Monday 14 February 2022

Gold illusions among the public- write up based on marder of a poor lady at Peroorkkada

  സ്വര്‍ണ്ണം അഥവാ മഞ്ഞലോഹം

 മനുഷ്യനെ എല്ലാകാലത്തും ഏറെ മോഹിപ്പിക്കുകയും ഇപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സത്യത്തില്‍ ഒരു നിക്ഷേപം എന്നതിലുപരി , സ്വര്‍ണ്ണം അണിഞ്ഞുനടക്കാനുളള മനുഷ്യരുടെ താത്പര്യം എത്രയോപേരുടെ ജീവനെടുത്തിരിക്കുന്നു. കാല്‍ പവന്‍ മുതല്‍ നൂറുകണക്കിന് പവന്‍ വരെ മോഷ്ടിക്കപ്പെടുന്നുണ്ട്. മോഷണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ കൊല ചെയ്യുകയും പതിവാണ്.  കുറ്റകൃത്യവാസനയുളളവരുടെ ഇരകളാകാനാണ് പലപ്പോഴും ഈ ലോഹം സഹായിക്കുന്നത്. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ വീണ് പരിക്കേല്‍ക്കുന്നവരും ജീവിതകാലം മുഴുവന്‍ കിടപ്പിലായവരുമൊക്കെ ഏറെയാണ്. കേരളത്തിലെ സ്ത്രീകളിലാണ് സ്വര്‍ണ്ണപ്രദര്‍ശനഭ്രമം കൂടുതലായുള്ളത്. വിവാഹത്തിന് നൂറു പവനും മറ്റുമിടുന്നത് ധൂര്‍ത്താണെങ്കിലും ആ ദിനത്തിലെ ഒരാനന്ദമായി ധനമുള്ളവര്‍ക്ക് അതിനെ കാണാം. എന്നാല്‍ തുടര്‍ന്നും അതണിഞ്ഞുനടക്കുന്നതും വീട്ടില്‍ സൂക്ഷിക്കുന്നതും ആപത്താണ്. സ്വര്‍ണ്ണം കുറഞ്ഞുപോയി എന്നതിന്റെ പേരിലെ കലാപവും ദാമ്പത്യ ജീവിതം കുഴഞ്ഞു മറിയുന്നതും ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്വര്‍ണ്ണം കൈക്കലാക്കി വധുവിനെ കൊല ചെയ്യുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറിയിരിക്കുന്നു. നാട്ടില്‍ ഏറ്റവുമൊടുവിലുണ്ടായ കൊലയും ഇതേ മട്ടിലാണ്. ഭര്‍ത്താവ് മരിച്ച്, ദൈനംദിന ജീവിതം മുന്നോട്ടു നീക്കാന്‍ ചെടിവല്‍പ്പന നടത്തുന്ന നഴ്‌സറിയില്‍ ജോലി നോക്കി വന്ന 38 വയസുകാരിയായ വിനീതയുടെ കൊലപാതകവും സ്വര്‍ണ്ണത്തിനുവേണ്ടിത്തന്നെയായിരുന്നു. അവരുടെ രണ്ട് കുട്ടികളാണ് അനാഥരായിരിക്കുന്നത്. സ്വര്‍ണ്ണാഭരണം ധരിച്ചു നടക്കുന്നത് ജീവന്‍ അപകടത്തിലാക്കും എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. സ്വര്‍ണ്ണം വാങ്ങുന്ന തുക പകരം കുട്ടികളുടെ പേരില്‍ ഡപ്പോസിറ്റായോ മറ്റോ കരുതല്‍ നിക്ഷേപമാക്കുന്നതാകും പാവങ്ങള്‍ക്ക് ഉചിതം. പണക്കാര്‍ക്ക് ലോക്കറും സൗകര്യങ്ങളുമുണ്ടാകും, പാവപ്പെട്ടവര്‍ക്ക് അത് കഴിയില്ലല്ലോ. വിനീതയുടെ അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുത്. ക്രിമിനലുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അതിനൊന്നും തടയിടാന്‍ കഴിയില്ല. പിന്നെ ചെയ്യാവുന്നത് സ്വയരക്ഷയാണ്. അതിന് കരണീയമായത് സ്വര്‍ണ്ണം ശരീരത്തിന് ഭൂഷണം എന്ന ചിന്ത മാറ്റി ജീവനാശത്തിന് കാരണം എന്ന ചിന്ത വളര്‍ത്തുക മാത്രമാണ്. സത്യത്തില്‍ സ്വര്‍ണ്ണം ധരിച്ച് നടക്കുന്നവരെ ,പുരുഷനായാലും സ്ത്രീ ആയാലും കാണുമ്പോള്‍, ഇവര്‍ക്ക് എങ്ങിനെ സമാധാനത്തോടെ നടക്കാന്‍ കഴിയുന്നു എന്നു ചിന്തിച്ചുപോകാറുണ്ട്.

NB:-  2014 ല്‍ രണ്ട് കൊലകള്‍ നടത്തിയ ഒരുവന് എങ്ങിനെ സ്വതന്ത്രനായി വിഹരിക്കാനും വീണ്ടും കൊല ചെയ്യാനും അവസരം കിട്ടുന്നു എന്നതും അമ്പരപ്പിക്കുന്ന കാര്യമാണ്. നമ്മുടെ വ്യവസ്ഥിതിക്ക് എന്തോ കുഴപ്പമില്ലെ?

No comments:

Post a Comment