പോലീസും രാഷ്ട്രീയക്കാരും അധോലോകവും
കലൂരില്‍ കാറില്‍
മരണപ്പാച്ചില്‍ നടത്തിയ ചെറുപ്പക്കാര്‍ മാന്യമായി ജീവിച്ചുവന്ന വിജയന്‍
എന്ന ശുചീകരണതൊഴിലാളിയെ കൊലപ്പെടുത്തി . ഓട്ടോറിക്ഷ ഡ്രൈവറുടെ വലതുകാല്‍
ഒടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരന്റെ തോളെല്ല് ഒടിച്ചു. പോലീസ് നടത്തിയ
പരിശോധനയില്‍ എംഡിഎംഎ എന്ന ലഹരിമരുന്നും കഞ്ചാവ് ബീഡികളും വണ്ടിയില്‍
നിന്നും കണ്ടെടുത്തു.കാറില്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു
എന്നും തെളിഞ്ഞു. മൂന്ന് വിദ്യാര്‍ത്ഥിനികളാണുണ്ടായിരുന്നത്. ഇവരെ വഴിയില്‍ ഇറക്കിവിട്ടതായി പോലീസിന് ബോധ്യപ്പെട്ടു. ഈ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്നും വ്യക്തമായി.
ഈ
കുട്ടികളുടെ വീടുകളിലെ സാമൂഹിക-സാമ്പത്തിക അവസ്ഥയും കൗമാരത്തില്‍
ലഹരിയോടും ലൈംഗികതയോടും തോന്നിയ ത്രില്ലുമാകും ഇവരെ ആ പാതയില്‍ എത്തിച്ചത്.
ഇവര്‍ക്ക് നല്ല കൗണ്‍സിലിംഗ് നല്‍കണം.നമ്മുടെ വിദ്യാഭ്യാസത്തില്‍ ഇത്തരം
കുട്ടികളുടെ അനുഭവം നോണ്‍ ഫോക്കസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
പഠിപ്പിക്കണം. അത്തരം വിഷയങ്ങള്‍ സ്‌കൂളില്‍ ചര്‍ച്ച ചെയ്യണം .
ഇത്തരത്തില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ടതാകട്ടെ പഠനം.
ഇരുപത്തി
ഒന്‍പതും ഇരുപത്തിയഞ്ചും വയസുള്ളവരാണ് പ്രതികള്‍. നമ്മുടെ വികസിത
നഗരങ്ങളായ എറണാകുളവും തിരുവന്തപുരവുമൊക്കെ മെട്രോ നഗരങ്ങളുടെ നിലയില്‍
ഉയരുകയാണ്. മുംബയില്‍ അധോലോകത്തിന് ഒത്താശ ചെയ്യുന്നവര്‍ രാഷ്ട്രീയക്കാരും
പോലീസുമാണ് എന്നത് രഹസ്യമല്ല. ഇവിടെയും ആ നില ശക്തമായിരിക്കുകയാണ്. ഈ
പ്രതികളും രക്ഷപെടും എന്നത് ഉറപ്പ്. കുറച്ചു ദിവസം വാര്‍ത്തയില്‍
തങ്ങുമായിരിക്കും. വലിയ അധോലോകം നടത്തുന്ന ഫോര്‍ട്ടുകൊച്ചിക്കാരന്റെ
ശരീരഭാഷ നമ്മോടു പറയുന്നതും ഇത്തരമൊന്നാണ്. നീയൊക്കെ കണ്ടും കേട്ടും
കുറച്ചു ദിവസം രസിച്ചോളൂ, അതുകഴിയുമ്പോള്‍ ഞാനിവിടുണ്ടാകും പഴയതുപോലെ.
ബന്ധങ്ങള്‍ അത്ര ശക്തമാണ്. ഇത് നമുക്കു കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല.
ആഭ്യന്തരം ദയനീയമായി പരാജയപ്പെടുന്ന നേര്‍ക്കാഴ്ചയാണ് കാണുന്നത്. മൂക്കിന്
മുന്നില്‍ നടക്കുന്നത് കാണാന്‍ കഴിയാത്തവരായി നമ്മള്‍ മാറരുത്. മറ്റു
സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ മെച്ചമാണ് എന്നല്ല
പറയിപ്പിക്കേണ്ടത്, എല്ലാംകൊണ്ടും ജീവിക്കാന്‍ നല്ല ഇടമാണ് കേരളം എന്നാണ്
പറയിക്കേണ്ടത്.
പോലീസിനെ കെഎസ്ആര്‍ടിസി പോലെയാക്കുകയാണ് എന്ന്
ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടായിരുന്നു. അതായത്
അസോസിയേഷന്‍ നേതാക്കളും ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്നു നടത്തുന്ന
പാര്‍ട്ടി രാജ്. ഇത് നാടിനും നല്ലതല്ല, ആഭ്യന്തരം കൈകാര്യം ചെയ്യുന്ന
പാര്‍ട്ടിക്കും പാര്‍ട്ടി നേതാവിനും നല്ലതല്ല. കുറ്റക്കാര്‍ക്കൊപ്പമല്ല
ഭരണം എന്നുറപ്പാക്കാനും കുറ്റക്കാരെ സംരക്ഷിക്കുന്ന നേതാക്കളെയും
ഉദ്യോഗസ്ഥരേയും കുറ്റവാളികളായി കണ്ട് പ്രതികളാക്കുകയും ചെയ്യുന്ന ഒരു
സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു.
മരണപ്പെട്ട ശുചീകരണതോഴിലാളിയുടെ
വീട്ടിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കാനും ഓട്ടോ ഡ്രൈവറുടേയും
സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വ്യക്തിയുടേയും മുഴുവന്‍ ചികിത്സ ചിലവും
സര്‍ക്കാര്‍ വഹിക്കുകയും അവരുടെ വീട്ടുചിലവുകള്‍ പ്രാദേശിക ഭരണകൂടം
ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. ക്രിമിനലുകള്‍ ജാമ്യത്തിലിറങ്ങുന്ന
നിയമവ്യവസ്ഥ മാറണം. അവരുടെ ജീവിതം ജയിലില്‍ തന്നെയായിരിക്കണം. മരണം വരെ
ജയില്‍ തന്നെവേണം. ഇവരുടെ ട്രാപ്പില്‍പെട്ട കുട്ടികളെ നോര്‍മല്‍
ജീവിതത്തിലേക്ക തിരിച്ചെത്തിക്കാനും പഠനം ഏറ്റെടുക്കാനും സര്‍ക്കാര്‍
തയ്യാറാകണം. എങ്കിലേ കേരളത്തെ ഒരു ക്ഷേമസംസ്ഥാനം എന്നു പറയാന്‍ കഴിയൂ.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസഫണ്ടൊക്കെ ഇത്തരം ഗുണപരമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം.
എന്തെല്ലം കാര്യങ്ങള്‍ക്കായി ആ ഫണ്ട് ചിലവഴിക്കുന്നു എന്നത് നിത്യവും
പ്രസിദ്ധപ്പെടുത്തണം. രാഷ്ട്രീയ നേതാക്കളുടെ ചികിത്സയ്ക്കും മക്കളുടെ
പഠനത്തിനും കുടുംബത്തിന് വീടുവയ്ക്കാനുമൊന്നുമാകരുത് ആ തുക
ചിലവഴിക്കുന്നത്.
Monday, 14 February 2022
Police ,politics & under world - write up based on Kaloor car accident & sexual exploitation of school children
Subscribe to:
Post Comments (Atom)
No comments:
Post a Comment