Tuesday 22 February 2022

Criminalization of Kerala politics and society

 
കേരള സമൂഹത്തില്‍ ക്രിമിനലുകള്‍ പിടിമുറുക്കുന്നു

 തലശ്ശേരിയില്‍ ഒരു മത്സ്യത്തൊഴിലാളി  രാത്രി ഉറക്കമൊഴിച്ച് മീന്‍ പിടിച്ചശേഷം രാത്രി ഒന്നരയ്ക്ക് വീട്ടിലെത്തുന്നു. അടുത്ത ദിവസം ഉച്ചക്ക് കുട്ടികള്‍ക്കൊപ്പം സന്തോഷമായിരുന്നു ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് കൊണ്ടുവന്ന മീന്‍ ഭര്യയെ ഏല്‍പ്പിക്കുന്നു. ഇനി അല്‍പ്പം ഉറങ്ങണം എന്നാകും കഠിനാധ്വാനിയായ ആ മനുഷ്യന്‍ ചിന്തിക്കുക. ഈ സമയത്താണ് വീടിന് പുറത്തേക്കിറങ്ങിയ ഹരിദാസന്‍ എന്ന മത്സ്യത്തൊഴിലാളിയെ വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തുന്ന ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുന്നത്. ഇടതുകാല്‍ മുട്ടിന് താഴെ വെട്ടിമാറ്റുകയായിരുന്നു. ആ കാല്‍ പിന്നീട് കണ്ടെടുക്കുകയാണ് ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസനെ രക്ഷിക്കാനായില്ല.

നേരത്തെ പുന്നോല്‍ കൂലോത്ത് തിറ ഉത്സവുമായി ബന്ധപ്പെട്ട് ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും സിപിഎംകാരനായ ഹരിദാസന്റെ സഹോദരന്‍ സുരേന്ദ്രന് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇവിടെ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ദൈവവും മതവുമാണ്. തിറ ഉത്സവം സന്തോഷപൂര്‍വ്വം നാട്ടുകാര്‍ കൂട്ടായ്മയോടെ നടത്തേണ്ട ഒന്നാണ. അവിടെ ജാതിയും മതവും ഇല്ല, എന്നാല്‍ അതില്‍ രാഷ്ട്രീയം കലരുന്നു. ദൈവത്തിന് എല്ലാവരും ഒന്നുപോലെയാണ്, എന്നാല്‍ മനുഷ്യര്‍ കൈയ്യിലെ ചരടും അണിയുന്ന വസ്ത്രവുമൊക്കെ അടയാളപ്പെടുത്തി രണ്ടിടത്തായി നിലകൊള്ളുന്നു. ഉത്സവും സന്തോഷത്തിന് പകരം ദു:ഖത്തിന്റെ ആഘോഷമാക്കി മാറ്റുന്നു. മറ്റൊന്ന് ,പ്രാദേശിക നേതാക്കള്‍ ക്രമിനലുകളായി മാറുന്നു എന്നതാണ്. അവര്‍ പൊതുവെ ഭീരുക്കളാണെങ്കിലും പണവും മദ്യവും മയക്കുമരുന്നുമൊക്കെ നല്‍കി അറിവുണ്ടെങ്കിലും തിരിച്ചറിവില്ലാത്ത യുവാക്കളെ സ്വന്തം ചാവേറുകളായി പുലര്‍ത്തുന്നു.ദേശബോധമോ വര്‍ഗ്ഗബോധമോ ഒക്കെ ലഹരിയായി തിരുകി കയറ്റുന്നു. ഇങ്ങിനെ തലച്ചോര്‍ മരവിച്ച ഇക്കൂട്ടര്‍ നേതൃത്വം ആവശ്യപ്പെടുന്ന  വ്യക്തിയെ ശത്രുവായി കണ്ട് ഇല്ലായ്മ ചെയ്യുന്നു. അതും നേരിട്ടെതിര്‍ത്തല്ല, വലിയ സംഘമായി ഒളിച്ചിരുന്ന്. ഭീരുത്വത്തിന്റെ മറ്റൊരു മുഖം. ഹരിദാസ് സിപിഎം പ്രവര്‍ത്തകനും കൊല ചെയ്തവര്‍ ബിജെപി പ്രവര്‍ത്തകരും. രണ്ടുകൂട്ടരുടെയും കുടുംബങ്ങള്‍ വരുംകാലം അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങള്‍ പാര്‍ട്ടിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ വിഷയമല്ല. അവര്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുള്ള വെറും കാലാളുകളായി ഇവരെ വിനിയോഗിക്കുകയാണ്.

ഹരിപ്പാട് ക്ഷേത്രോത്സവും നടന്നിടത്തെ അടിപിടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്ചന്ദ്രന്‍ കൊല ചെയ്യപ്പെട്ടതും അടുത്തിടെയാണ്. തോട്ടടയില്‍ വിവാഹഘോഷയാത്രക്കിടിയിലേക്ക് ബോംബെറിഞ്ഞതും ബോംബ് നിര്‍മ്മണത്തില്‍ പങ്കാളിയായ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചതും ഈയിടെയാണ്. എറണാകുളം കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ സിപിഎംകാരുടെ മര്‍ദ്ദനമേറ്റു മരിച്ചതും ഈയിടെയാണ്.കണ്ണൂരില്‍ ഈയിടെ മറ്റ് രണ്ട് യുവാക്കളും കൊലചെയ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ എസ്ഡിപിഐയും ആര്‍എസ്എസും കൊലയ്ക്ക് കൊല നടത്തിയതും ഈയിടെയാണ്.

 നമ്മള്‍ യോഗി ആദിത്യനാഥുമായി തര്‍ക്കിച്ചതും അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്നു പറഞ്ഞ് ആ വാക്കുകള്‍ തള്ളിപ്പറഞ്ഞതും ഈയിടെയാണ്. കാരണം സാക്ഷരതയില്‍ നമ്മള്‍ ഒന്നാമതാണ്. വിദ്യാഭ്യാസം, ആരോഗ്യം,സാമൂഹികക്ഷേമം തുടങ്ങി ഏത് വികസന ഇന്‍ഡ്ക്‌സ് നോക്കിയാലും നമ്മള്‍ മുന്നിലാണ്. നീതി ആയോഗ് പോലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും അത് സമ്മതിച്ചതാണ്. വ്യവസായ സൗഹൃദമല്ലാത്ത സംസ്ഥാനം എന്ന അപകീര്‍ത്തി മാറ്റാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് നമ്മള്‍. അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം കുറവായതിനാല്‍ കെ-റയില്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ലക്ഷ്യമിടുകയാണ് കേരളം.  

 ഇതെല്ലാം ഉള്ളപ്പോഴും ക്രിമിനലിസത്തില്‍ നമ്മള്‍ യുപിയുടെയും ബംഗാളിന്റെയും നിലയിലേക്ക് വേഗം നടന്നു കയറുകയാണ്, ലജ്ജയില്ലാതെ. താഴെത്തട്ടില്‍ മാത്രമല്ല  മേല്‍ത്തട്ടിലും ക്രമിനലുകള്‍ പിടിമുറുക്കുന്നു. മയക്കുമരുന്നു ലോബി അതിശക്തമാണ്. സെക്‌സ് റാക്കറ്റ് സംരക്ഷിക്കപ്പെടുന്നു. പോലീസ് നാള്‍ക്കുനാള്‍ ഡീമോറലൈസ് ചെയ്യപ്പെടുന്നു. ഇതിന് ആര് ഉത്തരം പറയും. വലിയ തോതില്‍ ഉയര്‍ന്നു വരുന്ന ഈ ചോദ്യം നമ്മുടെ അധികാര കേന്ദ്രങ്ങളുടെ നിസംഗമായ നോക്കിനില്‍പ്പിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ക്രമിനലുകളുടെ ഇടം ജയിലാണ് എന്നുറപ്പു വരുത്തണം. ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ പാടില്ല. കേസ് വേഗത്തില്‍ തീര്‍പ്പാക്കി കടുത്ത ശിക്ഷ നല്‍കാന്‍ ജുഡീഷ്യറിക്കും കഴിയണം. ലെജിസ്ലച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും  ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുറമെ ആഢ്യത്വം സംസാരിക്കുന്നവരുടെ, ദുരൂഹമായ മാഫിയ സംഘങ്ങളെ ഭയന്നുമാത്രം ജീവിക്കേണ്ട ഇടമായി കേരളം മാറും. ഈയിടെ ഒരു സുഹൃത്ത് മക്കളെ ഉപദേശിച്ചത് ഇങ്ങിനെയാണ്, 'എവിടെങ്കിലും പോയി രക്ഷപെട്ടോ , ഇവിടെ നില്‍ക്കണ്ട'. എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ആഗ്രഹിക്കുന്നതും ഇതുതന്നെയാണോ ??

No comments:

Post a Comment