ഫലപ്രദമായ പാലിയേറ്റീവ് കെയര്‍ വിഭാഗമുണ്ടാകും. ക്ലാസുമുറിയിലെ പഠനത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനവും ലഭിക്കും. നയം ലക്ഷ്യമിടുന്നത് സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ്. അതോടെ കരുണയും അന്തസുമുള്ള ഒരു ജീവിതാന്ത്യം നമ്മുടെ വയോജനങ്ങള്‍ക്കും മാറാരോഗം ബാധിച്ചവര്‍ക്കും വന്നുചേരും എന്നു പ്രതീക്ഷിക്കാം. അതോടൊപ്പം മലയാളിയുടെ ഐസിയു അഡിക്ഷന്‍ മാറാന്‍ വലിയ കാമ്പയിനുകളും വേണ്ടിവരും.



No comments:

Post a Comment